Vasanthamallikal pukkunna thazvaram books and stories free download online pdf in Malayalam

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം


മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ നിർവികാരനായിരുന്നു. മറ്റൊന്നിലും താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് അയാൾ വാർത്താചാനലിൽ അഭയം തേടിയത്. ലോകകാര്യങ്ങൾ എന്നേ അയാളുടെ മുന്നിൽ നിരർത്ഥകങ്ങൾ ആയി മാറിയിരിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ അയാളുടെ ലോകം മറ്റെന്തൊക്കെയോ ആണ്. ഇന്ന് ആ വലിയ എസ്റ്റേറ്റിൽ അയാൾ ഒറ്റക്കായിരുന്നു. അതിന്റെ നടുവിലെ നൂറ്റാണ്ടിന്റെ പഴക്കം ബാക്കിയായ എസ്റ്റേറ്റ് ബംഗ്ലാവിൽ തനിച്ച്. നിശബ്ദത അരിച്ചിറങ്ങുന്ന ഭയമായതിനാൽ മാത്രമാണ് ടീവിയെ അഭയംപ്രാപിച്ചത് തന്നെ. ഒരു പക്ഷേ.. പ്രായം മരണഭയം കൊണ്ടുവന്നിരിക്കാം.. പിന്നിലൂടെ നിശബ്ദമായി കടന്നു വരുന്ന അവനെ തുറിച്ചു നോക്കി എത്ര രാവുകൾ, താൻ തെരുവോരങ്ങളിൽ ഉറക്കം വരാത്ത രാത്രികളിൽ ഇരുന്ന് വെളിപ്പിച്ചിരിക്കുന്നു.


അതോർത്തപ്പോൾ അയാൾ പിന്നിട്ട കാലങ്ങളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടുപോയി. തനിക്കും ഉണ്ടായിരുന്നല്ലോ വർണ്ണശബളമായ ഒരു പഴയ കാലം. ആൾക്കൂട്ടത്തിന്റെ നടുവിൽ സമൃദ്ധിയുടെ ധാരാളിത്വത്തിൽ, ആധുനികത പണിതുയർത്തിയ മണിമേടകളിൽ അഭിരമിച്ചിരുന്ന ഒരു വസന്തകാലം.. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഓക്കാനവും പുച്ഛവുമാണ് മനസ്സിൽ തികട്ടുന്നത്‌.. വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങൾ എല്ലാം നിരർത്ഥകമാണ് എന്ന് മനസിലാക്കാൻ മഹാനായ അലക്സണ്ടർക്ക് പോലും ഇന്ത്യയിലേക്ക് വരേണ്ടി വന്നു, തന്നെ പോലെ.. അതെ ആയിരം നളന്ദയും തക്ഷശിലയും വിളങ്ങുന്ന ലോകോത്തര സർവ്വകലാശാലയാണ് ഈ നാട്. ഇവിടെ പണ്ഡിതനും പാമരനും. ബുദ്ധിശാലിയും മരമണ്ടനും അടിതെറ്റും. ഒരു ചെറിയ കാലടി പിഴച്ചാൽ. അയാളുടെ നെടുവീർപ്പ് അൽപ്പം ഉച്ചത്തിലായി..


മുന്നിൽ തെളിഞ്ഞ മിന്നിമാഞ്ഞ ചിത്രത്തിലേക്ക് കണ്ണുടക്കിയപ്പോൾ അയാൾ ചെവി കൂർപ്പിച്ചു. വിജയലക്ഷ്മി ദേശ്പാണ്ഡെക്ക് നാഷണൽ അവാർഡ്.. ഒപ്പം പത്ത് ലക്ഷം രൂപയുടെ ഫെല്ലോഷിപ്പും.. സാധാരണ ഗതിയിൽ അതൊന്നും അയാളെ ആകർഷിക്കുന്ന വാർത്തകളെ ആവുകയില്ല.. ലൗകികമായത് ഒന്നും. ഇന്ന് അയാളുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിലാളനം ഏറ്റുവാങ്ങുന്നത് ആ എസ്റ്റേറ്റിൽ വളർന്ന് പരിലസിക്കുന്ന വിവിധയിനം സസ്യലതാദികളിൽ മാത്രമാണ്.. ഒരു കാലത്ത് കാടുപിടിച്ചു വന്യമൃഗങ്ങൾ പകൽപോലും മേഞ്ഞുനടന്ന കാടിന്റെ ഓരത്തുള്ള ഭൂമിക. ബാക്കിയായി തലയുയർത്തി നിന്നത് ആ ബംഗ്ലാവ് മാത്രമായിരുന്നു.. മുകളിലേക്ക് വള്ളിപ്പടർപ്പുകൾ കടന്നു കയറി.. തകർച്ചയിലേക്ക് നോക്കി നിന്ന ഒരു പ്രേത നിലയം.


