കുന്ദലത-നോവൽ
Kunthalatha-Novel
രചന-അപ്പു നെടുങാടി
Written by:Appu Nedungadi
ഭാഗം - 9 -അഭിഷേകം
(Part -9-Anointed)
അഭിഷേകത്തിന്നു നിശ്ചയിച്ച ദിവസം വന്നപ്പോഴേക്കു് വൈദികന്മാർ, കർമ്മികൾ , പുരോഹിതന്മാർ, അഗ്നിഹോത്രികൾ,സോമയാജികൾ മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തിക്കൂടി. മുഹൂർത്തസമയത്തു് പ്രതാപചന്ദ്രനെയും ഇടത്തുഭാഗത്തു് സ്വർണ്ണമയീദേവിയേയും സിംഹാസനങ്ങളിന്മേൽ ഇരുത്തി, വളരെ മന്ത്രങ്ങളെക്കൊണ്ടു് പരിശുദ്ധമായ ജലത്തെ അവരുടെ തലയിൽ അഭിഷേകംചെയ്കയും പുരോഹിതൻ അവരുടെ പരദേവതയെക്കുറിച്ചു് ചില മന്ത്രങ്ങൾ അവർക്കു് ഉപദേശിക്കുകയും കിരീടം തലയിൽ വെക്കുകയും ചിത്രരഥമഹാരാജാവു് രാജ്യഭരണചിഹ്നമായ വാൾ പുത്രന്റെ പക്കൽ ഏല്പിച്ചുകൊടുക്കയും മററും ക്രിയകൾ വഴിപോലെ കഴിഞ്ഞു. അന്നു വൈകുന്നേരംതന്നെ യുവരാജാവും രാജ്ഞിയുംകൂടി നഗരപ്രവേശംചെയ്തു. കലിംഗരാജാവിന്റെ പ്രധാനനഗരത്തിൽ രാജവീഥി എന്നുപേരായി വളരെ വിസ്തീർണ്ണമായ ഒരു വീഥിയുണ്ടു്. രാജധാനിയുടെ വടക്കെ ഗോപുരത്തുടെ പുറത്തേക്കു കടന്നാൽ ആ വീഥിയിലേക്കാണു് ചെല്ലുക. ആ വീഥി ഏകദേശം ഒരു കലച്ചവില്ലിന്റെ ആകൃതിയിൽ രാജധാനിയുടെ കിഴക്കുപുറത്തുകൂടി തെക്കെ ഗോപുരത്തിലോളം ഉണ്ടു്. നഗരവാസികൾ ആ വീഥിയെ അതിമനോഹരമായി അലങ്കരിച്ചു് ദീപങ്ങളെക്കൊണ്ടു് പ്രകാശിപ്പിച്ചിരുന്നു. ഭാവങ്ങളുടെ മുൻഭാഗം കലവാഴകളെക്കൊണ്ടും ഈന്തിൻ പട്ടകളെക്കൊണ്ടും കുരുത്തോലകളെക്കൊണ്ടും ചുവപ്പുശീലകളെക്കൊണ്ടും വളരെ കൗതുകമാകുംവണ്ണം അലങ്കരിച്ചിരുന്നതിനുപുറമെ, വീഥിയിൽ വിലങ്ങനെ വളരെ തോരണങ്ങൾ തൂക്കുകയും ഇടയ്ക്കിടയ്ക്കു് 'യുവരാജാവും രാജ്ഞിയും ജയിക്കട്ടെ', ' പ്രതാപചന്ദ്രനേയും സ്വർണ്ണമയീദേവിയേയും ദൈവം കടാക്ഷിക്കട്ടെ' യുവരാജാവും രാജ്ഞിയും ദീർഘായുസ്സായിരിക്കട്ടെ' എന്നീവിധം ആശീർവ്വാദങ്ങൾ, വലിയ അക്ഷരങ്ങളായി വെള്ളശ്ശീലകളിൽ കസവുകൊണ്ടുതുന്നിപ്പിടിപ്പിച്ചു്, എല്ലാവരും കാണുമാറു് സൗധാഗ്രങ്ങളിലും സ്തംഭങ്ങളിന്മേലും, വീഥിയിൽ പലേടങ്ങളിലും വെച്ചുകെട്ടി ഉണ്ടാക്കിയ കമാനങ്ങളിന്മേലും പതിച്ചിട്ടുമുണ്ടായിരുന്നു. അസ്തമനശേഷം ഉത്തരഗോപുരത്തൂടെ എഴുന്നരുളത്തു്പുറപ്പെട്ടു.