Read Kamadhenu - Part 1 by Venu G Nair in Malayalam Fiction stories | മാതൃഭാരതി

കാമധേനു - ലക്കം 1

കാമധേനു - (ഒന്നാം ഭാഗം)
*****************************

"കുഞ്ഞിമാളൂ " എന്ന മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കേട്ടാല്‍ എത്ര ദൂരെയാണെങ്കിലും കുഞ്ഞിമാളുപ്പശു ചെവി വാട്ടം പിടിക്കും.

ഉടന്‍ മറുപടിയും കൊടുക്കും

"മ്പേ ... ".

അത്രക്കും ഒരു ആത്മ ബന്ധമായിരുന്നു മുത്തശ്ശിയുമായി. എനിക്ക് ഓർമ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് കുഞ്ഞിമാളുപ്പശുവിനെ. അന്ന് യവ്വനം ആസ്വദിക്കുന്ന ഒരു സുന്ദരിപ്പശു തന്നെയായിരുന്നു കുഞ്ഞി മാളു.

അഴകാര്‍ന്ന കൊമ്പ്, പാലു പോലെ വെളുത്ത നിറം, നെറ്റിയില്‍ വട്ടത്തില്‍ പൊട്ടുപോലെ തോന്നിക്കുന്ന ബ്രൌണ്‍ കളറില്‍ ഒരു അടയാളം, കൊഴുത്ത ആരോഗ്യമുള്ള ശരീരം, ഇതൊക്കെത്തന്നെ കുഞ്ഞി മാളുവിനെ ഞങ്ങളുടെ തറവാട്ടു വീട്ടിലെ തൊഴുത്തിലുള്ള മറ്റു പശുക്കളില്‍ നിന്നെല്ലാം വേറിട്ട്‌ നിര്‍ത്തിയിരുന്നു.

കന്നു പൂട്ടനായി വാങ്ങിയ രണ്ടു മൂരിക്കുട്ടന്മാരും ഒന്ന് രണ്ടു മെലിഞ്ഞ പശുക്കളും ആണ് കുഞ്ഞി മാളുവിനെക്കൂടാതെ അന്നത്തെ ആ തൊഴുത്തിലെ അന്തേവാസികള്‍.

സമീപവാസികളുടെയെല്ലാം കാലിക്കൂട്ടങ്ങളെ അന്ന് നാരായണന്‍ എന്നൊരു പയ്യനാണ് നോക്കിയിരുന്നത്. ആ കാലിക്കൂട്ടങ്ങളില്‍ ഏറെ തിളങ്ങി നിന്നിരുന്നു കുഞ്ഞിമാളു.

കുഞ്ഞി മാളുവിന്റെ ആദ്യ പ്രസവം ഒരു ആഘോഷം തന്നെയായിരുന്നു തറവാട്ടില്‍. ഒരു ചെറിയ പശുക്കുട്ടിയെ പ്രസവിച്ചു. ഞങ്ങളെല്ലാം അതിനെ കാണാന്‍ വട്ടമിട്ടു നിന്നു. മുത്തശ്ശിയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പിന്നെ പത്തു പതിനാലു ദിവസം പ്രത്യേക പരിചരണങ്ങള്‍ ആണ്.

ഞങ്ങള്‍ കുട്ടികള്‍ ആരും പശുവിന്റെ അടുത്തെങ്ങും പോകാന്‍ സമ്മതിക്കില്ല. പതിനഞ്ചു കഴിഞ്ഞാണ് പശുവിനെ കറക്കാന്‍ തുടങ്ങുന്നത്. മുത്തശ്ശി എന്നോട് പറയും

"കുട്ടാ ഇത്തിരി പുല്ലരിഞ്ഞോ ട്ടോ ". മുത്തശ്ശി കുട്ടാ എന്നാണു എന്നെ വിളിച്ചിരുന്നത്. പിന്നെ ഓട്ടമായി പാടത്ത് വരമ്പത്ത് തഴച്ചു വളര്‍ന്ന പുല്ലരിഞ്ഞു കെട്ടാക്കി ദിവസവും കൊണ്ട് വരും.

മുത്തശ്ശി നേരത്തെ തന്നെ കുശവന്മാരുടെ കയ്യില്‍ നിന്നും പാകത്തിനുള്ള മണ്ണ് കൊണ്ടുള്ള പാല്‍ കലവും തൈര് സൂക്ഷിക്കാനുള്ള കലങ്ങളും ഒക്കെ വാങ്ങി വെച്ചിരുന്നു. കെട്ടിത്തൂക്കിയ രണ്ടു ഉറികളില്‍ ഒന്നിന് മുകളില്‍ ഒന്നായി പാല്‍ കലങ്ങളും തൈര് കലങ്ങളും സൂക്ഷിച്ചിരുന്നു..

