മനസിലെ ഭയം മറന്നു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയോടെ ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ദേവകി ആ വീടിനകത്തേക്ക് കയറി... ഇനിയുള്ള തന്റെ ജീവിതം ഈ വീട്ടിൽ ആണെന്ന് ഉറപ്പിച്ചു കൊണ്ട്
"അമ്മ ഒന്ന് നിന്നെ ഇങ്ങള് എന്തിനുള്ള പുറപ്പാടാ ഇവളെ എന്തിനാ നമ്മുടെ വീടിനകത്തേക്ക് കൊണ്ടുപോകുന്നത്... ഇവൾ വീടിനകത്തേക്കു കയറിയാൽ പിന്നെ ഞാൻ ഇവിടെ നിന്നും പോകും എന്റെ കുഞ്ഞിനേയും കൂട്ടി എങ്ങോട്ടെങ്കിലും.." പ്രകാശൻ അത് വാശിയോട് പറഞ്ഞു
" നീ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി... "
"വേണ്ട അമ്മ ഒന്നും പറയണ്ട ഇവൾ നമ്മുടെ വീടിനകത്തേക്ക് കയറാൻ പാടില്ല..."
"അകത്തേക്ക് പോ ഇവനെ നോക്കണ്ട ...നീ പോ മോളെ.."
എന്നാൽ അമ്മ പറയുന്നത് കേൾക്കാതെ ദേവകി പ്രകാശനെ നോക്കി നിന്നു
"നീ അകത്തേക്ക് കയറിയാൽ ഞാൻ പറഞ്ഞത് ഞാൻ ചെയ്യും..." പ്രകാശൻ പിന്നെയും അത് പറഞ്ഞു
"ടാ നീ ഒന്ന് മിണ്ടാതെ നിൽക്ക് മോളെ നീ അകത്തേക്ക് ചെല്ല് എന്നിട്ട് അവിടെ ഉള്ള ആ കട്ടൻ ഒന്ന് ചൂടാക്കി വാ അപ്പോഴേക്കും ഞാൻ ഇവനെ ഒന്ന് തണുപ്പിക്കട്ടെ..." സരോജിനി ദേവകിയോട് പറഞ്ഞു
"അമ്മേ അമ്മ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എങ്കിൽ ഞാൻ പോകുന്നു..." അതും പറഞ്ഞുകൊണ്ട് പ്രകാശൻ തന്റെ കുഞ്ഞിനെ എടുക്കാൻ അകത്തേക്ക് കയറാൻ നോക്കിയതും സരോജിനി അവന്റെ കൈയിൽ കയറി പിടിച്ചു
"ഞാൻ പറയുന്നത് കേൾക്ക് മോനെ നീ ദേഷ്യപ്പെടാതെ... ഞാൻ പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടെന്നു നീ മനസ്സിലാക്കു ആദ്യം കുട്ടിയെ ഉറക്കിയിട്ടു വരാം ഒന്ന് മാത്രം നിന്റെ ജീവിതം നശിപ്പിച്ച ഇവളെ വെറുതെ വിടരുത്...പിന്നെ നീ ഉടനെ തന്നെ കവലയിൽ പോയി കുഞ്ഞിന് പാൽ കുടിക്കാൻ പാലിക്കുപ്പി വാങ്ങിച്ചു വരണം..." സരോജിനി അതും പറഞ്ഞു കൊണ്ട് കുഞ്ഞു കിടക്കുന്ന മുറിയിൽ പോയി...
അമ്മ പെട്ടന്ന് അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി...അമ്മയുടെ വാക്കുകൾ കേട്ടതും പ്രകാശൻ ഞെട്ടി....അമ്മയുടെ മനസ്സിൽ എന്താണ് എന്നോ അമ്മ എന്താണ് പറയുവാൻ വരുന്നത് എന്നും മനസിലാക്കാതെ പ്രകാശൻ മിഴിച്ചു നിന്നു....
