അവ്യക്തമായ ആ രൂപം
ആ ഇടറുന്ന ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങികേൾക്കുന്നു.
ആദിയുടെ നെഞ്ച് വേഗത്തിൽ ഉയർന്നിറങ്ങുംപോലെ
അവൻ ഞെട്ടി വിയർപ്പോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.
ആാാ......അവന്റെ ഉള്ളിൽ നിന്നും ഒരു ശബ്ദം ഉയർന്നു.
ചുറ്റും ശൂന്യം.
ജനലിന് പുറത്തേക്ക് നഗരത്തിന്റെ രാത്രി ഇപ്പോഴും ഉണർന്നുകിടന്നു.
റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ വെളിച്ചം
ചില്ലുകൾ താണ്ടി അകത്തു കടന്ന്
ചുവരുകളിൽ വിചിത്രമായ ചിത്രങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു.
ആ വെളിച്ചത്തിനിടയിൽ
അവന്റെ കണ്ണുകൾ അരുണിന്റെ വശത്തേക്ക് തിരിഞ്ഞു.
അവൻ ഉറക്കത്തിന്റെ ആഴത്തിൽ മുങ്ങിയിരിക്കുന്നു.അവൻ ഒന്നും അറിഞ്ഞിരുന്നില്ല.
ആദി തന്റെ കാതുകളിൽ മുഴങ്ങുന്ന
ആ സ്വരം അത് ശരിക്കും ആരോ പറഞ്ഞത് പോലെ ഇല്ലേ.
സംശയത്തോടെ അവൻ വീണ്ടും കാതുകളിൽ കൂർപ്പിച്ചു.
“ഒന്നുമല്ല…
സ്വപ്നം മാത്രം…”
അവൻ തന്റെ മനസ്സിനെ മനസ്സിലാക്കി കൊണ്ടു
വീണ്ടും കിടക്കയിലേക്ക് പതിച്ചു.
എന്നാൽ തല തലയിണയിൽ പതിഞ്ഞപ്പോൾ പോലും
ആ സ്വരം ഇപ്പോഴും ഹൃദയത്തിൽ
ഒരു കുരുക്ക് പോലെ കുടുങ്ങിക്കിടന്നു.
കുറച്ച് ദൂരെയുളള ക്ഷേത്രത്തിൽ നിന്നു കേട്ടുയർന്ന സുപ്രഭാത നാദം
ആദിയുടെ ഉറക്കത്തിന്റെ മൂടുപടം മുറിച്ചു കടന്നു.
അവൻ ഭാരം പിടിച്ച കണ്ണുകൾ തുറന്ന് മെല്ലെ എഴുന്നേറ്റു.
മുറിയുടെ അന്തരീക്ഷം ഇപ്പോഴും മങ്ങിയിരുന്നു,
ചില്ലിലൂടെ കടന്നുവരുന്ന പ്രഭാതത്തിന്റെ അല്പം വെളിച്ചം
ചുവരുകളിലായി മങ്ങിയ വരകൾ വരയ്ച്ചുകൊണ്ടിരുന്നു.
അവൻ തല തിരിച്ചു നോക്കി.
അരുൺ ഇതിനോടകം എഴുന്നേറ്റ് കഴിഞ്ഞിരുന്നു.
ആദി എന്നീറ്റു ശേഷം മുഖം കഴുകി മുറിയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ
നഗരം വീണ്ടും ഉണർന്ന് തുടങ്ങുന്നതിന്റെ ചലനങ്ങൾ അവൻ കണ്ടു.
ഇന്നലെ എടുത്ത തീരുമാനത്തിന്റെ ഭാരവും ഇന്നലത്തെ സ്വപ്നത്തിന്റെ വിറയലും
അവന്റെ ഉള്ളിൽ തമ്മിൽ പോരടിച്ചു.
“ഇന്ന് തന്നെ… ഇന്നാണ് എല്ലാത്തിന്റെയും ഒടുക്കം.
പക്ഷേ… അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്നു കൂടി ശ്രമിക്കണം,”
എന്ന ചിന്ത മനസ്സിൽ ഉറച്ചു.
“ടാ ആദി, എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നത്?
ഒരു ജോലിയെ കുറിച്ച് കേട്ടു.
