Uracheratha Appam books and stories free download online pdf in Malayalam

Uracheratha Appam

ഉറചേരാത്ത
അപ്പത്തിന്റെ
ദിവസം
 

 

അങ്ങിനെ ഒരിക്കൽ ഒരിടത്തു ഉറച്ചേരാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു . മേഘങ്ങൾ മേയാതെ ശൂന്യമായ ആകാശത്തു വിളറിയ ഒരമ്പിളി തങ്ങി നിന്നു . ഉപ്പിലിയപ്പൻ കൈതക്കാടുകൾക്കിടയിലൂടെ തെങ്ങുംത്തടി പാലം കയറി തോടു കടക്കുന്ന ഇടവഴിയോരത്തു ,ആഞ്ഞിലിമരച്ചോട്ടിൽ ചുമ്മാ പിളർന്ന വായയിൽ ഇളവെയിലിനെ താരാട്ടി കാത്തിരുന്നു .

തെക്കേലെ ചെക്കൻ കടവത്തെ പൊന്നുവിന്റെ കടയിൽനിന്ന് മീൻ വാങ്ങി പാലം പറന്നിറങ്ങി . അവൻ ഉന്തിക്കൊണ്ടിരുന്ന മരചക്രം ദിക്കുതെറ്റി വഴിയോരത്തെ കൈതക്കാട്ടിൽ കുരുങ്ങിപ്പോയി . പണിപ്പെട്ടു അതു വേർപ്പെടുത്തുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു .

" ഉക്കിലിയപ്പൂപ്പാ ഉക്കിലിയപ്പൂപ്പാ മണിയനീച്ച വായിൽ കയറുമേ "

" അതു മരമണ്ടനായ നിനക്കു കിട്ടിയ പുഴുത്ത മീനിലെ ഈച്ചയല്ലേടാ ചെക്കാ ?"

ഏതോ തമാശ കേട്ടപോലെ അതുവഴി വന്ന കുറുവച്ചൻ പൊട്ടി പൊട്ടി ചിരിച്ചു . സർക്കീട്ടു വീരൻ നേതാവ് കുറുവച്ചൻ രാവിലെ തന്നെ എവിടേക്കാണാവോ ? . ഇടത്തേ കക്ഷത്തിൽ ഇറുക്കിയ ചുവന്ന ബാഗ് വലത്തേ കഷത്തിലേക്കു മാറ്റി , വലത്തു ചുമലിൽ വൃത്തിക്കു മടക്കിയിട്ട തോർത്തെടുത്തു ചിരി തുടച്ചു മനസ്സു പൊട്ടിച്ചു .
" ഉക്കിലിയപ്പാ, ഉക്കിലിയപ്പാ , ഏഴിന്റെ ബോട്ടിനു ഞാനിന്നു തിരുവല്ലായ്ക്കു പോകുന്നു . ഇന്നു വരില്ല . തിരുവല്ല തിലകിലാ താമസം "

" നീ എവിടെ താമസിച്ചാലും എനിക്കെന്താ ? എവിടെ പോയാലും എനിക്കെന്താ ?. ഒന്നു പോടെ മിനക്കെടുത്താണ്ട് "

 

 

ചിന്തകൾ ആകെ കുഴഞ്ഞു മറിയുന്നു . ഈ കുറുവച്ചനല്ലേ കഴിഞ്ഞ കുംഭത്തിൽ മരിച്ചു കിടന്നത് . കാവലപ്പള്ളി സെമിത്തേരിയിൽ

അന്നു വാടി തളർന്ന സന്ധ്യ നേരിയ കറുപ്പിൽ കലരവേ ഞങ്ങൾ അഞ്ചു പേരേ മാത്രം സാക്ഷിയാക്കി കുറുവച്ചന്റെ പഴകിപ്പൊളിഞ്ഞ ശവപ്പെട്ടി കുഴിയിലിറക്കിയില്ലേ ? . കനത്ത മൂകതയിൽ ഒരു കൂട്ടം കരിയിലകൾ വിളറിയ ആകാശത്തിനു താഴെ വട്ടമിട്ട തുമ്പികൾക്കൊപ്പം ചിറകടിച്ചു . ചിന്തകളിൽ ചുക്കിലി കയറിയ പഴയ കപ്യാർ കുര്യാക്കോ ചിലമ്പിച്ച ശബ്‌ദത്തിൽ തുമ്പികളെ നോക്കി പാടി .