പശുവിനെ കറക്കാന്‍ മുത്തശ്ശി തന്നെ വേണമായിരുന്നു. മറ്റാര് അടുത്ത് ചെന്നാലും കുഞ്ഞി മാളു പുറം കാലു കൊണ്ട് തൊഴിക്കും.

ഞങ്ങളെയൊക്കെ പലപ്പോഴും പേടിപ്പിച്ചു ഓടിച്ചിട്ടുണ്ട് കുഞ്ഞി മാളു. പാല് കിട്ടാന്‍ തുടങ്ങിയതില്‍ പിന്നെ ദിവസവും രാവിലെ "ക്ലേ ക്ലേ.ക്ലേ ക്ലേ" എന്ന ശബ്ദം കേള്‍ക്കാം. മുത്തശ്ശി തൈര് കലത്തില്‍ കടകോലിട്ടു തൈര് കലക്കുകയാണ്.

അവിടത്തെ മോരും വെള്ളം വളരെ പ്രസിദ്ധമായിരുന്നു. ഉപ്പും പച്ചമുളകും നാരകത്തിന്റെ ഇല ഒക്കെ ഇട്ടു ഒരു പ്രത്യേക ടെയ്സ്റ്റില്‍ മുത്തശ്ശി ഉണ്ടാക്കുന്ന മോരും വെള്ളം കുടിക്കാനായി പല നാട്ടുകാരും വരുമായിരുന്നു. അടുക്കള ലോഹ്യം പറയാനെത്തുന്ന നാട്ടുകാര്‍ക്ക് മുത്തശ്ശി കൊടുക്കുന്ന ഒരു കോംപ്ലിമെന്ററി പാനീയം.

ഒരിക്കല്‍ കാളക്കുട്ടന്മാരോടുള്ള ശണ്ഠ കൂടലില്‍ കുഞ്ഞിമാളുവിന്റെ കൊമ്പു രണ്ടും കടക്കല്‍ വെച്ച് തന്നെ മുറിഞ്ഞു. ചോര ഒഴുകിയാണ് തിരിച്ചു വന്നത്. പിന്നെ മരുന്നൊക്കെ വെച്ച് കെട്ടി കുറച്ചു ദിവസം കൊണ്ട് പഴയ പോലെയായി. പക്ഷെ ആ പക തീര്‍ത്തത് കുഞ്ഞിമാളുവും കൂടെയുള്ള മൂരിക്കുട്ടന്മാരും കൂടിയാണ്.

അവര്‍ എതിരാളികളെ നിർദ്ദാക്ഷിണ്യം കുത്തി മലര്‍ത്തി. പിന്നെ കൊമ്പില്ലാത്ത കുഞ്ഞി മാളു ആ വീടിന്റെ അലങ്കാരമായി. വര്‍ഷങ്ങള്‍ പിന്നിട്ടപോള്‍ മൂരിക്കുട്ടന്‍മാരെ വിറ്റു. കുഞ്ഞി മാളു പല പ്രാവശ്യം പ്രസവിച്ചു. മദ്ധ്യ വയസ്സും വിട്ടു വാര്‍ദ്ധക്യത്തിനടുത്തെത്തി. അന്നും ആ വീടിനെ സേവിച്ചു കൊണ്ടേ ഇരുന്നു കുഞ്ഞി മാളു.

ഒരിക്കല്‍ ഒരു വലിയ തോടിന്റെ കരയില്‍ പുല്ലു തിന്നു കൊണ്ട് നില്‍ക്കുകയായിരുന്നു കുഞ്ഞി മാളു. കൂടെ അടുത്ത് പ്രസവിച്ച ഒരു പശുക്കുട്ടിയുമുണ്ട്.

ദൂരെ ഒരു പക്ഷിയുടെ ശബ്ദം കേട്ടു.

"കൊക്കോ കൊക്കൊക്കോ " ഞങ്ങള്‍ അതിനൊപ്പം പാടി

"അച്ഛന്‍ കൊമ്പത്ത്" വീണ്ടും പക്ഷിയുടെ ശബ്ദം

"കൊക്കോ കൊക്കൊക്കോ "
അപ്പോള്‍ ഞങ്ങള്‍ പാടി.

