Read KarnnaParvvam Reloaded by Reghuchandran.R. Kelakompil in Malayalam Human Science | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കർണ്ണ പർവ്വം റീലോഡഡ്

കർണ്ണ പർവ്വം റീലോഡഡ്

 

ഗൗതം രമേഷ്, ഹോട്ടൽ ലോബിയുടെ മുന്നിലെ ലോണിലൂടെ ഉലാത്തുന്നതിനിടയിൽ, അസ്വസ്ഥനായിരുന്നെങ്കിലും, ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിപ്പിച്ചു വച്ചിരുന്നു. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അൽപ്പം മുൻപ് ഗൗരിയുമായി സംസാരിച്ചപ്പോൾ അവൾ പകർന്ന ചൂടുള്ള വാർത്ത തന്നെ. കഴിഞ്ഞ കുറേ കാലമായി തന്നെ വേട്ടയാടിയിരുന്ന ഒരു വലിയ പ്രശ്‌നത്തിന്റെ പരിഹാരം സ്വയം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. രമേഷ് വേണുഗോപാൽ എന്ന തന്റെ തന്ത ഉണ്ടാക്കിഎടുത്തു എന്നവകാശപ്പെടുന്ന ബിസിനെസ്സ് സാമ്രാജ്യം ഇനി തനിക്ക് മാത്രം സ്വന്തം. ഓർത്തപ്പോൾ അയാളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞുവന്ന ചിരി ആകെ പടരുന്നപോലെ തോന്നി. 

ഗൗതം അൽപ്പം മുൻപ്‌വരെ, ആ നവമാധ്യമ ഗ്രുപ്പിന്റെ പേരിനുള്ള എംഡി മാത്രമായിരുന്നു എങ്കിൽ, ഇപ്പോൾ എല്ലാം തന്നിലേക്ക് നിഷിപ്തമായിരിക്കുന്നു, എന്ന തന്റെ അതിവിദൂരമായ സ്വപ്‍നം യാഥാർഥ്യമായ മനോഹരമായ വിവരം തന്നിലേക്ക് എത്തിക്കുമ്പോൾ ഗൗരിയുടെ ശബ്‍ദത്തിൽ മാത്രമായിരുന്നില്ല, അവൾ ആകെ പൂത്തുലഞ്ഞിരുന്നു, ഒരു പക്ഷേ നേരിൽ കിട്ടിയിരുന്നെങ്കിൽ തന്നിലേക്ക് അവൾ പടർന്നു കയറിപ്പോയേനെ എന്നാണ് ഗൗതം ചിന്തിച്ചത്. അത്രയ്ക്ക് ആവേശമുണ്ടായിരുന്നു അവളുടെ ശബ്ദത്തിന് എന്ന് തോന്നിപ്പോയി. ഒരു പക്ഷേ അപ്രതീക്ഷിതമായി അത് തന്നിലേക്ക് എത്തിയപ്പോൾ തനിക്ക് തോന്നുന്നതും ആവാം, അവൻ സ്വയം ആശ്വസിച്ചു.

ആർ വി ഗ്രുപ്പിന്റെ തലപ്പത്തേയ്ക്ക് ഗൗതം കയറിയിരുന്നിട്ട് വർഷങ്ങളായി, പ്രൊഫെഷണൽ വിദ്യാഭ്യാസവും, ശേഷം യൂറോപ്പിൽ വിഷ്വൽ കമ്മ്യൂണിക്കേഷണനിലും ഫൈനാൻസിലും മൾട്ടിലെവൽ ബിസിനെസ്സ് മാനേജ്മെന്റും പഠിച്ചിറങ്ങി ഉടനെ തനിക്കായി ആ റബർസ്‌റ്റാമ്പ് കസേര രമേഷ് വേണുഗോപാൽ എന്ന തന്റെ ഗ്ലോറിഫൈഡ്, മൾട്ടിമീഡിയ മാഗ്നെറ്റ് ആയ തന്ത ആർ വി ഗ്രുപ്പിന്റെ ബാംഗ്ളൂർ നഗര മധ്യത്തിലെ നിരവധി നിലകളിൾ  മുകളിലത്തെ നിലയിലെ പ്രധാന ഓഫീസിൽ  ഒരുക്കി വച്ചിരുന്നു.

അന്ന് മുതൽ രാപകൽ ഇല്ലാതെ ഓടുക്കുകയാണ്, ബിസിനെസ്സ് വളർത്താൻ, ഒരുപക്ഷേ ആഗ്രഹിച്ചിട്ട് അല്ലെങ്കിലും ജീവിതം പങ്കുവയ്ക്കാൻ തീരുമാനിച്ച പെണ്ണിനോടൊപ്പം മര്യാദയ്ക്ക് ഇരിയ്ക്കാൻ സമയമില്ലാതെ കത്തിച്ചുവിട്ട എലിവാണം പോലെ. എപ്പോൾ പൊട്ടിത്തെറിക്കും എന്ന് നിശ്ചയമില്ലാത്ത.