എങ്കിലും അതിന്റെ പുറംകാഴ്ചയും ഉള്ളിലെ എടുപ്പുകളും ഒരു കാലത്തെ പ്രൗഢിയും തന്മയത്വവും വിളിച്ചോതുന്നതായിരുന്നു.. രാജഭരണകാലത്ത് ഏതോ കോവിലകങ്ങൾക്ക് അവകാശപ്പെട്ട എസ്റ്റേറ്റും ബംഗ്ലാവും.. അത് പിന്നെ കൈമാറി ആരുടെയൊക്കെയോ ആയി.. അവസാനം അവകാശികൾ ഇല്ലാതെ നശിക്കാൻ തുടങ്ങിയപ്പോൾ.. അവിടേക്ക് കുടിയേറിയതാണ് കൃതിക.. എന്ന കൃതികാ തമ്പി.. തന്നെ പോലെ തന്നെ ആരോരും ഇല്ലാത്ത.. ഒരു അനാഥ.. എങ്കിലും അവൾക്ക് ചങ്കൂറ്റമുണ്ട്.. മരിക്കാതിരിക്കാനുള്ള, ജീവിതത്തെ നേരിടാനുള്ള.. ആവേശം.. ആരെയും കൂസാതെ.. ഈ കൊടുംകാടിനുള്ളിൽ എത്ര വർഷങ്ങൾ.. കൂട്ടിന്.. മുന്തിയ ഇനത്തിലെ രണ്ട് പട്ടിമാത്രം.. അതും ഇവിടെ ചുറ്റിനടക്കുമ്പോൾ... പിന്നെ പഴയ ഒരു റോയൽ എൻഫീൽഡും..


തനിക്കില്ലാതെ പോയ ചങ്കുറ്റം സ്വാഭാവികമായി അവൾ പ്രകടിപ്പിക്കുന്നത് കാണുമ്പോൾ മനസ്സിൽ തികട്ടുന്ന അമ്പരപ്പുമായി എല്ലാം അടക്കി അവളെ തന്നെ നോക്കിയിരിക്കും.. അവൾ പറയുന്ന കഥകൾ .. താണ്ടിയ വഴികൾ.. അതൊക്കെ പഠിപ്പിക്കുന്നത് തന്റെ ഇന്നലെകളുടെ നിരർത്ഥകതയും.. തന്റെ ഭീതിയും തന്നെ.. എല്ലാം നേടിയിട്ടും ജീവിക്കാൻ അറിയാത്തവന്റെ കഴിവ് കേട്.. അതെ അത് തന്നെ ആണ്.. ഈ എഴുപതുകളിൽ നടക്കുന്ന.. ഒറ്റപ്പെട്ട് പോയ വാർദ്ധക്യത്തിന്റെ ഇന്നിന്റെ സത്യം.. എന്തിന് മരിക്കാൻ പോലും തനിക്ക് പേടിയായിരുന്നില്ലേ? ജീവിക്കാൻ മറന്ന് പോയവന്.. മരിക്കാൻ എന്ത് അവകാശം.. ല്ലേ? അയാൾ സ്വയം ചോദിച്ചിട്ട് മുഖം അമർത്തി തിരുമ്മി.. അപ്പോഴും.. മുന്നിലെ സ്‌ക്രീനിൽ ആ വാർത്ത ഓടിക്കൊണ്ടിരിക്കുകയായിരുന്നു.


