Read Kunthalatha - 5 by Appu Nedungadi in Malayalam Fiction stories | മാതൃഭാരതി

Featured Books
  • ഡെയ്ഞ്ചർ പോയിന്റ് - 15

    ️ കർണ്ണിഹാരയെന്ന ആ സുഗന്ധ പുഷ്പം തന്നിൽ നിന്നും മാഞ്ഞു പോയിര...

  • One Day

    ആമുഖം  "ഒരു ദിവസം നമ്മുടെ ജീവിതം മാറുമെന്ന് ഞാൻ എപ്പോഴും വിശ...

  • ONE DAY TO MORE DAY'S

    അമുഖം

    “ഒരു ദിവസം നമ്മുെട ജീവിതത്തിെ ഗതി മാറ്റുെമന്ന് ഞാൻ...

  • ഡെയ്ഞ്ചർ പോയിന്റ് - 14

    ️ കർണ്ണിഹാര ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്...

  • One Day to More Daya

    Abu Adam: ശാന്തമായ വനത്തിനു മീതെ സൂര്യൻ തൻ്റെ ചൂടുള്ള കിരണങ്...

വിഭാഗങ്ങൾ
പങ്കിട്ടു

കുന്ദലത-നോവൽ - 5

കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം 5- രാജകുമാര൯

(Part -5-Prince)

ഘോരനാഥന്റെ ഒരുമിച്ചു നായാട്ടിനു വന്നിരുന്ന മറ്റേ ചെറുപ്പക്കാരൻ ചിത്രരഥൻ എന്നു പേരായ കലിംഗമഹാരാജാവവർകളുടെ സീമന്തപുത്രനാണു്.പ്രതാപചന്ദ്രനെന്നാണു പേര്. മഹാരാജാവിനു രണ്ടു പുത്രിമാർകൂടി ഉണ്ടായിരുന്നു.പ്രതാപചന്ദ്രന്റെ ജ്യേഷ്ഠത്തിയായിരുന്ന ഒരു പുത്രിയെ വേറൊരുരാജ്യത്തേക്കു് വേട്ടുകൊണ്ടുപോയി പട്ടമഹിഷിയായി കുറേ കാലം ഇരുന്നു സന്തതിയുണ്ടാവാതെ മരിച്ചുപോയി. അനുജത്തിയായി അതിസുന്ദരിയായ ഒരു കന്യകയും ഉണ്ടായിരുന്നു ആ കന്യകയെ വളരെ ചെറുപ്പത്തിൽ കള്ളന്മാർ എടുത്തു കൊണ്ടുപോയി, ആഭരണങ്ങൾ തസ്കരിച്ചു് കാട്ടിൽ എങ്ങാണ്ടോരേടത്തുവെച്ചു കൊന്നിരിക്കുന്നുവത്രെ. കള്ളന്മാരെ തുമ്പുണ്ടാക്കാൻ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. രാജകന്യകയുടെ ശരീരസൗഭാഗ്യം കണ്ടു് കൗതുകപ്പെട്ടു് ഇവൾ ഭൂമിയിൽ ഇരിക്കേണ്ടവളല്ലെന്നുവച്ചു്, യക്ഷന്മാരോ കിന്നരന്മാരോ കൊണ്ടുപോയതായിരിക്കണം എന്നു ബുദ്ധിമാന്മാരായ ചില ദൈവജ്ഞാനന്മാർ തീർച്ച പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഏതെങ്കിലും പുത്രിയെ കാണായ്കയാൽ വൃദ്ധനായ രാജാവിനു് കുറേക്കാലത്തേക്കു കഠിനമായ വിഷാദത്തിനു കാരണമായി.

