Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഒരു ജവാനോടൊപ്പം

ഒരു ജവാനോടൊപ്പം

നിന്നെ മറക്കാൻ ഒരു യാത്ര

With a jawanA journey to forget you

KARTHIKA

റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാർക്കുള്ള അറിയിപ്പ് കേട്ടു ഞാൻ ഉണർന്നു, അത് പല ഭാഷയിൽ ആവർത്തിച്ചുകൊണ്ടിരുന്നു.. ആരുടെതാവും ആ സ്വരം... ആവോ.. എന്നും എന്നെ മത്തുപിടിപിച്ച ആ സ്വരത്തിനു ഇതുമായി സാമ്യം ഉണ്ടോ ???.

ഇല്ലാ.. പ്ലീസ്... നിർത്തു... എന്നെ ഒന്നും ഓര്മിപ്പിക്കല്ലേ... എനിക്ക് ഭ്രാന്തു പിടിക്കുന്നു..

പൊന്നു... എത്ര ശ്രമിച്ചാലും എനിക്ക് നിന്നെ മറക്കാനാവില്ലല്ലോ.,, അങ്ങനെ ഒരു സ്വരം ഞാൻ ഇതിനു മുന്നേ കേട്ടിട്ടേ ഇല്ലാ... അതുപോലെ ഒരാളെയും...

എന്നാണ് ആദ്യം അവളെ കണ്ടത് എന്നെനിക്കറിയില്ല... ആദ്യം സംസാരിച്ചത് എപ്പോഴാണ് എന്നും അറിയില്ലാ.. ഞാൻ 7 ക്ലാസ്സ്‌ കഴിഞ്ഞ ആ വേനൽ അവധിക്ക് ആണ് അവളുടെ അച്ഛനും അമ്മയും എന്റെ വീടിനു ചേർന്ന പുതിയ വീട് വാങ്ങുന്നത്.. അന്ന് ഞങ്ങൾ മനുവിന്റെ സൈക്കിൾ ഓടിച്ചു വന്നപ്പോഴാണ് ഒരു പുതു പുത്തൻ കാർ പാഞ്ഞു വരുന്നത് കണ്ടത്... സൈക്കിൾ ആഞ്ഞു ചവിട്ടി ഞാനും പുറകെ കൂടി.. അത് നേരെ ചെന്നു നിന്നത് എന്റെ വീടിന്റെ മുന്നിലാണ്...

അന്ന് ഞാൻ ആദ്യമായി അവളെ കണ്ടു .. ആവോ..അതോ അതിനു മുന്നേ എന്നെങ്കിലും ആണോ ???.

വെള്ളി കൊലുസ് കിലുക്കി,, മുടി രണ്ടു വശത്തു വകർന്നു കെട്ടി.. മത്തങ്ങാ കവിളിൽ ചിരി പടർത്തി.... ആഹാ.......

ക്ലാസ്സ്ലെ ഗേൾ ലീഡർ സിമിയെ ഇഷ്ടമില്ലാത്ത എനിക്ക്,, ബാല സമാജത്തിലെ സെക്രട്ടറി സുനിതയോട് ദേഷ്യം മാത്രമുള്ള എനിക്ക്... എന്തോ ഇവളോട് കൂട്ട് കൂടാൻ ഒരു ആഗ്രഹം അന്നേ തോന്നിയിരുന്നു ... ഒന്ന് തൊട്ട് നോക്കാനും...

അവധിക്കാലം ആയാൽ മണ്ണും പൊടിയും പിടിച്ചു.,വെയില് ഒകെ കൊണ്ട് ആകെ വൃത്തികെട്ട രൂപത്തിൽ ആവുന്ന എനിക്ക് കുറച്ചു വണ്ണം വെയ്ക്കാൻ അമ്മ എന്തെല്ലാമോ ഉണ്ടാക്കി തരുമായിരുന്നു.. പക്ഷെ ഒരു രക്ഷയും ഇല്ലാ.. എനിക്ക് മെലിഞ്ഞ ശരീരം ആണ്.. പൊക്കം അന്നേ ഉണ്ട്.. അത്കൊണ്ട് കൂടെയാവണം, തക്കുടു പോലുള്ള പൊന്നു വിനെ അത്രയ്ക്ക് ഇഷ്ടം തോന്നിയത്..

പൊന്നു... എന്റെ പൊന്നു...

നെഞ്ചു തകരുന്ന പോലെ ഒരു അവസ്ഥ..അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാവു..

കൂട്ടുകാർക്കോ അച്ഛനോ അമ്മയ്ക്കോ ആർക്കും.. അറിയില്ല...

ഒരു ഒളിച്ചോട്ടം ആണോ എന്നറിയില്ല.. പക്ഷെ എന്തിൽ നിന്നാണോ ഞാൻ ഒളിച്ചോടാൻ ശ്രമിക്കുന്നത്,, അത് എന്നെ ചുറ്റിപറ്റി എന്നും ഉണ്ട്.. ഇപ്പോഴും.. അവൾ എന്റെ അടുത്തുണ്ടല്ലോ എന്ന് തോന്നുന്നു.. ഒരിക്കലും കാണാൻ കഴിയാത്തത്ര .......

ചിന്തകൾ പോലും മുഴുവിപ്പിക്കാൻ പറ്റണില്ലാ.. ഒന്നും കാണാൻ കഴിയുന്നില്ല... കണ്ണു നിറഞ്ഞു തുളുമ്പിയിരിക്കുന്നു...

ഇല്ലാ.. ആരും കണ്ടിട്ടില്ല... ആരും അറിയാത്ത പോലെ മെല്ലെ കൈത്തണ്ട കൊണ്ട് കണ്ണു തുടച്ചു... മെല്ലെ മുഖം തിരിക്കാതെ മുന്നിലിരുന്ന നവദമ്പതിമാരെ നോക്കി പുഞ്ചിരിച്ചു.. അവർ ആകെ സന്തോഷത്തിലാണ്.. കൈകൾ കോർത്തു പിടിച്ചു.. പരസ്പരം തോളിൽ ചാഞ്ഞിരുന്നു... ഭാര്യയുടെ കൈയിൽ ഇട്ടിരുന്ന മെഹന്ദി ഡിസൈൻ ഒന്നുകൂടെ തന്റെ വിരലിനാൽ ആവർത്തിക്കുകയാണ് ആ ഭർത്താവ്..

ട്രെയിന്റെ ശബ്ദം എന്തെല്ലാമോ വീണ്ടും സംസാരിക്കുന്നത് പോലെ.. പ്ലീസ്.. ഒന്ന് നിർത്തു.. എന്നെ വെറുതെ വിടു...

പൊന്നു..... എന്റെ പൊന്നു... ഞാനും സ്വപ്നം കണ്ടിരുന്നു.. നമ്മളുടെ യാത്രകൾ... രാത്രികൾ.....

പൊന്നു..... പൊന്നു....

പൊന്നു, നിന്റെ ഓർമകളിൽ നിന്നുള്ള മോചനത്തിനല്ല, എന്റെ ഈ യാത്ര..

സ്നേഹിച്ചു, ഓമനിച്ചു വളർത്തിയ അച്ഛനും അമ്മയും ഒരു മകന്റെ അവസ്ഥ ഉൾക്കൊണ്ട്‌ നെഞ്ചു പൊട്ടിനിൽകുന്നത് കാണാൻ കഴിയാഞ്ഞിട്ടാണ്.. എന്നെ ഓർത്തുള്ള ഒരമ്മയുടെ നെടുവീർപ്പുകളും . ഒരു അച്ഛന്റെ മൗനവും കണ്ടു നില്കാൻ ശക്തി ഇല്ലാഞ്ഞിട്ടാണ്... അവരുടെ ദീപു ആയി, അവരുടെ മുന്നിലെങ്കിലും അഭിനയിക്കാനുള്ള കെൽപ്പു കിട്ടാനാണ് ഈ ഒളിച്ചോട്ടം..

ആർമി യിൽ ചേരണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല, അമ്മാവൻ ഒരു റിട്ടയേർഡ് കേണൽ ആയിരുന്നെങ്കിലും,, അമ്മാവൻ നാട്ടിൽ ലീവിന് വരുമ്പോൾ കിട്ടുന്ന റെസ്പെക്ട് കണ്ടിട്ടുണ്ടെങ്കിലും ഒരു ആകുമെന്ന് സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ല..അല്ലെങ്കിലും ആഗ്രഹങ്ങൾ ഒന്നും യാഥാർഥ്യമാവണമെന്ന് ഇല്ലാലോ .സോൾജിയർ ജനറൽ ഡ്യൂട്ടി ആയി റിക്രൂട്ടിട്മെൻറിൽ സെലക്ട്‌ ആയത് അറിഞ്ഞപ്പോൾ അമ്മാവൻ വരെ വേണ്ട എന്നാണ് അഭിപ്രായം പറഞ്ഞത് ..

ജമ്മു കശ്മീർ റീജിയൻ ആണെന്ന് കൂടെ അറിഞ്ഞപ്പോൾ ഫാമിലി ൽ എല്ലാവരും എതിർത്തു.. രാജൻ കൊച്ചച്ചൻ വിളിച്ചു കുറെ ഉപദേശിച്ചു, പിന്നെ ദേഷ്യപ്പെട്ടു.. വെറും ഒരു പെണ്ണിനെ ഓർത്തു നീ ഞങ്ങളെ ഉപേക്ഷിക്കുകയാണോ എന്നുവരെ ചോദിച്ചു... അവൾ എനിക്ക് വെറും ഒരു പെണ്ണായിരുന്നില്ല.. എന്റെ ജീവൻ ആയിരുന്നു.. ഒരു ചെറിയ പനി... അത് മഞ്ഞപിത്തം ആയി.. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. അപ്പോഴൊക്കെ എനിക്ക് മുഷിപ്പായിരുന്നു.. അവൾക്കു എന്താ മൊബൈൽ യൂസ് ചെയ്താൽ എന്നുവരെ ചിന്തിച്ചു.. ഇനി ഡാറ്റാ ബാലൻസ് ഇല്ലാഞ്ഞിട്ടാണോ എന്നോർത്ത് ഓഫർ ഒകെ ചെയ്തു..

