ചെമ്മൺപാതയിലൂടെ അതിവേഗം പാഞ്ഞ ചുവന്ന അംബാസഡർ കാർ കല്ലുപാകിയ ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടിന്റെ രൗദ്രത വർദ്ധിപ്പിച്ച് അമാവാസി കരുത്ത് കാട്ടുകയാണ്. ചുറ്റുപാടും കറുപ്പ് മാത്രം കാണുന്ന രാത്രിയുടെ രണ്ടാംപകുതിയിലെ പ്രകൃതിയോട് സധൈര്യം പോരാടുന്ന ഹെഡ്ലൈറ്റുകളോട് പ്രവീണിന് ബഹുമാനം തോന്നി. സൈഡ് സീറ്റിൽ രാഹുൽ ഉറങ്ങുന്നു. പിൻസീറ്റിൽ മേഴ്സിയും രശ്മിയും ഏതോ സിനിമാനടിമാരുടെ വിശേഷങ്ങളുമായി തർക്കത്തിലാണ്.
പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ഈ കൂട്ടുകാർ റിലാക്സിംഗ് സെലിബ്രേഷന് ഇറങ്ങിയതാണ്. ഇവരുടെ സുഹൃത്തായ മനീഷയുടെ അച്ഛൻ അടുത്തിടെ വാങ്ങിയ ബംഗ്ലാവിൽ മൂന്നോ നാലോ ദിവസങ്ങൾ ചെലവഴിക്കാമെന്നതാണ് പദ്ധതി. കൊളോണിയൽ കാലത്തെ യൂറോ ശൈലിയിലെ നിർമ്മിതിയാണത്. ആന്റിക് ബിൽഡിംഗുകളോട് മനീഷയുടെ അച്ഛന് വലിയ ആഭിമുഖ്യമാണ്. ഇരുമ്പ് ഗ്രില്ലിന്റെ ഭീമാകാരമായ ഗേറ്റ് കടന്ന് അംബാസഡർ പോർച്ചിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്ന് ശക്തമായ കാറ്റടിച്ചു. മരങ്ങൾ ആടിയുലയുന്നു. ഇത്രയും നേരം പൂർണ്ണനിശ്ശബ്ദമായി ഒരില പോലും അനങ്ങാതെ നിന്ന പ്രകൃതിക്ക് എന്തുപറ്റി എന്ന് രശ്മി മനസ്സിലോർത്തു. പോർച്ചിലെത്തിയ കാറിൽനിന്നും പുറത്തിറങ്ങിയ നാൽവർ സംഘം ബാഗുകളുമെടുത്ത് പ്രധാനവാതിലിന് മുന്നിലെത്തി. അവരെ പ്രതീക്ഷിച്ചെന്നവണ്ണം വാതിൽ പതിയെ തുറന്നപ്പോൾ അതിഥികളെ സ്വീകരിക്കുന്ന നല്ലൊരു വീട്ടമ്മയായി നിൽക്കുന്ന മനീഷയെ കണ്ട് അവർ അത്ഭുതപ്പെട്ടു.
എപ്പോഴും മോഡേൺ ഡ്രസ്സിംഗിൽ അഭിരമിക്കുന്ന മനീഷ ഇളംചുവപ്പിൽ വെള്ളയും കടുംവയലറ്റും പ്രിന്റ് വർക്കുകളുള്ള നാദാവരം സാരിയിൽ സുന്ദരിയായി നിൽക്കുന്നു. വെള്ള ബോർഡറുള്ള ലാവണ്ടർ ഡിസൈനർ പൊട്ടും വയലറ്റ് കല്ലുകൾ പതിപ്പിച്ച ഗൺമെറ്റലിന്റെ ജിമിക്കിയും വെള്ളയും ചുവപ്പും ഇടകലർന്ന നീളൻ മാലയും രാജസ്ഥാനി പിരിയൻ വളകളും അവളുടെ അഴക് വർദ്ധിപ്പിച്ചു. കൂട്ടുകാരെ സ്വീകരിച്ചു അകത്തേക്ക് നടക്കുമ്പോൾ അവളുടെ കാലിലെ വെള്ളിക്കൊലുസ്സിൽനിന്നുതിർന്ന മധുരശബ്ദം അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കി. അവർ അകത്തു കടന്നതിനുശേഷം പ്രധാനവാതിൽ അടച്ചതോടെ പുറത്തെ കാറ്റിന്റെ ശക്തി കുറഞ്ഞുവരുകയും നിശ്ശബ്ദമാവുകയും ചെയ്തു.
