Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

ഇടവഴിയും ഒരു രാത്രിയും


രാത്രിയുടെ അനന്ത യാമങ്ങളിൽ അയാൾ തന്റെ മൊബൈൽ വെട്ടത്തിന്റെ അകമ്പടിയിൽ മുന്നോട്ടു നടന്നു. ചീവീടുകളുടെ ചിലമ്പിച്ച ശബ്ദ ശകലങ്ങൾ അയാളോടൊപ്പം സഞ്ചരിക്കുന്നതായി അയാൾക് തോന്നി.പറഞ്ഞു കേട്ടിട്ടുള്ള അനുഭവ പ്രേത കഥകളുടെ ഓർമകൾ മനസിലേക് വന്നെങ്കിലും അതൊക്കെ കെട്ടുകഥകൾ ണെന്ന് മനസിനെ പറഞ്ഞു ഫലിപ്പിക്കുവാൻ നന്നേ പാടുപെട്ടു കൊണ്ട് അയാൾ നടന്നു. ഇടവഴിയുടെ രണ്ട് വശത്തായും കെട്ടി പൊക്കിയ കല്ലുകൾ ഇടക്ക് ഇടിഞ്ഞു വീണു കിടക്കുന്നു.മുൻപ് ഇത് പോലെ ഇടിഞ്ഞു വീണു കിടന്ന കല്ല് കൂട്ടങ്ങൾക്കിടയിൽ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച തന്റെ ചായ കട പൂട്ടി സൈക്കിളും തള്ളി വന്ന ആശാന്റെ കാലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പാമ്പിന്റെ മേലെ ചവിട്ടിയതാണ് കടിയേൽക്കാൻ കാരണം എന്നാണ് പറഞ്ഞു കേട്ടത്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് നടപ്പ്. ഒരു 100 മീറ്ററേ വഴിയരികിലെ ആ പാല മരത്തിനടുത്തേക് ഉള്ളു.മുത്തശ്ശികഥകളിൽ കൂടി കേട്ടറിഞ്ഞു തങ്ങളുടെ സ്വപ്നങ്ങളിൽ വന്നു ഭീകര സ്വരൂപിയായി വേഷം മാറി ഉറക്കം കെടുത്തുന്ന യക്ഷി. അസമയത്തു ആരെയും വഴി നടക്കാൻ അനുവദിക്കാതെ അവൾ ഒരു കാലത്ത് ഭീകരത സൃഷ്ടിച്ചിരുന്നു. പാലയുടെ അടുത്തായി കാടു പിടിച്ച പറമ്പിന്റെ അരികിലെ വടവൃക്ഷത്തിൽ പകൽ സമയം മുഴുവൻ കടിപിടി കൂടി പറക്കുന്ന വവ്വാൽ കൂട്ടങ്ങളും. രാത്രിയിലും അവറ്റകൾ ഇങ്ങനെ അപശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. വവ്വാലും നരിച്ചീരും മനുഷ്യ രക്തം കുടിക്കാറുണ്ടെന്നു പറയുന്നതിലെ പോഴത്തം പകൽ വെളിച്ചത്തിൽ ചിരിപ്പിച്ചു എങ്കിലും രാത്രിയിൽ അക്കാര്യം ഓർമിക്കാൻ കൂടി വയ്യ. .. സാധാരണ ഇത്രയും താമസിച്ചു ഇതുവഴി പോകേണ്ടി വന്നിട്ടില്ല. ലാസ്റ്റ് ബസ് കിട്ടാതെ പോയതിന്റെ ദേഷ്യം ദയവു തോന്നി ഇതുവരെ കൊണ്ടാക്കിയ ബൈക്ക്കാരനോടുള്ള നന്ദി സ്മരണയിൽ ഇല്ലാതായി. ഇടവഴിയിലൂടെ രാത്രിയിലെ സഞ്ചാരം ഒഴിവാക്കാൻ നോക്കിയെങ്കിലും ഇത് അല്ലാതെ വേറെ മാർഗം മുന്പിലില്ല. റോഡിലൂടെ നേരെ പോയാൽ കൂടുതൽ നടക്കേണ്ടി വരുമെന്നതിനാലും മഴ പെയ്താൽ നനയേണ്ടിവരുമല്ലോ എന്നോർത്തതിനാലും മാത്രമാണ് ഇത്രവലിയ സാഹസത്തിനു മുതിർന്നത്. സമയം അർദ്ധ രാത്രി 12 നോട്‌ അടുക്കുന്നു.രാത്രി 12 മണി പല സംഭവ വികാസങ്ങള്ക്കും കാരണമാകാറുണ്ട് എന്നുള്ള ചിന്ത വീണ്ടും മനസിനെ അലട്ടാൻ തുടങ്ങി.റോഡിൽ നിന്നും വീടുവരെ 15 മിനിട്ടോളം നടക്കാൻ ഉണ്ട്.
ഇരുവശങ്ങളിലും കെട്ടിപ്പൊക്കിയ കയ്യാലത്തതലപ്പുകളിൽ പണ്ട് ഇടവഴിയിലേക് ചാഞ്ഞ് നിന്ന ഇല്ലികൂട്ടങ്ങൾ ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുന്നു.ആളുകൾ വെട്ടിയെടുത്തതിനെ കുറ്റികൾ മാത്രം അവിടവിടങ്ങളിൽ ശേഷിക്കുന്നു.. പണ്ട് ഈ ഇല്ലിക്കൂട്ടങ്ങളും പ്രേത കഥകളിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു. അതുപോലെ ആ പാലയും ഇങ്ങനെ നാമാവശേഷമായിരുന്നെങ്കിൽ, അതുമാത്രം ഇന്നും ഇങ്ങനെ നിൽക്കുന്നു മാറ്റമില്ലാതെ.
ഇടുങ്ങിയ രണ്ടാൾക്കു മാത്രം ഒരുമിച്ച് നിൽക്കാൻ കഴിയുന്ന അത്ര മാത്രം വീതിയുള്ള ഇടവഴിയിലൂടെ മഴ വെള്ളം കുത്തിയൊലിച്ചു പോയതിന്റെ ചാലുകളിൽ കരിയില ഒഴുകി വന്നു അടിഞ്ഞു പുതഞ്ഞു കിടക്കുന്നു. ചവിട്ടടികൾ അതിന്റ മേലെ പതിയുമ്പോൾ ഇഴജന്തുക്കൾ അതിൽ ഉണ്ടെങ്കിലോ?? ചിന്തകൾ പലവഴി മനസ്സിൽ പാഞ്ഞു നടക്കുന്നു.
കേട്ട കഥകളിൽ മായാതെ നിൽക്കുന്ന ഏടുകളിൽ ആ ചാഞ്ഞു നിൽക്കുന്ന ഇല്ലിക്കാടുകളും അതിൽ നിന്നും കേൾക്കുന്ന അട്ടഹാസങ്ങളും ഇടവഴിക്കു സമാന്തരമായി വലതുവശത്തെ ചേമ്പിൻ കൂട്ടങ്ങൾക്കും അപ്പുറത്തു കൂടി ഒഴുകുന്ന പുഴയുടെ ആ കടവിലെ അർദ്ധ രാത്രിയിലെ അലക്കു ശബ്ദങ്ങളും രാത്രിയിൽ തീഗോളമായ് നടപ്പാതയിൽ എതിരെ വരുന്ന കൊള്ളിയാനും ആളുകളെ പേടിപ്പിച്ചോടിച്ച കാര്യങ്ങളും ഓർമയിൽ തെളിഞ്ഞു വരുന്നു. ഇങ്ങനെയൊക്കെ കേട്ടു വളർന്ന മനസിനെ അടക്കി നിർത്തുക പ്രയാസമേറിയ കടമ്പ തന്നെ ആണ്. നിർഷാർദ്ധത്തിൽ മനസിലേക്ക് കടന്നു വന്നു ഓരോന്നും.

