Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മഴവില്ലു പോലെ മായുന്നവർ - 2

         അമ്മയും മഴയും

പുതപ്പു നീക്കി അമ്മ എഴുന്നേൽപ്പിച്ചു വിട്ട കുട്ടിയെ
പോലെ പുറത്തു മഴ ചിണുങ്ങിക്കൊണ്ടിരിക്കുന്നു ................

ഓടിൻപുറത്തു നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ
വീടിനു ചുറ്റും കുഞ്ഞു കുഴികൾ കൊണ്ടൊരു രേഖാചിത്രം തീർക്കുന്നുണ്ട്..........

തോരാത്ത മഴയിൽ കുളിച്ചുല്ലസിക്കുന്നുണ്ട്
തൊടിയിലെ ചെമ്പകവും മുല്ലവള്ളിയും .............

പൂമുഖത്തെ വരാന്തയുടെ ഒരറ്റത്ത്
മഴ നനഞ്ഞു ഓടിക്കേറിയ കറുമ്പിപ്പൂച്ച
ദേഹം കുടഞ്ഞു വെള്ളത്തുളികൾ ചിതറിക്കുന്നുണ്ട് ...............

"മഴ നനയാതെ ...."
അമ്മയുടെ ഒച്ച കേട്ടിട്ടാവും അമ്മിണിയാടും
കുഞ്ഞാടുകളും കൂട്ടിൽ നിന്ന്
പുറത്തേക്കിറങ്ങാതെ നിൽക്കുന്നുണ്ട് ...........

'അമ്മ ഇന്ന് പുട്ടും കടലയും ഉണ്ടാക്കിയിരിക്കുമോ ?
"" അമ്മു നീ എണീക്കണില്ലേ ........'' അമ്മയുടെ ഒച്ച
അവൾ പുതപ്പു ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടു
എന്തൊരു മഴയാ ........

"ദേവി ....ഞാൻ ഇറങ്ങാണ് ......" അച്ഛൻ അമ്മയോട് യാത്ര പറയുന്നു ....
" വെണ്ടയ്ക്ക തോരനും ,മീൻ വറുത്തതും ചോറിൽ വച്ചിട്ടുണ്ട്
രസവും ,പുളിശ്ശേരിയും കറിപാത്രത്തിലും ...."
അമ്മയുടെ മറുപടി അവൾക്കു മനഃപാഠമായിരുന്നു ..........

ഏട്ടനും ഇറങ്ങാറായിട്ടുണ്ടാവും ........
ദേ ചോറ്റുപാത്രം എടുക്കാൻ മറക്കലെ .....
ഏട്ടനോട് 'അമ്മ വിളിച്ചുപറയുന്നത് കേട്ടു ..

പുതപ്പു നീക്കിയെഴുന്നേറ്റു ഉമ്മറത്തേക്ക് ചെല്ലുമ്പോൾ
മുറ്റത്തെ ചെടി ഇന്നലത്തെ കാറ്റിൽ
മറിഞ്ഞുപോയതും തെക്കേതിൽ നിന്ന
വാഴയുടെ കൈ ഒടിഞ്ഞുപോയതും
ആരോടെന്നില്ലാതെ വിവരിച്ചുകൊണ്ടമ്മ
മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു ..................

'അമ്മ ഉറങ്ങീലെ ..?
ഉറങ്ങീലോ ......... 'ന്തേ അങ്ങനെ ചോദിച്ചേ ?
ഒന്നൂല്ല ............അവൾ പറഞ്ഞു
കുളിച്ചൊരുങ്ങി കാപ്പി കുടിക്കാനിരിക്കുമ്പോൾ
അവളുടെ ഉള്ളിൽ ആ ചോദ്യം വീണ്ടും വന്നു

""അമ്മയ്ക്ക് മാത്രം ഈ മഴയത്ത്
മൂടിപുതച്ചുറങ്ങാൻ തോന്നാത്തതു എന്താവും...?""

