ടീസ്റ്റ നദിയിലെ നിഴലുകൾ
ന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.
പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും അടുക്കിവെച്ചിരിക്കുന്നതുകണ്ട് ഒരു നിമിഷം നിന്നു. കൃഷിക്കാർ കൊൽക്കത്തയിലെ മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയവ. അതിന്റെ നറുമണം യാത്രാക്ലേശം അല്പം ശമിപ്പിച്ചു.
നവംബറിൻ തണുപ്പിൽ എരുമപ്പാലിൽ കാച്ചിക്കുറുക്കിയ ഡാർജീലിംഗ് ചായ മട്ക കപ്പിൽ കുടിച്ചുകൊണ്ട് ഞാൻ ആളുകളെ നിരീക്ഷിച്ചു.
രാജ്യത്തിന്റെ ഒരു ചെറുപതിപ്പുപോലെ വിവിധങ്ങളായ ഭാഷകളും മുഖങ്ങളും വേഷങ്ങളും.
"സാബ്..." ഒരു വിളികേട്ട് തിരിഞ്ഞു നോക്കി.
"ഞാൻ താമസിച്ചു പോയോ സാബ്?" കുറച്ച് ജാള്യതയോടെ അയാൾ ചോദിച്ചു.
"ഇല്ല, സാരമില്ല." ഞാൻ മറുപടി കൊടുത്തു.
അതിനു കാത്തു നിൽക്കാതെ എന്റെ ലഗ്ഗേജ് ജീപ്പിന് പിറകിൽ വെച്ച് ഗംഗാപ്രസാദ് വണ്ടി സ്റ്റാർട്ടക്കി ഗാങ്ടോക്ക് ലക്ഷ്യമാക്കി കുതിച്ചു.
അനേകം വളവുകളും തിരിവുകളുമുള്ള റോഡ്. ഒരു ഭാഗത്ത് ചെങ്കുത്തായ പർവ്വത നിരകളും മറുവശത്ത് അഗാധ ഗർത്തവുമാണ്.
ഏതോ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചപോലെ നൂറ്റാണ്ടുകൾ പ്രായമുള്ള ദേവദാരു മരങ്ങൾ. അവയിലൂടെ കടന്നുവരുന്ന കാറ്റിനും എന്തോ പറയാനുള്ളതുപോലെ.
താഴെ ആർത്തട്ടഹസിച്ച് ഒഴുകുന്ന ടീസ്റ്റാ നദി.
ഹിമാലയൻ പർവത നിരകളുടെ വന്യ സൗന്ദര്യം ആസ്വദിച്ചു ഞാനിരുന്നു.
ഒരു ചെറു വെള്ളച്ചാട്ടത്തിനടുത്ത് വണ്ടി നിർത്തി.
"സാബ്, ഇവിടെയിറങ്ങി മുഖമൊന്ന് കഴുകിയാൽ നല്ല ഉന്മേഷം തോന്നും. ഇവിടെ വെള്ളത്തിന് നല്ല തണുപ്പാണ്, പരിശുദ്ധവും," ഗംഗാപ്രസാദ് പറഞ്ഞു.
ഞാൻ താഴെയിറങ്ങി നടക്കുമ്പോൾ വെള്ളച്ചാട്ടത്തിനരുകിൽ ഒരു അസാധാരണ കാഴ്ച കണ്ടു.
കാട്ടുവാഴയിലയിൽ ഗോതമ്പുമാവിലും മറ്റും തീർത്ത പല വലുപ്പത്തിലുള്ള ആൾരൂപങ്ങൾ, പക്ഷി-മൃഗാദി രൂപങ്ങൾ, കൂടെ ആപ്പിളും ഓറഞ്ചും മറ്റു പഴങ്ങളും പൂക്കളും ചിതറിക്കിടക്കുന്നു.
എന്നിലെ യുക്തിവാദി അതിനെ വെറും പ്രാകൃതചാരങ്ങളായി കാണാൻ ശ്രമിച്ചു.
