Vani's Onam, Witson's and Denny Chimman books and stories free download online pdf in Malayalam

വാണിയുടെ ഓണം, വിത്സന്റെയും ഡെന്നി ചിമ്മൻ

അന്ന് വാണിക്ക് തിരക്കേറെ ആയിരുന്നു. പൂരാടം നാൾ ആയതുകൊണ്ട് തന്റെ തൊഴിലിടമായ പ്രിന്റിംഗ് പ്രസ്സിൽ ഓണവുമായി ബന്ധപ്പെട്ട ഡിടിപി വർക്കുകളും നാട്ടുമ്പുറത്തെ ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളുടെ വർക്കുകളുമായി തിരക്കിൽ മുങ്ങുന്ന ദിവസമാണ്. ഉത്രാടം, തിരുവോണം നാളുകളിൽ പ്രസ്സിന് അവധിയാണ്. ജോലിയിലെ വേഗതയാണ് വാണിയുടെ തുറുപ്പുചീട്ട് എന്നതുകൊണ്ട് പ്രസ്സുടമ വാണിയിൽ സംതൃപ്തനാണ്. തിരക്കുള്ളപ്പോൾ അല്പം കൂടുതൽ സമയം ഇരുന്നായാലും ഏറ്റെടുക്കുന്ന വർക്കുകൾ പൂർത്തീകരിക്കുന്ന അവളുടെ രീതി ഉടമക്കും ആശ്വാസകരമാണ്.

ബസ് ഡ്രൈവറായ ഭർത്താവ് വിത്സണും മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന മകൻ അലക്സും ചിത്രകാരിയായ മകൾ ഷീനയുമടങ്ങുന്നതാണ് വാണിയുടെ കുടുംബം. അലക്സ് ജോലിയിൽ കയറിയിട്ട് ആദ്യത്തെ ലീവിൽ തിരുവോണത്തിന് വീട്ടിലെത്തുന്നുണ്ട്. ഷീനയാവട്ടെ, ഈ ഓണത്തിനുശേഷം വിദേശത്തേക്ക് പോവാനൊരുങ്ങുകയാണ്. അവൾക്ക് ലണ്ടനിലെ പ്രശസ്തമായ ആർട്ട് ഗാലറിയുമായുള്ള കരാർ ശരിയായിട്ടുണ്ട്. മക്കൾ സ്ഥിരമായി വിദേശത്താവുന്നു എന്നതിനാൽ വീട്ടിൽ കൂടുതലും ഇനി വാണിയും വിത്സണും മാത്രമേ ഉണ്ടാവാനിടയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഓണത്തിന് വാണിയെ സംബന്ധിച്ച് പ്രാധാന്യമേറെയാണ്. ഇത്തവണ ഓണസദ്യക്ക് കൂടുതൽ വിഭവങ്ങളുണ്ടാക്കലും ഭംഗിയുള്ള പൂക്കളമുണ്ടാക്കലുമൊക്കെയായി വാണിയുടെ മനസ്സ് തിരക്കിലാണ്. ഇന്നത്തെ വർക്കുകൾ കഴിഞ്ഞാൽ വാണി പൂർണ്ണമായും ഓണത്തിലലിയും. മദ്യത്തിന് കൂടുതൽ ചെലവഴിക്കുന്ന വിത്സണെക്കൊണ്ട് കുടുംബത്തിന് സാമ്പത്തികമായ സംഭാവനകൾ കുറവാണെങ്കിലും വാണിയിലെ അരക്ഷിതബോധത്തെ മറികടക്കാൻ വിത്സന്റെ സാന്നിധ്യം ഉപകാരപ്പെടുന്നുണ്ട്. സാഹചര്യം ഉൾക്കൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും കൈത്താങ്ങായി നിലകൊള്ളുന്നത് മക്കളെ നല്ല നിലകളിൽ എത്തിക്കാൻ സഹായകമായത് വാണിക്ക് ഒത്തിരി ആശ്വാസമായി.

വർക്കുകൾ തീർത്ത് പുറത്തിറങ്ങിയ വാണി ഉത്സാഹഭരിതയായിരുന്നു. കടകളിൽനിന്നും വാങ്ങിയ സാധനങ്ങളുമായി ഓട്ടോയിൽ വീട്ടിലെത്തിയ വാണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുളിച്ച് സുന്ദരനായി വിത്സൺ ഉമ്മറത്തുണ്ടായിരുന്നു; അത് പതിവില്ലാത്തതാണ്. വാണി ഭാവഭേദം പ്രകടിപ്പിക്കാതെ സാധനങ്ങൾ അകത്തു കൊണ്ടുവെച്ചു. ഷീന വേഗം അമ്മയുടെ അടുത്തെത്തി ആ അത്ഭുതവാർത്ത പറഞ്ഞു; അപ്പച്ചൻ ഇന്ന് മദ്യപിച്ചിട്ടില്ല!

