അതിജീവനത്തിന്റെ ചിറകുകൾ
നേരം ഏതാണ്ട് പത്ത് മണിയായിക്കാണും. പതിവുപോലെ പത്രത്തിന്റെ താളുകൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പരസ്യങ്ങളില്ലാതെ ഒരു പത്രം നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. എങ്കിലും ചില ദിവസങ്ങളിൽ പരസ്യങ്ങൾക്കാണ് വാർത്തകളെക്കാൾ പ്രാധാന്യമെന്ന് തോന്നിപ്പോകും. ലഹരിക്കടത്തുകാരെ പിടികൂടിയ വാർത്തകൾ പതിവുപോലെ ഇന്നത്തെ പത്രത്തിലുമുണ്ടായിരുന്നു. അല്ലെങ്കിലും, ഇപ്പോൾ അതൊന്നും ആർക്കും വലിയ വാർത്തയായി തോന്നാറില്ല.
പെട്ടെന്നാണ് കിളികളുടെ ഉച്ചത്തിലുള്ള ചിലയ്ക്കൽ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മുറ്റത്തെ മന്ദാരക്കൊമ്പിലിരുന്ന് കരിയിലപ്പക്ഷിയുടെ കുഞ്ഞുങ്ങൾ പരിഭ്രാന്തിയോടെ ശബ്ദിക്കുകയായിരുന്നു. അത് സാധാരണ ചിലയ്ക്കലല്ലെന്ന് പെട്ടന്ന് തന്നെ മനസ്സിലായി. ഏതോ അപകടം കണ്ടിട്ടുള്ള ഭീതിയുടെ ശബ്ദമായിരുന്നു അത്—ജീവനുവേണ്ടിയുള്ള നിലവിളി.
ഞാൻ പത്രം മടക്കി ജനാലക്കരികിലേക്ക് നടന്നു.
വേനൽക്കാലം ശക്തിപ്രാപിച്ചുതുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള മണ്ണ് വരണ്ടുണങ്ങിക്കിടക്കുന്നു. തോട്ടത്തിലെ ചെടികൾക്ക് രണ്ടു നേരം വെള്ളം നൽകിയിട്ടും ഉച്ചച്ചൂടിൽ അവ തളർന്നുപോകുന്നു. കായ്ഫലങ്ങൾ കുറഞ്ഞതിനാൽ പക്ഷികൾക്കും യഥേഷ്ടം ഭക്ഷണം കിട്ടാതെയായി. വിശപ്പും ദാഹവും കഠിനമായ ചൂടും അവയുടെയും നഗര ജീവിതം ദുഷ്കരമാക്കിയിരിക്കുന്നു.
വേനൽച്ചൂട് കൂടുമ്പോൾ പക്ഷികൾക്കായി വെള്ളവും ചെറുധാന്യങ്ങളും നിറച്ച പാത്രങ്ങൾ മന്ദാരക്കൊമ്പിലും തോട്ടത്തിലെ മറ്റു മരക്കൊമ്പുകളിലും തൂക്കിയിടാറുണ്ട്. ചൂടിൽ ആഹാരം തേടി പറന്നുനടന്ന് ക്ഷീണിക്കുന്ന അവയ്ക്ക് ആ പാത്രങ്ങൾ വലിയൊരു ആശ്വാസമാണ്. പല പക്ഷികൾക്കും എന്റെ ചെറിയ പൂന്തോട്ടം ഒരു താൽക്കാലിക അഭയകേന്ദ്രം പോലെയാണ്.
എന്നാൽ ഇന്ന് അവയുടെ പതിവ് അഭയസ്ഥലം തന്നെ അപകടഭൂമിയായി മാറിയിരിക്കുന്നു.
ഞാൻ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് സൂക്ഷിച്ചുനോക്കി. കണ്ട കാഴ്ചയിൽ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിക്കേണ്ടിവന്നു.
ഒരു വശത്ത് ഒരു കുറുമ്പിപ്പൂച്ച. അതിന്റെ കണ്ണുകൾ മന്ദാരക്കൊമ്പിൽ ഉറച്ചുനിന്നു. കാൽപ്പാദങ്ങൾ നിലത്ത് പതുക്കെ അമർത്തി, ശരീരം താഴ്ത്തി, ഒട്ടും ശബ്ദമുണ്ടാക്കാതെ അത് ആക്രമണത്തിന് തയ്യാറായി നിൽക്കുകയായിരുന്നു.
