Read Kunthalatha - 11 by Appu Nedungadi in Malayalam Fiction stories | മാതൃഭാരതി

Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

കുന്ദലത-നോവൽ - 11

കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം - 11 -ശുശ്റൂഷകി

(Part -11-Lady Doctor)

 കുന്ദലതയും രാമകിശോരനും ആറേഴു മാസത്തോളമായി ഒരേ ഗൃഹത്തിൽത്തന്നെ പാർത്തുവന്നിരുന്നു എങ്കിലും യോഗീശ്വരൻ അവർക്കു സ്വൈരസല്ലാപത്തിനു് ഒരിക്കലും ഇടകൊടുത്തിട്ടുണ്ടായിരുന്നില്ല. അവർ തമ്മിൽ കാണ്മാൻ ഇടവരുമ്പോഴൊക്കെയും യോഗീശ്വരൻ കൂടെയുണ്ടാവാതിരുന്നിട്ടില്ല. അദ്ദേഹം വല്ലേടത്തേക്കു പോകുമ്പോൾ രാമകിശോരനെയും കൂടെ കൊണ്ടുപോവുകയുമായിരുന്നു പതിവു്.ആകയാൽ രാമകിശോരന്ന് അതുവരെ ഒരിക്കലെങ്കിലും കുന്ദലതയോടു് നേരിട്ടു സംസാരിപ്പാൻ സംഗതി വന്നിട്ടുണ്ടായിരുന്നുവെങ്കിൽത്തന്നെ ആ ചെറുപ്പക്കാർ തമ്മിൽ സംസാരിക്കുന്നതല്ലായിരുന്നു. കുന്ദലത ഗുരുപുത്രിയാകയാൽ അവളെക്കുറിച്ചുള്ള ബഹുമാനം ഹേതുവായിട്ടും താരുണ്യംകൊണ്ടുള്ള ലജ്ജ ഹേതുവായിട്ടും രാമകിശോരന്നു് അവളോടു നേരിട്ടു സംസാരിപ്പാൻ വളരെ സങ്കോചമുണ്ടായിരുന്നു. രാമകിശോരൻ വിശിഷ്ടനായ ഒരു ബ്രഹ്മചാരിയാണെന്നും വിദ്യാസമ്പാദനമാകുന്ന ഏകകാര്യത്തിൽമാത്രം നിരാതനാണെന്നുമാത്രമാണു് കുന്ദലത ധരിച്ചിരുന്നതു്. യോഗീശ്വരനേയും രാമദാസനേയും അല്ലാതെ വേറെ യാതെരു പുരുഷനേയും ബുദ്ധിവച്ചതിനുശേഷം അവൾ കാണുകയുണ്ടായിട്ടില്ല. സുഭഗനും ലക്ഷണയുക്തനുമായ രാമകിശോരനെ കുന്ദലത ഒന്നാമതു കണ്ടപ്പോൾ വില്വൗദ്രിയിൽ അധിവാസമുണ്ടെന്നു പറയുന്ന ഗന്ധർവ്വന്മാരാരെങ്കിലും അഛന്റെകൂടെ വരികയോ എന്നാണ ശങ്കിച്ചതു്.അച്ഛൻ പറഞ്ഞതുകൊണ്ട് ഒരു മനുഷ്യൻതന്നെയാണെന്നു തീർച്ചയാക്കി എങ്കിലും രാമകിശോരനെ വളരെ വണക്കത്തോടും ആദരവോടുകൂടിയും തന്റെ ഗുരുവിനെ പോലെയുമാണു് കുന്ദലത വിചാരിച്ചുവന്നിരുന്നതു്.