ഇങ്ങനെ സോദരിമാരും കൂടിയില്ലാതെ ഏകപുത്രനായിത്തീർന്ന പ്രതാപചന്ദ്രനു ചെറുപ്പത്തിൽത്തന്നെ താരാനാഥനും സ്വർണ്ണമയീദേവിയും ചങ്ങാതിമാരായിത്തീർന്നു. അവർ മൂന്നു പേരും പരസ്പരം വളരെ സ്നേഹത്തോടുകൂടിയും എപ്പോഴും ഒരുമിച്ചും വളരുകയാൽ താരാനാഥനും സ്വർണ്ണമയിയും ചന്ദനോദ്യാനത്തിലേക്കു പാർപ്പു മാറ്റിയപ്പോൾ, പ്രതാപചന്ദ്രനു വളരെ ബുദ്ധിക്ഷയമുണ്ടായി; ഉദ്യാനഭവനത്തിൽ വാസം വളരെ സുഖമാണെങ്കിലും താരാനാഥനും സ്വർണ്ണമയിക്കും തങ്ങളുടെ ഇഷ്ടതോഴനായ രാജകുമാരനെയും നിത്യോത്സവവതിയായിരിക്കുന്ന രാജധാനിയിലെ ഓരോ ആഘോഷങ്ങളെയും കാണ്മാൻ കഴിയായ്കയാൽ ആ മാറ്റം ഒട്ടും തന്നെ സന്തോഷത്തെ ഉണ്ടാക്കിയില്ല. ചില ദിവസങ്ങളിൽ പ്രതാപചന്ദ്രൻ രാജാവിനോടു സമ്മതം വാങ്ങി, ചന്ദനോദ്യാനത്തിലേക്കു പോകും. ഉദ്യാനത്തിൽ എത്തി ഒന്നോ രണ്ടോ ദിവസം താമസിച്ചു് രാജധാനിയിലേക്കുതന്നെ മടങ്ങുകയും ചെയ്യും. അതുകൊണ്ടു് രാജാവിന് ഒട്ടും അപ്രിയം ഉണ്ടാകയില്ലതാനും. എന്നാൽ, അഞ്ചാറു മാസമായിട്ടു് രാജകുമാരൻ ചന്ദനോദ്യാനത്തിൽ വന്നാൽ എട്ടു ദിവസം താമസിച്ചല്ലാതെ മടങ്ങിപ്പോവുകയില്ല. കൂടെക്കൂടെ വരികയും ചെയ്യും. അതുകൊണ്ടു് രാജാവിന് ഒട്ടും അപ്രിയം ഉണ്ടായില്ല. എന്തുകൊണ്ടെന്നാൽ, അഘോരനാഥൻ ഉള്ളതുകൊണ്ടു് [ 23 ]അയാൾ കുമാരന്റെമേൽ നല്ലവണ്ണം ദൃഷടിവെച്ചുകൊളളുമെന്നു് രാജാവിനു നല്ല വിശ്വാസം ഉണ്ടായിരുന്നു. അഘോരനാഥനും രാജകുമാരൻ വരുന്നതു വളരെ സന്തോഷമായിരുന്നു