ഓർകളിലൂടെ നടന്നത് കൊണ്ട് ചുറ്റും കടന്നു പോയ നിഴൽ കാഴ്ചകൾ ശ്രദ്ധിച്ചതേയില്ല. ഇപ്പോൾ മനസിലായിരിക്കുന്നു എവിടെയാണ് വന്നെത്തിനിൽക്കുന്നതെന്നു. വലതു വശത്തു പൊളിഞ്ഞു വീണ് കിടക്കുന്ന കല്ലുകൂട്ടങ്ങൾ അടയാളം അറിയിച്ചു തന്നു.
പാലച്ചുവട്ടിലേക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നിമിഷം മൊബൈൽ വെട്ടം ഒന്ന് ഓഫ്‌ ആയി മിന്നിയോ? വെട്ടം തീരെ കുറഞ്ഞ പോലെ തോന്നുന്നു.
ഇതുവരെ അനുഭവപെട്ടതിൽ കൂടുതൽ തണുപ്പ് ശരീരത്തിലേക് കേറുന്നുണ്ടോ?
ശ്വാസമിടിപ്പ് കൂടി വരുന്നു.. നെഞ്ജ് കേൾക്കാൻ പറ്റുന്ന ഉച്ചത്തിൽ മിടിക്കുന്നു.. നടന്നിട്ട് നീങ്ങുന്നില്ലേ.? ചുറ്റിലും നോക്കണം എന്നുണ്ടെങ്കിലും വെട്ടം മാത്രം ശ്രദ്ധിച്ചു ഓരോ അടിയും വെച്ചു.പരന്നൊഴുകുന്ന അപരിചിത ഗന്ധം മൂക്കിനെ തുളച്ചു കയറി. ഇരുട്ട് കയറിയ മനസും ശരീരവും തണുത്തുറഞ്ഞു ഒരടി പോലും മുന്നോട്ടു വയ്ക്കനാവാതെ നിൽക്കുമ്പോൾ
തലയ്ക്കു മുകളിൽ കൂടി ഒരു നരിച്ചീറു പാഞ്ഞത് പെട്ടെന്നായിരുന്നു. മേലോട്ട് നോക്കാൻ ആഗ്രഹിക്കും മുൻപേ പിന്നോട്ടുള്ള വീഴ്ചയിൽ ഇരുട്ട് കേറി കാഴ്ചകൾ നേരിയതായി മങ്ങി തുടങ്ങി.




12 മണി യോടടുത്ത ആ അർദ്ധ രാത്രിയിൽ അവൾ തന്റെ പതിവ് നേരം പോക്കിനായി തയ്യാറെടുപ്പിലായിരുന്നു. അവസാനം അതുവഴി കടന്നു പോകാറുള്ള പട്ടണത്തിലെ സിനിമാശാല നടത്തിപ്പുകാരൻ ചേട്ടന്റെ വരവും നോക്കി മരത്തിൽ തല കീഴായി പതിവുപോലെ. ആയാളും കൂടി പോയതിനു ശേഷം ഈ വഴി ആരും വരില്ലെന്ന് അവൾക്കറിയാം.അതിനു ശേഷം ആണ് അവൾ തന്റെ സ്ഥായി രൂപം എടുത്ത് അതുവഴിയൊക്കെ നടക്കാൻ ഇറങ്ങാറുള്ളു. സ്ഥിര യാത്രക്കാരെ എല്ലാരേം അവൾക് പരിചയമാണ്. എന്നും തന്റെ വാസ സ്ഥലത്തിനു മുൻപിൽ കൂടി പിന്തിരിഞ്ഞു പോലും നോക്കാതെ കടന്നു പോകുന്ന എല്ലാരേം അവൾ ശ്രദ്ധിച്ചിരുന്നു. ഏകാകി ആയ അവൾ മാത്രമായിരുന്നു ആ പാലയുടെ ഏക അവകാശി.