ആപത്തുണ്ടാവുന്ന സമയങ്ങളിൽ മനസ്സിന്നു് കരുതൽ വിട്ടു മറ്റു സമയങ്ങളിൽ നമ്മേക്കൊണ്ടു് മറച്ചുവെക്കുവാൻ കഴിയുന്ന ചില വികാരങ്ങൾ നമ്മുടെ അറിവുകൂടാതെ പ്രകാശിപ്പിക്കുന്നതു് അസാധാരണയല്ലല്ലോ.രാമകിശോരന്റെ പരമാർത്ഥം മുഴുവനും കുന്ദലത അറിവാൻ ഇടവന്നിട്ടുണ്ടായിരുന്നുവെങ്കിൽ അവളുടെ മനസ്സിൽ അവളുടെ അറിവോടുകൂടിതന്നെ ജനിച്ചു് യഥേഷ്ടം വളരുവാൻ അവൻ സമ്മതിച്ചിരുന്ന ചില വികാരങ്ങൾ, അവളുടെ അറിവുകൂടാതെതന്നെ അവിടെ ജനിച്ചിട്ടുണ്ടായിരുന്നു. അനർഹങ്ങളായ വിഷയങ്ങളിൽ മനസ്സിനെ സഞ്ചരിപ്പാനയയ്ക്കുന്നതു കഷ്ടമാണല്ലോ എന്നുവെച്ചു്, കുന്ദലത തന്റെ ആ വികാരങ്ങളെ ധിക്കരിച്ചു്,ഒട്ടും പ്രകാശിപ്പിക്കാതെ കഴിച്ചുപോന്നിരുന്നു. ആ വികാരങ്ങൾ രാമകിശോരനു് ഈ ആപത്തു വന്നപ്പോൾ താനേ വെളിപ്പെട്ടു. രാമകിശോരനെ ശുശ്രൂഷിപ്പാൻ, യോഗീശ്വരൻ കുന്ദലതയെ ഏല്പിച്ചതിനാൽ ആ വികാരങ്ങളെ പ്രദർശിപ്പിക്കാൻ നല്ല ഒരു അവസരവും ആയി.രാമകിശോരനെക്കുറിച്ച് കന്ദലതയ്ക്ക് ഒന്നാമതായി ഒരു ആശ്ചര്യമാണു് ഉണ്ടായതു്. അതിൽനിന്നു് താമസിയാതെ ദൃഢമായ ഒരു സ്നേഹവും ഉളവായി. അതു ഹേതുവായിട്ടു് രാമകിശോരന്റെ ആ അവശസ്ഥിതിയിൽ കുന്ദലത തന്റെ സ്നേഹത്തെ സ്പഷ്ടമയി കാണിച്ചു. രോഗികളെ ശുശ്രൂഷ ചെയവാൻ വശമുണ്ടായിരുന്നെങ്കിലും, രാമകിശോരന്നു് തല്ക്കാലം വേണ്ടന്നതിനെ അറിഞ്ഞു പ്രവർത്തിപ്പാൻ വേഗത്തിൽ ശീലമായി. ബുദ്ധിയുള്ളവർ താല്പര്യത്തോടുകൂടി മനസ്സിരുത്തിയാൽ എന്തൊന്നാണു വശമാക്കുവാൻ കഴിയാത്തത്? അവൾ എപ്പോഴും രാമകിശോരന്റെ സമീപത്തുതന്നെ വിട്ടുപോകാതെ നില്ക്കും. ആവശ്യം ഇന്നതെന്നറിഞ്ഞുപ്രവർത്തിക്കും. അനിഷ്ടമായിട്ടുള്ളതിനെ നിവാരണംചെയ്യും. പക്ഷെ, ശരീരസ്ഥിതിയെക്കുറിച്ചോ മറ്റോ രാമകിശോരനോടു വല്ലതും ചോദിച്ചറിയണമെങ്കിൽ ആയതു് പോറ്റമ്മയോടു സ്വകാര്യമായി പറഞ്ഞു ചോദിപ്പിക്കുകയല്ലാതെ, താൻ ചോദിച്ചുവെന്നോ, ചോദിപ്പിച്ചുവെന്നോ രാമകിശോരനറിവാൻ സംഗതി വെക്കുകയുമില്ല.

ഇങ്ങനെ വർദ്ധിച്ചിരിക്കുന്ന സ്നേഹത്തിനു പുറമെ കുന്ദലതയുടെ ഹൃദയത്തിന്നു സഹജമായിട്ടുള്ളതും, രാമകിശോരന്റെ ആ ദൈന്യാവസ്ഥയിൽ വെളിപ്പെടുത്തപ്പെട്ടതുമായ കരുണരസവും ബലമായി ഉണ്ടായിരുന്നു. സ്നേഹത്തെ പ്രബലപ്പെടുത്തുവാൻ ഇത്ര നന്നായിട്ടു് കരുണയെപ്പോലെ മാറ്റൊന്നുംതന്നെയില്ലല്ലൊ. വഹ്നി മാരുതനെക്കൊണ്ടു് എന്നപോലെ കാരുണ്യത്തോടു് സമ്മിശ്രമായിരിക്കുന്ന കുന്ദലതയുടെ സ്നേഹം വളരെ മുഴുത്തു വശമായി. തന്റെ ആ അവസ്ഥയെക്കുറിച്ച് ചിലപ്പോൾ കുന്ദലതതന്നെ വിചാരിക്കും:

'പണ്ട് ഇദ്ദേഹത്തെ അറിവും പരിചയവും ലേശംപോലും ഇല്ല-എന്നോട് ഇതുവരെ ഒരു വാക്കെങ്കിലും സംസാരിച്ചിട്ടും ഇല്ല-എന്നു മാത്രമല്ല,എന്നെക്കൊണ്ടു് ഇദ്ദേഹത്തിന് എന്തു തോന്നീട്ടുണ്ടോ എന്നും എനിക്ക് നിശ്ചയമില്ല-അങ്ങനെയിരിക്കുന്ന ഈ തരുണനോട് എനിക്ക് എങ്ങനെ ഇത്ര ആർദ്രത സംഭവിച്ചു?-ആശ്ചര്യം തന്നെപ്പോലെ ഒരാൾ കഷ്ടത്തിൽ അകപ്പെട്ടിരിക്കുന്നതു കണ്ടാൽ,വ്യസനം തോന്നുന്നതും അവരെ യഥാശക്തി സഹായിപ്പാനാഗ്രഹമുണ്ടാകുന്നതും മാനുഷഹൃദയത്തിന്റെ വൈശിഷ്ട്യമായിരിക്കാം-എന്നാൽ,വേറോരാൾ ഈ അവസ്ഥയിൽത്തന്നെയായിരുന്നാൽ എനിക്ക് ആയാളെക്കുറിച്ച് ഈ വിധം ഒക്കെയുംതോന്നുമോ?- അതു സന്ദേഹം-ദയ തോന്നാതിരിക്കയില്ല, നിശ്ചയംതന്നെ-പ്രേമമോ?-അതിനെന്തു കാരണം?പ്രേമം മറ്റൊരുത്തനോട് അസംഗതിയായി തോന്നുന്നതല്ലല്ലോ-എന്തോ-മനുഷ്യഹൃദയത്തിന്റെ വികൃതികൾ!

അച്ഛനും എന്നെപ്പോലെതന്നെ ഈ യുവാവിന്റെമേൽ പ്രതിപത്തി കാണ്മാനുണ്ട്.ഈ ആപത്തിന്നുശേഷം അധികവും ഉണ്ട് ഇതിനെന്തു കാരണം? ഇദ്ദേഹവും ഞാൻ മാത്രമായി അച്ഛന്ന് ഇപ്പോൾ അധികം സ്നേഹം ആരെയാണെന്നു പറവാൻ പ്രയാസം. അച്ഛന്ന് വളരെനേരം ഇദ്ദേഹത്തിന്റെ ഒരുമിച്ചു കഴിഞ്ഞിട്ടും അച്ഛനെക്കുറിച്ച് ഇദ്ദേഹം വളരെ സ്നേഹവും ആഭിമുഖ്യവും കാണിക്കയാലും ഇദ്ദേഹത്തോട് ഇത്ര മമതയുണ്ടായതു് അത്ഭുതമല്ല-എനിക്കോ?--ഇതിനൊന്നിനും സംഗതിയുണ്ടായിട്ടില്ലല്ലോ. എന്റെ പ്രേമമോ-അതിവിപുലം! മറച്ചുവക്കുവാൻ പ്രയാസം-പണ്ടിങ്ങനെയുണ്ടായിട്ടില്ല-ജന്മാന്തരവാസനയോ?-അതല്ല-അതു മായമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ-പരമാർത്ഥം ഈശ്വരനറിയാം.ഏതെങ്കിലും ഇദ്ദേഹത്തിന്റെ ദീനം വേഗത്തിൽ ആശ്വാസമായി,മുമ്പത്തെ ഓജസും മുഖപ്രസാദവും രണ്ടാമതും ഉണ്ടാകട്ടെ ഈശ്വരാ!