നീ ഒന്ന് പോയി നോക്ക്.ഞാൻ നിനക്ക് അഡ്ഡ്രസ്സും മറ്റും മെസ്സേജ് ചെയ്യാം.
അരുൺ തന്റെ ശൈലിയിൽ പറഞ്ഞപ്പോൾ
ആദിയുടെ കണ്ണുകളിൽ അല്പം പ്രകാശം തെളിഞ്ഞു.
“ഒന്ന് കൂടി ശ്രമിക്കാം… അവസാന അവസരം,”
എന്ന് അവൻ മനസ്സിൽ പറഞ്ഞു.
അൽപസമയത്തിനകം അവർ ഇരുവരും ബസ്‌സ്റ്റോപ്പിൽ എത്തി.
തിരക്കേറിയ നടപ്പാതയിൽ നിൽക്കുമ്പോൾ, അരുണ് ആദിയുടെ തോളിൽ കൈ വെച്ചു.
ആ ശാന്തമായ സ്പർശത്തിൽ ഉറപ്പും സ്‌നേഹവും ഒരുമിച്ച് കലർന്നിരുന്നു.
“ആദി… നീ പേടിക്കണ്ട.
എല്ലാം ശരിയാകും.
ധൈര്യമായി പോയി വാ..
അരുണ് ശാന്തമായി പറഞ്ഞു.
ആദി തല ഉയർത്തി അവനെ നോക്കി.
കണ്ണുകളിൽ ഉറച്ച തീരുമാനത്തിന്റെ തെളിച്ചം വീണിരുന്നുവെങ്കിലും
ചുണ്ടുകളിൽ തെളിഞ്ഞത് ഒരു ക്ഷീണിതമായ പുഞ്ചിരി മാത്രം ആയിരുന്നു.
അവൻ ഒന്നും പറയാതെ ആ പുഞ്ചിരിയോടൊപ്പം നടന്നു നീങ്ങി.
ബസ്സിലെ ഭാരം നിറഞ്ഞ യാത്രക്ക് ശേഷം
അവൻ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തി.
ആകാശം തൊടുന്ന പോലെ ഉയർന്നിരുന്ന ആ കെട്ടിടം
അവന്റെ മുന്നിൽ അനങ്ങാതെ നില്ക്കുകയായിരുന്നു.
“ഇതാണ് എന്റെ അവസാന പ്രതീക്ഷ…”
എന്ന് അവൻ ഉള്ളിൽ പറഞ്ഞു.
നിമിഷ നേരം ശ്വാസം പിടിച്ചു
ഹൃദയത്തിന്റെ ഇടിപ്പുകൾ അടക്കി
ഉറച്ച മനസ്സോടെ അവൻ ഗ്ലാസ് വാതിലുകൾ തള്ളി അകത്തേക്ക് കടന്നു.
കെട്ടിടത്തിനുള്ളിലേക്ക് കാൽ വെച്ചപ്പോൾ ആദിയുടെ ഹൃദയം വേഗത്തിൽ ഇടിച്ചു തുടങ്ങി.
വെളുത്ത മാർബിൾ നിലവും, മുകളിലെത്തോളം നീണ്ടുനിൽക്കുന്ന ഗ്ലാസ് മതിലുകളും,
സൂര്യപ്രകാശം കടന്നു വരുമ്പോൾ ഇടുങ്ങിയൊരു സ്വർഗ്ഗത്തിന്റെ ഭാവം സൃഷ്ടിച്ചുവെന്ന് തോന്നിച്ചു.
ആദിറിസപ്‌ഷൻ കൗണ്ടറിനു മുന്നിൽ എത്തിയപ്പോൾ
വെളുത്ത യൂണിഫോമിട്ട് നിൽക്കുന്ന യുവതി തല ഉയർത്തി നോക്കി.
“എന്തിനാണ് വന്നത് സാർ?” അവൾ ചോദിച്ചു.
കൈയിൽ പിടിച്ചിരുന്ന ഇൻവിറ്റേഷൻ ലെറ്റർ കാണിച്ചു കൊണ്ട് ആദി പറഞ്ഞു
“ഇവിടെ ജോലിയ്ക്ക് വേണ്ടിയാണ് വന്നത്.”