എല്ലാവരും അവരവരുടെ മുറികളിൽ സെറ്റിലായി ഫ്രെഷായി പ്രധാനഹോളിലെത്തുമ്പോൾ മേശയിൽ ചിക്കൻ ക്രീമി സൂപ്പും വെജിറ്റബിൾ സാലഡും പോർക്ക് ഡ്രൈ ഫ്രൈയും റെഡിയായിരുന്നു. മനീഷ എല്ലാവർക്കും വിളമ്പിക്കൊടുത്തു. കൂട്ടുകാർ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു.
യാത്രയുടെ ക്ഷീണം ഉറങ്ങി പരിഹരിച്ചുകൊള്ളാൻ പറഞ്ഞ മനീഷ കോടമഞ്ഞ് ഒഴിയാൻ സമയമെടുക്കുമെന്നും അതുകൊണ്ട് കുറച്ച് വൈകി എണീറ്റാലും കുഴപ്പമില്ലെന്നും അറിയിച്ചു. പരസ്പരം ശുഭരാത്രി നേർന്ന് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.
തന്റെ മുറിയിലെത്തിയ രശ്മി ക്രീം ലെഗ്ഗിൻസും ഓറഞ്ചിൽ വെള്ള പൂക്കളുള്ള ടോപ്പും ഊരിമാറ്റി ഇളംറോസ് നൈറ്റ് ഗൗൺ അണിഞ്ഞുകൊണ്ടിരുന്നപ്പോൾ മുറിയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഗൗൺ നേരെയാക്കി വേഗം ചെന്ന് വാതിൽ തുറന്നെങ്കിലും ആരെയും കണ്ടില്ല. ചിലപ്പോൾ തനിക്ക് തോന്നിയതാവും എന്നാശ്വസിച്ച് ലൈറ്റണച്ചു കിടന്നു.
ഡ്രൈവിംഗിന്റെ ക്ഷീണം മൂലം പാതിമയക്കത്തിൽ എത്തിയ പ്രവീൺ കൊലുസിന്റെ കിലുക്കം കേട്ടാണ് ഉണർന്നത്. മുറിയിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ അയാൾ മനീഷ മുറിക്കു പുറത്തുകൂടി നടന്നുപോയതാവുമെന്ന് ചിന്തിച്ച് വീണ്ടും ഉറക്കത്തെ പുൽകി.
രാവിലെ എല്ലാവരും വൈകിയാണ് എണീറ്റത്. അപ്പോഴേക്കും അന്തരീക്ഷം പ്രസന്നമായിരുന്നു. പ്രവീൺ രാഹുലിനോടും രശ്മിയോടും തലേന്ന് രാത്രിയിലെ അനുഭവം പങ്കുവെച്ചു. അത് കേട്ടുകൊണ്ട് അങ്ങോട്ട് വന്ന മേഴ്സി താൻ ഉറങ്ങിയെണീറ്റപ്പോൾ തന്റെ സ്വർണ്ണംകൊണ്ടുള്ള അരഞ്ഞാണം മേശപ്പുറത്ത് ഇരിക്കുകയായിരുന്നെന്ന് പറഞ്ഞു.
ഇവിടെ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ട രശ്മി തങ്ങൾ വരുന്ന സമയത്ത് ഉണ്ടായ അസ്വാഭാവികമായ കാറ്റിന്റെ കാര്യം സൂചിപ്പിച്ചു. രശ്മി പറയുന്നത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
പെട്ടെന്ന് പുറത്ത് വലിയ പൊട്ടിത്തെറിശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് ചെന്നു നോക്കിയപ്പോൾ അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ കാർ ഗേറ്റിന് സമീപം നിന്നു കത്തുന്നു. പോർച്ചിൽ നിന്ന കാർ എങ്ങനെ ഗേറ്റിനടുത്തെത്തി എന്ന് ആലോചിച്ച് ഒന്നും മനസ്സിലാവാതെ നിന്ന അവരുടെ മനസ്സുകളിൽ ഭീതി ഇതൾവിരിയാൻ തുടങ്ങി.
അന്ന് അവർ അധികം സംസാരിച്ചില്ല. എല്ലാവരുടെ മനസ്സിലും ദുരൂഹമായൊരു ഭയം കൂടുകൂട്ടിയിരുന്നു. രാത്രിവരെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടിയ അവർ അത്താഴത്തിന് ശേഷം ഭയന്നാണ് അവരവരുടെ മുറികളിലേക്ക് പോയത്.
