Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സ്നേഹവലയം - 1






സ്വപ്ന നഗരമായ മുംബൈയിലെ, 
സീ -ബ്രീസ് എന്ന ആഡംബരഫ്ലാറ്റ് സമുച്ഛയം പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങി നിന്നു.

മൊബൈലിൽ അലാറം മുഴങ്ങുന്ന ശബ്ദം കേട്ട് അളക കണ്ണുതുറന്നു,ദയനീയമായി സ്നൂസ് ബട്ടൺ അമർത്തി. ഈശ്വരാ...ഇത്ര പെട്ടന്ന് നേരം പുലർന്നോ അവൾ പിറുപിറുത്തു,അത് കേട്ടുകൊണ്ടാണ് വാഷ് റൂമിൽ നിന്ന് കുളികഴിഞ്ഞ് ഈറൻ മുടിയിൽ ഒരു ടവൽ ചുറ്റി അനുപമ പുറത്തേക്ക് വന്നത്,

എന്തോന്നഡീ അമ്മു! ഇന്നലെ രാത്രി 10ന് ഉറങ്ങിയോളല്ലേ നീ എന്നിട്ടും ഏഴരയ്ക്ക് എഴുന്നേൽക്കാൻ ആവില്ലേ കഷ്ടം തന്നെ പെണ്ണേ....
ഓഹ്! 


ഒന്ന് പോയെ അനുവേച്ചി...
അളക മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു 

അളകയും അനുപമയും നാൻസിയും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥകളാണ്.രണ്ടുവർഷമായി മൂവരും ഒന്നിച്ചാണ് താമസം.അനുപമ 40 വയസ്സ് പ്രായമുള്ള പാലക്കാട് സ്വദേശിനിയാണ്.നാലഞ്ചു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.ഒരു മകളുണ്ട് ദേവനന്ദ എന്ന ദേവൂട്ടി.

അടുക്കളയിൽ നിന്ന് നാൻസിയുടെ ശബ്ദം ഉയർന്നു...ഗയ്സ് ബ്രേക്ക്ഫാസ്റ്റ് ഈസ്‌ റെഡി!

അവിവാഹിതയായ ഫോർട്ട് കൊച്ചി സ്വദേശിനിയാണ് നാൻസി.32 വയസ്സായെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ തൽപരകക്ഷി അല്ല.

27 കാരി അളക അജിത്ത് എന്ന
അമ്മുവാണ് കൂട്ടത്തിലെ ഏറ്റവും ഇളയ ആൾ.ആലപ്പുഴയിലെ ജില്ലയിലെ ഹരിപ്പാട്കാരിയാണ്. റിട്ട. മേജർ അജിത്ത് വാസുദേവന്റെയും ശ്യാമയുടെയും ഇളയമകൾ.രണ്ട് ഏട്ടന്മാരുടെ കുഞ്ഞനുജത്തി.

എന്റെ അമ്മേ മണി എട്ടുകഴിഞ്ഞു...പിണഞ്ഞമുടിയിൽ വിരലോടിച്ചുനിന്ന അളക കൂവി വിളിച്ച് നേരെ വാഷ് റൂമിലേക്ക് ഓടി. അവളുടെ ഓട്ടം നോക്കി അനുപമയും നാൻസിയും ചിരിച്ചു.

മൂന്നാളും ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.കറുപ്പിൽ മഞ്ഞപൂക്കൾ ഉള്ള ഒരു കോട്ടൺ സാരിയാണ് അനുപമയുടെ വേഷം.മുടി വൃത്തിയിൽ ബൺ ചെയ്തു കെട്ടിയിരിക്കുന്നു. ഫോണിലെ മെസ്സേജ് നോക്കിക്കൊണ്ട് അനുപമ നാൻസിയേയും അളകയേയും വിളിച്ചു.

കളർ ചെയ്ത മുടി ഭംഗിയിൽ പോണിട്ടെയിൽ കെട്ടി ഓറഞ്ച് കുർത്തയും ബ്ലൂ ജീൻസും അണിഞ്ഞു നാൻസിയും വന്നു കട്ടിയുള്ള പുരികക്കൊടികളും നേർത്ത ഇളം റോസ് ചുണ്ടുകളും അവളുടെ അഴകിനു മാറ്റു കൂട്ടി...