താത്കാലികാശ്വാസങ്ങൾ ഒരിക്കലും അധികം നീളുന്ന പതിവില്ലാത്തതുകൊണ്ട് വാണി മറ്റു പണികളിലേക്ക് കടക്കുമ്പോൾ വിത്സൺ അടുത്തെത്തി പറഞ്ഞു:
ഭക്ഷണത്തിനുള്ള കാര്യങ്ങൾ നോക്കണ്ട, ഓർഡർ ചെയ്തിട്ടുണ്ട്; ഇപ്പോൾ വരും.

മൊത്തത്തിൽ പുതുമയാണല്ലോ എന്നോർത്ത് വാണി ചിരിച്ചു. ഭക്ഷണശേഷം ടിവിയുടെ മുന്നിലിരിക്കുമ്പോൾ വിത്സൺ വാണിയെ തന്നോട് ചേർത്തിരുത്തി. ഷീന ഉറക്കം വരുന്നെന്ന് പറഞ്ഞു മുറിയിലേക്ക് പോയി. കുറച്ചു നേരംകൂടി കഴിഞ്ഞു വാണിയും വിത്സണും കിടന്നുറങ്ങി. പതിവുപോലെ ആറുമണി ആയപ്പോൾ വാണി ഉണരുമ്പോൾ വിത്സൺ അടുത്തുണ്ടായിരുന്നില്ല. പുറത്തു കടന്നപ്പോൾ വിത്സണും ഷീനയും കൂടി പൂക്കളമിട്ടു കഴിയാറായി. പുലർച്ചെ അപ്പച്ചൻ വിളിച്ചുണർത്തുകയായിരുന്നെന്ന് ഷീന ചിരിച്ചുകൊണ്ട് പറഞ്ഞു. പൂക്കളമിട്ടു കഴിഞ്ഞ് വിത്സൺ വാണിയെ പ്രാർത്ഥനാമുറിയിൽ കൊണ്ടുപോയി നിറുത്തി അവളുടെ ചെവിയിൽ പറഞ്ഞു; ഇന്നുമുതൽ ഞാൻ മദ്യം തൊടില്ല!
വാണി പുഞ്ചിരിച്ചു. അവളുടെ കവിളിലൊന്ന് നുള്ളിയിട്ട് വിത്സൺ പോയി. ഷീനയോട് വിശേഷങ്ങളൊക്കെ അന്വേഷിച്ചും വാണിയെ അടുക്കളയിൽ സഹായിച്ചും വിത്സൺ നല്ലൊരു ഗൃഹനാഥനായി.

ഉച്ചതിരിഞ്ഞ് ചായ കുടിക്കുമ്പോൾ കാളിംഗ് ബെൽ ശബ്ദിച്ചു. വാണി വാതിൽ തുറന്നപ്പോൾ എക്സിക്യൂട്ടീവ് വേഷം ധരിച്ച ഒരാൾ നല്ലൊരു തിരുവോണം ആശംസിച്ചുകൊണ്ട് ഒരു കവർ അവൾക്ക് കൊടുത്തു. മുറ്റത്ത് ഒരു വലിയ ഷീറ്റ് മാറ്റിയപ്പോൾ റിബ്ബണുകളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച് പുത്തനൊരു കാർ - ഹുണ്ടായി ബ്രെസ്സ!!!
അത്ഭുതം അടക്കാനാവാതെ അവൾ വിത്സണെ വിളിച്ചു. പുറത്തുവന്ന് അവൻ അവളോട് പറഞ്ഞു: ഇത് നിനക്കുള്ള എന്റെ സമ്മാനം!

മുമ്പ് ഉണ്ടായിരുന്ന വാഗണർ സാമ്പത്തികബുദ്ധിമുട്ട് വന്നപ്പോൾ നഷ്ടപ്പെട്ടത് നാല് വർഷം മുമ്പായിരുന്നെന്ന് അവൾ ഓർത്തു. വന്നയാൾ ചായ കുടിച്ച് യാത്ര പറഞ്ഞിറങ്ങിയപ്പോൾ അവൾ വിത്സന്റെ മാറിൽ മുഖമമർത്തി. അവളുടെ ആനന്ദാശ്രു അവന്റെ മാറിൽ നനവ് പടർത്തി. മുറിയിലെ കമ്പ്യൂട്ടറിനുമുന്നിൽനിന്നും വന്ന ഷീനയും പുതിയ അതിഥിയെക്കണ്ട് സന്തോഷിച്ചു. നാലുവർഷമായി അമ്മ കാറോടിച്ചിട്ടെന്ന് അവളോർത്തു. നാളെ അമ്മ ഡ്രൈവ് ചെയ്ത് നമ്മൾ പുതിയ കാറിൽ അമ്മയുടെ കുടുംബവീട്ടിൽ പോവുമെന്ന് വിത്സന്റെ പ്രഖ്യാപനമുണ്ടായപ്പോൾ ഷീന ഹാപ്പിയായി. മൂന്ന് വർഷങ്ങൾക്കുശേഷം വാണിയും വിത്സണും അന്ന് ഒരു മുറിയിൽ കിടന്നുറങ്ങി.

