നിശബ്ദതയുടെ കാവൽക്കാരൻ
നവംബർ മാസത്തിലെ ഒരു പ്രഭാതം. വെയിൽ തെളിഞ്ഞുവരുന്നതേയുള്ളൂ. വീടിന് പെയിന്റ് അടിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ജോലിക്കാർ എത്തിയിട്ടുണ്ട്. അവരെല്ലാവരും തന്നെ ജോലികൾ തുടങ്ങിക്കഴിഞ്ഞു.
ഇതിന് മുൻപ് വീടിന് പെയിന്റ് അടിച്ചിട്ട് ഏതാണ്ട് ഏഴ് വർഷത്തിന് മുകളിലായിക്കാണും.അതുകൊണ്ടുതന്നെ സൺഷെഡിലും മറ്റും പക്ഷികൾ കൊണ്ടുവന്നിട്ട വിത്തുകൾ മുളച്ച് വൃക്ഷത്തൈകൾ വളർന്നിട്ടുണ്ട്. പന്നൽച്ചെടികളും പായലും അവിടവിടെയായി പറ്റിപ്പിടിച്ചു വളർന്നിട്ടുമുണ്ട്. അതെല്ലാം പറിച്ചുകളഞ്ഞ് വൃത്തിയാക്കിയിട്ട് വേണം പെയിന്റിന്റെ ജോലി തുടങ്ങാൻ.
വീടിന്റെ മുകളിലെ നിലയിലെ സൺഷെഡും ചുവരുകളും വൃത്തിയാക്കുന്നത് നോക്കിനിൽക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി ശ്രദ്ധിക്കുന്നത്.ഒരു സർക്കസുകാരന്റെ മെയ്വഴക്കത്തോടെ അയാൾ ഒറ്റക്കാലിൽ നിന്ന് ചുവരിൽ പറ്റിപ്പിടിച്ചിരുന്ന പന്നൽച്ചെടികൾ ആഞ്ഞൊന്നു വലിക്കുമ്പോൾ അവ വേരോടെ ചുവരുപേക്ഷിച്ച് പോരുന്നു.
ഇടയ്ക്ക് തന്റെ മൊബൈലിൽ നിന്ന് ഒഴുകിവന്ന എൺപതുകളിലെ സിനിമാഗാനങ്ങൾക്കൊപ്പം അയാൾ സ്വയം മറന്ന് മൂളി. പിന്നെയും തന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു.ആ ജോലിക്കാർക്കിടയിൽ അയാൾ മാത്രം തനി നാട്ടിൻപുറത്തുകാരനായി എനിക്ക് തോന്നി.
ജോലികൾ കണ്ടുനിൽക്കുന്നതിനിടയിൽ വെറുതെയൊരു കുശലാന്വേഷണം എന്നോണം ഞാൻ ചോദിച്ചു:“പഴയ പാട്ടുകളോടാണല്ലേ ഇഷ്ടം? ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ റാപ്പും പുതിയ തലമുറ പാട്ടുകളുമല്ലേ കേൾക്കാറുള്ളൂ...”
അയാൾ ഉടനെ മറുപടി നൽകി:
“അതിനൊക്കെ ഒരു ബഹളമല്ലേ... ഞാൻ പാട്ടു കേൾക്കുന്നത് മനസ്സിന് ഒരു ശാന്തിയും സുഖവും കിട്ടാനാണ്. അത് എനിക്ക് ഈ പഴയ പാട്ടുകളിൽ നിന്നേ കിട്ടൂ. പിന്നെ വരികളുടെ അർത്ഥവും സംഗീതവും പഴയ പാട്ടുകളിലേ കിട്ടൂ.”
ആ മറുപടിയിൽ അയാളുടെ ജീവിതവീക്ഷണം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.അയാളെപ്പറ്റി കൂടുതൽ അറിയണമെന്ന തോന്നൽ എനിക്കുണ്ടായി. അറിയുന്തോറും അയാൾ എനിക്കൊരു അത്ഭുതമായി മാറി.