മറുവശത്ത് ഒരു ചേരപാമ്പ്. അത് മന്ദംമന്ദം അതേ കൊമ്പിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. ഇടയ്ക്കിടെ നാവ് പുറത്തേക്ക് നീട്ടി വായുവിൽ മണംപിടിച്ചുകൊണ്ട് അത് മുന്നേറി. കൊമ്പിലെ പക്ഷിക്കൂടിനുള്ളിൽ നിസ്സഹായരായ കുഞ്ഞുങ്ങളുണ്ടെന്ന് ഇരുവർക്കും അറിയാമായിരുന്നു.
പരസ്പരം ബദ്ധശത്രുക്കളായിരുന്നെങ്കിലും ആ നിമിഷം പൂച്ചയും പാമ്പും തങ്ങളുടെ വൈരാഗ്യം മറന്നിരുന്നു. ലക്ഷ്യം ഒന്നു മാത്രം—മന്ദാരക്കൊമ്പിലെ പക്ഷിക്കുഞ്ഞുങ്ങൾ.
ഇവ രണ്ടും എന്റെ മുറ്റത്ത് സ്ഥിരം സന്ദർശകരായിരുന്നു എങ്കിലും സാധാരണയായി പൂച്ചയെയും പാമ്പിനെയും ഒരുമിച്ച് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആ അസ്വാഭാവിക കൂട്ടുകെട്ട് എന്നിൽ അമ്പരപ്പിനേക്കാൾ വലിയൊരു ഭയം ഉണർത്തി. രണ്ട് ശത്രുക്കൾ ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചാൽ, അവരുടെ ഇരയ്ക്ക് രക്ഷപ്പെടാൻ എന്ത് സാധ്യതയാണ് അവശേഷിക്കുക?
കരിയിലപ്പക്ഷികൾ നാലുപാടും നോക്കി സഹായം തേടുകയായിരുന്നു. അവയുടെ നിർത്താതെയുള്ള കരച്ചിൽ തോട്ടമാകെ നിറഞ്ഞു. ചില പക്ഷികൾ കൊമ്പിനരികിലൂടെ പറന്നുവന്ന് വീണ്ടും പെട്ടെന്ന് പിന്മാറി. ചിലത് മുകളിലെ മൾബെറിക്കൊമ്പിൽ ഇരുന്ന് താഴേക്ക് ഉറ്റുനോക്കി. എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന ആകുലത അവയുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.
ഇടപെടണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ഞാൻ ജനാലക്കൽ നിശ്ചലനായി. പ്രകൃതിയുടെ നിയമങ്ങളിൽ ഇടപെടുന്നത് ശരിയാണോ എന്ന ചിന്ത മനസ്സിൽ ഉയർന്നു. വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധം പ്രകൃതിയുടെ സ്വാഭാവികക്രമത്തിന്റെ ഭാഗമാണല്ലോ. എന്നാൽ എന്റെ കണ്ണുകൾക്കു മുന്നിൽ നിസ്സഹായരായ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ പോകുമ്പോൾ വെറും കാഴ്ചക്കാരനായി നോക്കി നിൽക്കാനും എനിക്കാവുന്നില്ല.
പക്ഷികൾ വെള്ളവും ധാന്യവും കഴിച്ചിരുന്ന അതേ സ്ഥലം ഇപ്പോൾ ഒരു യുദ്ധക്കളമായി മാറിയിരുന്നു.
ആ പാത്രങ്ങളിലേക്ക് പതിവായി വരുന്ന പക്ഷികളുടെ എണ്ണം വേട്ടക്കാർക്ക് നന്നായി അറിയാമായിരുന്നു എന്ന് തോന്നി . അവസരം കാത്തിരുന്ന് അവർ രണ്ടുപേരും ഇവിടെ എത്തിയതാണ്.
അപ്പോഴാണ് പെട്ടെന്ന് ഒരു മൈന പറന്നുവന്ന് മന്ദാരക്കൊമ്പിൽ ഇരുന്നത്.
ചുറ്റുമുള്ള ഭീഷണി അവൾ സൂക്ഷ്മമായി നിരീക്ഷിച്ചു. താഴെ പൂച്ച. കൊമ്പിലേക്ക് കയറുന്ന പാമ്പ്. കൂടിനുള്ളിൽ ഭീതിയോടെ വിറയ്ക്കുന്ന കുഞ്ഞുങ്ങൾ. ഒറ്റയ്ക്കു നിന്നുകൊണ്ട് ഈ അപകടത്തെ നേരിടാനാവില്ലെന്ന് അവൾ വളരെ വേഗം തിരിച്ചറിഞ്ഞു. ഇവിടെ നേരിടേണ്ടത് ഒരു വേട്ടക്കാരനെയല്ല, രണ്ട് ശക്തരായ വേട്ടക്കാരെയാണ്. തയ്യാറെടുപ്പ് അൽപ്പം ഒന്ന് പാളിയാൽ വേട്ടക്കാർക്ക് സ്വയം ഇരയാകേണ്ടി വരും.
