" അമ്മേ ഞാൻ ഇറങ്ങുവാട്ടോ....."
കയ്യിലൊരു കുടയുമെടുത്ത് രേഖിത ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
നരച്ച കാലൻ കുട നിവർത്തുമ്പോൾ അവൾക്ക് പതിവിലും സങ്കോചം തോന്നി.
കാലമെത്രയായി കരുതുന്നു ഇതൊന്ന് മാറ്റി വാങ്ങണമെന്ന്...
അച്ഛൻ ഉപയോഗിച്ചിരുന്ന പഴയ കുടയാണ്..
അതുകൊണ്ടാണ് കളയാൻ ഇത്ര മടി..
അത് മാത്രമല്ല, കയ്യിലാണെങ്കിൽ എടുക്കാൻ പൈസയുമില്ല, അതും വേണമല്ലോ പറയാൻ !
ചെറിയ ചാറ്റൽ ഉള്ളത് കൊണ്ട് നിവർത്താതെ ഇരിക്കാനും വയ്യ.
അല്ലെങ്കിൽ രേഖിത തീർച്ചയായും അന്ന് കുടയില്ലാതെ പോകുമായിരുന്നു.
ഇന്ന് സുപ്രധാനമായ ഒരു കാര്യത്തിനാണ് പോകുന്നത്.
അമ്മയ്ക്കാണ് തന്നെക്കാൾ പ്രധാനം എന്ന് മാത്രം !
" മോളെ......
ഇതെങ്കിലും നി ഉറപ്പിച്ചിട്ട് വരണം കേട്ടോ...
ഇനിയും ചെറുതുങ്ങളെ വിചാരിച്ച് ജീവിതം കളയല്ലേ...."
ഇറങ്ങാൻ തുടങ്ങും മുമ്പേ അമ്മ ഇറയത്ത് വന്ന് ഉപദേശം തുടങ്ങി.
രേഖിത വേഗത്തിൽ തലയാട്ടി കൊണ്ട് നടന്നു.
ഇനിയും നിന്നാൽ അമ്മ ഉപദേശിച്ച് കൊല്ലും.
" നിനക്കൊരു നല്ല സാരി എടുത്ത് ഉടുക്കാൻ വയ്യാരുന്നോ....
അതെങ്ങനെയാ...
സ്വയം വേണമെന്ന് വല്ല വിചാരം വേണം !"
അമ്മ ഉറക്കെ വിളിച്ചു പറയുന്നത് പടിക്കൽ എത്തിയിട്ടാണ് കേട്ടത്.
ഒരു പഴയ ആകാശ നീല നിറമുള്ള സാരിയാണ്.
നരച്ചിട്ടൊന്നും ഇല്ല.
അമ്മ പറയുന്നത് കേട്ടാൽ ഇതിനേക്കാൾ നല്ലത് ഉണ്ടായിട്ട് ഇടാതെ ഇരിക്കുകയാണെന്ന് തോന്നിപ്പോകും.
അവൾക്ക് ചിരി വന്നുപോയി.
ചാറ്റൽ ചെറിയ കാറ്റിൻ്റെ കൂട്ട് പിടിച്ച് ദേഹത്തടിച്ചപ്പോൾ അവൾക്ക് കുളിർന്നു.
കുടയൊന്ന് ഉലഞ്ഞ് പോയി.
തലേന്ന് പെയ്ത മഴയിൽ റോഡ് മുഴുവൻ നനഞ്ഞ് കിടക്കുകയാണ്.
അത്രയും ശ്രദ്ധിച്ച് നടന്നിട്ട് പോലും രേഖിതയുടെ സാരിക്ക് പിറകിൽ ചെളി തെറിക്കുന്നുണ്ടായിരുന്നു.
ഒരു ബിൽഡിംഗ് മെയിൻ്റനൻസ് കമ്പനിയുടെ അഡ്മിൻ കോഡിനേറ്റർ ആണ് രേഖിത.