തന്റെ ജീവിതം എന്നും അങ്ങനെ ആയിരുന്നല്ലോ, അയാൾ അലസമായ നടത്തിനിടയിലും ഒരു ദീർഘനിശ്വാസം ഉതിർത്തു. ചുറ്റും നടക്കുന്നതോ വന്നുപോകുന്നതോ ആയ ഒന്നിലും ശ്രദ്ധിക്കാതെ, ബോംബെ നഗരത്തിലെ തിരക്കേറിയ മുന്തിയ ഹോട്ടൽ ലോണിൽ ദിവാസ്വപ്നങ്ങളിൽ മുഴുകി, ഒരു യന്ത്രപ്പാവയെപ്പോലെ ചെവിയിൽ തിരുകിയ ഇയർബഡ്‌സ് പൊഴിക്കുന്ന ശബ്‌ദ കോലാഹലങ്ങളിൽ പോലും മുഴുകാതെ.

ബാല്യം പോലും അവന് നൽകിയത് വിരസതയായിരുന്നു. ബോർഡിങ്ങിലും വീട്ടിലുമായി മാറിമാറി തുടർന്നിരുന്ന, അതിന്റെ ഒഴുക്ക് വേനലിൽ വറ്റിയും, മഴക്കാലത്ത് നിറഞ്ഞും ഒഴുകുന്ന പുഴപോലെ അനിശ്ചിതത്വം നിറഞ്ഞത് തന്നെ ആയിരുന്നു. കാറ്റും കോളും, മലവെള്ള പാച്ചിലും, വറ്റിവരണ്ട വരൾച്ചയും, നൂല് പോലെയുള്ള നീർച്ചാലുകളും ഒക്കെ നിറഞ്ഞ കുറെ വർഷങ്ങൾ. പിന്നെ തുടർച്ചയായ പറിച്ചു നടലുകൾ, നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്. ഇതിനിടയിൽ എവിടെയൊക്കെയോ തനിക്ക് നഷ്ടപ്പെട്ട ആത്മാവ്.. ബാല്യം കൗമാരം, യൗവനം. അക്കാലത്ത് അയാളെ, ഹോ അല്ല തന്റെ പിതാവിനെ നേരിട്ട് കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ താൻ കൊന്നുകളഞ്ഞേനെ. ചിന്തയിൽ കത്തിപ്പടരുന്ന ഓർമ്മയിലെ തീയിനെ പെട്ടെന്ന് കുത്തിക്കെടുത്തി അയാൾ നടത്തത്തിന്റെ വേഗത കുറച്ചു.

ഗൗരി അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട അൽപ്പം ഇടറി എന്നത് താൻ ശ്രദ്ധിച്ചിരുന്നു. തന്റെ ഇതുവരെയുള്ള ജീവിതതിന്റെ ഓരോ ഘട്ടവും, ഒരു ദിശാസൂചികയുടെ കൃത്യതയോടെ അദ്ദേഹം എന്നും നിയന്ത്രിച്ചിരുന്നു. ലോകത്തിലെ മികച്ചത് തനിക്ക് കിട്ടണം എന്ന നിർബന്ധബുദ്ധി അതിൽ ഒളിച്ചിരുന്നു എന്നത് സത്യമാണെങ്കിലും അതിൽ തന്റെ ഇഷ്ട്ടാനിഷ്ടങ്ങളെ ഒരിക്കലും ചോദിയ്ക്കുകയോ വകവെച്ച് തരികയോ ചെയ്തിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ഗൗരിയെ തിരഞ്ഞെടുക്കുന്നതിൽ പോലും.

കടിഞ്ഞാണിൽ കുരുക്കിയ കുതിരയെപ്പോലെ എല്ലാം അനുസരിച്ച് കുതിയ്ക്കാൻ മാത്രമായിരുന്നു തന്റെ വിധി. എന്നാൽ ഗൗരി ഒരു അനുഗ്രഹമായി ആണ് തന്റെ ജീവിതത്തിലേയ്ക്ക് വന്നത് എന്ന് ചിന്തിയ്ക്കുമ്പോൾ അയാളിൽ ആശ്വാസത്തിന്റെ ശ്വാസം ഉയരാതെ ഇരുന്നില്ല.  ഗ്രാമജീവിത സാഹചര്യത്തിൽ നിന്ന് പറിച്ചുനട്ട ആ അനാക്രകുസുമം, താൻ ഭയപ്പെട്ടപോലെ ഒന്നും സംഭവിക്കാതെ എത്ര വേഗമാണ് തന്നോട് ഇഴുകി ചേർന്നത്.  ഒരു പക്ഷേ രമേഷ് വേണുഗോപാലിന്റെ ദീര്ഘദൃഷ്ടി ബിസിനെസ്സിൽ എന്നപോലെ തന്റെ ജീവിതത്തിലും അത്ഭുതങ്ങൾ സൃഷ്ട്ടിച്ചു എന്നതായിരുന്നു ശരി. അത് സമ്മതിക്കുക എന്നത് എല്ലായ്പ്പോഴത്തെയും പോലെ ഇപ്പോഴും തന്നെ പിന്നോട്ട് വലിയ്ക്കുക തന്നെയാണ്.

