അവിടം വിട്ടിറങ്ങിയ ശേഷം ആദി ഏതോ സ്വപ്നലോകത്തിൽ മുങ്ങിപ്പോയവനെപ്പോലെ നടന്നു തുടങ്ങി.
അവന്റെ കണ്ണുകൾക്ക് മുന്നിൽ വഴിയുണ്ടായിരുന്നു പക്ഷേ മനസ്സിൽ ലക്ഷ്യമില്ല.
എങ്ങോട്ട് പോകും?
എന്ത് ചെയ്യും?
ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.
കാലുകൾ വഴിയെ പിന്തുടർന്നു കൊണ്ടേയിരുന്നു.
അൽപ സമയം കഴിഞ്ഞപ്പോൾ തന്റെ ചിന്തകളിൽ നിന്ന് ആദി മെല്ലെ ഉണർന്നു.
കൈയിൽ കരുതിയിരുന്ന ചെറിയ തുക അവൻ എടുത്തു നോക്കി.
ശേഷിച്ച കുറച്ച് നോട്ടുകൾ ജീവിതത്തിന്റെ ശൂന്യതയെപ്പോലെ അവനെ വേദനിപ്പിച്ചു.
അപ്പോൾ മുന്നിലായി ഒരു ബീവറേജ്സ് ഔട്ട്ലെറ്റ് അവന്റെ കണ്ണിൽപ്പെട്ടു.
അതിലേക്ക് നടന്നു കയറുമ്പോൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്ന നിരാശ ഒരു വിചിത്രമായ ധൈര്യമായി മാറി.
കൗണ്ടറിൽ എത്തിയ ആദി ശേഷിച്ച തുകയിൽ നിന്ന് നൂറ് രൂപ മാറ്റിവെച്ചു.
മറ്റെല്ലാം കൗണ്ടറിലേക്ക് നീട്ടി വെച്ച് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
“ഈ തുകയ്ക്ക് കിട്ടുന്നത് തരൂ…”
വാക്കുകൾക്ക് പിന്നാലെ അവന്റെ നെഞ്ചിനുള്ളിൽ ഒരു ദീർഘമായ ശൂന്യത മുഴങ്ങി.
മദ്യം വാങ്ങിയ ശേഷം ആദി പതിയെ പാർക്ക് ലക്ഷ്യമാക്കി നടന്നു തുടങ്ങി.
പാർക്കിലെ അന്തരീക്ഷം നഗരത്തിന്റെ ശബ്ദങ്ങളിൽ നിന്നും വേറിട്ടൊരു ലോകം പോലെ ആയിരുന്നു.
ആളൊഴിഞ്ഞ ഒരു കോണിൽ അവൻ ചെന്നു.അവിടുത്തെ പുൽത്തകിടിയിൽ മെല്ലെ ഇരുന്നു
ആദി കൈയിൽ കരുതിയിരുന്ന മദ്യക്കുപ്പി തുറന്നു.
കുപ്പിയുടെ വായിൽ നിന്നുയർന്ന കടുത്ത ഗന്ധം അവന്റെ മൂക്കിലേക്ക് കുത്തിയപ്പോൾ തന്നെ മനസ്സിന്റെ ഇരുണ്ട ഭാഗങ്ങൾ ഒരുപോലെ ഉണർന്നു.
ഗ്ലാസ്സിൽ ഒഴിച്ച ആദ്യ പാനീയം, ഒറ്റവലിക്ക് അവൻ കുടിച്ചു തീർത്തു.
അതിന്റെ രുചി അമ്ലമായും അസഹനീയമായും തോന്നി.
തൊണ്ട കത്തിയപ്പോൾ പോലും
മനസ്സിലെ വേദനയെ മുക്കാനുള്ള ശ്രമത്തിൽ അവൻ വീണ്ടും ഗ്ലാസ്സ് നിറച്ചു.
വീണ്ടും… വീണ്ടും…
ഓരോ ഗ്ലാസ് നിറഞ്ഞു കാലിയാവുമ്പോളും അവന്റെ ഉള്ളിലെ ഓർമ്മകളെ അത് അലോസരപ്പെടുത്തി.
വേദന, നഷ്ടം, പരാജയം അവഗണന എല്ലാം തലയിൽ നിറഞ്ഞു.
അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം മദ്യം തന്നെയെന്നോണം അവൻ അതിലേക്ക് മുഴുകി.
സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
പക്ഷേ ആദിക്ക് അത് അറിയാനായില്ല.
സമയം അവനു വേണ്ടി മാത്രം അല്ല
ആർക്കുവേണ്ടിയും നിൽക്കുകയുണ്ടായിരുന്നില്ല.
പെട്ടെന്ന്, പാർക്കിന്റെ നിശ്ശബ്ദത തകർത്ത് ആദിയുടെ ഫോൺ മുഴങ്ങി.
വൈബ്രേഷൻ കൈയിൽ അടിച്ചപ്പോൾ അവൻ വിറച്ച് സ്ക്രീനിലേക്ക് നോക്കി.
അരുൺ ആവും അല്ലാതെ തന്നെ ആരു വിളിക്കാൻ.
എന്നാലും മനസ്സിൽ ഒരു സംശയം ഒരു പ്രതീക്ഷ
ഇന്ന് പോയ കമ്പനിയിൽ നിന്ന് ആകുമോ.
അവൻ ഫോൺ എടുത്തു നോക്കി അത് അരുൺ തന്നെ ആയിരുന്നു.
ആദി മടിച്ചില്ല ഫോൺ എടുത്ത് കാതോട് ചേർത്തു.
“ഹലോ… അരുൺ…”
ശബ്ദത്തിൽ ഒരു മന്ദമായ ക്ഷീണം മറയാതെ മുഴങ്ങി.
ഫോണിന്റെ മറുവശത്ത് അൽപനേരത്തെ മൗനത്തിനു ശേഷം അരുണിന്റെ ശബ്ദം മുഴങ്ങി.
“ടാ ആദി… ഞാൻ വിളിച്ചത്…”
ഒരു ചെറുതായ പരുങ്ങൽ അവന്റെ ശബ്ദത്തിൽ വ്യക്തമായിരുന്നു.
“നാട്ടിന്ന് അമ്മാവനും കുടുംബവും വന്നിട്ടുണ്ട്. അവർ രണ്ടു ദിവസം ഇവിടെയാണ് തങ്ങുന്നത്.
അതിനാൽ… അവർ പോകുന്നത് വരെ നീ വേറെ ഒരിടത്ത് അഡ്ജസ്റ്റ് ചെയ്യണം.”
അരുൺ ഒന്ന് ശ്വാസം എടുത്ത് തുടർന്നു
“ഞാൻ ഒരു അഡ്രസ് ടെക്സ്റ്റ് ചെയ്യാം. അത് എന്റെ ഫ്രണ്ടിന്റെതാണ്. അവൻ നല്ല ആളാണ്, നീ അവനോടൊപ്പം സ്റ്റേ ചെയ്യൂ. ഞാൻ എല്ലാം അവനോട് പറഞ്ഞിട്ടുണ്ട്.അവർ പോയതിനു ശേഷം ഞാൻ നിന്നെ അറിയിക്കാം.
ഫോണിന്റെ മറുവശത്ത് വീണ്ടും മൗനം വീണു.
ആദിയുടെ കണ്ണുകൾ പാർക്കിലെ ഒഴിഞ്ഞ ദിശയിലേക്ക് പോയി.
ഒരു നിമിഷത്തേക്ക് വാക്കുകൾ അവന്റെ അധരങ്ങളിൽ കുടുങ്ങി നിന്നു.എന്ത് പറയും അവനോട്.
അല്ലേലും…” ആദിയുടെ ശബ്ദം അല്പം വിറച്ചു തുടങ്ങി.
“ഞാൻ നിന്നോട് പറയണം എന്നോർത്ത് ഇരിക്കുകയായിരുന്നു.”
അവന്റെ കണ്ണുകൾ ശൂന്യതയിൽ കുടുങ്ങി നിന്നു.
“ആ ജോലി… എനിക്ക് കിട്ടി. കമ്പനിക്ക് അടുത്തുതന്നെ ഒരു റൂം ഉണ്ട്,”എനിക്ക് സമയം കിട്ടിയില്ല നിന്നെ വിളിച്ചു പറയാൻ.ഇപ്പോൾ ആണ് ഞാൻ ഒന്ന് ഫ്രീ ആയത്.