കുറച്ചു കൂടുതൽ ആണെന്ന് അറിഞ്ഞപ്പോൾ കാണാൻ ചെന്നു.അധികം സംസാരിച്ചില്ല.. അവളുടെ അച്ഛന്റെ സഹോദരൻ വിനയൻ വല്യച്ഛൻ എല്ലാം അറിയാമെങ്കിലും ഒരു മുഷിപ്പോടെ ആണ് എന്നെ നോക്കിയത്.അമ്മയും അധികം ഒന്നും മിണ്ടിയില്ല..അതുകണ്ട് അവിടെ നില്കാൻ തോന്നിയില്ല.. പൊന്നു ഉറക്കമാണെങ്കിൽ ഉറങ്ങിക്കോട്ടെ.. എന്നു പറഞ്ഞു ഞാൻ വേഗം ഇറങ്ങി.. . ഒരു വിളർച്ച ഒകെ തോന്നി...എന്നാലും ഞാൻ വാതിലിനടുത് എത്തുന്നതിനു മുന്നേ അവൾ എണീറ്റാലോ എന്നുകരുതി പതുകെ നടന്നു.. ഹും.. വല്യ സോൾ മേറ്റ്‌ ആണെന്നൊക്കെ പറഞ്ഞിട്ട്.. ഞാൻ വന്നത് പോലും അറിയാതെ പോത്തു പോലെ കിടന്നു ഉറങ്ങുകയാണ്... .

പക്ഷെ.... അത് എന്റെ പൊന്നുവിന്റെ അവസാന ദിനം ആയിരുന്നു എന്നു ഞാൻ അറിഞ്ഞില്ല..അവസാന കൂടി കാഴ്ച ആണെന്നും....

റൂമിൽ ലാപ്ടോപ് ൽ വെറുതെ ഓരോന്ന് നോക്കിയിരുന്നപ്പോൾ , അമ്മയുടെ മൊബൈൽ റിംഗ് ചെയ്യുന്നതും,, കാൾ വന്നതിനു ശേഷം വെപ്രാളപ്പെട്ട് അമ്മ ഓടിനടക്കുന്നതും ഒകെ കണ്ടിട്ടും ഞാൻ അവിടെ തന്നെ ഇരുന്നു.. അമ്മയുടെ അയൽക്കൂട്ടത്തിന്റെ എന്തെങ്കിലും കാര്യങ്ങൾ ആവുമെന്നോർത് ഉള്ളിൽ ചിരിച്ചു...

ആ ചിരിഎന്റെയും അവസാനത്തെ ചിരി ആയിരിന്നു.. പൊന്നുവിന്റെ വീട്ടിലേക്കു ആളുകൾ ഓടികൂടുന്നതും.. കരച്ചിലും.. ബഹളവും..

ഇല്ലാ.. എന്റെ പൊന്നു മരിച്ചിട്ടില്ല... ഉണ്ട് അവളുടെ വീട്ടിൽ.. മുകളിലത്തെ മുറിയിൽ.. അവൾ ഉണ്ട്.. മുളയുടെ ഊഞ്ഞാലിൽ ഇരുന്നു മൊബൈലിൽ എന്നോട് സംസാരിച്ചുകൊണ്ട്,, ഇടയ്ക്ക് ജനലിലൂടെ എന്നെ നോക്കി....കൊലുസ് കിലുക്കി.. ഇടയ്ക്ക് എന്റെ വീട്ടിലേക് ഓടി വരാറുള്ള.. പൊന്നു.........

നീ അവിടെ ഉണ്ട് എന്നു വിശ്വസിക്കാനൂടെ ആണ് ഈ യാത്ര...

ഹൈദർ :പുതിയ സൗഹൃദം

യാത്ര കുറച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോഴിക്കോട് നിന്നുള്ള പയ്യൻ ട്രയിനിൽ കയറി. അവനും കശ്മീർ തന്നെയാണ് പോസ്റ്റിങ്ങ്‌.. എന്തായാലും ഒരു കൂട്ടായാലോ.. പക്ഷെ എനിക്കിപ്പോൾ ഒറ്റയ്ക്കിരിക്കാന് ഇഷ്ടം.. അതുകൊണ്ട് തന്നെ ഇവനെ ഒഴിവാക്കി മറ്റൊരു ട്രെയിൻ നോക്കിയതാണ്.. പക്ഷെ രണ്ടു ദിവസം മുന്നേ ആ ട്രെയിൻ ക്യാൻസൽ ആക്കിയെന്ന വാർത്തയും കേട്ടു.. അങ്ങനെ തത്കാൽ ബുക്ക്‌ ചെയ്തു ഇതേ ട്രയിനിൽ.. അവൻ ഹൈദർ.. ഹൈദർ അലി.. മെല്ലിച്ച.. ഇരുനിറമുള്ള.. ഒത്തിരി സംസാരിക്കുന്ന കോഴിക്കോട്കാരൻ..

അവനെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ തന്നെ ഒരു ഇരുപതുപേർ വന്നിട്ടുണ്ടായിരുന്നു.. കൂടെ അവന്റെ ഉപ്പയും ഉമ്മയും.. അവരുടെ മുഖത്തുനിന്ന് അറിയാമായിരുന്നു അവൻ ആവീടിന്റെ പ്രതീക്ഷ ആണെന്ന്... ഉമ്മ അവനെ തന്നെ നോക്കി നിറകണ്ണുകൾ ഒഴുകാതെ അനങ്ങാതെ നിന്നു..

അവന്റെ കൂട്ടുകാരെ കണ്ടപ്പോൾ മനസിലായി അവൻ അവരുടെ ചങ്ക് ചങ്ങായി ആണെന്ന്..

ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി.. ആദ്യമൊക്കെ അധികം ശ്രദ്ധിക്കാതെ കെട്ടിയിരുന്ന എനിക്ക് പിനീട് അവന്റെ സംസാരം ഇഷ്ടപ്പെട്ടു തുടങ്ങി.. മംഗലാപുരം എത്തുന്നതിനു മുന്നേ അവൻ എന്റെ ചങ്ങായി ആയി എന്നു പറയാം..

അവനെക്കാൾ ഏകദേശം രണ്ടു വയസ്സ് മാത്രം കൂടുതൽ ഉള്ള എന്നെ അവൻ ചേട്ടായി എന്നു തന്നെ വിളിച്ചു.. പൊതുവെ ആൺകുട്ടികളുടെ ഇടയിൽ ബഹുമാനങ്ങൾ കുറവായിരുന്നിട്ടും..

സോൾജിയർ ജനറൽ ഡ്യൂട്ടി ആയി സെലെക്ഷൻ ആയ അന്ന് തന്നെ ഉപ്പ അവന്റെ താടിയും മുടിയും മുറിപ്പിച്ചതും.. അവന്റെ മെലിഞ്ഞ ശരീരം പുഷ്ടിപ്പെടുത്താൻ മുട്ടയും ഏത്തപ്പഴവും ദിവസവും കഴിപ്പിച്ചതുമെല്ലാം തമാശ രൂപേനെ അവൻ പറഞ്ഞു തീർത്തു.. ഇനി അവൻ എന്ത് സംസാരിക്കും എന്നു വിചാരിച്ചിരുന്ന എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൻ ഓരോരോ പുതിയ വിഷയങ്ങൾ എടുത്തിട്ട് സംസാരിച്ചുകൊണ്ടിരുന്നു.....അവന്റെ മൂന്നു മാസo മാത്രം പരിചയമുള്ള ഗേൾ ഫ്രണ്ട്നെ പറ്റിയും .. അവളെ കാണാനായുള്ള കാത്തിരിപ്പിനെപ്പറ്റിയും,, ആളെ കാണാതെ പ്രണയിക്കുന്നതിന്റെ സുഖവും... എല്ലാം...

കശ്മീർ

ട്രെയിൻ നോർത്തിലേക്ക് അടുക്കും തോറും പ്രകൃതി കൂടുതൽ മനോഹാരിയായി കാണപ്പെട്ടു.. കൂടുതൽ ഭയാനകവും.. കൂറ്റൻ പാറ കെട്ടുകളും.. ആർത്തിരമ്പുന്ന വെള്ളച്ചാട്ടങ്ങളും.. ആകെ മാറിയിരിക്കുന്നു.. സമതലങ്ങളിൽ നിന്നു പർവതഭാഗത്തേക്ക്‌ പോകുമ്പോഴുണ്ടാവുന്ന ചെവി അടപ്പും.. പുറത്തെ തണുപ്പും.. തൊണ്ടയിൽ ഉണ്ടാവുന്ന കിരുകിരുപ്പും...

ആകെ മാറ്റം.. സൗത്ത് ഇന്ത്യ ൽ നിന്നു നോർത്ത് ഇന്ത്യ വരെ.. അതും ഇന്ത്യയുടെ സ്വർഗം എന്ന് വിദേശികൾ വിശേഷിപ്പിച്ച കശ്മീർ വരെ.. അതും ട്രെയിനിൽ.. ആ യാത്ര പറഞ്ഞറിയിക്കാനാവാത്തത് തന്നെ ആണ്.. ഓരോ പ്രദേശത്തിനും അതിന്റെതായ ഗന്ധവും.. ഘടനയും.. ഭാഷയും.. സംസ്കാരവും.. വസ്ത്രധാരണവും.. മണ്ണിനു പോലും ഉണ്ട് ആ മാറ്റം.. മരങ്ങളുടെ വളർച്ച രീതിയും.. ആളുകളുടെ വസ്ത്ര രീതിയും എല്ലാം അവിടുത്തെ കാലാവസ്ഥായെ ആശ്രയിച്ചിരിക്കുന്നു.. ഇന്ത്യയെ മൊത്തം മനസിലാക്കാൻ ഈ ഒരു യാത്ര തന്നെ മതി..