അച്ഛൻ എല്ലാം ചേട്ടന്റെ പേരിൽ എഴുതിവച്ചിട്ട്, വീട് വിട്ടിറങ്ങി, അത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ തങ്ങിയ അത്ഭുതവും, ഒപ്പം ഇടർച്ചയും, താൻ പങ്കുവച്ച സന്തോഷത്തിൽ അലിഞ്ഞു പോയപ്പോൾ, ഗൗരിയും ആവേശഭരിതയായി. ഗൗരിയുടെ സംഭാഷണത്തിന് മറുപടിയായി അത്രയ്ക്ക് അവൾ ആഗ്രഹിച്ച മറുപടിയാണ് താൻ നൽകിയത്. വിവാഹം കഴിഞ്ഞു മൂന്ന്‌ വർഷങ്ങൾ കഴിഞ്ഞിട്ടും, നമ്മുക്ക് കുട്ടികൾ ജനിയ്ക്കാൻ സമയമായിട്ടില്ല എന്ന നിലപാടായിരുന്നു തനിയ്ക്ക്, അത് മനസില്ലാമനസ്സോടെ അവളും അംഗീകരിക്കുകയായിരുന്നു. അവൾക്ക് മറുപടിയായി അപ്പോൾ ഇനി നമ്മുടെ വീട്ടിൽ പിൻഗാമികൾ ആവാം എന്ന് പറഞ്ഞപ്പോൾ അവളുടെ എല്ലാം വിഷമങ്ങളും ആഹ്ളാദത്തിന് വായിമാറിയിരുന്നു.

 

ഇന്നലെവരെ താൻ നടത്തിയ കഠിനപ്രയത്നങ്ങൾ കാരണം ആർ വി ഗ്രുപ്പിന് ഉണ്ടായ വളർച്ച എല്ലാം രമേഷ്‌വേണുഗോപാലിന്റെ പേരിലേക്ക്  വഴിമാറ്റപ്പെടുന്നതിൽ അത്രയ്ക്ക് ഉണ്ടായിരുന്നു തനിയ്ക്ക് ഈഗോ എന്നത് ഗൗരിയ്ക്ക് മാത്രം മനസിലായിട്ടുള്ള സത്യം ആയിരുന്നു. അതും തന്റെ ജീവിതത്തിലെ എല്ലാം സന്തോഷങ്ങളും മായ്ച്ചുകളഞ്ഞ എന്നും വെറുക്കപ്പെടുന്ന വ്യക്തിയിലേക്ക് എന്നത് സഹനത്തിന്റെ എല്ലാം പരിധികൾക്കും അപ്പുറം തന്നെ. ബിസിനസിന്റെ പിരിമുറുക്കങ്ങൾക്കും അപ്പുറം ഗൗതം എന്ന എമേർജിങ് യെങ് ചാപ്പിന്റെ ധർമ്മ സങ്കടം, ചുറ്റും നിന്ന് രമേഷ് എന്ന വിജയിച്ച ബിസിനസ് ജയന്റിന്റെ കുടയെ പ്രകീർത്തിക്കുന്ന പേരും നുണയന്മാർക്ക് എങ്ങനെ മനസിലാവാൻ.. അവൻ തന്റെ പല്ലുകൾ ഞെരിച്ചമർത്തി. 

ബോംബയിൽ നിന്നുള്ള തന്റെ തിരിച്ചുവരവിനെ പോലും കാത്തുനില്ക്കാതെ പിതാവിന്റെ പടിയിറക്കം തനിയ്ക്കും അത്ഭുതം തന്നെയായിരുന്നു. നഗരപ്രാന്തത്തിനും ഒക്കെ അപ്പുറം ആ അജ്ഞാത ഗ്രാമാന്തരീക്ഷത്തിലേ വൃദ്ധസദനത്തിലേയ്ക്ക്,  ആഡംബരങ്ങൾ ഒഴിവാക്കി, അദ്ദേഹം നൊസ്റ്റാൾജിക്കായി സൂക്ഷിച്ചിരുന്ന അംബാസിഡറിൽ കയറി, കൊണ്ടാക്കാൻ കൂടെവരുന്നു എന്ന് അപേക്ഷിച്ച മരുമകളെപ്പോലും ഒഴിവാക്കി മറഞ്ഞപ്പോൾ ഉള്ളിൽ എന്തായിരിയ്ക്കും ചിന്തിച്ചിരിക്കുക, അതോർത്തപ്പോൾ ഗൗതത്തിന്റെ തൊണ്ടയിൽ അൽപ്പനേരത്തേക്ക് നീര് വറ്റി. മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന ആ പഴയ കാറിൽ അദ്ദേഹത്തിന്റെ ബാക്കിയായ ആഡംബര തിരിയശേഷിപ്പുകളും ഉണ്ടായിരുന്നുപോലും. ഗ്യാരേജിൽ കാർ നിർത്തി വൃദ്ധനും സന്തത സഹചാരിയുമായ ഡ്രൈവർ സേവനം മതിയാക്കി മടങ്ങുമ്പോൾ അയാളുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