ദേ അമ്മു! നീ ഇതുവരെ റെഡിയായില്ലേ..! അനുപമ വിളിച്ചു ചോദിച്ചു 

എന്റെ അനുവേച്ചീ...ഒരു അഞ്ചുമിനിറ്റ് ദാ വരുന്നു!

ചില്ലി റെഡ് കളർ കോട്ടൺ ചുരിദാർ ധരിച്ച് നീണ്ട ഇടതൂർന്ന് മുടി മേടഞ്ഞിട്ട് കൊണ്ട് അളക വന്നു.
ഹോ നിനക്ക് എന്നും ഈ ഹെയർസ്റ്റൈലെ ഉള്ളോഡീ നാൻസി ചോദിച്ചു.
നമുക്കിതൊക്കെ മതിയെ മുടിയിൽ ബാൻഡ് ഇട്ടോണ്ട് അളക പറഞ്ഞു.

ഒരുങ്ങിയാലും ഇല്ലേലും അവൾ നല്ല സുന്ദരിയല്ലേ നാൻസി... അനുപമ പറഞ്ഞു.അതന്നെ..! അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ അനുവേച്ചിയെ......
വേഗം ഇറങ്ങിക്കോ.സമയം പോകുന്നു അനുപമ തിരക്ക് കൂട്ടി,മൂവരും ഓഫീസിലേക്ക് ഇറങ്ങി.

ലഞ്ച് ബ്രേക്കിന് അവർ കാന്റീനിൽ ഇരിക്കുമ്പോൾ അനുപമ സന്തോഷത്തോടെ പറഞ്ഞു ഈ വരുന്ന സൺ‌ഡേ അമ്മയുടെ അറുപതാം പിറന്നാൾ ആണ്. നിങ്ങൾ രണ്ടാളും ഈ വെക്കേഷന് അതോണ്ട് എന്റെ വീട്ടിലേക്ക് വരണം.

നാൻസിയും അമ്മുവും കൗതുകത്തോടെ ഒന്ന് നോക്കി

എന്താണ് ചേച്ചി ബർത്ത് ഡേ സെലിബ്രേഷൻ പ്ലാൻ? നാൻസി ചോദിച്ചു 

പ്രത്യേകിച്ചങ്ങനെ പ്ലാൻ ഒന്നുമില്ല, വീട്ടിൽ ചെറിയൊരു ആഘോഷം അത്രേയുള്ളൂ.

അമ്മു മടിച്ചു മടിച്ചു നിന്ന്,അല്ല അനുവേച്ചി! എന്തായാലും ചേച്ചിടെ അനിയൻ ഉണ്ടാവില്ലേ അപ്പൊ എന്തായാലും സിനിമയിൽ നിന്നുള്ള പലരും കാണും 

എനിക്ക് അത്തരം ചുറ്റുപാട് ശെരിയാവില്ല അതോണ്ട്... അനുപമ അവളെ തടഞ്ഞു എന്റെ പൊന്നമ്മു!എന്റെ അനിയൻ എന്തായാലും അങ്ങനെയല്ല, ഇനി അവൻ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല അവൻ ഏതോ ഷൂട്ടുമായി ബന്ധപ്പെട്ട  പാരീസിൽ ആണ് വന്നാൽ വന്നു അത്ര തന്നെ! 

സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ നടനാണ് അനുപമയുടെ സഹോദരൻ മാധവ് വിജയ്.35 വയസ്സായയെങ്കിലും അവിവാഹിതനാണ്.

അമ്മു വീണ്ടും ആലോചിക്കുന്നത് കണ്ട് നാൻസി പറഞ്ഞു നമ്മൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായില്ലേ നീ മാത്രം എന്താ ഞങ്ങളുടെ വീട്ടിലേക്ക് വരാത്തത്, ഞങ്ങൾ രണ്ടാളും നിന്റെ വീട്ടിൽവരാറില്ലേ .... അതോണ്ട് കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല, നമ്മൾ പാലക്കാട്‌ പോകുന്നു അനുചേച്ചിടെ അമ്മേടെ 60 പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്നു.കേട്ടല്ലോ..