അതെ ജീവിക്കാൻ വേണ്ടി തന്നെ ആയിരുന്നു കടൽ കടന്നത്.. അധികം സമ്പാദിക്കാൻ... കൂടുതൽ ജീവിത സൗകര്യങ്ങൾ സ്വന്തമാക്കാൻ.. നല്ല ഇണയെ കണ്ടെത്താൻ.. ആദ്യകാലങ്ങളിൽ ആഗ്രഹങ്ങൾ ഒന്നായി എത്തിപിടിച്ചപ്പോൾ പിന്നെ ആവേശമായി. അത് പിന്നെ ലഹരിയായി.. നടന്നു കയറിയ കൊടുമുടികൾ.. അതിലൂടെ സമ്പാദിച്ച പേരും പ്രശസ്തിയും.. പണവും.. ജീവിത സൗകര്യങ്ങളും.. പക്ഷേ.. അവിടെ താൻ മറന്നുപോയത് ജീവിക്കാൻ ആണ്.. ഒപ്പം സ്വന്തം നാടിനെയും.. അവിടെ കാത്തിരുന്നവരെയും.. അതിലൂടെ സുധാകരൻ എന്ന വ്യക്തിയുടെ സ്പേസ് കുടുംബബന്ധങ്ങളുടെ ഇടയിൽ നിന്ന് മാഞ്ഞുപോകുന്നതും.. അത് വെറും പണം സമ്പാദിക്കുന്ന ഒരു ജീവിനില്ലാത്ത യന്ത്രം മാത്രമായി പോകുന്നതും അറിഞ്ഞതേ ഇല്ല.. അറിഞ്ഞപ്പോൾ വല്ലാതെ വൈകി പോയിരുന്നു.


ഒരേ ഒരു മകനെ അവൻ ആഗ്രഹിച്ചപോലെ തന്നെ വളർത്തി.. ( അത് തെറ്റാണ്.. താനും രമയും ആഗ്രഹിച്ചത് പോലെ എന്ന് തിരുത്തുന്നത് അല്ലേ ശരി). അതെ വലിയ ബിരുദങ്ങൾ ഒന്നൊന്നായി അവൻ നേടിയെടുക്കുമ്പോൾ, (അല്ല അതും തെറ്റാണ്.. തന്റെ പണത്തിന്റെ ശക്തിയിൽ അതെല്ലാം അവനിലേക്ക് എത്തുകയായിരുന്നു). താനും ഭാര്യ രമയും സന്തോഷിച്ചു.. വാനോളം.. പക്ഷേ മറന്നുപോയത് അവനിൽ ഒരു മനുഷ്യനെ, മാതാപിതാക്കളോട് കരുതൽ ഉള്ള, ഒരു മകനെ സൃഷ്ട്ടിക്കാൻ ആണ്. ഇണക്കി വളർത്തുന്ന ഒരു മൃഗം പോലെ അവൻ അടിച്ചവഴികളിൽ എല്ലാം സഞ്ചരിച്ചു.. അച്ഛനും അമ്മയ്ക്കും വേണ്ടി പന്തയക്കുതിരയായി ഓടി.. എല്ലാത്തിലും മുൻപേ. അതിലൂടെ ഉന്നതപദവിയും, ജീവിത ബന്ധവും.


എല്ലാം പിഴച്ചത്, അല്ല താൻ തകർന്നത്.. രമയുടെ ഒളിച്ചോട്ടത്തിൽ ആണ്.. എന്നും ഒന്നിച്ചുണ്ടാകും എന്ന ആ ഉറപ്പ്.. അകാലത്തിൽ നഷ്ടമായപ്പോൾ പോലും.. താൻ അന്യനാട്ടിൽ പണം തേടി അലയുകയായിരുന്നു. തിരികെ പോരാനുള്ള തയ്യാറെടുപ്പിനിടയിൽ ആണ്.. ആ വാർത്ത തന്നെ തേടി എത്തിയത്.. താൻ ഒറ്റപ്പെട്ട് പോയി എന്ന യാഥാർഥ്യം.. അല്ല എന്നാണ് താൻ ഒറ്റപ്പെട്ട് അല്ലാതെ ജീവിച്ചത്.. എന്നും ഒറ്റക്കായിരുന്നല്ലോ.. നെടുവീർപ്പുകളുടെയും, അടക്കിവച്ച ആശകളുടെയും നടുവിൽ രമാദേവി.. എന്ന തന്റെ പകുതി.. ഇവിടെയും.. അത് ചിന്തിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന്.. രണ്ട് ബാഷ്പനീർ തറയിൽ വീണ് ചിതറി.. ഒന്നും പറയാതെ ഉള്ളിൽ കാർന്ന് തിന്ന ഞണ്ടുകൾക്കൊപ്പം അവൾ പോയപ്പോൾ തന്റെ ഉള്ളിൽ ബാക്കിവച്ച ആ അശ്രുപുഷ്പങ്ങളെ അയാൾ തുടച്ചു മാറ്റാൻ ശ്രമിച്ചില്ല.


