Featured Books
  • SEE YOU SOON - 3

    ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉട...

  • പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

    ️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട...

  • ആ കത്തുകൾ part -1

    ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം...

  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

വിഭാഗങ്ങൾ
പങ്കിട്ടു

അവനും അവളും - 1

CHAPTER 1

അവന്‍
പേപ്പര്‍ നന്നായി മടക്കി വെച്ചു. പുതിയ പേന എടുത്ത് ഒന്നു വരച്ചു നോക്കി. കൊള്ളാം, സ്മൂത്താണ്, ജെല്‍പേന. ഇന്നലെ എഴുതാന്ന് വിചാരിച്ചിരുന്നപ്പൊ ജെല്‍ പേന കാണുന്നില്ല. എനിക്കേ ഇത് വെച്ചല്ലാതെ എഴുതാന്‍ പാടാ. ഇനി എന്തായാലും തൊടങ്ങാം.

‘സീന്‍ 46.’

ഉം.., വിശക്കുന്നുണ്ടോ? ഞാന്‍ ഒന്നും കഴിച്ചില്ലെ, അല്ല രാവിലെ കഴിച്ചെ ആണല്ലോ. എന്നാലും ഒരു ലെമണ്‍ ടീ കുടിച്ചിട്ട് തൊടങ്ങാം. എന്നാലേ സാധനം വരൂള്ളൂ.

ലെമണ്‍ ടീ റെഡി.

‘സീന്‍ 46. EXT. TEMPLE/ആലുവപ്പുഴയുടെ തീരം. NIGHT’

മുറി മൊത്തം പേപ്പറാണല്ലോ. ഇതെല്ലാം ഒന്നു വൃത്തിയാക്കീട്ട് ഐശ്വര്യായിട്ട് തൊടങ്ങാം. ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റു മുറിയില്‍ ചിതറിക്കിടന്ന പേപ്പറുകള്‍ ഓരോന്നായി പെറുക്കി എടുത്തു. എല്ലാ പേപ്പറിലും ‘സീന്‍ 46. EXT. TEMPLE/ആലുവപ്പുഴയുടെ തീരം. NIGHT’ എന്നല്ലാതെ വേറൊന്നുമില്ല. മൂന്നു നാലു ദിവസമായി ഞാന്‍ ഇത് തന്നെയാ ചെയ്യുന്നെ. മുമ്പെഴുതിയ സീനുകള്‍ എല്ലാം ഒന്നു കൂടെ എടുത്ത് വായിച്ചു നോക്കി. ഇതൊക്കെ ഞാന്‍ തന്നെയാണോ എഴുതിയെ? എനിക്ക് എന്നോടു തന്നെ ബഹുമാനം തോന്നി. ഇനി ആ ക്ളൈമാക്സിലെ കുറച്ചു സീനുകൾ കൂടെ എഴുതിക്കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു. ആറു മാസത്തെ കഷ്ടപ്പാട്. എത്ര നാളത്തെ സ്വപ്നം. കസേരയില്‍ പോയി ഇരിക്കുക , പേനയെടുക്കുക, എഴുതുക. വളരെ എളുപ്പം. പക്ഷേ, ഒന്നും വരുന്നില്ല. ഓഹ്..ഒന്നെഴുത് @@മ^^&…! ഇനി ഒരേയൊരു വഴിയേ ഉള്ളൂ.. 45 സീനുകള്‍ എഴുതിയ അതേ വഴി. അവള്‍, അന്ന.

ചെന്നൈയിലെ തെരുവുകളില്‍ ഒരു സിനിമക്കുള്ള കഥയും തപ്പി തെണ്ടി നടക്കുന്ന കാലം. മനസ്സില്‍ തോന്നുന്നതെല്ലാം പൈങ്കിളി പ്രേമകഥകള്‍. അഥവാ നല്ലതു വല്ലോം തോന്നിയാല്‍ അതേതെങ്കിലും കൊറിയന്‍ പടത്തിന്റെ കോപ്പിയായിരിക്കും. എന്നെക്കൊണ്ട് പറ്റിയ പണിയല്ല ഇതെന്ന് തോന്നിത്തുടങ്ങിയ സമയത്താണ് അവളെ കാണുന്നത്, അന്നയെ. பிறந்தநாள் வாழ்த்துக்கள், ഇങ്ങനെ തമിഴ് കേട്ടു മടുക്കുമ്പോള്‍ മലയാളം മറന്നു പോകാതിരിക്കാന്‍ വേണ്ടി ഞാന്‍ വൈകുന്നേരങ്ങളില്‍ ഒരു സുഹൃത്തിന പോയി കാണാറുണ്ടായിരുന്നു. ഒരു multi national കമ്പനിയില്‍ അമേരിക്കക്കാര്‍ക്കു വേണ്ടി പട്ടിപ്പണിയെടുക്കുകയാണവള്‍. സംശയിക്കണ്ട, അന്ന ഇതല്ല. ഒരുമിച്ചു ചായ കുടിക്കുന്നു, ചളി അടിക്കുന്നു, ഞാൻ പുതിയ കഥകള്‍ പറയും, അവളും കൂട്ടുകാരികളും അത് കേട്ടുകൊണ്ടിരിക്കും. നമ്മുടെ കഥകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നത് കാണാന്‍ എന്തു രസാണ്. ഒരു ദിവസം ഇതൊക്കെ ബിഗ് സ്ക്രീനില്‍ കാണിക്കണം. എന്നിട്ട് പതുക്കെ ഒരു മൂലയ്ക്ക് പോയിരുന്ന് എല്ലാരും ആ കഥ ആസ്വദിക്കുന്നത് കണ്ട് ഞാന്‍ നിര്‍വൃതി അടയും. ഹാ…!