' അന്തിയുടെ അന്ത്യ വെളിച്ചത്തിൽ

ചെംന്തീ പോലൊരു മാലാഖ

വിണ്ണിൽനിന്നും മരണത്തിൻ

സന്ദേശവുമായി വന്നെത്തി ....'

പൊടുന്നനവെ ഉപ്പിലിയപ്പനെ കണ്ട് കുര്യാക്കോ കുഴങ്ങി . കാണരുത്താത് കാണുകയും കേൾക്കരുത്താത് കേൾക്കുകയും ചെയ്യുന്ന ഉപ്പിലിയപ്പനെ അറിഞ്ഞു കാഴ്ചയുടെയും കേൾവിയുടെയും മറവിൽ കുര്യാക്കോ ഒളിച്ചു .

 

ശവപ്പറമ്പിൽ രാപ്പാടി പാടി പാടി തളർന്നു വീണ വാടിയ പൂക്കുലകളിൽ നിന്നും ഉപ്പിലിയപ്പൻ നരച്ച മേഘമായി തെന്നി ഒഴുകി . കുര്യാക്കോയും കുറുവച്ചനുമാകട്ടേ മങ്ങിയ ഇരുട്ടിൽ കലരുന്ന സന്ധ്യയുടെ ഇഴകളിൽ പതയുകയായിരുന്നു . മരണത്തിന്റെ ദുരൂഹവും വ്യർത്ഥവുമായ നിമിഷങ്ങൾ അകലെ അകലെ ചക്രവാകത്തിനപ്പുറം നേർത്ത പ്രണയനിലാവിൽ അലിഞ്ഞുകൊണ്ടേയിരുന്നു .

 

 

ഇപ്പോൾ ഉപ്പിലിയപ്പൻ ആഞ്ഞിലി മരച്ചുവട്ടിൽ നിന്നും മെല്ലെ നടന്നു . പെട്ടെന്നാണ് ജാനകിയെ കണ്ടത് . പകൽക്കിനാവിൽ സിന്ദൂരം ചാർത്തിയ പോലെ . കണ്ടപാടെ ജാനകിയുടെ കവിളുകൾ തുടുത്തു , കണ്ണുകൾ മിന്നിത്തിളങ്ങി . ചുണ്ടിലെ ചുവപ്പിനിടയിലൂടെ ലജ്ജയിൽ കുതിർന്ന മന്ദഹാസം ഹൃദയത്തിൽ നിർവൃതിയായി പൊഴിഞ്ഞു .

" നീ എവിടേക്കാ ?"

" തുണിയലക്കാനായിട്ടു കടവിൽ പോകുന്നു മൂത്താരേ ."

"എന്തൊക്കെയുണ്ട് വിശേഷം പെണ്ണേ ? കെട്ടിയോൻ രാഘവൻ ഇപ്പോൾ കൂടെയുണ്ടോ ?"

"അതിയാനിപ്പം കള്ളുകുടിയും തമ്മിത്തല്ലും കഴിഞ്ഞു സുഖമായി കുടിയിൽ പൊറുക്കുന്നു . എന്നാലും എന്റെ മൂത്തോരെ കൊന്നയിൽ ഇന്നു തത്ത വന്നില്ല ; പാട്ടൊന്നും പാടില്ലാ , കറവ കഴിഞ്ഞപ്പോൾ പൂവാലിപ്പശു ഇന്നു കുട്ടന്റെ വയലിലേക്കു ഓടി . പുറകെ ഓടാനും പിടിച്ചുക്കെട്ടാനും ഞാൻ മാത്രമല്ലേയുള്ളൂ . മടുത്തു മൂത്താരെ മടുത്തു ."

