കുന്ദലത-നോവൽ - 2

  • 21.7k
  • 3.9k

ഇനി യോഗീശ്വരന്റെ ഈ വനവാസത്തെക്കുറിച്ചു് അല്പം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പോൾ പറഞ്ഞു കഴിഞ്ഞു. ഒന്നാമതായിട്ട് അദ്ദേഹത്തിന്റെ വാത്സല്യത്തിനും ദയയ്‌ക്കും പാത്രമായതു് കുന്ദലത എന്ന കുമാരിയാണു്. ഈ കുമാരിക്കു് പതിനാറു വയസു പ്രായമായി എങ്കിലും അതേ പ്രായത്തിനുള്ളവരോടൊന്നിച്ചു പരിചയിപ്പാൻ ഇടവരായ്‌കയാൽ 'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം' എന്നു പറഞ്ഞതുപോലെ വാക്കുകൾക്കും പ്രവൃത്തിക്കും ബാല്യകാലത്തിന്റെ കൗതുകം കേവലം വിട്ടിട്ടുണ്ടായിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റു് ദിനചര്യയിലും യോഗീശ്വരൻ വളരെ ശ്രദ്ധവെക്കുകയാൽ നല്ല ആരോഗ്യവും ശരീരപുഷ്ടിയും അനല്പമായ സൗന്ദര്യവും ഉണ്ടു്.