പക്ഷേ അന്നവളെ കാണാന്‍ പോയപ്പോള്‍ പുതിയൊരു പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നു, അന്ന. ഒരു കറുത്ത ചുരിദാറും വെളുത്ത പല്ലുമായിട്ട് അവളെന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. നിങ്ങള്‍ ചിരിക്കണ്ട, ഇത് love at first sight ഒന്നുവല്ല. പതിവുപോലെ ഞാന്‍ പുതിയ കഥ പറയാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഞാന്‍ സംസാരിച്ച് തുടങ്ങാന്‍ ശ്രമിച്ചു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചളിയടിക്കാന്‍ നോക്കി, ഏക്കുന്നില്ല. പക്ഷേ എല്ലാരും ചിരിക്കുന്നുണ്ട്, കേള്‍ക്കുന്നുണ്ട്, എന്നെയല്ല അവളെ. പണ്ട് ചാക്യാരുടെ സദസ്സിനെ കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളല്‍ കളിച്ചു തട്ടിയെടുത്ത പോലെ, അവള്‍ എന്റെ സദസ്സിനെയും തട്ടിയെടുത്തു. അതുകൊണ്ട് ചായ ഊതി കുടിച്ചുകൊണ്ടിരിക്കയല്ലാതെ എനിക്കു വേറെ വഴിയില്ലായിരുന്നു. പക്ഷേ എപ്പോഴൊക്കെയോ ഞാൻ അറിയാതെ അവള്‍ പറയുന്നതു കേട്ടു ചിരിക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി പറഞ്ഞ തമാശ കേട്ടു ഞാന്‍ ചിരിക്കുന്നെ. ഇവര്‍ക്കൊക്കെ ആണ്‍പിള്ളേര്‍ തള്ളുന്ന ചളികേട്ട് ഇളിക്കാന്‍ അല്ലേ അറിയൂ. പക്ഷെ, ഓരോ പ്രാവശ്യം അവളെ കണ്ടിട്ട് വരുമ്പോഴേക്കും മൂന്നു നാലു സീനൊക്കെ തനിയെ പേപ്പറിലേക്ക് വന്നോളും. അതെങ്ങനാ? ആ അറിയില്ല. അല്ലേലും സാധാരണ മനുഷ്യര് റൊമാന്‍റിക് ആകുമ്പോഴാണല്ലോ ഈ കഥയും കവിതയൊക്കെ പുറത്തു വരുന്നെ..ഏ?

പിന്നെയുള്ള ദിവസങ്ങളില്‍ പേപ്പറുകള്‍ എഴുതി നിറയ്ക്കാന്‍ വേണ്ടി മാത്രം ഞാന്‍ അവളെ കാണാന്‍ പോകാന്‍ തുടങ്ങി. വെറുതെ പോയി കാണാന്‍ പറ്റില്ലല്ലോ, അതോണ്ട് എല്ലാ പൈങ്കിളി സിനിമകളിലെം പോലെ നായകന്‍ നായികയെ യാദൃശ്ചികമായി കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളെ. ബസ്സിലും ചായക്കടയിലും മാളിലും ആ യാദൃശ്ചിക കൂട്ടുമുട്ടലുകള്‍ തുടര്‍ന്നു.

അന്ന: നീ എന്താ ഇവിടെ?

ഞാന്‍: ഞാന്‍..ഞാനൊരു ഫ്രണ്ടിനെ കാണാന്‍ വന്നതാ..

അന്ന: എന്നിട്ട് കണ്ടോ..?

ഞാന്‍(കള്ളച്ചിരിയോടെ): ആ കണ്ടു!

ഇനി ഒരു 8-10 സീനും കൂടിയെയുള്ളൂ, ക്ലൈമാക്സ് ഒക്കെ ഫിക്സാണ്. നായികയും നായകനും ഒരുമിക്കുന്നില്ല. ചിലപ്പൊ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ലാരിക്കും. പക്ഷെ, ഈ ക്ലൈമാക്സ് നിങ്ങടെ മനസ്സില്‍ തങ്ങി നില്ക്കും, അതുറപ്പാ. വന്ദനത്തില്‍ മോഹന്‍ലാലും ഗാഥയും ഒരുമിച്ചിരുന്നെങ്കില്‍ പ്രിയദര്‍ശന്റെ സ്ഥിരം തമാശ പടം പോലെ നമ്മളത് കണ്ടു മറന്നേനെ, ഇല്ലേ? പ്രശ്നം അതൊന്നുമല്ല നായിക നായകനെ പ്രൊപ്പോസ് ചെയ്യുന്ന സീനാണിപ്പൊ എഴുതുന്നെ. അതങ്ങോട്ട് വരുന്നില്ല. ജീവിതാനുഭവങ്ങളാണല്ലോ ഒരു എഴുത്തുകാരന്റെ വിദ്യാഭ്യാസം. ഇക്കാര്യത്തില്‍ ഞാനൊരു നിരക്ഷരകുക്ഷിയാ. ഇനിയിപ്പൊ ഒന്നും നോക്കാനില്ല, നേരെ വണ്ടികേറി അവളെ കാണാന്‍ പോകാം. എഴുതാന്‍ എന്തേലും കിട്ടാതിരിക്കില്ല. ഉം…കറുത്ത ഷര്‍ട്ട് ഇട്ടെക്കാം. നാലു മണിയാകാറായി, അവളാ മലയാളിയുടെ ചായക്കടയില്‍ കാണും.

നവലൂര്‍ to സിരുസേരി. അഞ്ചു രൂപ ടിക്കറ്റ്. നാട്ടിലാണെല്‍ 8 രൂപ. എന്നിട്ടും ksrtc നഷ്ടത്തില്‍. അര മണിക്കൂറായി ഞാന്‍ ചായക്കടയില്‍ കുത്തിയിരിക്കുന്നു. കട്ടന്‍ ചായ തൊട്ട് മസാല ചായ വരെ കുടിച്ചു തീര്‍ത്തു. ഇവളിതെവിടെ പോയി കിടക്കുന്നു. പൊതുവികാരം മാനിച്ച് പെണ്‍കുട്ടികളോട് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, നിങ്ങള്‍ സ്ഥിരമായി ചായ കുടിക്കാനും ബസ് കേറാനും പോകുന്ന സ്ഥലങ്ങളില്‍ കൃത്യ സമയത്ത് എത്തിച്ചേരുന്നത് നന്നായിരിക്കും. വഴിവക്കിലൊക്കേ ഈച്ചയടിച്ചു നില്‍ക്കുന്നെ അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല. അക്കൌണ്ടിലെ ആയിരം രൂപയില്‍ അഞ്ഞൂറും എസ്‌ബി‌ഐക്കാര്‍ ഫൈനടിച്ച് കൊണ്ടുപോയ സ്ഥിതിക്ക് ഇനിയും ചായ കുടിക്കുന്നത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കും. പോയേക്കാം. അല്ല, ഇനി അവള്‍ ഈ കമ്പനി വല്ലോം മാറിയോ. ഐ‌ടിക്കാരാണെ പറയാന്‍ പറ്റൂല. ഇനി വല്ല പി‌എസ്‌സിയും കിട്ടി.. എയ്.. എന്നോടു പറയാതെ. ഉം ..ചിലപ്പോ! ഞാനാരാ, ഒരു ഊരുതെണ്ടി.

എന്നാലും നാല്‍പ്പത്തറാമത്തെ സീന്‍?

സീനാണ്.

