Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

The Night Bride - 4

"നിനക്കെന്താ തലക്ക് ഓളം ആയോ!"

പിന്നെ, കേട്ട് നിൽക്കുന്നതിന് ഒരു പരിധി ഇല്ലേ.

95 വയസ്സ് വരെ ജീവിച്ച അഗസ്ത്യൻ മൃഗസ്‌ഥലിയുടെ ചക്രവർത്തി ആകും മുന്നേ മരിക്കുക! എന്തൊരു അസംബന്ധം ആണ്.

ദൈവമേ.. ഇവൾക്കിട്ട് കൊടുത്തത്  കുറച്ച് കൂടിപ്പോയോ. തല തിരിഞ്ഞാ ഇപ്പൊ എല്ലാം.

"എൻ്റെ തലക്കല്ല ഓളം, ഇപ്പൊ നിനക്കാണ്. ബോധം വരുവാണേൽ പോയി കണ്ട് പിടിക്ക്"

അവള് അതും പറഞ്ഞു എൻ്റെ പേപ്പറും മടക്കി എറിഞ്ഞ് തിരിച്ച് വീണ്ടും ഇരുന്നു..

ഇവർക്കൊക്കെ ഇത് എന്താണ്.. ഒരു thesis അല്ലേ ആ വലിച്ചെറിയുന്നെ.. ഒരാള് എന്ത് മാത്രം തേടിയും തപ്പിയും ഒക്കെ ആണ് അതൊന്ന് ആ പരുവത്തിൽ ആക്കണത് എന്ന ഒരു സാമാന്യ ബോധത്തിൽ  എങ്കിലും പെരുമാരിക്കൂടെ!

ചുറ്റും നോക്കിയപ്പോൾ അവിടെ ഇവിടെയായി ഉണ്ടായിരുന്നവർ എല്ലാം എന്നെ ഇന്ന് ആദ്യമായി കാണുന്നത് പോലെ നോക്കുന്നു!

മനസ്സ് ആകെ മടുത്ത് പോയി.  പുറത്തെ പൂമരച്ചോട്ടിൽ ഇട്ട കൽബഞ്ചിൽ പോയി ഇരുന്നു.. 

അപ്പോ നിഷിയും അല്ല. എന്തൊരു അവസ്ഥയാണ്!

അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോൾ ആണ്,  അവള് പറഞ്ഞതിനെ ആരും എതിർത്തത് പോലും ഇല്ലെന്ന് ഓർത്തത്.. മൃഗസ്ഥലിയോളം നൂറ്റാണ്ടുകളോളം പുകൾപെറ്റ മറ്റൊരു സാമ്രാജ്യം ഇല്ല. അഗസ്ത്യവീരനെയും അതിൻ്റെ പ്രൗഢിയെയും കുറിച്ച് കേട്ടറിവ് എങ്കിലും എല്ലാവർക്കും കാണും.. വാമൊഴിയായി കൈമാറി കൈമാറി വന്ന്, തലമുറകൾ പകർന്ന്, ഇപ്പൊ മുത്തശ്ശിക്കഥകളുടെ  ഭാഗമായി പോലും തീർന്ന ഒരു ഇതിഹാസമാണ് അദ്ദേഹം. അപ്പോ  അങ്ങനെ ഒരു സംഭവം ഇങ്ങനെ വളച്ചൊടിക്കുമ്പോ അതിൽ എന്തെങ്കിലും ഔചിത്യം വേണ്ടേ!? 

ഒരു രാത്രി കൊണ്ട്, എല്ലാവരും തനിക്ക് എതിരെ തിരിഞ്ഞോ!?

സങ്കടം കൂടി കൂടി വന്നു.. ഞാൻ ആണ് ശരി എന്ന് തെളിയിക്കണം എന്ന് ഉറപ്പിച്ച്, ലൈബ്രറിയിൽ ചെന്ന് ഞാൻ റെഫർ ചെയ്ത പുസ്തകങ്ങൾ ഒന്ന് കൂടെ ഷെൽഫുകളിൽ പരതി..

