Read PETTI SEET by PRAYAG SHIVATHMIKA in Malayalam Classic Stories | മാതൃഭാരതി

Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

പെട്ടി സീറ്റ്






മങ്ങലേറ്റ സായാഹ്നത്തിന് തിരക്ക് പിടിച്ചിരിക്കുന്നു.
ചുവപ്പുള്ള സന്ധ്യയിൽ കൂടണയാൻ പക്ഷികൾ കൂട്ടം കൂട്ടമായി ആകാശത്തിലൂടെ പറന്നു നീങ്ങി.
എല്ലാവരും ഓട്ടത്തിലാണ് ലക്ഷ്യങ്ങളിലേക്ക്,
ചിലർ വീഴുന്നു അവിടെത്തന്നെ മണ്ണടിയുന്നു.
മറ്റു ചിലർ വീണ്ടും എഴുന്നേൽക്കുന്നു പിന്നെയും ഓടുന്നു, ഒന്നുകിൽ ആ ലക്ഷ്യത്തിലേക്ക് അല്ലെങ്കിൽ മറ്റൊന്നിലേക്ക്.

നഗരമധ്യത്തിലെ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ച ക്യാമറ ഫ്ലാഷ് അടിച്ചു, അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നിരുന്ന മജീദിന്റെ കണ്ണുകളിൽ ആ പ്രകാശം പ്രതിഫലിച്ചു.
ദിനവും കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് വിരസതയോടെ അവൻ നോക്കി നിന്നു.
ജോലി കഴിഞ്ഞ് ക്ഷീണിതനാണ് അത് അയാളിൽ പ്രകടമാണ് .
ട്രാഫിക് സിഗ്നൽ തെറ്റിച്ച് ഒരു ബൈക്കും കൂടി കടന്നു പോയി അയാൾക്കും കിട്ടി ഒരു ഫോട്ടോ ഗ്രാഫ് .

കാത്തിരിപ്പിനൊടുവിൽ തന്നെയും ലക്ഷ്യത്തിലേക്കെത്തിക്കാൻ ഭഗവതി വന്നടുത്തുകൊണ്ടിരിക്കുന്നു.
മാറ്റമോ മുന്നേറ്റമോ ഒന്നുംതന്നെ
തന്നിട്ടില്ലാത്തൊരു ശകടം.

ദിവസങ്ങളും കാലങ്ങളും ഉണ്ടായിരുന്ന കാത്തിരിപ്പിൽ എന്നത്തെയും പോലെ ആ വാതിലിലേക്ക് പിന്നെയും നടന്നടുക്കേണ്ടതായിവന്നു ..
കുറച്ചുപേർ ഇറങ്ങിക്കൊണ്ടിരുന്നു, സഞ്ചിയും പണിയായുധങ്ങളും തൂക്കിയവർ,
സ്വപ്നങ്ങളുടെ ഭണ്ഡക്കെട്ടുകൾ ഇല്ലാത്തവർ ..
ശേഷം എനിക്കുകയറാം.

ബസിൽ പകുതിയോളം ആൾക്കാറുണ്ട്
മുന്നിലെ പെട്ടിസീറ്റിലേക്ക് ഒന്ന് നോക്കി
ആരും ഇല്ല ഉള്ളിലൊരാശ്വാസം.
മധ്യവയസ്ക്കനുള്ള സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്
എനിക്കുള്ളതാണത്.
പ്രായംകൊണ്ട് മൂന്നിലൊന്നു ഇല്ലെങ്കിൽ പോലും.
അല്ലെങ്കിലും ഒരാളുടെപ്രായം അയാൾ എത്രകാലം വൃധാ..
ജീവിച്ചു എന്നുള്ളതിലല്ല. എനിക്കവിടെ ഇരിക്കാം.

സിഗ്നലിൽ ബസ് നിശ്ചലമാണ്.
45 ഇൽ നിന്നും കൗണ്ട് ഡൌൺ.

