ഇന്നും പതിവു പോലെ തന്നെ, ഞാൻ ഓടി എത്തിയപ്പോഴേക്കും ആശാൻ സ്റ്റേഷൻ വിട്ടു. ഇനിയിപ്പോൾ ഓടിയിട്ടെന്തിനാ, പതിയെ നടക്കാം. ഞാൻ എന്റെ ഓട്ടത്തെ നടത്തത്തിലേക്ക് പരിവർത്തനപ്പെടുത്തി. ഇനി അടുത്തത് 8.15 ന് ശബരിയാണ്. അതും പോരാത്തതിന് പത്ത് മിനിറ്റ് ലേറ്റും! അപ്പോഴേ അമ്മ പറഞ്ഞതാ "കുറച്ച് ഒരുങ്ങിയാ മതി, വല്ലതും കഴിക്ക്, ഇല്ലങ്കിൽ എല്ലാം കഴിഞ്ഞ് നീയങ്ങ് ചെല്ലുമ്പോഴേക്കും ട്രെയിൻ അതിന്റെ പാട്ടിനങ്ങ് പോവൂന്ന്." അല്ലേലും ഫുഡ് കഴിക്കുന്ന സമയം അല്പം കുറച്ചാലും ഒരുക്കത്തിന് സമയം കുറയ്ക്കാൻ പാടില്ലെന്നുള്ള ആ ശാസ്ത്രീയ സത്യത്തിന് ഞാനായിട്ടെങ്ങനാ ഒരു മാറ്റം വരുത്തുന്നത്? ഇനി അടുത്ത വണ്ടി കയറി ഞാൻ അങ്ങ് എത്തുമ്പോഴേക്കും ആ കാട്ടാളൻ എന്നെ അമ്പെയ്തു വീഴ്ത്തിയത് തന്നെ. ഹാ! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ പോയത് പോയി. ഞാൻ പതിയെ പ്ലാറ്റ് ഫോമിലൂടെ നടന്നു. നല്ല കാറ്റുണ്ട്. ചെറിയ മഴക്കാറും. രാവിലെ തന്നെ മഴ വരാൻ പോവാണെന്ന് തോന്നുന്നു. ട്രെയിനിൽ കയറിയിട്ട് പെയ്താൽ മതിയായിരുന്നു.