അമ്മയുടെ മനസ്സിൽ എന്തോ ഒരു പ്ലാൻ ഉണ്ട് എന്ന് മനസിലായത് പ്രകാശനൻ അല്പം സമയം കൊടുക്കാൻ തന്നെ തീരുമാനിച്ചു....
"ആദ്യം അമ്മ എന്താണ് പറയുന്നത് എന്ന് കേട്ട ശേഷം മതി ബാക്കി എല്ലാ കാര്യവും..." പ്രകാശൻ മനസ്സിൽ വിചാരിച്ചു
അകത്തേക്ക് പോയ സരോജിനി പേരക്കുട്ടിയെ തൊട്ടിലിൽ കിടത്തി കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ഒരു താരാട്ട് പാട്ടും പാടി കൊണ്ട് അവളെ ആട്ടി...കുഞ്ഞു പതിയെ കരഞ്ഞു കരഞ്ഞു തളർന്നു ഉറക്കത്തിൽ വീണു...
അപ്പോഴേക്കും ദേവകി അടുക്കളയിൽ പോയി ചായ ചൂടാക്കി കൊണ്ട് വരുകയും ചെയ്തു
"അമ്മേ..." ദേവകിയുടെ മുറിയുടെ വാതിക്കൽ നിന്നു വിളിച്ചു
" അവിടെ വെച്ചോളൂ ദേ ഇവളെ ഉറക്കിയിട്ട് വരാം... "സരോജിനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
" മം.. "
ദേവകി പതിയെ മൂളി ശേഷം ചായയുമായി ഉമ്മറത്ത് എന്തോ ആലോചനയിൽ ഇരിക്കുന്ന പ്രകാശന്റെ മുന്നിൽ ചെറിയ വിറയലോടെ കൊണ്ടുപോയി എന്നാൽ ദേവകിയെ ഒന്ന് തുറിച്ചു നോക്കുകയാണ് അവൻ ചെയ്തത്...
കുറച്ചു കഴിഞ്ഞപ്പോ കുഞ്ഞു ഉറങ്ങിയതും മുറിയുടെ വാതിൽ അടച്ച ശേഷം സരോജിനി പുറത്തേക്കു വന്നു
" അമ്മേ.." പ്രകാശൻ അമ്മയെ കണ്ടതും സംശയം കലർന്ന മുഖത്തോടെ വിളിച്ചു
"ശൂ..." ചൂണ്ടു വിരൽ ചുണ്ടത്തു വെച്ചുകൊണ്ട് പ്രകാശനെ നോക്കി സരോജിനി കാണിച്ചു
"ഇവിടെ വെച്ചു ഒന്നും സംസാരിക്കണ്ട നീ അങ്ങോട്ട് വാ നമ്മുക്ക് സംസാരിക്കാം... ആ പെൺകുട്ടി എവിടെ..."
"ആവോ.."
"മോളെ... മോളെ...എന്താടാ ആ കുട്ടിയുടെ പേര്.."
"അത് ദേവകി.."
"മോളെ ദേവകി... ദേവകി.."സരോജിനി കുറച്ചു ഉറക്കെ വിളിച്ചതും ദേവകി അകത്തു നിന്നും വന്നു.
"അമ്മേ..."
" മോളെ നീ വേണേൽ ഫ്രഷ് ആയിക്കോ..." സരോജിനി പറഞ്ഞു
"ശെരി..."ദേവകി പുഞ്ചിരിയോടെ തലയാട്ടി അവൾ വളരെ പെട്ടന്ന് തന്നെ തന്റെ ബാഗിൽ നിന്നും ഒരു ചുരിദാർ എടുക്കുകയും പെട്ടന്ന് തന്നെ അടുക്കളഭാഗത്തു കൂടി പിന്നിൽ ഉള്ള ബാത്ത്റൂമിലേക്ക് പോയി.. ഇതേ സമയം ദേവകി ബാത്റൂമിൽ കയറിയോ എന്ന് അറിയാൻ സരോജിനി അടുക്കളയിൽ എത്തി ശേഷം അവിടെ നിന്നും എത്തി നോക്കുകയായിരുന്നു സരോജിനി... അവൾ ബാത്റൂമിൽ കയറിയത് മനസിലാക്കിയ സരോജിനി ഉടനെ മകന്റെ അരികിൽ എത്തി
"അമ്മേ അമ്മ എന്താ ചെയുന്നത് എന്തിനാ അവളെ ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല...."