കൈയിൽ ഇരുന്ന പേപ്പർ അവൻ അവളുടെ നേരെ നീട്ടി.
അവൾ പേപ്പർ നോക്കി,
കമ്പ്യൂട്ടറിൽ കുറെ വിവരങ്ങൾ പരിശോധിച്ചു,
ശേഷം ഒരു സന്ദർശക കാർഡ് കൈമാറി.
“പത്താം നില, HR ഡിപ്പാർട്ട്മെന്റ്.
ലിഫ്റ്റ് അവിടെയാണ്,” അവൾ വഴികാട്ടി.
ആദി ആ കാർഡ് കൈയിൽ പിടിച്ചുനിന്നു.
കാർഡിന്റെ ചെറിയ തൂക്കം പോലും
അവന്റെ ഹൃദയത്തിൽ വിയൊരു ഭാരമായി തോന്നി.
“ഇവിടെയാണ് എന്റെ അവസാന പരീക്ഷ…”
എന്ന് മനസ്സിൽ ആവർത്തിച്ചു കൊണ്ടു മെല്ലെ ലിഫ്റ്റിലേക്ക് നടന്നു.
ലിഫ്റ്റിന്റെ കണ്ണാടി മതിലുകളിൽ തന്റെ മുഖം പ്രതിഫലിക്കുന്നതു കണ്ടപ്പോൾ
ഒരു നിമിഷം അവൻ സ്വന്തം കണ്ണുകളിലേക്ക് നേരെ നോക്കി.
“ഇല്ല… ഇനി പിന്നോട്ടില്ല.
ഒരിക്കല് എങ്കിലും എനിക്ക് വിജയിക്കണം.”
അവൻ തന്റെ തന്നെ പ്രതിബിംബത്തോട് പറഞ്ഞു.
അൽപ നേരം നിശ്ചലമായി നിന്ന ശേഷം ആദി ഓഫീസിന്റെ വാതിൽക്കൽ എത്തിനിന്നു
അവന്റെ നെഞ്ചിനുള്ളിൽ കെട്ടിയിരുന്ന ഭാരമൊഴുക്കാനെന്ന പോലെ ദീർഘമായി ഒരു നിശ്വാസം അവൻ പുറത്തുവിട്ടു.
കൈ ഉയർത്തുമ്പോൾ തന്നെ ഒരു ചെറുതായ വിറയൽ അവനെ സ്പർശിച്ചു.
എങ്കിലും ധൈര്യം കൂട്ടി, അവൻ വാതിലിൽ മെല്ലെ മുട്ടി.
അകത്തുനിന്നെത്തിയ അനുമതിയുടെ ശബ്ദം, ആദിയുടെ ചെവികളിൽ കടുത്ത വിധിപ്രസംഗം പോലെ തോന്നി.
ഒരു നിമിഷം പോലും വൈകിക്കാതെ, അവൻ വാതിൽ തുറന്നു, ഭാരം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കടന്നു.
ഓരോ ചുവടും അവനെ അജ്ഞാതതയിലേക്കു കൊണ്ടു പോകുന്നുവെന്നൊരു ഭാവം അവന്റെ ഉള്ളിൽ ഉയർന്നു.
മാനേജർ തന്റെ കട്ടിയുറഞ്ഞ മുഖഭാവത്തോടെ തല ഉയർത്തി ആദിയെ നോക്കി.
വാക്കുകളില്ലാതെ കൈകൊണ്ടൊരു സൂചന നൽകി, “ഇരിക്കൂ” എന്ന ഭാവത്തിൽ.
ആദി നിശ്ശബ്ദമായി മുന്നോട്ട് നീങ്ങി, കസേരയിൽ പതിയെ ഇരുന്നു.
ഒരു നിമിഷം മടിച്ച് അവൻ തന്റെ സർട്ടിഫിക്കറ്റുകൾ എടുത്ത് മാനേജറുടെ മേശപ്പുറത്ത് വെച്ചു.
അയാളുടെ വിരലുകൾ ഓരോ പേപ്പറും പതുക്കെ മറിച്ചുനോക്കാൻ തുടങ്ങി.