അങ്ങനെയിരിക്കെ പ്രതാപചന്ദ്രനും സ്വർണമയിദേവിയും തമ്മിലുളള സ്നേഹത്തിന് ഒരു മാററം സംഭവിച്ചു. പ്രതാപചന്ദ്രനു കുറെ കാലമായിട്ടു് സ്വർണമയിയെ കുറച്ചധികമായി ഇഷ്ടം തോന്നിത്തുടങ്ങീട്ടുണ്ടായിരുന്നു. ആദിയിൽ അതിനു കാരണമെന്തായിരിക്കുമെന്നു തനിക്കുതന്നെ അറിവാൻ കഴിഞ്ഞില്ല. ഒരു സംവത്സരത്തിന്നിപ്പുറം അതു പ്രത്യക്ഷമായി കാണിക്കുവാനും തുടങ്ങി. എന്തെങ്കിലും വിശേഷമായ ഒരു വസ്തു തനിക്കു കിട്ടിയാൽ അതു് അപ്പോൾത്തന്നെ ദേവിക്കു കൊടുക്കും. എവിടെയെങ്കിലും പോയാൽ പ്രധാനമായ സ്ഥാനത്തിൽ ദേവിയെ ഇരുത്തും.ദേവിയുടെ ഹിതം എന്തെന്നു പറയാതെതന്നെ അറിഞ്ഞു പ്രവർത്തിക്കും താരാനാഥനെക്കുറിച്ചുള്ള സ്നേഹത്തിനു് ഒട്ടും കുറവുണ്ടായിട്ടല്ല, എങ്കിലും എപ്പോഴും ദേവിയോടു് അധികമായ ആദരവു് ഭാവിക്കുകയാൽ താരാനാഥനോടു മുമ്പത്തേപ്പോലെ ആഭിമുഖ്യം കാണിക്കുവാനുംകൂടി ഓർമ വിട്ടുതുടങ്ങി. ഇങ്ങനെ ഒരു പക്ഷപാതംപോലെ രാജകുമാരൻ സ്വർണമയിയോടു് അധികം സ്നേഹം കാണിക്കുവാൻ തുടങ്ങിയപ്പോൾ താരാനാഥനു് ഒരു ആശ്ചര്യമാണുണ്ടായതു്. തന്റെ സഹോദരനോടു തനിക്കു വളരെ സ്നേഹമുണ്ടായിരുന്നതിനാൽ പ്രതാപചന്ദ്രൻ പക്ഷപാതംപോലെ കാണിക്കുന്നതുകൊണ്ടു് താരാനാഥനു് ഒട്ടും കുണ്ഠിതമുണ്ടായതുമില്ല. സ്വർണമയി തന്റെ സഹോദരനോടും രാജകുമാരനോടും ഒരുപോലെയാണുസ്നേഹം കാണിച്ചിരുന്നതു്. എന്നാൽ, ആന്തരമായി താരാനാഥനെ അധികം സ്നേഹം ഉണ്ടായിരുന്നുതാനും. എങ്ങനെയെന്നറിയാതെ സ്വർണമയിക്കു കുറച്ചു കാലത്തിന്നുള്ളിൽ രാജകുമാരനെ അധികം പ്രതിപത്തി തോന്നിത്തുടങ്ങി. ബുദ്ധിഗൗരവം ഉള്ളവളാകയാൽ ആയതു പുറത്തേക്കു് ഒട്ടും പ്രകാശിപ്പിക്കാതെ തന്റെ അധികമായ പ്രേമത്തെ ഉള്ളിലൊതുക്കിവയ്ക്കുകയുംചെയ്യും. രാജകുമാരൻ ചന്ദനവനത്തിലേക്കു വരുന്നതു് അധികം സാധാരണയായതിൽ പിന്നെ വന്നാലധികം നേരം സ്വർണമയിയുടെ ഒരുമിച്ചുതന്നെയാണു കഴിക്കുക.

