Bounteous books and stories free download online pdf in Malayalam

ആർദ്രത.

ലക്ഷ്യത്തിൽ എത്താൻ കഴിയാതെ വീണ്ടും നടന്നുകൊണ്ടിരുന്നു.

ലക്ഷ്യത്തിൽ എത്തുകയോ , എത്താതിരിക്കുന്നതോ

എന്നത് വിധി. പ്രതീക്ഷയോടെ നടക്കുക എന്നത് എൻറെ ധർമ്മം.

നടന്നു ക്ഷീണിതനായി എങ്കിലും. പിൻവാങ്ങാൻ കൂട്ടാക്കാതെ

ഞാൻ നടന്നുകൊണ്ടേയിരുന്നു ;പ്രതീക്ഷയോടെ..

ഇടയ്ക്ക് വിശ്രമിക്കാൻ അൽപനേരം മരത്തണലുകളിൽ

നിൽക്കുമ്പോൾ മരങ്ങൾ ചോദിച്ചു; എങ്ങോട്ടാണ്.

ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു ലക്ഷ്യത്തിലേക്ക്.

അത് കേട്ടു മരങ്ങൾ ചിരിച്ചു. ചിരിക്കാൻ മരങ്ങൾക്ക് ഊർജ്ജം പകർന്നത് കാറ്റായിരുന്നു.
എനിക്ക് അല്പംആശ്വാസം തന്ന കാറ്റ്

എങ്ങോട്ടോ ധൃതിയിൽ പറന്നകന്നു.

മരങ്ങളോടും കാറ്റിനോടും നന്ദി പറഞ്ഞ് ഞാൻ വീണ്ടും നടന്നു;

ദൂരങ്ങൾ താണ്ടി...
ഏതോ മനോഹാരിതമായ കുന്നിൻ മുകളിൽ എത്തിയപ്പോൾ

കുറെ പേർ എന്നെ വളഞ്ഞു. അസാധാരണ വസ്ത്രധാരികളായ അവർ

സന്യാസികളെ പോലെ തോന്നിച്ചു.

അവർ ശാന്തരായിരുന്നു , ഒച്ചയുണ്ടാക്കിയില്ല

മൃദുവായി സംസാരിച്ചു.

എനിക്ക് മനസ്സിലാകാത്തത് ആയിരുന്നു അവരുടെ ഭാഷ.

അരികത്തായുള്ള ആശ്രമത്തിലേക്ക് എന്നെ അവർ കൂട്ടിക്കൊണ്ടുപോയി.

അതിഥിയെപോലെ എന്നോട് അവർ പെരുമാറി.

ആശ്രമത്തിന്റെ പൂമുഖത്തെന്നെ എത്തിച്ച അവർ

ഒരു പീഠത്തിന്റെ മുൻപിലായി എന്നെ നിർത്തിയിട്ട്

ഭവ്യതയോടെ എന്റെ ചുറ്റും നിന്നു.

ആശ്രമാധിപൻ എന്ന് തോന്നിക്കുന്ന ഒരാൾ

ആശ്രമത്തിനുള്ളിൽ നിന്നും ഇറങ്ങി എൻറെ അടുത്തേക്ക് വന്നു.

അസാധാരണ ഉയരവും ശരീരപുഷ്ടിയും ഉണ്ടായിരുന്ന അയാളുടെ മുഖം

ശാന്തഗംഭീരവും പ്രസന്നവും ആയിരുന്നു.

താടിയും മുടിയും നീട്ടി വളർത്തി

പ്രത്യേക ശൈലിയിലുള്ള പട്ടുവസ്ത്രം ധരിച്ചിരുന്ന

അയാളുടെ കഴുത്തിൽ രുദ്രാക്ഷമുൾപ്പെടെ

അനേകം ഹാരങ്ങൾ ചാർത്തപ്പെട്ടിരുന്നു.

ആകർഷകങ്ങളായ മാസ്മരികമായ കണ്ണുകളായിരുന്നു അയാളുടേത്.

എൻറെ അടുത്തേയ്‌ക്ക് പീഠത്തിന്റെ അപ്പുറത്തായി വന്നു നിന്ന അയാളെ

ഞാൻ അടിമുടി നോക്കി.