പറയത്തക്ക ശമ്പളമൊന്നുമില്ല.
അവൾക്ക് അതിനു മാത്രം വിദ്യാഭ്യാസവുമില്ല.
ഡിഗ്രി ഫസ്റ്റ് ഇയറോടെ പഠനം നിൽക്കുമ്പോൾ ഒരിക്കലും കരുതിയില്ല, ഇത്തരമൊരു ഭാരിച്ച ഉത്തരവാദിത്വം കൂടി തലയിൽ വന്ന് വീഴുമെന്ന്...
അച്ഛൻ, രേഖിത വളരെ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചതാണ്.
അവളുടെ തൊട്ട് താഴെയുള്ള ഭാമയുടെ മൂന്നാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്.
അമ്മയ്ക്ക് തങ്ങളെ ഒറ്റയ്ക്ക് വളർത്താൻ പാങ്ങില്ലായിരുന്നു.
അത് കൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ അമ്മ വീട്ടുകാർ പറഞ്ഞ രണ്ടാം വിവാഹത്തിന് കണ്ണും പൂട്ടിയെന്നോണം സമ്മതം പറയുകയായിരുന്നു.
അതിൽ രേഖിതക്ക് ഒരു സഹോദരൻ കൂടിയുണ്ട്...
വിഷ്ണു.
ഭാമ നഴ്‌സിങ്ങും വിഷ്ണു ബി ടെകും ആണ് പഠിക്കുന്നത്.
ഭാമയുടെ ഫീസ് തന്നെ നല്ല കനത്ത തുകയാകുന്നുണ്ട്.
വിഷ്ണു പഠിക്കാൻ മിടുക്കൻ ആയത് കൊണ്ട് ഗവണ്മെൻ്റ് കോളജിൽ സ്കോളർഷിപ്പോട് കൂടിയാണ് പഠനം.
ഭാമയ്ക്കും ഗവൺമെൻ്റിൽ അഡ്മിഷൻ കിട്ടിയെങ്കിലും ഫീസ് വർഷത്തിൽ ചെറുതല്ലാത്ത ഒരു തുക വരും.
രണ്ടാനച്ഛൻ ഉള്ളതും ഇല്ലാത്തതും കണക്കാണ്.
കുറെ നാളൊക്കെ അമ്മയോട് സ്നേഹമായിരുന്നു.
പിന്നീടാണ് മുഴുക്കുടിയൻ ആണെന്ന് മനസ്സിലാകുന്നത്.
രേഖിത വളർന്ന് ഒരു വിധമായതോടെ അങ്ങനെയൊരു മനുഷ്യൻ്റെ ആവശ്യം വീട്ടിൽ ഇല്ലാതായി.
കള്ള് കുടിച്ച് കൂട്ടുകാരുമായി കേറി വരുന്ന ആളെ അമ്മ തന്നെ അടിച്ച് പുറത്താക്കുകയായിരുന്നു.
അങ്ങനെയല്ല, മക്കളെയും കൊണ്ട് അമ്മ പെരുവഴിയിലേക്ക് ഇറങ്ങുകയായിരുന്നു.
വീടിൻ്റെ വാടക കൂടി അതോടെ അവളുടെ ചുമലിലായി.
എങ്കിലും സ്വസ്ഥം സമാധാനം.
ഇപ്പൊൾ പോകുന്നത് ഒരു പയ്യൻ കാണലിനാണ്!
ഈയിടെ ആയി അമ്മയ്ക്ക് തുടങ്ങിയ ഒരു അസുഖമാണ്.
മകൾക്ക് ഇരുപത്തഞ്ച് തികഞ്ഞതോടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്ന് പത്രത്തിൽ പരസ്യം കൂടി കൊടുക്കാൻ ബാക്കിയുള്ളൂ.
വന്ന് പോയവർക്ക് എല്ലാം കനത്ത സ്ത്രീധനം മാത്രമാണ് ആവശ്യം.