പരുത്തി ജാനകി കടവിലേക്ക് മെല്ലെ നടന്നു . ശബരിമലയുടെ കുളിരിൽ പുതഞ്ഞ പമ്പ പൊരിവെയിലിൽ വെട്ടിത്തിളങ്ങി അവളെ കാത്തുനിന്നു .

 

 

ഉപ്പിലിയപ്പൻ മെല്ലെ വീട്ടിലേക്കു നടന്നു . പണി തീർത്തു പോകും മുൻപേ ദേവി വിളമ്പിവെച്ച കഞ്ഞി

ഉപ്പുമാങ്ങ പിഴിഞ്ഞു കൂട്ടി കഴിച്ചു . സുന്ദരമായി ഏമ്പക്കം അയച്ചു നാലും കൂട്ടി മുറുക്കി .

പിന്നെ ഉമ്മറത്തു ചാരുകസേരയിൽ കാൽ പടിയിൽ കയറ്റിവെച്ചു കടന്നു . തൊടിയിൽ ഏതോ പക്ഷി കൊത്തിത്തിന്ന കൊക്കോ കായിൽ ഒരണ്ണാൻ ചാടി പരതുന്നു . തല പോയ തെങ്ങുകൾക്കിടയിലൂടെ കൃഷിയില്ലാതെ വെള്ളം കയറിക്കിടക്കുന്ന പാടത്തു വെയിലേറ്റു പോളകൾ തുള്ളിക്കളിക്കുന്നു . ഇനി മോൻ വല്ലപ്പോഴും അയച്ചു തരുന്ന കാശ് നഷ്‌ട കൃഷി നടത്തി നശിപ്പിക്കാനാവില്ല . കായൽ കടന്നുവരുന്ന തണുത്തകാറ്റിൽ കണ്ണുകൾ അടഞ്ഞേ പോകുന്നു .

 

 

അപ്പോൾ ജാനകി തുണിയലക്കി തുടങ്ങുകയായിരുന്നു . ഒരു പറ്റം താറാവുകൾ അവളെ കടന്നു തുഴഞ്ഞു . ഭംഗിയുള്ള ഒരു പൂവൻ താറാവ് വടിവൊത്ത കഴുത്തു വെള്ളത്തിൽ മുക്കി നിവർത്തി കുടഞ്ഞു . വെള്ളത്തുള്ളികൾ അവളുടെ മാറിലും വീണു . പുളിംങ്കുന്നിനുള്ള ലൈൻ ബോട്ട് മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു . ബോട്ടിൽ കാര്യമായി ആളില്ല . ഒരു ഹൗസ്‌ ബോട്ട് തീരത്തോട് ചേർന്നു വരുന്നു . അവൾ തുണിയെല്ലാം വാരിയടുപ്പിച്ചു . നാശം , ഇവരെന്തിനാ ഇത്ര അടുപ്പിച്ചു വരുന്നത് ?! . മുകൾ തട്ടിൽ നിന്നു സ്മോൾ അടിക്കുന്ന പയ്യന്റെ ആർത്തിപിടിച്ച കണ്ണുകൾ കാലുകൾ ചുറ്റിവരിയുന്നു . അവൾ ഉയർത്തിക്കെട്ടിയ മുണ്ടിന്റെ കോന്തല അഴിച്ചിട്ടു .

 

 

പൊടുന്നനവേ അലക്കിയ തുണികളിൽ നിന്നും രക്തം ഇറ്റു വീഴുന്നു . പിന്നെ രക്തം അതിവേഗം ഒഴുകി വെള്ളത്തിൽ അലിഞ്ഞു .

പുഴ നിറയെ ചോരയുടെ ചുവപ്പു നിറഞ്ഞു .

പിന്നെ വിലാപവും പല്ലുകടിയും കേട്ടു .