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
രാഹുലിന്റെ അലർച്ച കേട്ടാണ് എല്ലാവരും ഓടിയെത്തിയത്. അപ്പോൾ അയാൾ ചുവരിനോട് ചേർന്ന് ഭയന്നു വിറച്ചാണ് നിന്നിരുന്നത്. ഒരു സ്ത്രീരൂപം ജനലിലൂടെ തന്നെ തുറിച്ചുനോക്കിയെന്നും അവളുടെ കടവായിലൂടെ രക്തം ഒലിച്ചിരുന്നെന്നും പറഞ്ഞ രാഹുൽ ഏറെ നേരമെടുത്താണ് സമനില വീണ്ടെടുത്തത്. തലേന്നത്തെ തങ്ങളുടെ അനുഭവങ്ങളും അവർ മനീഷയെ അറിയിച്ചു.
അപ്പോഴാണ് മനീഷ ആ കാര്യം പറഞ്ഞത്. കൂട്ടുകാർ എത്തുന്നതും കാത്ത് മനീഷ പ്രധാനവാതിലിന് സമീപം നിൽക്കുകയായിരുന്നു. കാർ എത്തുന്നതിന് അൽപ്പം മുമ്പ് ഒരു സ്ത്രീ അതിവേഗം ഗേറ്റ് തുറന്നു വന്ന് കൂട്ടുകാരോട് വരരുതെന്ന് പറയൂ എന്നും അപകടമാണെന്നും പറഞ്ഞു തിരിച്ചുപോയി. നാൽപ്പതിനോടടുത്ത് പ്രായം വരുന്ന അവൾ നേർത്തൊരു ഗൗൺ അണിഞ്ഞിരുന്നെങ്കിലും അടിവസ്ത്രങ്ങൾ വ്യക്തമായിരുന്നു. ഗേറ്റിനടുത്ത് എത്തിയ അവൾ പെട്ടെന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്തത്. അടുത്തെങ്ങും വീടുകളില്ലെന്നും അതാരാണെന്ന് മനസ്സിലായില്ലെന്നും മനീഷ പറഞ്ഞതോടെ എല്ലാവരിലും ഭയം ഇരട്ടിച്ചു. അപകടകരമായ സ്ഥലത്താണ് തങ്ങൾ നിൽക്കുന്നതെന്ന് അവർക്ക് മനസ്സിലായി.
കാര്യത്തിന്റെ ഗൗരവം അവർ പരസ്പരം ചർച്ച ചെയ്തെങ്കിലും എന്തുചെയ്യണമെന്ന് ആർക്കും മനസ്സിലായില്ല. കുറച്ചു ദൂരം പോയാൽ ഒരു ചർച്ച് ഉണ്ടെന്നും അവിടത്തെ ഫാദർ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിവുള്ള ആളാണെന്നും അച്ഛൻ പറഞ്ഞിരുന്നത് മനീഷ കൂട്ടുകാരോട് പറഞ്ഞു.
പിറ്റേന്ന് രാവിലെ ഏറെ ദൂരം നടന്നാണ് മുകളിൽ കുരിശുരൂപമുള്ള ഒരു കൊച്ചുവീട് കണ്ടെത്തിയത്. മധ്യവയസ്കനായ ഫാദർ എഡ്വേർഡ് ഫെർണാണ്ടസ് കാര്യങ്ങൾ വിശദമായി കേട്ടപ്പോൾ കുറച്ചുനേരം ഓരോരുത്തരുടെയും മുഖത്തേക്ക് മാറിമാറി നോക്കി പറഞ്ഞു:
"ഈ പ്രശ്നം പരിഹരിക്കാതെ നിങ്ങൾക്ക് ബംഗ്ലാവിൽനിന്നും തിരിച്ചുപോവാൻ കഴിയില്ല. പോവാൻ ശ്രമിച്ചാൽ നിങ്ങൾ എവിടെപ്പോയാലും പ്രശ്നങ്ങൾ പിന്തുടരും. കാരണം നിങ്ങളെ വരുത്തിയത് അവളാണ്. നിങ്ങൾ ഈ പ്രദേശത്ത് കടന്നതോടെ അവൾ ലക്ഷ്യം നേടി. മനീഷയോട് അനുഭാവം ഉള്ളതുകൊണ്ട് രക്ഷിക്കാൻ നടത്തിയ ശ്രമമാണ് മുന്നറിയിപ്പിന്റെ രൂപത്തിൽ കണ്ടത്.
ഇന്ന് പകൽ ഒന്നും സംഭവിക്കില്ല. വൈകുന്നേരം ഞാനവിടെ ഉണ്ടാവും. അസാധാരണ ശക്തിയോടെ ആഞ്ഞടിക്കുന്ന സ്വഭാവമുണ്ട് അവൾക്ക്. പക്ഷേ ഭയക്കരുത്. ഞാൻ തരുന്ന ഒരു ബാഗ് നിങ്ങൾ കൊണ്ടുപോയി അടുക്കളയിൽ വെക്കണം."