മുന്നിലെ സീറ്റിൽ ഒരാൾ ഉറക്കെ സംസാരിക്കുന്നു, സീറ്റിനു മുകളിലൂടെ അയാളുടെ കൈവിരലിലെ സ്വർണമോതിരവും മുന്തിയ ഇനം ഫോണും കാണാം.
ഇടയ്ക്കിടെ അട്ടഹസിക്കുന്നു , ആരോചകമായി തോന്നി,
വെറുപ്പും.
സത്യത്തിൽ അതു വെറുപ്പായിരുന്നിരിക്കില്ല.
അസൂയ, സന്തോഷംവും സമ്പത്തുമുള്ളവനെ കാണുമ്പോൾ ഒന്നുമില്ലാത്തവന് ഉണ്ടാവുന്ന സഹജമായ അസൂയ.
ബസ് മുന്നോട്ട് നീങ്ങിതുടങ്ങി.

ടിക്കറ്റ് എടുത്തു.

ഇലക്ഷൻ അടുത്തതിന്റെ സൂചനയായി മേൽപ്പാലത്തിന്റെ പണി നടക്കുന്നുണ്ട് ഒന്നുരണ്ടാഴ്ചയായി ഇവിടെ സ്ഥിരമായി ബ്ലോക് ആണ്
മുപ്പതു മിനിറ്റ് ഉള്ള യാത്രസമയം ഇതുകാരണം നാൽപ്പത് നൽപ്പത്തിയഞ്ചു മിനിട്ടോളo ആകാറുണ്ട്,

റോഡിന്റെ വശങ്ങളിലെ കടകളിൽ പ്രകാശം തെളിഞ്ഞുതുടങ്ങി ആവശ്യത്തിനുവേണ്ടിയുള്ളവയും അലങ്കാരത്തിനുവേണ്ടിയുള്ളവയും കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിൽ. ബ്ലോക്കിൽ കിടന്നിരുന്ന വാഹനങ്ങളെ വെട്ടിച്ചു ഒരു യുവാവ് ബൈക്കിൽ ബസിനടുത്തായി വന്നുനിന്നു,
പിറകിലിരുന്ന പെൺകുട്ടി ആ യുവാവിനെ ഇറുക്കെ കെട്ടിപിടിച്ചിരിക്കുന്നു, അവർ പ്രണയത്തിലായിരിക്കാം.
മനസ്സ് വീണ്ടും സ്വപ്‌നങ്ങൾ കണ്ടു,
അവൻ അതിനെ ശ്രദ്ധിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല അല്ലെങ്കിൽ വീലിലും ബോഡിയിലും ഉള്ള മണ്ണും ചെളിയും കഴുകിക്കളഞ്ഞേനെ. ചിലയിടങ്ങളിൽ തുരുമ്പെടുത്തിരിക്കുന്നു.

എല്ലാ യുവാക്കളിലും ഉണ്ടാവുന്ന ആദ്യത്തെ പ്രണയം ചിലപ്പോൾ ഒരു ടു വീലറിനോടായിരിക്കാം അറിയില്ല എനിക്കങ്ങനെയാണ്.

മുന്നിലെ സീറ്റിൽ ഇരിക്കുന്ന ആൾ വീണ്ടും അട്ടഹസിക്കുന്നു പൊട്ടിച്ചിരിക്കുന്നു പരിസരബോധമില്ലാതെ, ഇതെനിക്കുമാത്രമായിരിക്കും ആരോചകമായി തോന്നുന്നത് മറ്റു യാത്രക്കാർ അയാളെ ശ്രദ്ധിക്കുന്നുപോലുമില്ല.
അയാൾ പണക്കാരനാണ് സന്തോഷിക്കാം, ഞാൻ അങ്ങനല്ല കയ്യിലിരിക്കുന്ന
ഡിസ്‌പ്ലെയിൽ ചിലന്തി വലകൾ തീർത്ത പഴയ മോഡൽ സാംസങ് ഫോൺ ആണ് അതിനുത്തരം.
ഒരുമാസം മുൻപ് ജോലിക്കിടയിൽ താഴെവച്ചിരുന്ന ഫോണിനുമുകളിൽ സ്പാനർ വീണതാണ്. അത് അതെ പോലെ ഉപയോഗിക്കാനുള്ള സാഹചര്യം മാത്രമേ ഉണ്ടായുള്ളൂ..