തിരികെ വണ്ടിയിൽ കയറിയപ്പോൾ ഞാൻ അതിനെപ്പറ്റി ഗംഗാപ്രസാദിനോട് ചോദിച്ചു.
"സാബ് അതിൽ തൊട്ടില്ലല്ലോ അല്ലേ?" ഗംഗാപ്രസാദ് വല്ലാതെ പരിഭ്രമിച്ചു ചോദിച്ചു.
"ഇല്ല, എന്താ കാര്യം?
അവൻ ഒരു നെടുവീർപ്പിട്ടു. "ഭാഗ്യം! അത് ഇവിടുത്തെ ചില ഗോത്ര-വിഭാഗങ്ങളുടെ മന്ത്രവാദമാണ്. ദോഷങ്ങൾ ആവാഹിച്ചുവെച്ച രൂപങ്ങൾ. അതിൽ തൊട്ടാൽ പിന്നെ രക്ഷയില്ല. വെള്ളച്ചാട്ടം ശക്തമാകുമ്പോൾ ഇലയും അതിലെ രൂപങ്ങളും ടീസ്താ നദിയിൽ അലിഞ്ഞു ചേരും.
ഈ കാർത്തിക മാസത്തിൽ ജോഗി വിഭാഗക്കാർ 'ഭേരി'യും 'ധ്യാൻഗ്രോ'യും മുഴക്കി അർദ്ധരാത്രിയിൽ ഗ്രാമങ്ങളിൽ ഇറങ്ങും. ജോഗി ആവാഹിച്ചെടുക്കുന്ന ബാധകളെ നോക്കിക്കാണുന്നതും അപകടമാണ്."
അതുകേട്ട് ചിരിക്കാൻ തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
ഗ്രാമങ്ങളിൽ ചോഗു എന്ന വസ്ത്രം ധരിച്ച പല പ്രായത്തിലുള്ള ലാമമാരെ ജപമാലയുമായി കാണാം.
വൈകിട്ട് ആറുമണിയോടെ ഗസ്റ്റ് ഹൗസിനു മുൻപിലെത്തി. എന്റെ പെട്ടിയും മറ്റും എടുത്തുവെച്ച് ഗംഗാപ്രസാദ് നാളെക്കാണാം എന്നുപറഞ്ഞു പോയി.
ജനാലയിലൂടെ നോക്കുമ്പോൾ കോടമഞ്ഞ് വലിയ വെളുത്ത വ്യാളികളെപ്പോലെ നഗരത്തെ വിഴുങ്ങുന്നത് കണ്ടു. ആ കാഴ്ച വശ്യമായിരുന്നു, ഒപ്പം ഭയപ്പെടുത്തുന്നതും.
വാതിലിൽ ഒരു മുട്ട് കേട്ടു.
"സാർ, ഞാൻ മുരുകൻ. ഇവിടുത്തെ കെയർടേക്കറാണ്."
രാത്രി കഴിക്കാനുള്ള ഭക്ഷണത്തെപ്പറ്റി ചോദിച്ചു അയാൾ പോയി.
മുരുകൻ നൽകിയ ഭക്ഷണം കഴിച്ച് ഞാൻ വേഗം കിടന്നു.
പക്ഷേ, രാത്രി ഏതോ വിചിത്രമായ ശബ്ദം കേട്ട് ഞാൻ ഉണർന്നു.
മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിക്കുന്ന, ഉള്ളിൽ ഭയമുണർത്തുന്ന ആ ശബ്ദം! 'ഭേരി' എന്ന കൊമ്പിന്റെ മുഴക്കവും 'ധ്യാൻഗ്രോ' എന്ന തുകൽ വാദ്യത്തിന്റെ ചടുല താളവും.
ആകാംക്ഷ സഹിക്കാനാവാതെ ഞാൻ മെല്ലെ വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി.
താഴെ മുറ്റത്ത്, മൂടൽമഞ്ഞിനിടയിലൂടെ ചുവന്ന വസ്ത്രം ധരിച്ച ഒരു രൂപം നീങ്ങുന്നത് കണ്ടു.