ആ മഹോത്സവം കാണ്മാൻവേണ്ടി വിശേഷവസ്ത്രങ്ങളും കുറികളും ധരിച്ചു മോടിയോടുകൂടി വന്നിരുന്ന അനവധി ജനങ്ങൾ എല്ലാററിലും മുമ്പിൽ തിക്കിത്തിരക്കി നടക്കുന്നു. അവരുടെ വഴിയെ തിരക്കൊഴിപ്പാനായി അശ്വാരൂഢന്മാരായ ഭടന്മാർ പലരും അങ്ങുമിങ്ങും നടന്നു് തങ്ങിനിൽക്കുന്ന പുരുഷാരത്തെ ക്രമേണ മുന്നോട്ടു തള്ളിക്കൊണ്ടു് എഴുന്നരുളത്തു് പോവാൻ വഴിയുണ്ടാക്കുന്നു. അവരുടെ പിന്നിൽ വീഥിക്കു വിലങ്ങനെ നാലഞ്ചുവരിയായി നിരന്നുനിന്നിട്ടുണ്ടായിരുന്ന പലവിധ വാദ്യക്കാർ, സാവധാനത്തിൽ മുന്നേട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ആ ബഹുജനങ്ങളുടെ കൂട്ടത്തെ താങ്ങളുടെ പാടവം കണ്ടു കൊണ്ടാടുവാൻവേണ്ടി താമസിപ്പിക്കുകയോ എന്നുതോന്നുംവണ്ണം, എഴുന്നരുളത്തിന്നിടയിൽ അവിടവിടെ കുറച്ചു നിന്നു് അതാതുവിധം വാദ്യക്കാർ, താന്താങ്ങളുടെ വാദ്യത്തിന്നു മെച്ചം കിട്ടേണമെന്നുവെച്ചു് ഏകോപിച്ചു മഝരിക്കുംപോലെ എല്ലാവിധം വാദ്യക്കാരും അവരവരുടെ വാദ്യത്തെ അത്യുത്സാഹത്തോടും അതിവിദഗ്ദ്ധതയോടുകൂടി പ്രയോഗിക്കുന്നു. വാദ്യക്കാരുടെ പിന്നാലെ പൊന്നണിഞ്ഞ നൂറു കൊമ്പനാനകളെ അകലമിട്ടു് രണ്ടു വരിയായി വിലങ്ങാനെ നിർത്തിയിട്ടുള്ളവയുടെ പുറത്തു് വെൺകൊറ്റക്കുടകൾ, തഴകൾ, വെൺചാമരങ്ങൾ, ആലവട്ടങ്ങൾ എന്നീ മാതിരി രാജഹ്നങ്ങളെ ഉയർത്തിപ്പിടിച്ചിട്ടുണ്ടു്. അവയുടെ പിന്നിൽ വാളും പരിചയും എടുത്ത പല അത്ഭുതമായ അടവുകളും വിരുതുകളും കാണിച്ചുകൊണ്ടു് ഒരുകൂട്ടം മല്ലന്മാർ വരുന്നു.വഴിയെ,കടയും തലയും സ്വർണംകൊണ്ടു കെട്ടിച്ച് രാജചിഹ്നങ്ങളായ വലിയ വെള്ളിവടികളെ പിടിച്ചുകൊണ്ട് വലിയ വെള്ളത്തലേക്കെട്ടുള്ള കുറെ ഹരികാരന്മാർ വീഥിയുടെ ഇരുവശത്തും ഓരോ അണിയായി നിരന്ന്,നടു മുഴുവനും ഒഴിച്ചിട്ടുകൊണ്ടുവരുന്നു.അവരുടെയും പിന്നിലാണു് യുവരാജാവും രാജ്ഞിയും കയറിയ പല്ലക്കു്. മണിമായമായ ആ പല്ലക്കു് പൂമാലകളെക്കൊണ്ടു് അതിവിശേഷമാകുംവണ്ണം അലങ്കരിച്ചിരുന്നു. പല്ലക്കിന്റെ വഴിയെ പ്രഭുക്കന്മാർ, സചിവന്മാർ, സേനനായകന്മാർ,സ്തൂതിപാഠകന്മാർ, ഗായകന്മാർ മുതലായവരും, മററും അനവധി പുരുഷാരവും ഉണ്ടു്. മേൽപറഞ്ഞവയുടെ എല്ലാററിന്റെയും ഇരുഭാഗത്തും വേലി കെട്ടിയ പോലെ ആയുധപാണികളായ ഭടന്മാരെ അണിയായി നിർത്തിയിരിക്കുന്നു. പല