എല്ലാം തിരക്കിനിടയിലെയും പതിവ് നടത്തം അവസാനിപ്പിച്ച് ഗൗതം ഹോട്ടൽ ലോബിയിലേയ്ക്ക് കയറി. മുന്നിൽ കണ്ട ഗ്ലാസ് ഡോറിൽ തന്റെ പ്രതിബിംബം കണ്ടപോലെ തോന്നിയപ്പോൾ അവൻ ഒരുവേള അതിലേയ്ക്ക് ദൃഷ്ടി ഉറപ്പിച്ചു. പെട്ടെന്നാണ് ആ കാഴ്ച അവനെ അത്ഭുതപ്പെടുത്തിയത്. കണ്ടത് അവന്റെ പ്രതിബിംബം ആയിരുന്നില്ല, തന്നെ പറിച്ചുവച്ചത് പോലെ വേറെയൊരു യുവാവ്. അവനെക്കാൾ ചെറുപ്പവും, നിറവും ഉണ്ട് എന്നുമാത്രം, ബാക്കിയെല്ലാം ഒരുപോലെ, ധരിച്ചിരിയ്ക്കുന്ന വസ്ത്രം പോലും. അമ്പരപ്പ് വിട്ടുമാറാതെ, ചില്ല് വാതിൽ തള്ളിത്തുറന്നു മുന്നോട്ട് നീങ്ങി. എതിരെ വന്നയാളിന്റെ മുഖത്തെ വികാരം ഇടറിയ നിയോൺ വെട്ടത്തിൽ തിരിച്ചറിയാതെ നനവാർന്ന പുഞ്ചിരി സമ്മാനിച്ച് ഗൗതം തന്റെ മുറി ലക്ഷ്യമാക്കി നടന്നു.

തിരക്കാർന്ന ബോംബയിലെ ബിസിനസ് ദിവസങ്ങൾ പൂർത്തിയാക്കി അടുത്ത പ്രഭാതത്തിലെ ഡൊമസ്റ്റിക് ഫ്ലൈറ്റിൽ തിരികെ മടങ്ങാൻ വെമ്പലുമായി ആയിരുന്നു ഗൗതം ആ സായാഹ്നത്തിൽ തന്റെ ഹോട്ടലിലേക്ക് മടങ്ങിയത്. എല്ലാ ക്ഷീണവും കുടഞ്ഞുകളയാൻ റെസ്റ്റോറെന്റിലേയ്ക്ക് കയറി. അകലെ ജൂഹുബീച്ചന് അഭിമുഖമായുള്ള ഗ്ലാസ് ജാലകത്തിനരുകിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ച് തണുത്ത ബിയറിനായി കാത്തിരുന്നപ്പോൾ ചുമലിൽ ഒരു കൈ അമർന്നു. പെട്ടെന്ന് ഉണ്ടായ ഞെട്ടലിന്റെ സ്വാഭാവികതയിൽ പിന്നിലേക്ക് തിരിഞ്ഞപ്പോൾ ഒട്ടും ഊപചാരികമല്ലാത്ത ചിരിയുമായി അതെ ചെറുപ്പക്കാരൻ, ദിവസങ്ങൾക്ക് മുൻപേ തന്നെ വിസ്മയിപ്പിച്ച അവനെ താൻ മറന്നുകളഞ്ഞിരുന്നു. തിരക്കുകളിൽ ഓർമ്മിച്ചില്ല എന്ന് പറയുകയാവും ഭംഗി. ഇപ്പോൾ തന്നെ തേടി എത്തിയിരിക്കുകയാണ്.

തന്റെ സാമിപ്യം അറിയിക്കാനെന്നപോലെ ചുമലിൽ അമർത്തി, ഗൗതത്തിന്റെ മേശയ്ക്ക് എതിർവശത്തുള്ള കസേരയിലേക്ക് അമരും മുൻപ് അവൻ സ്വയം പരിചയപ്പെടുത്താൻ കൈ നീട്ടി.

 

യുവാൻ, വളർന്ന് വരുന്ന പാശ്ചാത്യ വയലിനിസ്റ്റ്, മുംബൈയിൽ ലോകപര്യടനത്തിന് തിരിച്ച പാശ്ചാത്യ സംഗീത സംഘത്തിനൊപ്പം പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ്, ഒറ്റ ശ്വാസത്തിൽ അമേരിക്കൻ സ്ലാങ്ങിലുള്ള ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തിയപ്പോൾ, ഗൗതം കേട്ടിരുന്നു. 

അവനും തിരികെ ഔപചാരികത കൈമാറിക്കഴിഞ്ഞപ്പോൾ, യുവാൻ, ഗൗതത്തിന്റെ അനുവാദം ചോദിച്ചുകൊണ്ട് അവനെതിരെ അമർന്നു.

