Read Beyond the Kinavs by ശിവൻ മണ്ണയം in Malayalam Love Stories | മാതൃഭാരതി

Featured Books
  • കിനാവുകൾക്കപ്പുറം

    ഭാഗം 1കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇ...

  • താലി

    താലി ഭാഗം 1" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ......

  • പ്രാണബന്ധനം - 6

    പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വ...

  • പ്രതീക്ഷ - 1

    "ഡാ.. മനു... എണീക്കണില്ലേ.. നീ..."           " ആ....  എണീക്ക...

  • പ്രാണബന്ധനം - 5

    പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?...

വിഭാഗങ്ങൾ
പങ്കിട്ടു

കിനാവുകൾക്കപ്പുറം



ഭാഗം 1

കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ കണ്ണൻ എത്തിയിട്ടില്ല.7 മണിക്ക് അമ്പലത്തിൽ എത്തണമെന്ന് കണ്ണനോട് താൻ പറഞ്ഞതാണ്. എന്താണവൻ തന്നോടിങ്ങനെ...? സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു. കവിളിൽ നിന്നും താഴേക്ക് വീഴാനൊരുമ്പെട്ട മിഴിനീർ കണങ്ങളെ തൂവാല കൊണ്ടവളൊപ്പിയെടുത്തു.വേണ്ട.. പവിത്രമായ ഈ അമ്പല നടയിൽ ഈ കണ്ണീർ കണങ്ങൾ പതിക്കണ്ട.അത് ചിലപ്പോൾ കണ്ണന് ദോഷകരമായി ഭവിക്കും. അവന്റെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും തനിക്ക് സഹിക്കാനാവുന്നതല്ല. കാരണം അത്രമേൽ താനവനെ സ്നേഹിക്കുന്നുണ്ട്.

അവൻ ഇനി വരില്ല.സീമകൾക്കപ്പുറമുള്ള മാനസിക വ്യഥയോടെ അശാന്തമായ ചിന്തകളോടെ അവൾ അമ്പലത്തിന്റെ പടിക്കെട്ടുകളിറങ്ങി.

ഇനി എങ്ങോട്ട്..? വീട്ടിലേക്കോ ? കോളേജിലേക്കോ അതോ മരണത്തിലേക്കോ ? ചിന്തകൾ മാറി മറിഞ്ഞു വരികയാണ്. പക്ഷേ വ്യക്തമായ ഒരു തീരുമാനത്തിലേക്കവൾക്ക് എത്താൻ സാധിച്ചില്ല.

ആർക്കുവേണ്ടി ഇനി കോളേജിലേക്ക് പോണം...? വീട്ടിൽ ആരാണ് തനിക്കുള്ളത്?കണ്ണൻ കൂടെയില്ലെങ്കിൽ അവൻ തന്നെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണീ ജീവിതം ?

കടിഞ്ഞാണില്ലാത്ത ചിന്തകളുടെ കുതിരപ്പുറത്ത് കയറി നിരാശയുടെ മരുഭൂമിയിലൂടെ അവളുടെ മനസ് പാഞ്ഞു കൊണ്ടിരിക്കേ നഗരത്തിലേക്കുള്ള ബസ് ബസ് സ്റ്റോപ്പിൽ വന്ന് നിന്നു.

അവൾ യാന്ത്രികമായി ബസിലേക്ക് കയറി. ബസിൽ നല്ല തിരക്കുണ്ട്. തിരക്കിലൂടെ നുഴഞ്ഞ് അവൾ ഒരു സീറ്റിന്റെ കമ്പിയിൽ പിടിച്ച് ഒതുങ്ങി നിന്നു. ബസിൽ ആൾക്കാർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എല്ലാവരും സന്തോഷവാൻമാരാണ്. തനിക്ക് മാത്രം... മനസ് മൂടിക്കെട്ടിയിരിക്കുന്നു. പ്രതീക്ഷകൾ നശിച്ച് ഹൃദയം പൊട്ടിത്തകർന്നു പോയിരിക്കുന്നു. മനസിനെ ഭ്രമിപ്പിച്ച , മത്തുപിടിപ്പിച്ച തന്റെ പ്രണയത്തിന് പിറകെ ഓടിയോടി കാലുകൾ തളർന്നിരിക്കുന്നു. പാദങ്ങൾ വിണ്ടുകീറിയിരിക്കുന്നു.ഇനി വയ്യ ! എല്ലാം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ജീവിതവും പ്രണയവും എല്ലാം..!