വാഹനങ്ങൾ നീങ്ങിതുടങ്ങി പുറത്തു ബൈക്കിൽ ശബ്ദമുണ്ടാക്കി യുവാവ് മുന്നോട്ടു കുതിച്ചു,പുറകിലിരുന്ന പെൺകുട്ടി നേരത്തെ ഇരുന്നതുപോലെ യുവാവിനെ ആള്ളിപിടിച്ചിരിക്കുന്നു
ഒരിക്കലും വേർപിരിയാനാവാത്ത സയാമീസ് ഇരട്ടകളെപ്പോലെ.

അതേപോലൊരു ബൈക്ക് ആണ് താൻ ആഗ്രഹിക്കുന്നത് പക്ഷെ ആരോടൊന്നിച്ചും കറങ്ങാനല്ല
ഈ തിക്കും തിരക്കും പേറിയുള്ള ബസ് യാത്രയിൽനിന്നൊരു മോചനം, തിക്കും തിരക്കും രാവിലെ മാത്രമേ ഉണ്ടാവാറുള്ളു അതുകൊണ്ടുമാത്രമല്ല എന്നിലെ യുവാവിന്റെ ആഗ്രഹ ശമനത്തിനുവേണ്ടി, ഒന്നും നേടാത്തവന്റെ വിരസമായ ജീവിതത്തിൽ ആദ്യത്തെ നേട്ടമുണ്ടാക്കാൻ വേണ്ടി.

പാന്റിന്റെ പോക്കറ്റിനുമുകളിൽ കൈ വച്ചു അമർത്തി ചിട്ടി വിളിച്ച കാശ് അതിൽത്തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തവെ മജീദിന്റെ ചുണ്ടുകൾ ചെറുതായി വിടർന്നു വൈകാതെ അത് സാധ്യമാകും ഈ ബസിലെ വിരസമായ യാത്രയിൽനിന്നുള്ള മോചനം,വേറെ തടസങ്ങളൊന്നും ഇല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ.

മുന്നിലിരിക്കുന്ന ആൾ ഫോണിൽ സംസാരിക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്നു പക്ഷെ ശബ്ദം കുറച്ചിരുന്നു, സംസാരം കേട്ടിട്ട് ഫോണിൽ മറുവശത്തു സുഹൃത്തായിരിക്കാം പക്ഷെ ഒരുകാര്യം ഉറപ്പാണ് അയാൾ സന്തോഷവാനായ മനുഷ്യനാണ്.

ഫോൺ ബെല്ലടിക്കുന്നു
ഉമ്മ
മജീദ് മുന്നിലിരുന്ന ആളെ
നോക്കിക്കൊണ്ടുതന്നെ ഫോൺ ചെവിയിൽ വെച്ചു
'എന്താ ഉമ്മ '
'നീ എത്താറായോ മോനെ'
'ആ.. ബസിലാണ് ഉമ്മാ..'
'ചിട്ടിക്കാശ് കിട്ടിയോ '

മജീദ് അതേയെന്നു മൂളി

'നാളെ ആസ്പത്രി പോയി ഓപ്പറേഷൻ വേഗം ചെയ്യാൻ ഡോക്ടറോട് പറയട്ടെ മജീദെ .. ഉപ്പയ്ക്ക് തീരെ വയ്യ മോനെ'

മനസിലെ സങ്കടവും ദേഷ്യവും ശ്വാസത്തോടൊപ്പം ഒരുനിമിഷം കടിച്ചമർത്തി ദയനീയമായി മജീദ്

'ഇപ്പൊ വേദനയൊന്നും ഇല്ലാന്ന്‌ ഉപ്പ പറഞ്ഞതല്ലേ'

'ഉണ്ട് മോനെ ഉമ്മ എല്ലാം കാണുന്നതല്ലേ
ആരോടും പറയാത്തത ഉപ്പ'

'ഈ പ്രാവശ്യം പറ്റൂല ഉമ്മാ..
ബൈക്ക് വാങ്ങുന്ന കാര്യം ഞാൻ ആദ്യമേ പറഞ്ഞതല്ലേ
എത്ര കാലമായി ഞാനിതെല്ലാംകൂടി..'