ഓരോ സർട്ടിഫിക്കറ്റും കണ്ണിലൂടെ കടന്നു പോകുമ്പോൾ, ഓഫീസിന്റെ ഭാരം നിറഞ്ഞ അന്തരീക്ഷം ആദിയുടെ നെഞ്ചിനുള്ളിൽ അടിച്ചുകൂടുന്നതായി തോന്നി.
ഹൃദയമിടിപ്പ് വേഗം പിടിച്ചു.
ചിന്തകൾ അവന്റെ മനസ്സിൽ കടുത്ത സംഘർഷമായി പൊട്ടി.
പുറത്ത് ശാന്തമായ മുഖം കൊണ്ടിരുന്നെങ്കിലും അകത്ത് അവൻ കൊടുങ്കാറ്റിൽ പെട്ട മനുഷ്യനായിരുന്നു.
സർട്ടിഫിക്കറ്റുകൾ പതുക്കെ മറിച്ചുനോക്കി കഴിഞ്ഞപ്പോൾ മാനേജർ ഒരു നിമിഷം തലകുനിച്ച് ചിന്തയിലാഴ്ന്നു.
പിന്നെ അവൻ പേപ്പറുകൾ അടുക്കിവച്ച്, വീണ്ടും ആദിയുടെ മുന്നിലേക്ക് നീട്ടി.
ആ നീക്കത്തിൽ ഒരുതരം ഭാരം ഉണ്ടായിരുന്നു
ആദിയുടെ വിരലുകൾ വിറയലോടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
മാനേജർ കസേരയിൽ നേരെ ചായ്ഞ്ഞിരുന്നു കടുത്ത മുഖഭാവം അല്പം മൃദുവാക്കി
ആഴമേറിയ ശബ്ദത്തിൽ അവൻ സംസാരിച്ചു തുടങ്ങുമ്പോൾ ഓഫീസ് മുറിയിലെ നിശ്ശബ്ദതക്ക് ഭംഗം വന്നതു പോലെ തോന്നി
“ആദി…”ഐ ആം വെറി സോറി…”
മാനേജറുടെ ശബ്ദം കഠിനമായ വിധിപ്രസംഗം പോലെ ആദിയുടെ ചെവികളിൽ പതിച്ചു.
“താങ്കൾ ഈ ജോലിക്ക് അനുയോജ്യൻ അല്ല. താങ്കൾക്ക് ഈ ഫീൽഡിൽ മുൻപരിചയം ഒന്നും തന്നെ കാണുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് ഒരു ട്രെയിനിംഗ് സ്റ്റാഫ് ആവശ്യമില്ല. എങ്കിലും, അങ്ങനെ ഒരു അവസരം വന്നാൽ ആദ്യം പരിഗണിക്കുക താങ്കളെ തന്നെയായിരിക്കും.”
വാക്കുകൾ അവസാനിച്ചിട്ടും, അവയുടെ ഭാരമുള്ള പ്രതിധ്വനി ആദിയുടെ ഉള്ളിൽ ഇടിഞ്ഞ് വീണു.
അവനു തന്റെ കൈയിൽ പിടിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ ഭാരംകൂടിയ പാറകളെപ്പോലെ തോന്നി.
കസേരയിൽ നിന്ന് എഴുന്നേറ്റപ്പോൾ കാലുകൾ വിറച്ചു.
ഓഫീസ് മുറിയിൽ നിന്ന് പുറത്തേക്കുള്ള ഓരോ ചുവടും ഒരുപാട് സ്വപ്നങ്ങളുടെ ശവപറമ്പിലൂടെ നടക്കുന്നതുപോലെ അവനു തോന്നി.
വാതിൽ കടന്നിറങ്ങുമ്പോൾ അവന്റെ മനസ്സിൽ ഒരു വലിയ ആഗാധം പൊട്ടി
ചുറ്റുമുള്ള ഭിത്തികൾ പോലും അവനെ തള്ളിയിടുമെന്ന് തോന്നി.
ഒരു നിമിഷം നിലം സ്വയം അവന്റെ കീഴിൽ നിന്നും ഒഴിഞ്ഞുപോകുന്നതുപോലെ തോന്നി
അവൻ താഴെ വീഴും എന്നൊരു ഭയം, ഒരു വിറയലായി ശരീരം മുഴുവനും പടർന്നു.