ഒരു പ്രാരാബ്ധ കുടുംബത്തെ ഏറ്റെടുക്കാൻ ആർക്കാണ് താൽപര്യം കാണുക.
അതൊന്നും അമ്മയ്ക്ക് പറഞാൽ മനസ്സിലാകില്ല.
അതോടെ വീട്ടിലേക്ക് വരുത്തുന്ന പരിപാടി നിർത്തി.
ഓഫീസിൻ്റെ ആവശ്യത്തിലേക്കായി ഒരു കോഫീ മെഷീൻ വാങ്ങണം.
അത് തൻ്റെ തലയിലാണ്.
പ്രോഡക്ട് കാണാൻ സിറ്റി പാർക്കിൻ്റെ അടുത്തുള്ള ടീ ഷോപ്പിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട് താൻ.
അതുകൊണ്ട് തൽക്കാലം പയ്യൻ കാണൽ കൂടി അങ്ങോട്ടേക്ക് ആക്കാം എന്നു കരുതി.
ഓഫീസിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് തൽക്കാലം സമയം അഡ്ജസ്റ്റ് ചെയ്‌ത് മെഷീനിൻ്റെ ആൾക്കാരോട് ഒരു പതിനൊന്ന് മണിയാണ് പറഞ്ഞിട്ടുള്ളത്.
ഓഫീസിൽ നിന്നും അവർക്ക് ഇങ്ങോട്ടേക്കു വരാനാണ് എളുപ്പം, ഉച്ചയോടെ ഓഫീസിൽ എത്തിയാൽ മതിയാകും.
ഇപ്പൊൾ ഒൻപത് മണിയാകുന്നതെയുള്ളൂ.
പതിനൊന്ന് മണി വരെ സമയമുള്ളത് കൊണ്ട് പയ്യനെയും കണ്ട് കളയാം എന്നു കരുതി.
സിറ്റി പാർക്ക് അത്യാവശ്യം വലിയ ഒരു പാർക്ക് തന്നെയാണ്.
താൻ പറഞ്ഞ ചായക്കടയുടെ മുന്നിലായി ഒരു വലിയ പുൽത്തകിടിയുണ്ട്.
അവിടെ നിരത്തിയിട്ടിരിക്കുന്ന ടേബിളിൻ്റെ അരികിലായി ചേർത്ത് വച്ചിട്ടുള്ള കസേര വലിച്ചിട്ട് രേഖിത ഇരുന്നു.
ചെറുതല്ലാത്ത ടെൻഷൻ തോന്നുന്നുണ്ട്.
കാര്യം ഇത് നടക്കാൻ ഒന്നും പോകുന്നില്ല.
എങ്കിലും പുതിയൊരു ആളെ കാണുമ്പോൾ മനസിൽ ഉണ്ടാകുന്ന സാധാരണ ആശങ്കകൾ...
രേഖിത കാണാൻ സുന്ദരിയാണ്.
പക്ഷേ കരുതുന്നത് പോലെ സൗന്ദര്യത്തിനൊന്നും വിവാഹമാർക്കറ്റിൽ വിലയില്ല പഴയത് പോലെ.
ഇപ്പൊൾ ഒന്നുകിൽ പണം, അതുമല്ലെങ്കിൽ സർക്കാർ ജോലി.
ഇതിന് രണ്ടിനുമാണ് മാർക്കറ്റ്.
ഇത് രണ്ടും രേഖിതയ്ക്കില്ല.
അകലെ നിന്നും ഒരാൾ നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ രേഖിത നേരെയിരുന്നു.
അതാകണം കക്ഷി.
നന്ദനെന്നോ അനന്തനെന്നോ മറ്റോ ആണ് പേര് പറഞ്ഞിരിക്കുന്നത്.
ഫോട്ടോ അയച്ച് വാട്ട്സ് ആപ്പ് ചെയ്തത് താൻ നോക്കിയിട്ട് കൂടിയില്ല.
പക്ഷേ തൻ്റെ ഫോട്ടോ കണ്ടിട്ടുണ്ടാകും.
