പ്രകൃതിയിലൊരു നിമിഷം
(ഗാർഡൻ തെറാപ്പി)
രോഹൻ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല; മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഓഫീസിലെ പ്രോജക്ട് തീർക്കാനുള്ള സമയപരിധി അടുത്തുകൊണ്ടിരിക്കുന്നു, മേലധികാരിയുടെ അനാവശ്യ സമ്മർദ്ദം ദിവസംതോറും കൂടുന്നു, സഹപ്രവർത്തകരുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വേറെയും. ഇവയെല്ലാം ചേർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രോഹന്റെ ഉറക്കം കെടുത്തിയിരുന്നു.
കണ്ണടച്ചാലും മനസ്സ് സ്പ്രെഡ്ഷീറ്റുകളിലും ഇ-മെയിലുകളിലും അജണ്ടകളിലും അലഞ്ഞുനടന്നു. "നാളെ എങ്ങനെയെങ്കിലും ജോലികൾ തീർക്കണം" എന്ന ചിന്ത വീണ്ടും വീണ്ടും തലയിൽ കറങ്ങിക്കൊണ്ടിരുന്നു.
വെളുപ്പിന് നാലുമണിക്ക് മുൻപേ രോഹൻ എഴുന്നേറ്റു. അല്ലെങ്കിൽ എഴുന്നേൽപ്പിക്കപ്പെട്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി. കിടപ്പുമുറിയുടെ ജനലിനരികിൽ, മാവിൻ കൊമ്പിലിരുന്നാണ് കുയിൽ അത്യുച്ചത്തിൽ ഗാനാലാപനം നടത്തുന്നത്. ആ സ്വരം പാരമ്യത്തിൽ എത്തിയപ്പോൾ, മറ്റേതൊരു ദിവസത്തെയും പോലെ തിരിഞ്ഞുകിടക്കാൻ രോഹന് തോന്നിയില്ല. കുറെയേറെ ദിവസങ്ങളായി എഴുന്നേൽപ്പിക്കുന്ന ജോലി അവർ സ്വയം ഏറ്റെടുത്തിരിക്കുകയാണല്ലോ.
എന്തുകൊണ്ടോ, ആ പ്രഭാതഗീതം രോഹനെ വല്ലാതെ ആകർഷിച്ചു.
ചൂടുകാപ്പിയുമായി ഉമ്മറത്തെത്തി. അപ്പോഴേക്കും കാക്കത്തമ്പുരാട്ടിയും തന്റെ പതിവ് സംഗീതം തുടങ്ങിയിരുന്നു.
മനസ്സിൽ ഭാരം ബാക്കിയുണ്ടായിരുന്നെങ്കിലും, കാപ്പിയുടെ ചൂട് കൈവിരലുകളിലേക്ക് പടരുന്നത് രോഹൻ ശ്രദ്ധിച്ചു — വളരെക്കാലത്തിനു ശേഷം ആദ്യമായി ഒരു ചെറിയ കാര്യംപോലും ശ്രദ്ധിക്കുന്നതുപോലെ. എത്ര നാളായി താൻ ഇങ്ങനെ ഇവിടെ വെറുതെ വന്നിരുന്നിട്ട്, രോഹൻ ഓർത്തു.
കപ്പ് താഴെവെച്ച് രോഹൻ മുറ്റത്തേക്കിറങ്ങി ചുറ്റും കണ്ണോടിച്ചു. നേരം പുലർന്നുവരുന്നതേയുള്ളു. മഞ്ഞിന്റെ നേർത്ത പുതപ്പിനുള്ളിലാണ് പൂന്തോട്ടവും പരിസരവും. പവിഴമല്ലിയും മധുമാലതിയും പിന്നെ രജനീഗന്ധിയും ഇപ്പോഴും സുഗന്ധം കൈവിടാതെ നിൽക്കുന്നു — തനിക്കുവേണ്ടി കരുതിവെച്ചതുപോലെ. ആ സുഗന്ധം ശ്വാസകോശം നിറയെ വലിച്ചെടുത്തപ്പോൾ, മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകൾ അൽപ്പമെങ്കിലും അകന്നുപോകുന്നതായി തോന്നി.
കാഴ്ചകൾ കണ്ടു രോഹൻ അങ്ങനെ നടന്നു, സമയം പോയതറിയാതെ.