പെട്ടെന്ന്, ഇരുളിൽ നിന്ന് മുരുകൻ പാഞ്ഞുവന്ന് എന്റെ കൈയ്യിൽ പിടിച്ചു. അയാളുടെ മുഖം പേടികൊണ്ട് വിളറിയിരുന്നു.
"സാറേ... വേഗം ഉള്ളെ പോങ്കോ! വാതിലടയ്ക്കൂ! വെളിയേ പാക്കക്കൂടാത്..." മുരുകൻ എന്നെ ബലമായി തള്ളി അകത്താക്കി വാതിൽ കുറ്റിയിട്ടു.
"എന്താ മുരുകാ, നീയെന്തിനാ ഇത്ര പേടിക്കുന്നത്?" ഞാൻ ചോദിച്ചു.
മുരുകൻ കിതച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു. "അത് ജോഗിയാണ് സാർ! അയാൾ ഈ രാത്രിയിൽ ദുർഭൂതങ്ങളെ ആവാഹിക്കുകയാണ്. അയാളുടെ കണ്ണുകളിലേക്ക് നോക്കുന്നവൻ ആ സകല ദുരിതങ്ങളും സ്വന്തം തലയിലേറ്റും.
സാറേ, കോയമ്പത്തൂര് വിട്ട് ഞാൻ ഇവിടെ വന്നിട്ട് പത്ത് വർഷമായി. ഇവിടുത്തെ മലകൾക്കും മഞ്ഞിനും നമ്മൾ കേൾക്കാത്ത ഒരു ഭാഷയുണ്ട്. അത് കേൾക്കാൻ ശ്രമിക്കരുത്.
സാർ, അയാളുടെ മുഖം കണ്ടില്ലല്ലോ?"
ആ വാക്ക് പൂർത്തിയാക്കാൻ മുരുകന് കഴിഞ്ഞില്ല. അടഞ്ഞ വാതിലിന് തൊട്ടപ്പുറത്ത് ആ കൊമ്പ് വിളി മുഴങ്ങി! അത് ജനൽ ചില്ലുകളിൽ തട്ടി പ്രതിധ്വനിച്ചു. ജോഗി വാതിലിന് മുന്നിലെത്തിയിരിക്കുന്നു. ജനാല ചില്ലിലൂടെ അയാളുടെ ജ്വലിക്കുന്ന കണ്ണുകൾ ഞാൻ കണ്ടു. അയാളുടെ കയ്യിലെ ധൂമപാത്രത്തിൽ നിന്നും ഒരു അഭൗമ ഗന്ധം ചുറ്റിനും പരന്നു.
എന്നിലെ ധൈര്യം ചോർന്നു പോകുന്നതുപോലെ തോന്നി.
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ എന്റെ ദേഹം തളർന്നിരുന്നു. കഠിനമായ പനി.
കണ്ണുതുറന്നപ്പോൾ കണ്ടത് എന്റെ ശരീരമാകെ ചുവന്ന കുമിളകൾ. ഡോക്ടർമാർ അതിനെ ചിക്കൻപോക്സ് എന്ന് വിളിക്കുമായിരിക്കും.
പക്ഷേ ഓരോ കുമിളയിലും ജോഗിയുടെ കത്തുന്ന കണ്ണുകൾ ഞാൻ കണ്ടു. ശാപം എന്റെ രക്തത്തിലൂടെ ഒഴുകുകയാണെന്ന് ഞാൻ ഭയന്നു.
പനിയുടെ കാഠിന്യത്തിൽ കിടക്കുമ്പോഴും ദൂരെ മലനിരകളിൽ നിന്ന് ആ കൊമ്പ് വിളി ഇടയ്ക്കിടെ കേൾക്കുന്നതായി എനിക്ക് തോന്നി. ഓരോ തവണ ആ ശബ്ദം കേൾക്കുമ്പോഴും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി.