നോക്കൂ, സുഹൃത്തേ, എനിക്ക് താങ്കളുടെ ഒരു അനുവാദംകൂടി ആവശ്യമുണ്ട്, എന്റെ ഫോണിൽ നിന്ന് നിങ്ങൾ  എന്റെ അമ്മയെ സ്വയം പരിചയപ്പെടുത്താതെ വീഡിയോയിൽ  വിളിയ്ക്കണം. വെറുതെ ഒരു തമാശയ്ക്ക്, പിന്നെ ഒരു സർപ്രൈസും. അതിൽ വിരോധമില്ല എന്ന് കരുതട്ടെ. 

യുവാന്റെ ആവശ്യത്തിൽ അടങ്ങിയിരിക്കുന്ന നിർദോഷമായ നേരംപോക്ക് തിരിച്ചറിഞ്ഞ്  ഗൗതം പുഞ്ചിരിച്ചു. അമ്മയെന്ന പദം നൽകിയ ഗൃഹാത്വരതം അനുഭവിച്ചെന്നപോലെ അതിനായി തലയാട്ടുകയും ചെയ്തു.

അമേരിക്കയിൽ ഇരുന്ന് അവനോട് സംസാരിച്ച ആ 'അമ്മ അവരുടെ മകൻ എന്ന് വിചാരിച്ച് തന്നെയാണ് സംസാരിച്ചത്. എന്നാൽ ഗൗതമിന്റെ ഭാഷാപ്രയോഗം തിരിച്ചറിഞ്ഞ് ആ നിഷ്കളങ്കയായ സ്ത്രീയുടെ ഉയർത്തിയ ചോദ്യത്തിൽ, ഗൗതം തന്റെ കുസൃതി അവസാനിപ്പിച്ച് യുവാന്റെ കൈയിലേക്ക് ഫോൺ കൈമാറി.  അധികം താമസിയാതെ അവർ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയവർ ആണന്നറിഞ്ഞപ്പോൾ ഗൗതമിന് അത്ഭുതമായി. 

ബംഗ്ലൂരിൽ  തിരികെയെത്തി തന്റെ ബിസിനസ് തിരക്കിലേയ്ക്ക് ഊളിയിട്ട് മാസങ്ങൾക്ക് ശേഷമാണ്, അപരിചിതമായ വിദേശനമ്പറിൽ നിന്ന് ആ സ്ത്രീ ശബ്ദത്തിലുള്ള വിളി അവനെത്തേടിയെത്തിയത്.

ഗൗതമല്ലേ എന്ന മലയാളത്തിലുള്ള ചോദ്യവും, പതിഞ്ഞതും മലബാർ സ്ലാങ്ങിലുള്ള ചകിതവുമായ സംസാരം, തുടർന്നെങ്കിലും എവിടെയോ കേട്ടുമറന്നു എന്ന് തോന്നിയ ആ ശബ്ദത്തിന് ഉടമയെ തിരിച്ചറിയാൻ അവരുടെ സ്വയം പരിചയപ്പെടുത്തലിനെ ആശ്രയിക്കേണ്ടി വന്നു.

മൃദുല.. മൃദലാ മേനോൻ ... എന്ന് പറയുമ്പോഴും ഗൗരിയുടെ അകന്ന അമ്മാവിമാരിൽ ആരെങ്കിലും എന്നെ അവൻ കരുതിയുള്ളൂ.. അവസാനം മോനെ നീ എന്നെ മറന്നു.. ഞാൻ യുവാന്റെ അമ്മ ... എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് ചമ്മി... പിന്നെ നീണ്ടുനിന്ന ക്ഷമാപണത്തോടെ അവൻ പറഞ്ഞു... പറയൂ... അമ്മാ... നിങ്ങളുടെ വിളി ഞാൻ പ്രതീക്ഷിച്ചില്ല... ഇത്രയും ഒഴുക്കിലുള്ള മലയാളവും.. അതിന്റെ മറുപടി ദീർഘനിശ്വാസത്തിലുള്ള ഒരു നനഞ്ഞ ചിരിയും, ഒപ്പം ബാല്യത്തിലും കൗമാരത്തിലും ഉള്ളത് മറക്കുവാൻ പാടുവോ? എന്ന ചോദ്യവും, ഗൗതത്തിനെ എത്തിച്ചത് ഓർക്കാൻ ഒന്നുമില്ലാത്ത അവന്റെ ബാല്യകൗമാരങ്ങളിലേയ്ക്ക് ആയിരുന്നു.