ലോകം മുഴുവൻ ചുറ്റിക്കണ്ട ഒരു ഫീൽ...

കൂടെ ഒരുപാട് സംസാരിക്കുന്ന.. പണ്ടെന്നോ അറിയാമെന്നു തോന്നിയ.. എന്നാൽ പരിചയപ്പെട്ടിട്ടു ദിവസങ്ങൾ മാത്രമായ ഒരു ആത്മാർത്ഥ സുഹൃത്.. ട്രയിനിലെ യാത്ര ദുഷ്കരമാവുമെന്നാണ് അമ്മാവൻ പറഞ്ഞത്. ഫ്ലൈറ്റിൽ യാത്ര ചെയതിട്ടും ഇല്ലാലോ.. പക്ഷെ വീട്ടിൽ നിന്നും കുറച്ചൂ ദിവസം നേരത്തെ ഇറങ്ങാമെന്നു കരുതിയാണ് ട്രെയിൻ ബുക്ക്‌ ചെയ്തത്.. അത് ഇപ്പോൾ നന്നായി എന്നു തന്നെ തോന്നുന്നു...

പൊന്നുവിനെ കുറിച്ച് ഓർക്കാതിരിക്കാൻ ഹൈദറിന്റെ സംസാരം കുറെയൊക്കെ എന്നെ സഹായിച്ചു.. എന്നാൽ രാത്രിയിൽ ആകെ നിശബ്ദമായ ട്രയിനിൽ..ഞാൻ കമന്നു കിടന്നു എന്റെ ദുഃഖം കണ്ണീരിനാൽ കഴുകി തുടച്ചു,, ആൺകുട്ടികൾ കരയരുത്.. നീ എല്ലാം പതിയെ മറക്കണം.. എന്ന് അച്ഛൻ പറഞ്ഞത് ഓർത്തുകൊണ്ട്..

കശ്മീർ ഒരു സ്വർഗം തന്നെയാണ്.. മഞ്ഞുമലകളും പൈൻ മരങ്ങളും പുഴകളും... എല്ലാം വളരെ വൃത്തിയുള്ളതായി കാണപ്പെട്ടു.. ജനസാന്ദ്രത പൊതുവെ കുറവാണ്.. ഹിന്ദുക്കളും മുസ്ലിം വിഭാഗം ആളുകളും ആണ് കൂടുതലും.. വിദ്യാഭ്യാസം കുറച്ചു കുറവുള്ള ആളുകളാണ്.. ചെറിയ ചെറിയ കച്ചവടങ്ങളും.. കൃഷിയും മീൻപിടുത്തവും ആണ് ഉപജീവനമാർഗം.. നല്ല തണുപ്പായത് കൊണ്ട് എല്ലാവരും സ്വെറ്റർ ധരിച്ചിരിക്കുന്നു.. സ്ത്രീകൾ തല മറച്ചിരിക്കുന്നതായും കാണുന്നു.. വസ്ത്രധാരണവും ആഭരങ്ങളും രൂപവും എല്ലാം മാറ്റമുണ്ട്..

ക്യാമ്പ് ലെ ജീപ്പ് വരാൻ കുറച്ചു താമസമുണ്ടാർന്നുതിനാൽ സ്റ്റേഷനിൽ കുറച്ചു സമയം വിശ്രമിച്ചു.. അപ്പോഴാണ് ഈ നിരീക്ഷണം ഒക്കെയും. ഹൈദർ തണുത്തു വിറച്ചിരിക്കുകയാണ്.. ഞാൻ വാങ്ങിക്കൊടുത്ത കാപ്പി ഊതി കുടിച്ചുകൊണ്ട് കാലും കൈകളും അടുപിച്ചവെച്ചു കൂനിക്കൂടി ഇരിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു..

ജമ്മു കശ്മീർ ഇന്ത്യയുടെ സംസ്ഥാനം തന്നെ ആണോ എന്നൊരു സംശയം തോന്നും.. റൂൾസ്‌ ആൻഡ് റെഗുലേഷൻസ് എല്ലാം ഡിഫറെൻറ് ആണ് .ചെക്കിങ് വളരെ സ്ട്രിക്ട് ആണ്.. എപ്പോഴും അങ്ങനെ ആണോ ആവോ ??

ഒരുപാട് പട്ടാളക്കാർ ക്യാമ്പ് ചെയ്ടിരിക്കുന്നത് കണ്ടു.. Ncc ൽ വർഷങ്ങളായി പ്രവർത്തിച്ചത് കൊണ്ടാവണം എനിക്ക് ഈ ജോലി ഒരു പുതുമയായി തോന്നുന്നില്ല.. എന്നാൽ ഹൈദർ ആകെ ടെൻഷൻ ആയിരിക്കുകയാണ്..

കുറച്ചു സമയത്തിനു ശേഷം ക്യാമ്പ്‌ വെഹിക്കിൾ എത്തി. എപ്പോഴും ആയുധ ധാരികളായ ജവാന്മാർ നമ്മളുടെ കൂടെ ഉണ്ടാവും .എത്തും നിമിഷവും ഒരു ആക്രമണം നടക്കാൻ സാധ്യത ഉണ്ടാവുമെന്ന് അവർ പറഞ്ഞു ..ദിവസങ്ങളോളം ,അല്ലെങ്കിൽ ആഴചകളോളം ചില ആക്രമണങ്ങൾ നീണ്ടു പോവാറുണ്ട് .ആ സമയത്ത് മൈബൈൽ ഫോൺ പോലും ഉപയോഗിക്കാൻ പറ്റില്ല ..മാസങ്ങളോളം ഇന്റർനെറ്റ്‌ കണക്ഷൻ ബ്ലോക്ക്‌ ചെയ്യാറുണ്ട് ..ആകെ ഒരു കർഫ്യൂ ഫീൽ ..ഇവിടെ നാട്ടിലെ സിം ഉപയോഗിക്കാൻ കഴിയില്ല .ഇവിടെ നിന്നു തന്നെ പുതിയ സിം എടുക്കാം .മറ്റൊരു രാജ്യത്തു എത്തിയ പോലെ ..ആർമി ജീപ്പ് വളവും തിരിവും നിറഞ്ഞ റോഡിലൂടെ മുന്നോട്ടു നീങ്ങി ..പർവതങ്ങൾ തുരന്നുള്ള റോഡ്കൾ ആണ് ..കാഴ്ചയ്ക്ക് അപ്പുറം ഉയരമുള്ള കൂറ്റൻ പാറക്കെട്ടുകൾ ...

ആർമി ക്യാമ്പ്‌

ക്യാമ്പ് ൽ എത്തിയതും ലെഫ്റ്റന്റ് കേണൽ വിക്രം സർ റൂമിലേക്ക്‌ വിളിപ്പിച്ചു.. ആർമിയിൽ സീനിയർസ് പൊതുവെ ജൂനിയർസ്നോട് യാതൊരു അടുപ്പവും കാണിക്കാറില്ല എങ്കിലും .അമ്മാവന്റെ സീനിയർ ആയതുകൊണ്ടും പുള്ളിയോടുള്ള അടുപ്പവും കാരണമാണോ എന്നറിയില്ല, അദ്ദേഹം വളരെ സൗമ്യമായാണ് സംസാരിച്ചത്.. നാലു മാസത്തെ ട്രെയിനിങ് പീരിയഡ് എങ്ങനെ ഉണ്ടായിരുന്നു എന്നും,, ഭാരതത്തിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണോ എന്നും അദ്ദേഹം ഒഫീഷ്യൽ ആയി ചോദിച്ചു..

യെസ് സർ എന്നു പറയുമ്പോൾ അത് എന്റെ ഉള്ളിൽ പ്രതിധ്വനിക്കുന്നതായി തോന്നി.. എന്തോ അത്രയും നാലും ഇല്ലാത്ത ഒരു ഫീൽ.. രാജ്യത്തെ കുറിച്ചും, ഒരു പട്ടാളക്കാരൻ ആകുമ്പോൾ ഉള്ള കടമ യെകുറിച്ചും,, ഭാരതത്തെ സ്വന്തം ഭാര്യയോ സഹോദരിയോ അമ്മയോ അച്ഛനോ ഒകെ ആയി കണ്ടു സംരക്ഷിക്കാൻ കരുത്തുഉള്ളവർ ആകണം ഒരു പട്ടാളക്കാരൻ എന്ന് പറഞ്ഞപ്പോൾ.. എന്തോ ഒരു vibration.. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത ഒരു ഫീൽ.. കാലിന്റെ വിരൽ മുതൽ നിറുക വരെ ഒരു electron flow... അതെ ഞാൻ എന്റെ രാജ്യത്തെ സംരക്ഷിക്കും.. പുതിയ ഉത്തരവാദിത്വം എന്നെ എന്റെ വിരഹത്തിൽ നിന്നു മോചനം നൽകിയെക്കും..

അദ്ദേഹത്തിന്റെ റൂമിൽ നിന്നു പുറത്തിറങ്ങിയ ദീപു.. ദീപക് നായർ.. ഒരു രാജ്യ സ്നേഹിയായ പട്ടാളക്കാൻ ആയിരുന്നു...