മരിക്കാൻ പോകുന്നവരുടെ മനസിലേക്ക് പഴയ കാലം ഒരു സിനിമയെന്ന പോലെ അതിവേഗം ഓടിപ്പോകാറുണ്ട് എന്ന് പലരും പറയാറുണ്ടല്ലോ. കാത്തുവിന്റെ മനസിലേക്കും പഴയ കാലത്തെ ചലിക്കുന്ന ചില ചിത്രങ്ങൾ തെളിഞ്ഞു വന്നു.

അഞ്ചാം ക്ലാസിലെ ആദ്യത്തെ സ്കൂൾ ദിനം. അതുവരെ പഠിച്ചിരുന്ന സ്കൂളിൽ നിന്നും ഭൂരിപക്ഷം അപരിചിതർ നിറഞ്ഞ സ്കൂളിലേക്ക് ,പഴയ സ്കൂളിനെയും പിരിഞ്ഞു പോയ കൂട്ടുകാരികളെയും ഓർത്ത് വിഷാദം നിറഞ്ഞ കണ്ണുകളോടെ ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കുമ്പോഴാണ് ക്ലാസിലേക്ക് അച്ഛന്റെ കൈ പിടിച്ചെത്തിയ വെളുത്ത് മെലിഞ്ഞ ആ ബാലനെ കാത്തു ആദ്യമായി കണ്ടത്.കണ്ണൻ എന്നായിരുന്നു അവന്റെ പേര്.ആരോടും അധികം സംസാരിക്കാത്ത , ഇന്റർവെൽ സമയത്ത് പുറത്ത് കളിക്കാൻ പോകാതെ ബാലമാസികയും വായിച്ച് ഒറ്റക്കിരിക്കുന്ന കണ്ണൻ കാത്തുവിന്റെ ശ്രദ്ധയാകർഷിച്ചു.ആരോടും മിണ്ടാത്ത അവൻ കാത്തുവിനോട് മിണ്ടാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. കാത്തുവിന്റെ അച്ഛൻ എല്ലാ ബാലമാസികകളും അവൾക്ക് വാങ്ങിക്കൊടുക്കും. അതവൾ സ്കൂളിലേക്കും കൊണ്ടുവരും; കൂട്ടുകാരികൾക്ക് വായിക്കാൻ കൊടുക്കാൻ .അപ്പോൾ കണ്ണൻ മീൻ കണ്ട പൂച്ചയെ പോലെ കാത്തുവിന്റെ ചുറ്റിനും കിടന്ന് കറങ്ങും. എന്തിനാണ് അവൻ കിടന്ന് കറങ്ങുന്നത് എന്ന് കാത്തുവിന് അറിയാമെങ്കിലും അവൾ മൈൻഡ് ചെയ്യാൻ പോയില്ല.ഇങ്ങോട്ട് മിണ്ടട്ടെ. ബാലമാസിക വേണമെന്ന് പറയട്ടെ,അപ്പോൾ കൊടുക്കാം.

ഒടുവിൽ കണ്ണൻ രണ്ടും കല്പിച്ച് ചോദിച്ചു: കാർത്തികേ... ബാലരമ തര്വോ ?

എന്തിനാ..? കാത്തു ഗൗരവത്തോടെ അന്വേഷിച്ചു.

വായിക്കാൻ..

തരാം. പക്ഷേ പെട്ടെന്ന് തിരികെ തരണം..

ഉച്ചക്ക് ബെല്ലടിക്കുമ്പോൾ തിരികെ തന്നേക്കാം..

ചീത്തയാക്കരുത്..

ഇല്ല..

കാത്തു തന്റെ കൂട്ടുകാരി വായിച്ചു കൊണ്ടിരുന്ന ബാലരമ അവളുടെ കൈയിൽ നിന്ന് പിടിച്ചു വാങ്ങി കണ്ണന് സമ്മാനിച്ചു. കൂട്ടുകാരി ദേഷ്യത്തോടെ മുഖം വീർപ്പിച്ച്, ചുണ്ട് കൂർപ്പിച്ചു കണ്ണനെയും കാത്തുവിനെയും തുറിച്ചു നോക്കിയിരുന്നു.

ആർത്തിയോടെ ആ ബാലരമയും വാങ്ങി തന്റെ ഇരിപ്പിടത്തിലേക്കോടുന്ന കണ്ണനോട് കാത്തു പറഞ്ഞു: കാർത്തികയല്ല... കാത്തു എന്നാ എല്ലാരും വിളിക്കണത്.. കണ്ണനും അങ്ങനെ വിളിച്ചാൽ മതി.

