Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മഴവില്ലു പോലെ മായുന്നവർ - 1

ഓർമയിടങ്ങൾ


എവിടെയായിരുന്നു നീ .......?
ചോദ്യവുമായി ഓർമകളിൽ നിന്നൊരു
അപ്പൂപ്പൻ താടി പറന്നു വന്നു.....

മൗനം കണ്ടതുകൊണ്ടാവും
അവ എങ്ങോട്ടോ പടിയിറങ്ങിപോയി ....

ഓർമകളിൽ നിന്നൊരു പാവാടക്കാരിയുടെ

ആത്മഗതം 'നീ ഒട്ടും മാറിയില്ലലോ '.........

എന്തെ പെണ്ണെ തിരിച്ചുവരാൻ ?

വെറുതെ ചിരിച്ചു.....ഉത്തരങ്ങളില്ലാതെ………

നീ പണ്ടും ഇങ്ങനെയായിരുന്നു

പാവാടക്കാരി കലഹിച്ചു ........

എന്തിനായിരുന്നു ഓർമകളിലേക്ക്

തിരിച്ചുവരാൻ ഇത്രയും കാലം ........???

അറിയില്ല ............

മറ്റാർക്കും കണ്ടെത്തുവാനോ ,

കൈയെത്തി പിടിക്കാനോ

കഴിയാതെ എന്നിലുറങ്ങുന്ന
ആ ഓർമയിടങ്ങളിൽ മാത്രമാണ്

ഞാൻ പൂവും ,ശലഭവും ,

നിലാവും ഒക്കെയായി
മാറിപോകുന്നതെന്നു

 വേറെ ആർക്കുമറിയില്ലല്ലോ ...........

ഉപേക്ഷിച്ചു പോയ വസന്തങ്ങളുടെ

താഴ്വരയിലേക്ക്
വിരുന്നു പോകട്ടെ ഞാൻ ...........
ആയിടങ്ങളിൽ ഞാൻ ,
ഞാൻ മാത്രമായിരുന്നുവല്ലോ ............

 

 

രാവും പകലും

 

ചിലർ അങ്ങനെയാണ്

പരസ്പരം കാണാതെ സ്നേഹിച്ചു കളയും .......

പ്രണയമോ സൗഹൃദമോ എന്നറിയാതെ

പറഞ്ഞുതീരാത്ത കഥകളും ......

കേട്ടുമടുക്കാത്ത കാതുകളുമായി

അവർ  ലോകം തീർക്കും ...............

ചിലപ്പോൾ പ്രണയിനി ആകുന്നതിനോടൊപ്പം

അവൾ സഹോദരിയുമാവും ............

ഊതിക്കാച്ചിയെടുത്തു നോക്കുമ്പോൾ

ഉള്ളിൽ പ്രണയം തെളിയാതെ

വരുമ്പോൾ  നമ്മളങ്ങനെ  ആയിരുന്നില്ലലോ

എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കും ....

എങ്കിലും  മനസിലെ ഏതോ ഒരു കോണിൽ

ഞാൻ പ്രണയിച്ചിരുന്നോ എന്നൊരു ചോദ്യം

രണ്ടു ഹൃദയങ്ങളിലും  ആഴത്തിലോടിയ

വേര് പോലെ പടർന്നുകിടപ്പുണ്ടാവും ............

ഒടുവിൽ  തിരക്കും കാര്യങ്ങളും

അവരെ രണ്ടായി മുറിച്ചു മാറ്റുമ്പോഴും

സുഖമായിരിക്കുന്നലോ എന്ന ഒറ്റവാക്കിൽ

അവർ നീറുന്നുണ്ടാവും ......

അവരിലൊരാളുടെ  വിവാഹത്തലേന്ന്

സൊറ പറയുന്ന കൂട്ടത്തിൽ 

എന്നെ വിട്ടുപോവാ  അല്ലെ

എന്ന് തമാശക്ക് ചോദിക്കുമ്പോൾ

പിടഞ്ഞുപോയതു ഇനിയും കാണുമോ

എന്നതുകൊണ്ടല്ല .........