ഈ പൂന്തോട്ടം ഇന്നത്തെപ്പോലെ ശരിയാക്കിയെടുത്തത് 2020-21-ലെ കൊറോണ കാലഘട്ടത്തിലാണ്. അന്ന് പുറത്തുപോകാതെ വീട്ടിലെ ഗാർഡനിൽ നടക്കാനായി നല്ല നടപ്പാതയും പുൽത്തകിടിയും മറ്റും ശരിയാക്കി. ലോക്ക്ഡൗണിന്റെ ഏകാന്ത ദിനങ്ങളിൽ ഈ തോട്ടമായിരുന്നു രോഹന്റെ ഏക ആശ്വാസം. എന്നാൽ പിന്നീട് ജോലിത്തിരക്കുകൾ വീണ്ടും കൂടിയപ്പോൾ, ഈ പൂന്തോട്ടത്തിലേക്ക് വരാതെയായി. പക്ഷേ, അന്ന് നട്ട ചെടികളെല്ലാം വളർന്നു വലുതായി അവയുടെ ധർമ്മം ചെയ്തുകൊണ്ടേയിരുന്നു.
പുൽനാമ്പിൽ തൂങ്ങിയ മഞ്ഞുതുള്ളികൾ പ്രഭാതകിരണങ്ങൾ തട്ടി വൈഡൂര്യക്കല്ലുകൾ കണക്കെ വെട്ടിത്തിളങ്ങി.
കൊറോണ കാലത്ത് രോഹൻ നട്ടുപിടിപ്പിച്ച ഈ പുല്ലുകൾ ഇപ്പോൾ ഒരു പച്ചപ്പരവതാനിയായി മാറിയിരിക്കുന്നു. ഓരോ പുൽനാമ്പിലും ജീവന്റെ സ്പന്ദനം രോഹൻ കണ്ടു. അതിലൂടെ നഗ്നപാദനായി നടക്കുമ്പോൾ ഭാരമില്ലാത്ത അവസ്ഥയിലായതുപോലെ തോന്നി.
ഒരു തേനീച്ച ചെത്തിപ്പൂവിൽ മെല്ലെ പറന്നിറങ്ങി — ലോകത്തിൽ ആ ഒരു പൂവ് മാത്രമേയുള്ളൂ എന്ന മട്ടിൽ, തിരക്കില്ലാതെ, ആ നിമിഷത്തിൽ പൂർണമായി ലയിച്ച്. രോഹൻ ഒന്നു നിന്നു, ആ കാഴ്ച ആസ്വദിച്ചു. "ഈ തേനീച്ചയ്ക്ക് ഇപ്പോൾ വേറൊരു ചിന്തയുമില്ല," രോഹൻ മനസ്സിൽ പറഞ്ഞു.
ലില്ലിപ്പൂക്കളിൽ നിന്ന് ചെറു തേനീച്ചകൾ തിരക്കിട്ട് തേൻ ശേഖരിക്കുന്നു — ജീവിതത്തിന്റെ രണ്ടു ഭാവങ്ങൾ ഒരുമിച്ച് കണ്ടു. പ്രകൃതിയുടെ താളം രോഹൻ തൊട്ടറിഞ്ഞു.
ചിത്രശലഭങ്ങൾ ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നു, ധൃതിയേതുമില്ലാതെ.
തത്തകൾ ചെഞ്ചുണ്ടിൽ പഴുത്തു ചുവന്ന റംബൂട്ടാൻ നുണഞ്ഞ് ആനന്ദത്തോടെ ഇരിക്കുന്നു. അവയുടെ ചുണ്ടിനും പഴുത്ത റംബൂട്ടാനും ഒരേ നിറം. അണ്ണാറക്കണ്ണൻ ചാടിക്കളിച്ചു, ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ; ദൂരെ മാമ്പഴത്തിൽ അവന്റെ കണ്ണ് ഉടക്കിയിരുന്നു.
ഇടയ്ക്കിടെ ഉച്ചത്തിൽ കൂകിവിളിച്ചും ചിറകടിച്ച് സ്ഥാനം മാറിയും പുൽത്തകിടിയിൽ മൈനകൾ പ്രാതൽ തേടി നടക്കുന്നു.