അന്ന് പരിചിതമല്ലാത്ത ഒരു മുഖം ഈ സമയത്തിനോടടുത്ത് ഇങ്ങനെ നടന്നു പോകുന്ന കണ്ട അവൾക്ക് തോന്നിയ ഒരു കൗതുകം.ആ സുമുഖൻ ഇപ്പോൾ ബോധം മറഞ്ഞു നിലത്തു കിടക്കുന്നു. ഇന്നുവരെ ആരോടും തോന്നാത്ത ഒരു കൗതുകം ആദ്യമായി കണ്ട ഈ ആളിനോട് തോന്നിയത് അബദ്ധം പിണഞ്ഞിരിക്കുന്നു. തലകീഴായി തൂങ്ങി കിടന്നിടത്തു നിന്നു അയാളുടെ തലക്കു മീതെ വെറുതെ ഒന്ന് ചുറ്റാൻ തോന്നിയത് ഇങ്ങനെ ഒക്കെ ആയി തീർന്നു.

സ്ഥായി രൂപത്തിൽ അവൾ അവന്റെ അടുത്ത് ചെന്നു ആയാളെ ഒന്ന് നോക്കി. മറ്റാരോടും തോന്നാത്ത ഒരു കൗതുകവും, വല്ലാത്ത ഒരു അനുഭൂതിയും ആയാളെ കണ്ട മാത്രയിൽ. മനുഷ്യ വംശജരോട് ആരോടും തോന്നാത്ത ഒരു വികാരം തന്റെ ഉള്ളിൽ. ഇത് വരെ പരിചിതമല്ലാത്ത ഒരു ആവേശം അയാളുടെ വെളുത്ത ശരീരത്തിലെ ചുവന്ന തുടുത്ത സിരകളിലെ ദാഹ നീരിന് വേണ്ടി ആയിരിക്കുമോ? മുൻപെങ്ങും അങ്ങനെ ഒരു ദാഹം മനുഷ്യ രക്തത്തിനോട് ഇതുവരെ തനിക് തോന്നിയിട്ടില്ല. ദാഹം തീർക്കാൻ വാഴക്കൂമ്പിലെ തേൻ തന്നെ ധാരാളം ആയിരുന്നല്ലോ..?

ആ ദേഹം കണ്ടു നിൽകുമ്പോൾ ഒരു പക്ഷെ ആ കാഴ്ച തന്നെ ആനന്ദിപ്പിക്കുന്നതെന്തു കൊണ്ടാണ്??

നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഒരു നിലാ പക്ഷിയുടെ കാഹളം ദൂരെ മുഴങ്ങി. പാതിരാ കാറ്റു നിശബ്ദമായി വീശിയെത്തിയപ്പോൾ പാല മരത്തിന്റെ ഇലകളിൽ നിന്നും മഴത്തുള്ളികൾ കാറ്റിന്റെ താളത്തിനനുസരിച് താഴേക്കു വീഴാൻ തുടങ്ങി. ഒരു മഴ ചാറ്റൽ പോലെ മഴത്തുള്ളികൾ അവിടെ മാകെ മഴ പ്രതീതി സൃഷ്ടിച്ചു.. താഴെ കിടക്കുന്ന അയാളുടെ മുഖത്തേക്കും തുള്ളികൾ വീണ മാത്രയിൽ അയാൾ കണ്ണ് തുറന്നു.. മുൻപിൽ മായകാഴ്ചയിലെ സുന്ദര രൂപം. ഒരു നിമിഷം ഇമ വെട്ടാതെ അയാൾ നോക്കി നിന്നു..എവിടെ ആണ് താനെന്നുള്ള ബോധത്തെ മറച്ചു കൊണ്ട് അവളുടെ രൂപം അവന്റെ മുൻപിൽ പുകമറ തീർത്ത മഞ്ഞിനൊപ്പം നിൽക്കവേ ദൂരെ നിന്നും ഒരു ടോർച് വെട്ടം അണഞ്ഞും തെളിഞ്ഞും അടുത്തടുത്ത് വരുന്നുന്നത് അവൻ അറിഞ്ഞു..