എല്ലാതേടലും നിർത്തി.. തിരികെ എത്തുമ്പോൾ തന്റെ കോൺക്രീറ്റ് സൗധത്തിന്റെ ഇടനാഴികളിൽ പിന്നെയും താൻ ഒറ്റക്കായി.. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പായുന്ന.. മകൻ.. വെറുമൊരു വളർത്ത് മൃഗം മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.. ഒരിക്കൽ അവന്റെ അമ്മയുടെ അനുസരണയുള്ള ജീവി ആയിരുന്നെങ്കിൽ.. ഇപ്പോൾ അത് ഭാര്യയുടെയായി മാറി എന്ന് മാത്രം.. മരുമകൾ എന്നും പൊതുമധ്യത്തിൽ ആയിരുന്നു.. പാർട്ടികൾ.. വിരുന്നുകൾ.. മറ്റ് സാമൂഹിക ഉത്തരവാദിത്വങ്ങൾ... എന്നും ആരുടെയെങ്കിലും പരിചരണം കാംക്ഷിച്ച തന്റെ തെറ്റ്.. മനസിലാക്കിയപ്പോൾ മനസ്സ് കയ്യിൽ നിന്ന് വിട്ടുപോയി.. വാർധക്യത്തിലും ആശകൾ അവസാനിക്കാത്ത ഞരമ്പ് രോഗി.. എന്ന് വ്യംഗ്യമായ ആ ആരോപണം.. അത് തകർത്തത് എല്ലാ പ്രതീക്ഷകളെയും ആണ്.. ഒരു മകൾ ഇല്ലാത്തതിന്റെ വിടവ് മനസിലാക്കിയ വാർദ്ധക്യം.. അയാളുടെ നെഞ്ച്.. കൂടുതൽ ഉയർന്ന് താണു..


എല്ലാത്തിൽ നിന്നും ഒരു രക്ഷതേടൽ.. തീർത്ഥാടനം എന്ന വലിയ കള്ളത്തിന് വഴിമാറിയപ്പോൾ മകന്റെ മനസിലും ആശ്വാസത്തിന്റെ സാഗരം തിരയിളക്കിയേക്കാം.. അയാൾ ഓർത്തു.. പിന്നെ അലയലായിരുന്നു.. തെക്ക് നിന്ന് വടക്കോട്ട്.. വടക്ക് നിന്ന് കിഴക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും.. പുണ്യസ്ഥലങ്ങൾ.. ക്ഷേത്രസമുച്ചയങ്ങൾ.. പിന്നെ കണ്ണിന് കുളിർമ്മയേകുന്ന സഞ്ചാരപഥങ്ങൾ.. ആദ്യമൊക്കെ മുന്തിയ ഹോട്ടലും.. അവിടുത്തെ ശീതികരിച്ച മുറികളും.. തെരുവോരങ്ങളിലേക്കും തട്ടുകടകളിലേക്കും വഴിമാറിയത് പെട്ടെന്നാണ്.. അവിടെയാണ്.. ജീവിതം ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ.. ഇന്നലെകളുടെ വ്യർത്ഥത.. ഒരു കിനാവായി മാറാൻ അധികം കാലം കാത്തുനിൽക്കേണ്ടി വന്നില്ല..