ദിക്കുകളിലും ദീപട്ടികളും ഇടയിൽ മത്താപ്പുകളും ഉണ്ടായിരുന്നതിനാൽ ആ പ്രദേശത്തു് ഇരുട്ടു് ലേശം പോലും ഇല്ലന്നുതന്നെയല്ല, ജനങ്ങളുടെ മുഖത്തിന്നു് പ്രസന്നതയും, എല്ലാ വസ്തൂക്കളുടെയും രമ്യതയും, സ്വതേയുള്ളതിൽ തുലോം അധികമായി തോന്നി. പല്ലക്കിന്റെ ഇരുഭാഗത്തും അല്പം അകലെ മത്താപ്പുകൾ ഇടവിടാതെ കത്തിക്കുകയാൽ, കാണികൾക്കെല്ലാവർക്കും യുവരാജാവിന്റെയും രാജ്ഞിയുടെയും ആഹ്ലാദകരമായ മുഖയുഗളങ്ങൾ ഒന്നിച്ചുദിച്ചിരിക്കുന്ന രണ്ടു ചന്ദ്രബിംബങ്ങളെപ്പോലെ വർദ്ധിച്ച കാന്തിയോടുംകൂടി കാണ്മമാറായിരുന്നു. ഇങ്ങനെ ആഘോഷത്തോടുകൂടിയ ആ ഘോഷയാത്ര സാവധാനത്തിൽ നടന്നു് ഒരോ ഗൃഹങ്ങളുടെ മുമ്പാകെ എത്തുമ്പോൾ, പ്രജകൾ താംബൂലമാല്യാദികൾ തട്ടുകളിലാക്കി ഉപചാരം ചെയ്യുന്നതിനെ പ്രീതിപൂർവം യുവരാജാവു് സ്വീകരിക്കുകയും പ്രധാനികളായ പ്രജകളോടൊക്കെയും പ്രീതിസൂചകമായി തല കുമ്പിടുകയും അപൂർവം ചിലരോട് ഒന്ന് രണ്ട് വാക്ക് സംസാരിക്കുകയുംചെയുംചെയ്തു് , പത്തു നാഴിക രാച്ചെല്ലുന്നതിന്നു മുമ്പായി തെക്കേ ഗോപുരത്തൂടെ രാജധാനിയിലേക്കു മടങ്ങിയെത്തുകയുംചെയ്തു. അഭിഷേകം കഴിഞ്ഞതിന്റെ അടുത്തനാൾതന്നെ അഘോരനാഥന്നു് പ്രധാനമന്ത്രിയുടെ പട്ടം പ്രസിദ്ധമായി രാജസഭയിൽ വെച്ചുകൊടുത്തു. അദ്ദേഹത്തിന്നു ഇതുകൊണ്ടു് സ്ഥാനമാനങ്ങൾ അധികമായി എന്നല്ലാതെ പ്രവൃത്തിക്ക് യാതൊതു വ്യത്യാസവും ഉണ്ടായില്ല. കപിലനാഥനോട് വലിയ രാജാവു് കോപിച്ചതിൽപിന്നെ പ്രധാനമന്ത്രിയുടെ ഉദ്യോഗം നടത്തിവന്നിരുന്നത് അഘോരനാഥൻതന്നെയായിരുന്നു. പക്ഷേ, അതിന്നു മുമ്പിൽ ഭണ്ഡാരാധിപന്റെ സ്ഥാനമുണ്ടായിരുന്നതിനാലും പ്രധാനമന്ത്രിയുടെ സ്ഥാനം മുറപ്രകാരം കൊടുക്കായ്കയാലും അഘോരനാഥനെ ഭണ്ഡാരാധിപൻ എന്നുതന്നെയാണ് എല്ലാവരും പേർ പറഞ്ഞു വന്നിരുന്നത്. തന്റെ പ്രാപ്തിക്കുതകുന്നതും പണ്ടുതന്നെ തനിക്ക് കിട്ടുവാൻ അവകാശമുള്ളതും ആയ പ്രധാനമന്ത്രിയുടെ മാന്യസ്ഥാനം ലഭച്ചതിനാൽ അഘോരനാഥന്നു് സന്തോഷമുണ്ടായി കുറെ കാലമായി പ്രതിബന്ധപ്പെട്ട ക്ലിഷ്ടമാർഗങ്ങളിൽ പ്രവേശിച്ചിരുന്ന ബഹുമാനമാകുന്ന നദി, ഇപ്പോഴെങ്കിലും വേണ്ടുന്നേടത്തേക്ക് പ്രവഹിച്ചുവല്ലൊ എന്നു വിചാരിച്ച് പ്രജകൾക്ക് അധികം സന്തോഷമുണ്ടായി. എന്നാൽ ,അഘോരനാഥന്റെ സന്തോഷം,തന്റെ ജ്യേഷഠൻ വളരെ കാലം ഭരിക്കേണ്ടതായിരുന്നു ആ ഉദ്യോഗം എന്നു് മനസ്സിൽ തോന്നുമ്പോഴുണ്ടാകുന്ന ദുഃഖത്തോടു മിശ്രിതമായിരുന്നതിനാൽ പൂർണമായി എന്നു പറഞ്ഞുകൂടാ. ജ്യേഷഠന്റെമേൽ വലിയ രാജാവിന്നു് നീരസമുണ്ടാവാനുള്ള സംഗതികളും ജ്യേഷഠന്റെ അകാരണമായ അധഃപതനവും വിചാരിച്ച് വളരെക്കാലത്തേക്കു അഘോരനാഥൻ ഒരു മൗനവ്രതക്കാരനെപ്പോലെ ആരോടും മിഥ്യാലാപവും ,മനസ്സിന്ന് ഒരു ഉന്മേഷലും കുടാതെ സ്വതേയുള്ള തന്റെ പ്രസന്നതയും ഉത്സാഹവും മങ്ങി, ഒരു അരസികനെപ്പോലെയാണ് കഴിഞ്ഞുവന്നിരുന്നത്. മുമ്പത്തെ അധ്യായത്തിൽ വിവരിച്ച ഗുഢസന്ദർശനം കഴിഞ്ഞതിൽപ്പിന്നെ ആ അവസ്ഥയ്ക്കു വളരെ ഭേദം വന്നു. ഇപ്പോൾ പ്രധാനമന്ത്രയുടെ സ്ഥാനംകൂടി ലഭിക്കയാൽ മനസ്സ് ഏകദേശം സ്വസ്ഥിതിയിൽത്തന്നെയായി. വൈമനസ്യം കേവലം അസ്തമിച്ച്, സ്വഭാവം തെളിഞ്ഞു അധികം പ്രീതികരമായിത്തീരുകയുംചെയ്തു് . അഘോരനാഥന്നു് പ്രധാനമന്ത്രിയുടെ പട്ടം കൊടുത്തുകഴിഞ്ഞശേഷം കിഴുക്കടെ കഴിഞ്ഞുവന്നിട്ടുള്ളസമ്പ്രദായപ്രകാരം യുവരാജാവു സിംഹാസനാരൂഢനായി ,പത്നീസമേതനായി, ആസ്ഥാനമണ്ഡപത്തിൽ ഇരുന്ന് കലിംഗരാജാവിന്നു് കപ്പം കൊടുക്കുന്നവരായ ഉപരാജാക്കന്മാരോടും നാട്പ്രഭുക്കന്മാരോടും തിരുമുൽ കാഴ്ചകൾ സ്വീകരിച്ച്, അവരോട് രണ്ടു നാലു വാക്കൂ സംസാരിച്ച്, താരതമ്യംപോലെ ചില സമ്മാനങ്ങൾ കൊടുത്തയയ്ക്കകയും ഉണ്ടായി അങ്ങനെ തിരുമുൽക്കാഴ്ചയ്ക്കു വന്നിരുന്നവരിൽ ഒരാളെക്കുരിച്ചു പ്രത്യേകിച്ചു പരയേണ്ടിയിരിക്കുന്നു. അയാൾ വേടർക്കരചൻ ആണ് . വേടർ കലിംഗരാജ്യത്തിന്ന് സമീപമുള്ള വനപ്രദേശങ്ങളിൽ വസിച്ച് , വേട്ടകൊണ്ടും കായ്കനികളെക്കൊണ്ടും ഉപജീവനം കഴിച്ചുവരുന്ന ഒരു താണ ജാതിക്കാരാണ്. അസ്ത്രപ്രയോഗത്തിൽ അവർക്ക് അസാമാന്യമായ നൈപുണ്യം ഉണ്ടു്. സ്വതേ അല്പം ഹ്രസ്വഗാത്രന്മാരാണെങ്കിലും എപ്പോഴും വേട്ടയാടുകയാൽ ആയവർ കൃശോദരന്മരും വാനരജാതികൾക്കുള്ളതിൽ വളരെ കുറയാതെ അംഗലാഘവം ഉള്ളവരുമായിരുന്നു. അവരിൽ ചിലർക്കൂ കാട്ടാനയെ വേട്ടയാടി കൊല്ലുവാൻ പ്രത്യേക സാമർത്ഥ്യം ഉണ്ട്. അത് എങ്ങനെയൊന്നു മുമ്പൊരേടത്ത് വിസ്താരമായി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. വേടർക്കരചനും ഭാര്യയും മക്കളും