ഒരു ദിവസം രാജകുമാരനും സ്വർണമയീദേവിയുംകൂടി മാളികയുടെ മുകളിൽ ഓരോ നേരമ്പോക്കുകൾ പറഞ്ഞു സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ താരാനാഥൻ ആ അകത്തേക്കു കടന്നുചെന്നു.അപ്പോൾ ഇവരുടെ സംഭാഷണം ഉടനെ നിന്നുപോയി. അയതിനു കാരണം താരാനാഥൻ വന്നതുകൊണ്ടാണെന്നു് അയാളെ അറിയിക്കാതെ കഴിക്കുവാൻവേണ്ടി സ്വർണമയി വേറെ ഒരു വർത്തമാനം നടുവിൽപിടിച്ചു പറഞ്ഞുതുടങ്ങി. രാജകുമാരനു് അതു മനസ്സിലായില്ല. 'എന്താ ദേവി! അസംബന്ധം പറയുന്നതു് [ 24 ]എന്നു ചോദിച്ചു. 'അസംബന്ധമാണോ, എന്നോടു ചോദിച്ചതിനു് ഉത്തരമല്ലേ' എന്നുത്തരം പറഞ്ഞു്, 'കഷ്ടം! ഇവിടുത്തേക്കു് ഇതു മനസ്സിലാകുന്നില്ലല്ലോ' എന്നു പറയും വിധത്തിൽ മുഖത്തേക്കൊന്നു നോക്കി. രാജകുമാരനു് ആകപ്പാടെ ഒരു പരിഭ്രമമാണു് ഉണ്ടായത്. ഒന്നും ഉത്തരം പറഞ്ഞതുമില്ല. 'ഓ! ഞാൻ വന്നിട്ടു നിങ്ങളുടെ സ്വൈരസല്ലാപം മുടങ്ങി, അല്ലേ. ഞാനിതാ പോകുന്നു' എന്നു പറഞ്ഞു താരാനാഥൻ പുറത്തേക്കു നടന്നുതുടങ്ങി.' ഞങ്ങൾക്കു ഏട്ടൻ കേൾക്കുവാൻ പാടില്ലാത്ത സ്വകാര്യം എന്താണള്ളത്? ഞങ്ങളുംകൂടി പോരാം' എന്നു പറഞ്ഞു് സ്വർണമയി രാജകുമാരന്റെ കൈയും പിടിച്ചുകൊണ്ടു വേഗത്തിൽ തോട്ടത്തിലേക്കു നടന്നു. താരാനാഥൻ അവിടെ ഒട്ടും നില്ക്കാത തന്റെ കുതിരകളെ നോക്കുവാനായിട്ടു പന്തിയിലേക്കു പോയി. സ്വർണമയി: 'കുമാരാ, ഞാൻ പറഞ്ഞതിന്റെ താല്പര്യം മനസ്സിലായില്ലേ? ജ്യേഷ്ഠൻ വരുന്നതുകൊണ്ടു നമ്മുടെ സംസാരം തടസ്സപ്പെട്ടു എന്നു തോന്നിക്കുന്നതു നന്നോ?' എന്നു ചോദിച്ചു. രാജകുമാരൻ:'അ വിദ്യ എനിക്ക് അറിവുണ്ടായിരുന്നില്ല. ഇനി ഞാൻ ഓർമ വച്ചുകൊള്ളാം' എന്നു പറഞ്ഞു പകുതിയാക്കിവച്ചിരുന്ന മുമ്പത്തെ സല്ലാപം വീണ്ടും തുടർന്നു. ഉദ്യാനത്തിന്റെ ഒരു അറ്റത്തു വലിയ ഒരു പരന്ന കല്ലിന്മേൽ രണ്ടുപേരും പോയിരുന്നു. രാജകുമാരൻ: ദേവീ, വരുന്ന അയില്യം എന്റെ ജന്മനക്ഷത്രമാണെന്നറിയാമല്ലൊ. പുറന്നാൾസദ്യയ്ക്കു വളരെ ഘോഷമായി വട്ടംകൂടുവാൻ അച്ഛൻ കല്പിച്ചിരിക്കുന്നു. ദേവിയെയും താരാനാഥനെയും പുറന്നാളിനു നാലു ദിവസം മുമ്പുതന്നെ ക്ഷണിച്ചുകൊണ്ടു വരേണമെന്നു് അച്ഛൻ എന്നോടു പ്രത്യേകം പറഞ്ഞിരിക്കുന്നു. അച്ഛന്നു നിങ്ങളെ രണ്ടാളെയും കാണുന്നതു വളരെ സന്തോഷമാണെന്നു് അറിയാമല്ലൊ. അതുകൊണ്ടു് ദേവിയും താരാനാഥനും മറ്റന്നാൾതന്നെ എന്റെ ഒരുമിച്ചു് രാജധാനിയിലേക്കു പോരണം. സ്വർണമയി: ഞങ്ങൾ രണ്ടാളും ഇവിടുത്തെ ഒരുമിച്ചു വരുന്നതത്ര ഭംഗിയാകുമോ?ജനങ്ങൾ ഞാൻ ഇവിടുത്തെക്കൂടെ വന്നാൽ എന്തുപറയും? രാജകുമാരൻ: അഘോരനാഥനും കുടെ വരുന്നില്ലെ. നിങ്ങൾ എല്ലാവരും കുടെ രാജധാനിയിലേക്കു പോകുമ്പോൾ ഞാനും നിങ്ങളുടെ കൂട്ടത്തിൽ വന്നുവെന്നല്ലാതെ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു വന്നു എന്നു പറയുമോ? സ്വർണമയി: ഇവിടുന്നു കൂടെയുണ്ടായിരിക്കുക. ഞങ്ങൾ രാജധാനിയിലേക്കു പോവുക. ഇങ്ങനെയായാൽത്തന്നെ ഇവിടുന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നു എന്നല്ലാതെ വരികയില്ല. [ 25 ]പരമാർത്ഥം മറ്റൊരു പ്രകാരമാണെങ്കിലും ജനങ്ങൾ അങ്ങന പറയാതിരിക്കയില്ല.

രാജകുമാരൻ:അഥവാ അങ്ങനെ പറയുന്നതായാൽത്തന്നെ എന്തു തരക്കേടാണുള്ളത്? നാം ചങ്ങാതിമാരാണെന്നു് എല്ലാവർക്കും അറിവില്ലെ, പണ്ടു് നാം പലപ്പോഴും ഒരുമിച്ചു പോവുകയും വരികയും ചെയ്തിട്ടും ഇല്ലെ?