..

എല്ലാം ഞാൻ ഇഷ്ടപെടുകയായിരുന്നു.. ചീകി വളർത്തിയ മുടി മുറിച്ചപ്പോഴും.. ഉറക്കം നഷ്ടപെട്ടപോഴും ,.പ്രാക്ടീസ്നു ഇടയിൽ വീണു കൈയും കാൽ മുട്ടും പൊട്ടിയതും.. തണുപ്പ് അസഹനീയമായി കൂടുന്നതും.. റൈഫിൾ പ്രാക്ടീസ് ചെയ്തുണ്ടായ തഴമ്പ് പൊട്ടി രക്തം വന്നതും,, അത് വക വെയ്ക്കാതെ വീണ്ടും പ്രാക്ടീസ് തുടർന്നതും.. എല്ലാം.. നാലു മാസം കൂടുമ്പോൾ ഉള്ള ഫയറിംഗ് പ്രാക്ടീസ് ..വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകൾ വെയിലത്തു ..പിറ്റു കെട്ടി തഴമ്പിച്ച ഷോൾഡർ ,,..

ഇടയ്ക്ക് കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ ആകെ മാറിയതായി തോന്നി.. ശരീരത്തിലെ മുറിവുകൾ ഉണങ്ങി, ഞാൻ കുറച്ചൂടെ സ്ട്രോങ്ങ്‌ ആയി.കുറച്ചു കൂടെ പക്വത ആയത് പോലെ ..ട്രേഡ് ട്രെയിനിങ് കൂടെ കഴിഞ്ഞപ്പോൾ ഞാൻ ഒരു റിയൽ ജവാൻ ആയി മാറി ... എന്നാൽ മനസിലെ മുറിവുണക്കാൻ ആർക്കു സാധിക്കും ???

ക്യാമ്പ്‌ ലെ മിടുക്കനായ പട്ടാളക്കാരൻ എന്നൊരു പേര് എനിക്ക് കിട്ടി.. എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലായിരുന്നു.എല്ലാം മറക്കാനായി നന്നായി ജോലി ചെയ്തു.. മുറിവിൽ നിന്നു രക്തം കിനിയുന്നത് വക വെയ്ക്കാതെ ട്രെയിനിങ് തുടർന്നു ..ആ ക്ഷിണത്തിൽ രാത്രിയിൽ നല്ല ഉറക്കം കിട്ടി. . ഞാൻ ഒരിക്കൽ പോലും ലീവ് ആവശ്യപെട്ടില്ല.. ഹൈദർ രണ്ടു തവണ നാട്ടിൽ പോയി വന്നു... അവൻ ആണ് ഞങ്ങളുടെ vibration.. ഹിന്ദി അറിയില്ലാത്തഅവന്റെ തമാശ കേട്ടു സർദാർജി രാംസിംഗ് പോലും ചിരിച്ചു മണ്ണുകപ്പി.. ആ തണുപ്പിലും എങ്ങനെ ഇത്രയും എനെർജിറ്റിക് ആവാൻ കഴിയുന്നു ???

അവനെ കാണുമ്പോഴാണ് ഞാൻ എല്ലാം മറന്നു ചിരിക്കാര്.. ക്യാമ്പ്‌ ടൈം ൽ മൊബൈൽ യൂസ് ചെയ്തതിനും.. മടി കാരണവും.. അവനു ചെറിയ ചെറിയ punishment കിട്ടാൻ ഒരു കാരണമായി..പിറ്റു പുറത്തു കെട്ടിവെച്ചു ഗ്രൗണ്ടിലൂടെ ഓടുന്ന ഹൈദർ .. എനിക്ക് ചിലപ്പോൾ സങ്കടവും തോന്നിട്ടുണ്ട് .. ഒരിക്കൽ അവന്റെ ഗേൾഫ്രണ്ട്നു അയച്ച മെസ്സേജ് നമ്പർ മാറി, ഒരു ഓഫീസറിനാണ് ലഭിച്ചത്.. അതും ക്യാമ്പ്‌ൽ ചിരി പടരാൻ ഒരു കാരണം ആയി.. ചില മണ്ടത്തരങ്ങളിൽ നിന്നും അവനെ രക്ഷിക്കാൻ എനിക്കുള്ള സൽപേരു കൊണ്ടു സാധിച്ചതുമില്ലാ...ആർമിയിൽ അതൊന്നും സാധ്യമല്ല ..rules are rules ..കൂടുതലും അവന്റെ അച്ചടക്ക കുറവ് കൊണ്ടാവാം ..പക്ഷെ ആൾ അതെല്ലാം വളരെ തന്മയത്വത്തോടെ തരണം ചെയ്തു.

.....

ഉറക്കമില്ലാത്ത ദിവസങ്ങൾ

കശ്മീർ താഴ്വരയിൽ മഴ പെയ്യുന്നത് കാണണം...അതും രാത്രിയിൽ ... വല്ലാത്തൊരു ഭംഗി യാണ് ..ജൂലൈ മാസാവസാനമാണ് മഴ തുടങ്ങിയത്.. പക്ഷെ എനികെന്തോ,ക്യാമ്പിൽ വന്നിട്ട് ആദ്യമായി നാട് miss ചെയ്തു.. മഴ.. അത് നാട്ടിൽ പെയ്യുന്ന കാണണം.. ഇടവഴിയും.. പച്ചപ്പും.. വാഴയിലയുടെ മഴവെള്ളം ഊർന്ന് വീഴുന്നത് കാണണം.. എന്ത് രസമായിരുന്നു.. മഴ പെയ്തു തോർന്ന ശേഷം പുറത്തിറങ്ങി നടക്കാൻ.. കുത്തിയൊലിച്ചു റോഡ് സൈഡിലൂടെ സ്വന്തമായി കൊച്ചുപുഴയുണ്ടാക്കി ഒഴുകുന്ന മഴ വെള്ളത്തിൽ കാൽ നനച്ചു നടക്കാൻ തോന്നുന്നു.. കാറ്റത്തു വീഴുന്ന മാമ്പഴം പെറുക്കി പൂളി കഴിക്കാൻ തോന്നുന്നു...

പെട്ടന്നാണ് പ്രകൃതിയുടെ ഭംഗിയെ, മഴയുടെ ശബ്ദമാർന്ന നിശബ്ദത യെ കീറിമുറിച്ചുകൊണ്ടാണ് ആ ശബ്ദം എന്റെ വന്നു പതിച്ചത്... എന്താണെന്നു ഒന്നും മനസിലായില്ല.. ഞാൻ പകുതി ഉറക്കചടവിൽ ചാടി എണീറ്റു.. ഞാൻ ഉറങ്ങുകയായിരുന്നോ എന്ന് തന്നെ നിശ്ചയമില്ല.. എന്തെല്ലാമോ ആലോചിച്,,,

എല്ലാവരും പരക്കം പായുകയാണ്.. ആകെ പോക.. തീ... അലർച്ച... commands അല്ലാ അഭ്യർത്ഥനകൾ,, നിലവിളികൾ...

Army ക്യാമ്പ്‌ നു നേരെയാണ് ആക്രമണം.. Get alert.. Be ready..... ഒന്നും മനസിലാവുന്നതിനു മുന്നേ തന്നെ ഞങ്ങൾ alert ആയി.. റൈഫിൾസ്.. ഗ്രനേഡ്.. ടാങ്കർ ...എല്ലാ sections alert ആയി ..

ആദ്യമായി ആണത്രേ ക്യാമ്പനു നേരെ ഒരു ആക്രമണം.. 11 ജവാന്മാർ ആണു ഒരു നിമിഷം കൊണ്ടു മറഞ്ഞത്.. കണ്ണീർ വാർക്കാനോ.. വിഷമിച്ചു നിൽക്കാനോ സമയം ഇല്ലാ.. എവടെ നിന്നാണ് ആക്രമണം എന്നുപോലും മനസിലാവുന്നില്ല.. ശത്രു രാജ്യങ്ങൾ.. ഏറെയാണ്.. ഇന്ത്യ - ചൈന ബന്ധവും ആകെയുലച്ചിലിൽ ആണു..

ഞങ്ങൾ കമാൻഡ് അനുസരിച്ചു ഇരുളിന്റെ മറ പറ്റി മുന്നേറുകയാണ്..

വെടിയൊച്ചകൾ കേൾക്കുന്നു.. ഞാനും തുരുതുരാ വെടിയുതിർത്തു.. ആരെയും ശ്രദ്ധിക്കാൻ പറ്റണില്ലാ.. ആകെ ഭാരതാംബ മാത്രമാണ് മനസ്സിൽ.. ഞങ്ങളെ വിശ്വസിച്ചു കിടന്നുറങ്ങുന്ന കോടി കണക്കിന് ജനങ്ങൾ.... ഗ്രനേഡ് പ്രയോഗിച്ചു.. മൺകൂനയ്ക് പുറകിൽ മറഞ്ഞിരുന്നു... ശ്വാസം പോലും വിടുന്നില്ല.. കൂടെയുള്ളവർ ആരൊക്കെ ഉണ്ടെന്നു പോലും അറിയില്ലാ.. സ്വ ജീവനും രാജ്യത്തിന്റെ ജീവനും മുറുകെ പിടിച്ചുള്ള നിമിഷങ്ങൾ ....

കണ്ണൊന്നു അടയ്ക്കാൻ കൂടെ ഭയമാണ്.. ഏതു നിമിഷവും എന്തും സംഭവിക്കാം.. കൂടെ ഉണ്ടായിരുന്ന,തൊട്ട് മുന്നേ വരെ ഒപ്പം നിന്ന് fight ചെയ്തവർ ഇപ്പോഴില്ലാ.. മണ്ണിൽ ആകെ ചോരയുടെ ഗന്ധം.. മഴയും രാത്രിയും പെട്ടന്നുള്ള അക്രമണവും, അദ്യം തന്നെ ക്യാമ്പ്‌ ആക്രമിച്ചതും എല്ലാം ഞങ്ങളുടെ ഭീതി വർധിക്കാൻ കാരണമായി..