" അതോ അങ്ങനെയങ്ങ് അവളെ വെറുതെ വിടാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്.."
"അമ്മ പറയുന്നത് എനിക്ക് മനസിലാകുന്നില്ല... ഒന്ന് തെളിച്ചു പറ.."
"പറയാം അവളെ ഞാൻ ഇവിടെ നിർത്തിയിരിക്കുന്നത് പോലും നിന്റെ ഭാവി നശിപ്പിച്ചതിന് അവളെ പകരം വീട്ടാൻ ആണ് ..."
"എന്നുവെച്ചാൽ..."
" അവൾ ഇവിടെ ഉണ്ടാകും നിന്റെ ഭാര്യയായി തന്നെ അതെ അതാണല്ലോ അവൾ ആഗ്രഹിച്ചത് അത് സംഭവിക്കും പക്ഷെ പിന്നീട് ജീവിതത്തിൽ ഒരു സന്തോഷവും അവൾ അനുഭവിക്കുകയില്ല ഒരു സന്തോഷവും അവൾ ഇവിടെ കാണുന്നത് നരക വേദന മാത്രമായിരിക്കും...ഓരോ നിമിഷവും എന്തിനു ജീവിക്കുന്നു എന്ന് തോന്നും അത് മാത്രമല്ല മാലിനി നിന്നെ വിട്ടു പോയി ഇനി അവൾ തിരുച്ചു വരുമോ എന്നത് നമ്മുക്ക് ഉറപ്പില്ലാത്ത ഒരു കാര്യമാണ് അതുകൊണ്ട് നിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കാൻ ഇവൾ നമ്മുക്ക് വേണം ഒരു അടിമയായ്... മാത്രമല്ല ഇനി ഇവൾ ഒരു കുഞ്ഞിനും ജന്മം കൊടുക്കരുത് ജീവിതകാലം മുഴുവനും ഇവൾ ഈ കുഞ്ഞിന്റെ മാത്രം അമ്മയായി ജീവിക്കണം ഒരു കുഞ്ഞിന് പാലുട്ടാൻ കഴിയാത്ത പ്രസവിക്കാൻ കഴിയാത്ത ജന്മമായി നീറി നീറി കഴിയണം... " സരോജിനി പ്രതീകാരത്തോടെ മുഖം ചുവപ്പിച്ചു കൊണ്ട് പറഞ്ഞു
"അതും ശെരിയാ എന്റെ ജീവിതം നശിപ്പിച്ച ഇവളെ അങ്ങനെയങ്ങു വെറുതെ വിടരുത്...എങ്കിൽ അവളെ സ്വീകരിക്കാം അല്ലെ അമ്മേ..."
"സ്വീകരിക്കാം പക്ഷെ നീ ഉടനെ മാറേണ്ട സംശയമാകും നീ പതിയെ മാറിയാ മതി..."
" ശെരി.."
അപ്പോഴേക്കും പ്രകാശന്റെ ദേശമുക്ക് ഗ്രാമത്തിലേക്കു ദേവകിയുടെ കുടുംബം എത്തിയിരുന്നു...
കവലയിൽ എത്തിയ ദേവകിയുടെ ബന്ധുക്കൾ അവിടെ ഒരു ആൽമരത്തിനു ചുറ്റും ഉള്ള തിണ്ണയിൽ ഇരുന്നു ബീഡി വലിക്കുന്നവരോടായി അടുത്ത് നിർത്തി....