ഇനിയിപ്പോ തിരിച്ചു പോകാം. വിഷമം മാറ്റാന്‍ അന്നയും റസൂലും ഒന്നു കൂടെ കാണാം. ഓ..അതും ദുരന്തം ആണല്ലോ.

ബോര്‍ഡ് പോലും നോക്കിയില്ല, നേരെ കൊണ്ട് നിര്‍ത്തിയ ബസ്സിലങ്ങു കേറി.

“അണ്ണൈ,ഇന്ത ബസ് നവലൂര്‍ പോകുമാ?”

“ആമാ പോകും.”

ദേ..ഒരു കറുത്ത ചുരിദാറിട്ട കൊച്ച്. അവളാണോ?

ദേ..തിരിഞ്ഞു നോക്കുന്നു.

നോക്കി.

ഹൃദയം പട പട ഇടിക്കുന്നു.

പട

പട

പട

അതേ അവള്‍ തന്നെ, അന്ന.

CHAPTER 2

അവൾ
ഏ..ആനന്ദ്.

ഓഹ്.. ഇപ്പോഴെങ്കിലും ഒന്നു വന്നല്ലോ. ഇത്രേം നേരായി ഇവനെം നോക്കി ഞാനാ മാളില്‍ ഇരിക്കാരുന്നു. പ്രിയപ്പെട്ട കാമുകന്മാരെ നിങ്ങള്‍ വായിനോക്കുന്നതൊക്കെ കൊള്ളാം. പക്ഷെ കൃത്യ സമയത്തൊക്കെ ഒന്നു പോവണം. ഇല്ലേല്‍ പെണ്‍പിള്ളേര് അവരുടെ പാട്ടിനങ്ങ് പോകും. അതിലെങ്കിലും ഉഴപ്പരുത്. പൂവിന് പൂമ്പാറ്റയുടെ അടുത്ത് പോവാന്‍ പറ്റില്ലല്ലോ.

“You have to fix this issue by EOD”, ബാത്ത്റൂമില്‍ പോകുന്നു. ഭിത്തിയില്‍ രണ്ടു ചവിട്ടു ചവിട്ടുന്നു.കാലു വേദനയെടുക്കുമ്പോള്‍ തിരികെ വന്ന് പണിയെടുക്കുന്നു. ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് അവനെ കാണുന്നത്.

“ടീ.., എന്നും ഈ കാലിച്ചായല്ലേ കുടിക്കുന്നെ, അപ്പുറത്തൊരു മലയാളിയുടെ കടയുണ്ട്, വരുന്നോ? പിന്നെ എന്‍റൊരു കൂട്ടുകാരനും വരുന്നുണ്ട്, ഒരു upcoming script writer ആണേ, ചായേം കുടിക്കാം, ഫ്രീയായി കുറെ സിനിമക്കഥേം കേക്കാം.”

ഓ..ഇത്രേം പെണ്‍പിള്ളേരുടെ കൂടെ ചായ കുടിക്കാന്‍ വരുന്നേല്‍ വല്ല കോഴിയും ആരിക്കും. എന്തായാലും പോയേക്കാം. ഒരു മലയാളിയുടെ കൈ കൊണ്ടുണ്ടാക്കിയ ചായ കുടിച്ചിട്ട് എത്ര നാളായി.

“അന്ന ഇത് ആനന്ദ്, ആനന്ദ് ഇത് അന്ന”

ഉം…കാണാനൊക്കെ കുഴപ്പമില്ല, നല്ല ചെക്കനാ… താടീം മീശേക്കെ ഒണ്ട്. താടി വരാത്ത സഹോദരങ്ങളെ നിങ്ങള്‍ എന്നോടു പൊറുക്കണം. പേടിക്കണ്ട, എല്ലാ പെണ്‍പിള്ളേരും ഇത് പോലല്ല. ചിലര്‍ക്ക് ജിമ്മനെ വേണം, ചിലര്‍ക്ക് ടോവിനോയുടെ അത്ര പൊക്കം വേണം. ചിലര്‍ക്ക് ദുല്‍ക്കറിന്റെ ലുക്ക് വേണം. എന്തൊക്കെ ആയാലും നല്ല സ്ത്രീധനം കൊടുത്ത് വാങ്ങുന്നതല്ലെ. ഞങ്ങളെ കുറ്റം പറയാന്‍ പറ്റുവോ?

കഥയൊക്കെ കേക്കാല്ലോന്നു വിചാരിച്ചു വന്നതാ, എന്നിട്ടിപ്പോ.. ഇനി ഞാന്‍ ഇരിക്കുന്നോണ്ടാരിക്കും പറയാത്തെ. ചായയാണെ വായില്‍ വെക്കാന്‍ കൊള്ളില്ല. കട മലയാളിയുടെ ആണേലും പാലു തമിഴന്‍റെയല്ലെ. വന്നത് നഷ്ടായോ. ഈ സമയം റൂമിലിരുന്ന് ആ psc ക്കു പഠിക്കാരുന്നു.

“അവളെന്തു വെറുപ്പിക്കലാ ഫോട്ടെക്കെ ഇട്ടിട്ട്, ഇന്നലെ ഞാന്‍ കണ്ടിരുന്നു ഇന്‍സ്റ്റഗ്രാമ്മിന്നു ഇറങ്ങി വന്ന പോലെണ്ട്.”

കൂട്ടുകാരികളോട് സംസാരിക്കുന്നതിനിടയില്‍ ഇടക്ക് ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.

ഇവനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ… ശെടാ… ഞാന്‍ അത്രക്ക് ലുക്കാണോ..

എയ്, ചിലപ്പൊ എനിക്കു പ്രാന്തായോണ്ട് തോന്നിയാരിക്കും.

ശെടാ…. ശെരിക്കും ഇവന്‍ എന്നെത്തന്നാണല്ലോ നോക്കുന്നെ.

അപ്പൊ എന്തായാലും വന്നത് നഷ്ടായില്ല

പിന്നെ കാണാം എന്നു പറഞ്ഞു പിരിഞ്ഞു. പിന്നെ കാണുമെന്ന് ഞാനും കരുതിയില്ല. പക്ഷെ, ചെന്നൈയിലെ തിരക്കുകളിലൂടെ പായുമ്പോള്‍ ചിലപ്പോഴൊക്കെ ആരോ പിറകില്‍ നിന്നു നോക്കുന്നെന്നു തോന്നും, അങ്ങനെ തിരിയുമ്പോള്‍ ഇവന്‍ മുന്നിലെത്തുകയും ചെയ്യും. ബസ്സിലും മാളിലും ചായക്കടയിലും ഒക്കെ. ഇനി എന്നെ കാണാന്‍ തന്നെ വരുന്നതാണോ? ഏയ്.. ആയിരിക്കില്ല.