"അമ്മ വരമ്പത്ത് "

ഇങ്ങനെ പക്ഷിയുടെ ശബ്ദത്തിനൊത്ത് ഞങ്ങളും പാടിക്കൊണ്ടിരിക്കുകയാണ്.

പൊടുന്നനെ ഒരു ശബ്ദം കേട്ടു. മഴ പെയ്തു സമീപത്തുള്ള ആ തോട് നിറഞ്ഞൊഴുകുന്ന സമയം. രണ്ടു മൂന്നാള്‍ക്ക് വെള്ളമുണ്ട് ആ തോട്ടില്‍ അപ്പോള്‍. നല്ല ഒഴുക്കും. അരികു പറ്റി ഓടിച്ചാടി കളിച്ചിരുന്ന പശുക്കുട്ടി ആ തോട്ടിലെ വെള്ളത്തിലേക്ക്‌ വീണ ശബ്ദമാണ് കേട്ടത്.

പശുക്കുട്ടി വെള്ളത്തില്‍ നിന്ന് കരയുന്ന ശബ്ദം കേട്ട് പശു അങ്ങോട്ടും ഇങ്ങോട്ടും "മ്ബേ" എന്ന് കരഞ്ഞു കൊണ്ട് ഓടാന്‍ തുടങ്ങി.. .ഞങ്ങളെല്ലാം പേടിച്ചു പോയി. പശുക്കുട്ടി വെള്ളത്തിന്റെ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയും കീഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

എല്ലാവരും പകച്ചു നില്‍ക്കുകയാണ്. പശുവിന്റെ കരച്ചില്‍ കേട്ട് എന്തോ ഒരു ധൈര്യത്തില്‍ ഞാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടി. ഒപ്പമുള്ളവരെല്ലാം കരക്ക്‌ നിന്ന് ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു.

പശുക്കുട്ടി പോയത് പൊയ്ക്കോട്ടേ.തിരിച്ചു വരാന്‍ പറഞ്ഞാണ് അവരെല്ലാം മുറവിളികൂട്ടിക്കൊണ്ടിരുന്നത്. കാരണം കുറച്ചൊക്കെ നീന്തല്‍ അറിയാമെങ്കിലും ഒഴുക്കുള്ള വെള്ളത്തില്‍ ഞാന്‍ മുന്‍പ് നീന്തിയിട്ടില്ല. പോരാത്തതിന് തോട് നിറഞ്ഞൊഴുകുന്ന സമയവും.

പക്ഷെ ഞാന്‍ അതൊന്നും കേട്ടില്ല ഒഴുക്കിനൊപ്പം നീന്തി ഒരു വിധം, മുങ്ങി പൊങ്ങുന്ന പശുകുട്ടിക്കൊപ്പം എത്തി. അതിന്റെ കഴുത്തിലെ വടത്തില്‍ പിടുത്തം കിട്ടി. കരയിലൂടെ കരഞ്ഞുകൊണ്ട്‌ തള്ളപ്പശു ഒപ്പം ഓടുന്നുണ്ടായിരുന്നു.

ഒറ്റകൈ കൊണ്ട് തുഴഞ്ഞു കൈകള്‍ കുഴഞ്ഞു തുടങ്ങിയിരുന്നു. ഭാഗ്യത്തിന് ഒരു തടികഷണം ഒഴുകിവന്നതില്‍ പിടിച്ചു. പശുക്കുട്ടിയുടെ തല മാത്രം അതിനു മുകളിലാക്കി ഇക്കരെ തന്നെ അടുക്കാന്‍ വേണ്ടി തുഴയാന്‍ തുടങ്ങി. കുറെ താഴെഎത്തി ഒരു വള്ളിയില്‍ പിടുത്തം കിട്ടി. അതില്‍ തൂങ്ങികൊണ്ട് തന്നെ ഒരു വിധത്തില്‍ പശുക്കുട്ടിയെ ഉന്തി തള്ളി എങ്ങനെയൊക്കെയോ കരക്ക്‌ കയറ്റി.