സ്ഥലകാല ബോധം വീണ്ടെടുത്ത മാത്രയിൽ അവൻ ചുറ്റിലും നോക്കിയപ്പോൾ തനിക് സംഭവിച്ച കാര്യങ്ങൾ മനസിലാകെ തെളിഞ്ഞു വന്നു. പുക മഞ്ഞിൽ നിന്നും പുറത്തേക് വന്ന അവന്റെ മുൻപിൽ മഞ്ഞിൽ കുളിച്ച ആ രൂപവും മഞ്ഞിനൊപ്പം മാഞ്ഞു പോയിരിക്കുന്നു..


അടുത്തുവന്ന ടോർച് വെട്ടത്തിനു മുൻപിൽ പകച്ചു നിൽക്കുന്ന അവനെ കണ്ട് സിനിമതിയേറ്റർ നടത്തിപ്പുകാരൻ ചേട്ടൻ ഭയന്ന് പോയി.. ആളെ പരിചയ മുണ്ടെകിലും അസമയത് അവിടെ ആ പാലച്ചുവട്ടിൽ അവന്റെ നിൽപ്പ് അയാളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്..

തനിക്ക് സംഭവിച്ചത് മുഴുവൻ അയാളെ പറഞ്ഞു ഫലിപ്പിക്കുവാൻ അവൻ വളരെ കഷ്ടപ്പെട്ടു..ദീർഘ നിശ്വാസത്തോടെ കേട്ടുനിന്ന അയാൾ ഇവിടെ അടുത്തുള്ള മരത്തിലെ നരിച്ചീറുകൾ ഇതിലെ പറക്കുന്നത് സ്വാഭാവികമാണെന്നും ആളുകളുടെ തലക്ക് മീതെ കൂടെ അങ്ങനെ പറക്കുമെന്നും അയാൾ അവനെ ആശ്വസിപ്പിച്ചു പേടിക്കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ട് ചുറ്റിലും അയാൾ തന്റെ ടോർച് വെട്ടം പലവട്ടം അടിച്ചു നോക്കി..

അവൻ തന്റെ വീഴ്ചയിൽ തെറിച്ചു വീണ മൊബൈൽ തിരഞ്ഞു പിടിച്ചു അയാളോടൊപ്പം നടക്കാൻ തുടങ്ങി..അവന്റെ മനസ് മുഴുവൻ ആ കണ്ട അതിസുന്ദര രൂപം മാത്രം ആയിരുന്നു അപ്പോഴും.അത് മാത്രം അവൻ അയാളോട് പറഞ്ഞില്ല. വിശ്വസിക്കാൻ പ്രയാസമേറിയ അക്കാര്യം മനസിന്റെ തോന്നൽ ആവാനേ തരമുള്ളു.. വെറുതെ ആളുകളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടതില്ല അവൻ മനസ്സിലോർത്തു.