കണ്ണൻ ചിരിയോടെ തലയാട്ടി.അതാണ് അവൾക്ക് അവനിൽ നിന്ന് ലഭിച്ച ആദ്യത്തെ ചിരി.

പിന്നെ അതൊരു പതിവായി. കാത്തു അവന് ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വീട്ടിൽ കിട്ടുന്ന അന്ന് തന്നെ കൊണ്ടു കൊടുത്തു തുടങ്ങി.അങ്ങനെ അവർ അടുത്ത കൂട്ടുകാരായി.

ക്ലാസ് സമയത്ത് പോലും ടീച്ചർ കാണാതെ ഒളിച്ചു വച്ച് ബാലമാസികൾ വായിച്ചിരുന്ന കണ്ണന് പക്ഷേ പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. കാത്തുവും പഠിക്കാൻ മിടുക്കിയായിരുന്നു. ചെമ്പകത്തോപ്പ് ഹൈസ്കൂളിന്റെ അഭിമാനങ്ങളായി അവർ ഓരോ ക്ലാസും ജയിച്ചു കയറി.

ഒമ്പതാം ക്ലാസ് ഒക്കെ ആയപ്പോഴേക്കും കണ്ണന് ബാലമാസികകളോടുള്ള താല്പര്യം കുറഞ്ഞു. ഇന്റർവെൽ സമയത്തൊക്കെ അവൻ സ്കൂൾലൈബ്രറിയിലായി ഇരിപ്പ്. അവിടെയുള്ള പുസ്തകങ്ങളായി അവന്റെ കൂട്ട്.അതിനിടക്ക് അവൻ കവിതകളും എഴുതിത്തുടങ്ങിയിരുന്നു. കണ്ണൻ തന്നിൽ നിന്നകന്ന് പോകുന്നതായി കൊച്ച് കാത്തുവിന് തോന്നി. കണ്ണൻ അന്തർമുഖനും നാണം കുണുങ്ങിയും മൗനിയുമാണ്. കാത്തുവിനോടല്ലാതെ മറ്റൊരു പെൺകുട്ടിയോടും അവൻ സംസാരിച്ചിരുന്നില്ല.ഇപ്പോൾ അവൻ തന്നെ അവഗണിക്കുന്നതിൽ കാത്തുവിന് കലശലായ ദേഷ്യവും സങ്കടവും തോന്നി. അവൾ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.അവന്റെ പിന്നാലെ തന്നെ നടന്നു. അവനോട് സംസാരിച്ചു. വഴക്ക് കൂടി. വീട്ടിലുണ്ടാക്കുന്ന ആഹാരം അവനായി സ്കൂളിലേക്ക് കൊണ്ടുവന്നു. അച്ഛന്റെ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ അവന് വായ്പയായി നല്കി. എന്തിനാണ് താനിതൊക്കെ ചെയ്യുന്നതെന്നോ, എന്തിനാണ് അവന്റെ സംസാരം കേട്ടിരിക്കുമ്പോൾ കരൾ തുടിക്കുന്നതെന്നോ, എന്തിനാണ് അവനകന്ന് പോകുമ്പോൾ തന്റെ ഹൃദയം എരിയുന്നതെന്നോ അവൾക്കന്നറിഞ്ഞ് കൂടായിരുന്നു. പക്ഷേ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിരിഞ്ഞതിന് ശേഷമുള്ള വെക്കേഷൻ സമയത്തെ ഏകാന്തതകളിൽ , ഇനി കണ്ണനെ കാണാൻ സാധിക്കുമോ എന്ന ചോദ്യം ഹൃദയത്തെ പൊള്ളിച്ച് കണ്ണുകളെ സജലങ്ങളാക്കിയപ്പോൾ ,അവനെ ഒന്ന് കാണണമെന്ന് ആത്‌മാവ് തുടിച്ചപ്പോൾ , വീടിന് മുന്നിലുള്ള റോഡിലേക്ക് നോക്കി അവൻ തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയിൽ മിഴിചിമ്മാതെ ഇരുന്നപ്പോൾ അവൾക്ക് മനസിലായി "തനിക്കവനോട് പ്രണയമാണ്....!"