അവരുടെ ആ സംസാരം അന്ന് മണിക്കൂറിലേയ്ക്ക് നീണ്ടു... പിന്നെ ആഴ്ചകളിൽ ആവർത്തിക്കുന്ന പതിവായി മാറിയപ്പോൾ, ഗൗതത്തിന്റെ ജീവിതത്തിലും ഒഴിവാക്കാൻ ആവാത്തത് ആയി മാറുകയായിരുന്നു. ആ അമ്മയുടെ സംസാരം തന്നിലേക്ക് നിറയ്ക്കുന്നത് എന്തോ അവാച്യമായ സുഖമായി അവന് അനുഭവപെട്ടു. ഇതുവരെ കണ്ടുമുട്ടിയ ഒരു സ്ത്രീകളും പകർന്നു തരാത്ത ഒരു ആകർഷണം. അവർ എന്നും സംസാരത്തിൽ നേരെ ചെന്ന് നിൽക്കുക അവരുടെ ബാല്യത്തിലേയ്ക്കും, പിന്നെ കൗമാരത്തിലേയ്ക്കും, അവർ പിന്നിൽ ഉപേക്ഷിച്ചുപോയ മലബാറിലെ അവരുടെ തറവാട്ടിലേയ്ക്കും മാത്രമായിരുന്നു. ഒരിക്കലും പറഞ്ഞു തീരില്ല എന്ന് തോന്നിപ്പോകുന്ന അനുഭവങ്ങളുടെ മരുപ്പച്ചയിലും, അതിന്റെ നൊസ്റാൾജിയയിലും ഇന്നും അവർ ജീവിയ്ക്കുകയാണ് എന്ന് തോന്നിപ്പോയി.

അങ്ങനെ തുടർന്ന ഒരു സംസാരത്തിന്റെ ഇടനാഴിയിൽ, താൻ ബോറടിച്ചുപോയി എന്ന തോന്നലിൽ ആയിരിക്കണം, അവർ അവന്റെ ബാക്ക്ഗ്രൗണ്ടിന്റെ വിശേഷങ്ങൾ ചോദിച്ചത്. പറയാൻ അധികമൊന്നും ബാക്കിയില്ലാത്ത തന്റെ പ്രൊഫൈൽ.. ഒന്ന് ചിരിച്ചിട്ട് അവൻ പങ്കുവച്ചു.

ഭാര്യ ഗൗരി, അത്യാവശ്യം നന്നായി പോകുന്ന ബിസിനസ്, അതിലെ കയറ്റിറക്കങ്ങൾ.. ബാംഗ്ളൂരിന്റെ മനോഹാരിത.. അവസാനം ഇങ്ങോട്ട് വന്നൂടെ എന്ന ചോദ്യത്തിന് മറുപടിയായി ആണ്.. അവർ കുട്ടികളെ പറ്റി തിരക്കിയത്..

തങ്ങൾ അതിന്റെ പ്ലാനിൽ ആണ് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ, അവർ ഓർമ്മിപ്പിച്ചു.. കല്യാണം കഴിഞ്ഞിട്ട് വർഷം ഇത്രയും ആയില്ലേ? ഇനി താമസായിപ്പിച്ചു കൂടാ എന്ന് അൽപ്പം സ്നേഹം നിറഞ്ഞ ശാസനയോടെ ഓർമ്മിപ്പിച്ചു. ഒപ്പം ഇതൊന്നും അമ്മ പറഞ്ഞുതരാറില്ലേ എന്ന ചോദ്യവും.

അമ്മയില്ല എന്ന മറുപടി അവരെ അൽപ്പനേരത്തേയ്ക്ക് നിശ്ശബ്ദയാക്കി.. മരിച്ചിട്ട് എത്രകാലമായി എന്ന അടുത്ത ചോദ്യത്തിന് മറുപടിയായി കണ്ട ഓർമ്മപോലും ബാക്കിയില്ല എന്ന മറുപടി.. ഇനിയും പിന്നെ സംസാരിയ്ക്കാം എന്ന ഒഴുക്കൻ വാക്കുകളിലേയ്ക്കും മുറിഞ്ഞു പോയ ഫോൺ കാളിലേയ്ക്കും.      

മൃദുലാ മേനോന്റെ വിളി പിന്നെ കുറേ നാളുകളിലേക്ക് ഉണ്ടായില്ല, തിരക്കിൽ മുഴുകി മുന്നോട്ട് പോയ ഗൗതമിന് തിരികെ വിളിയ്ക്കാൻ സമയമോ ഓർമ്മയോ ഉണ്ടായില്ല..  യുവാന്റെ വാട്‍സ് ആപ് മെസ്സേജ് കാണുന്നവരെ.

ഗൗതം, ക്യാൻയു കാൾ മൈ മമ്മാ.. ഇഫ് യൂ ഡോണ്ട് മൈൻഡ്... ത്രൂ .... വീഡിയോ? ഷീ വെരി മച്ച് .. റീക്യുഡ് ഇറ്റ് നൗ..

ഗൗതം ആകെ അങ്കലാപ്പിലായി... അപ്പോൾ തന്നെ ഓഫീസ് തിരക്കുകൾ മാറ്റിവച്ച് അവൻ വിളിച്ചു.