ഞാന്‍: നീ എന്താ ഇവിടെ?

ആനന്ദ്: ഞാന്‍..ഞാനൊരു ഫ്രണ്ടിനെ കാണാന്‍ വന്നതാ..

ഞാന്‍(സംശയത്തോടെ): എന്നിട്ട് കണ്ടോ..?

ആനന്ദ്: ആ കണ്ടു!

കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ഒക്കെ മേടിച്ച് എന്‍ജിനിയറിങ് ഒക്കെ കഴിഞ്ഞിട്ട് ഇപ്പോ എഴുത്തുകാരന്‍ ആവണം എന്നു പറഞ്ഞു നടക്കുന്നു. ആദ്യം അവന് വട്ടാണെന്നാണ് തോന്നിയെ. പക്ഷെ, അവനെഴുതിയ കഥകള്‍ വായിക്കുമ്പോള്‍ , കേള്‍ക്കുമ്പോള്‍… ഒരു ചെറിയ ബഹുമാനം ഒക്കെ തോന്നുന്നു. ഗവണ്‍മെന്‍റ് ജോലി, രണ്ടു നില വീട്, കാറ്, കല്യാണം, സ്ത്രീധനം… ഇങ്ങനെ ഒരു മലയാളി യുവാവ് ചെയ്യണം എന്നെഴുതി വെച്ചിട്ടുള്ള കാര്യങ്ങളെക്കാള്‍ തന്റെ ഉള്ളില്‍ തോന്നിയ ഇഷ്ടത്തെ കണ്ടെത്തി, അതിനു പുറകെ പോകുന്നു, തന്റെ ഹൃദയത്തെ പിന്തുടരുന്നു. ചിലപ്പൊ അവനു വലിയ ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടാക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷെ അവന്‍ ഹാപ്പിയാണ്. അവന്‍ കഥകള്‍ പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ അത് കാണാം. പക്ഷെ ഞാനോ, ഐ‌ടി ജീവിതം മടുത്തപ്പോള്‍ ഒരു പി‌എസ്‌സി എഴുതി. സെലക്ട് ആയി. അഭിമാനത്തോടെ ജോലി രാജി വെച്ചു. എനിക്കിഷ്ടപ്പെട്ട ജോലിയാണോ എന്നു ചോദിച്ചാല്‍ അല്ല. പക്ഷെ കുറച്ചു കൂടെ നല്ല സാലറി, നാട്ടിലെ ജോലി, ഗവണ്‍മെന്‍റ് ജോലി… ഫ്ലിപ് കാര്‍ട്ടില്‍* നല്ലൊരു ഓഫര്‍ വരാന്‍ ഇതൊക്കെ തന്നെ ധാരാളം. എന്തായാലും നാട്ടില്‍ പോകുന്നതിന് മുന്നെ അവനെ ഒന്നു കാണണം എന്നുണ്ടാരുന്നു. അതിനാ ഇത്രയും നേരം ആ മാളില്‍ കുത്തിയിരുന്നെ. ഒരു കൃത്യനിഷ്ഠയില്ലാത്ത വായിനോക്കി.

*matrimonial site

CHAPTER 3

അവനും അവളും
അന്ന അവനെ നോക്കി ചിരിച്ചു. ആനന്ദ് തിരികെ കൈ ഉയര്‍ത്തിക്കാണിച്ചു. അവര്‍ക്ക് അടുത്ത് പോയി പരസ്പരം സംസാരിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കിടയിലെ പരിഷ്കൃത സമൂഹം ഒരു തടസ്സമായി തന്നെ നിന്നു. എന്നാലും ആനന്ദ് ആംഗ്യ ഭാഷയില്‍ എന്തൊക്കെയോ ചോദിക്കാന്‍ ശ്രമിച്ചു. അവള്‍ തിരിച്ചും. ആനന്ദിന്റെ ഉള്ളില്‍ നാല്‍പ്പത്തിയാറാമത്തെ സീന്‍ അവനറിയാതെ ഉണ്ടായിക്കൊണ്ടിരുന്നു. അന്നയുടെ ഉള്ളില്‍ ഒന്നു സംസാരിക്കാന്‍ പറ്റാത്തതിന്റെ വിഷമവും. ഇതവരുടെ അവസാന കൂടിക്കാഴ്ചയാണെന്ന് അവള്‍ക്കല്ലേ അറിയൂ.

അന്ന ((ഈ പൊട്ടന് ഇങ്ങനെ വായിനോക്കി നടക്കാതെ എന്നെയൊന്ന് പ്രൊപ്പോസ് ചെയ്തൂടെ..എന്ന ഈ പാടൊന്നും ഇല്ലല്ലോ.))

ആനന്ദ് ((നാല്‍പ്പത്താറാമത്തെ സീന്‍ ഞാന്‍ പൊളിക്കും.))

ഇതവരുടെ മനസ്സിലെ വികാരങ്ങളാണ്. മനസ്സിലുള്ളത് പരസ്പരം തുറന്നു പറയാത്തതാണല്ലോ ഈ മനുഷ്യന്‍മാരുടെ ഏറ്റവും വലിയ പ്രശ്നം.

പെട്ടെന്ന് സഡന്‍ ബ്രേക്കിട്ട് ബസ് നിന്നു. ഏതോ ബൈക്ക്കാരന്‍ കൊണ്ടിടിച്ചെന്നു തോന്നുന്നു. തമിഴിലെ തെറിയൊന്നും കേള്‍ക്കാനുള്ള മനക്കട്ടി ഇല്ലാത്തതുകൊണ്ട് അവള്‍ ബസ്സില്‍ നിന്നിറങ്ങി. അവനും ഇറങ്ങി.

അന്ന : എങ്ങോട്ടാ..?

ആനന്ദ് : ഒരു… ഫ്രണ്ടിനെ കാണാന്‍ ഇറങ്ങിയത.

അന്ന(സംശയത്തോടെ) : എന്നിട്ട് കണ്ടോ..?

ആനന്ദ്(കള്ളച്ചിരിയോടെ): ആ…കണ്ടു!

ഒരു നിമിഷം അവര്‍ പരസ്പരം നോക്കി നിന്നു, എന്തു പറയണം എന്നറിയാതെ.

ആനന്ദ് ((താങ്ക് യു ബൈക്ക്കാരന്‍ ചേട്ടാ.))

അന്ന ((ബ്ലാക്ക് ഷര്‍ട്ടൊക്കെ ആണല്ലോ.))

അന്ന : നമുക്ക് വല്ല ഓട്ടോയും പിടിച്ച് പോയാലോ. ആനന്ദ് അങ്ങോട്ടല്ലേ?