തെല്ലും ഭയമില്ലാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു.

അയാൾ എന്തൊക്കെയോ ചോദിച്ചു .

എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ ഉള്ള ചോദ്യത്തിന്

ഉത്തരം പറയാൻ കഴിയാതെ ഞാൻ അനിഷ്ടം പ്രകടിപ്പിച്ചു.

അതു മനസ്സിലാക്കിയ അയാൾ അടുത്തു നിന്നിരുന്ന

അനുയായികളിൽ ഒരാളോട് എന്തോ പറഞ്ഞു.

അയാൾ ആശ്രമത്തിനുള്ളിലേയ്‌ക്ക്‌ പോയി.

ആശ്രമാധിപൻ ശാന്തമായി

വീണ്ടും എന്നോട് എന്തൊക്കെയോ ചോദിച്ചു.

ഇത്തവണ ആംഗ്യത്തിലൂടെയും ശബ്ദ ക്രമീകരണത്തിലൂടെയും

ചോദ്യങ്ങൾ എനിക്ക് മനസ്സിലാക്കി തരാൻ അയാൾ ശ്രമിച്ചു.

അകത്തേക്ക് പോയ ആശ്രമവാസി ഒരു താലത്തിൽ

എന്തൊക്കെയോ കൊണ്ടുവന്നു ;

ചെറുതായി അരിഞ്ഞ ചൂടുള്ള പൊരിച്ച മാംസവും മത്സ്യവും

ഒപ്പം പഴങ്ങളും, വലിയ ഒരു മുളനാഴിയിൽ പഴച്ചാറും

അയാൾ എൻറെ മുമ്പിലായി പീഠത്തിന്മേൽ വച്ച്

കഴിക്കാൻ ആവശ്യപ്പെട്ടു..

ഞാൻ താലത്തിലുള്ള ആഹാരത്തിലേക്ക് നോക്കിയിട്ട്

ആശ്രമാധിപന്റെ മുഖത്തേക്ക് നോക്കി.

അയാൾ നിറമന്ദഹാസത്തോടെ ആംഗ്യഭാഷയിൽ

വളരെ രുചികരമായ ആഹാരം ആണെന്ന്

എന്നെ ബോധ്യപ്പെടുത്തികൊണ്ട്

ആഹാരം കഴിക്കാൻ എന്നെ ക്ഷണിച്ചു.

ഞാൻ വീണ്ടും താലത്തിലേയ്ക്ക് നോക്കി.

അതിൽ നിന്നും ഉയർന്ന ഹൃദ്യമായ ഗന്ധം

ആഹാരം കഴിക്കാൻ എന്നെ പ്രേരിപ്പിച്ചു.

താലത്തിൽ വെച്ചിരുന്ന ഫോർക് പോലുള്ള ഉപകരണം

എൻറെ ശ്രദ്ധയിൽപ്പെട്ടു.

ആഹാരം കഴിക്കാൻ അതു കൊണ്ടു വന്ന ആളും

എന്നെ പ്രേരിപ്പിച്ചു.. ഫോർക്ക് പോലുള്ള രണ്ട് പല്ലുകൾ ഉള്ള

മരത്തിൻറെ ഉപകരണം എടുത്ത്,

താലത്തിൽ നിന്ന് ഒരു കഷണം പൊരിച്ച മാംസം

കുത്തിയെടുത്ത് ഞാൻ നാവിലേക്ക് വച്ച് രുചിച്ചു.

ഇത്ര രുചികരമായ മാംസാഹാരം ഞാൻ

അതുവരെ കഴിച്ചിട്ടില്ലായിരുന്നു.

ഞാൻ സന്തോഷപൂർവ്വം അവരെ നോക്കി.

എനിക്ക് അവരോട് വല്ലാത്ത ഒരു അടുപ്പം തോന്നി.

അവർ വളരെ സന്തോഷത്തോടും സ്നേഹത്തോടും

എന്നോട് പെരുമാറി.

ഞാൻ നന്നായി ആഹാരം കഴിച്ചു.

പഴച്ചാർ കുടിച്ചു തൃപ്തനായി.

അനിർവചനീയമായ ഒരു സന്തോഷം

എൻറെ ഉള്ളിൽ നുരഞ്ഞു പൊങ്ങി.