പുലർച്ചെ എണീറ്റു കുളിച്ച വിത്സൺ, വാണിയെ വിളിച്ചുണർത്തി റെഡിയാക്കി പൂക്കളമിടാൻ തുടങ്ങി. ഷീന ഉണരുമ്പോഴേക്കും പൂക്കളം റെഡിയായിരുന്നു. സദ്യവട്ടങ്ങളൊരുക്കാൻ വിത്സണും കൂടിയപ്പോൾ വാണി ഉത്സാഹഭരിതയായി.

ഉച്ചയ്ക്ക് മുമ്പേ അലക്സെത്തി. മുറ്റത്തു കണ്ട പുത്തൻ ബ്രെസ്സയെക്കുറിച്ചുള്ള വിശദീകരണം കിട്ടിയപ്പോൾ അവന് സന്തോഷമായി. അപ്പച്ചന്റെ മദ്യപാനം മൂലം പൂർണ്ണമായും മോശം അവസ്ഥയിലായ കുടുംബപശ്ചാത്തലത്തിന്റെ അരുചി അവനേറെ നുണയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിരുന്ന കാറിനെ കൈവിടുന്ന ദിവസം അവന്റെ മനസ്സിൽ ഒരു നീറ്റലായി എന്നുമുണ്ടായിരുന്നു. ഒരു അത്താണിയില്ലാതെ താനും പെങ്ങളും വളരേണ്ടിവന്നപ്പോൾ മനസ്സിലെടുത്ത പ്രതിജ്ഞ താൻ സ്വന്തം കാലിൽ നിന്നാൽ തന്റെ പെങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവരില്ല എന്നതായിരുന്നു. അപ്പച്ചന്റെ മാറ്റത്തെക്കുറിച്ച് ഷീനയിൽനിന്നുമറിഞ്ഞപ്പോൾ പഴയ നല്ലകാലം അവനോർത്തു.

ഓണസദ്യയുണ്ട് വാണിയുടെ കുടുംബവീട്ടിൽ പോവാൻ ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോൾ വാണിയുടെ മനസ്സ് അഭിമാനത്താൽ പൂത്തുലഞ്ഞു. യാത്ര കഴിഞ്ഞ് സിനിമയും കണ്ട് പാതിരാവായി അവർ വീട്ടിലെത്തിയപ്പോൾ.

കിടന്നുറങ്ങുംമുമ്പ് വിത്സൺ വാണിയോട് പറഞ്ഞു; ഇനി കുടുംബഭരണം നിന്റെ യുക്തിയിൽ ചെയ്താൽ മതി. എന്റെ യുക്തിയിൽ നീങ്ങിയിട്ട് നമ്മൾ തകരുകയാണ് ഉണ്ടായത്. ഇനിയും നമുക്ക് പരീക്ഷിക്കാൻ സമയമില്ല. നമ്മുടെ മക്കൾ കഷ്ടപ്പാടുകളേറെ സഹിച്ചാണ് സ്വന്തം കാലിൽ നിൽക്കാറാവുന്നത്. എന്നിട്ടും എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരത്തിലാണ് അവരിപ്പോൾ. ഇനിയും അവരെ വിഷമിപ്പിക്കാൻ പാടില്ല. വരുമാനം കുറയാതെ ഞാൻ നോക്കാം; അലമാരയിൽ ആവശ്യത്തിന് പണമുണ്ടാവും.

തങ്ങളുടെ ജീവിതം ഏറ്റവും മനോഹരമാവുകയാണെന്ന് വാണിക്ക് തോന്നി. ഈ ഓണം ജീവിതത്തിലെ ഏറ്റവും വർണ്ണശബളമായതാണെന്നോർത്തുകൊണ്ട് അവനോട് ഒട്ടിച്ചേർന്നു കിടന്ന അവളുടെ മുടിയിഴകൾക്കിടയിൽ അവന്റെ കൈവിരലുകൾ തഴുകിനടന്നു.

അപ്പോൾ. . .
ചില്ലുജനലിലൂടെ തിരുവോണനിലാവ് ആ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
പങ്കിട്ടു

NEW REALESED