ഒരു ആനപ്പുറത്തമ്പാരിയിലാണു വന്നിരുന്നത്. തിരുമുൽക്കാഴ്ചയ്ക്കു കാട്ടിൽനിന്നു കിട്ടുന്ന ദുർലഭങ്ങളായ സാധനങ്ങളും കൊണ്ടുവന്നിരുന്നു സ്വർണമയിദേവി വേടർചരകനെയും വേടരെയും അടുത്തു കാണണമെന്നു് ആവശ്യപ്പെട്ടു. യുവരാജാവ് സ്വർണമയിയോടുകൂടി ആസ്ഥാനരണ്ഡപത്തിൽനിന്നു പുറത്തേക്കിറങ്ങി അവിടെ ഒരൊഴിഞ്ഞ സ്ഥലത്ത് രണ്ടാളുകളും ചെന്നിരുന്നു്, വേടർക്കരചനെ സമീപം വരുത്തുവാൻ കല്പിച്ചു. അരചൻ വളരെ സന്തോത്തോടുകൂടി വന്ന് യുവരാജാവിന്റെയും രാജ്ഞിയുടെയും മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചു. യുവരാജാവ് അവനെ ഉടനെ എഴുന്നേല്പിച്ച് അടുക്കെ ഉണ്ടായിരുന്ന ഒരു ആസനത്തിന്മേൽ ഇരിക്കാമെന്ന് കാണിച്ചു. അരചൻ 'അടിയങ്ങൾ തിരുമുമ്പാകെ ഇരിക്കുക പതിവല്ലെ'ന്നു പറഞ്ഞു. അപ്പോഴെക്കു ആളുകൾ ചുററും വന്നുകൂടി അരചനെ കേശാദിപാദം നോക്കിത്തുടങ്ങി. അരചന്റെ ശരീരം ഏകദേശം നീലച്ചേമ്പിന്റെ നിറമാണ് . കുറെ എകരം കുറയുമെങ്കിലും തന്റെ സ്ഥിതിക്കനുസരീച്ച് യോഗ്യത നല്ലവണ്ണം ഉണ്ട്. വസ്ത്രംഅരയിൽ ചുറ്റീട്ടുള്ളതു് ഒന്നു മാത്രമെ ഉള്ളു. ഓരോ കുരുക്കൾ കൊണ്ടും മൃഗങ്ങളുടെ കൊമ്പുകൾ കൊണ്ടും മററുമുണ്ടാക്കിയ ആഭരണങ്ങൾ വളരെ അണിഞ്ഞിട്ടുണ്ട്. വിസ്തതമായ മാറിടം, ചുരുങ്ങിയ വയറു്, ഹ്രസ്വങ്ങളാണെങ്കിലും മാംസളങ്ങളായി വ്യായാമകഠിനങ്ങളായ കരചരണങ്ങൾ, ഇതുകൾക്കുപുറമേ വട്ടമൊത്ത ഒരു മുഖവും, അല്പം ചെമ്പിച്ച താടിയും മീശയും ചെറിയതാണെങ്കിലും വളരെ തീക്ഷ്ണങ്ങളായ ലോചനയുഗളവും, നീണ്ടു് അല്പം അകത്തോട്ടു വളഞ്ഞ മൂക്കും, ആകുന്നൂ ആസ്വരൂപത്തിന്റെ പ്രധാന ഭാഗങ്ങൾ. അരചന്റെ ആ സ്വരുപവും കുലുക്കമില്ലാത്ത ഒരു നിലയും കണ്ടാൽ കാട്ടിൽ ഉണ്ടായിവളർന്നവനാണെങ്കിലും വളരെ ആർജ്ജവവും തനിക്കുതാൻപോരിമയും ഔദാര്യവും ഉള്ളതാണന്നു തോന്നും. രാജാവും രാജ്ഞിയും അരചനെ നല്ലവണ്ണം നോക്കി വിസ്മയം പുണ്ടൂ. രാജ്ഞി, 'ഇവരുടെ സ്ത്രീകളും ചിലരു വന്നിട്ടുണ്ടെന്നു തോന്നുന്നു, ആ നിൽക്കുന്നവർ ആരാണെന്നു് ' യുവരാജാവിനോടായിട്ടു ചോദിച്ചു. അരചൻ അതു കേട്ടു് , ' എന്റെ പൊന്നുതമ്പുരാട്ടി! അതു് എന്റെ വേടത്തിയും കുട്ടികളുമാണു് എന്നു പറഞ്ഞു. രാജ്ഞി, ' അവരെ ഇങ്ങോട്ടു വരുത്തുവാൻ ആളെ അയയ്ക്കു ' എന്നു യുവരാജാവിനോടു് ആവശ്യപ്പെട്ടു. യുവരാജാവു് ' ദേവിക്കു തന്നെ ആളെ അയയ്ക്കരുതേ? ഈ കാണുന്ന അനവധി ജനങ്ങളും ഞാൻതന്നെയും ദേവിയുടെ ഹിതത്തെ ചെയ്യാൻ തയ്യാറായിട്ടുള്ളവരാണെന്നു് അറിവില്ലെ ? ' എന്നുത്തരം പറഞ്ഞു. രാജ്ഞീ, ഭർത്താവിന്റെ സ്നേഹപുരസ്സരമായ വാക്കിനാൽ ധൈര്യപ്പെട്ടു് അടുത്തു് നിന്നിരുന്ന ഒരു സചിവനെ വിളിച്ചു് കുറെ സങ്കോചത്തോടുകൂടി തന്റെ ആവശ്യം പറഞ്ഞു. അപ്പോഴെക്കു് ആ സചിവൻ വേഗത്തിൽ പോയി അവരെ കൂട്ടികൊണ്ടുവന്നു. രാജ്ഞി വളരെ കൗതുകത്തോടുകൂടി അവരെ കുറേ നേരം നോക്കിയ ശേഷം എഴുനീററു് അനുജ്ഞയ്ക്കു് അപേക്ഷിക്കും പോലെ ഭർത്താവിന്റെ മുഖത്തേക്കു് ഒന്നു നോക്കി. അരചന്റെ പത്നിയുടെ അടുക്കൽ ചെന്നു് അവളോടു് കുലശപ്രശ്നംചെയ്തു സംസാരിച്ചുതുടങ്ങി. പിന്നെ, കുട്ടികളുടെ കറുത്ത കുഞ്ഞിക്കൈയുകൾ പിടിച്ചു് ചിരിച്ചുകൊണ്ടു് അവരുടെ ആഭരണങ്ങളെയും മററും സൂക്ഷിച്ചുനോക്കി. കാണികളായ മഹാജനങ്ങൾ, അതു കണ്ടപ്പോൽ രാജ്ഞിയുടെ ഔദാര്യത്തേയും നന്മയെയും ദയയേയും കൂറിച്ചു് വളരെ പ്രശംസിച്ചു. അരചന്റെ അപ്പോഴത്തെ സന്തോഷം പറഞ്ഞാൽ തീരുന്നതല്ല. രാജ്ഞി അരചന്റെ ഭാര്യയോടും കുട്ടികളോടും സംസാരിച്ചു കൊണ്ടിരിക്കെ അരചൻ തിരുമുൽക്കാഴ്ചയ്ക്കുള്ള ദ്രവ്യങ്ങൾ എടുത്തു കൊണ്ടു വരുവാൻ തന്റെ കിങ്കരന്മാരോടു് ആംഗ്യം കാണിച്ചു. അപ്പോഴെക്കു വേടർ പലരുംകൂടി സാമാനങ്ങൾ ഒരോന്നായിതാങ്ങിപ്പിടിച്ചു് എടുത്തുകൊണ്ടുവന്നുതുടങ്ങി. ഒന്നാമതായിട്ടു വലിയ രണ്ടു് ആനക്കൊമ്പുകൾ യുവരാജാവിന്റെ തിരുമുമ്പാകെ വച്ചു. അചരൻ ' ഉണ്ണിത്തമ്പുരാനോടണഞ്ഞ കൊമ്പന്റെയാണിതു് ' എന്നു പറഞ്ഞു. യുവരാജാവു് ആ വിവരം രാജ്ഞിയെ അറിയിച്ചു. രാജ്ഞി , ' ജ്യേഷ്ഠനെ രക്ഷിച്ച വേടർ ഈ കൂട്ടത്തിൽ ഉണ്ടോ? ' എന്നു ചോദിച്ചു. അരചൻ അടുത്തുതന്നെയുണ്ടായിരുന്ന അവനെ വിളിച്ചു് ഉടനെ മുമ്പിൽ നിർത്തി. രാജ്ഞി കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു് തന്റെ വിരലിന്മേൽ ഉണ്ടായിരുന്ന അനർഘമായ ഒരു വൈരമോതിരം ഊരി അപ്പോൾത്തന്നെ അവനു് സമ്മാനിച്ചു. അപ്പോൾ അതു കണ്ടുനിന്നിരുന്ന മററു് വേടർ ഒക്കെയും സന്തോഷംകൊണ്ടു് ആർത്തു വിളിച്ചു. രാജാവും അവന്നു നല്ല ഒരു സമ്മാനം കൊടുത്തു.