ഞാൻ ആരാണെന്ന് അവർ ചോദിച്ചില്ല ;

എന്തിനിവിടെ വന്നു എന്ന് ചോദിച്ചില്ല;

അവർ ആരാണെന്ന് ഞാനും ചോദിച്ചില്ല.

എന്നെപ്പോലെ തന്നെ ഭൂമിയിൽ ജീവിക്കാൻ

അവകാശം ഉള്ളവരാണ് അവരും

എന്നെനിക്കറിയാമായിരുന്നു.

അവർ ആർദ്രഹൃദയരായിരുന്നു.

അവിടെ ഇരുട്ട് ഞാൻ കണ്ടില്ല ;

എപ്പോഴും വെളിച്ചമായിരുന്നു.

അവിടെ നിഴലുകൾ ഇല്ലായിരുന്നു.

എല്ലാം യഥാർത്ഥം ആയിരുന്നു.

അവിടെ എല്ലാവരും ഉത്സാഹഭരിതരും,

ഉന്മേഷവാന്മാരും,ആഹ്ലാദഭരിതരുമായിരുന്നു.

സ്നേഹാദരങ്ങളാൽ അവർ എന്നെ വീർപ്പുമുട്ടിച്ചു.

അവരോടൊപ്പം ഉദ്യാനത്തിൽ ഞാൻ സമയം ചെലവഴിച്ചു.

അവർ എന്നെ വിരുന്നുകാരൻ എന്നു വിളിച്ചു.

എനിക്ക് ലക്ഷ്യത്തിലേക്ക് പോകണമായിരുന്നു.

ഞാൻ പോകുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു.

പക്ഷേ എനിക്ക് പോകാതെ പറ്റില്ലല്ലോ.

ഞാൻ പോകാൻ ഉറച്ചു തന്നെ നിന്നു.

പോകുമ്പോൾ ഒരു സമ്മാനം കൂടെ കൊണ്ടുപോകണം

എന്ന് ആശ്രമാധിപതി എന്നോട് ആവശ്യപ്പെട്ടു;

സമ്മാനം കാണാതെ തന്നെ ഞാൻ സമ്മതിച്ചു.

അയാൾ എനിക്ക് ആഹാരം കൊണ്ടുവന്ന അനുയായിയോട്

എന്തോ പറഞ്ഞു; അയാൾ ആശ്രമത്തിനു ഉള്ളിലേക്ക് പോയി.

ആശ്രമാധിപൻ ജാലവിദ്യകളാലും മറ്റും

എന്നെ വിസ്മയിപ്പിച്ചു.

ഇവിടെ എത്തുകയായിരുന്നോ എൻറെ ലക്ഷ്യം

എന്ന് ഞാൻ ആലോചിച്ചു. അല്ലെന്നു മനസ്സു പറഞ്ഞു.

ഞാൻ വീണ്ടും ലക്ഷ്യത്തിലേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ

ആശ്രമാധിപന്റെ അനുയായി ഒരു കുട്ടിയുമായി വന്നു.

പോകുമ്പോൾ കൂടെ കുട്ടിയെ കൂട്ടാൻ

ആശ്രമാധിപതി അഭ്യർത്ഥിച്ചു.

ഞാൻ കുട്ടിയെ നോക്കി.

എൻറെ കൂടെ പോരാൻ കുട്ടിക്ക് ഇഷ്ടമായിരുന്നു.

അതെന്നെ നോക്കി മന്ദഹസിച്ചു.

എന്നോടൊപ്പം പോകാൻ ആശ്രമാധിപതി

കുട്ടിയോട് ആവശ്യപ്പെട്ടു.

അവരുടെ അഭ്യർത്ഥന നിരസിക്കാതെഞാൻ

കുട്ടിയെ കൂടെ കൂട്ടി നടന്നു.

സന്തോഷപൂർവ്വം ആശ്രമവാസികൾ ഞങ്ങളെ യാത്രയാക്കി.