സ്വർണമയി:ഒന്നും ഉണ്ടായിട്ടല്ല. പക്ഷേ, നമ്മുടെ സൂക്ഷ്മവൃത്താന്തം അധികം വേഗത്തിൽ പരസ്യമാവാനിടയുണ്ടു്. ഇപ്പോൾത്തന്നെ കുറെ സംസാരമായിരിക്കുന്നുപോൽ, നാം അറിയാത്തതു് കണക്കല്ല. എന്റെ ഒരു ദാസി എന്നോടു രണ്ടു ദിവസം മുമ്പ് ഇതിനെക്കുറിച്ചു സൂചിപ്പിച്ചു കുറച്ചൊന്നു പറയുകയുണ്ടായി

രാജകുമാരൻ:അവളപ്പോഴേക്കു് അതു് എങ്ങനെ അറിഞ്ഞു? ഈ വക വർത്തമാനങ്ങൾ അറിവാൻപെണ്ണുങ്ങൾക്കു വളരെ സാമർത്ഥ്യമുണ്ട്.

സ്വർണ്ണമയി:ആണുങ്ങൾക്കു ഒട്ടും കുറവില്ല. രാജധാനിയിൽ നിന്നു ഇവിടുത്തെ കൂടെ വന്ന ഭൃത്യൻ ഇവിടെ പാർക്കുന്നവരോട് പ്രസ്താവിക്കുന്നതു കേട്ടിട്ടാണത്രേ അവൾ മനസ്സിലാക്കിയതു്.

രാജകുമാരൻ:ഒ! ഹോ! ഇത്ര പരസ്യമായോ? എന്നാൽ, ഇനി ഒട്ടും താമസ്സിക്കുകയല്ല നല്ലതു്. അച്ഛൻ ഇരിക്കുമ്പോൾ തന്നെ വിവാഹം കഴിയണമെന്നാണു് എന്റെ ആവശ്യം.

സ്വർണ്ണമയി:അങ്ങേടെ ഇഷ്ടം പോലെയാവാം.എന്നാൽ,'എളയച്ഛനോടു് ആർ അറിയിക്കും? 'എന്നു പറഞ്ഞു് ലജ്ജയോടുകൂടി മുഖം താഴ്ത്തി.

രാജകുമാരൻ:ദേവി എന്തിനു നാണിക്കുന്നു? ഞാൻ തന്നെ അഘോരനാഥനോടു പറഞ്ഞു് സമ്മതം വാങ്ങി വരാമല്ലോ. ദേവി യാതൊന്നും അറിയേണ്ടതില്ല: അച്ഛന്റെ സമ്മതം കിട്ടുവാൻ മാത്രമേ മറ്റൊരാളെ അയക്കേണ്ട ആവശ്യമുള്ളു.

സ്വർണ്ണമയി: അതു ചോദിക്കേണ്ട താമസ്സമേയുള്ളു കിട്ടുവാൻ.എന്നെക്കുറിച്ചു് രാജാവിനു വളരെ വാത്സല്യമായിട്ടാണു്. അവിടത്തേക്കു ഇതു വളരെ സന്തോഷകരമായി തീരുകയും ചെയ്യും.

ഇങ്ങനെ രണ്ടാളുംകൂടി പറഞ്ഞു സന്തോഷിച്ചുകൊണ്ടിരിക്കെ മേൽഭാഗത്തു നിന്നവൃക്ഷങ്ങളുടെ ഇല പൊടുന്നനെ ഒച്ചപ്പെടുന്നത് കേട്ടു. കാരണമെന്തെന്നു നോക്കുന്നതിനു മുമ്പായി വലിയ ഒരു കാട്ടുകോഴി അവരുടെ വളരെ അടുക്കെ മുൻഭാഗത്തു വീണു. ഉടനെ ചിറകിട്ടു് ഒന്നുരണ്ടു തച്ചു് പിടച്ചു ചാവുകയുംചെയ്തു. നോക്കിയപ്പോൾ അതിന്റെ കഴുത്തിൽ ഒരു ശരം തറച്ചുനിൽക്കുന്നതു കണ്ടു് ആ അപകടം പ്രവർത്തിച്ചതാരെന്നു് രാജകുമാരൻ ദേഷ്യത്തോടുകൂടി തിരിയുമ്പോൾ കുറെ ദൂരത്തുനിന്നു് ഹ,ഹ,ഹ! എന്നു പൊട്ടി [ 26 ]ച്ചിരിക്കുന്നതു കേട്ടു. താരാനാഥന്റെ ചിരിയാണു്. അയാൾ വേഗത്തിൽ വില്ലുമായി അടുത്തുവന്നു് ' അങ്ങനെയാണു് ഏറെനേരം സ്വകാര്യം പറഞ്ഞാൽ. ഞാൻ പലഹാരം തരുവാനായി നിങ്ങളെ രണ്ടാളെയും എത്ര നേരമായി തിരയുന്നു; ഇനിയും സംസാരം മതിയാക്കാറായില്ലേ?' എന്നു ചോദിച്ചു.