പക്ഷെ കൈകള്‍ ക്ഷീണിച്ചു എനിക്ക് കരയ്ക്ക്‌ കയറാന്‍ പറ്റുന്നില്ല. അപ്പോള്‍ കണ്ടു തള്ളപ്പശു കരക്ക്‌ നിന്ന് കൊണ്ട് അതിന്റെ മുന്‍കാലുകള്‍ നീട്ടിത്തരുന്നു പിടിച്ചു കയറാന്‍. ആ കാലില്‍ പിടിച്ചു കയറാന്‍ കഴിയില്ല എന്നറിയാമെങ്കിലും തള്ളപ്പശുവിന്റെ ആ സ്നേഹം കണ്ടപ്പോള്‍ എങ്ങനെയോ ഒരു ധൈര്യം കിട്ടി,

വള്ളിയില്‍ തൂങ്ങിത്തന്നെ വളരെ ബുദ്ധിമുട്ടി കരക്ക്‌ കയറാന്‍ ശ്രമിച്ചു. അപ്പോഴേക്ക് മറ്റുള്ളവരും എത്തി പിടിച്ചു കയറ്റി. ശ്വാസം കിട്ടാതെ കുറച്ചു നേരം നിലത്തിരുന്നു. ആ സമയം എല്ലാവരും എന്നെ വഴക്ക് പറയുകയായിരുന്നു.പക്ഷെ എന്റെ ഉള്ളില്‍ അപ്പോഴും സന്തോഷമായിരുന്നു. ആ പശുക്കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍.

വീട്ടില്‍ ചെന്നപ്പോഴോ അമ്മാവന്മാരും മുത്തശ്ശിയും എല്ലാം എന്റെ നേരെ യുദ്ധത്തിനു വന്നു. പക്ഷെ അപ്പോഴും ഞാന്‍ കണ്ടു കുഞ്ഞി മാളു പ്പശു നന്ദിയോടെ എന്നെ നോക്കുന്നത്. ആ കണ്ണിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. സന്തോഷത്തിന്റെ. ഉടനെ ഒരു ശബ്ദവും പുറപ്പെടുവിച്ചു

"മ്ബേ". പിറ്റേ ദിവസം മുതല്‍ ഞാന്‍ "കുഞ്ഞി മാളൂ " എന്ന് വിളിച്ചാലും എത്ര ദൂരെയാണെങ്കിലും "മ്ബേ" എന്ന മറുപടി കിട്ടാന്‍ തുടങ്ങി.

ഒരു ദിവസം വലിയമ്മാവന്‍ വന്നപ്പോള്‍ കൂടെ ബാപ്പുട്ടിക്കയും ഉണ്ടായിരുന്നു. നാട്ടിലെ അറിയപ്പെട്ട അറവുകാരനും ഇറച്ചി കച്ചവടക്കാരനും ആണ് ബാപ്പുട്ടിക്ക.

"ഈ പയ്യിനെ ഞമ്മക്ക് തന്നോളി. ഇപ്പളാണെങ്കില് ഞമ്മള് ഇരുനൂറ് ഉറുപ്യ തരും"

പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല.. കൊണ്ട് പോകുന്നത് അറക്കാനാണെന്നറിയാം. ഞാനും മുത്തശ്ശിയുടെ പക്ഷം ചേര്‍ന്ന് പറഞ്ഞു

"ഇത്രയും കാലം ഈ തറവാടിനെ സേവിച്ചില്ലേ . ഇവിടെത്തന്നെ കെടന്നു ചത്തോട്ടെ ആ പാവം ".

പിന്നീടും പലപ്പോഴും ബാപ്പുട്ടിക്ക എന്നെ കാണുമ്പോള്‍ പറയുമായിരുന്നു.

"നായരുട്ടി പറഞ്ഞാ ആ മുത്തശ്ശി കേക്കും..ഒന്ന് ശരിയാക്കണോട്ടോ. "

പക്ഷെ ഞാന്‍ ഒരിക്കലും അതിനു വഴങ്ങിയില്ല.

മനുഷരേക്കാള്‍ ഉപകാര സ്മരണ കാത്തു സൂക്ഷിക്കുന്നവരാണ് മൃഗങ്ങള്‍. മരണം വരെ ആ കടപ്പാട് അവരുടെ മനസ്സില്‍ ഉണ്ടാകും. പ്രത്യുപകാരം ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ ഒട്ടും മടിക്കാതെ തന്റെ ജീവന്‍ പോലും പണയം വെച്ച് അവ അത് നിറവേറ്റും.

ഞങ്ങളുടെ വീട്ടിലെ കാമധേനുവായ കുഞ്ഞിമാളു ഒരിക്കല്‍ പ്രത്യുപകാരം ചെയ്തു. ആ പ്രത്യുപകാരത്തിന്റെ കഥ അടുത്ത ലക്കത്തില്‍
................: ..

തുടരും

വിലയിരുത്തലും അവലോകനവും

അവലോകനം എഴുതുന്ന ആദ്യത്തെയാളാകൂ

പങ്കിട്ടു