 

 

'റാഹേൽ .... റാഹേൽ ! അവൾ മുടിപടർത്തി നെഞ്ചത്തടിച്ചു വിലപിക്കുകയാണ് . അവൾ എങ്ങിനെ വിലപിക്കാതിരിക്കും ?. ആറ്റുനോറ്റുണ്ടായ ആറുമാസം തികയാത്ത കുരുന്നിനെ അവളുടെ മാറിൽനിന്നും അടർത്തിയാണ് ഹെരോദായുടെ പട്ടാളം കഴുത്തറുത്തത് . ഈയടുത്തു മഹാ പ്രതാപവനായ രാജാവ് ബെത്തലഹേമിൽ ജനിച്ചെന്നു ജ്യോതിഷികൾ ഹെരോദാ രാജാവിനെ അറിയിച്ചിരുന്നു . ഭീഷണി ഒഴിവാകാൻ രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ ശിശുക്കളേയും കൊല്ലുവാൻ രാജാവ് ഉത്തരവിട്ടു .

 

ഫ്രഞ്ച് വിപ്ലവത്തിനു മുൻപായി വിശന്നു കരഞ്ഞ കുഞ്ഞിന്റെ കൈപിടിച്ചു ഉണ്ടായിരുന്ന ചില്ലറ വാരിയെടുത്തു തെരുവിലേക്കു ഇറങ്ങിയതായിരുന്നു അമ്മ . എവിടെനിന്നെങ്കിലും ഒരു കഷണം റൊട്ടി വാങ്ങണം . റൊട്ടി കിട്ടുമെന്നറിഞ്ഞപ്പോൾ മോൻ സന്തോഷം കൊണ്ടു മതിമറന്നു .

അവൻ പാതയിലൂടെ തുള്ളിച്ചാടി ഓടി . രാജകൊട്ടാരത്തിലേക്കു വീഞ്ഞുമായി പാഞ്ഞ കുതിരവണ്ടിക്കു മുൻപിൽ പെട്ടു . കടിഞ്ഞാൺ വലിക്കണമോ ? വണ്ടിക്കാരൻ ചിന്തിച്ചു . വേണ്ട , ഇപ്പോൾ തന്നെ വീഞ്ഞു വൈകിയിരിക്കുന്നു . തെരുവിൽ കുട്ടിയുടെ ചോര ചിതറി , കുറച്ചു വീഞ്ഞും തുളുമ്പി .

" ഇന്നീ തെരുവിൽ വീഞ്ഞും ചോരയും ഒഴുകി . നാളെ ചോര മാത്രമൊഴുകും ."

അലറികരഞ്ഞ അമ്മ പറഞ്ഞു .

 

നിഷ്കളങ്കരുടെ ചോര ചുവന്ന റിബ്ബണുകൾ പോലെ വെള്ളത്തിൽ പിണഞ്ഞു കൂടി . ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ തല പൊട്ടിത്തെറിച്ചു ചോരയൊഴുക്കിയ കുരുന്നുകൾ , പോളണ്ടിൽ പിടഞ്ഞവർ , വിയറ്റ്നാമിൽ ബോംബുകളിൽ നിന്നു രക്ഷപ്പെടാത്തവർ , സൊമാലിയയിൽ വിശപ്പിനന്ധിയിൽ ചോര ഹോമിച്ചവർ , നൈജീരിയയിലും അഫ്ഗാനിസ്ഥാനിലും മതതീവ്രവാദികൾ കഴുത്തറുത്ത കുരുന്നുകൾ , സാർചക്രവത്തിയുടെ റഷ്യയിലും കമ്മ്യൂണിസ്റ്റു രാജാവിന്റെ ഉത്തരകൊറിയിലും ചോര ഒഴുക്കിയവർ , യുക്രൈനിൽ കൊല്ലപ്പെട്ടവർ , ഗുജറാത്ത് കലാപത്തിൽ ഭിത്തിയിൽ തല ചിതറിക്കപ്പെട്ടു പിടഞ്ഞ പെൺകുരുന്നുകൾ , മണിപ്പൂരിൽ മരിച്ചവർ , അട്ടപ്പാടിയിൽ വറ്റിയ മുല വലിച്ചു കുടിച്ചു പട്ടിണിയിൽ എരിഞ്ഞു തീർന്ന കറുത്ത മക്കൾ . ചുവന്ന റിബ്ബണുകളിൽ രക്തം കുമിഞ്ഞു കൂടുന്നു .