അമ്മു ഒരു ചിരിയോടെ തലയാട്ടി. എന്തൊക്കെ പറഞ്ഞാലും രണ്ടുകൊല്ലായിട്ട് ഒരു അമ്മയുടെയും ചേച്ചിയുടെയും ഒക്കെ സ്നേഹവും വാത്സല്യവും പകർന്നു തരുന്ന ആളാണ് അനു ചേച്ചി, ഒരു നല്ല സുഹൃത്തായും സഹോദരിയുമായി ഒക്കെ കൂടെ നിൽക്കുന്ന ആളാണ് നാൻസിയും അപ്പോ തീർച്ചയായും പോകണം ഇല്ലെങ്കിൽ അനുചേച്ചിയ്ക്ക് സങ്കടമാവും അമ്മു ഓർത്തു.

അനുപമ പെട്ടെന്ന് കോയമ്പത്തൂരിലേക്ക് 3 ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. അമ്മു അനുപമയോട് ചോദിച്ചു എന്തിനാ ചേച്ചി പാലക്കാട് പോകുന്നതിനു കോയമ്പത്തൂർ ഫ്ലൈറ്റ് 

അനുപമ ചിരിയോടെ പറഞ്ഞു കോയമ്പത്തൂർ ചെന്നാൽ ഒരു മണിക്കൂറുകൊണ്ട് നമുക്ക് ടാക്സിയിൽ വീട്ടിൽ എത്താം. കൊച്ചിന്ന് എത്താൻ മൂന്നാല് മണിക്കൂർ എടുക്കും.

നാൻസി ചിരിയോടെ പറഞ്ഞു അതിന് ഇവൾക്ക് എന്തറിയാം അച്ഛ വരുന്നു കൊണ്ടുപോകുന്നു കൊണ്ടുവിടുന്നു അല്ലെങ്കിൽ കൂട്ടത്തിൽ നമ്മളും 
ഇങ്ങനെ ഒന്ന്..!

ആ മതി മതിവേഗം കഴിക്ക്!ലഞ്ച് ബ്രേക്ക് കഴിയാറായി. മൂന്നാളും ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു.

ഇന്ന് വെള്ളിയാഴ്ചയാണ്.  ഉച്ച കഴിഞ്ഞുള്ള ഫ്ലൈറ്റിലാണ് അവർ പോകുന്നത്. അമ്മു അവളുടെ അമ്മ ശ്യാമയോട് ഫോണിൽ സംസാരിക്കുകയാണ്. 

അമ്മാ.. ഞാൻ സൺഡേ കഴിഞ്ഞ് ഒറ്റയ്ക്ക് എങ്ങനെ വരും പാലക്കാട് നിന്ന് വീട്ടിലേക്ക്..
അവളുടെ കസിൻ അപ്പുവിനെ അവളെ കൂട്ടാൻ പറഞ്ഞു വിടാം എന്ന് പറഞ്ഞ് ശ്യാമ ഫോൺ വെച്ചു. ഇത് കേട്ട് വന്ന നാൻസി അമ്മൂനോട് പറഞ്ഞു 

നിനക്ക് വയസ്സ് 27 ആയില്ലേ ഇനി ഒറ്റയ്ക്ക് പോകാനും വരാനും ഒക്കെ പഠിക്കണം അമ്മൂ എന്നും ഒരാൾക്ക് നിന്റെ ഒപ്പം കൂട്ടു നടക്കാൻ പറ്റുമോ? 

ആ ഒറ്റയ്ക്ക് പോകാൻ ഒക്കെ ശീലിക്കാം അമ്മു പറഞ്ഞു.

ഇനി എന്നാടി മൂക്കിൽ പല്ലുമുളച്ചിട്ടോ!
നാൻസി അമ്മുവിനെ കളിയാക്കി 

ഓ..."പിന്നെ വലിയൊരാൾ വന്നേക്കുന്നു" അമ്മു മുഖം വീർപ്പിച്ചു. നിങ്ങൾ റെഡി ആവുന്നില്ലേ പിള്ളേരെ എന്ത്‌ സംസാരിച്ചിരിക്കയാ ഇപ്പോഴും?

അനുപമയുടെ ചോദ്യം കേട്ടതും 

ദാ... ചേച്ചീ ഒരു പത്ത് മിനിറ്റെ..എന്ന് പറഞ്ഞ് രണ്ടുപേരും റെഡിയാകാൻ പോയി.



(തുടരും )