അന്തരം പിരാന്തൻ അന്തോണി അതിരാവിലെ ഉണർന്ന് കിഴക്കൻ മലമുകളിലേക്ക് നോക്കി . ക്ലാവർ ആകൃതിയിൽ മേഘങ്ങളെ പുണർന്ന മലമുകളിലെ മരത്തെ അയാൾ നോക്കിയിരുന്നു .അതിലിപ്പോൾ ചെംന്തീ കത്തിപ്പടരും . പിന്നെ ചുവന്നുതുടുത്ത മാനം കാണാൻ നല്ല രസമായിരിക്കും . ഓർക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല . "വെറുതെ ചിരിക്കാതെടാ അന്തോണി "കൊയിലടിയുടെ കടത്തിണ്ണയിൽ നിന്നും ഷെവലിയാരാണ് . അയാൾ രാവിലെ ഉണർന്നു പുഴയിൽ പോയി വന്ന് ഭാണ്ഡത്തിൽ നിന്നും വെള്ളയായിരുന്ന ഷർട്ടിട്ടു വെള്ളയായിരുന്ന പാന്റ് വലിച്ചുകയറ്റി ഇൻസൈഡ് ആക്കി . അയാൾ എന്നും വേഷം മാറി പള്ളിയിൽ പോയി അൾത്താരക്ക് തിരിഞ്ഞു നിന്ന് പെണ്ണുങ്ങളുടെ വശത്തേക്ക് നോക്കി കുർബാന കൂടും. കഴിഞ്ഞ ദിവസം ഉച്ചക്ക് കോളേജ് വിട്ട് പൊട്ടൻപിലാവിന് പോകുകയായിരുന്ന പെൺകുട്ടികൾക്ക് പിറകെ അയാളും കൂടി .കുട്ടികൾ പേടിച്ചോടി വഴിയിൽ കണ്ട പോലീസുകാരനോട് വിവരം പറഞ്ഞു . പോലീസ് പൊക്കിയപ്പോൾ നട്ടുച്ചക്ക് ഒരു ഈവെനിംഗ് വാക്കിനുള്ള സാദ്ധ്യത അയാൾ കാണിച്ചുകൊടുത്തു .