ആനന്ദ് : ആ ഞാനും അങ്ങോട്ടാ..

അന്ന : എന്തായി കഥയെഴുത്തൊക്കെ?

ആനന്ദ് ((ഈ ഒരു ചോദ്യം… ഇത് കേള്‍ക്കാനാ ഞാനീ കഷ്ടപ്പെട്ട് ഇവളെ കാണാന്‍ വരുന്നെ.))

ആനന്ദ് : ഏകദേശം കഴിയാറായി. ഇനി ക്ലൈമാക്സ് കൂടെ ഉള്ളൂ.

അന്ന : ആഹാ.. കൊള്ളാല്ലോ. ട്വിസ്റ്റ് ഒക്കെ ഉണ്ടോ?

ആനന്ദ് : എന്തു ട്വിസ്റ്റ്, ഈ കഥ റിയലിസ്റ്റിക്കാ… നായകനും നായികയും ഒരുമിക്കുന്നില്ല.

അന്ന : ഓ.. ഡെസ്പാണല്ലോ. അതെന്താ അവരെ ഒന്നിപ്പിക്കാത്തെ?

ആനന്ദ് : ഓ.. എന്തിനാ.. എന്നിട്ട് കല്യാണം കഴിച്ച് കുറെ വർഷം കഴിഞ്ഞ് പിള്ളേരെക്കെ ഒണ്ടാക്കി.. Responsibility, commitment.. പിന്നെ അവരുടെ സ്വപ്നങ്ങളൊക്കെ പിള്ളേര്‍ക്ക് വേണ്ടി മാറ്റി വെച്ച്… ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ ഇങ്ങനെ റോള്‍ പ്ലേ ചെയ്തു ജീവിച്ച്.. പരസ്പരം വെറുത്ത്.. ഒരു നാല്പതു വയസ്സില്‍ ഡിവോര്‍സ് ചെയ്ത്.. അല്ലേല്‍ ഈ പിള്ളേര് തന്നെ ഏതെലും ഓള്‍ഡ് ഏജ് ഹോമില്‍ കൊണ്ട് പോയി തള്ളീട്ട്, ഒരു ദിവസം കണ്ണാടിയുടെ മുന്നില്‍പ്പോയി നോക്കി, my life is a failure എന്നു പറയാനല്ലെ.

അന്ന : ഓ.. മതി.. മതി.. വേണ്ട അവരെ ഒരുമിപ്പിക്കണ്ട. നീയീ മാര്യേജ്, കുട്ടികള്‍ ഇതിനൊക്കെ against ആണോ?

ആനന്ദ് : എയ്.. ഞാന്‍ അങ്ങനല്ല. ഈ കഥ അങ്ങനാണ്. ഒരു സത്യം പറയട്ടെ.. 90 percentage മാര്യേജ് ലൈഫും ഒരു അഡ്ജസ്റ്റ്മന്‍റാ.. ആരും ഹാപ്പിയല്ല. അങ്ങനെ 40 കൊല്ലം പരസ്പരം വെറുത്ത് അടിയൊണ്ടാക്കി മനസ്സിലാക്കാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒരു 4 മാസം പരസ്പരം അറിഞ്ഞു അടിച്ചു പൊളിച്ച് പ്രണയിച്ചു ജീവിക്കുന്നതല്ലെ..

അന്ന : പക്ഷെ..

ആനന്ദ് : ആ ടൈം ആക്സിസ് എടുത്ത് മാറ്റി നോക്ക്.. ഏതാ ബെറ്റര്‍?

അന്ന : ഉം.. അപ്പൊ ശെരിയ.

ആനന്ദ് : എത്ര കാലം ജീവിച്ചെന്നല്ല, എത്ര കാലം ഹാപ്പിയായി ജീവിച്ചു എന്നതിലാ കാര്യം.

അന്ന : ആനന്ദിപ്പോള്‍ ഹാപ്പിയാണോ?

ആനന്ദ് : ഉം.. അല്ല.. ഇപ്പൊ struggle ആണ്.

അന്ന : സോ.. നീ കൊറേ സിനിമേക്കേ എഴുതി വലിയ script writer ഒക്കെ ആകുമ്പോ ഹാപ്പിയായിരിക്കും എന്നാണോ?

ആനന്ദ് : അതേ..

അന്ന : എനിക്കങ്ങനെ തോന്നുന്നില്ല, ഞാനീയിടക്കൊരു പടം കണ്ടു. Stephen Hawking ന്റ്റെ biopic ആ.. പേര്..

ആനന്ദ് : The theory of everything..?

അന്ന : കണ്ടിട്ടുണ്ടോ?

ആനന്ദ് : ഇല്ല.

അന്ന : എന്ന നീ അത് കാണണം. ഞാന്‍ വന്‍ ബ്ലാക് ഹോളിന്റെ തിയറി ഒക്കെ പടിക്കാന്നു വിചാരിച്ചു കണ്ടതാ.. പക്ഷേ ആ സിനിമ, completely based on പുള്ളീടെ ഫാമിലി ലൈഫ് ആ.. സിനിമയുടെ അവസാനം പുള്ളി വൈഫിനോട് പറയുന്നൊരു ഡയലോഗ് ഉണ്ട്, അവരുടെ പിള്ളേര് ഗാര്‍ഡനില്‍ കളിക്കുന്നതും നോക്കിയിരുന്നിട്ട്, ‘Look what we have made.’ എന്ന്..!

He is proud of his children, not black hole theory.

ആനന്ദ് : ഓക്കെ, ഇവിടെ ആരും ഹാപ്പിയല്ല. അല്ല, ആരും ഹാപ്പിനെസ്സ് ചൂസ് ചെയ്യുന്നില്ല. പോരേ..

അന്ന : yes, happiness is a choice.

അയ്യോ..ദേ മഴ.. ഒരു ഓട്ടോയും കാണുന്നില്ലല്ലോ.

ആനന്ദ് ((ഓട്ടോ ഒന്നും വരരുതേ…ദൈവമേ…))

അന്ന പെട്ടെന്ന് ബാഗില്‍ നിന്നും കുട പുറത്തെടുത്തു. ആനന്ദിന്റെ കയ്യില്‍ കുടയില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ. അന്ന കുട അല്പം പൊക്കിപ്പിടിച്ചു. ആനന്ദ് അതിനുള്ളില്‍ കയറി.