നമ്മളുടെ ആർമി സ്ട്രോങ്ങ്‌ ആണു.. പെട്ടന്ന് തന്നെ തീരുമാനങ്ങൾ എടുത്തു കൂടുതൽ സൈന്യത്തെ ഇവിടെയ്ക്കു നിയമിച്ചു.. ടാങ്ക്കൾ, യുദ്ധ ഉപകരണങ്ങൾ,, ഭക്ഷണം കഴിക്കാനുള്ള സമയം പോലുമില്ല.. അതിനുള്ള വിശപ്പും ആർക്കും തോന്നിയില്ല.. സ്വരാജ്യം മാത്രമാണ് മനസിൽ.. കണ്ണിൽ....

തീവ്രവാദികളുടെ ആക്രമണം ആണെന്നു കരുതിയിരുന്നു.. അവർ ലൈൻ ഓഫ് കൺട്രോൾ ക്രോസ്സ് ചെയ്തിരിക്കുന്നു.. അപ്പോൾ അവൻ അവരുടെ രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയെ ആക്രമിച്ചിരിക്കുന്നത്.. അവർ ശക്തരാണ്. അല്ലെങ്കിൽ ഇന്ത്യയുമായുള്ള ഒരാഴ്ച നീണ്ട യുദ്ധത്തിന് അവർ മുതിരില്ലാ.. ഇനിയും അവസാനിച്ചിട്ടില്ല. ഹൈദർ നെ ഇടയ്ക്കു ഒന്നു മിന്നായം പോലെ കണ്ടു.. ആൾ ആകെ പേടിച്ചിരിക്കുകയാണെന്ന് തോന്നുന്നു.. മുഖത്ത് ആകെ ഒരു മാറ്റം.. മരണം അവനു പേടിയായിരിക്കാം..

യുദ്ധം പിന്നെയും നീളുകയാണ്.. അച്ഛൻ അമ്മ ഒകെ ഭയന്നിരിക്കുകയാവും.. അവരുടെ ഒരേഒരു മകൻ അല്ലെ.. ഞാൻ ജീവനോടെ ഉണ്ട് എന്നൊരു മെസ്സേജ് വീട്ടിലെക്കു അയക്കണം എന്നുഉണ്ടായിരുന്നു.. പക്ഷെ, സുരക്ഷാ ഭീഷണി മൂലം ഒന്നും സാധിച്ചില്ല.. ക്യാമ്പ്‌ ലെ ആക്രമണം പോലും ആരോ ഒറ്റിയത് ആണെന്നൊക്കെ ഒരു അടക്കം പറച്ചിൽ ഉണ്ടായിരുന്നു.. എല്ലാവരും സ്വന്തം ജീവനെ ഓർത്തു വിഷമിക്കുന്നത് ഞാൻ കണ്ടു.. വീട്ടുകാരെ കാണാൻ.. കുഞ്ഞിനെ കാണാൻ.. നാട്ടിലെത്തൻ... പക്ഷെ എനിക്ക് ഒന്നും തോന്നിയില്ല.. ക്യാമ്പ്‌ ലെ ആക്രമണത്തിൽ മരിച്ചവരുടെയും, യുദ്ധത്തിൽ ജീവൻ വെടിഞ്ഞവരുടെയും ബന്ധുക്കളെ ഓർത്തു വിലപിക്കുന്നവരും കുറവല്ല.. അവരെ അവസാനമായി കാണാൻ ഭാഗ്യമില്ലതായി പോയ ബന്ധുക്കൾ.. ബോഡി പോലും നാട്ടിൽ എത്തിക്കാൻ കഴിയില്ല.. ഏതോ ഒരാളുടെ മനസ്സിൽ വിടർന്ന നാശത്തിന്റെ കനലുകൾ എത്ര മനുഷ്യരെയാണ് വേദനിപ്പിച്ചത്.. എത്ര ജീവിതം കൊഴിഞ്ഞു വീണു, ഈ പരിപാവനമായാ ഹിമാലയ മണ്ണിൽ.. എത്രയോ പേർ നെഞ്ചു പൊട്ടി കരയുന്നുണ്ടാവും..

എല്ലാരുടെയും മുഖത്ത് ഭീതിയുടെ നിഴലുകൾ ആണു,, അടക്കിപ്പിടിച്ച കണ്ണീരിനാൽ മനസ്സിൽ ആകെ ഭാരമാണ്.. കൂടെയുള്ള പട്ടാളക്കാരെ,, ഒരേ ഡോർമെറ്ററി ൽ ഉള്ളവരെ, ഒന്നിച്ചു ഭക്ഷണം കഴിച്ചിരുന്നവരെ,, അടുത്ത നിമിഷം കാണണമെന്നില്ല. ചർച്ചകൾ, മീറ്റിംഗുകൾ,, ഉടമ്പടികൾ രണ്ടു രാജ്യങ്ങളിൽ തമ്മിൽ സമാദാനം പുനഃസ്ഥാപിക്കാനുള്ള മാർഗങ്ങൾ എല്ലാം ഭരണാധികാരികൾ ചെയ്യുന്നുണ്ട് എന്നു കേൾക്കുന്നു.. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല.. താഴ്വരയിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് അക്രമികൾ എത്തിയത് എന്നൊരു വാർത്ത കേട്ടു.. അവിടേയ്ക് ഫോഴ്‌സിനെ അയക്കാൻ കഴിയില്ല.. അത് ജനങ്ങളുടെ ജീവനു ഭീഷണിയായി ഭവിക്കും.. ഇനിയും വേഷം മാറി എത്ര പേർ അവിടെ ജനങ്ങളുടെ ഇടയിലിരുന്ന് യുദ്ധത്തെ നയിക്കുന്നുണ്ടെന്നും അറിയില്ലാ.. അയൽരാജ്യം ഈ യുദ്ധത്തിൽ അവർക്ക് പങ്കില്ല എന്ന് പരോക്ഷമായി പ്രതികരിച്ചു.. പക്ഷെ,, എവിടുന്നെങ്കിലും ഉള്ള massive സപ്പോർട്ട് ഇല്ലാതെ ഇത്രയും യുദ്ധം മുന്നോട്ടു കൊണ്ടുപോവാൻ ഒരു തീവ്രവാദ സംഘടനയ്ക്കും സാധിക്കില്ല എന്നത് ഏതു കൊച്ചുകുട്ടിക്കും മനസിലാവും..

യുദ്ധo അവസാനിക്കുന്നു

ദിവസങ്ങൾ കടന്നു പോയി.. വെടിയൊച്ചകളുടെയും,, ഗ്രനേഡിന്റെയും ഗന്ധമാർന്ന ദിനങ്ങൾ.. ഉറക്കം ഇല്ലാത്ത ദിനങ്ങൾ ..കണ്ണു ചിമ്മാൻ കൂടെ ഭയം ..അവസാനം,,,നാല്പത്തിമൂന്നാം നാൾ യുദ്ധം അവസാനിച്ചതായി പ്രഖ്യാപനം ഉണ്ടായി.. ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചു.. നമ്മുടെ രാജ്യത്തു നുഴഞ്ഞു കയറിയ തീവ്രവാദികളെ അമർച്ച ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം നമുക്ക് കിട്ടി.. അതിനുള്ള സഹായങ്ങൾ തരാൻ അയൽരാജ്യവും തയ്യാറായി..ലൈൻ ഓഫ് കൺട്രോൾ ക്രോസ്സ് ചെയ്ത സംശയമുള്ള എല്ലാവരുടെയും ഫോട്ടോ ഫാക്സ് ചെയ്യാനുള്ള നടപടി ഉണ്ടായി.. അവരെ without ഓർഡർ, ഒരു ആർമിക്കാരനു ജീവനോടെയോ അല്ലാതെയോ അറസ്റ്റ് ചെയ്യാനുള്ള ഓർഡറും ലഭിച്ചു.. റേഡിയോ ലൂടെ ആ സന്തോഷ വാർത്ത കേട്ടപ്പോൾ ക്യാമ്പിലാകെ ഒരു അലയൊലികൾ കേട്ടു.. എന്റെ മനസിലും ഒരു സന്തോഷമൊക്കെ തോന്നി.. കുറെ നാളുകളായി നെഞ്ചിൽ കയറ്റി വെച്ചിരുന്ന ഒരു പാറക്കല്ല് എടുത്തു മാറ്റിയ feel. പക്ഷെ, ഹൈദർ അപ്പോഴും സന്തോഷവാനായിരുന്നില്ല.. അവന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു..

രണ്ടു ദിവസം ക്യാമ്പിൽ ആകെ ഒരു ആഘോഷപോലെ ആയിരുന്നു.. ഞാൻ അച്ഛനോടും അമ്മയോടും വളരെ നാളുകൾക്കു ശേഷം ഒരുപാട് നേരം ഫോണിൽ സംസാരിച്ചു.. മകൻ ജീവനോടെ ഉണ്ടന്നുള്ളതിനേക്കാൾ രാജ്യം സംരക്ഷിച്ച ഒരു പട്ടാളക്കാരൻ ആയതിന്റെ അഭിമാനം അച്ഛന്റെ വാക്കുകളിൽ നിഴലിച്ചു.. കുറച്ചു കരഞ്ഞും, വിതുമ്പിയും.. സ്നേഹംകൊണ്ട് എന്റെ കണ്ണു നിറയിച്ചു,, അമ്മ.