നാലാം ദിവസം ഗംഗാപ്രസാദ് വന്നു. മുറിയിലേക്ക് കടക്കാതെ അയാൾ വരാന്തയിൽ നിന്ന് പറഞ്ഞു:
"സാബ്, ഞാൻ അന്ന് പറഞ്ഞതല്ലേ. നിങ്ങൾ ആ വാതിൽ തുറക്കാൻ പാടില്ലായിരുന്നു. ജോഗി ആവാഹിച്ച ആ 'ബാധകളെ ' നിങ്ങൾ നോക്കി കണ്ടു. ഇതിപ്പോ പനിയല്ല സാബ്, ആ ശാപമാണ്."
അയാൾ ഒരു പരിഹാരം പറഞ്ഞു. സൂര്യോദയത്തിന് മുൻപ് ടീസ്റ്റയുടെ ഒരു കൈവഴിയിൽ പോയി കുളിക്കണം.
രണ്ടാഴ്ച കഴിഞ്ഞ്, വിറയ്ക്കുന്ന ശരീരവുമായി ഞാൻ പുലർച്ചെ ആ വെള്ളച്ചാട്ടത്തിലെത്തി.
അപ്പോൾ ടീസ്റ്റ നദിയിൽ മരങ്ങളും മൂടൽ മഞ്ഞും ചേർന്ന് വിചിത്ര നിഴൽ രൂപങ്ങൾ വരച്ചുകൊണ്ടിരുന്നു.
തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങി ഉയർന്നപ്പോൾ, മുകളിലെ പാറയിൽ ജോഗി നിൽക്കുന്നത് കണ്ടു! ഭസ്മം പൂശിയ ശരീരം, കഴുത്തിൽ അസ്ഥിമാലകൾ.
അയാൾ വെള്ളത്തിലേക്ക് എന്തോ വിതറിക്കൊണ്ട് എന്റെ നേരെ നോക്കി കൊമ്പ് മുഴക്കി.
"മുങ്ങൂ സാബ്! ഒട്ടും വൈകിക്കരുത്!" ദൂരെയൊരിടത്തുനിന്ന് ഗംഗാപ്രസാദ് അലറി.
ഞാൻ മൂന്ന് തവണ വെള്ളത്തിൽ മുങ്ങി.
ശരീരത്തിൽ നിന്ന് എന്തോ ഒരു ഭാരം ഒഴുകിപ്പോകുന്നതുപോലെ തോന്നി.
കണ്ണുതുറന്നപ്പോൾ ജോഗിയെ അവിടെ കണ്ടില്ല. കരയിൽ ഞാൻ ആദ്യം കണ്ടതുപോലെ വാഴയിലയിലെ രൂപങ്ങൾക്കിടയിൽ, ഇപ്പോൾ ഉടഞ്ഞ നിലയിൽ എന്നോട് സാമ്യമുള്ള ഒരു പുതിയ രൂപം കൂടി കിടപ്പുണ്ടായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ, നേപ്പാളി വസ്ത്രം ധരിച്ച ഒരു വൃദ്ധൻ ദാനം ചോദിച്ചു വന്നു. പണം നൽകുമ്പോൾ അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.
അയാളുടെ നോട്ടവും ജോഗിയുടെ കത്തുന്ന കണ്ണുകളും ഒരുപോലെ തോന്നിച്ചു. ആ ചിരിയിൽ പരിഹാസമാണോ അതോ എന്നെ രക്ഷിച്ചതിന്റെ സംതൃപ്തിയാണോ എന്ന് മനസ്സിലായില്ല.
സിക്കിം മലനിരകളിൽ ഇന്നും അർദ്ധരാത്രികളിൽ ആ കൊമ്പ് വിളി മുഴങ്ങാറുണ്ട്. പക്ഷേ, ഇന്ന് ഞാൻ അത് കേൾക്കുമ്പോൾ വാതിലുകൾ ശക്തിയായി ബന്ധിക്കാറുണ്ട്. കാരണം, ഹിമാലയം ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ ഒരിക്കലും തുറന്നു നോക്കാനുള്ളതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.
-അനിൽ മാധവൻ