മജീദിന്റെ വാക്കുകൾ മുറിഞ്ഞു
വീണ്ടും തുടർന്നു

'ഉപ്പാന്റെ ഓപ്പറേഷൻ അടുത്തപ്രാവശ്യം നടത്താം
എനിക്കുവേണ്ടിയും ഞാനെന്തെങ്കിലും ചെയ്യട്ടെ ഉമ്മാ..'

മറുപടി കേൾക്കാൻ കാത്തുനിൽക്കാതെ മജീദ് കാൾകട്ട്ചെയ്‌തു.

താൻ ശബ്ദമുയർത്തിയാണ് സംസാരിച്ചതെന്നു ബസിലെ മറ്റു യാത്രക്കാരുടെ നോട്ടത്തിലൂടെ മജീദിന് മനസിലായി
സ്വന്തം തെറ്റ് കാണാതെ മറ്റുള്ളവരുടെ തെറ്റുകളെ വിമർശിക്കുന്ന ഭൂരിപക്ഷം മനുഷ്യരുടെ സഹജവാസനയെപ്പറ്റിയും,
താനും ആ ഭൂരിപക്ഷ ജനങ്ങളിൽ ഒരാളാണെന്നും.

മുന്നിലെ സീറ്റിലിരുന്നു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നയാൾ ഇപ്പോൾ ഫോൺ കട്ട്‌ ചെയ്‌തു പുറത്തേക്ക് നോക്കി ശാന്തനായി ഇരിക്കുകയാണ്, അയാൾ താൻ ഉച്ചത്തിൽ സംസാരിച്ചത് തിരിഞ്ഞുനോക്കിയിരുന്നിരിക്കില്ല.

ചുറ്റിലും പാപബോധത്തിന്റെ ഇരുട്ട് മൂടിവരുന്നതായി മജീദിനു തോന്നി.
അകലെനിന്നും ഒരു ആംബുലൻസിന്റെ സൈറൻ ചെറുതായി കേട്ടു അത് ഭീകര മായി അടുത്തേയ്ക്കുവരുന്നു ബസും മറ്റുവാഹനങ്ങളും ഇടതുവശത്തോരത്തേക്ക് ഒരുനിമിഷം ചേർത്തു,
ശബ്ദത്തോടൊപ്പം ചുവപ്പും നീലയുംചേർന്ന കണ്ണഞ്ചളിപ്പിക്കുന്ന പ്രകാശം ആ വാഹനം ചീറിക്കൊണ്ട് കടന്നുപോയി
ആ വെളിച്ചത്തിൽ മജീദിന്റെ മുഖത്തു ഒരു പ്രത്യേക ഭാവം കൈവന്നു.

സെപ്റ്റംബർ -21 -2017
ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു
പല കാര്യങ്ങളും കീഴ്മേൽ മറിഞ്ഞ ദിവസം
മജീദിന്റെയുള്ളിൽ പഴയകാല ഓർമ്മകളുടെ പ്രതിഫലനം ഉണ്ടായി
നല്ല മഴയുള്ളൊരു രാത്രി താനും മുബീനയും മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു,
മുബീന പെങ്ങളാണ് അവൾ ഒൻപതാം ക്ലാസ്സിലും താൻ പ്ലസ് ടുവിലും ശക്തമായ കാറ്റുണ്ടായിരുന്നതുകൊണ്ട് ഒരു മണിക്കൂർ മുന്നേ കറന്റു പോയിരുന്നു മണ്ണെണ്ണ വിളക്കിന്റെ അടുത്തിരുന്നാണ് പഠിത്തം
മിന്നലിന്റെ വെളിച്ചത്തിൽ ജനാലഴിക്കുള്ളിലൂടെ ഉപ്പയുടെ വരവും കാത്തു വിഷമിച്ചിരിക്കുന്ന ഉമ്മയുടെ മുഖം ഇടയ്ക്കിടെ കാണാം,
ഉപ്പ വരേണ്ട സമയം കഴിഞ്ഞിരുന്നു ഫോൺ ആണെങ്കിൽ സ്വിച് ഓഫും പിന്നെയും കുറച്ചു സമയം കഴിഞ്ഞു ഉപ്പ മുറ്റത്തേക്ക് കയറിവന്നു ദേഹം മുഴുവൻ മഴനനഞ്ഞിരുന്നു

