Uchakkanji books and stories free download online pdf in Malayalam

ഉച്ചക്കഞ്ഞി 

ഉച്ചക്കഞ്ഞി

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അസിസ്റ്റന്റ് എച് എം ആയ പപ്പനാവന്‍ മാഷ്‌ ഒരു പുതിയ പരിപാടി കൊണ്ടു വന്നു. എല്ലാ കുട്ടികളും വീട്ടില്‍ നിന്ന് കഴിയുന്നത്ര അരി മറ്റു സാധനങ്ങള്‍ കൊണ്ടു വരിക. അതെല്ലാം ഒന്നിച്ചു കൂട്ടി അധ്യാപകരുടെ വക ഷെയറും കൂടി കൂട്ടി, സ്കൂള്‍ ഫണ്ടില്‍ നിന്നും കുറച്ചു രൂപ എടുത്തു ഒരു ഉച്ചക്കഞ്ഞി പരിപാടി. അതും പാവപ്പെട്ട കുട്ടികള്‍ക്ക് മാത്രം.

പിരിവു നന്നായി കിട്ടി. അയ്യപ്പന്‍ എന്ന വാച്മാനെ കഞ്ഞി ഉണ്ടാക്കി സപ്ലൈ ചെയ്യാനും ഏർപ്പാടാക്കി. പിന്നെ അതിനു യോഗ്യത ഉള്ള കുട്ടികളെ സെലക്ട്‌ ചെയ്യുന്ന പരിപാടി ആയി. ഓരോ ക്ലാസ്സിലും അയ്യപ്പന്‍ ചേട്ടന്‍ നോട്ടീസുമായി നടന്നു.

ചില ക്ലാസ്സില്‍ നിന്നും ആരും ചേര്‍ന്നില്ല ചിലതില്‍ നിന്ന് ഒന്ന് അല്ലെങ്കില്‍ രണ്ടു കുട്ടികള്‍ അങ്ങനെ എന്റെ ക്ലാസ്സിലും എത്തി. അപ്പോള്‍ തുന്നല്‍ പഠിപ്പിക്കുന്ന സുലോ ടീച്ചര്‍ ആയിരുന്നു ക്ലാസ്സിൽ. ആരൊക്കെയാ പേരു കൊടുക്കുന്നത് എന്ന് ചോദിച്ചതും ഞാന്‍ കൈ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ മറ്റാരും ചേര്‍ന്നില്ല.

സുലോ ടീച്ചര്‍ക്ക് അത് തീരെ പിടിച്ചില്ല. ഇത് പാവപ്പെട്ട കുട്ടികള്‍ക്കുള്ളതാണ് എന്റെ പേര് കൊടുക്കാന്‍ പറ്റില്ല എന്നായി ടീച്ചര്‍. നിന്റെ തറവാടിനു തന്നെ നാണക്കേട്‌ എന്നിങ്ങനെ പലതും പറഞ്ഞു ടീച്ചര്‍ എന്നെ നിരുല്സാഹപ്പെടുത്താന്‍ തുടങ്ങി.

പക്ഷെ തറവാട്ട് മഹിമ മാത്രേ ഉള്ളു, എന്നും ഉച്ചപ്പട്ടിണി ആണെന്ന കാര്യം എനിക്കല്ലേ അറിയൂ. അതുകൊണ്ട്
ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പിന്നെ കളിയാക്കല്‍ ആയി. കുട്ടികള്‍ എല്ലാം ആര്‍ത്തു ചിരിച്ചു.

ഞാന്‍ ഏറ്റവും ചമ്മിപ്പോയ നിമിഷം. എന്തായാലും പേര് കൊടുക്കണം എന്ന് തന്നെ ഞാന്‍ പറഞ്ഞു. അവസാനം മനസ്സില്ലാ മനസ്സോടെ ടീച്ചര്‍ എന്റെ പേര് എഴുതി. അയ്യപ്പന്‍ ചേട്ടന്‍ സന്തോഷത്തോടെ എന്റെ നേര്‍ക്ക്‌ ഒരു നോട്ടമയച്ചു ക്ലാസ്സില്‍ നിന്നുപോയി.

"ഇതിനു നീ അനുഭവിക്കും" ടീച്ചര്‍ പറഞ്ഞു.

"ഇനി എന്താനുഭവിക്കാനാ" എന്നായിരുന്നു എന്റെ മനോഗതപ്പോള്‍.

പക്ഷെ ഞാന്‍ എടുത്ത തീരുമാനം, ഉച്ചപ്പട്ടിണി കിടക്കുന്നതിനേക്കാള്‍ വിഷമം പിടിച്ചതാകുമെന്നു എനിക്കറിയില്ലായിരുന്നു.