എല്ലാവരും വളരെ ഹാപ്പി ആണു,തന്റെ കൂടെയുണ്ടായിരുന്നവരുടെ ജീവൻ നൽകിയാണ് അവർ നമ്മളെ സംരക്ഷിച്ചത് എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന.. അവരുട കുട്ടികളും ഭാര്യമാരും മാതാപിതാക്കളും... ഞങ്ങൾ കുറച്ചുപേർ ചേർന്ന് അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആലോചിച്ചു. മറ്റു ചിലർ sweets നൽകിയും തമാശ പറഞ്ഞും നടന്നു .. എന്നാൽ ഹൈദർ എല്ലാവരിൽനിന്നുo ഒഴിഞ്ഞമാറുന്നതായി കണ്ടു..

മിഷൻ : brain behind the war

പിറ്റേന്ന് നേരം പുലർന്നത് തന്നെ അതിനായിരുന്നു.. ഇന്ത്യൻ transit camp ആക്രമണം തലയിൽ ഉദിച്ചവൻ,, പിഴവുകൾ ഒട്ടുമില്ലാതെ ആസൂത്രണം ചെയ്തവൻ, ഞങ്ങളുടെ സഹോദരൻമാരുടെ ജീവനെടുത്തവൻ,, ഈ കശ്മീർ താഴ്വര യിൽ പാവം ഗ്രാമം നിവാസികളുടെ ഇടയിൽ പതിയിരിക്കുന്നു,,അവൻ അടുത്ത ആക്രമണം ആസൂത്രണം ചെയ്യുകയാവും എന്ന് രഹസ്യ വിവരം കിട്ടിയിരിക്കുന്നു.. ഒരു കർഷനാണ് വിവരം നൽകിയത് എന്നും കേട്ടു.

രക്തം തിളയ്കുകയാണ്.. ഞങ്ങൾ ഓരോരുത്തരും അടുത്ത കമാൻഡ്നായി കാത്തിരുന്നു..

മണിക്കൂറുകൾ യുഗങ്ങളായി നീങ്ങി,, ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം കേൾക്കാം..

അടുത്ത കമാൻഡ് എത്തി.. ഞങ്ങളുടെ ബ്രിഗെഡിയർ സർ ന്റെ റൂമിലേക്ക് ഞാനും ഹൈദറും അടങ്ങുന്ന ഞങ്ങൾ 10 പേരെ വിളിപ്പിച്ചു..

ആർമി ൽ പുതിയതായി introduce ചെയ്ത അത്യാധുനിക gun, mortar എല്ലാം ഉപയോഗിക്കാൻ കൂടുതൽ ട്രെയിനിങ് ലഭിച്ച ആർമി persons ആണു ഞങ്ങൾ.. പുതിയ ദൗത്യം.ഞങ്ങളെ ഏല്പിച്ചു ..മോർസ് കോഡ് ഉപയോഗിച്ച് അത്യധികം രഹസ്യമയി സംവദിക്കേണ്ട ഒരു information .

യാസർ അൽ അഹമ്മദ്..

43 ദിവസത്തെ യുദ്ധത്തിന്റെ സൂത്രധാരൻ.. അണിയറയിൽ ഇരുന്നു തന്ത്രങ്ങൾ മെനഞ്ഞവൻ.. രണ്ടു രാജ്യത്തെയും ക്രമസമാധാനം തകർത്തവൻ.. അവനാണ് ഞങ്ങളുടെ ലക്ഷ്യം.. ചോര തിളയ്ക്കുന്നു . പല്ലു ദേഷ്യംകൊണ്ട് കൂട്ടി കടിക്കുന്നു...

കാറക്കോറം പിർ പഞ്ജാൽ മലനിരകളുടെ ഇടക്കായി സ്ഥിതിചെയ്യുന്ന ഒരു ഭാഗമാണ് കാശ്മീർ താഴ്വര..ആർമി വാഹനത്തിലാണ് ഞങ്ങളുടെ യാത്ര.. മനസു മുഴുവൻ പകയാണ്.. എത്ര ജീവൻ കളഞ്ഞവനാണ്.. യാത്ര മദ്ധ്യേ ക്യാമ്പ്ൽ നിന്ന് അറിയിപ്പുണ്ടായി.

Be careful.. നമുക്ക് information പാസ്സ് ചെയ്തുതന്ന ഗ്രാമീണനെയും കുടുംബത്തെയും അയാൾ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.

പെട്ടന്നുള്ള ഒരു ആക്രമണം ആണു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്, പക്ഷെ ഇനി അത് സാധ്യമല്ല.. ഓരോ ചുവടും ശ്രദ്ധയോടെ വേണം.. ഇനി അയാൾ ഒരു രക്തവും ചീന്താൻ പാടില്ല..

ഞങ്ങൾ കമാൻഡ് അനുസരിച്ച് താഴ്വരയിലെ ജനവാസ കേന്ദ്രത്തിൽ എത്തി.. കൃത്യമായി അയാളുടെ ലൊകേഷൻ കണ്ടുപിടിച്ചു.. ഗ്രാമീണർ അധികം panic അല്ലാ.. അവർ ഒന്നുമറിഞ്ഞിട്ടില്ല എന്നു തന്നെ കരുതാം.. പക്ഷെ ഇവിടെ വെച്ച് ഒരു ആക്രമണം ഉണ്ടായാൽ യാസർ അൽ അഹമദ് കൊല്ലപ്പെട്ടാലും,, കൂടുതൽ നഷ്ടം നമുക്ക് തന്നെ യാവാം.. ഒരുപാട് ആളുകൾ മാർക്കറ്റ് ൽ ഉണ്ട്.. ഒന്നുമറിയാത്ത പാവങ്ങൾ..പിന്നെ ആ കർഷക കുടുംബത്തെ എങ്ങനെ എങ്കിലും രക്ഷിക്കുകയും വേണം..

ശരവേഗത്തിൽ ഞങ്ങൾ അയാൾ ഉള്ള ലൊക്കേഷൻ കണ്ടെത്തി അങ്ങോട്ട്‌ പാഞ്ഞു.. ചെറിയൊരു വീടിനുള്ളിലാണ്.. വീട് വളഞ്ഞു എന്നുറപ്പായതോടെ കമാൻഡ് കൊടുത്തു,

ഹേയ്, യാസർ അൽ അഹമ്മദ്.. ഇനി നിനക്കു രക്ഷയില്ല.. ഒരു ഭാരതീയന്റെയും രക്തം പൊടിയാൻ ഞങ്ങൾ അനുവദിക്കില്ല..

അകത്തു നിന്ന് അനക്കം ഒന്നും കേൾക്കുന്നില്ല.. ഞങ്ങൾ കതകു തുറന്നു.. രക്തം ഒഴുകുകയാണ്,, 40-45വയസു പ്രായമുള്ള അദ്ദേഹത്തിന്റെ ശിരസ്സു..

ഒന്നേ ഞാൻ നോക്കിയുള്ളൂ.. അരികിൽ ഭാര്യ യാവും.. 30വയസു തോന്നിക്കുന്ന സ്ത്രീ ശരീരം.. അതിൽനിന്നും രക്തം ഒഴുകുന്നു.. ബുള്ളറ്റ് തറച്ചിട്ടില്ല.. രക്തം വാർന്നു മരിച്ചതാണ്...

ഹേയ്.. യാസർ...

പുറത്തേക്കു വന്നു അമാനുഷികൻ എന്നു തോന്നും വിധം ശരീരം ഉള്ള ഒരു മനുഷ്യൻ.. തീവ്രമായ കണ്ണുകൾ.. വളഞ്ഞ പുരികം....മുഷിഞ്ഞ വേഷം.. ആ ബലിഷ്ടമായ കൈത്തണ്ട കൊണ്ട് 17-18 വയസു തോന്നുന്ന ഒരുപെൺകുട്ടിയെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവളുടെ . കൈയിൽ അത്യാധുനിക gun..

"നിങ്ങൾക്കു എന്നെ ഒന്നും ചെയ്യാനാവില്ല.. നിങ്ങൾ അടുത്താൽ ഇവളുടെ മാതാ പിതാക്കളുടെ അടുത്തേക്ക് ഇവളും പോകും.. ഇനി അതുമല്ല. ഒരു fight ആണു ഉദ്ദേശമെങ്കിൽ,, നിങ്ങളും ഞാനും അടക്കം ഈ പ്രദേശം മുഴുവൻ ചാമ്പലാവും.. അത് വേണോ ?????"

അയാളുടെ ഗാംഭീര്യമുള്ള ശബ്ദം എന്റെ ചെവിയിൽ മുഴങ്ങുകയാണ്. ഞാൻ ഒരു നിമിഷം പകച്ചു നിന്നു.ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. വിടർന്ന ചാര കണ്ണുകളിൽ ഭീതിയും ദുഖവും നിഴലിക്കുന്നു...ഇത്.... ???? എവിടെയോ കണ്ടു മറന്ന മുഖം...

എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ തരിച്ചു നിന്ന നിമിഷത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഹൈദർ, അയാളുടെ നേർക്കു ചീറിയടുതു..

"ഹൈദർ.... !!!!!...."

എന്താണിത്.. ഹൈദർ എന്താണ് ചെയ്യുന്നത് എന്നെനിക്കു മനസിലായില്ല..

അയാളോട് അഞ്ചടി ദൂരത്തു വെച്ച്, ഹൈദർ അയാളുടെ വെടിയേറ്റു വീഴുന്നതും,, ആ സെക്കൻഡിൽ അയാളുടെ ശ്രദ്ധ മാറിയ സമയത്തു ഞാൻ തുരു തുര വെടിയുതിർത്തതും .. കണ്ണുകൾ മുറുക്കെ അടച്ചു..... തല പെരുക്കുന്നു..