ആദിയുടെ വാക്കുകൾ പുറത്ത് വന്നു
“ഞാൻ അവിടെ തങ്ങിക്കോളാം.”
ആദി അവനോട് ഒരു കള്ളം പറഞ്ഞു.
ഫോണിന്റെ മറുവശത്ത് അരുണ്‍ ഒരു നിമിഷം മൗനം പാലിച്ചു.
വിശ്വാസവും സംശയവും ഇടകലർന്ന ശബ്ദത്തിൽ ഒടുവിൽ മറുപടി വന്നു
“ശരി ടാ… നാളെ രാവിലെ കാണാം.
ആ കാൾ അങ്ങനെ അവസാനിച്ചു.
കാൾ അവസാനിച്ചതും ആദിയുടെ കണ്ണുകൾ കൈയിലെ മധ്യകുപ്പിയിലേക്ക് വഴുതി വീണു.
ഇപ്പോഴും അതിൽ കുറച്ചു മദ്യം കൂടെ ശേഷിക്കുന്നു.
അവന്റെ ദൃഷ്ടി പിന്നെ ദൂരെയുള്ള ശൂന്യതയിൽ കുടുങ്ങി.
അവിടെ ഒന്നുമില്ല.
പക്ഷേ, ആ ‘ഒന്നുമില്ലായ്മ’ തന്നെ അവന്റെ ഉള്ളിലെ കൊടുങ്കാറ്റിന്റെ കണ്ണാടി ആയിരുന്നു.
“മടുത്തു…” അവന്റെ ഉള്ളിൽ നിന്നൊരു ചെറു കരച്ചിലായി ശബ്ദം പുറത്തു വന്നു.
“എനിക്കായി ഈ ലോകത്ത് ആരുമില്ല.
എല്ലാവർക്കും അവരുടെ പ്രശ്നങ്ങൾ, അവരുടെ ഭാരങ്ങൾ.
ഞാൻ… ഒരുവൻ മാത്രം.”
ഒരു ദീർഘമായ നെടുവീർപ്പ് അവന്റെ നെഞ്ചിൽ നിന്നും പൊട്ടിയിറങ്ങി.
അതോടൊപ്പം മുഴുവൻ ഭാരവും പുറത്ത് വിടാൻ ശ്രമിച്ചു എങ്കിലും അവന് അതിനു കഴിഞ്ഞില്ല.
ആദി പതുക്കെ എഴുന്നേറ്റു.മദ്യത്തിന്റെ ലഹരി അവനെ മെല്ലെ ബാധിച്ചു തുടങ്ങിയിരുന്നു.
കാലുകൾക്ക് ഭാരം തോന്നിച്ചു എങ്കിലും
എവിടേക്ക് എന്ന് അറിയാതെ അവൻ മുന്നോട്ടു ചുവടുവെച്ചു.
നഗരത്തിന്റെ തിരക്കിനിടയിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യനെപ്പോലെ ആദി മുന്നോട്ട് പോയ്കൊണ്ടേയിരുന്നു.
റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുഴക്കം അവനെ ഭ്രാന്തനാക്കുന്ന പോലെ ആദിക്ക് തോന്നി.ഇടയ്ക്കിടെ കേട്ടു വന്നിരുന്ന ചിരികളുടെ പൊട്ടിത്തെറികൾ ഇതെല്ലാം അവനെ വേറൊരു ലോകത്തേക്കു തള്ളിയിട്ടപോലെ.
ഒരു നിമിഷം അവൻ തന്നെ കടന്നു പോകുന്നവരുടെ മുഖങ്ങളിൽ നോക്കി.
ചിലർ സുഹൃത്തുക്കളോട് സംസാരിച്ചു ചിരിച്ചു കൊണ്ടിരുന്നു ചിലർ കുടുംബസമേതം സന്തോഷത്തോടെ നടന്നുനീങ്ങുന്നു
ആ മുഖങ്ങളിൽ പതിഞ്ഞ ചെറിയ സന്തോഷത്തിന്റെ പ്രകാശം ആദിയുടെ കണ്ണുകളിൽ വിഷബിംബം പോലെ പതിച്ചു.
“എല്ലാവർക്കും അവരുടെ സന്തോഷമുണ്ട്… എനിക്ക് മാത്രം ഒന്നുമില്ല.”