'ഇങ്ങളേ ഫോണിനെന്താ പറ്റിയെ'

'ഫോണിൽ ചാർജില്ലെനി'

'മ്മ് ചാര്ജില്ലെനി എന്താ പറ്റിയേനറിയാണ്ട് മ്മളിവിടെ തീ തിന്നേനു '

'എന്തു പറ്റാന് നേരം വൈകിയാലും ഞാനിങ്ങുവരൂലേ..,അല്ല ഇഞ്ഞിന്ന്‌ ചോറും കറിയും വച്ചില്ലേ'

ഉമ്മാ കൊടുത്ത തോർത്തുകൊണ്ട് തലതുവർത്തവെ ഉപ്പ ചോദിച്ചു

'വെക്കാണ്ടുപിന്നെ മക്കൾക്ക്‌ തിന്നാനൊന്നും കൊടുക്കണ്ടേ'

'എന്നും ഞാൻ വരാൻ വൈകിയാല് ഞ്ഞി ഇനി തീതിന്നാൻ നിക്കണ്ട'

ഉപ്പ വീടിനകത്തേക്ക് കയറിക്കൊണ്ട്

'ടൗണിൽ ഇന്നൊരു ആക്സിഡന്റ് ഉണ്ടായി ഒരു ഓട്ടോയും ബസും, ഓട്ടോ ഡ്രൈവറെ പുറത്തെടുക്കാൻ പാടായി
റോഡ് മൊത്തത്തിൽ ബ്ലോക്ക് അതിന്റെടേക്കൂടി എങ്ങനെയാ ജമീല ഞാൻ ബസ് എടുത്തു വരാന്..
അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ പോകേണ്ടിവന്നു
ചോര കുറെ.. പോയി '

ഉപ്പയുടെ കയ്യിലും ഷർട്ടിലും ചോരയുടെ പാടുണ്ടായിരുന്നു.

ഉപ്പ കുളികഴിഞ്ഞു ഭക്ഷണം കഴിച്ചതിനു ശേഷം എന്റെയും മുബീനയുടെയും അടുത്തുവന്നിരുന്നു

'ചോറ് തിന്നോ രണ്ടാളും'

'ആ ഉപ്പാ..'

മുബീന മറുപടി പറഞ്ഞുകൊണ്ട്
വായിച്ചിരുന്ന പുസ്തകം അടച്ചുവച്ചു ഉപ്പയുടെ തോളിൽ ചാഞ്ഞിരുന്നു,
ഉപ്പ കുറച്ചുനേരം എന്നെത്തന്നെ നോക്കി വിളക്കിന്റെ വെളിച്ചത്തിൽ ഉപ്പയുടെ മുഖത്തിന്റെ ഒരുവശം മാത്രം തിളങ്ങി

'എന്താ ഉപ്പാ'

'മക്കളിന്ന് ഗായത്രിബസിലാണോ സ്കൂളിൽ പോയത് '

'ആ '

'ഞാൻ പറഞ്ഞിട്ടുള്ളതല്ലേ മക്കളെ ബസിൽ കേറിയ ഒരിക്കലും മുന്നിലത്തെ പെട്ടി സീറ്റിൽ ഇരിക്കരുതെന്നു'

'ആ സീറ്റില് മാത്രെ.. ഉപ്പാ ആളില്ലാതിരുന്നുള്ളു'

'മം..
സ്വന്തം കാര്യം വരുമ്പോൾ മനുഷ്യരെല്ലാം സ്വർത്ഥന്മാരാ..
പ്രത്യേകിച്ച്
ജീവന്റെ കാര്യവുമ്പോ,
തന്റെ കണ്ണിനുനേരെ ഒരു വണ്ടി വന്നിടിക്കുമെന്ന് തോന്നുമ്പോൾ ഏതൊരു ഡ്രൈവറും മറുവശത്തിരിക്കുന്ന ആൾക്കാരെയോ അവരുടെ കുടുംബത്തെപ്പറ്റിയോ ചിന്തിക്കൂല ഒരുപാട് അപകടങ്ങൾ ഉപ്പ ദിനവും കാണുകയും കേൾക്കുകയും ചെയ്യുന്നതാ.. ന്റെ മക്കൾക്ക്‌ എന്തങ്കിലും പറ്റിയ ഉപ്പാക്ക് സഹിക്കൂല'

വളരെ ക്ഷീണിച്ച സ്വരത്തിൽ ഉപ്പ പറഞ്ഞുനിര്ത്തി.

'മക്കള് കിടന്നോ '
കുറച്ചുനേരം മിണ്ടാതെയിരുന്നശേഷം ഉപ്പ എഴുന്നേറ്റുപോയി
സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഉപ്പയുടെ കണ്ണിൽ നനവ് തിളങ്ങിയിരുന്നു

മുബീന വിളിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീകളുടെ സീറ്റ് ആയിരുന്നിട്ടുകൂടി അവളുടെ അടുത്ത് പോയിരുന്നത് ഡ്രൈവർ ഉപ്പയുടെ കൂട്ടുകാരനായിരുന്നു,
കാര്യം ഉപ്പയറിഞ്ഞു
ഉപ്പ പറയുന്നപോലെ ഇതൊന്നും അത്ര കാര്യമാക്കാനില്ലെന്നു മനസുപറഞ്ഞു

സെപ്റ്റംബർ 21
ഉച്ചയൂണിന്ശേഷമുള്ള ചെറിയൊരു ആലസ്യത്തോടെ ഇക്കണോമിക്സ് ക്ലാസ്സിൽ ഇരിക്കെയായിരുന്നു പ്യുൺ മെമ്മോയുമായി വന്നത്

'മജീദേ
ഒന്ന് ഓഫീസലേക്കു ചെല്ല് '

എഴുനേറ്റു പോകാൻ നിൽക്കവേ ടീച്ചർ

'ആ ബാഗുംകൂടെ എടുത്തോ '

തെല്ലോന്ന് അമ്പരന്ന് മജീദ് ഓഫീസിലേക്ക് നടന്നു,
പുറത്തു എന്താ കാര്യമെന്നു മനസിലാകാതെ മുബീനയും നിൽപ്പുണ്ട്
അയൽവക്കത്തെ രാജേട്ടന്റെ ഓട്ടോ സ്കൂൾ കോമ്പൗണ്ടിൽ കാണാം..

ഓട്ടോയിൽ കയറി വേഗത്തിൽ സഞ്ചരിക്കവേ രാജേട്ടനോട് കാര്യം തിരക്കി

'എന്താ പറ്റിയെ രാജേട്ടാ..
നമ്മളെങ്ങോട്ടാ പോന്നെ..'

'അങ്ങെത്തീട്ട് പറയാം, പ്രശ്നമൊന്നുമില്ല മോനെ'

പെട്ടെന്നുവന്ന കോൾ എടുത്തു തല ചരിച്ചു തൊളിനും ചെവിക്കുമിടയിൽ ഫോൺ വച്ചു രാജേട്ടൻ ആരോടോ സംസാരിക്കാൻ തുടങ്ങി

'ആ ടൗൺഹാളിന് മുന്നിൽവച്ചു
.................
'ഇല്ല വേറാർക്കും ഒന്നുമില്ല'
..................
' ICUവിലണ്
ലോറിയാണ് റോങ്ങ്സൈഡിൽ കേറിയെന്ന കണ്ടവരുപറയുന്നേ'
.................
'ഞാൻ മൂപ്പരെ മക്കളുമായി അങ്ങോട്ട്‌ പോയിക്കൊണ്ടിരിക്കാ..'