കുറച്ചു സെക്കന്റ് നു ശേഷം,, എന്റെ brain normal ആയപ്പോൾ, കണ്ണു തുറന്നു, കൊടും തീവ്രവാദി യാസർ അൽ അഹമദ് നിലത്തു വീണു കിടക്കുന്നു....എന്നാൽ അയാളോട് ചേർന്ന് ആ പെൺകുട്ടി ചോര വാർന്നു കിടക്കുന്നു. എന്റെ റൈഫിളിൽ നിന്ന് ഉതിർന്ന വെടിയുണ്ടകളിൽ ഒന്ന് ആ പെൺകുട്ടിയുടെ ശരീരത്തിലൂടെ യാണ് കടന്നുപോയത്.....

വീണു കിടക്കുന്ന ഹൈദറിന്റെ അടുത്തേക്ക് ഞാൻ ഓടിയടുത്തു..

,"ദീപു ചേട്ടായി... ഞാൻ ആണു എല്ലാത്തിനും കാരണം.. എന്റെ girlfriend ഒരു fraud ആയിരുന്നു...ഒരു devil ..ബ്ലഡി bitch .... ഞാൻ... ഞാൻ അയക്കുന്ന മെസ്സേജ്കളിൽ നിന്നും,, എന്റെ സംഭാഷണത്തിനു ഇടയിൽ നിന്നുമാണ് അവൾ വിവരങ്ങൾ ചോർത്തിയത് ... ഈ ക്യാമ്പ്‌ അക്രമണവും...ഞാൻ കാരണമാണ് ..എനിക്ക് സമാദാനമില്ല ..ആ പതിനൊന്നു ജവാന്മാരെ കുരുതി കൊടുത്തത് ഞാൻ ആണ് ..ഞാൻ തെറ്റ് ചെയ്തു... എന്നെകിലും ഇത് പുറം ലോകം അറിഞ്ഞാൽ എന്നെ രാജ്യ ദ്രോഹിയായി മുദ്ര കുത്തും.. എനിക്ക് അങ്ങനെ ജീവികേണ്ട.. ..ഹൈദർ ഒരു രാജ്യ ദ്രോഹിയായി ....വേണ്ട ...എനിക്ക് ജീവിക്കേണ്ട ..ഈ മരണം ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്.. "

"ഹൈദർ........ "

മരണം എന്റെ ചുറ്റും നൃത്തമാടുകയാണ്.. എന്റെ പ്രീയപ്പെട്ടവരെ എല്ലാം എന്നിൽ നിന്നും അകറ്റി... ഇപ്പോൾ എന്റെ കൈയിൽ നിന്നും ഒരു പിഴവ് കൂടി.. ഹൈദറിനു വെടിയേറ്റതുകൂടെ കണ്ടപ്പോൾ സഹിച്ചില്ല,,അതാണ് ഒന്നും നോക്കാതെ ആ ഭീകരനുനേരെ...., പക്ഷെ.......

എന്നോട് ക്ഷമിക്കു കുട്ടി.....

........

ഞാൻ അമ്പരപ്പോടെ അവന്റെ അടുത്തിരുന്നു ആകെ തല പെരുക്കുന്നു ഹൈദർ മെല്ലെ അവന്റെ കണ്ണുകൾ അടയുന്നു 

പെട്ടന്ന് തലയിലൂടെ ഒരിടിവാൾ മിന്നി എല്ലാവരെയും തട്ടിമാറ്റികൊണ്ട് ഞാൻ അവളെ വാരിയെടുത്തു ഒരു ഭ്രാന്തനെ പോലെ ഞാൻ ഉറക്കെ കാറി അവളുടെ വിളറിയ ശരീരത്തിൽ നിന്നും രക്തം ഒഴുകുകയാണ് 

വളവും തിരുവും നിറഞ്ഞ ടാർ ചെയ്യാത്ത റോഡിലൂടെ ഞങ്ങളുടെ ആർമി വെഹിക്കിൾ പാഞ്ഞു പോവുകയാണ് വിറങ്ങലിച്ച അവൾ എന്റെ മടിയിൽ തല വെച്ച് കിടക്കുന്നു രക്തം വാർന്നു പോകുന്നു അവളുടെ മുഖം കൂടുതൽ വിളറിയിരിക്കുന്നു അവളുടെ വലത്തേ കൈയുടെ ഷോൾഡറിനോട് ചേർന്ന ഭാഗത്താണ് വെടിയേറ്റത് രക്തം ഒഴുകുന്നത് ഇനിയും നിന്നിട്ടില്ല

ആശുപത്രിയുടെ ഓപ്പറേഷൻ റൂമിലേക്കാണ് അവളെ നേരെ കൊണ്ടുപോയത്.. ഞാൻ വല്ലാത്തൊരു ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ നിന്ന് അലറി കരഞ്ഞ എന്നെ ആരെല്ലാമോ ചേർന്ന് ക്യാമ്പിലേക്ക് കൊണ്ടുപോയി.. ..

കാശ്മീരി പെൺകുട്ടി

പൊന്നുവും ഞാനും ഒരു പാലത്തിലൂടെ നടക്കുകയാണ്,, വളരെ വീതി കുറഞ്ഞ, രണ്ടാൾക്കു മാത്രം കഷ്ടിച്ച് നടക്കാൻ പറ്റുന്ന പാലം.. താഴെ നദി കുത്തിയോഴുകുന്നു.. ഞാൻ പൊന്നു വിനെ എന്റെ ശരീരതൊടു ചേർത്ത് പിടിച്ചു നടക്കുകയാണ്.. അവൾ എന്തോ കുസൃതി കാണിച്ചപ്പോൾ, ഞാൻ മെല്ലെ അവളെ ഇക്കിളിയിടാൻ ശ്രമിച്ചതും, അവൾ എന്നിൽ നിന്നും കുതറി,, കാൽ വഴുതി,, പുഴയിലെക്ക്....... അവളെ രക്ഷിക്കാൻ ഹൈദർ കൂടെ ചാടുന്നു ...എനിക്ക് ചാടാൻ കഴിയുനില്ല ..തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ല ...

പൊന്നു.... !!!!!

ഞെട്ടി എണീറ്റു,.വീണ്ടും ആ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു.. പക്ഷെ,, അത് പൊന്നു അല്ലായിരുന്നു... ആ മുഖം എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. വ്യക്തമല്ല.. എന്നാലും എവിടെയോ ഒരു സാമ്യം.. അത് ആ പെൺകുട്ടി അല്ലേ ???

രാവിലെ sick ലീവ് പറഞ്ഞു ..വയ്യാത്തത് പോലെ ..ആകെ ഒരു മരവിപ്പാണ് ..

നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു.. എനിക്ക് അവളെ കാണണമായിരുന്നു. ബുള്ളറ്റ് റിമോവ് ചെയ്തു.. ആൾ ഇപ്പോൾ മയക്കത്തിൽ ആണു. ഉടനെ ബോധം തെളിയും, അതിനു ശേഷമേ റൂമിൽ എത്തു.ഞാൻ സ്പെഷ്യൽ പെർമിഷൻ വാങ്ങി അകത്തു ചെന്നു..

അവൾ മയക്കത്തിൽ ആണു ,

ബുള്ളറ്റ് remove ചെയ്തു മുറിവ് കെട്ടിവെച്ചിരിക്കുന്നു .,ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ,എണ്ണമയമില്ലാതെ ചെമ്പൻ മുടി ആകെ പാറി പറന്നു കിടക്കുന്നു ..നല്ല ഗോതമ്പിന്റ നിറമാണ് ..

പേരു പോലും അറിയില്ലാത്ത പെൺകുട്ടി ...നിന്റെ നഷ്ടങ്ങൾ എല്ലാം എനിക്ക് മനസ്സിലാവുന്നു ..നിന്റെ അച്ഛനും അമ്മയും ഈ ലോകത്തു നിന്നും വിട വാങ്ങിയത് ,ഒരു വലിയ നന്മ ചെയ്തിട്ടാണ് ..അല്ലെങ്കിൽ ആ ഭീകരൻ ഇനിയും യുദ്ധങ്ങൾ മെനഞ്ഞെന്നെ ,!....നിന്നെ വേദനിപ്പിച്ചതിനു ഞാനും മാപ്പ് പറയുന്നു ..

പതിയെ ഞാൻ അവളുടെ മുറിവിൽ തലോടി ,,എത്ര സമയം അവിടെ അങ്ങനെ ഇരുന്നു എന്നറിയില്ല ..മെല്ലെ അവൾ കണ്ണുകൾ തുറന്നു ..അവളുടെ വെള്ളാരം കണ്ണുകൾക്കുള്ളിൽ ,പുതിയൊരു ലോകം തുറക്കപ്പെട്ടത് പോലെ എനിക്ക് അനുഭവപെട്ടു ..

....

അവൾ കരയുകയായിരുന്നു ,,എനിക്ക് ഒന്നും മനസിലായില്ല ,അവൾ സംസാരിച്ചത് indo- aryan ഭാഷയായ koshur ആയിരുന്നു ..എന്നിരുന്നാലും പെട്ടന്ന് ഒറ്റയ്ക്കായി പോയ ഒരു പെൺകുട്ടിയുടെ വേദന മനസ്സിലാവാൻ ഒരു ഭാഷയും ആവശ്യമില്ല ...ഞാൻ അവളെ തന്നെ നോക്കിയിരുന്നു ..ഇമ ചിമ്മാതെ ......എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു ..കരഞ്ഞു കരഞ്ഞു അവളുടെ മുഖമെല്ലാം ചുവന്നു ....ഞാൻ മലയാളത്തിൽ തന്നെ അവളോട്‌ സംസാരിച്ചു ..ഒന്നും മനസിലയിലെങ്കിലും എന്നെ ശ്രദ്ധിച്ചു അവൾ നിശബ്ദമായി കണ്ണീരൊഴുക്കി ...