കുട്ടിയുമായി ഞാൻ നടന്നു ദൂരങ്ങൾ പിന്നിട്ടു..
കുട്ടിയുമായി കാട്ടുചോലയിലൂടെ നടക്കുമ്പോൾ,

അകലത്തായി നടന്നുനീങ്ങുന്ന

കറുത്ത കരടിയെ കണ്ടു ഞാൻ കുട്ടിയെ കാട്ടിക്കൊടുത്തു.

പരിഭ്രമത്തോടെ കുട്ടി ചോദിച്ചു അത് നമ്മെ ഉപദ്രവിക്കില്ലേ...!

പരിഭ്രമം തെല്ലുമില്ലാതെ ഞാൻ ...

ഏയ് അതു നമ്മെ കാണുന്നില്ലല്ലോ;
മുമ്പോട്ടു നടക്കുമ്പോൾ പെട്ടെന്ന് രണ്ട് കരടികളെ മുന്നിലായി കണ്ടു ഞാൻ ഞെട്ടി.

ഞാൻ കുട്ടിയെ നോക്കി.

കണ്ണുകളിൽ ഭയത്തിന്റെ കരിനിഴൽ.
പാതയോരത്തായ് കിടന്ന ഇരുമ്പ് പട്ടികകളും ,

മരപ്പട്ടികകളും എന്റെ കണ്ണിൽപ്പെട്ടു
നിമിഷങ്ങൾക്കുള്ളിൽ ഇടതുകൈയ്യിൽ

ഇരുമ്പു പട്ടികയും വലതുകൈയ്യിൽ മരപട്ടികയും ഞാൻ കൈക്കലാക്കി..
കുട്ടി ഭയത്തിലും എനിക്ക് ബുദ്ധി ഉപദേശിച്ചു.
ഇരുമ്പു പട്ടിക വലതുകൈയ്യിൽ പിടിക്ക്.
കരടിയെ തന്നെ ശ്രദ്ധിച്ചു ഞാൻ പറഞ്ഞു

ഇല്ല ഇരുമ്പ് പട്ടിക നിൻറെ പ്രതിരോധത്തിനും

മരപ്പട്ടിക കരടികളെ നേരിടാനും ആണ്.
കുട്ടി നിശബ്ദമായി വായപൊത്തി നിന്നു.

മുമ്പോട്ടു ചാടി വന്ന കരടിക്ക് നേരെ ഞാൻ മരപ്പട്ടിക വീശി..
ക്രോധത്തോടെ കരടി പറഞ്ഞു

അടിക്കരുത് നിന്നെ ഞാൻ കൊല്ലും.

അടിച്ചില്ലെങ്കിൽ നീ ഞങ്ങളെ കൊല്ലാതിരിയ്ക്കുമോന്നു ഞാൻ ..
ക്രോധത്തോടെ കരടി വീണ്ടും എന്നെ നോക്കി.

എനിക്ക് കുട്ടിയെ രക്ഷിക്കണം ഞാൻ മനസ്സിലുറച്ചു.

കൊല്ലാൻ ഉറച്ചുതന്നെ കരടി മുന്നോട്ടെടുത്തു.

ഞാൻ വലതുകൈയ്യിലെ പട്ടിക മുറുകെപ്പിടിച്ചു.

കരടിയുടെ തലയിൽ ആഞ്ഞടിച്ചു.
കരടികൾക്ക് ആക്രമിക്കാൻ അവസരം കൊടുക്കാതെ

ഞാൻ ഇടതുകയ്യിലെ ഇരുമ്പു പട്ടികയാൽ പ്രധിരോധം തീർത്തു

വലതു കൈയ്യിലെ മരപ്പട്ടികകൊണ്ട്‌ ശക്തിയായി കരടികളുടെ തലക്കടിച്ചു.

അടിയേറ്റ കരടികൾ ചത്ത് വീണു.
ഞാൻ കുട്ടിയെ നോക്കി

അതിൻറെ മുഖത്തുനിന്നും അമ്പരപ്പിന്റെയും, ഭയത്തിന്റെയും

കരിനിഴൽ മാറുന്നതും

സന്തോഷത്തിന്റെ ഓളങ്ങൾ ഒഴുകിയെത്തുന്നതും ഞാൻ കണ്ടു..
ശ്വാസമെടുക്കാൻ മറന്നിരുന്ന ഞാൻ കുട്ടിയെ നോക്കി

ആശ്വാസത്തോടെ ഇരട്ടി ശ്വാസമെടുത്തു..
അകലെ നിന്നും ഉയർന്ന ആരവം കേട്ടു ഞാൻ നോക്കി.