ഞാൻ അയാളെപ്പറ്റി വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.മിക്കപ്പോഴും മറുപടികൾക്ക് പകരം ആദ്യം അയാൾ നൽകിയത് മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു. പക്ഷേ, ആ ചിരിയുടെ പിന്നിൽ ഒരായിരം ദുഃഖങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
“വീട്ടിൽ ആരൊക്കെയുണ്ട്?”
എന്റെ ചോദ്യം കേട്ട് അയാൾ ഒരു നിമിഷം ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി. കൈകൾ താഴ്ത്തി ദീർഘനിശ്വാസം വിട്ടു.പിന്നീട് മെല്ലെ പറഞ്ഞു:
“ഞാനും എന്റെ നായക്കുട്ടി ജൂലിയും...”
ആ ചോദ്യം അയാളെ പഴയ ഓർമ്മകളിലേക്കു നടത്തിച്ചു. അച്ഛന്റെ ഓർമ്മകളിൽ അയാൾ വിതുമ്പി.വർഷങ്ങൾക്കു മുൻപ് ജോലിസ്ഥലത്തുണ്ടായ ഒരപകടം അച്ഛനെ ആറുമാസത്തോളം കട്ടിലിൽ തളർത്തിക്കിടത്തി. ചികിത്സയ്ക്കായി കൈയിലുള്ളതും പിന്നെ കിടപ്പാടം വരെയും വിൽക്കേണ്ടിവന്നു. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് അച്ഛൻ പോയി.അമ്മ കടുത്ത ശ്വാസകോശ രോഗിയായിരുന്നു. അച്ഛനെ നോക്കി ആരോഗ്യം വീണ്ടും നഷ്ടപ്പെട്ട അമ്മയ്ക്ക് രോഗം വളരെക്കൂടി. സമയത്തിന് ശരിയായ ഭക്ഷണവും മരുന്നും കിട്ടിയതുമില്ല. കൊവിഡിന്റെ കാലം ആയിരുന്നതുകൊണ്ട് സ്ഥിതി കൂടുതൽ മോശമായി. അങ്ങനെ പെട്ടെന്ന് തന്നെ അമ്മയും എന്നെ തനിച്ചാക്കി പോയി. അവരെ രണ്ടാളെയും മാറിമാറി നോക്കി എന്റെ ആരോഗ്യവും ക്ഷയിച്ചിരുന്നു. പ്രത്യേകിച്ചും മാനസികമായി തളർന്നിരുന്നു. ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ലോകം ശൂന്യമായി തോന്നിയ ആ നാളുകളിൽ കൂട്ടിനുണ്ടാകുമെന്ന് കരുതിയ ബന്ധുക്കൾ, ഒരുപക്ഷേ സാമ്പത്തികമായി സഹായിക്കേണ്ടിവന്നാലോ എന്ന ഭയം കാരണം പടിവാതിൽക്കൽ പോലും വന്നില്ല. ഞാൻ ഫോൺ വിളിച്ചാലും അവരാരും തന്നെ മറുപടി നൽകാതെയായി. “അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ... വന്നാൽ ചിലപ്പോൾ പണം നൽകേണ്ടിവരുമെന്ന് അവർ ഭയന്നിട്ടുണ്ടാകും. അവർക്കും അതിനുള്ള സാഹചര്യമില്ലായിരുന്നിരിക്കാം.”അയാൾ സ്വയം സമാധാനിപ്പിച്ചു.
അമ്മ കിടന്നിരുന്ന ജനറൽ വാർഡിലെ മറ്റു രോഗികളുടെ അവസ്ഥ അതിലും പരിതാപകരമായിരുന്നു. കൂട്ടിരിക്കാൻ ആളില്ലാത്തവർക്ക് അയാൾ തുണയായി. ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വരിയിൽ നിന്ന് വാങ്ങി എല്ലാവർക്കും പകുത്തുനൽകി.തൊട്ടടുത്ത കിടക്കയിൽ അനാഥനായി മരിച്ചുപോയ ഒരാളെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ നഴ്സിനെ സഹായിച്ചതും അയാളായിരുന്നു.