" ഹായ്.....
മിസ് രേഖിത....??"
സംശയത്തോടെ അയാള് ചോദിച്ചപ്പോൾ രേഖിത വേഗത്തിൽ തലകുലുക്കി.
" നന്ദൻ..."
അവൾക്കൊരു ഷേക്ക് ഹാൻഡ് നൽകികൊണ്ട് അയാള് പറഞ്ഞു.
" ഇത്ര നേരത്തെ മീറ്റിങ്ങ് വച്ചത് കൊണ്ട്
പ്രശ്‌നമില്ലല്ലോ അല്ലേ...
ഇത് കഴിഞ്ഞ് എനിക്ക് ഓഫീസിൽ ഒരു ഇമ്പോർട്ടൻ്റ് മീറ്റിങ്ങ് ഉണ്ട്....
അതാണ് ഈ ടൈം ചൂസ് ചെയ്തത്...."
അയാളിരുന്നു കൊണ്ട് പറഞ്ഞു.
രേഖിത ഒന്ന് ചിരിച്ചതെയുള്ളു.
അവൾക്ക് ആകെ വെപ്രാളം തോന്നി.
ഇതിലും ഭേദം വീട്ടിൽ തന്നെയായിരുന്നു.
ഇതൊരു മാതിരി ഡേറ്റിംഗ് പോലെ ആയിപ്പോയി.
" മിസ് രേഖിത എന്തെങ്കിലും ടെൻഷനിലാണോ...?"
അയാള് വെട്ടി തുറന്ന് ചോദിച്ചപ്പോൾ രേഖിത വിയർപ്പ് തുടച്ച് കൊണ്ട് അല്ലെന്ന് തലയാട്ടി.
" ഫോട്ടോ ഞാൻ വാട്ട്സ് ആപ്പ് ചെയ്തിരുന്നു....
രേഖിത അത് കണ്ടാരുന്നോ...??"
അയാള് തിരക്കി.
രേഖിത ഒന്ന് പതറിയെങ്കിലും ഉവ്വെന്നാണ് തലയാട്ടിയത്.
ഇല്ലെന്ന് പറയുവതെങ്ങനെ...?
" Let's get straight to the point....
രേഖിത കണ്ട് ഇഷ്ടപ്പെട്ടോ...?
എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ റെക്കമൻ്റേഷൻ ആയത് കൊണ്ടാണ് ഞാൻ നേരിട്ട് വന്നത്....
അല്ലെങ്കിൽ മറ്റാരെയെങ്കിലും അയക്കുമായിരുന്നു...."
അത് കേട്ടപ്പോൾ രേഖിതയുടെ നെറ്റി ചുളിഞ്ഞു.
ഒരു യാഥാസ്ഥിതികനാണോ കക്ഷി !
കെട്ടാൻ പോകുന്ന പെണ്ണിനെ ഇയാളല്ലാതെ പിന്നെ ആരാണ് വന്ന് കാണേണ്ടത്.
അമ്മയോ പെങ്ങളോ കണ്ടിട്ട് ഉറപ്പിക്കുന്ന ആൾക്കാരും ഉണ്ടല്ലോ...
" രേഖിത തീരെ സംസാരിക്കില്ല എന്നു തോന്നുന്നു...??
ഇങ്ങനൊരു ജോലി ചെയ്യുന്ന ആളൊക്കെ ആകുമ്പോൾ അത്യാവശ്യം സംസാരിക്കണ്ടെ കുട്ടി...?"
കൈ കെട്ടിക്കൊണ്ട് തന്നെ ചിരിയോടെ നോക്കുന്ന ആളെത്തന്നെ രേഖിത സൂക്ഷിച്ച് നോക്കി.
സുമുഖനാണ്.
29 വയസ്സോ മറ്റോ ആണ് പറഞ്ഞത്.
പോസ്റ് ഓഫീസിൽ ആണ് ജോലി എന്ന് അമ്മ പറഞ്ഞറിഞ്ഞിരുന്നു.