എല്ലാ നാട്ടിൻ പുറങ്ങളിലേത് പോലെ കാലത്തിന്റെ കയ്യൊപ്പു ചാർത്തി മണ്മറഞ്ഞു പോയ്കൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യത്തിന്റെ ഏതാനും ചില അവശേഷിപ്പുകളിൽ ഒന്നായിരുന്നു അന്നാട്ടുകാർക്ക് ആ ഇടവഴിയും. പണ്ട് കാലത്ത് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും തലചുമടെറിയും കൈവണ്ടിയേറിയും പട്ടണത്തിലേക്കു പോയിരുന്നത് ഈ വഴിയിലൂടെ ആയിരുന്നു..ഈ ഇടവഴി ചെന്നു കയറുന്ന ആ പ്രാധാന റോഡിനെ പിന്നീട് ടാറിട്ടു വീതികൂട്ടി കാലക്രമേണയുള്ള ഗ്രാമീണ വികസനത്തിന്റെ മാറുന്ന മുഖച്ഛായയാക്കി മാറ്റി. വാഹനസഞ്ചാരം പ്രധാനപാതയിലൂടെ ആയപ്പോൾ ഈ ഇടവഴി കേവലം അന്നാട്ടുകാരുടെ സമയലാഭത്തിനു വേണ്ടിയുള്ള ഒരു പുതുവഴി മാത്രമായിതീർന്നു. പ്രാധാന പാതയിലൂടെ നേരെ സഞ്ചരിച്ചാൽ ഇടവഴിയുടെ മറുകരയിൽ എത്തിച്ചേരാം എന്നതിനാൽ സമയലാഭം മാത്രം ലക്ഷ്യം വച്ചുള്ള യാത്രകൾ മാത്രമായി ഇപ്പോൾ ഈ ഇടവഴിയിലൂടെ. സഞ്ചാരം കുറഞ്ഞ മാത്രയിൽ ഇടവഴിയുടെ വീതി പലപ്പോഴും അതിർത്തി ഉടമസ്ഥർ കൈയേറി പലയിടത്തും മെലിഞ്ഞു കുറുകി, കയ്യാല തലപ്പുകൾ പൊങ്ങി വന്നു..
വഴി കയ്യേറി എങ്കിലും അക്കൂട്ടർ തന്റെ പറമ്പുകളിൽ പ്രതേകിച്ചു ഒന്നും ചെയ്തതുമില്ല. ഇടവഴിയോരങ്ങളിലെ വന്മരങ്ങൾ മാത്രം നോട്ടം വെച്ചുള്ള അതിർത്തി കയ്യേറ്റം.

പ്രധാന പാത ഉണ്ടെങ്കിലും 2 കിലോമീറ്റർ ൽ കൂടുതൽ ദൂരം ചുറ്റി വേണം പ്രധാന പാതയിലൂടെ ഇടവഴിയുടെ അപ്പുറം എത്താൻ എന്നുള്ളതിനാൽ കാൽ നടയാത്രക്കാരും, സ്കൂൾ കുട്ടികളും, പാൽ കാരനും, കള്ള് ചെത്തുകാരനും, എല്ലാവരും ഇപ്പോഴും ഈ വഴി തന്നെ ആശ്രയിക്കുന്നതാണ് ഇടവഴി ഇന്നും നിലനിന്നു പോകുന്നത്തിന്റെ പ്രധാന കാരണം.

സംഭവബഹുലമായ കഥകളുടെ മാറാപ്പും പേറി നിൽക്കുന്ന ആ പാലമരവും കഴിഞ്ഞു കുറച്ചു ചെന്നാൽ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു പോകുന്ന ഒരു ചെറിയ ഇടവഴി നേരെ കടവിലേക്കാണ്. വേനൽകാലമായാൽ കടവിലെ അലക്കു കല്ലുകൾക്ക് വിശ്രമമുണ്ടാവില്ല. അലക്കി തഴക്കം വന്ന അലക്കുകല്ലുകൾ മറ്റു കൽക്കൂട്ടങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന കാഴ്ചകാണാം. സ്ഥിരം അലക്കുന്ന ആ ഓരോ കല്ലിനു വേണ്ടി പെണ്ണുങ്ങൾ തമ്മിൽ ഉണ്ടാക്കുന്ന കലപില ശബ്ദങ്ങളും, നിലക്കാത്ത അലക്കു ശബ്ദങ്ങൾ കൊണ്ട് മുഴങ്ങുന്ന അന്തരീക്ഷത്തിൽ അപ്പോൾ പകൽ വെളിച്ചത്തിൽ കത്തുന്ന സൂര്യനേക്കാൾ ചൂട് അലക്കുകാരി പെണ്ണുങ്ങളുടെ നാവിനായിരിക്കും..അലക്കു ശബ്ദങ്ങളും വിശേഷം പറച്ചിലും ആയി ആകെ ബഹളമയം.. വേനലവധിയിൽ രാവിലെ മുതൽ വെള്ളത്തിൽ ചാടി മറിയുന്ന കുട്ടി കൂട്ടങ്ങൾ വേറെയും.

ഇപ്പോൾ മഴക്കാലമായതിനാൽ കലങ്ങി മറിഞ്ഞു ഒഴുകുന്ന പുഴയിൽ അലക്കുകാർ വളരെ കുറവാണ്. കടവിലെ പല അലക്കു കല്ലുകളും വെള്ളത്തിന്റെ അടിയിൽ വിശ്രമത്തിൽ ആണ്..