രാജ്ഞി പിന്നേയും അരചന്റെ ഭാര്യയോടു സംസാരിപ്പാൻ തുടങ്ങി. യുവരാജാവു കാഴ്ചദ്രവ്യങ്ങൾ ഒക്കെയും ഒന്നു നോക്കി താൻ സ്വീകരിച്ചതിനടയാളമായി കൈകൊണ്ടൊന്നു തൊട്ടു. പിന്നെ അരചനും വേടർക്കും പരക്കെ സമ്മാനം കൊടുക്കുവാൻ തുടങ്ങി. സമ്മാനം കൊടുത്തുകഴിഞ്ഞു് അവർ വിടവാങ്ങാറായപ്പോൾ രാജ്ഞി തന്റെ കഴുത്തിൽ കിടന്നിരുന്ന ഒരു വിലയെറിയ മുത്തു മാല എടുത്തു് അരചന്റെ പത്നിക്കു സമ്മാനിച്ചു. കുട്ടികൾക്കൊക്കെയും തരംപോലെ ചില കളിസാധനങ്ങളും സമ്മാനം കൊടുത്തു. എല്ലാവരും തമ്മിൽ പിരിയാറായപ്പോൾ രാജ്ഞി തന്റെ ഭർത്താവിനോടു സ്വകാര്യമായി അരചന്റെ ഭാര്യയുടെ കഴുത്തിൽ കിടക്കുന്ന ആ മാലപോലെ ഒരു മാല തനിക്കു് ഉണ്ടാക്കിച്ചയയ്ക്കാൻ അരചനോടരേക്ഷിക്കണമെന്നു പറഞ്ഞു. രാജ്ഞിക്കു് അത്ര കൗതുകം തോന്നിച്ച ആ മാല ഏതോ മരത്തിന്റെ കുരു തുളച്ചു ചരടിന്മേൽ കോർത്തിട്ടുണ്ടാക്കിയതാണു് , കുരുവിന്റെ മിനുപ്പും ശ്യാമളിമാവും കണ്ടാൽ കൗതുകം തോന്നാതിരിക്കില്ലാതാനും . യുവരാജാവു് ആ മാല നോക്കി പൊട്ടിച്ചിരിച്ചു് , അടുത്തു നിന്നിരുന്ന അരചനോടു് എന്റെ രാജ്ഞിക്കു് അസാദ്ധ്യമായ ഒന്നിൽ ആശ കടന്നുകൂടിയിരിക്കുന്നു. അതു് സാധിപ്പിക്കാമോ? ' എന്നു ചോദിച്ചു. അരചൻ- ' അടിയങ്ങളാലാവതാണെങ്കിൽ മാനത്തു നില്ക്കുന്ന അമ്പിളിയെ പിടിപ്പാനുംകൂടി അടിയങ്ങൾ തെയ്യാറാണെ , തമ്പുരാട്ടി' എന്നു പറഞ്ഞു് രാജ്ഞിയെ നോക്കി കുമ്പിട്ടു. യുവരാജാവു് , ' ഇതിന്നു് അത്ര വളരെ പ്രയാസമില്ല. രാജ്ഞിക്കു കഴുത്തിലേക്കാഭരണങ്ങൾ തരത്തിൽ ഒന്നും ഇല്ലാത്തതിനാൽ അരചന്റെ കെട്ടിയവളുടെ കഴുത്തിൽ കിടക്കുന്ന മാലപോലെ ഒരു മാല താമസിക്കാതെ ഉണ്ടാക്കിച്ചാൽ നന്നു് ' എന്നു പറഞ്ഞു. രാജാവു് ഇങ്ങനെ നേരംപോക്കായി പറഞ്ഞപ്പോൾ കേട്ടുനിന്നവർ ഉൾച്ചിരിക്കൊണ്ടു. രാജ്ഞി ഭർത്താവിനെ പഴിക്കുമ്പോലെ ഇടക്കണ്ണിട്ടു നോക്കി