മൃദുലാ മേനോൻ അപ്പോൾ ഒരു ആശുപത്രി മുറിയിൽ ആയിരുന്നു... ദീർഘകാലമായി അവിടെ കഴിയും പോലെ...

മോനെ എന്ന് സംബോധന ചെയ്‌ത അവരുടെ സംസാരം.. തികച്ചും ഒരു അമ്മയുടെ തന്നെ ആയിരുന്നു.. അവർക്കിടയിൽ ബന്ധങ്ങളുടെ ഒരു അപരിചിതത്വവും അവശേഷിച്ചില്ല എന്നമട്ടിൽ...

ആ സംസാരം അധികം നീളുന്നതിന് മുൻപ് അവരുടെ ഭർത്താവ് എന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ ആ ഫോൺ വാങ്ങിയിരുന്നു... ഔപചാരികത ഒന്നും ബാക്കിവയ്ക്കാതെ അയാൾ ചോദിച്ചു... നിന്റെ മുഴുവൻ പേര് ഗൗതം രമേഷ് എന്നല്ലേ? രമേശ് വേണുഗോപാൽ എന്ന കണ്ണൂർക്കാരൻ ടെക്‌നോക്രാറ്റ് ആണോ നിന്റെ പിതാവ്..

അതെ എന്ന ഗൗതത്തിന്റെ തലയാട്ടലിൽ ഒന്ന് പകച്ചപോലെ തോന്നിച്ച അയാൾ പെട്ടെന്നാണ് ആ ഫോൺ കട്ടുചെയ്തത്.

അന്ന് വളരെ വൈകി അവനെത്തേടി എത്തിയ യുവാന്റെ ഫോൺവിളിയിൽ ഗൗതത്തിനെ അമ്പരപ്പിച്ച കുറെ വിശേഷങ്ങൾ ഉണ്ടായിരിന്നു.. അന്നുവരെ അവൻ കരുതിയതെല്ലാം മിഥ്യാണ് എന്ന് വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചില വിവരങ്ങൾ... രണ്ട് ദിവസം അവൻ അതെല്ലാം ഗൗരിയിൽ നിന്ന് പോലും മറച്ചുവച്ചു... ആകെ ചിന്താഗ്രസ്തനായി ഉലാത്തുന്ന അവനിലേക്ക് നിരന്തരം അവളുടെ ചോദ്യങ്ങൾ എത്തിയെങ്കിലും അവൻ പിടിച്ചു നിന്നു.

രണ്ട് ദിവസത്തെ നിരന്തരമായ തിരച്ചിലിനൊടുവിൽ ആണ്, അവന് മോഹനേട്ടനെ കണ്ടെത്താൻ കഴിഞ്ഞത്, പിതാവിന്റെ ഒപ്പമുള്ള സേവനം മതിയാക്കുമ്പോൾ, അയാൾ തിരിഞ്ഞുനടന്നത് അതെ നഗരത്തിലെ ഏതോ മിഡിൽക്ളാസ്സ് ഫ്ലാറ്റിലേക്ക് ആണ് എന്നറിയാമായിരുനെങ്കിലും ഒരിക്കലും തിരഞ്ഞു പോയില്ല, എന്നാൽ ആ സ്ഫോടനാത്മകമായ വിവരങ്ങൾ ഗൗതത്തിന് മോഹനേട്ടന്റെ അരുകിലേയ്ക്ക് പോകേണ്ട അവസ്ഥയിലേയ്ക്ക് നയിച്ചിരിക്കുന്നു.

രമേഷ് വേണുഗോപാൽ എന്ന അതികായന്റെ മുന്നിലേയ്ക്ക് എത്താൻ വേറെ വഴി ബാക്കിയായിരുന്നില്ല.

ആ മഹാനഗരത്തിലെ പ്രധാനപാതകൾ പിന്നിട്ട് അവസാനം ചെമ്മണ്ണ് പാതയിലേയ്ക്കും അവിടെനിന്ന് ഗ്രാമത്തിന്റെ ഉൾവഴികളിലേയ്ക്കും നീണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഗൗതം ജിജ്ഞാസയുടെ തേരിൽ ആകാശഗമനത്തിലേയ്ക്ക് കടന്നിരുന്നു. ആ വലിയ ഗ്രാമത്തിന്റെ നടുവിൽ വിശാലമായ തൊടിയും, പൂന്തോട്ടവും, കൃഷിസ്ഥലവും ഒക്കെ വൃത്തിയായി സൂക്ഷിച്ച നിറയെ അന്തേവാസികൾ ഒക്കെയുള്ള ആ ആശ്രമാന്തരീക്ഷത്തിൽ മോഹനേട്ടന്റെ കൂടെ ചെന്നിറങ്ങുമ്പോൾ രമേഷ് വേണുഗോപാൽ എന്ന പഴയ ബിസിനസ് ടൈക്കൂൺ, പ്രസന്നവദനനായി സ്വീകരിക്കാൻ എന്നപോലെ എത്തി.