പ്രണയം അത് എങ്ങനെയാണ് എപ്പോഴാണ് മനസിനെ കീഴ്പ്പെടുത്തുകയെന്നറിയില്ല. പ്രണയത്തിൽ യുക്തിപൂർവമായ ആലോചനകളോ, വരും വരായ്കകളെ കുറിച്ചുള്ള വേവലാതികളോ ഇല്ല. അത് ഒരു ലഹരിയാണ്. അതിനടിമപ്പെട്ടാൽ എതും നേരിടാനും ആരെയും എതിർക്കാനുമുള്ള ധൈര്യം വന്നു ചേരും.അല്ലെങ്കിൽ സമ്പന്നമായ ഒരു കുടുംബത്തിൽ പിറന്ന കാത്തുവിന് ഒരു ദരിദ്ര കർഷകന്റെ മകനോട് പ്രണയം തോന്നുമോ ? ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് അവൾ ചിന്തിച്ചില്ല. കണ്ണനെ തനിക്ക് വേണം.അവന്റെ ഭാര്യയായി അനാദികാലം ജീവിക്കണം.അത് നടക്കുമോ തടസങ്ങൾ ഉണ്ടാകുമോ എന്നതിനെ കുറിച്ചൊക്കെ ഓർക്കാനുള്ള മാനസിക വളർച്ച അന്നവൾക്കുണ്ടായിരുന്നില്ല.

SSLC യുടെ റിസൾട്ടറിയുന്ന ദിവസം , തലേ ദിവസം ഒരു പോള കണ്ണടക്കാനാകാതെ ഉറങ്ങാതെയിരുന്നതും , അതി രാവിലെ ഭ്രാന്ത് പിടിച്ചതു പോലെ സ്കൂളിലേക്കവൾ ഓടിച്ചെന്നതും റിസൾട്ടറിയാനായിരുന്നില്ല. കണ്ണനെ വളരെ നാൾക്കു ശേഷം ഒന്ന് കാണുവാൻ വേണ്ടിയായിരുന്നു. നീണ്ട രണ്ട് മാസത്തെ വിരഹം :,ആഹാരത്തിന് രുചിയില്ലാതാക്കിയ , രാത്രികളെ നിദ്രാവിഹീനമാക്കിയ, സിനിമകളോടും ഉത്സവങ്ങളോടും വിരക്തി തോന്നിയ ,വീട് ഒരു തടവറയാണെന്നും താനവിടെ ഏകാന്ത തടവിലാണെന്നും ചിന്തിപ്പിച്ച , വെറുതെയിരുന്ന് കരയാൻ തോന്നിപ്പിച്ച , തലക്ക് ഭ്രാന്ത് പിടിച്ച ആ പ്രണയവിരഹം അവളെ ആകെ തകർത്തു കളഞ്ഞിരുന്നു.

അവിടെ വച്ച് കണ്ണനെ കണ്ടപ്പോൾ " നീയെന്താടാ എന്നെയൊന്ന് കാണാൻ വരാഞ്ഞേ" എന്ന് ചോദിച്ചവൾ പൊട്ടിക്കരഞ്ഞു.

കാത്തുവിന്റെ പെരുമാറ്റം കണ്ട് കണ്ണൻ സത്യത്തിൽ അന്തം വിട്ടു പോയി. എന്താണ് കാത്തു ഇങ്ങനെ പെരുമാറുന്നത് എന്നോർത്ത് അവൻ അമ്പരന്നു. ചിലപ്പോൾ കൂട്ടുകാരെയൊക്കെ ഇനി കാണാൻ കഴിയില്ല എന്ന ചിന്ത കൊണ്ടായിരിക്കാം എന്നവൻ വിചാരിച്ചു.

ഈ പരീക്ഷയിൽ കുറച്ച് പേരേ ജയിക്കൂ. അതിൽ കുറച്ചുപേർ നഗരത്തിലെ കോളേജിലേക്ക് പോകും. ബാക്കിയുള്ളവർ ഏതെങ്കിലും പാരലൽ കോളേജിൽ ചേരും. തോറ്റവർ എന്തെങ്കിലും ജോലിക്ക് പോകും. അതായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്.