മുന്നിലിരിക്കുന്ന പലഹാരപാത്രവും
ബാഗിൽ എടുത്തുവച്ച വച്ച ചോറ്റുപാത്രവും
അടിച്ചു വൃത്തിയാക്കിയ മുറ്റവും
ചുളിയാത്ത ഉടുപ്പുകളും എന്ന് മാത്രമല്ല
ആ വീടിന്റെ ഓരോ അരികും
അവൾക്കതിനു ഉത്തരം നൽകി

അതറിയാതെ അവൾ ഇപ്പോഴും ചിന്തിക്കാറുണ്ട്

""അമ്മയ്ക്ക് മാത്രം ഈ മഴയത്ത്
മൂടിപുതച്ചുറങ്ങാൻ തോന്നാത്തതു എന്താവും...?"".......

 

 

 

                   വറ്റുന്ന ഓർമ്മകൾ

പ്രായമാകുന്തോറും ഓർമകൾക്ക് മാധുര്യം കൂടും ......
പക്ഷെ അപ്പോഴേക്കും മധുരംനുകരാകാനാവാത്ത വിധം
കണ്ണും കാതും ചിന്തകളും പിണങ്ങിയിട്ടുണ്ടാവും
വളരണ്ടായിരുന്നു , ചുളിവ് വീണ തൊലിയുടെ മിനുമിനുപ്പ് ഓർത്തല്ല ....
ഇ ഓർമകളെല്ലാം എനിക്കന്യമാകുമോന്നു പേടിച്ചിട്ടാണ് ..........

ഓർമ്മകൾ പൊടിതട്ടിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ജോലി
എത്ര ആലോചിച്ചിട്ടും പഴയ വീടിന്റെ ഉമ്മറവും മുറ്റവും മാത്രമേ
ഓർമയിലേക്കെത്തുന്നുള്ളു

കിടപ്പുമുറികളും അടുക്കളയും മാഞ്ഞുപോയൊരു ചിത്രം
പോലെ തെളിയാതൊരു ഓർമയാണ് .............

ഈ ഓർമകളില്ലാതെയായാൽ പിന്നെ
നിശബ്തതതെയാണ് .......
ഒരിക്കലും തീരാത്ത ശ്യൂനത .....................
പുതിയ പുലരിയും
പുതിയ മുഖങ്ങളും
പുതിയ ലോകവും .............

ഓർമ്മകൾ ഇല്ലാതെയായവർ
ഒരു തവണ പറഞ്ഞാൽ മനസിലാവില്ലേ.....?

എന്ന ചോദ്യം
എത്ര തവണ കേട്ടിട്ടുണ്ടാവും ................
എത്ര തവണ പറഞ്ഞിട്ടുണ്ടാവും നമ്മൾ ......?

ഉള്ളിലെവിടയോ കണ്ണീരിൻറെ ഉറവ പൊട്ടുന്നുണ്ട് ..............
നിസ്സഹായതയും പ്രതീക്ഷയും ഒരു പോലെ തെളിയുന്ന മുഖങ്ങൾ
നാം കാണാൻ മറന്നതെന്താവും .....................?

അല്ലെങ്കിലും ചില സത്യങ്ങൾ തിരിച്ചറിയാൻ
നാം ആ അവസ്ഥ കടന്നുപോകണം .........................

ഒരുപക്ഷേ
ഈ എഴുത്തും ഞാൻ ചിലപ്പോൾ
മറന്നുപോയേക്കാം അല്ലെ .......................!!!!

 

 

