കുന്ദലത-നോവൽ - 9

  • 16.7k
  • 2.3k

 അഭിഷേകത്തിന്നു നിശ്ചയിച്ച ദിവസം വന്നപ്പോഴേക്കു് വൈദികന്മാർ, കർമ്മികൾ , പുരോഹിതന്മാർ, അഗ്നിഹോത്രികൾ,സോമയാജികൾ മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തിക്കൂടി. മുഹൂർത്തസമയത്തു് പ്രതാപചന്ദ്രനെയും ഇടത്തുഭാഗത്തു് സ്വർണ്ണമയീദേവിയേയും സിംഹാസനങ്ങളിന്മേൽ ഇരുത്തി, വളരെ മന്ത്രങ്ങളെക്കൊണ്ടു് പരിശുദ്ധമായ ജലത്തെ അവരുടെ തലയിൽ അഭിഷേകംചെയ്കയും പുരോഹിതൻ അവരുടെ പരദേവതയെക്കുറിച്ചു് ചില മന്ത്രങ്ങൾ അവർക്കു് ഉപദേശിക്കുകയും കിരീടം തലയിൽ വെക്കുകയും ചിത്രരഥമഹാരാജാവു് രാജ്യഭരണചിഹ്നമായ വാൾ പുത്രന്റെ പക്കൽ ഏല്പിച്ചുകൊടുക്കയും മററും ക്രിയകൾ വഴിപോലെ കഴിഞ്ഞു. അന്നു വൈകുന്നേരംതന്നെ യുവരാജാവും രാജ്ഞിയുംകൂടി നഗരപ്രവേശംചെയ്തു.