 

പൊടുന്നനവെ ഉപ്പിലിയപ്പൻ ഞെട്ടിയുണർന്നു . കണ്ടതു സ്വപ്നമോ സത്യമോ ?

ഒരു പിടിയും കിട്ടുന്നില്ല . നാശം ! ആ തടിച്ച ചാര കഴുത്തുള്ള കാക്ക പിന്നെയും അറപ്പുരയുടെ തടി കൊത്തുന്നു . അതു കേട്ടാവണം ചാരുകസേരയിൽ നിന്നുണർന്നത് . ആ കാക്ക ഇടക്കെടക്കു വന്നു സാവിത്രി കിടന്നിരുന്ന അറപ്പുര മുറിയിൽ എത്തിനോക്കും . പിന്നെ അറപ്പുരയിൽ കൊത്തിനോക്കും . അതിനു എന്തിന്റെ സുഖക്കേടാണാവോ ? .

 

 

മീൻ പിടിക്കാൻപോകാറായി . കുഞ്ഞച്ചൻ ഒരു കല്ല്യാണപാർട്ടിക്കു നല്ല മുഴുത്ത കരിമീൻ വേണമെന്നു പറഞ്ഞിരുന്നു . വട്ടക്കായലിൽ പോയിനോക്കാം . കൊച്ചുവള്ളത്തിൽ മൊബൈലും വലയും തുഴയും മോട്ടോറും എടുത്തുവച്ചു . കാവാലം ലിസ്സ്യു പള്ളി കഴിഞ്ഞു പമ്പയും വള്ളവും പുന്നമട കായലിന്റെ ഓളങ്ങളിൽ ചഞ്ചാടി . കഷ്ടം ! കായലിൽ മീൻ ഒന്നുമില്ലേ ?!. ഇടത്തും വലത്തും മാറി മാറി വീശി നോക്കി . അത്ഭുതമായിരിക്കുന്നു , ഒന്നുമേ കിട്ടിയതില്ല .

 

 

പടിഞ്ഞാറ് , കായലിന്റെ മുകളിൽ ആകാശം ചുവന്നു തുടുത്തിരിക്കുന്നു . അഞ്ചുമണിയായതേയുള്ളൂ . പിന്നെയെന്താ ഇങ്ങിനെ ?. കട്ടചുവപ്പു മേഘങ്ങൾ ഇടഞ്ഞുക്കൂടുന്നു . മേഘങ്ങൾക്കിടയിലൂടെ മിന്നൽപ്പിണരുകൾ ചീറിയടിക്കുന്നു . ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ കനത്ത വാക്കുകൾ ചിതറി വീണു .

' കാൽവരിയിൽ മരക്കുരിശിൽ ഒഴുകിയ കലർപ്പില്ലാത്ത രക്തം ഗർജജിക്കുന്നു . ഈ മണ്ണിൽ പൊഴിഞ്ഞടിഞ്ഞ നിഷ്കളങ്കന്റെ ഓരോ തുളളി ചോരയും പ്രതികാരത്തിനായി കത്തി ജ്വലിക്കുന്നു . ഈ തലമുറയും കഴിഞ്ഞ തലമുറയും വരാനിരിക്കുന്ന തലമുറയും അതിൽ കത്തിയടിയും . മനുഷ്യമനസ്സുകളെ കീറിമുറിക്കുന്ന മതത്തിന്റെ കരിംക്കോട്ടകളെ ഞാൻ തകർത്തെറിയും . പ്രധാനാചാര്യന്മാരുടേയും ബിഷപ്പുന്മാരുടേയും നിയമത്തിന്റെ നുകം കെട്ടിയ അംശവടികൾ ഞാൻ കത്തിയെരിക്കും .' മഹത്ത്വത്തിന്റെ സിംഹാസനത്തിൽ വെള്ളിടി വീശിക്കൊണ്ടേയിരുന്നു . ഉറച്ചേരാത്ത അപ്പത്തിന്റെ ദിവസം വന്നുകൊണ്ടിരിക്കുന്നു , അല്ലാ വന്നുകഴിഞ്ഞു ;

 

 

 

Sent from my iPhone