           ആരോ ഒരാൾ


മരണം നടന്ന വീടാണ്.....
ചടങ്ങുകൾ തീർത്തു ആളൊഴിഞ്ഞുകിടക്കുന്ന വീട് ...
അകത്തെ മുറിയിലൊരു ചാരുകസേര
അനാഥമായി കിടന്നു ...........
ആ മുറിയുടെ കോണിൽ വായിച്ചുതീരാത്ത
ഒരു പത്രം ചുരുണ്ടുകൂടി കിടപ്പുണ്ടായിരുന്നു ......
ആ മുറി തുറന്നിട്ട് ദിവസങ്ങളായെന്നു
മേശപ്പുറത്തു പൊടി തട്ടാതെ വച്ച പ്ലാസ്റ്റിക് പൂക്കുടയുടെ
ഇലകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു ........
ഏകാന്തതയുടെ മറവിൽ ജീവിതം
ക്ലാവ് പിടിച്ചു പോയൊരു മനുഷ്യൻ.........
ആരൊടും പറയാതെ ഒരു രാവിലെ പാതി വായിച്ചുതീർത്ത
പത്രത്തിന് മേൽ തൻ്റെ ദേഹം കുടഞ്ഞിട്ടു
ആത്മാവ് മാത്രമായി ഒരു യാത്ര പോയി.............
ദിനവും വെള്ളമൊഴിച്ചു വളർത്തിയ പനിനീർച്ചെടികൾ
വാടിക്കരിഞ്ഞു കരയുന്നതോർത്തിട്ടാണോ ..............
ചാമ്പത്തൈകളിൽ കുഞ്ഞുകായ്കൾ
നിറഞ്ഞുനില്ക്കുന്നതോർത്തിട്ടാണോ എന്തോ ......
അന്നാ രാത്രി പെട്ടന്നൊരു മഴ പെയ്തു .............
ബന്ധങ്ങൾക്കായ് അന്ന് പെട്ടികളിൽ പരതിയപ്പോൾ
കിട്ടിയതൊരു കടലാസുതുണ്ടായിരുന്നു ......
''' എനിക്ക് ഇവനെ വളർത്താൻ കഴിയില്ല
അത് കൊണ്ട് ഞാൻ ഇവിടെയുപേക്ഷിക്കുന്നു ......""
പതറിപ്പോയ വിരലുകൾ കൊണ്ട്
കോറിയിട്ടൊരു ജനനസർട്ടിഫിക്കറ്റ് ...........
ചിതയിലേക്കെടുക്കുമ്പോൾ ആരെങ്കിലും വരാനുണ്ടോ
എന്നാരും ചോദിച്ചില്ല ........................
അയാൾ ആരോ ആയിരുന്നു
ആരുമില്ലാതെ ഒരോർമ പോലും ആരിലുമില്ലാതെ
മഴവില്ലു പോലെ മാഞ്ഞുപോയൊരാൾ.....................

 

 

                          ചില ഉത്തരങ്ങൾ


നമ്മുക്ക് പോകാം .............

മടുത്തോ ..........?

ഉം ..........

നിനക്കെന്തുപറ്റി ?

എന്തുപറ്റാൻ ...........

അല്ല ,നീ എങ്ങനെയൊന്നുമല്ലായിരുന്നു ........

ഉം ............

എന്ത് പറഞ്ഞാലും ഉം ...................

സംസാരിക്കാൻ മറന്നുപോയിരിക്കുന്നു ........

നിഘണ്ടു കളഞ്ഞുപോയോ ?...............

കളിയല്ല കൂട്ടുകാരി ..........
''പറയാൻ കാര്യങ്ങൾ ഒന്നുമില്ല
ചിരിക്കാൻ പറ്റുന്ന തമാശകളും
തേടിയെത്താൻ ആശംസകളും
സുഖമാണോ ......എന്നു ചോദിക്കാൻ പോലും ;"

ചില ഓർമകളിൽ ചിരിച്ചുമറിയുന്നൊരു പെൺകുട്ടിയെക്കണ്ടു
അവൾ എവിടെപ്പോയെന്നു ഇപ്പോളുംഎനിക്കറിയില്ല...........
ഏതിനും ഏതിനും മുന്നിട്ടിറങ്ങി വിജയിക്കുന്ന ഒരുവൾ
അവളിപ്പോൾ നാലു ചുവരിന് പുറത്തിറങ്ങാൻ
പതിനായിരം തവണ ടോസ്സിട്ടു നോക്കാറുണ്ട് .............

ജീവിതം പെട്ടന്ന് തീർന്നു പോകുന്ന കുമിളകൾ പോലെയെന്ന്
പറഞ്ഞ പൊട്ട ഫിലോസഫിയും കേട്ടിപിടിച്ചു
കിടക്കയിൽ ഇനിയും കിട്ടാത്ത ഉത്തരങ്ങളിലേക്കും .......
അതിനു പിന്നിലെ ചോദ്യങ്ങളിലേക്കും ഓടി മടുക്കാറുണ്ടവൾ ..........

""എനിക്കൊന്നും മനസിലായില്ല കൂട്ടുകാരി """ നീ കാര്യം പറയു ??.........

'ഒന്നുമില്ല ..........;

ചില ഉത്തരങ്ങൾ നമ്മുക്ക് മാത്രം മനസിലാവുന്നവയാണ് ......!!!!!!!!!!!!!!!!!!......