ഉപ്പയോടിക്കുന്ന ബസ് ആക്‌സിഡന്റ് ആയിരിക്കുന്നു ദേഹം മുഴുവൻ തണുപ്പ് കയറുന്നതുപോലെ തോന്നി.

എന്റെ മുഖത്തേക്കുനോക്കിനിന്ന മുബീനയുടെ മുഖം പെട്ടെന്നൊരു കരച്ചിലിലേക്ക് വഴിമാറി.

ഹോസ്പിറ്റലിൽ രാജേട്ടനെ അനുഗമിച്ചുനടക്കവേ പെങ്ങളുടെ കൈ ഞാൻ മുറുക്കെ പിടിച്ചിരുന്നു

ഇടനാഴിയിൽ കറുത്ത പർദ്ദ ധരിച്ചു തലതാഴ്ത്തിയിരുന്ന ഉമ്മയെ ദൂരത്തുനിന്നുതന്നെ മനസിലായി
ഞങ്ങൾ അടുത്തേക്ക് ചെന്നു
ഉമ്മയുടെ തോളിൽ കൈവച്ചു വിളിച്ചു

'ഉമ്മാ '

ഉമ്മാ തലയുയർത്തി നോക്കി,
ഞങ്ങളെ കണ്ടതും എന്നെയും പെങ്ങളെയും ഇരുകൈകളിലായി കെട്ടിപ്പിടിച്ചു ഉമ്മ എങ്ങികരയാൻ തുടങ്ങി,
അതുവരെ അടക്കിപിടിച്ച കണ്ണുനീർ ആനിമിഷത്തിലേക്കു ചൊരിഞ്ഞിറങ്ങി, ജീവിതത്തിൽ ആദ്യമായി ഞാൻ നിസ്സഹായനായി

15 ദിവസത്തോളം ഉപ്പ ICU വിൽ അബോധവസ്ഥയിൽ ക്രിട്ടിക്കലായി തുടർന്നു.
പിന്നീട് ബോധം വന്നതിനു ശേഷം
രണ്ടുകാലുകളും പഴുപ്പുകയറി ചിലപ്പോൾ മുറിച്ചുകളയേണ്ടിവരുമെന്ന്
ഡോക്ടേർസ് പറഞ്ഞു പല ഹോസ്പിറ്റലുകളിൽ ഡോക്ടേർസ് മാറി മാറി ചികിൽസിച്ചു,
നടക്കാൻ കഴിയില്ലെങ്കിലും കാലുകൾ ബാക്കിയായി ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞാൽ നടക്കാൻ സാധിച്ചേക്കുമെന്ന് ഡോക്ടർ ഉറപ്പുപറഞ്ഞു

ഉപ്പ ആക്‌സിഡന്റ് ആയതിനുശേഷം
ഉപ്പയുടെ പേരിലുണ്ടായിരുന്ന 15 സെന്റ് സ്ഥലവും ഉമ്മയുടെ മഹറും ചികിത്സയ്ക്കായി ചിലവായി
എനിക്ക് പഠിപ്പുനിർത്തേണ്ടിവന്നു,
ഒരു വർക്ഷോപ്പിൽ ജോലിക്കുകയറി
വീട്ടു ചിലവിന്റെകൂടെ പെങ്ങളുടെ പഠിത്തവും ഉപ്പയുടെ ചികിത്സയും എന്നെ പ്രാരാബ്ധത്തിന്റെ കൈപ്പുനീർ കുടിപ്പിച്ചു,
ഞാൻ സന്തോഷം മറന്നു അന്തർമുഖനായി