പക്ഷേ ഇയാളെ കണ്ടാൽ ഏതോ വലിയ കമ്പനിയുടെ എം ഡിയോ മറ്റോ ആണെന്ന് തോന്നിപ്പോകും.
" ഇഷ്ടമായില്ലെന്നുണ്ടോ രേഖിതയ്ക്ക്...??"
നന്ദൻ്റെ നെറ്റി ചുളിഞ്ഞത് കണ്ടപ്പോൾ രേഖിതയ്‌ക്ക് പരിഭ്രമമേറി.
എങ്ങനെയാണ് ഇപ്പൊൾ തന്നെ ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ കഴിയുക...
" അത് പിന്നെ....
ഞാൻ ഒന്ന് ആലോചിച്ചിട്ട്....."
രേഖിത പതറി പതറിയാണ് സംസാരിച്ചത്.
അയാളുടെ മുഖത്ത് അതിശയഭാവം വിടർന്നു.
" സീ മിസ് രേഖിത....
എനിക്ക് പോയിട്ട് തിരക്കുള്ളതാണ്....
അച്ഛൻ എന്നെ തന്നെ ഇതിനൊക്കെ പിടിച്ച് ഏൽപ്പിച്ചത് എനിക്ക് കുറച്ച് ഉത്തരവാദിത്വം വരട്ടെ എന്ന് കരുതിയാണ്....
സത്യം പറയാമല്ലോ....
എനിക്കീ പരിപാടിക്ക് ഒന്നും അത്ര വലിയ ഇൻ്ററസ്റ്റ് ഇല്ല...."
അയാളത് മുഖത്ത് നോക്കി പറഞ്ഞപ്പോൾ രേഖിത അതിശയിച്ചു.
അയാളും താനും ഒരേ തൂവൽ പക്ഷികൾ തന്നെയാണല്ലോ...
അമ്മ പറഞ്ഞിട്ട് താൻ ഇവിടെ വന്നിരിക്കുന്നു.
അച്ഛൻ പറഞ്ഞിട്ട് നന്ദനും....
അയാളെ കേട്ടിരിക്കാൻ രസമുണ്ടായിരുന്നു.
പക്ഷേ തിരക്ക് കൂട്ടുന്നത് കാണുമ്പോൾ അവൾക്ക് തീരുമാനമെടുക്കാൻ ഭയം തോന്നി.
" അത് പിന്നെ....
എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല.....
ഒന്നും പരസ്പരം അറിയാതെ എങ്ങനെയാ....
ഞാൻ അമ്മയോട് പറഞ്ഞിട്ട്...."
രേഖിത മുഖം കുനിക്കുകയും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമൊക്കെ നോക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു.
" അമ്മയോട്....?
താൻ തലയ്ക്ക് വല്ല അടി കിട്ടിയിട്ട് വന്നതാണോ...?!
പ്രിസ്റ്റീൻ മെയിൻ്റനൻസിൽ വർക്ക് ചെയ്യുന്ന കോർഡിനേറ്റർ രേഖിത തന്നെയല്ലേ ഇത്...
ഞാൻ നന്ദൻ...
കോഫി മെഷീൻ ഇൻസ്റ്റാൾ ചെയ്യാൻ വന്ന കമ്പനിയിലെ എം ഡിയുടെ മകനാണ്....
നിങ്ങളുടെ എല്ലാ ബ്രാഞ്ചിലേക്കും ആയി അത്യാവശ്യം നല്ല ബിസിനസ് ഉള്ളത് കൊണ്ടാണ് നേരിട്ട് വന്നത്...
തനിക്ക് പ്രോഡക്ട് ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ സാംപിൾ കാണിക്കാം...."
ഒറ്റ ശ്വാസത്തിൽ നന്ദൻ അത്രയും പറഞ്ഞ് തീർത്തപ്പോൾ രേഖിത ഞെട്ടി എഴുന്നേറ്റു പോയി.