പക്ഷേ റിസേർച്ചിൽ ഞാൻ റഫറൻസ് പറഞ്ഞിരിക്കുന്ന ഒന്നും, ഒരൊറ്റ ബുക്ക് പോലും അവിടെ ഉണ്ടായിരുന്നില്ല!

ഇത് എല്ലാം കൂടെ എങ്ങോട്ട് പോയി?

വലിയ ലൈബ്രറി ഹാളിൻ്റെ വലത് വശത്തായി സെറ്റ് ചെയ്ത സിസ്റ്റത്തിന് മുന്നിലേക്ക് തിടുക്കത്തിൽ ഇരുന്നു..

അഗസ്ത്യവീർ പ്രതാപ് എന്ന ഒറ്റൊരു പേര് ടൈപ്പ് ചെയ്ത് സേർച്ച് ബട്ടൺ ക്ലിക്ക് ചെയ്തു..

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാചിത്രം തെളിഞ്ഞു വന്നു എന്നത്തേയും പോലെ..

"Agasthyaveer pratap, the final ruler from the Magadheer dynasty, has his.................."
അടിക്കുറുപ്പിലേക്ക് ശ്രദ്ധ പോവുമ്പോഴാണ് പാകപിഴ കണ്ണിൽ ഉടക്കിയത്.. the final ruler!?

ഒന്ന് കൂടെ മുകളിലേക്ക് സ്ക്രോൾ ചെയ്ത്  death date നോക്കി.. 1107- 1133 വരെ!, അതായത് കൃത്യമായി 26 വർഷങ്ങൾ മാത്രം!!

വെറും 26 ആമത്തെ വയസ്സിൽ..!

ദേഹം തളർന്ന് പോയി, കൈകൾ വിറച്ചു, കഴിഞ്ഞ കുറേ നാളുകളുടെ അധ്വാനം കൺമുന്നിൽ പല്ലിളിക്കുന്ന പോലെ..

ഇന്നലെ വരെ ഞാൻ ജീവിച്ചിരുന്നത് ഒരു parallel universe ഇൽ ആയിരുന്നോ?

മൃഗസ്ഥലി വളർന്നു ഇന്ത്യൻ ഉപഭൂഖണ്ഡം മൊത്തമായി പരന്ന് തുടങ്ങിയ കാലത്താണ് മരണം എന്ന് കാണിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ he died in his peak time, എന്നതാണ് സത്യം.

മരണസമയം അദ്ദേഹത്തിൻ്റെ പട്ടാഭിഷേകം പോലും നടന്നിട്ടില്ല, പ്രത്യക്ഷത്തിൽ യുവരാജാവ് തന്നെ. പക്ഷേ  അന്നത്തെ ഒട്ടുമുക്കാൽ സാമ്രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തി പടുവൃക്ഷമായി വളർന്നു കൊണ്ടിരുന്ന സമയത്താണ് മറിഞ്ഞ് വീണത്..

അത് ഒരു പൊളിറ്റിക്കൽ കോൺസ്‌പിറസി  ആണെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്.. അതിനു ഉറപ്പിച്ച് പറയാവുന്ന തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നതാണ് സത്യം.

പക്ഷേ.. വളർച്ചയിൽ അസൂയാലുക്കൾ ഒത്തിരി ഉണ്ടായിരുന്നു എന്നും വളർച്ചയുടെ ഈ ഘട്ടവും ഒക്കെ എനിക്ക് നേരത്തെയും അറിവുള്ളത് തന്നെ.

പിന്നെ എവിടെയാണ്.. എന്താണ് സംഭവിക്കുന്നത്!?

പെട്ടെന്നാണ്, പ്രൊഫസർ എന്നെ ക്യാബിനിലേക്ക് വിളിക്കുന്നതായി അനില മാഡം വന്ന് പറയുന്നത്.

പ്രക്ഷുബ്ധമായ മനസ്സോടെ ഞാൻ ലിഫ്റ്റിൽ 3 അമർത്തി കാത്തു നിന്നു. ലിഫ്റ്റ് തുറന്നതും എന്തോ ഇന്നലത്തെ രാത്രിയിലെ സ്വപ്നത്തിലെ ജയില് ആണ് മനസ്സിലേക്ക് വന്നത്.