ആക്‌സിഡന്റിൽ മറ്റാർക്കും അപകടമൊന്നും ഉണ്ടായിരുന്നില്ല പെട്ടിസീറ്റിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നെന്നു ഉപ്പയെ ഹോസ്പിറ്റലിൽ എത്തിച്ച യാത്രക്കാർ പറഞ്ഞു, അവർക്കൊന്നും പറ്റിയില്ല ഇടതുവശത്ത് ഒരു ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ടായിരുന്നു അപകടം നടക്കുമെന്ന് ഉറപ്പായപ്പോൾ ബസ് ഇടതുവശത്തേക്ക് വെട്ടിക്കുന്നതിനുപകരം ഉപ്പ ലോറിക്കുനേരെ സ്വയം ഇടിച്ചുകയറ്റി
മുന്നിലിരുന്ന ആ ആൺകുട്ടിക്കും പെൺകുട്ടിക്കും പകരം ഉപ്പ എന്നെയും മുബീനയെയും കണ്ടു
സ്വന്തം ജീവന്റെ കാര്യം വരുമ്പോൾ എല്ലാരും സ്വാർത്ഥരാണ് എന്റെ ഉപ്പ ഒഴികെ..

ഉള്ളിൽദുഃഖംഅണകെട്ടി
കണ്ണുനിറഞ്ഞു ഒരു വിതുമ്പലിന്റെ വക്കിലായി.

'ടൌൺ ഹാൾ ആരാ പറഞ്ഞെ '

ക്‌ളീനർ വിളിച്ചുചോദിച്ചതുകേട്ടാണ് ഓർമകളിൽനിന്നും ഉണർന്നത്.
മുന്നിലിരുന്നു നേരത്തെ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നയാൾ ഇറങ്ങാനുണ്ടെന്നു ആംഗ്യം കാട്ടി
ബസ്സ് ടൗൺഹാൾ സ്റ്റോപ്പിൽ നിന്നു
അയാൾ എഴുനേൽക്കാതെ ഇരുവശത്തെ സീറ്റുകളിലും കൈകൾക്കൊണ്ട് താങ്ങി
ശോഷിച്ച ഇരുകാലുകളും ബസിന്റെ പ്ലാറ്റ് ഫോമിലൂടെ ഇഴച്ചു
വലിഞ്ഞു വലിഞ്ഞു ഇറങ്ങിപ്പോയി

വലിയൊരു ഞെട്ടലിൽ ഒരുപാട് കാര്യങ്ങൾ ഞാൻ മനസിലാക്കി
മധ്യവയസ്കരുടെ സീറ്റിൽ ഇരുന്ന ഞാൻ അതിനർഹനല്ലെങ്കിലും വികലാംഗരുടെ സീറ്റിലിരുന്നിരുന്ന അയാൾ അതിനു അർഹനായിരുന്നു.

ഞെട്ടൽ, ചിന്തകൾ, തിരിച്ചറിവുകൾ

മനസിലെ ദുഃഖം അണപൊട്ടി
കണ്ണുനിറഞ്ഞൊഴുകാൻ തുടങ്ങി

ഫോൺ എടുത്തു തിരിച്ച് ഉമ്മയെ വിളിച്ചപ്പോൾ കൈ വിറച്ചു, കണ്ണുനിറഞ്ഞു കാഴ്ച മങ്ങി.

ഉമ്മ ഫോൺ എടുത്തു

"നാളെ ഹോസ്പിറ്റലിൽ പോകാം ഉമ്മാ.."

ശ്രമിച്ചെങ്കിലും മജീദിന്റെ തൊണ്ടയിടറി

" നീ ബൈക്ക് വാങ്ങിച്ചോട്ടെന്ന ഉപ്പ പറഞ്ഞെ
കാലിനിപ്പോ വേദനയില്ലാന്ന്"

"നിക്കിപ്പോ ബൈക്ക് വേണ്ടുമ്മ.. "

കരച്ചിലടക്കാൻ മജീദ് പാടുപെട്ടു
കണ്ണുകൾ നിറഞ്ഞൊഴുകി
കോൾ കട്ട്‌ ചെയ്‌തു

തന്റെ സ്റ്റോപ്പിൽ ഇറങ്ങി മഞ്ഞ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മജീദ് ജീവിതത്തിലേക്ക് നടന്നു,
ഉറച്ച കാൽവയ്പ്പുകളോടെ.