രാജകുമാരൻ വിധം പകർന്നു കുറഞ്ഞാന്നു ദ്വേഷ്യപ്പെട്ടു് തന്റെ അനിഷ്ടത്തെ പ്രകാശിപ്പിച്ചു. സ്വർണമയിയും ഒന്നുംപറയാതെ നിന്നതിനാൽ ആ പ്രവൃത്തി തനിക്കും ഒട്ടും രസിച്ചില്ലെന്നു് താരാനാഥനെ മനസ്സിലാക്കി.താരാനാഥൻ,' ഞാൻ കളിയായിട്ടു ചെയ്തതാണു്. ആ പക്ഷിയുടെ കഷ്ടകാലംകൊണ്ടോ ശരത്തിന്റെ ദുസ്സാമർത്ഥ്യംകൊണ്ടോ അതിന്റെ കഴുത്തിൽ പോയി തറച്ചുതിന്നു ‍ഞാൻ എന്തുചെയ്യും? എന്റെ നേരെ ദ്വേഷ്യപ്പെട്ടാൽ ഞാൻ ഒട്ടും ബഹുമാനിക്കുകയും ഇല്ല,' എന്നു് ഒട്ടും കൂസൽ കൂടാതെ രാജകുമാരന്റെ മുഖത്തു നോക്കിപറഞ്ഞു് ഉദ്യാനത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോവുകയുംചെയ്തു.

രാജകുമാരൻ കുറേനേരം ഒന്നും സംസാരിക്കാതെ ഒരു സാലഭഞ്ജികപോലെനിന്നു. ' ദേവിയുടെ സോദരനായകയാൽ ഈ ദുർമര്യാദം സഹിക്കേണ്ടി വന്നു.നമ്മുടെ ശുഭകാര്യത്തിന് ഇത് ഒരു ദുർലക്ഷണമാണല്ലോ. കഷ്ടം! കഷ്ടം! ദൈവംതന്നെ ഇതിനു വിപരീതമാണെന്നുവരുമോ' എന്നു പറഞ്ഞു. സ്വർണമയി, തന്റെ സോദരനും രാജകുമാരനുംതമ്മിൽനിരൂപിക്കാതെ ഒരു വൈരസ്യ സംഭവിക്കുവാൻ സംഗതി വന്നതു വിചാരിച്ചവ്യസനിച്ചു് നനുങ്ങനെ പൊടിഞ്ഞിരുന്ന കണ്ണുനീർ തുടച്ചുകൊണ്ടു് ' കുമാരാ ഇതു ദുർലക്ഷണമാണെന്നു വിചാരിച്ചു വ്യസനിക്കരുതു്. ആ വക ചപലതകൾ ഒക്കെയും അജ്ഞാനം കൊണ്ടുണ്ടാവുന്നതാണു്, സാരമില്ലെന്നു" എളയച്ഛൻ എനിക്കു ദുഷ്ടാന്തപ്പെടുത്തി തന്നിട്ടുണ്ടു്. ഞാൻ വ്യസനിക്കുന്നത് അതുകൊണ്ടല്ല, എന്നുത്തരം പറഞ്ഞു. രാജകുമാരൻ ‍ ഞാൻ താരാനാഥനോടു് ഭാവം പകർന്നു് പറകയാലായിരിക്കും അല്ലേ? അതു് എന്റെ തൽക്കാലമുണ്ടായ ദ്വേഷ്യം കൊണ്ടു ചെയ്തതാണു്. ഒട്ടും കുണ്ഠിതം തോന്നരുതു് . ഞാൻതന്നെ അയാളെ പറഞ്ഞു സമാധാനപ്പെടുത്തിക്കൊള്ളാം' എന്നു പറഞ്ഞു. ഇങ്ങനെ രണ്ടു പേരും പരസ്പരം സമാധാനപ്പെടുത്തി, സന്തോഷത്തോടുകൂടി ഗൃഹത്തിലേക്കു പോവുകയും ചെയ്തു.