സുലോചന എന്ന് പേരുള്ള സുലോ ടീച്ചര്‍ ക്ലാസ്സ് കഴിഞ്ഞു പോയതും എന്റെ മനസ്സില്‍ വല്ലാത്തൊരു ഭയം അലയടിക്കാന്‍ തുടങ്ങി. സുലോ ടീച്ചര്‍ക്ക്‌ എന്റെ വീട്ടിലെ പലരെയും അറിയാം. എപ്പോഴെങ്കിലും വഴിയില്‍ വെച്ച് ഇക്കാര്യം പറയുമോ ?

പറഞ്ഞാല്‍ പിന്നെ ഭിക്ഷ കിട്ടിയതുമില്ല, പട്ടി കടിക്കുകയും ചെയ്തു എന്ന് പറഞ്ഞ പിച്ചക്കാരന്റെ അവസ്ഥ ആകും. എന്തായാലും സുലോ ടീച്ചര്‍ അങ്ങിനെ പറഞ്ഞെങ്കിലും എനിക്ക് പാര പണിഞ്ഞില്ല. പൊതുവേ ആ ടീച്ചര്‍ക്ക്‌ എന്നെ വലിയ കാര്യമാണ്. ചിലപ്പോള്‍ അതായിരിക്കാം.

അടുത്ത തിങ്കളാഴ്ച ആണ് കഞ്ഞി പരിപാടി ഉദ്ഘാടനം. പപ്പനാവന്‍ മാഷ്‌ തന്നെയാണ് ഉത്ഘാടകന്‍. ഇനിയും മൂന്നു ദിവസങ്ങള്‍ മാത്രം. ഉച്ചക്കഞ്ഞിക്ക് പേര് കൊടുത്തവര്‍ എല്ലാം പാത്രം കൊണ്ട് വരണം എന്ന നോട്ടീസ് വന്നു. അടുത്ത കടമ്പ അതായി.

തറവാട്ടില്‍ ചെന്ന് പറഞ്ഞാല്‍ അതോടെ കഞ്ഞിപ്പരിപാടി തീര്‍ന്നു. അമ്മാവന്മാരെല്ലാം കൂടി കടിച്ചു കീറാന്‍ വരും. കുടുംബത്തിനു നാണക്കേട്‌ എന്ന് പറഞ്ഞു. ആരും അറിയാതെ ഒരു തൂക്കു പാത്രം അവിടന്ന് അടിച്ചുമാറ്റി ദിവസവും സ്കൂളില്‍ കൊണ്ടുവരാനും ബുദ്ധിമുട്ട്.

സ്കൂള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തൊന്നും പോവാതെ ഞാന്‍ ഇതിനെപ്പറ്റി ആലോചിച്ചു തല പുകയ്ക്കുമ്പോള്‍ ഭഗവാന്റെ രൂപത്തില്‍ റസിയാത്ത എന്ന് ഞാന്‍ വിളിക്കുന്ന റസിയ എത്തി..എന്റെ ക്ലാസ്സ്മേറ്റ്.

"എടാ എന്ത് പറ്റി. എന്താ അന്റെ മോത്തൊരു വാട്ടം "

ഞാന്‍ കാര്യം പറഞ്ഞപ്പോള്‍. ഓ ഇതാണോ കാര്യം എന്ന മട്ടില്‍ റസിയാത്ത ഒരു തൂക്കു പാത്രം കൊണ്ട് തരാം എന്ന് ഏറ്റു. റസിയാത്ത എന്നും അങ്ങിനെയാണ്, അറിഞ്ഞു വന്നു സഹായിക്കും. സഹോദരങ്ങള്‍ ഇല്ലാത്ത അവര്‍ക്ക് ഞാന്‍ അനിയന്‍ ആയിരുന്നു. പക്ഷെ ക്ലാസ് മേറ്റ് ആയിക്കഴിഞ്ഞപ്പോള്‍ പരസ്യമായി റസിയാത്ത എന്ന് വിളിക്കാനൊരു മടിയായിരുന്നു.

പാത്രത്തിന്റെ ആ പ്രശ്നവും തീര്‍ന്നിട്ടും ദിവസം അടുക്കുന്തോറും ഒരു ബേജാറ്. സത്യത്തില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നല്‍. പിന്നീടുള്ള മണിക്കൂറുകള്‍ക്കു പോലും ഒരു പാട് ധൈര്ഘ്യമുള്ളതായി തോന്നി. പറഞ്ഞു പറഞ്ഞു ആ സുദിനം എത്തി.