ആ വർഷത്തെ SSLC പരീക്ഷയിൽ കണ്ണനും കാത്തുവും ഹൈഫസ്റ്റ് ക്ലാസോടെ പാസായി.അധ്യാപകർ അവരെ അഭിനന്ദിച്ചു.അവർക്ക് രണ്ട് പേർക്കും നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് സീറ്റ് ഉറപ്പാണ്. പക്ഷേ കാത്തുവിന് ഒരു സന്തോഷവും തോന്നിയില്ല. കാരണം താൻ ഇനി പഠിക്കുന്നില്ല എന്ന കണ്ണന്റെ തീരുമാനമായിരുന്നു.അവനെ നഗരത്തിലെ കോളേജിലയച്ച് പഠിപ്പിക്കാനുള്ള കഴിവൊന്നും അവന്റെ അച്ഛനുണ്ടായിരുന്നില്ല.സങ്കടത്തോടെയാണ് അന്നവൾ സ്കൂളിൽ നിന്ന് മടങ്ങിയത്.

കാത്തുവിന് കോളേജിൽ അഡ്മിഷൻ കിട്ടി. പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് ആണവൾക്ക് ലഭിച്ചത്. കോളേജിൽ പോകാൻ അവൾക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.കണ്ണനില്ലാത്ത ക്ലാസിൽ താനെങ്ങനെ..ആ ചിന്തയാണ് അവളുടെ മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നത്.

കോളേജിലെ ആദ്യ ദിനം.

അപരിചിതരായ കുട്ടികളുടെ ഇടയിൽ മരവിച്ച മനസോടെ ഇരിക്കുമ്പോഴാണ് അവിശ്വസനീയമായ ഒരു കാഴ്ച അവൾ കണ്ടത്.

കയ്യിൽ രണ്ട് നോട്ട്ബുക്കും പിടിച്ച്, പരിഭ്രമം നിറഞ്ഞ മുഖഭാവത്തോടെ ക്ലാസിലേക്ക് കയറി വരുന്ന വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ.അതെ പണ്ട് അച്ഛന്റെകൈയും പിടിച്ച് ആ പഴയ അഞ്ചാം ക്ലാസിലേക്ക് കയറി വന്ന ആ കുട്ടി തന്നെ.കണ്ണൻ....!

കാത്തു അത്യാഹ്ലാദത്തോടെ അവന്റെ അരികിലേക്ക് ഓടിച്ചെന്നു.അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായിരുന്നില്ല. "നീ കോളേജിലിലേക്കില്ലാന്ന് പറഞ്ഞിട്ട്...?"

അപ്പോൾ കണ്ണൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കണ്ണൻ ഇനി പഠിക്കാൻ പോകണ്ട എന്ന് തന്നെയായിരുന്നു അവന്റെ അച്ഛന്റെ തീരുമാനം. കോളേജ് ഫീസ്, സ്ഥിരം പോയി വരാനുള്ള ബസ് ചാർജ്ജ്, പഠന സാമഗ്രികൾ വാങ്ങാനുള്ള പണം ഇതൊന്നും ആ പാവത്തിന്റെ കൊക്കിലൊതുങ്ങുന്നതായിരുന്നില്ല. നല്ല മാർക്കിൽ പാസായിട്ടും കണ്ണൻ ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന വിവരം നാട്ടിലാകെ പടർന്നു.അങ്ങനെയിരിക്കെ നാട്ടിലെപ്രമാണിയും, പൊതുകാര്യങ്ങളിൽ ഇടപെടുന്നവനും, പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ഒരു മടിയില്ലാത്തവനുമായ മാധവൻ അവന്റെ വീട്ടിലെത്തിയത്. കണ്ണന്റെ എല്ലാപഠന ചിലവുകളും താൻ വഹിച്ചു കൊള്ളാമെന്നും അവനെ കോളേജിലയക്കണമെന്നും കണ്ണന്റെ അച്ഛനോട് ആവശ്യപ്പെട്ടത്.അങ്ങനെയാണ് തുടർന്ന് പഠിക്കാമെന്നുള്ള ഒരു പ്രതീക്ഷയുമില്ലാതിരുന്ന കണ്ണന് കോളേജിലേക്ക് എത്താനായത്.

" കാത്തു.. നിന്റെ അച്ഛൻ എന്റെ കൺകണ്ട ദൈവമാണ്..അദ്ദേഹത്തിന്റെ നല്ല മനസാണ് പ്രതീക്ഷയസ്തമിച്ച എനിക്ക് ഒരു പുതു ജീവൻ തന്നത്. ഞാനിത് മരിച്ചാലും മറക്കില്ല" കണ്ണൻ പറഞ്ഞു.

അതെ കാത്തുവിന്റെ അച്ഛനായിരുന്നു കണ്ണന്റെ സ്പോൺസർ . മാധവൻ. നാട്ടുകാരുടെ മാധവേട്ടൻ.