ആ ചെറിയ പട്ടണത്തിൽ എത്തിപ്പെട്ടത് എങ്ങനെ എന്ന്.. ഇപ്പോഴും ഓർമ്മയില്ല.. അലച്ചിലിനൊടുവിൽ.. രാത്രിയുടെ നീറ്റലിൽ.. മുനിഞ്ഞു കത്തിയ കടവിളക്കുകൾ ഒന്നായി അണയുന്ന ആ നേരം.. തന്റെ ഉള്ളിൽ തലചായ്ക്കാൻ വൃത്തിയുള്ള ഒരുസിമെൻറ് തറ തേടുകയായിരുന്നു. തെരുവ് വിളക്കിന്റെ താഴത്ത് ചടഞ്ഞിരുന്ന തന്റെ മുന്നിൽ ആ ടാക്സി കാർ ബ്രെയ്ക്കിടും എന്നും പ്രതീക്ഷിച്ചില്ല.. കാർന്നോരെ പോരുന്നോ എന്ന പരുക്കൻ ചോദ്യം ഒരു പെണ്ണിൽ നിന്നാണ്.. എന്ന് മനസിലാക്കാൻ സമയമെടുത്തു.. വളരെ ദൂരെ ഒരു സവാരി കഴിഞ്ഞു വരികയായിരുന്ന അവളുടെ ബാക്കിയുള്ള യാത്രക്ക് ഒരു കൂട്ട്.. അതായിരുന്നു ഉദ്ദേശിച്ചത്.. അത് പിന്നെ... ഇന്നും അവസാനിക്കാതെ.. അത് ഒരു മന്ദഹാസമായി സുധാകരന്റെ ചുണ്ടിൽ.. വിടർന്നു.


കൃതിക.. അതാണ് അവളുടെ പേര്.. മധ്യവയസ്സ് കഴിഞ്ഞ.. അവിവാഹിത.. അറിയുംതോറും അവൾ ഒരു വിസ്മയമായി മാറുകയായിരുന്നു.. ഇന്നും എന്നും. എന്ത് ധൈര്യത്തിൽ ആണ് ആ രാത്രി.. എന്റെ മുന്നിൽ വണ്ടി ചവുട്ടിയത് എന്ന് ചോദിച്ചാൽ ഒരു ചിരി മാത്രമായിരിക്കും മറുപടി.. പിന്നെ അൽപ്പം ആലോചിച്ചതിന് ശേഷം മറുപടി പറയും.. "എഡോ മാഷേ.. ഈ കാട്ടിൽ കടിച്ചുകീറാൻ നിൽക്കുന്ന വന്യമൃഗങ്ങളുടെ കൂടെ.. രണ്ട് വേട്ടപ്പട്ടികളുടെ മാത്രം വിശ്വാസത്തിൽ ജീവിക്കാൻ എടുത്ത തീരുമാനത്തിൽ ഉള്ള റിസ്ക്ക് ഒന്നും ഇതിൽ ഇല്ലല്ലോ.. അതും ഉണങ്ങി കൊട്ടനടിച്ച ഈ മുപ്പിലിനെ കൂടെ കൂട്ടുന്നതിൽ. പിന്നെ ഒന്നുണ്ട് കേട്ടോ.. ഈ വന്യമൃഗങ്ങൾ വിശക്കുമ്പോൾ മാത്രമേ ഇരപിടിക്കു.. അല്ലാതെ മനുഷ്യമൃഗങ്ങളെ പോലെ.. ത്വര മൂത്ത്.. ആക്രമിക്കില്ല.. മുന്നിൽ പെടുന്ന വന്യമൃഗങ്ങൾ.. ആക്രമിക്കാൻ വരുകയാണെന്നും തിരിച്ചറിയാം.. അതിന്റെ ചൂരിൽ നിന്ന്.. അൽപ്പം ശ്രദ്ധിച്ചാൽ.. അല്ലെങ്കിൽ നമ്മുടെ നായ്ക്കൾ അത് മുന്നറിയിപ്പായി തരും".. എന്നിട്ട് അവൾ പൊട്ടിച്ചിരിക്കും ഉച്ചത്തിൽ


അതെ അവൾ പറഞ്ഞത് ശരിയായിരുന്നു.. ദിക്കറിയാത്ത കാട്ടിൽ അത്രയും കാലം ജീവിച്ച അനുഭവം.. ശരിയാണ് എന്ന് തനിക്കും തോന്നിയിട്ടുണ്ട്. ആദ്യം തങ്ങൾക്കിടയിൽ കനത്ത മൗനം ആയിരുന്നു.. അവൾക്ക് പോകാൻ ദൂരം കുറേ ബാക്കിയും.. കോട്ടുവാ.. തുടർച്ചായി വന്നപ്പോൾ അവൾ സംസാരിച്ചു തുടങ്ങി.. കാർന്നോരെ.. എങ്ങോട്ട് പോകുന്നു.. എവിടെ ആണ് ഇറക്കേണ്ടത്.. സംസാരത്തിനിടയിലും അവളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ തന്നെ ആയിരുന്നു. കയറ്റിറക്കങ്ങളും ചെറിയ കാടുകളും നിറഞ്ഞ രാജപാത.. തികച്ചും വിജനമായിരുന്നു.. മുന്നിലെ കാഴ്ച വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം മാത്രവും..