ആനന്ദ് ((ഓ..കാറ്റ്..മഴ..കുട..പിന്നെ അന്ന. എന്റെ സ്ക്രിപ്റ്റില്‍ പോലും ഇത്രേം റൊമാന്‍റിക് ആയ സീനില്ലല്ലോ. തുറന്നു പറഞ്ഞാലോ.. എനിക്കു നിന്നെ ഇഷ്ടമാണെന്ന്.. എയ്.. അത് ബോറാരിക്കും. Will you marry me? അത് പൊളിക്കും. കുറച്ചു മുന്നേ ഞാന്‍ തന്നാണല്ലോ മാര്യേജ് ഒക്കെ കോമഡിയാണെന്ന് പറഞ്ഞു ഡയലോഗ് അടിച്ചേ. പറയാണോ..വേണ്ട..അവളെന്ത് ഹാപ്പിയാണ്. ഞാനായിട്ട് അത് നശിപ്പിക്കണോ… ഓഹ്.. ഒന്നു പറ @@മ^^&.))

അന്ന ((oh..god, I will miss this person.))

അന്ന : പിന്നെ ഞാനിപ്പൊ ഹാപ്പിയാണ് കേട്ടോ..

ആനന്ദ് : എന്താണ് മഴ ഇഷ്ടപ്പെട്ടോ..

ആനന്ദ് ((അതോ എന്നെ ഇഷ്ടപ്പെട്ടോ. ഇതാണ്… ഇപ്പോഴാണ്.. പറയടാ പുല്ലെ.))

അന്ന : എനിക്കു പി‌എസ്‌സി കിട്ടി, ജൂനിയര്‍ എന്‍ജിനിയര്‍. നാളെ നാട്ടിലോട്ട് പോകുവാ..

ആനന്ദ് : ഓഹ്..നൈസ്. കൊള്ളാം. ഗുഡ്.

ആനന്ദ് ((വേണ്ട , പറയണ്ട..അവള് പോയി രക്ഷപ്പെടട്ടെ.))

അന്ന : ദേ ഓട്ടോ….

ആനന്ദ് : അണ്ണൈ…നവലൂര്‍.

മനസ്സില്‍ ഓട്ടോക്കാരനെ തെറി വിളിച്ചുകൊണ്ട് ആനന്ദ് അന്നയോടൊപ്പം ഓട്ടോയില്‍ കയറി.

ആനന്ദ് ((ഈ ഓട്ടോക്കാരന് വരാന്‍ കണ്ട നേരം. ഇനി എപ്പൊഴാ അന്നയെ..കാണാന്‍..ഓഹ്…!))

ആനന്ദ് : അന്ന..

അന്ന : എന്താ ആനന്ദ്?

ആനന്ദ് : അല്ല, ഞാനീ ആലോചിക്കാരുന്നെ, നമുക്ക് ഇഷ്ടപ്പെട്ട നമ്മള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം സ്വന്തമാക്കാന്‍ പറ്റുക എന്നു പറഞ്ഞാല്‍ വലിയ കാര്യം തന്നാണല്ലെ. ഇപ്പൊ, അന്നക്കു ഗവണ്‍മെന്‍റ് ജോലി കിട്ടിയ പോലെ.

അന്ന : നീ എഴുത്തുകാരനാവാന്‍ നടക്കുന്ന പോലെ എനിക്കിതിനോടങ്ങനെ passion ഒന്നുല്ല കേട്ടോ. But എനിക്കുറപ്പാ നീ ഒരു നല്ല സ്ക്രിപ്റ്റ് writer ആകും.

ആനന്ദ് : എയ്.. ഞാന്‍ അതിനെക്കുറിച്ചല്ല പറഞ്ഞെ.. എന്റെ ഒരു അമ്മാമ്മയുണ്ട്, അമ്മാമ്മക്ക് മരിക്കുന്നേന് മുന്നെ മഞ്ഞു കാണണം എന്നാരുന്നു ആഗ്രഹം.

അന്ന : എന്ത്.. മഞ്ഞോ?

ആനന്ദ് : അതേ.. മഞ്ഞ്. പക്ഷെ, ജീവിത കാലം മുഴുവന്‍ തൊഴുത്തിലെ പശുവിനെ കുളിപ്പിച്ചും ചാണകം വാരിയും കൊച്ചു മക്കളെ കളിപ്പിച്ചും, അപ്പാപ്പന്റെ തുണി തേച്ചും അടൂരെന്ന ഇട്ടാവട്ടത്ത് കഴിഞ്ഞതല്ലാതെ….! അവസാനം ഫ്രീസറിനുള്ളില്‍ ഐസിട്ട് ബോഡി കിടത്തിയപ്പോള്‍ കണ്ണാടിക്കൂടില്‍ ഞാന്‍ നോക്കിയപ്പൊണ്ടല്ലോ, ഇങ്ങനെ മഞ്ഞു തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടാരുന്നു.

അന്ന : ഓഹ്..

ആനന്ദ് : ജീവിതം എന്തു കോമഡിയാ അല്ലെ? എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍…

അന്ന : എന്താ..?

ആനന്ദ് : എയ്..ഒന്നുല്ല.

അന്ന : എന്റെ ഒരു കസിന്‍ സിസ്റ്റര്‍ ഉണ്ട്. പുള്ളിക്കാരി abroad ആണ്. രണ്ടു പിള്ളേര് ഉണ്ട്. ഹസ്ബന്‍ഡ് എന്തോ വലിയ എന്‍ജിനിയര്‍ ആണ്. വന്‍ റിച്ച് ഫാമിലി. But ചേച്ചിക്ക് ഡാന്‍സ് പഠിക്കണം എന്നാ ആഗ്രഹം, ഹസ്ബന്‍ഡ് സമ്മതിക്കില്ല, അല്ല ഹസ്ബന്ടിന്റെ വീട്ടുകാര്‍ സമ്മതിക്കില്ല. സോ.. ചേച്ചി മോളെ ഡാന്‍സ് പഠിപ്പിക്കാന്‍ വിട്ടിട്ട് മോളുടെ കയ്യിന്ന് ഡാന്‍സ് പടിക്കയാ.. ചേട്ടനറിയാതെ… You know what she says about life, it’s like living in a golden cage.

ആനന്ദ് : ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍.

അന്ന : എന്താ..?

ആനന്ദ് : എയ്.. ഒരു മലയാളം കവിതയാ.. മനുഷ്യന്മാര് കോമഡിയാ അല്ലേ.. സ്വയം ഒരു കൂടുണ്ടാക്കി അകത്തു നിന്നു പൂട്ടീട്ട് താക്കോലും കയ്യില്‍ വെച്ചിട്ട്.. ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ക്കുന്നു… ഞാന്‍ കൂട്ടിലാന്ന് പറഞ്ഞ്!

അന്ന : ഹാഹാ.. അതെനിക്കിഷ്ടപ്പെട്ടു.