അതിൻ്റെ ചുവരുകൾ പോലെ ഇവിടെയും ഒരു ചുമർ കാണാനില്ലാതായത് പോലെ..

ഡോർ അടഞ്ഞിരുന്നു അപ്പോഴേക്കും.. 

രാത്രിയിലേത് പോലെ ചുറ്റും ഇരുട്ട് പരക്കുമ്പോലെ.. വല്ലാതെ ശ്വാസം മുട്ടി.. ഭയം ഉരുണ്ട് കയറി.. കാൽ വിരലുകളിൽ കൂടെ തരിപ്പ് മുകളിലേക്ക് പടർന്ന് തുടങ്ങി..

വെപ്രാളത്തിൽ ഞാൻ ലിഫ്റ്റിലെ ബട്ടൺ അമർത്തി.. 

അത് തുറന്നതും.. മരണമുഖത്ത് നിന്ന് തിരിച്ച് വന്ന പോലെ ഞാൻ ചാടി പുറത്ത് ഇറങ്ങി ശ്വാസം നീട്ടി എടുത്ത് കിതച്ചു.

നെഞ്ചില് കൈവെച്ച് കിതപ്പൊടുക്കി..

ബാക്കി ഉള്ള ഒരു നില ഞാൻ ഓടിക്കയറുകയാണുണ്ടായത്. ക്യാബിനിൽ എത്തുമ്പോൾ പ്രൊഫസർ ഐസക് ലാപ്ടോപ്പിൽ വർക്കിൽ ആയിരുന്നു..

ഡോറിൽ മുട്ടി.. പെർമിഷൻ കിട്ടിയപ്പോൾ അകത്തു കയറി..

ഒന്നും എനിക്ക് പറയാൻ ഉണ്ടായിരുന്നില്ല.. ഇത് ഈ കോളജിൻ്റെ എന്നല്ല, ഒരു കോളേജിൻ്റെയും ചരിത്രത്തിൽ ഇങ്ങനെ ഒന്ന് നടന്നു കാണില്ല.

"See Ms. ആദിശ്രീ, ഒരു മാസം കൂടി എൻ്റെ സ്വന്തം recommendation ൽ ഞാൻ ഡെഡ്‌ലൈൻ extend ചെയ്ത് തന്നിട്ടുണ്ട്. അതിനുള്ളിൽ വെക്കാൻ പറ്റിയില്ലേൽ അടുത്ത അക്കാദമിക് ഇയറിൽ നോക്കിയാ മതി ഇനി"

10 മാസത്തെ പണി എങ്ങനെയാ 1 മാസം കൊണ്ട്? ഞാൻ എന്താ സൂപ്പർ വുമണോ..

പ്രൊഫസറുടെ സദുദേശ്യം എനിക്ക് മനസ്സിലായി എങ്കിലും ഞാൻ എന്തേലും ഉടായിപ്പ് കാണിച്ചു എന്ന് മാത്രമേ പുള്ളി വിചാരിച്ചിട്ടുള്ളൂ..

എൻ്റെ അവസ്ഥ എനിക്കല്ലേ അറിയൂ.. ആർക്കും മനസ്സിലാവാനും പോണില്ല. പറഞ്ഞാല് എനിക്ക് വട്ടാണെന്ന് പറയും.

ഞാൻ തലയാട്ടി കൊടുത്തു.. ഒരു വഴിയും ഇല്ലെന്ന് മാത്രം അല്ല, ഒരു വർഷം ഇനിയും കളയേണ്ടിയും വരും.. അത് വരെ ഉള്ള ഫീസ്, ഇനിയുള്ള ചിലവുകൾ.. ഹൊ..

"U can go now" 
ഞാൻ പതിയെ കാബിന് പുറത്തേക്ക് നടന്നു.

എൻറെ ഭാഗത്ത് ശരിയുണ്ട് എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. പക്ഷേ ഒറ്റ രാത്രികൊണ്ട് എന്തോ സംഭവിച്ചിട്ടുണ്ട് എന്നതാണ് സത്യം.