മുന്നിൽ ലക്‌ഷ്യം ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. അത് നിർത്തി.. അവൾ ചോദിക്കുമ്പോൾ ആ സ്വരത്തിൽ നിറഞ്ഞത് പരിഹാസം ആയിരുന്നോ എന്ന്.. ഇന്നും സംശയിക്കുന്നു.. " “കാർന്നോരെ അപ്പോൾ നിങ്ങളും എന്നെപോലെ ആണോ.. കാത്തിരിക്കാൻ ആരുമില്ലാത്ത സർവ്വസ്വതന്ത്രമായ.. ഒരു ആത്മാവ്.. ബല്ലേ ഭേഷ്.. ഇന്ന് ചിരിച്ച് ഞാൻ മരിക്കും” അവൾ അത് ആസ്വദിക്കുകയായിരുന്നില്ല എന്ന് അവളെ അടുത്തറിഞ്ഞപ്പോൾ മനസിലായി.. അവൾ പരിഹസിച്ചത് ഈ ലോകത്തെയും അതിന്റെ മിഥ്യാധാരണകളെയും ആയിരിക്കും എന്ന് ഉറപ്പിച്ചു.. ഒരിക്കൽ താനും അതിന്റെ ഭാഗമായിരുന്നല്ലോ.. ദിശയറിയാതെ ഓടുന്ന ഒരു ആകാശയാനം..


അവർ ആ കാടുമൂടികിടന്ന എസ്റ്റേറ്റിൽ തിരികെ എത്തുമ്പോൾ നേരം പാതിരാ ആയിരുന്നു.. ഇതിനിടയിൽ കാർ അതിന്റെ ഉടമസ്ഥന് കൈമാറി... കണക്ക് പറഞ്ഞു കാശും വാങ്ങി.. മോട്ടോർ ബൈക്കും ആയി അവൾ അയാളെ പിന്നിലിരുത്തി.. അവിടേക്കുള്ള കയറ്റിത്തിലേക്ക് വണ്ടി ചിരപരിചിതയെപ്പോലെ ഓടിച്ചു കയറ്റി..


എല്ലാ പ്രഭാതങ്ങൾ മാത്രമല്ല... ദിവസത്തിൽ ഏറിയ പങ്കും തങ്ങൾക്കിടയിൽ മൗനം ചിലന്തിവല നിർമ്മിച്ചിരുന്നു.. കിട്ടുന്നതിൽ പങ്ക് വീതിച്ചു തരുമ്പോൾ ഒരു മകളുടെ സ്നേഹമാണോ കൂടപ്പിറപ്പിന്റെ സ്നേഹമാണോ പകർന്ന് തന്നത് എന്നും ഇപ്പോഴും അജ്ഞാതമാണ്.. എങ്കിലും പരാതികളും പരിഭവങ്ങളും ഇല്ലാതെ അവിടെ ചുറ്റിനടക്കുമ്പോൾ ബോറടി മാറ്റാനാണ് ആ വലിയ എസ്റ്റേറ്റിലെ കാടുകൾ വെട്ടിത്തെളിക്കാൻ തുടങ്ങിയത്.. അത് കാണുമ്പോൾ അവൾ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കും.. ചിലപ്പോൾ ആവിപറക്കുന്ന കട്ടൻചായയുമായി അടുത്തുവരും..