മരണവും വേദനയും അയാളുടെ നിത്യസന്ദർശകരായി മാറി.
“അങ്ങനെ ഇരിക്കുമ്പോഴാണ് ജൂലിയെ എനിക്ക് കിട്ടുന്നത്. അവൾ തെരുവിൽനിന്ന് എന്നെ തേടിവന്നതാണെന്ന് പറയുന്നതാവും കൂടുതൽ ശരി. ഞാൻ എന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവൾക്ക് കൊടുത്തു. പിന്നീട് അവൾ എന്നെ വിട്ടുപോകാതായി. ഞാൻ അവൾക്ക് ജൂലി എന്ന് പേരിട്ടു. എന്റെ ഏകാന്തതയിൽ ഒരു കൂട്ടായി.”അയാൾ തുടർന്നു:
“അമ്മയുടെ മരണം എന്നെ ഒരുപാട് കാലം തളർത്തി. പിന്നെ രാത്രിയിൽ തനിച്ചാകുമ്പോൾ ആ സങ്കടം താങ്ങാനാവില്ല. ഞാൻ നേരെ സെമിത്തേരിയിലേക്ക് പോകും. അമ്മയുടെയും അച്ഛന്റെയും കല്ലറയ്ക്കരികിൽ മണിക്കൂറുകളോളം ഇരുന്ന് കരയും. ഒരു നനുത്ത കാറ്റ് എന്നെ വലയം ചെയ്യുന്നതായി തോന്നും. അവിടെത്തന്നെ കിടന്നുറങ്ങും. നേരം വെളുക്കുമ്പോൾ തിരിച്ചുപോരും.ആത്മഹത്യയുടെ വക്കിൽ വരെ ഞാൻ എത്തിയിട്ടുണ്ട്. എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് അവിടെയുള്ള രാത്രികാല ഇരിപ്പായിരുന്നു. ഇത് കാലങ്ങളോളം തുടർന്നുപോന്നു. സുഹൃത്തുക്കൾ രാവിലെ ജോലിക്ക് പോകാൻ സെമിത്തേരിയിൽ വന്ന് പലപ്പോഴും എന്നെ വിളിക്കേണ്ടതായി വന്നിട്ടുണ്ട്. പിന്നീട് അവർ നിർബന്ധിച്ചാണ് അത് മാറ്റിയെടുത്തത്.”
അർദ്ധരാത്രിയിൽ അവിടെ തനിച്ചു പോകാൻ പേടി തോന്നില്ലേ?”
ഒരുപക്ഷേ, ഞാൻ ചോദിച്ചതിൽവെച്ച് ഏറ്റവും ബാലിശമായ ചോദ്യം അതായിരിക്കണം.
അയാൾ വീണ്ടും ഒരു ചിരി സമ്മാനിച്ചു.
“ഇല്ല... ഒരിക്കലുമില്ല. അച്ഛനും അമ്മയുമുള്ളിടത്ത് നമ്മൾ ആരെ ഭയക്കണം? അവരുണ്ടല്ലോ എനിക്ക് കാവലായി.”