ഫാദർ തന്ന ബാഗുമായി ബംഗ്ലാവിൽ എത്തിയ അവർ അടുക്കളയിലെ ഷെൽഫിൽ അത് വെച്ചു.
സന്ധ്യയോടെ ഫാദർ എത്തി. താൻ പറയുന്നതുവരെ നിശ്ശബ്ദരായി ഹാളിൽ ഇരിക്കാൻ അവരോട് കർശനമായി നിർദ്ദേശിച്ച് ഫാദർ അടുക്കളയിലേക്ക് ചെന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പുറത്ത് ശക്തമായ കാറ്റ് തുടങ്ങി. പെട്ടെന്നായിരുന്നു പ്രകൃതിയുടെ മാറ്റം. എന്തിനെയും ചുഴറ്റിയെറിയാനുള്ള ആവേശത്തോടെ ആയിരുന്നു കാറ്റ് വീശിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം മനീഷയെ കാണാൻ വന്ന സ്ത്രീ അതേ വേഷത്തിൽ അപ്പോൾ വീണ്ടും എത്തി. നേരെ അകത്തേക്ക് വന്ന അവൾ മനീഷയെ തുറിച്ചുനോക്കി കുറച്ചുനേരം നിന്നു. പെട്ടെന്ന് ആരോ പിടിച്ചു വലിച്ചാലെന്നപോലെ അടുക്കളയിലേക്ക് പോയി. പിന്നീട് ചില അലർച്ചകളാണ് അടുക്കളയിൽനിന്നും കേട്ടത്. പിന്നാലെ ആരോ എടുത്തെറിഞ്ഞതുപോലെ ഫാദർ ഹാളിൽ വന്നുവീണു. പരിഭ്രമിച്ചുപോയ കൂട്ടുകാരോട് അനങ്ങരുതെന്ന് ആംഗ്യം കാണിച്ച് ഫാദർ പതുക്കെ എണീറ്റു. അടുക്കളയിൽനിന്നും അലർച്ചകൾ മുഴങ്ങി. ഫാദർ തന്റെ ളോഹയുടെ പോക്കറ്റിൽനിന്നും കുറച്ചു മുല്ലപ്പൂവിന്റെ മൊട്ടുകൾ പുറത്തെടുത്തു. കണ്ണടച്ചു പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് അവ അടുക്കളഭാഗത്തേക്ക് എറിഞ്ഞു. അതോടെ അവിടെനിന്നുള്ള അലർച്ചകൾ അട്ടഹാസങ്ങൾക്ക് വഴിമാറി. മറ്റേതോ ഭാഷയിൽ ഫാദർ ആജ്ഞാസ്വരത്തിൽ എന്തോ അലറി. ആ സ്ത്രീ ചുവരിലൂടെ നടന്ന് ഹാളിലെത്തി. ഫാദറിനുനേരെ കുതിച്ചു ചാടിയ അവൾക്കുനേരെ ഹന്നാൻവെള്ളം ശക്തിയോടെ തളിച്ച ഫാദറിനെ പരിഹസിച്ചു ചിരിച്ചുകൊണ്ട് അവൾ തന്റെ ഗൗൺ വലിച്ചുകീറി. ഇളംനീല സിൽക്കി ഫിനിഷ് ബ്രായും കടുംനീലയിൽ കുഞ്ഞുപൂക്കളുള്ള വി-കട്ട് പാന്റീസുമണിഞ്ഞ് നിന്ന അവളുടെ കടഞ്ഞെടുത്തതുപോലത്തെ ഉടലഴക് തികഞ്ഞ ആധ്യാത്മികതയിൽ സഞ്ചരിക്കുന്ന ഫാദറിനെ തെല്ലും ശല്യപ്പെടുത്താൻ പോന്നതായിരുന്നില്ല.