ഞാൻ ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ക്യാമ്പസ് ചുറ്റി.. ഒന്ന് രണ്ട് തവണ മൂന്നാം നില മൊത്തം കറങ്ങിയിട്ടുണ്ട്.. മുകളിലെ നിലയിൽ നിന്ന് താഴെ വലത് വശത്തേക്ക് നോട്ടം പോവുമ്പോൾ കണ്ടു.. ഒരു റോള് പഫ്സ് കയ്യിൽ പിടിച്ച് എങ്ങോ നോക്കി ഇരിക്കുന്നവനെ.. കുറേ നാളുകളായി കണ്ടിട്ടില്ലായിരുന്നു.. പരസ്പരം അതിനു ഇട ഉണ്ടാക്കിയിട്ടില്ല എന്നതാവും സത്യം.

കാൻ്റീനിലേക്ക് ഇപ്പൊ പോകാറില്ല. അവിടെ ഒരുപാട് ഓർമകൾ ഉള്ള ഇടമെന്ന് തോന്നും എപ്പോഴും. 

ഞാൻ കോളേജിനുള്ളിലെ മൂന്നാം നിലയിലെ AV റൂമിൽ പോയി ഫാനിൻ്റെ ചുവട്ടിൽ കസേര ഇട്ട് ഇരുന്നു.. 

എത്ര ഒക്കെ അഭിനയിച്ചാലും കഴിഞ്ഞ കുറച്ച് മാസങ്ങൾ എന്നെ ബാധിച്ചിട്ടുണ്ട്. അവരുടെ ആട്ടം അറിയാതെ എത്ര എത്ര നാൾ.. ഒരു പൊട്ടിയെ പോലെ.. എവിടെ ഒക്കെ ഞാൻ അവളെ കൊണ്ട് പോയി നടന്നു, എത്രത്തോളം വിശ്വസിച്ചു..

ഈ ഒരു റിസർച്ച് പ്രോജക്ട് പോലും മനസ്സ് മാറ്റാൻ ഉള്ള ശ്രമത്തിൻ്റെ ഭാഗം ആയിരുന്നില്ലേ.. ഇതിൻ്റെ ഔട്ട്പുട്ട് എൻ്റെ ആത്മവിശ്വാസത്തെയും  പ്രതീക്ഷകളെയും ഉണർത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു..

പക്ഷേ.. ഇപ്പോ വീണ്ടും എല്ലാവരുടെയും മുന്നിൽ പൊട്ടി ആയത് പോലെ..

പെട്ടെന്നാണ് പുറകിൽ ഇടത് വശത്തായി ഒരു ആളനക്കം അറിഞ്ഞത്. അത് ഇഷാൻ ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ബുദ്ധി മറ്റൊന്ന് പറഞ്ഞാലും ഹൃദയം ഇപ്പോഴും അവൻ്റെ പേരാണ് ഉച്ചരിക്കുന്നത്.

ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു..

അവൻ അടുത്തേക്ക് നടന്നു വരുന്നത് അറിയുന്നുണ്ടായിരുന്നു. ഞാനെന്താണ് അവനിൽ നിന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. പക്ഷേ ഉള്ളിൽ വിരഹത്തിന്റെ വേദന നിറയുന്നത് ഞാൻ അറിഞ്ഞു. 

പണ്ടത്തെപ്പോലെ, അവന്റെ കൈകളിൽ കയ്യൂന്നി, ഇത്രയും നാളും കാണാത്തതിന്‍റെ പരിഭവം പറയണം എന്ന് തോന്നി. പഴയതിലും മനോഹരമായി ഞാൻ നിന്നെ പ്രണയിക്കാം എന്നും, നീ എന്റേതു മാത്രമാണെന്ന് തെളിയിച്ച് അവളുടെ മുന്നിൽ ഗർവ് കാണിക്കണമെന്നും ഒക്കെ തോന്നി..

പ്രണയത്തിൽ അകപെട്ട സ്ത്രീ എന്തുമാത്രം വിഡ്ഢി ആണെന്ന് ആ നിമിഷത്തിൽ ഞാൻ മനസ്സിലാക്കുകയായിരുന്നു. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ ഒക്കുമെന്ന് പറയുന്നത് സത്യമായിരുന്നോ?