ഒന്ന് നിർത്തിയിട്ട് അയാൾ വീണ്ടും തുടർന്നു:“ഈ ലോകത്ത് ഏറ്റവും സമാധാനം കിട്ടുന്ന സ്ഥലം ആരാധനാലയങ്ങളൊന്നുമല്ല, അത് ശ്മശാനങ്ങളാണ്. അവിടുത്തെ ശാന്തതയും ചീവീടുകളുടെ നേർത്ത ശബ്ദവും തണുത്ത കാറ്റും മതി, സങ്കടങ്ങളെല്ലാം ഒന്ന് മറക്കാൻ. അവിടെ നമ്മൾക്ക് ആരെയും പേടിക്കാനില്ല.”അയാൾ കുറച്ചുനേരം മൗനമായി. വീണ്ടും തുടർന്നു:
“നമ്മൾ ജീവിച്ചിരിക്കുമ്പോഴാണ് ശത്രുതയും വൈരാഗ്യവും മറ്റും. ജീവിച്ചിരിക്കുമ്പോൾ തമ്മിൽ കണ്ടാലുടൻ വഴക്കുകൂടിയിരുന്ന പലരും അവിടെ തൊട്ടടുത്ത കല്ലറകളിൽ ഒരു പ്രശ്നവുമില്ലാതെ നിത്യനിദ്രയിൽ കഴിയുന്നത് കാണാം. അവിടെ രാജാവും ഭിക്ഷാടകനും ഒരുപോലെയാണ്. ജീവിച്ചിരുന്നപ്പോൾ അതിർത്തിത്തർക്കം മൂലം പരസ്പരം പോരാടിയവർ ഇപ്പോൾ തൊട്ടടുത്തായി ഒരു പരാതിയും പരിഭവവുമില്ലാതെ കിടക്കുന്നു.”
അയാളുടെ വാക്കുകൾ കേട്ടിരിക്കുമ്പോൾ എനിക്ക് തോന്നി—ഇങ്ങനെയൊരു തത്വശാസ്ത്രം അയാൾ ഏതെങ്കിലും പുസ്തകത്തിൽനിന്ന് പഠിച്ചതായിരിക്കില്ല. സ്വന്തം ജീവിതമെന്ന പാഠപുസ്തകമാണ് അയാളെ അതെല്ലാം പഠിപ്പിച്ചത്.
നമ്മുടെ ഇടയിലൂടെ നിശബ്ദം നടന്നുപോകുന്ന ചില മനുഷ്യരുണ്ട്. സ്വന്തം ജീവിതഭാരങ്ങൾ ആരെയും അറിയിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ അവർ തന്നെ ചുമക്കുന്നു. തങ്ങളുടെ വേദനകൾക്കിടയിലും ചുറ്റുമുള്ളവർക്ക് താങ്ങാകുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങളുമായി, ഒന്നിനോടും പരിഭവമില്ലാതെ മുഖത്ത് ഒരു പുഞ്ചിരിയുമായി അവർ മുന്നോട്ടുപോകുന്നു. തിരക്കുകളിലും ബഹളങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ, ഏകാന്തതയെ കൂട്ടുപിടിച്ച് അവർ നടന്നകലുന്നു.
അയാൾ തുടർന്നു:“ഇപ്പോൾ ഞാൻ ജോലി കഴിഞ്ഞാൽ പെട്ടെന്ന് വീട്ടിൽ പോകാൻ ശ്രമിക്കും. കാരണം ജൂലി അവിടെ എന്നെ നോക്കിയിരിപ്പുണ്ടാവും. അവളുടെ സ്നേഹത്തിന് പകരംവെക്കാൻ മറ്റൊന്നുമില്ല.”
അയാൾ വീണ്ടും പഴയ പാട്ടുകൾ മൂളിക്കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നപോലെ ഭിത്തിയിലെ പായലുകളിലേക്ക് ശ്രദ്ധ തിരിച്ചു. അപ്പോൾ കേട്ട പാട്ടിന് ഒരു പ്രാർത്ഥനയുടെ ഈണമുണ്ടായിരുന്നു. ആ പാട്ട് പതിയെ കാറ്റിൽ അലിഞ്ഞു ചേർന്നു.
അകലെ, സ്വന്തം കൊച്ചുവീടിന്റെ വാതിൽക്കൽ ജൂലി അയാളെ കാത്തിരിക്കുന്നുണ്ടാവും...
— അനിൽ മാധവൻ