ഇനി കാണുമ്പോൾ  നമ്മൾ മറ്റാരോ

ആയിപോകുമല്ലോ എന്നതോർത്തിട്ടാണെന്നു

നിറം മങ്ങിയ പുഞ്ചിരി പറയാതെ പറഞ്ഞു .........

സുഖമായിരിക്കുന്നവല്ലോ  അല്ലെ ..........

രാവും പകലും പോലെ ചിലർ .......!!!!!!!

 

 

 

വീട്

 

ഒരു കുഞ്ഞു കാലടിയൊച്ച

പതിയാത്ത വീട്ടിൽ

പിറക്കാതെ പോയ  ഒരമ്മയുണ്ട് .........

എത്ര എടുത്തിട്ടും വറ്റാത്ത അക്ഷയപാത്രം പോലെയല്ലാത്ത

എത്ര ഒഴിച്ചിട്ടും നിറയാതെ പകുതി

കാലിയാവുന്ന  പാത്രം പോലെ   ഒരു പെണ്ണ് ............

വാരിയണക്കാമോ ......

മുത്തം വയ്ക്കാമോ എന്ന് 

അറിയാത്തതുകൊണ്ട്

പുഞ്ചിരി മാത്രം  പകർന്നു കൊടുത്തു

അയൽവീട്ടിലെ  കുട്ടികളെ യാത്രയാക്കാറുണ്ടവൾ .......

കെട്ടിവന്ന നാളിലെ പുഞ്ചിരികൾ 

കാലപ്പഴക്കം  കൊണ്ട് നിറം കെട്ടുപോകാറുണ്ട് .........

ചിലപ്പോളൊക്കെ പ്രളയം നിറയാറുണ്ട് ആ കണ്ണുകളിൽ ........

പ്രളയമൊളിപ്പിച്ച കണ്ണുകളുമായി

പുഞ്ചിരിയോടെ  അന്നം വിളമ്പുന്നതു

പിറക്കാതെ പോയ ഒരച്ഛനു വേണ്ടിയാണു ........

തിരക്കുകളിൽ അലിഞ്ഞു പോകുമ്പോഴും

അവളുടെ കണ്ണുകളിലെ പ്രളയത്തിൽ

ഭാരം കൂടുന്ന മനസും .......

സാരമില്ലെന്നൊരു വാക്കുമായി

പരസ്പരം താങ്ങാവാറുണ്ട് അവർ .......

അച്ഛനും അമ്മയും കുഞ്ഞും

 പിറക്കാത്ത പോയ വീട് ...............

അല്ല ,......

അച്ഛനും അമ്മയും കുഞ്ഞും

 പിറക്കാൻ  കാത്തിരിക്കുന്ന ഒരു വീട് ...............

 

 

ചോദ്യോത്തരങ്ങൾ

 

കരഞ്ഞുവോ ....?

ഏയ് ഇല്ല ......

ശരിക്കും ?

ഇല്ലന്നെ ..........

ഉം

തേച്ചോ .....?

ന്ത് ..............

അല്ല , ചെക്കൻ ഇട്ടിട്ടു പോയോ എന്ന്  ........?

ഏയ് 

പിന്നെന്തിനാ കരയണേ ..?

ചുമ്മാ ....

വട്ടാ ....?

ഉം പ്രണയം കൊണ്ടല്ല ,സൗഹൃദം കൊണ്ട് .........

നുണ ,ആരാ  ഇപ്പൊ  സൗഹൃദത്തിന് വേണ്ടി കരയണത് ..?

ഞാൻ കരയും .......

ആ ഫ്രണ്ടിനെ വിളിച്ചിട്ടു  പറ ഞാനിവിടെ നിന്ന് കരയാണ് എന്ന് .വരുമൊന്നു നോക്കട്ടെ ..?

വരില്ല.........

അതെന്താ ??

അവൻ ഇവിടില്ല .......

വിദേശത്താ ??