അന്ന് നേരത്തെ തന്നെ സ്കൂളില്‍ എത്തി. റസിയാത്ത കൊണ്ട് വന്ന തൂക്കു പാത്രം കൈപ്പറ്റി. ഉച്ചയാവാന്‍ കാത്തിരുന്നു. ഉച്ചക്കുള്ള ബെല്‍ അടിച്ചതും സീറ്റില്‍ നിന്നും പാത്രവുമായി ആരെയും നോക്കാതെ ഇറങ്ങുകയായിരുന്നു അപ്പോഴാണ്‌ തടിയന്‍ പുട്ട് ജനാർദ്ദനന്റെ കമെന്റ്

"കണ്ടോ ഓരോരുത്തര് ഓസിനു കഞ്ഞി കുടിക്കാന്‍ പോണ്"

അത് കെട്ടതേ മറ്റു കുട്ടികൾ വലിയ തമാശ കേട്ടതുപോലെ ആർത്തു ചിരിച്ചു. കാലുകള്‍ ചങ്ങലപ്പൂട്ടിട്ടപോലെ നിന്നു. തുടക്കത്തിലേ അപശകുനം. അവിടെയും റസിയാത്ത ഓടിയെത്തി

"അനക്ക് ബേണെങ്കില് പുട്ടെ ജ്ജും പോയി കുടിച്ചെടാ ഓസിനു കഞ്ഞി "

അതോടെ പുട്ട് ഒതുങ്ങി. റസിയാത്തയെ വളരെ പേടിയാണ് പുട്ടിന്. നാക്കിന് എല്ലില്ലാത്ത പെണ്ണ് എന്നാണു അവന്‍ പറയാറുള്ളത്. ചീത്ത വിളിക്കാന്‍ തുടങ്ങിയാല്‍ അവന്റെ ചെവി പോട്ടിപോവുന്ന തെറിവിളിച്ചു കളയും. ക്ലാസ്സിലെ വലിയ ഉസ്താദ് ആയി നടക്കുന്ന അവനു അത് ക്ഷീണമാണ്.

അതുകൊണ്ട് തന്നെ അവന്‍ മിണ്ടാതെ പിന്‍വലിഞ്ഞു. അവനു പുട്ട് എന്ന് പേര് വീഴാന്‍ ഒരു കാരണമുണ്ട്. ഒരിക്കല്‍ അവന്‍ ക്ലാസ്സില്‍ കുഴഞ്ഞു വീണു. ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്‍ മുഖത്ത് കുറച്ചു വെള്ളം കുടഞ്ഞപ്പോള്‍ അവന്‍ കണ്ണ് തുറന്നു. എന്നിട്ടും പഴയ പടി കുഴഞ്ഞു കിടന്നു. അപ്പോള്‍ മാഷ്‌ പറഞ്ഞു

"ആരെങ്കിലും പോയി ഒരു പാല്‍ ചായ വാങ്ങിക്കൊണ്ടുവാ" എന്ന്.

ഉടനെ അവന്‍ തല പൊക്കി പറഞ്ഞു

"കൂടെ രണ്ടു പുട്ടും കൂടെ"

അതോടെ അവനു പുട്ട് എന്ന പേര് വീണു

സംഭവസ്ഥലത്ത് ചെന്നപ്പോള്‍ കണ്ടു വാഴയില കൊണ്ട് വന്നു മുറിച്ചു കഷങ്ങള്‍ ആക്കി അതില്‍ തോരനും മറ്റു കറികളും അച്ചാറും എല്ലാം വിളമ്പി വെച്ചിരിക്കുന്നു. ഇനി ലൈനില്‍ നിന്ന് കഞ്ഞി വാങ്ങിയാല്‍ മതി. അന്ന് പപ്പനാവന്‍ മാഷാണ് എല്ലാവര്ക്കും വിളമ്പി കൊടുക്കുന്നത്, അസിസ്റ്റന്റ്‌ ആയി അയ്യപ്പന്‍ ചേട്ടനും.

8 9 10 ക്ലസ്സുകളെ പ്രതിനിധീകരിച്ചു അന്ന് ആകെ എത്തിയത് ഞാന്‍ മാത്രം. മറ്റെല്ലാം കൂടി 5 പേര്‍ ചെറിയ ക്ലാസ്സില്‍ ഉള്ളവര്‍. പക്ഷെ പപ്പനാവന്‍ മാഷ്‌ "മിടുക്കന്‍ " എന്ന് പറഞ്ഞു പുറത്തു തട്ടി അനുമോദിച്ചു. നീ അതിനു ധൈര്യം കാണിച്ചല്ലോ എന്ന് പറഞ്ഞു. അതൊരു ആശ്വാസമായി.