"അതേയ് ഈ പ്രകാശന്റെ വീട് എവിടെയാ എന്ന് അറിയുമോ..." കാറിൽ ഉള്ള ദേവകിയുടെ ചിറ്റപ്പൻ ചോദിച്ചു
" ഓ ഇന്ന് നമ്മുടെ ഗ്രാമത്തിൽ വരുന്ന എല്ലാവരും പ്രകാശന്റെ വീടാണല്ലോ ചോദിക്കുന്നത്... അല്ല നിങ്ങൾ ആരാണ്..."
"ഞങ്ങൾ അത് പിന്നെ! ദേവകി എന്റെ കുട്ടി അവളെ അന്വേഷിച്ചു വന്നതാ..."
" ദേ ഇതിലൂടെ പോയി കുറച്ചു ദൂരം പോയാൽ ഒരു പാടം ഉണ്ട് അതിനടുത്താ അവന്റെ വീട് നിങ്ങളുടെ കുട്ടിയും അവിടെ തന്നെയാ ഉള്ളത്... " കൂട്ടത്തിൽ ഒരാൾ അവരുടെ കാറിന്റെ അടുത്തായി വന്നു പറഞ്ഞു
കാറിൽ ഇരുന്ന ദേവകിയുടെ ബന്ധുക്കൾ എല്ലാവരും ഒരു നന്ദിയും പറഞ്ഞുകൊണ്ട് അവിടെ നിന്നും പ്രകാശന്റെ വീട് ലക്ഷ്യമാക്കി യാത്രയായി...
കുറച്ചു ദൂരം പോയതും അവർ പ്രകാശന്റെ വീട്ടിൽ എത്തി... കാറിൽ നിന്നും വളരെ ദേഷ്യത്തോടെ എല്ലാവരും ഇറങ്ങി...
ഇന്നേരം സരോജിനി ഭർത്താവിന് കഞ്ഞി കൊടുക്കുകയായിരുന്നു പ്രകാശൻ അവന്റെ മുറിയിൽ തലയിൽ കൈവെച്ചു ഇരിക്കുകയും ദേവകി അടുക്കളയിൽ എല്ലാം ഒതുക്കുന്ന സമയം
"ദേവകി.... എടി ദേവകി ഇറങ്ങി വാടി പുറത്തേക്കു.." ബീന ഉറക്കെ വിളിച്ചു
വീടിന്റെ മുറ്റത്തു നിന്നും അമ്മയുടെ വിളി കേട്ട ദേവകി ഒരു നിമിഷം ഞെട്ടി അവൾ പേടിയോടെ പുറത്തേക്കു വന്നു... അവളോടൊപ്പം സരോജിനിയും പ്രകാശനും വന്നു ഉമ്മറത്തേക്ക്...
"ഇറങ്ങി വാടി ഇവിടെ..." ദേവകിയുടെ മാമനും വിളിച്ചു
എല്ലാവരും ഒന്നിച്ചു ദേഷ്യത്തോടെ ഉമ്മറത്ത് ഭയന്ന് സരോജിനിയുടെ പുറകിൽ നിൽക്കുന്ന ദേവകിയുടെ അടുത്തേക്ക് ചെന്നു... ബീന അവളുടെ മുടിക്ക് പിടിച്ചു കൊണ്ട് മുറ്റത്തേക്ക് വലിച്ചു ഇഴച്ചു...വേദന സഹിക്കാൻ കഴിയാതെ ദേവകി അമ്മയുടെ കൂടെ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് കണ്ണീരോടെ മുറ്റത്തേക്ക് ഇറങ്ങി...
" വിട് അവളെ വിട് എന്റെ പെണ്ണിനെ വിടാൻ...." പ്രകാശൻ അത് പറഞ്ഞതും വേദനയെല്ലാം മറന്ന ദേവകിയുടെ മുഖത്തു പുഞ്ചിരി തെളിഞ്ഞു
തുടരും