ഗൗതത്തെ നെഞ്ചിലേക്ക് ചേർത്ത് അമർത്തിയപ്പോൾ ജീവിതത്തിൽ ആദ്യമായി അവൻ അവിടേയ്ക്ക് ഒട്ടി, മതിയാവാതെ ആ നിൽപ്പ് തുടർന്നപ്പോൾ, വൃദ്ധൻ തന്റെ ശുഷ്കിച്ച കൈകൾകൊണ്ട് അവനെ നിവർത്ത് നിർത്തി... ചോദിച്ചു.. എന്ത് പറ്റിയെടാ.. നിന്റെ കരുത്തുള്ള ശരീരത്തിനും ഹൃദയത്തിനും.

ആശ്രമത്തിലെ അടച്ചിട്ട മുറിയിൽ ഗൗതം യുവാൻ അവനിലേക്ക് എത്തിച്ച വിവരങ്ങൾ ഒരു ചോദ്യരൂപത്തിൽ          തന്റെ പിതാവിലേയ്ക്ക് എത്തിച്ചപ്പോൾ... ഒരു പുഞ്ചിരിയോട് അയാൾ അവനെ നോക്കി.. പിന്നെ പതിഞ്ഞതും ദൃഢമായതുമായ ശബ്ദത്തിൽ പറഞ്ഞു.. ശരിയാണ്.. നീ എന്റെ മകൻ അല്ല... രക്തത്തിൽ... എന്നാൽ എന്റെ ആത്മാവിൽ, ജീവിതത്തിൽ എനിക്ക് നീ മാത്രമേ ഉള്ളു.

നിന്റെ ബയോളജിക്കൽ പിതാവ് മനോജ് കൃഷ്ണമേനോൻ ആണ്, അമ്മ മൃദുലയും. എന്നാൽ നിന്നെ ഉദരത്തിൽ നൽകി അമേരിക്കയിലേയ്ക്ക് പോയ നിന്റെ പിതാവിന് അറിയില്ലായിരുന്നു അയാൾ ഒരു അച്ഛനായ വിവരം.. അന്ന് ബാംഗ്ലൂരിൽ എനിക്കൊപ്പം ജോലിചെയ്തിരുന്ന നിന്റെ അമ്മയോട് ഞാനാണ് പറഞ്ഞത് നിന്നെ എന്നെ ഏൽപ്പിക്കാൻ.. അമേരിക്കയിൽ നിന്ന് പത്രാസ്സിൽ വന്ന നിന്റെ അച്ഛൻ ഒരു കുട്ടിയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അന്ന് ഉണ്ടാകുന്ന കോലാഹലം പ്രവചനാതീതം ആയിരുന്നു.

വിവാഹം കഴിഞ്ഞു കാര്യങ്ങൾ നിന്റെ പിതാവിനെ ബോധ്യപ്പെടുത്തി, അമേരിക്കയിലേയ്ക്ക് തിരികെ പോകുന്നതിന് മുൻപ് നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ബാംഗ്ലൂരിലേക്ക് വരും എന്ന് ഉറപ്പിച്ചു പറഞ്ഞുപോയ നിന്റെ 'അമ്മ ഒരിക്കലും അവിടേയ്ക്ക് വന്നില്ല.. കുട്ടിയേയും കൊണ്ട് പോകാൻ കഴിയാത്തത് കാരണം വിവാഹത്തിന് പോകാനും കഴിഞ്ഞില്ല.. കുറച്ചുകാലം ഒപ്പം കിട്ടിയപ്പോൾ എനിക്ക് നിന്നെ പിരിയാനും കഴിഞ്ഞില്ല എന്നും കൂട്ടിക്കോളൂ.. ഒരു പക്ഷേ ഇപ്പോഴാവും നിന്റെ അമ്മയ്ക്ക് അത് കഴിഞ്ഞിരിക്കുക..

ഏതായാലും ഞാൻ ഹാപ്പിയാണ്.. അന്നും ഇന്നും.. എനിക്ക് നല്ല ഒരു മകനെയും പിൻഗാമിയെയും ദൈവം തന്നല്ലോ.. അയാൾ അതും പറഞ്ഞു മുറിയിൽ നിന്ന് അകത്തേയ്ക്ക് മറഞ്ഞപ്പോൾ ഗൗതം വിഷണ്ണനായി അവിടെ നിന്നു...

ഈ മനുഷ്യനെ താൻ എത്ര ശപിച്ചിരിക്കുന്നു ... അമ്മയുടെ കൊലയാളിയായി പ്രാകിയിരിക്കുന്നു.. ആരുമില്ലാത്തവന് അഭയമായി, ലോകനെറുകയിലേക്ക് നടത്തിച്ച ഈ മനുഷ്യൻ... അവന്റെ കണ്ണുകൾ സജലങ്ങളായി... ഭൂമിയെ നനയിയ്ക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മോഹനേട്ടൻ വിളിച്ചു...

കുഞ്ഞേ... നമുക്ക് പോകാം .. സന്ദർശകസമയം കഴിഞ്ഞിരിക്കുന്നു..