ഇയാളാണോ കോഫീ മെഷീൻ സംബന്ധിച്ച് ഉള്ള മീറ്റിംഗ് പറഞ്ഞിരുന്ന ആൾ!
അപ്പോ ഈ നേരത്ത്....??
അവളുടെ തലയിലെ കിളികളെല്ലാം വട്ടമിട്ട് പറക്കാൻ തുടങ്ങി.
കുറച്ച് നേരം കൂടി ഇരുന്നെങ്കിൽ താൻ ഇയാളോട് കല്യാണക്കാര്യം വരെ സംസരിക്കുമായിരുന്നല്ലോ!
തനിക്ക് എങ്ങനെയാണ് ഇതുപോലെ അമളി പറ്റിയത്..?!
" രേഖിത.....
ആർ യൂ ഓകെ...?
വെള്ളം വേണോ....??"
വെളുത്ത് വിളറി പകച്ച് നിൽക്കുന്ന രേഖിതയെ കണ്ട് നന്ദൻ നേരിയ ഭയത്തോടെ ചോദിച്ചു.
രേഖിത പരിസര ബോധം വീണ്ടെടുത്തു കൊണ്ട് വിയർപ്പ് തുടച്ചു.
" ഐ അം ഓകെ സാർ.....
സാർ പ്രോഡക്ട് ഞാൻ കണ്ടതാണ്....
നമുക്ക് അതിൻ്റെ ഡീറ്റൈൽസിനെ പറ്റി സംസാരിക്കാം...."
രേഖിത പെട്ടെന്ന് പറഞ്ഞു.
നന്ദൻ്റെ മുഖത്ത് വല്ലാത്ത അമ്പരപ്പുണ്ടായി.
" ഓകെ...
ഞാൻ പോയി പ്രോഡക്ട് സാംപിൾ എടുത്തിട്ട് വരാം..."
നന്ദൻ തിരിഞ്ഞ് നോക്കാതെ നടന്നു പോയി.
രേഖിത കണ്ണടച്ച് നിന്ന് കൊണ്ട് സ്വയം തലയിൽ അടിച്ച് പഴിക്കൻ തുടങ്ങി.
" എൻറെ പൊന്ന് രേഖിതെ...
ഇതെങ്ങനെ നിനക്കീ അബദ്ധം പറ്റി !
ഇയാള് പറഞ്ഞ സമയം എങ്ങനെയാണ് മാറിപ്പോയത്....?"
രേഖിത ഉടനടി ഫോൺ എടുത്ത് വാട്ട്സ് ആപ്പ് പരതാൻ തുടങ്ങി.
നന്ദൻ്റെ ചാറ്റ് പരിശോധിച്ചപ്പോൾ ' will meet at 9 o clock...
A little change in plans...'
എന്നുള്ള മെസ്സേജിന് താൻ ok എന്ന് മറുപടിയും അയച്ചിട്ടുണ്ട്....
എൻറെ ദൈവമേ...
ഇന്നത്തെ ദിവസം ആകെ കുളമായി....
എന്തോ ടെൻഷനിൽ പറ്റിപ്പോയതാകണം.
താൻ കുറച്ച് കൂടി വായ തുറന്ന് സംസാരിച്ചെങ്കിൽ ഇപ്പൊൾ ഈ കാര്യം ഓഫീസിൽ എല്ലാവരും അറിഞ്ഞ് ആകെ നാശകോടാലി ആയേനെ.
രേഖിത ചമ്മൽ കൊണ്ട് രണ്ട് കണ്ണും പൊത്തി പിടിച്ച് മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
തുടരും.....
മിഴി ❤️
ഒന്നോ രണ്ടോ പാർട്ട് വായിച്ച് മാത്രം ഇഷ്ടായില്ലെങ്കിൽ നിർത്തൂ..
ആദ്യത്തെ പാർട്ട് വായിച്ച് നിർത്തി പോകല്ലേ ❤️