കാത്തുവിന് തന്റെ അച്ഛനെയോർത്ത് അഭിമാനവും സന്തോഷവും തോന്നി. അച്ഛൻ തന്റെ കണ്ണനെ തന്നോട് ചേർത്തിരിക്കുന്നു.

പക്ഷേ കാത്തുവിന് പിന്നേടാണ് ഒരു കാര്യം മനസിലായത് അച്ഛന്റെ ഇടപെടൽ തന്റെ പ്രണയത്തിന്റെ കടക്കലെ കോടാലിയായിരുന്നു എന്ന്. തന്റെ പ്രണയം കണ്ണനോട് പറയാൻ സെക്കൻഡ് പ്രീഡിഗ്രി വരെ കാത്തിരുന്നു. കോളേജിൽ നടന്ന ഓണാഘോഷത്തിനിടക്ക് അവൾ കണ്ണനോട് തന്റെപ്രണയം തുറന്ന് പറഞ്ഞു.

അവൻ പറഞ്ഞു:നീയിതെന്നാണ് പറയുന്നതെന്ന് ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. നീ പണക്കാരിയാണ്... ഞാനൊരു ദരിദ്രനും..നമ്മൾ തമ്മിൾ ചേരില്ല കാത്തു..

പഠിത്തം കഴിഞ്ഞ് നമുക്ക് രണ്ട് പേർക്കും ജോലി കിട്ടുമല്ലോ..അപ്പോൾ കൈയിൽ കാശ് വരുമല്ലോ...അപ്പോ മതി കല്യാണം.. കാത്തു പ്രതീക്ഷയോടെ അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.

എന്റെ പഠിത്തവും ജോലിയും അതിൽ നിന്നു കിട്ടുന്ന പണവുമൊക്കെ നിന്റെ അച്ഛൻ എനിക്ക് തന്ന ദാനമല്ലേ...ആ നല്ല മനുഷ്യന്റെ മനസ് വേദനിപ്പിക്കാൻ എനിക്ക് വയ്യ.അങ്ങനെ ചെയ്താൽ എന്റെ മനസിന് ഒരിക്കലും സ്വസ്ഥത കിട്ടില്ല.

അച്ഛനെ ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം..അവൾ കെഞ്ചി:എന്നെ ഒഴിവാക്കല്ലേ കണ്ണാ..

പക്ഷേ കാത്തു പറഞ്ഞതൊന്നും അവന്റെ ചെവിയിൽ കയറിയില്ല. തന്നെ സഹായിച്ച ആ നല്ല മനുഷ്യനെ ചതിക്കാൻ അവന് കഴിയുമായിരുന്നില്ല.

പിന്നെ എത്രയോ നാൾ അവനെത്തന്നെ മനസിൽ പ്രതിഷ്ഠിച്ച് അവന്റെ പിന്നാലെ നടന്നു...അവൾ ഓർത്തു: അവന്റെ മനസിൽ നന്ദിയും കടപ്പാടും മാത്രമായിരുന്നു.ഇന്നലെ സെക്കന്റ് പ്രീഡിഗ്രിയിലെ അവസാന പരീക്ഷയായിരുന്നു. കണ്ണനെ കണ്ടപ്പോൾ ഇന്ന് അമ്പലത്തിൽ വരണമെന്നും തനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞതാണ്. കണ്ണൻ വന്നില്ലെങ്കിൽ പിന്നെ കണ്ണനെന്നെ കാണില്ല എന്ന് താൻ തീർത്തു പറഞ്ഞു. പക്ഷേ അവൻ വന്നില്ല.അവന്റെ മനസ് കരിങ്കല്ലാണ്.അവിടെ തനിക്കായി പ്രണയത്തിന്റെ പൂവുകൾ വിരിയുകയില്ല.അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.അവൾ ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി. വർഷങ്ങളായി വേദനിപ്പിക്കുന്ന ഹൃദയത്തിലെ ആ മുറിവ് ഇന്നോടെ ഉണങ്ങണം. എല്ലാം അവസാനിപ്പിച്ച് സ്വസ്ഥമായി ഇനി ഒന്നുറങ്ങണം. ഒരിക്കലും ഉണരാത്ത ഉറക്കം.

ആ ബസ് ഹോൺ മുഴക്കി അതിവേഗതയിൽ പാഞ്ഞു കൊണ്ടിരുന്നു. നഗരത്തിലേക്ക്.....

അവളോ...? മരണത്തിലേക്കും....!
                           (തുടരും...)