സൂര്യനുദിച്ചാൽ പോലും പ്രകാശ കിരണങ്ങൾ ഇടവഴിയിലേക്കെത്താൻ നന്നേ പാട് പെട്ടിരുന്നു. വടവൃക്ഷങ്ങൾ വരി ചേർന്ന് നിൽക്കുന്നതിനാൽ എപ്പോഴും തണുപ്പ് വിട്ടുമാറാതെ ചെറുകാറ്റിന്റെ അകമ്പടിയിൽ കുളിർ ചൊരിഞ്ഞു നിന്നു. മഴ പെയ്തു മാറിയാലും മരതലപ്പുകളിൽ നിന്നും കാട്ടുവള്ളികളിൽ നിന്നും ചാറ്റൽ മഴയായി തുള്ളികൾ താഴോട്ട് വീണു കൊണ്ടേയിരിക്കും

അന്ന് രാത്രിയിലെ സംഭവത്തിന്‌ ശേഷം
അയാൾ അത് വഴിയിലൂടെ സഞ്ചാരം അവസാനിപ്പിച്ചിരുന്നു എങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ആ സുന്ദരിയായ സ്ത്രീയുടെ രൂപം അവനെ വിട്ടു പോയിരുന്നില്ല.ആ സംഭവത്തിനു ശേഷം ചില രാത്രികളിൽ അവന്റെ സ്വപ്നങ്ങളിൽ അവളുടെ ആ മുഖം മിന്നി മറഞ്ഞു കൊണ്ടിരുന്നു. ആരായിരിക്കും അത്..? അബോധാവസ്ഥയിൽ കണ്ട സ്വപ്നമായിരുന്നോ? ഒന്നും ഓർമയിൽ തെളിയുന്നില്ല എങ്കിലും അവളുടെ മുഖം മാത്രം മനസ്സിൽ പൂർണ ചന്ദ്രനെ പോലെ തെളിഞ്ഞു നിൽക്കുന്നു. ഇനിയുമൊരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മനസിന്റെ ചോദ്യം ഹൃദയമിടിപ്പുപോലെ തുടിച്ചു കൊണ്ടിരിക്കുന്നു..


പകൽ വെളിച്ചത്തിലെ സ്ഥിരം കാഴ്ചകളിൽ മതിമറന്നു രസിച്ചിരുന്ന അവളുടെ ആ പാലച്ചുവട്ടിലെ ഓർമകളിലേക്കു ചിന്തകളെ അലട്ടികൊണ്ട് ഒരു പുതിയ അതിഥി കൂടി എത്തിചേർന്നു.ആ രാത്രിയിൽ തന്റെ മുൻപിൽ കണ്ട ആ സുന്ദര പുരുഷ രൂപം. പിന്നീട് ഈ വഴിയിലെ ആളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചെങ്കിലും അതുപോലെ ഒരാളെ പിന്നീടൊരിക്കലും ഇതുവഴി കണ്ടതുമില്ല. അരൂപിയായ അവളുടെ എല്ലാ കഴിവുകൾക്കും മേലെഏതോ ഒരു വികാരം അവളെ അലട്ടിക്കൊണ്ടിരുന്നു.
തീക്ഷ്ണമായ അപരിചിതമായ ഏതോ ഒരു വികാരം മുളപൊട്ടുന്നതിനു ഒരു പാതി രാത്രി കാരണമായിരിക്കുന്നു.

അസ്വഭാവിക സംഭവങ്ങളുടെ ഓർമകളും പേറി പാലമരത്തിലെ ഇലകൾക്കിടയിൽ വരുംകാല രാത്രികളെ തരളിതമാക്കാൻ പാലപ്പൂക്കളുടെ സുഗന്ധത്തോടൊപ്പം അവൾ ആരുടെയോ ആ വരവിനെ കാത്തിരിക്കുന്നു.