താരാനാഥനാകട്ടെ വളരെ ഖിന്നനായി , ഗൃഹത്തിൽ ചെന്നു് മററവർ ആരും വന്നതിനു മുമ്പെ അത്താഴം കഴിച്ചു് ഒരു ചെറിയ അകത്തുചെന്നു വാതിൽ അടച്ചു വിചാരം തുടങ്ങി. താരാനാഥന്റെ അവസ്ഥയും കുറെ ദയനീയം തന്നെ. തനിക്കു കളിക്കുവാനും നേരംമ്പോക്കു പറയുവാനും മററും ആരുമില്ലാതായി. കൂട്ടത്തിൽ നിന്നു തള്ളിക്കളഞ്ഞാലുള്ളതു പോലെ മനസ്സിനു് ഒരു മാന്ദ്യം സംഭവിച്ചു. രാജകുമാരനും തന്റെ സോദരിയും തമ്മിലുള്ള രഞ്ജിപ്പും ലാളനയും [ 27 ]കാണുമ്പോൾ തന്റെ സഹോദരിയുടെ ഭാഗ്യവസ്ഥയെക്കുറിച്ചു സന്തോഷിക്കുനൊങ്കിലും, തനിക്കു ലാളിക്കുവാനോ, തന്നെ ലാളിക്കുവാനോ, തന്റെ വിചാരങ്ങൾ തുറന്നു പറവാനോ ആരും ഇല്ലാതിരുന്നതിനാലുള്ള വിഷാദം വെളിച്ചത്തെ അശ്രയിച്ചു നില്ക്കുന്ന നിഴൽ പോലെ ആ സന്തോഷത്തോടു വേർപെടാതെയുണ്ടായിരുന്നു. മേല്പറഞ്ഞ പ്രകാരം രാജകുമാരൻ പണ്ടുണ്ടാവാത്തവിധം അല്പം ദുർമുഖം ഭാവിക്കുക ഹേതുവാൽ താരാനാഥനു് തന്റെ സ്ഥിതി യഥാർത്ഥമായിട്ടുള്ളതിൽ തുലോം അധികം ശോചനീയമായി തോന്നി. ഏറ്റവും അഭിമാനിയാകയാൽ, കുണ്ഠിതത്തിനു് അല്പം വല്ലതും കാരണമുണ്ടായാൽ, അതിനെക്കുറിച്ചു് അധികമായി വിചാരിച്ചു ക്ലേശിക്കുന്നത് താരാനാഥന്റെ സ്വഭാവമായിരുന്നു.

രാജകുമാരനും സ്വർണ്ണമയിയുംകൂടി അഘോരനാഥന്റെ ഒരുമിച്ചു് അത്താഴത്തിനു ചെന്നിരുന്നു. താരാനാഥനെ കാണാഞ്ഞപ്പോൾ സ്വർണ്ണമയി വളെരെ അർത്ഥത്തോടുകൂടി രാജകുമാരന്റെ മുഖത്തേക്കു് ഒന്നു നോക്കി. താരാനാഥന്റെ സ്വഭാവം നല്ലവണ്ണം പരിചയമുള്ളതാകയാൽ രാജകുമാരനു് സ്വർണ്ണമയിയുടെ നോക്കിന്റെ താല്പര്യം മനസ്സിലായി. സുഖക്കേടുക്കൊണ്ടു തല താഴ്ത്തി. അത്താഴം കഴിഞ്ഞു് അഘോരനാഥനും രാജകുമാരനുംകൂടി അഘോരനാഥന്റെ അകത്തേക്കും സ്വർണ്ണമയിയും കൂടി അഘോരനാഥന്റെ ഭാര്യയുംകൂടി അവരുടെ പതിവുപോലെയുള്ള സ്ഥലത്തേക്കും കിടക്കുവാൻ പോയി. താരാനാഥൻ നേരത്തെ അത്താഴം കഴിച്ചു് ഉറക്കമായി എന്നു് അടുക്കളക്കാരൻ പറകയാൽ അയാളെക്കുറിച്ചു് അഘോരനാഥൻ അധികമായി അന്വേഷിക്കയും ഉണ്ടായില്ല

(തുടരും)