നിർണായക തീരുമാനം

യുദ്ധത്തിൽ പങ്കെടുത്ത ജവാൻമാർക്കുള്ള ബഹുമതികളും പ്രോത്സാഹനവും ഏറ്റുവാങ്ങുമ്പോഴും എന്റെ മനസ്സിൽ രണ്ടു മുഖങ്ങൾ മാത്രമായിരുന്നു ..ഹൈദർ ,കാശ്മീരി പെൺകുട്ടിയും ..

ഇനി അവനെ ഞാൻ കാണില്ല ...പക്ഷെ ,,എങ്ങനെ അവനു അതുപോലൊരു അബദ്ധം പറ്റി ,,ഇതുവരെ കാണാത്ത പെൺകുട്ടിയെ ഏതോ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാര്യം അവൻ എന്നോ പറഞ്ഞിട്ടുണ്ട് ...ഒരു വിധത്തിൽ അവൻ ഇന്ന് ഇല്ലാത്തതു നന്നായി ..അറിയാതെ ചെയ്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപെടേണ്ടി വന്നില്ലാലോ ..മാത്രമല്ല .അത്തരം ഒരു ധീര പ്രവർത്തി ചെയ്തത് കൊണ്ട് അവന്റെ വീട്ടിലേക്ക് ധന സഹായംചെയ്യാനും ആർമി തീരുമാനിച്ചിട്ടുണ്ട് ...ഇനി ഇത് ലോകം അറിഞ്ഞിരുന്നെങ്കിൽ അവനെ എത്ര കുറ്റപെടുത്തിയേനെ ..ഇന്ന് എല്ലാവരുടെയും മനസ്സിൽ ഹൈദർ ഒരു ധീര ജവാൻ ആണ് .മരണാനന്തര ബഹുമതിയോടെ അവന്റെ ശരീരം അടക്കം ചെയ്യും ...

എനിക്ക് favorable transfer ലഭിക്കും ..രണ്ടു മാസം ലീവ് അനുവദിച്ചിട്ടുണ്ട് ..അലെങ്കിലും ഇനി ഇവിടെ വയ്യാ ,,ഹൈദർ ,ഇല്ലാത്ത ..ഓർമ്മകൾ എന്നും എന്നെ വേട്ടയാടുന്നു ..

കുറെ നാളുകൾക്കു ശേഷമാണ് നാട്ടിൽ പോകുന്നത് ..എന്നാൽ അത് യുഗങ്ങൾ ആയി തോന്നുന്നു ..ഇവിടെ നിന്ന് പോകുന്നതിനു മുൻപ് ഒന്നു കൂടെ അവളെ കാണണം ..

കുന്നിറങ്ങി താഴ്വരയിലേക്ക് വണ്ടി ഓടിക്കുമ്പോൾ മനസുമാകെ കലുഷിതമായിരുന്നു ..അവളെ ഹോസ്പിറ്റൽ പോയി കണ്ടതിനു ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെന്നു അറിഞ്ഞു ..അവൾ എവടെ ആയിരിക്കും ..ആ വീടിന്റെ ഓർമ വെച്ച് നടന്നു ചെന്നു ..കതകു അടച്ചിട്ടില്ല .പക്ഷെ വീട്ടിൽ ആരും ഉള്ളതായി തോന്നിയില്ല ..ആകെ കാടുപിടിച്ചു കിടക്കുന്നു .അകത്തേയ്ക്കു കയറി ,,,

അച്ഛനും അമ്മയും മറിച്ചു കിടന്ന മുറിയിൽ നിലത്തു ചാഞ്ഞിരിക്കുകയാണവൾ ..മുഖം കാണാൻ കഴിയുനില്ല ..

എന്റെ ബൂട്ടിന്റെ സ്വരം കേട്ടാവണം ,അവൾ മുഖമൊന്നുയർത്തി ..

എന്താണ് ആ കണ്ണുകളിൽ കണ്ടത് എന്നറിയില്ല ,,പ്രതീക്ഷ ഇല്ലാത്ത ഒരു കാര്യം സംഭവിച്ചപോലെ ..ഒന്ന് അമ്പരന്നു എന്നെ നോക്കി ..

ഞാൻ അവളുടെ അടുത്തു ചെന്നു ..മെല്ലെ അവളുടെ മുഖം ഒന്നുയർത്തി ..ഉടനെ അണപൊട്ടി ഒഴുകുന്ന നദി പോലെ കണ്ണുനീർ ധാര ധാരായായി ഒഴുകി ..എന്റെ നെഞ്ചിലേക്ക് ചേർത്തു അവളെ ഞാൻ മുറുക്കെ പിടിച്ചു ..എത്ര സമയം കഴിഞ്ഞു എന്നറിയില്ല .എന്റെ ട്രെയിൻ ലേറ്റ് ആവുമെന്നത് കൊണ്ടു മാത്രം ഞാൻ എണീറ്റു ..ആ കണ്ണുകളിൽ നോക്കി ..ആരും ഒന്നും സംസാരിച്ചില്ല ..

"I will come back" ഞാൻ പറഞ്ഞു ..അവൾക്കു അത് മനസിലായില്ലെങ്കിലും പറഞ്ഞത് തെറ്റായി പോയി എന്നെനിക്കു തോന്നി ..ഇനി ഇങ്ങോട്ട് ഒരു മടക്കം ഉണ്ടാവില്ല ..എന്തുകൊണ്ടോ എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു ...

അവൾ കണ്ണീരോടെ എന്തെല്ലാമോ പറഞ്ഞു ..ഒരു പെൺകുട്ടി പെട്ടന്ന് അനാഥയായാൽ ഉണ്ടാവുന്ന അവസ്ഥ ആണു അവൾ പറഞ്ഞത് എന്നെനിക് അറിയാം ..എന്താണ് ഞാൻ ചെയ്യേണ്ടത് ...

എങ്കിലും എന്റെ മനഃസമാധാനത്തിനായി ഞാൻ ചോദിച്ചു ..അതും എന്റെ മാതൃഭാഷയിൽ ..ഒരിക്കലും അവൾക്കു മനസിലാവില്ല എന്നറിയാമായിട്ടും ..

" നീ എന്നോടൊപ്പം പോരുന്നോ "??

കരഞ്ഞു കലങ്ങിയ കണ്ണിൽ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ..അവൾ എന്നെ നോക്കി ..എന്റെ കണ്ണുകളിൽ ..തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്റെ കൈയിൽ പിടിച്ചു ..പുറത്തേക്കു ഇറങ്ങിയപ്പോൾ അവിടെയുള്ള ആളുകളുടെ മുഖ ഭാവത്തിൽ നിന്ന് എനിക്ക് വ്യക്തമായി ,,ഒന്നും അറിയാത്ത എന്നോടൊപ്പഅവൾ വരാൻ കാരണം ..അത് കേരളമായാലും ജമ്മു കശ്മീർ ആയാലും പെണ്ണ് ഒറ്റയ്ക്കായാൽ ...

കൂടുതൽ ഒന്നും ഞാൻ ആലോചിക്കുന്നില്ല ..വരുന്നത് വരട്ടെ ..ഇവളെ ഇവിടെ ഉപേക്ഷിച്ചാൽ അത് മനസ്സിൽ മറ്റൊരു നോവ് കൂടിയാവും ...അവൾ എന്റെ അടുത്തിരിപ്പുണ്ട് ..ഒരു കൊച്ചുകുട്ടിയെ പോലെ ..എങ്ങനെ ഞാൻ പറയുന്നത് അവൾക്കു മനസ്സിലാവുന്നു എന്നറിയില്ല ..തിരിച്ചും ...അവൾ എന്നെ നോക്കി ..ഞാൻ അവളെയും ..ഒരു സുരക്ഷിത്വം അവൾക്കു തോന്നുന്നുണ്ടാവാം ..കൈയിലെ മുറിവ് ഉണങ്ങിയിട്ടില്ല ,,മനസിലെയും ..ഇടയ്ക്കൊക്കെ ദൂരേക്ക് നോക്കി അവൾ വിതുമ്പുന്നത് കാണാം ..പ്രിയപെട്ടവരുടെ വിരഹം ..അങ്ങനെയാനു കുട്ടി ....രാത്രിയിൽ എന്റെ ഷോൾഡരിൽ തല വെച്ചുറങ്ങും ..ഇടയ്കെല്ലാം ഉറക്കത്തിൽ ഞെട്ടി എണീക്കും ..ഇവൾ എനിക്ക് ആരാണെന്നു അറിയില്ലാ ..എന്നാലും ഞാൻ ചെയ്തത് ശരിയാണെന്നു ഉള്ളിലിരുന്നു ആരോ മന്ത്രിക്കുന്നു ...

കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു ഇടയിൽ എവിടെയോ ഹൈദർ കൈ വീശികാണിക്കുന്നത് പോലെ തോന്നി .....

..നാട് ..ഒരിക്കൽ ഞാൻ അങ്ങോട്ടൊരു മടക്കം ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചതാണ് ..എങ്കിൽ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല ..പൊന്നു വിന്റെ അച്ഛനെയും അമ്മയെയും കാണണം ..ഇവളെ പൊന്നു ആയി സ്വീകരിക്കുമോ എന്ന് ചോദിക്കണം ...അവർക്കു മകളായി ഈ കാശ്മീരി കുട്ടി മാറട്ടെ ....എനിക്കോ ????

-End-

.Karthika