കടുത്ത പ്രയോഗങ്ങളിലേക്ക് കടന്ന ഫാദർ കൂടുതൽ ശക്തമായ പ്രാർത്ഥനകൾ ഉരുവിടാൻ തുടങ്ങി. ഹന്നാൻവെള്ളംകൊണ്ട് അവളെ തലങ്ങുംവിലങ്ങും ആക്രമിച്ചു. 2 കുരിശുരൂപങ്ങൾ മാലയിലാക്കി ഒരേസമയം നെഞ്ചിലും പുറത്തും സ്ഥാനം പിടിക്കാവുന്നവിധം ധരിച്ചുള്ള ഫാദറിന്റെ നീക്കം അവളുടെ അടവുകളുടെ പരിധികൾക്കപ്പുറമായിരുന്നു. ഒരു ഘട്ടത്തിൽ അബോധാവസ്ഥയിലായി തളർന്നുവീണ അവളുടെ ശരീരം മുഴുവനും ഹന്നാൻവെള്ളം തളിച്ച ഫാദർ അവളുടെ നെറ്റിയിൽ കുരിശുരൂപം ശക്തമായി മുട്ടിച്ചു പ്രാർത്ഥനകളുരുവിട്ടുകൊണ്ടിരുന്നു. പെട്ടെന്ന് ശക്തമായ കാറ്റ് അവിടെ രൂപംകൊണ്ടു. മഴക്കാലത്തെന്നപോലെ ഇടിവെട്ടിന്റെ ശബ്ദങ്ങൾ മുഴങ്ങി. നിലത്ത് കിടന്ന അവളുടെ സുന്ദരമായ ശരീരം നിറം മങ്ങി വിണ്ടുകീറാൻ തുടങ്ങി. ഏതാനും മിനുട്ടുകളിൽ അവിടെ അൽപ്പം പൊടി മാത്രം അവശേഷിച്ചു. ഫാദർ ഒരു ചെറിയ മൺകുടത്തിൽ ആ പൊടി ശേഖരിച്ചു.
എല്ലാം കണ്ട് പരിഭ്രമിച്ചുനിന്ന ആ കൂട്ടുകാരുടെ മുഖത്തുനോക്കി ഫാദർ പുഞ്ചിരിച്ചു. അവരുടെ തോളത്ത് തട്ടി ആശ്വസിപ്പിച്ച ഫാദർ പറഞ്ഞു:
"നിങ്ങളുടെ ജീവനെടുത്ത് മനീഷയെ മാത്രം വെറുതെ വിടാനായിരുന്നു സ്വപ്നയുടെ പദ്ധതി. മനീഷയുടെ സാന്നിധ്യം മൂലമാണ് അവൾ ശരിക്കുള്ള പ്രതികാരരൗദ്രം പുറത്തെടുക്കാതിരുന്നത്. അവളൊരു പാവമായിരുന്നു. ഒത്തിരി അനുഭവിച്ചാണ് ഇങ്ങനെ ആയത്. പക്ഷേ ജീവിക്കുന്നവർക്കിടയിൽ ആത്മാക്കൾ ഇടപെടുന്നത് പാടില്ലാത്തതാണ്. അതുകൊണ്ട് ഞാനിത് ചെയ്യേണ്ടതുതന്നെയാണ്.
ഇനി നിങ്ങൾ സ്വതന്ത്രരാണ്. എങ്ങോട്ടും പോവാം."
അടുക്കളയിൽ ചെന്ന് തന്റെ ബാഗുമെടുത്ത് പുറപ്പെടാൻ തുടങ്ങിയ ഫാദറിനോട് തങ്ങൾ കൂടെ വരാമെന്ന് പറഞ്ഞപ്പോൾ സ്നേഹത്തോടെ നിരസിച്ച അദ്ദേഹം ഒന്ന് തിരിഞ്ഞുനിന്നു.
"പാവങ്ങളായ സ്ത്രീകൾ ചെയ്യുന്ന കൊച്ചുതെറ്റുകളിൽ ക്ഷമിക്കാവുന്നവയൊക്കെ പരമാവധി ക്ഷമിക്കാൻ ശ്രമിക്കണം. അവരെ സഹായിക്കാൻ ശ്രമിക്കണം. അപ്പോൾ എന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെയുള്ള സങ്കടകരമായ കാര്യങ്ങൾ ചെയ്യേണ്ടിവരുന്നത് അത്രയെങ്കിലും കുറയുമല്ലോ"; എന്ന് പറഞ്ഞ് തന്റെ ബാഗിലെ മൺകുടത്തിൽ പതുക്കെ തലോടിക്കൊണ്ട് ഫാദർ ഇറങ്ങി നടന്നു. അദ്ദേഹം ഗേറ്റ് കടന്നുപോകുവോളം നോക്കിനിന്ന അവർ ആശ്വാസത്തോടെ പരസ്പരം നോക്കി.
യുദ്ധഭൂമിയിൽനിന്നും ജീവൻ തിരിച്ചുകിട്ടിയവരുടെ സന്തോഷത്തിൽ അവർ ആലിംഗനബദ്ധരായി.
***************