ഈ കാഴ്ചകളൊന്നും താൻ എത്ര കാലങ്ങളായി കണ്ടിട്ടില്ല എന്ന് രോഹൻ ഓർത്തു. കുട്ടിക്കാലത്ത് ഇതേ മുറ്റത്ത് അമ്മയുടെ കൂടെ പൂ പറിക്കാൻ നടന്നത്, മരങ്ങളുടെ പേരുകൾ പഠിച്ചത് — എല്ലാം ഒരു നിമിഷം മനസ്സിലേക്ക് ഓടിവന്നു. ഈ തോട്ടത്തിൽ നടക്കുമ്പോൾ അമ്മയെ ഓർമ്മ വരും. ഇപ്പോൾ അമ്മ കൂടെയില്ലെങ്കിലും, ഈ പൂന്തോട്ടത്തിൽ അമ്മയുടെ സാന്നിധ്യം എപ്പോഴും ഉള്ളതുപോലെ തോന്നും.
"എത്ര സുന്ദരം, ശാന്തം ഈ പ്രകൃതി," രോഹൻ സ്വയം പറഞ്ഞു. "വീട്ടുമുറ്റത്തെ ഈ കാഴ്ചകളാണല്ലോ ഞാൻ ദിവസവും നഷ്ടപ്പെടുത്തുന്നത്, ഫോണിലേക്കും ലാപ്ടോപ്പിലേക്കും നോക്കി. ഇപ്പോൾ ഈ നിമിഷം ഓഫീസില്ല, ടെൻഷനില്ല, ഞാനെന്ന ഭാവമില്ല, മറ്റു ചിന്തകളില്ല. ശ്വാസം മാത്രം. ജീവിതതാളം മാത്രം."
പ്രകൃതി രോഹനോട് മെല്ലെ പറഞ്ഞതുപോലെ തോന്നി — "ഇതാണ് ധ്യാനം. മന്ത്രങ്ങളല്ല, മൗനമാണ്. കണ്ണടച്ചിരിക്കലല്ല, കണ്ണു തുറന്ന് പ്രകൃതിയെ കാണലാണ്, അനുഭവിക്കലാണ് വേണ്ടത്."
മടങ്ങിയപ്പോൾ രോഹന്റെ മനസ്സ് തെളിഞ്ഞിരുന്നു — ഒരു മഴ പെയ്തൊഴിഞ്ഞ ആകാശം പോലെ. ശരീരവും മനസ്സും ഒരു കുഞ്ഞു തൂവൽ പോലെ ഭാരമില്ലാത്ത അവസ്ഥയിലായത് പോലെ രോഹന് തോന്നി.
പതിവിലേറെ ഉന്മേഷത്തോടെ ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, തലേദിവസത്തെ ക്ഷീണം നന്നേ കുറഞ്ഞതായി രോഹന് തോന്നി. രോഹൻ ഒരു തീരുമാനമെടുത്തു — നാളെ മുതൽ, എത്ര തിരക്കായാലും, കുറഞ്ഞത് ഒരു പതിനഞ്ചു മിനിറ്റ് പൂന്തോട്ടത്തിനായി മാറ്റിവെക്കും. ജീവിതം തികച്ചും ലളിതമായിക്കാണാൻ ഈ ഒരു ശീലം മതിയാവും.
ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും പുത്തനുണർവ് പകരും എന്ന ചെറിയ പ്രതീക്ഷ രോഹന്റെ മനസ്സിൽ വേരുപിടിച്ചു. രോഹൻ വീണ്ടും പുറത്തേക്ക് നോക്കി.
സൂര്യപ്രകാശം മരങ്ങളിലൂടെ ചിതറി വീഴുന്നു. അത് പുൽത്തകിടിയിൽ നിഴൽചിത്രങ്ങൾ വരക്കാൻ തുടങ്ങി. കാറ്റിൽ മുളംകൂട്ടങ്ങൾ ലാസ്യനൃത്തമാടി. ജീവിതം എത്രയോ ലളിതമാണെന്നും, സ്വന്തം അനാവശ്യ ചിന്തകളിലൂടെ അതിനെ സങ്കീർണ്ണമാക്കുന്നത് മനുഷ്യർ തന്നെയാണെന്നും അവന് ബോധ്യമായി.
രോഹൻ സ്വയം പറഞ്ഞു: "പ്രകൃതിയോട് ചേർന്ന് തോട്ടത്തിലൂടെയുള്ള ഈ നടത്തത്തെയും ഇടപെടലിനെയുമാവാം ഒരുപക്ഷേ ആധുനിക ശാസ്ത്രം 'ഗാർഡൻ തെറാപ്പി' എന്ന് വിളിക്കുന്നത്".🌿
— അനിൽ മാധവൻ