ആ ചിന്ത മനസ്സിൽ വേരൂന്നി കയറുമ്പോൾ ഒറ്റപ്പെടലിന്റെ കട്ടിയുറഞ്ഞ ഇരുട്ട് അവനെ ചുറ്റി പിടിച്ചു.
നിറകണ്ണുകളോടെ ഹൃദയം ഭാരമായ അവസ്ഥയിൽ അവൻ തന്റെ ഉള്ളിൽ ഉറച്ചൊരു തീരുമാനത്തിൽ എത്തി.
പിന്നെ വേദനയും ധൈര്യവുമുള്ള ചുവട് വച്ചുകൊണ്ട് മുന്നോട്ട് നടന്നു.
കണ്ണുനീർ നിറഞ്ഞൊഴുകിയപ്പോൾ ലോകം മുഴുവൻ അവന്റെ മുന്നിൽ മങ്ങലേറിയ തിരശ്ശീലയിൽ മറഞ്ഞു.
പാതയിൽ കടന്നു പോയവർ ആരോ മറ്റൊരു ലോകത്തുനിന്നെത്തിയ വിചിത്ര ജീവിയെ കാണുന്നതുപോലെ അവനെ നോക്കി.
പക്ഷേ അവരുടെ കണ്ണുകളൊന്നും ഇനി അവനിൽ തടസ്സമല്ലായിരുന്നു.
നടന്നു നടന്ന് ആദി നഗരത്തിന്റെ ഹൃദയത്തിലേക്ക് എത്തി.
അവിടെ തലയെടുത്തു നിന്ന പാലം അവനു മുന്നിൽ പ്രത്യക്ഷമായി.
അത് തന്നെയാണ് തന്റെ അവസാന വേദി എന്ന് മനസ്സിൽ ഉറപ്പുച്ചുകൊണ്ട് അവൻ ദൃഢചുവടുകളോടെ അതിലേക്കു നീങ്ങി.
അടുക്കും തോറും, ഒഴുകുന്ന പുഴയുടെ ശബ്ദം കാതിൽ മുഴങ്ങി.
കലി തുള്ളി ഒഴുകുന്ന പുഴയുടെ ആഴത്തിൽ നിന്ന് ആരോ വിളിച്ചപോലെ അത് അവനെ തന്റെ അടുക്കലേക്ക് ക്ഷണിക്കുന്നു.
പാലത്തിന്റെ കൈവരിയിൽ ചേർന്ന് ആദി കണ്ണുകൾ താഴേക്ക് തിരിച്ചു.
പുഴ സന്ധ്യയുടെ പ്രതിബിംബങ്ങളിൽ കുളിച്ച് ശാന്തമായൊരു താലോലിപ്പു പോലെ ഒഴുകുകയാണോ.
“എന്റെ അവസാന നിദ്രക്കിടക്ക…” അവന്റെ മനസ്സ് ഒച്ചവെച്ചു.
കയ്യിൽ പിടിച്ചിരുന്ന മദ്യകുപ്പി അവസാനമായി ചുംബിച്ചപോലെ അധരങ്ങളിലേയ്ക്ക് കമിഴ്ത്തി.
ശേഷം, ശൂന്യമായ കുപ്പി വളഞ്ഞൊഴുകുന്ന വെള്ളത്തിലേക്ക് അവൻ എറിഞ്ഞു.
ആദി ആകാശത്തെ നക്ഷത്രങ്ങളെ തലയുയർത്തി നോക്കി ശേഷം കണ്ണുകൾ അടച്ച് അവസാന പ്രാർത്ഥനയായി തന്റെ ജീവിതത്തിലെ എല്ലാവരെയും
സ്നേഹിച്ചവരെയും, നഷ്ടപ്പെട്ടവരെയും, വേദനിപ്പിച്ചവരെയും ഓർത്തെടുത്തു.
ഒരു നിമിഷം…
അവൻ വലിയ ശ്വാസം എടുത്തു വിട്ടു…
പിന്നെ പെട്ടന്ന് കൈവന്ന ധൈര്യത്തിൽ അവൻ ശരീരം പിന്നോട്ടാക്കി
പാലത്തിൽ നിന്നും ആഞ്ഞു താഴെ ഒഴുകുന്ന പുഴയുടെ കരളിലേക്കു ചാടി.............(തുടരും)