അയ്യോ.. എന്റെ സ്റ്റോപ്പ് എത്താറായി.. അങ്കെ നിര്‍ത്തിത്തരുവോ?

ആനന്ദ് : അണ്ണൈ, ബസ് സ്റ്റോപ്പ് പക്കം സെര്‍ന്ത് നിര്‍ത്തുങ്കോ. ഇതുവരെ ആയിട്ടും തമിഴ് പടിച്ചില്ലെ?

അന്ന : ഇനിയിപ്പോ ആവശ്യം ഇല്ലല്ലോ..

അവര്‍ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. ഓട്ടോക്കാരന്‍ കണ്ണാടിയിലൂടെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ആനന്ദ് ((അന്ന.. നമുക്കീ ഓട്ടോയില്‍ ഈ ലോകം മുഴുവന്‍ ചുറ്റീട്ടു വന്നാലോ? ഇതാണ് നിന്റെ ലാസ്റ്റ് ചാന്‍സ്.. ചോദിക്ക്..))

അന്ന ((ആനന്ദ്.. എന്തേലും പറ.. ഇനി കുറച്ചു സമയം കൂടിയെ ഉള്ളൂ..))

അന്ന : ആനന്ദ്..

ആനന്ദ് : എന്താ?

അന്ന ആനന്ദിനു പകുതി കാശ് കൊടുത്തു. ആനന്ദ് അത് വാങ്ങിയില്ല. അവളുടെ സ്റ്റോപ്പ് എത്തി. ഇറങ്ങുന്നതിന് മുന്നെ അവസാനമായി അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കി. ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്ത പലതും കണ്ണുകളിലൂടെ പറയാന്‍ കഴിഞ്ഞേക്കും.

അവള്‍ ഇ

ങ്ങി.

അവള്‍ യാത്ര പറഞ്ഞില്ല, അവനും.

ഓട്ടോ മുന്നോട്ട് നീങ്ങി. അവര്‍ തിരിഞ്ഞു നോക്കിയില്ല. പരസ്പരം കാണാതെ കണ്ണുനീര്‍ മറച്ചു വെച്ചു.

“അണ്ണൈ, ഇങ്കെ നിര്‍തുങ്കൊ. എവളോ ആച്ച്?”

“Thirty five”

ആനന്ദ് ഓട്ടോയില്‍ നിന്നിറങ്ങി. പഴ്സ് തപ്പി. മുപ്പതു രൂപയെ ഉള്ളൂ. എന്തു ചെയ്യും?

“അണ്ണൈ thirty rupees മട്ടും താന്‍ ഇരിക്ക്”

“അതു പോതും, തമ്പി.”

ആനന്ദ് മുപ്പത് രൂപ കൊടുത്തു. ഓട്ടോക്കാരന്‍ എന്തോ സഹതാപത്തില്‍ അവനെ നോക്കി ചിരിച്ചു. അവന്‍ തിരിച്ചും. അല്ലേലും മനുഷ്യ വികാരങ്ങള്‍ തമിഴനും മലയാളിക്കും ഹിന്ദിക്കാരനും ഒക്കെ ഒരു പോലെ തന്നാണല്ലോ. അവന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. ഒരിടത്തും ഒതുങ്ങി നിന്നില്ല. മഴ നനഞ്ഞു. നന്നായി നനഞ്ഞു.

CHAPTER 4

സീൻ 46
SCENE – 46. EXT. Temple/ അലുവപ്പുഴയുടെ തീരം. NIGHT

അമ്പലപ്പറമ്പിലെ സ്റ്റേജില്‍ മഹാഭാരതം നാടകം നടക്കുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിനിടയില്‍ കൃഷ്ണനായി പ്രത്യക്ഷപ്പെടാനായി വേഷം ധരിച്ച്‌ സ്റ്റേജിന് പുറകില്‍ നില്‍ക്കുകയാണ് സതീഷ്. കുട്ടപ്പന്‍ ‘ഉത്സവം സ്പെഷ്യല്‍ സിഗരറ്റ്’ സതീഷിന്റെ കയ്യില്‍ കൊണ്ട് കൊടുക്കുന്നു. സതീഷ് അത് ആഞ്ഞു വലിക്കുന്നു. പാത്തു(ഫാത്തിമ) ദൂരെ നിന്ന് ഇതെല്ലാം ഒളിച്ചു കാണുന്നുണ്ടായിരുന്നു. പാത്തു പയ്യെ സിഗരറ്റ് തട്ടിപ്പറിച്ചുകൊണ്ട് സ്റ്റേജിന് പുറകിലെ മണപ്പുറത്തേക്ക് ഓടുന്നു. സതീഷ് പുറകെ ഓടുന്നു.

കേശവന്‍ പിള്ള അടിച്ചു പൂസായി അതുവഴി വരുന്നു. കൃഷ്ണ വേഷത്തില്‍ ഓടി വരുന്ന സതീഷിനെ കണ്ടു ഞെട്ടുന്നു.

കേശവന്‍ പിള്ള

കൃഷ്ണാ..ഗുരുവായൂരപ്പാ..

സതീഷ് ചിരിക്കുന്നു. കൈ ഉയര്‍ത്തി അനുഗ്രഹം കൊടുക്കുന്നു.

കേശവന്‍ പിള്ള കണ്ണടച്ചുകൊണ്ട് തൊഴുന്നു. സതീഷ് പാത്തുവിന് പുറകെ ഓടുന്നു. കേശവന്‍ പിള്ള കണ്ണു തുറന്നു നോക്കുന്നു.

കൃഷ്ണനെ കാണുന്നില്ല. പാത്തു ഓടി മണപ്പുറത്തെത്തുന്നു.

സതീഷ്

ടീ..പാത്തു, അത് സാധനം വേറെയാണ്.

ഫാത്തിമ

നീ പോടാ.. കള്ളകൃഷ്ണാ..

പാത്തു മണപ്പുറത്ത് കാല്‍ തെറ്റി വീഴുന്നു. വീണിടത്ത് കിടന്നു ചിരിക്കുന്നു. സതീഷും വന്നു വീഴുന്നു.

ആകാശത്തു നക്ഷത്രങ്ങള്‍ക്ക് നടുവില്‍ പൂര്‍ണചന്ദ്രന്‍ പ്രകാശിച്ചു നില്ക്കുന്നു. പാത്തുവും സതീഷും ആകാശം നോക്കിക്കിടക്കുന്നു.