കസേരക്ക് തൊട്ടു മുന്നിൽ എനിക്ക് അഭിമുഖമായി അവൻ്റെ സാന്നിധ്യം എനിക്ക് മനസ്സിലായി.. 
അടുത്ത അവൻ്റെ നീക്കത്തിന് ഞാൻ കാത്തു.

കുനിഞ്ഞ് ഇരുന്ന് എൻ്റെ കാലുകളിൽ പിടിച്ച് അവൻ കരഞ്ഞു.. ഒരു ഗദ്ഗദം പോലെ..

എത്ര പിടിച്ച് നിർത്തിയിട്ടും എൻ്റെ കണ്ണിലും നീർത്തുള്ളികൾ പൊടിഞ്ഞു. 

മനസ്സിൽ കെട്ടി ഉയർത്തിയ മതിൽക്കെട്ടുകൾ  പതിയെ അലിയുകയാണെന്ന് തോന്നി..

അരുമയോടെ അവൻ്റെ മുതുകിൽ കയ് തട്ടി എണീപ്പിക്കാൻ മുതിർന്നു ഞാൻ..

കണ്ണുകൾ തുറന്ന് ഞാൻ, കുനിഞ്ഞ് കാൽക്കൽ ഇരുന്ന് കരയുന്നവനിലേക്ക്  വിരലുകൾ ചേർക്കാൻ അഞ്ഞതും..

"ക്ഷമിക്കണം എന്ന് പറയാൻ ഉള്ള അർഹത ഇല്ലെന്നറിയാം, പക്ഷേ.. എനിക്ക് ഇനിയും ഇത് ഇങ്ങനെ പറ്റണില്ലാടീ.. നിന്നെ വേദനിപ്പിച്ചത് ഓർത്ത് എനിക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ആവുന്നില്ല. അത് പോലെ നിന്നെ എനിക്ക് ഇനി പഴയത് പോലെ കാണാനും പറ്റില്ല"

ഉയർത്തിയ എൻ്റെ കൈ വായുവിൽ നിശ്ചലമായി..

"സ്നേഹിച്ചു പോയെടീ.. പറ്റിപ്പോയി" എന്ന് പറഞ്ഞു അവൻ വിതുമ്പി.

"ഇടക്ക് ഏതോ രാത്രികളിൽ മെസ്സേജുകളിൽ തുടങ്ങിയതാ.. ഒരു തമാശ. അത്രയേ ഉണ്ടായിരുന്നുള്ളൂ.. ശരീരത്തിൻ്റെ ആവശ്യം. ഇടക്ക് രണ്ട് പേരും പരസ്പരം പിരിയാൻ ആകാത്ത വിധം അടുത്തു പോയി.. പക്ഷേ എനിക്ക് അത് മുറുകെ പിടിക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല.. അവളുടെ സ്നേഹത്തോടൊപ്പം എൻ്റെ അഭിമാനത്തിനും ഞാൻ വില കൽപ്പിച്ചു.. നീ എന്നെ വെറുത്താലും അവളെ വെറുക്കരുത്.. ഞാനാ.. ഞാനാ എല്ലാത്തിനും കാരണം."

എന്ന് പറഞ്ഞു വീണ്ടും വിങ്ങി പൊട്ടുന്നവനെ നോക്കി ഞാൻ മരവിച്ച് ഇരുന്നു..

ഞാനും അവളും തമ്മിൽ ഉള്ള ആ താരതമ്യത്തിൽ അവള് തന്നെ മിഴിവോടെ ജയിച്ച് നിൽക്കുന്നു എന്ന തോന്നൽ ഒരു തടസ്സമായി തൊണ്ടയിൽ കുരുങ്ങി..

കണ്ണുകൾ തുടച്ച് ഞാൻ വീണ്ടും കിടന്നു.. പ്രതികരിക്കാൻ എന്നിൽ ശക്തി ബാക്കിയുണ്ടായിരുന്നില്ല..

എൻ്റെ മറുപടി ഒന്നും ഇല്ലാഞ്ഞിട്ടാവണം.. ഇനിയും ബുദ്ധിമുട്ടിക്കാതെ അവൻ എഴുന്നേറ്റു പോയി..