ക്രമേണ മടി മാറി, അപ്പോഴേക്കും കൂടുതല്‍ പേര്‍ മെമ്പര്‍ ആയി വരാന്‍ തുടങ്ങി. എന്നും ഉച്ചക്കഞ്ഞി കുടി കഴിഞ്ഞാല്‍ പാത്രം ഞാന്‍ സ്കൂളിനടുത്തുള്ള ഒരു പൊന്തക്കാട്ടില്‍ ആരും കാണാതെ ഒളിപ്പിച്ചു വെയ്ക്കും..രാവിലെ വന്നു എടുത്തു ക്ലാസ്സില്‍ വെയ്ക്കും...വീട്ടില്‍ കൊണ്ടോവാന്‍ പറ്റില്ലല്ലോ.

കാര്യങ്ങള്‍ അങ്ങിനെ ഭംഗിയായി പോയപ്പോള്‍ ഒരു ദിവസം ഞാന്‍ പാത്രം എടുക്കാന്‍ ചെന്നപ്പോള്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്ത് ഇല്ല. ആരോ അടിച്ചു മാറ്റിയിരിക്കുന്നു. അല്ലെങ്കില്‍ എടുത്തു കളഞ്ഞിരിക്കുന്നു. ആരോട് ചോദിക്കും. അന്ന് വിഷമിച്ചിരിക്കുമ്പോള്‍ റസിയാത്ത ചോദിച്ചു:

"ഇന്നെന്തു പറ്റിയെടാ"

റസിയാത്ത തന്ന പാത്രം കളഞ്ഞു പോയി എന്ന് എങ്ങനെ പറയും, പക്ഷെ കാര്യം അറിഞ്ഞപ്പോള്‍ അവര് സമാധാനിപ്പിച്ചു.

"പോട്ടെടാ ഏതോ തന്തല്ലാത്ത ബലാല് ചെയ്തതാകും. ജ്ജ് അയ്യപ്പന്‍ ചേട്ടനോട് ചെന്ന് പറ ഇന്നക്ക് ഒരു പാത്രം ഒപ്പിച്ചു തരാന്‍."

അതൊരു ആശ്വാസമായി തോന്നി. അയ്യപ്പന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍ കാര്യം ഈസി.

"എന്റെ കയ്യില്‍ രണ്ടു പിഞ്ഞാണം ഉണ്ട്, ഒന്ന് നീ എടുത്തോ. എന്നും കഴുകി ഇവിടെത്തന്നെ വെച്ചാല്‍ മതി"

എന്ന് പറഞ്ഞു. ഓരോ പ്രശ്നത്തിലും ആരെങ്കിലും ഒക്കെ സഹായത്തിനെത്തുന്നു.

പിന്നീട് ഞാന്‍ അറിഞ്ഞു അത് പുട്ട് ജനാര്ദ്ധനന്‍ ഒപ്പിച്ച പരിപാടി ആണ് എന്ന്. പക്ഷെ തെളിവൊന്നും ഇല്ലല്ലോ. ഞാന്‍ മൌനം പാലിച്ചു. ഒരു ദിവസം അത്ഭുതം പോലെ ആ പാത്രം തിരിച്ചു എന്റെ ക്ലാസ്സില്‍ എത്തി. ആരു കൊണ്ട് വന്നു വെച്ചു എന്നറിയില്ല. ഞാന്‍ കിട്ടിയ ഉടനെ തന്നെ പാത്രം റസിയാത്തയെ ഏല്‍പ്പിച്ചു. ആരും പുട്ടിനോട് ചോദിച്ചില്ല.

പക്ഷെ റസിയാത്ത പുട്ടിനെ നോക്കി ഉറക്കെ ഇത്രയും പറഞ്ഞു.:

"കുട്ട്യാള് ആകുമ്പോ പാത്രം കക്കലും പിന്നെ കൊണ്ട് കൊടുക്കലും ഒക്കെ സാദാരണ്യാ ...അല്ലെ പുട്ടേ ..."

കുട്ടികൾ ആർത്തു ചിരിച്ചു. അതോടെ ചമ്മിപ്പോയ പുട്ട് തല താഴ്ത്തി ഡെസ്കിൽ തല പൂഴ്ത്തി ഇരുന്നു. അപ്പോഴും കുട്ടികളുടെ കൂട്ടച്ചിരിയുടെ അലകൾ മുഴങ്ങിക്കൊണ്ടിരുന്നു.