ഉം .........

എന്ന വിളിച്ചുപറ എന്തുപറയും എന്ന് കേൾക്കട്ടെ ?...

നമ്പർ ഇല്ല ....

പിണക്കമാണോ  ,എന്ന വിളിച്ചത് ലാസ്റ് .ഒരാഴ്ച മുൻപോ ?...

അല്ല .....10 വർഷത്തിന് മുൻപ് ......

ഇന്ന് വിളിച്ചോ ?

ഇല്ല

പിന്നെന്തിനാ ഇപ്പൊ കരഞ്ഞേ ?...

പാട്ടു കേട്ടപ്പോൾ അവനെ ഓർത്തു...........

നല്ല കാര്യം ....തനിക്ക് വേറെ പണിയൊന്നുമില്ലേ ..?

ഇല്ല .....എനിക്ക് കരയാൻ തോന്നുന്നു .....

അത്ര കൂട്ടാരുന്നോ ..?

ഉം ....ഞാൻ ഇനി അവനെ കാണുക പോലുമില്ലായിരിക്കും അല്ലേ ??

സാരമില്ല ........അവൻ സുഖമായിരിക്കുന്നുണ്ടാവും .........

 

 

ഉത്തരങ്ങൾ

 

ജീവിക്കണോ  വേണ്ടയോ

ചോദ്യം ന്യായമാണ് ,,,

ചോദ്യം മാത്രം ആണ്  ന്യായം ........

 

ചോദ്യങ്ങളാണ് കൂടുതൽ

ഒന്നിൽ നിന്ന് ഒന്നിലേക്

ആർക്കും ഉത്തരങ്ങൾ വേണ്ട .............

 

ചോദ്യങ്ങളുടെ ഭാരം ,

ജീവിതഭാരം  ഇതിനിടയിൽ

ഉത്തരമെഴുതാൻ കടലാസു കീറാൻ പോലും

സമയമില്ലെന്ന് കളിയായി പറഞ്ഞു കൊണ്ട്

ഒരാൾ മുന്നോട്ടു പോയി ..........

 

ഉത്തരങ്ങൾ മറ്റൊരു ചോദ്യത്തിന്റെ

ആരംഭമാണെന്നും

മൗനമാണ് ഏറ്റവും വലിയ ഉത്തരമെന്നും

ജ്ഞാനി കണ്ണടച്ചു പറഞ്ഞു ..............

 

 

സത്യം പറഞ്ഞാൽ ചില ആരാധനാ വിഗ്രഹങ്ങൾ

വീണുടയുമെന്നും

ഉത്തരങ്ങൾക്കു എല്ലാം

നശിപ്പിക്കാനുള്ള  ശേഷിയുണ്ടെന്നും

തത്വചിന്തകൻ ചിന്തിച്ചു പറഞ്ഞു ..........

 

ഉത്തരങ്ങൾക്കു ജീവനോളം വിലയുണ്ടെന്ന് ,

വരുമോ  എന്ന ചോദ്യത്തിന്

ഇന്ന് വരും എന്ന ഉത്തരം പറഞ്ഞ മകനെ

കാത്തു ആശുപത്രിയിൽ കിടക്കുന്ന അമ്മ തെളിയിക്കുന്നു......

 

ഉത്തരങ്ങൾ  ഉണ്ട് ....ചോദ്യങ്ങളും ....!!!!!

പക്ഷെ അവയൊന്നും

ശരിയായ സമയത്തു ചോദിക്കപ്പെടുകയും ,

കേൾക്കപ്പെടുകയും ചെയ്യുന്നില്ല

എന്നതാണ് സത്യം എന്ന്  ആത്മഹത്യാക്കുറിപ്പെഴുതി

ഉത്തരങ്ങൾ  ആത്മഹത്യ ചെയ്തു ........

 

അവഗണന മൂലമുള്ള

ഡിപ്രെഷൻ  ആയിരുന്നു

ആത്മഹത്യാകാരണമെന്നാണ്  റിപ്പോർട്ട് .......................