ഒരു മാപ്പ് പറച്ചിലിൽ ചുമട് ഇറക്കിയല്ലോ.. ഇനി ഇഷ്ടം ഉള്ളത് കുറ്റബോധം ഇല്ലാതെ ചെയ്യാനാവും. പുച്ഛം തോന്നി. അവനോടും ഈ എന്നോട് തന്നെയും..

ഉള്ളറിഞ്ഞ് സ്നേഹിച്ചവന് തൻ്റെ ഉറ്റ സുഹൃത്തിനോടായിരുന്നു ഇക്കാലമത്രയും പ്രണയം എന്ന് അറിയുമ്പോ തളർന്ന് തരിപ്പണം ആയി പോകും ആരും. അതിന് ഒരു ചതിയുടെ മേമ്പൊടികൂടെ ആയാൽ ശുഭം.

ഒരു നേർത്ത തേങ്ങൽ ഉള്ളിൽ നിന്ന് പുറത്ത് വന്നു.. 

ഇനിയും ഒരു നിമിഷം കൂടി അധികം ചിന്തിച്ചു പോയാൽ എനിക്ക് വട്ടു പിടിക്കും എന്ന് തോന്നി. മനസ്സിനെ പിടിച്ചു നിർത്താൻ ഞാൻ വീണ്ടും ലൈബ്രറിയിലേക്ക് ഓടി. സ്നേഹം കെഞ്ചി നേടാൻ ഉള്ളതല്ല എന്ന ഉറച്ച ബോധം എനിക്കുണ്ട്..

ജീവിതത്തിലോ മൂഞ്ചി, പ്രൊഫഷനിൽ എങ്കിലും എവിടെയാ തെറ്റ് പറ്റിയത് എന്നറിയണം.

റഫർ ചെയ്യാൻ ബുക്കുകൾ ഒന്നുമില്ലാത്തതിനാൽ ഞാൻ വീണ്ടും ഗൂഗിളിനെ തന്നെ ശരണം പ്രാപിച്ചു.

അഗസ്ത്യവീരന്റെ ഇരുപത്താറാം വയസ്സു വരെയുള്ള ചരിത്രം ഞാൻ പല സൈറ്റുകളിൽ നിന്നും ലഭിച്ചത് കൂട്ടിവെച്ച് ചേർത്തു വായിച്ചു.

അതുവരെയുള്ളതിൽ ഒന്നും എനിക്കറിയാത്ത ഒരു മാറ്റങ്ങളുമില്ല.
അദ്ദേഹം കല്യാണം കഴിച്ചിരുന്നു എന്നത് ഒഴിച്ചാൽ..

ഛായാനഗരസാമ്രാജ്യത്തിന്റെ അധിപൻ മിൻസാരകന്യന്റെ പുത്രി സംഘമിത്രയെ തിരുമണം ചെയ്തതാണ് ആകെ വന്നിരിക്കുന്ന മാറ്റം.

അതെനിക്ക് രസകരമായി തോന്നി സത്യത്തിൽ. എനിക്കറിയാവുന്ന കഥയിലൊക്കെ അവർ ബദ്ധശത്രുക്കൾ ആയിരുന്നു. അതിനിടയിൽ ചേറിലെ താമരപ്പൂ പോലെ ഇതെപ്പോ പൊട്ടിമുളച്ചു!?😃

ഇനി രാജ്യങ്ങൾ തമ്മിലെ ഒത്തുതീർപ്പിന് വേണ്ടി നടത്തിയ കല്യാണമായിരുന്നോ?

രാജകുമാരി സംഘമിത്രയുടെ പേരിനു മുകളിലേക്ക് കഴ്സർ നീക്കി ഞാൻ ക്ലിക്ക് കൊടുത്തു.

അവരുടെ ഒരു പോർട്രേറ്റ് ഏതോ ചിത്രകാരൻ വരച്ചത് സൈഡിലായി കണ്ടത് വലുതാക്കി നോക്കി.

മുന്നിൽ തെളിഞ്ഞ ചിത്രം കണ്ടു ഞാൻ അമ്പരന്നു പോയി!

തേടി എത്താത്ത ഉത്തരങ്ങൾ എന്നെ തേടി വന്നിരുന്നു അപ്പോഴേക്കും..