മിക്കദിവസവും പുലരും മുൻപേ പുറപ്പെടുന്നത് കാണാം.. കാട്ടിലേക്ക്.. കൂടെ ആ നായ്ക്കളും.. എവിടെ പോകുന്നോ എന്തിന് പോകുന്നോ എന്ന് ചോദിക്കാറില്ല.. അല്ല.. രണ്ടുപേരും സ്വതന്ത്രർ അല്ലേ.. വഴിവക്കിൽ കണ്ടുമുട്ടിയ അപരിചിതർ. അത് കൊണ്ട് പരസ്പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നില്ല.. ഇടക്ക് കുറച്ചു ദിവസം മിസ്സിംഗ് ആവും.. തയ്യാറെടുപ്പുകൾ നടത്തി.. ബുള്ളെറ്റ് തുടച്ചു മിനുക്കുന്നത് കണ്ടാൽ അറിയാം യാത്രയുണ്ട്.. ഒരു പക്ഷേ.. ടാക്സി ഓടിക്കാൻ ആവും.. അല്ലെങ്കിൽ വീട്ടിലെ സാധനങ്ങൾ വാങ്ങി വരാൻ.. ചിലപ്പോൾ വലിയ നഗരത്തിലേക്ക്.. നഗരത്തിൽ പോയാൽ അറിയാം.. എന്തെങ്കിലും സമ്മാനം വാങ്ങിയേ തിരികെ വരൂ.. അത് ഡ്രസ്സ് ആവാം.. തിന്നാനുള്ള മധുരപാലഹാരങ്ങൾ... അങ്ങനെ ഉള്ള ദിവസങ്ങളിൽ വണ്ടി നിർത്തി ഒരു വിളിയുണ്ട്.. "കാർന്നോരെ"


ഇതിനിടയിൽ എസ്റ്റേറ്റിലെയും ബംഗ്ലാവിലെയും കാടുകൾ വഴിമാറി കഴിഞ്ഞിരുന്നു.. മുറ്റത്ത് ചിരിക്കുന്ന പൂക്കൾ നിറഞ്ഞ ചെടികൾ, ചുറ്റും വിവിധയിനം.. ഫലവൃക്ഷങ്ങൾ.. ഒപ്പം പലതരം വാഴയും.. ഇതിനിടയിൽ ഇല്ലിക്കാടുകൾ ഉണ്ടാക്കി അതിർത്തി തീർക്കാനും മറന്നില്ല.. ഇപ്പോൾ വന്യമൃഗങ്ങൾ തീരെ വരാറില്ല.. ചില മുയൽക്കൂട്ടങ്ങളും മാൻപേടകളും ഒഴിച്ച്.. പലവൃക്ഷത്തൈകളും കൃതിക തന്നെ വാങ്ങി കൊണ്ടുവന്നതാണ്.. അവയൊക്കെ പുക്കളും കായ്കളും തരുമ്പോൾ ഒരു സംതൃപ്തിയാണ്.. വിയർപ്പിന്റെ ഫലം കാണുന്ന തൃപ്തി.


ഇപ്പോൾ തന്റെ ദിവസങ്ങൾ ചിരിച്ചു തുടങ്ങിയിരിക്കുന്നു.. പൂക്കളും ചെടികളും അടുത്ത് ചെല്ലുമ്പോൾ ചിരിക്കുന്നതും കിന്നാരം പറയുന്നതും പോലെ തോന്നുമ്പോൾ.. എന്തോ ചെയ്തു എന്ന ചാരിതാർഥ്യം.. ഇതിനിടയിൽ വർഷങ്ങൾ കടന്ന് പോയിരിക്കുന്നു... ശരീരത്തെ കാർന്ന് തിന്നിരുന്ന ജീവിത ശൈലിരോഗങ്ങൾ എവിടെ പോയി എന്നുപോലും അറിയില്ല.. എഴുപതുകളിലും ചുറുചുറുക്കോടെ ആ കാടിന്റെ നടുവിൽ.. അയാൾ ചിന്തയിൽ നിന്ന് ഉണർന്നു..


ഇപ്പോൾ വാർത്ത ആവർത്തിക്കുകയാണ്.. കൃതിക പോയിട്ട് കുറേ ദിവസങ്ങൾ ആയിരിക്കുന്നു.. സാധാരണ ഇത്രയും താമസിക്കാറില്ല.. അത് കൊണ്ട് തന്നെ ആണ്.. വല്ലാത്ത ജിജ്ഞാസ.. ടീവിയുടെ മുന്നിൽ ചടഞ്ഞിരിക്കാൻ തോന്നിയതും അത് കൊണ്ട് തന്നെ.. ജീവിതം ഒരു കടവിൽ ആണ്.. അയാൾ ശുഭാശുഭചിന്തകൾക്കിടയിൽ വീർപ്പ് മുട്ടിയപ്പോൾ ആണ് ആ വാർത്തയും.. ഒപ്പം ഫോട്ടോയും കണ്ണിൽ ഉടക്കിയത്.. അത് ഇപ്പോൾ ആവർത്തിക്കുന്നു..