ഇങ്ങനെയുള്ള വിചാരത്തോടുകൂടി, കുന്ദലത വേറെ യാതൊന്നിന്നും ശ്രദ്ധവെക്കാതെ രാമകിശോരനെ ശുശ്രുഷചെയ്യും. യോഗീശ്വരന്നും കുന്ദലതയുടെ ഔത്സുക്യം കണ്ടിട്ടു് അല്പം മന്ദസ്മിതത്തോടുകൂടി നോക്കി ഉളളിൽ സന്തോഷിക്കും. രാമകിശോരനെ വഴിപോലെ ശുശ്രൂഷിക്കുന്നുണ്ടലോ എന്നുമാത്രം ചിലപ്പോൾ കുന്ദലതയോടു ചോദിക്കുകയും ചെയ്യും.

ഒരു മാസാർദ്ധത്തിൽപുറം അങ്ങനെ ചികിത്സയായി കഴിഞ്ഞ ശേഷമാണു് മുറി ഉണക്കം തുടങ്ങിയതു്. മുറിക്കു് അധികം ആഴം ഉണ്ടായിരുന്നതിനാൽ ഒരിക്കൽ അല്പം പനിയുണ്ടായി പഴുപ്പു കയറുമോ എന്നുകൂടി രണ്ടു ദിവസം എല്ലാവരും ഭയപ്പെട്ടു. വേദനയുടെ വർദ്ധന നിന്നതിന്റെ ശേഷമാണ് രാമകിശോരൻ തന്റെ അവസ്ഥയെക്കുറിച്ചു വിചാരിപ്പാൻ തുടങ്ങിയതു്.താൻ വീണതും യോഗീശ്വരൻ പിടിച്ചു എഴുനേല്പിചതും മാത്രമേ തനിക്ക് ഓർമയുള്ളു.പിന്നെ പ്രജ്ഞയുണ്ടാകുന്നവരെ ഉണ്ടായതത്രയും വിവരമായി യോഗീശ്വരൻ പറഞ്ഞറിഞ്ഞു അപ്പോൾ രാമകിശോരൻ കൃതജ്ഞതയോടുകൂടി യോഗീശ്വരന്റെ നന്മയെ സ്മരിച്ചു. അധികം താമസിയാതെ, കുന്ദലത തനിക്കു വേണ്ടി ചെയ്യുന്നതോക്കെയും കണ്ടറിഞ്ഞപ്പോൾ, രാമകിശോരന്നു് അവളെക്കുറിച്ചുണ്ടായ വിചാരങ്ങൾ പറയുന്നതിനേക്കാൾ വിചാരിച്ചറിയുകയാണ് എളുപ്പം.'ഈശ്വരാ! ഈ ഭാഗ്യം അനുഭവിപ്പാൻതക്കവണ്ണം ഞാൻ എന്തോരു സുകൃതംചെയ്തു! ഭഗ്യശാലിനിയായിരിക്കുന്ന ഈ സ്ത്രീ എന്നെ ഇത്ര താല്പര്യത്തോടുകൂടീ പരിചരിക്കുവാൻ തക്കവണ്ണം ഞാൻ ഇവൾക്കുവേണ്ടി എന്തോന്നു ചെയ്തു! ഇത്ര കാരുണ്യം ഇവൾഎന്റെ നേരെകാണിച്ചതിന്ന് എന്റെ കൃതജ്ഞതാസൂചകമായിട്ട് എന്തോന്നു ചെയ്യേണ്ടു?അതുവരെയായിട്ടും ഇവളുടെ ഈകാരുണ്യം ഞാൻ അറിയുന്നുണ്ടെങ്കിലും ഇവളെ ബോധിപ്പിച്ചിട്ടില്ലല്ലോ. ഗുരുപത്രിയാകയാലും അവളുടെ അധികമായ മന്ദാക്ഷത ഹേതുവായിട്ടും എനിക്ക് അങ്ങോട്ടു കടന്നു സംസാരിപ്പാൻ മടിയുണ്ടു്.ഏതെങ്കിലും ഈ അവസ്ഥയിൽ എന്റെ പ്രസാദപിശൂനങ്ങളായ ചില വാക്കുകളെ പറയുകയെങ്കിലും ചെയ്തിട്ടില്ലെങ്കിൽ ഞാൻ ഒരു മഹാപാപിയായിരിക്കും'എന്നിങ്ങനെ വിചാരിച്ചു് ഒരു ദിവസം ഭക്ഷണം കഴിഞ്ഞ ഉടനെ രാമകിശോരൻ വേറെ ആരും ഇല്ലാത്ത സമയം നോക്കി കുന്ദലതയോട് ഇപ്രകാരം പറഞ്ഞു:

രാമകിശോരൻ:എന്റെ ദീനം രണ്ടു ദിവസമായി ആശ്വാസം തന്നെയാണ്. എന്റെ പുണ്യാപൂരം പറഞ്ഞാൽ തീരുന്നതല്ല.ഇത്ര സുകൃതിനിയായിരിക്കുന്ന ഭവതി എന്റെ ഈഅവശസ്ഥിതിയിൽ എന്നോടു കാണിച്ച ദയഹേതുവായിട്ടു് എനിക്കുണ്ടായ സന്തോഷംതന്നെയാണ്,ഇത്ര വേഗത്തിൽ എന്റെ ദീനം ആശ്വാസമാക്കിയത്. ഇതിന്നു് ശതാംശമായിട്ടെങ്കിലും ഒരു പ്രത്യുപകാരം ചെയ് വാനായി എന്നെക്കൊണ്ട് കഴിയേണമേ എന്നു ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു.

കുന്ദലത,രാമകിശോരൻ പറവാൻ തുടങ്ങിയപ്പോൾ തന്നോടാവുകയില്ലല്ലോ, എന്നുവിചാരിച്ചു, വേറെ ആരെങ്കിലും സമീപം ഉണ്ടോ എന്നു നാലു പുറത്തേക്കും ഒന്നു നോക്കി;പിന്നെ തന്നോടു തന്നെയാണെന്നറിഞ്ഞപ്പോൾ, നാണംകൊണ്ടു വേഗത്തിൽ തല താഴ്ത്തിനിന്നു. അപ്പോൾ ക്ഷണനേരംകൊണ്ടു പല വിചാരങ്ങളും തന്റെ മനസ്സിൽക്കൂടി ഓടുകയാൽ ഹൃദയം ഊക്കോടുകൂടി മിടിക്കുന്നത് തനിക്കുതന്നെ കേൾക്കുമാറായി. ഒരു ദീർഘനിശ്വാസം അയച്ചു.ഒന്നും ഉത്തരം പറവാൻ കഴിഞ്ഞതുമില്ല.  രാമകിശോരൻ;ദുർലഭമായിരിക്കുന്ന ഈ മഹാഭാഗ്യം അനുഭവിപ്പാൻ തക്കവണ്ണം ഞാൻ എന്തൊരു സൽക്കർമംചെയതു? കുന്ദലത: യോഗ്യനായിരിക്കുന്ന അങ്ങേയ്ക്കു് തുച്ഛമായ ഈ ഉപകാരമെങ്കിലും ചെയ്യുവാൻ സംഗതി വന്നതിനാൽ എനിക്കു വളരെ സന്തോഷമുണ്ട്. എന്നാൽ അങ്ങുന്നു കൊണ്ടാടിയതിനു തക്കവണ്ണം അധികം ഒന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങേക്കുവേണ്ടി ചെയ്താൽ കൊള്ളാമെന്നുള്ള എന്റെ ആഗ്രത്തെക്കുറിച്ചായിരുന്നു അങ്ങേടെ ഈ അതിശയോക്തി എങ്കിൽ വളരെ പിഴച്ചിട്ടില്ല. രാമകിശാരൻ:ഭവതിയുടെ ക്രിയയ്ക്ക് അനുരൂപമായ ഈ മധുരവാക്കുകൾ എനിക്കു പരമാനന്ദകരമായി ഭവിക്കുന്നു. കുന്ദലത:എന്നാൽ,എന്റെ കാംക്ഷിതം സഫലമായി, അങ്ങേടെ പ്രീതിയെ കാംക്ഷിച്ചുകൊണ്ടിരിക്കുന്ന ഞാൻ കൃതാർത്ഥയായി. പക്ഷേ,എന്റെ മനോരഥം ഇത്ര അനായാസേന സാധിക്കുവാൻ സംഗതിവന്നതിനാൽ മാത്രം അത്ഭുതപ്പെടുന്നു. രാമകിശോരൻ: പ്രിയ കുന്ദലതെ, ഭവതിയുടെ ക്രിയകൾക്കും വിചാരത്തിന്നും സദൃശമായ ഒരു പ്രത്യുപകാരം എന്നെകൊണ്ടു ചെയ് വാൻ കഴിഞ്ഞല്ലാതെ ഞാൻ കൃതകൃത്യനാവുന്നതല്ല.