സതീഷ് സിഗരറ്റ് ചോദിക്കുന്നു. പാത്തു കൊടുക്കുന്നില്ല. അവള്‍ ഒരു ദീര്‍ഘ നിശ്വാസമെടുത്ത ശേഷം സിഗരറ്റെടുത്ത് വലിക്കുന്നു. ചുമക്കുന്നു. സതീഷ് ആദ്യം ഒന്നു അന്തം വിട്ടെങ്കിലും പിന്നെ ചിരിക്കുന്നു. അവര്‍ ആകാശത്തു നോക്കിക്കിടക്കുന്നു. പരസ്പരം മാറി മാറി വലിക്കുന്നു.

സതീഷ്

പാത്തു…

ഫാത്തിമ

എന്താ..?

സതീഷ്

ഈ ഭൂമിയുടെ മേലാണോ ആകാശം അതോ

ആകാശത്തിന്റെ മേലാണോ ഭൂമി?

പാത്തു മുകളിലോട്ടും താഴോട്ടും നോക്കുന്നു.ചന്ദ്രനും നക്ഷത്രങ്ങളും അവള്‍ക്ക് ഒരു കൈ അകലെയായി തോന്നുന്നു.

ഫാത്തിമ

ഓ.. ഒരു പിടിയും കിട്ടണില്ല..

ഏതായലും ഈന്റെ രണ്ടിന്റെയും നടുക്കാണ് നമ്മള്.

സതീഷിന്റെ കണ്ണുകള്‍ പാത്തുവിനെ തന്നെ നോക്കിനിന്നു. സതീഷ് പെട്ടെന്ന് പാത്തുവിന്റെ കവിളത്ത് ഉമ്മ കൊടുക്കുന്നു. പാത്തു ഞെട്ടിത്തിരിഞ്ഞു സതീഷിനെ നോക്കുന്നു.

സതീഷ്

ഞാന്‍ നിന്നെ കെട്ടിക്കോട്ടെ..?

പാത്തു ചിരിക്കുന്നു. സതീഷും ചിരിക്കുന്നു.

അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കി പുക നിറഞ്ഞ ശ്വാസം വിടുന്നു. ആ ശ്വാസത്തില്‍ അവര്‍ക്കിടയിലെ മണല്‍ത്തരികള്‍ പാറിക്കളിക്കുന്നു.

ദ്രൌപദി(O.S.)

പരമാത്മാവേ…ശ്രീകൃഷ്ണാ …

എന്നെയീ അപമാനത്തില്‍ നിന്നു രക്ഷിക്കൂ..കൃഷ്ണാ..

സതീഷിന്റെയും പാത്തുവിന്റെയും ചുണ്ടുകള്‍ പരസ്പരം അടുത്തു വരുന്നു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍പ്പോയി മറയുന്നു. പെരിയാറിലെ മീനുകള്‍ വെള്ളത്തിനടിയിലേക്ക് പോകുന്നു. പെട്ടെന്ന് കുട്ടപ്പന്‍ ഓടി വരുന്നു.

കുട്ടപ്പന്‍

ടാ..പുല്ലേ..വാടാ.. അവ്ടെ നിന്റെ സീന്‍ ആയി..

പോയി പ്രത്യക്ഷപ്പെട്.

സതീഷ് ഞെട്ടിത്തിരിഞ്ഞു ഓടാന്‍ തുടങ്ങുന്നു. പെട്ടെന്ന് തിരിഞ്ഞു സിഗരറ്റ് എടുത്ത് അവസാനമായി ആഞ്ഞുരണ്ടു വലി വലിക്കുന്നു.

ദ്രൌപദി(O.S.)

കൃഷ്ണാ…

സതീഷ്

ദേ…വരുന്നൂ…!

കുട്ടപ്പനും സതീഷും ഓടുന്നു. പാത്തു ചന്ദ്രനെ നോക്കി അങ്ങനെ തന്നെ കിടക്കുന്നു.

CHAPTER 5

അവൻ
പ്രിയപ്പെട്ട അന്ന,

എല്ലാ സീനും എഴുതിക്കഴിഞ്ഞു. ക്ലൈമാക്സ് ഞാന്‍ തിരുത്തി. നായകനെയും നായികയെയും ഒരുമിപ്പിച്ചു, നീ പറഞ്ഞതു പോലെ. കഥയിലെങ്കിലും അവര്‍ ഒരുമിക്കട്ടെ. ഉടന്‍ തന്നെ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്നു. അറിയില്ല, എന്റെ എഴുത്തുകളില്‍ എവിടെയൊക്കെയോ നീ കയറി വരുന്നു. എന്റെ എല്ലാ നായികമാരും നിന്നെപ്പോലെയാണ് ചിരിക്കുന്നത്. ഇപ്പൊഴും ചെന്നൈയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ദൂരെ ആരെങ്കിലും ഒരു കറുത്ത ചുരിദാര്‍ ഇട്ടു നില്‍ക്കുന്നെ കണ്ടാല്‍ ഒരു നിമിഷം എനിക്കത് നീയാണെന്ന് തോന്നും, അല്ല ആഗ്രഹിച്ചു പോകും. ഞാനിപ്പോള്‍ തിരക്കുള്ളൊരു എഴുത്തുകാരനായി മാറിക്കൊണ്ടിരിക്കയാണ്. നീ പറഞ്ഞതു ശെരിയാ.. ഞാന്‍ ഇപ്പൊ അങ്ങനെ ഹാപ്പിയല്ല. എന്തൊക്കെയോ മിസ്സ് ചെയ്യുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കുന്ന പോലെ. അതോ, ഹാപ്പിനെസ്സ് ചൂസ് ചെയ്യാത്തതാണോ, അറിയില്ല.

എന്നിരിക്കിലും ഞാന്‍ എഴുതുന്നതെല്ലാം നിന്നെക്കുറിച്ചു തന്നെയാണ്. കഥകള്‍ മാറും. നായകനും നായികയും മാറും. സ്ഥലങ്ങള്‍ മാറും. സമയവും മാറും. പക്ഷേ എന്റെ വരികള്‍ക്കിടയിലൂടെ ഇപ്പോഴും നിന്നെ വായിച്ചെടുക്കാം. ഈ ആള്‍ക്കൂട്ടവും ഞാനും മരിച്ചു മണ്ണടിയും. മഞ്ഞുകാലവും മഴക്കാലവും മാറിവരും. ആ മണ്ണിനു മുകളില്‍ കറുത്ത പൂക്കള്‍ വിരിയും. നീ അപ്പോഴും ജീവിക്കുന്നുണ്ടാകും എന്റെ കഥകളിലൂടെ.

ആനന്ദ്.

CHAPTER 6

അവൾ**

**എല്ലാ അദ്ധ്യായങ്ങളും എഴുതാനുള്ളതല്ല.