വിജയലക്ഷ്മി ദേശ്പാണ്ഡെ. ഛെ.. ഇവർ ആരാണ്.. അയാൾ ആ വർത്തയിലേക്ക് വീണ്ടും കാതുകൂർപ്പിച്ചു... കൃതികയുമായി നല്ല ചേർച്ചയുള്ള ഛായ.. എന്നാൽ കുറച്ചുകൂടി ചെറുപ്പമാണ്.. മാത്രവുമല്ല... നല്ല മോഡേണായി വേഷം ധരിച്ചിരിക്കുന്നു.. വാർത്ത തുടരുകയാണ്..


ലോകോത്തര.. പക്ഷി നിരീക്ഷകയും.. വൈൽഡ് ഫോട്ടോ ഗ്രാഫിസ്റ്റും ആയ ഇവർ, അറിയപ്പെടുന്ന ബോളിവുഡ് സിനിമാ നിർമ്മാതാവിന്റെ മകളും.. ഒരു വലിയ കോപ്പറേറ്റ് ഉദ്യോഗസ്ഥയുമായിരുന്നു.. ഇപ്പോൾ തന്റെ പ്രൊഫഷനിൽ ശ്രദ്ധ കേന്ദ്രികരിച്ച്.. അതിനായി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുന്നു.. അത് അങ്ങനെ നീളുകയാണ്..


സുധാകരന്.. തലചുറ്റുന്നപോലെ തോന്നി. പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റ് .. ഭിത്തിയിൽ പിടിച്ചു കുറച്ചു നേരം നിന്നു.. അപ്പോൾ ഇന്നലെ വരെ കൃതികയായി തന്റെ മുന്നിൽ നടന്നവൾ... അയാൾക്ക് ആലോചിച്ചപ്പോൾ അത്ഭുതം തോന്നി.. ആധുനിക ജീവിതം പുല്ല് പോലെ വലിച്ചെറിഞ്ഞു... ഒരു കാടിന്റെ നടുവിൽ... അയാൾ ടീവിയിലേക്ക് സൂക്ഷിച്ചു നോക്കി. അതാ.. അവൾ.. മൈക്കിന്റെ മുന്നിൽ..


അവൾ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്..


അതെ.. അന്താരാഷ്ട്ര അവാർഡുകളും ഫെല്ലോഷിപ്പുകളും നിരവധി കിട്ടിയിട്ടുണ്ട് എങ്കിലും.. നമ്മുടെ രാജ്യത്തെ അംഗീകാരത്തിന്റെ ആ മധുരം.. അത് അവാച്യമാണ്..


ശരിയാണ്.. ആധുനിക ലോകത്തിന്റെ നാട്യങ്ങളുടെയും വെള്ളിവെളിച്ചത്തിന്റെയും പുറത്ത് ഒരു ലോകമുണ്ട്.. നിശബ്ദതയുടെ ഹാർമണി.. ഉയരുന്ന.. പ്രകൃതിയുടെ സംഗീതം ഒരു സിംഫണിയായ് മുഴങ്ങുന്ന ഒരു ലോകം... അവിടെ നിങ്ങൾക്ക് കെട്ടുപാടുകളും നിയന്ത്രങ്ങളും ഇല്ല.. ജീവിതത്തിന് ടൈമ് ടേബിളും. നിങ്ങളുടെ യജമാനനും.. നിങ്ങളുടെ തൊഴിലാളിയും നിങ്ങൾ മാത്രമാണ്.. ജീവിതം സർവതന്ത്ര സ്വതന്ത്രവും.. അത് ഞാൻ ആസ്വദിക്കുന്നു.. ഒപ്പം അവിടെയിരുന്ന് ലോകത്തോട് സംവദിക്കുന്നു.. ഞാൻ അവിടെ സംതൃപ്തയാണ്..


അത് തുടരുകയാണ്.. അപ്പോൾ സുധാകരന്റെ മനസ്സിൽ എസ്റ്റേറ്റ് കവാടത്തിൽ നിറംമങ്ങി പൊട്ടിപൊളിഞ്ഞ ബോർഡിലെ അക്ഷരങ്ങൾ മിന്നി മാഞ്ഞു.. ദേശ്പാണ്ഡെ ബ്ലോസ്സം എസ്റ്റേറ്റ്..


രഘുചന്ദ്ര൯. ആ൪.

പങ്കിട്ടു

NEW REALESED