കുന്ദലത വിചാരിച്ചു രാമകിശോരൻ:പ്രിയ കുന്ദലതെ, എന്നല്ലെ എന്നെ വിളിച്ചതു് ?-പ്രിയ കുന്ദലതാ-ഞാൻ ചെയ്തതിനെക്കുറിച്ചുളള സന്തോഷംകൊണ്ടായിരിക്കും- അല്ലാതെ എനിക്ക് അങ്ങോട്ടുള്ളതു പോലെ ഇങ്ങോട്ടും പ്രേമം ഉണ്ടാവുകയാലായിരിക്കുമോ- അതല്ല- എന്റെമമേൽ ഇത്ര യോഗ്യനായിരിക്കുന്ന ഇദ്ദേഹത്തിന്നു പ്രേമം ജനിക്കുവാൻ സംഗതിയെന്തു് ?അതുപോലെ അദ്ദേഹന്റെ കുതിരയും അദ്ദേഹത്തിനു് പ്രിയമായിട്ടുള്ളതുതന്നെ-വാളും പ്രിയമായിട്ടുള്ളതുതന്നെ-പറഞ്ഞ സ്വരം കൊണ്ടും മുഖഭാവംകൊണ്ടും പ്രിയശബ്ദത്തിന്നു് അതിലധികം അർത്ഥം കരുതീട്ടുണ്ടെന്നു തോന്നുന്നില്ല. രാമകിശോരൻ: എന്റെ പ്രിയ കുന്ദലതെ, ഭവതിയുടെ ക്ഷേമത്തിനും അഭ്യുദയത്തിന്നും സദാ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സുഹൃത്താണെന്നു് എന്നെ കരുതി ഭവതിയുടെ അക്ഷീണമായ കാരുണ്യത്തിനും സുദൃഢമായ സ്നേഹവിശ്വാസങ്ങൾക്കും എന്നെ ഒരു പാത്രമാക്കിക്കൊള്ളേണമേ. കുന്ദലത:ഈ അപേക്ഷ ഞാൻ അങ്ങോട്ടു ചെയ്യേണ്ടതായിരുന്നു. എന്റെ ലജ്ജകൊണ്ടു് ചെയ് വാൻ കഴിയാഞ്ഞതാണ്. അങ്ങുന്നു് ബുദ്ധിമാനാകയാൽ പറഞ്ഞതിന്റെ അർത്ഥം മാത്രമല്ലല്ലോ ഗ്രഹിക്കുകയുള്ളു എന്നു വിചാരിച്ചു് എന്റെ വാക്കുകൾ ചുരുങ്ങിയതിന്മേൽ ഞാൻ ഒട്ടും വ്യസനിക്കുന്നില്ല.രാമകിശോരൻ: എനിക്കു ഭവതിയെക്കുറിച്ചുള്ള സ്നേഹവും ബഹുമാനവും നാം തമ്മിൽ കണ്ടന്നേ തുടങ്ങീട്ടുണ്ട്.ഇപ്പോൾ അവ  കൃതജ്ഞതയോടു സമ്മിശ്രമായി വളരെ ദ്രഢമാകുംവണ്ണം എന്റെ മനസ്സിൽ വേരൂന്നിയിരിക്കുന്നു. അവയ്ക്ക് ഈ ദേഹദേഹികൾ വേർപെടുന്നതുവരെ യാതൊരു കുലുക്കവും തട്ടുന്നതുമല്ല.

ഇങ്ങനെ രാമകിശോരൻ പറഞ്ഞതു മനഃപൂർവമായിട്ടാണെന്നു് കുന്ദലതയ്ക്ക് പൂർണവിശ്വാസം വരികയാൽ അവളുടെ മുഖം ഏറ്റവും പ്രസന്നമായി. രാമകിശോരനും തന്റെ അന്തർഗതങ്ങൾ ഒക്കെയും കുന്ദലതയെ വേണ്ടതുപോലെ ഗ്രഹിപ്പിക്കാൻ സംഗതിവന്നതിനാൽ അധികമായ സന്തോഷത്തോടുകൂടി കുന്ദലതയുടെ മനോഹരമായ സംഭാഷണത്തെയും അവളുടെ പല വൈഭവങ്ങളെയും വിചാരിച്ചുകൊണ്ടു് കുറേനേരം കഴിഞ്ഞശേഷം ഉറക്കമാകയുംചെയ്തു.

(തുടരും)