നാണം കൊണ്ടു് അല്പം തലതാഴ്ത്തി. അപ്പോഴെക്കു് അരചന്റെ ഭാര്യ രാജ്ഞിയുടെ ആവശ്യം മനസ്സിലാക്കി വേഗത്തിൽ ആ മാലതന്നെ തന്റെ കഴുത്തിൽ നിന്നെടുത്തു് രാജ്ഞിയുടെ അടുക്കൽ കൊടുക്കുവാൻ കൊണ്ടുചെന്നു. രാജ്ഞി , ' ഇതു് ഞാൻ വാങ്ങുന്നില്ല, താമസിക്കാതെ ഉണ്ടാക്കിച്ചു് അയച്ചാൽ മതി 'എന്നു പറഞ്ഞു. രാജ്ഞി തന്നോടു് ആ മാല സ്വീകരിക്കയ്കയാൽ അരചന്റെ ഭാര്യയ്ക്കു് അല്പം സുഖക്കേടുണ്ടെന്നു കണ്ടപ്പോൽ രാജ്ഞി മനസ്സലിഞ്ഞു് രാജാവിന്റെ സമ്മതം കിട്ടുവാനായിട്ടു മുഖത്തേക്കൊന്നു നോക്കി. രാജാവു് , ' ഒട്ടും തരക്കേടില്ല അതുതന്നെ വാങ്ങിക്കൊള്ളൂ ' എന്നു പറഞ്ഞപ്പോൾ രാജ്ഞി സന്തോഷത്തോടുകൂടി കൈ കാണിച്ചു അരചന്റെ ഭാര്യ ഒട്ടും മടിക്കാതെ അതു് രാജാഞിയുടെ കഴുത്തിൽതന്നെ അണിയിച്ചു.അപ്പോൾ കണ്ടു നിൽക്കുന്നവരൊക്കെയും കൊണ്ടാടിച്ചിരിച്ചു . അരചൻ തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല രാജാവിന്നു സമ്മാനിക്കുവാൻ സമ്മതം ചോദിച്ചു.'ദേവി എനിക്കും ഒരു മാല കിട്ടി'എന്നു പറഞ്ഞുയുവരാജാവു് ആ മാല തന്റെ കഴുത്തിൽ ചാർത്തുവാൻ തല താഴ്ത്തിക്കൊടുത്തു . അപ്പോൾ കണ്ടുനില്ക്കുന്നവരെല്ലാവരും രാജ്ഞിയുടെയും രാജാവിന്റെയും ബുദ്ധിഗുണത്തേയും താഴ്മയേയും കണ്ടു് ആനന്ദനിമഗ്നരായി, 'ഇവർ വളരെക്കാലം വാഴുമാറാകണെ ഈശ്വരാ'എന്നു മനസ്സുകൊണ്ടു നിർവ്യാജമായി പ്രാത്ഥിച്ചു. അരചൻ,'തമ്പരാനും തമ്പരാട്ടിയും ഇന്നു് അടിയങ്ങളോടു കണിച്ച തിരുമനസ്സിനു് അടിങ്ങൾപകരമായി എന്തു ചെയ്പാൻ കഴയുമോ എന്നറിയുന്നില്ല, ഇതുപോലെതന്നെ തമ്പരാന്റെ തിരുമനസ്സു് എപ്പോഴും അടിയങ്ങളുടെ മേലുണ്ടായിരിക്കട്ടെ എന്നു പറഞ്ഞു സന്തോഷാശ്രുക്കളോടുകുടി താനും ഭാര്യയും രാജാവിന്റെയും രാജ്ഞിയുടെയും കൽക്കൽ സാഷ്ടാംഗം വിണു് , എഴുനീററു പിന്നെയും അവരെ തൊഴുതു വിടവാങ്ങിപ്പോകയുംചെയ്തു.
(തുടരും)