മൈന തല ഉയർത്തി. ചിറകുകൾ അല്പം വിടർത്തി. പിന്നെ നീണ്ടൊരു ചൂളംവിളി മുഴക്കി.
അത് മുന്നറിയിപ്പായിരുന്നോ? സഹായത്തിനുള്ള ആഹ്വാനമായിരുന്നോ? അതോ യുദ്ധകാഹളമായിരുന്നോ? എനിക്കറിയില്ല. പക്ഷേ ആ ശബ്ദത്തിൽ അസാധാരണമായ ഒരു ശക്തിയുണ്ടായിരുന്നു.
പൂച്ചയും പാമ്പും ഒരു നിമിഷം ഞെട്ടി. അവർ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവയുടെ ചലനം മന്ദമായി. എന്തോ പന്തികേട് തോന്നിയതുപോലെ രണ്ടും അല്പം പിറകോട്ട് മാറി.
അധികം വൈകാതെ നാലഞ്ച് മൈനകൾ കൂടി ആകാശത്തുനിന്ന് പറന്നിറങ്ങി. അവയുടെ ചിറകടിശബ്ദവും ഒരുമിച്ചുള്ള കരച്ചിലും അന്തരീക്ഷം ആകെ ശബ്ദ മുഖരിതമാക്കി. കൂട്ടിനായി തോട്ടത്തിലെ സ്ഥിരം സന്ദർശകരായ രണ്ടു ചെമ്പോത്തുകളും പറന്നെത്തി. ചുവന്ന കണ്ണുകളാൽ അവ സ്ഥിതിഗതികൾ കൃത്യമായി വീക്ഷിച്ചു.
നിമിഷങ്ങൾക്കകം അവിടെ ഒരു ചെറിയ പോർക്കളം രൂപപ്പെട്ടു.
തങ്ങളാണ് കരുത്തരെന്ന് കരുതിയിരുന്ന പൂച്ചയ്ക്കും ചേരപാമ്പിനും പക്ഷികളുടെ കൂട്ടായ്മയുടെ ശക്തി ആദ്യം മനസ്സിലായില്ല. മൈനകൾ ആകാശത്തുനിന്ന് യുദ്ധവിമാനങ്ങളുടെ വേഗത്തിൽ താഴേക്കു പാഞ്ഞിറങ്ങി. ഓരോ തവണയും അവയുടെ ആക്രമണം കൃത്യമായിരുന്നു. പൂച്ചയുടെ തലയ്ക്കരികിലൂടെയും പാമ്പിന്റെ ശരീരത്തിനരികിലൂടെയും അവ മിന്നൽവേഗത്തിൽ പറന്നുപോയി.
വളരെ ഉയരത്തിൽ പറക്കുന്ന പരുന്തിനെപ്പോലും കൂട്ടമായി ആക്രമിക്കുന്ന മൈനകളെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് അവയുടെ ആക്രമണത്തിൽ ഒരു പ്രത്യേക തീവ്രതയുണ്ടായിരുന്നു. ഇത് വെറും പ്രദേശസംരക്ഷണമല്ല; കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കൂട്ടായ പോരാട്ടമായിരുന്നു.
ചെമ്പോത്തുകൾ അപ്പോഴും താഴെ പുൽത്തകിടിയിൽ സ്ഥാനം പിടിച്ച് എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു. മൈനകൾക്ക് പറ്റാതെ വന്നാൽ തങ്ങളും ആക്രമണത്തിൽ ചേരുമെന്ന് അവരുടെ നിൽപ്പിൽനിന്നുതന്നെ വ്യക്തമായിരുന്നു. അവ ചേരപാമ്പിന്റെ അധികം അകലെയല്ലാതെ ക്ഷമയോടെ കാത്തുനിന്നു.
ഇരുവശത്തുനിന്നുമുള്ള ആക്രമണത്തിൽ പെട്ടെന്ന് പതറിപ്പോയ ചേരപാമ്പ് ചെമ്പോത്തുകളെയും കണ്ടു. ഇനി ഇവിടെ നിന്നാൽ രക്ഷയില്ലെന്ന് അതിന് മനസ്സിലായി. മൈനകളുടെ ചൂളംവിളിയും ചിറകടിയും ചുറ്റുമുള്ള ആക്രമണവും സഹിക്കാനാകാതെ അത് വള്ളിപ്പടർപ്പുകൾക്കിടയിലേക്ക് അതിവേഗം ഇഴഞ്ഞോടി ഒളിച്ചു.
പൂച്ച കുറച്ചുനേരം കൂടി ചെറുത്തുനിന്നു. ശരീരം താഴ്ത്തി, പല്ലുകാട്ടി, മൈനകളെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കൂട്ടമായെത്തിയ പക്ഷികളുടെ ആക്രമണത്തെ നേരിടാൻ അതിനും കഴിഞ്ഞില്ല. ഒടുവിൽ വാലും താഴ്ത്തി, ഒരിക്കൽപോലും മന്ദാരക്കൊമ്പിലേക്ക് തിരിഞ്ഞുനോക്കാതെ അത് ഓടിപ്പോയി.
ശത്രുക്കൾ രണ്ടുപേരും പിൻവാങ്ങിയതോടെ ആ പോർക്കളം പതുക്കെ ശാന്തമായി. മൈനകൾ ആകാശത്ത് വിജയാഹ്ലാദത്തിൽ വട്ടമിട്ട് പറന്നു. ചെമ്പോത്തുകൾ കുറച്ചുനേരം കൂടി ചുറ്റുപാടുകൾ പരിശോധിച്ചു. അപകടമൊന്നുമില്ലെന്ന് ഉറപ്പായശേഷം അവയും മെല്ലെ പറന്നുപോയി.
മന്ദാരക്കൊമ്പിലെ കൂടിനുള്ളിൽനിന്ന് കുഞ്ഞുങ്ങളുടെ നേരിയ ശബ്ദം കേൾക്കാമായിരുന്നു. അവയ്ക്ക് അത് ഒരു പുനർജന്മം തന്നെയായിരുന്നു.
ആ ചെറിയ പോരാട്ടം ശരിക്കും ഒരു മഹായുദ്ധത്തിന്റെ ചെറുരൂപംപോലെ തോന്നി. തമാശയായി ചിന്തിച്ചപ്പോൾ, അതിന് ഞാൻ മനസ്സിൽ ഒരു പേരും നൽകി—‘ഓപ്പറേഷൻ എപിക് ഫ്യൂറി’.
എന്നാൽ ആ നിമിഷം എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ചത് പക്ഷികളുടെ കൂട്ടായ്മയായിരുന്നു.
ബുദ്ധിയുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യർ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ പരസ്പരം അകന്നുനിൽക്കുന്ന കാലമാണിത്. സ്വന്തം ചെറിയ താൽപര്യങ്ങൾക്കുവേണ്ടി മനുഷ്യർ തമ്മിൽ പോരാടുന്നു. അതേസമയം, അതിജീവനത്തിനായി വംശവും വർഗവും അതിരുകളും മറന്ന് ആ ചെറിയ പക്ഷികൾ ഒന്നിച്ചുനിന്നു. അവർക്കിടയിൽ ആരാണ് വലുത്, ആരാണ് ചെറുത് എന്ന ചോദ്യമുണ്ടായിരുന്നില്ല. അപകടം ഒറ്റക്കെട്ടായി നേരിടണമെന്ന ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് എനിക്ക് ആഴമുള്ള ഒരു അനുഭവപാഠമായി.
പ്രകൃതിയിൽ നമ്മൾ ശ്രദ്ധിക്കാതെ കടന്നുപോകുന്ന ഇങ്ങനെയുള്ള എത്രയോ സംഭവങ്ങൾ നടക്കുന്നുണ്ടാവാം. ഓരോ ചെറിയ ജീവിയും അതിന്റെ രീതിയിൽ ജീവിക്കാനും രക്ഷപ്പെടാനും പോരാടുന്നു. മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് കരുതിയാലും, പ്രകൃതി ഓരോ ദിവസവും അവന്റെ അഹങ്കാരത്തിന് മുന്നിൽ പുതിയൊരു പാഠം തുറന്നുവയ്ക്കുന്നു.
ജനാലക്കൽ നിന്നുകൊണ്ട് ഞാൻ ആകാശത്തേക്ക് നോക്കി.
അപ്പോഴാണ് ഒരു കുഞ്ഞിളംകാറ്റ് തോട്ടത്തിലൂടെ കടന്നുപോയത്. മന്ദാരക്കൊമ്പിലെ ഇലകൾ പതുക്കെ ഇളകി. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങളുടെ നേരിയ ശബ്ദം വീണ്ടും കേട്ടു.
പ്രകൃതിയുടെ മുന്നിൽ മനുഷ്യന്റെ അഹങ്കാരം എത്ര നിസ്സാരമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആ കാറ്റ് എന്നെയും തഴുകിക്കടന്നുപോയി.
— അനിൽ മാധവൻ