ജനങ്ങൾ ആരവത്തോടെ ഓടി അടുക്കുന്നു.
അവർ ഞങ്ങളെ വാരിയെടുത്ത് ആനന്ദനൃത്തം ചെയ്തു.

ആരൊക്കെയോ ക്യാമറകളുമായി വന്നു.

ക്യാമറകൾ ഞങ്ങളെ തന്നെ നോക്കി.
അവയിൽനിന്നും കൊള്ളിമീൻ പോലെ

വെളിച്ചത്തിന്റെ മിസൈലുകൾ

ഞങ്ങളുടെ മുഖത്തേക്ക് പതിച്ചു .
തുറന്ന വാഹനത്തിൽ അവർ ഞങ്ങളെ കയറ്റി.

പുഷ്പഹാരങ്ങൾ അണിയിച്ചു.
അവർക്കെന്നെ ഹീറോ ആക്കണമായിരുന്നു.

ഞാൻ നിഷേധിച്ചിട്ടും അവർ അടങ്ങിയില്ല.

മനസ്സു പറഞ്ഞു ; എനിയ്ക്ക് ഹീറോയിസം വേണ്ട.

അതെന്നിലുള്ള മനുഷ്വത്വത്തിനു മങ്ങലേൽപ്പിക്കും

കൂട്ടത്തിൽ ചേരാതെ കുറച്ചു പേർ മാറി നിൽക്കുന്നത് ഞാൻ കണ്ടു.

ചിലർ പറഞ്ഞു കരടിയെ കൊന്നത് ശരിയായില്ല.;

കുട്ടിയെ രക്ഷിക്കാൻ അല്ലേ എന്ന് മറ്റു ചിലർ.;

അവർ തമ്മിൽ തർക്കമായി. ജയിക്കാൻ പരസ്പരം മത്സരിച്ചു...

ഏതാണ് ശരി കരടിയെ കൊന്നതോ.. ?

കുട്ടിയെ രക്ഷിച്ചതോ...?

ശരിയും തെറ്റും ഇരുട്ടും വെളിച്ചവും പോലെയാണ്...

ഇരുട്ട് ആണോ ശരി ; വെളിച്ചം ആണോ ശരി. ...?
കരടിയെ നേരിട്ട പോലെ അവരെ നേരിടാൻ കഴിയാതെ

എനിക്ക് പരാജയപ്പെടേണ്ടി വന്നു.
ഞാൻ കുട്ടിയെ നോക്കി.

അതീവ സന്തോഷത്തോടെ അഭിമാനത്തോടെ

അത് എന്നെ നോക്കി ചിരിച്ചു.

എൻറെ ഹൃദയം ഏതോ ആത്മനിർവൃതിയാൽ നിറഞ്ഞു!

ബഹളങ്ങളിൽ നിന്ന് ഊളിയിട്ടു ഞാൻ നടന്നു...

കുട്ടിയെ കൂട്ടാൻ മറന്ന ഞാൻ തിരിഞ്ഞു നോക്കി. ..

കുട്ടിയെ കണ്ടില്ല. ..ആൾക്കൂട്ടത്തെ കണ്ടില്ല...

സംശയിച്ചു ഞാൻ നിന്നു..എല്ലായിടവും തിരഞ്ഞു...

ആരുമില്ല.!

വീണ്ടും ഞാൻ ഒറ്റയ്ക്ക്....ഇതുവരെ ഒറ്റയ്ക്കല്ലേ നടന്നത്....

ആരുമില്ലാതെ...!

ഇടയ്ക്ക്എങ്ങോ കുട്ടിയെ കൂട്ടി;

വീണ്ടും ഒറ്റയ്ക്ക്....നടന്നു....ദൂരങ്ങൾ പിന്നിട്ടു....

പെട്ടെന്ന് വഴി തീർന്നത് പോലെ തോന്നി!
അറിയാത കണ്ണുകൾ തുറന്ന ഞാൻ സ്വപ്നമല്ല എന്നുറപ്പിക്കാൻ

കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു.

പങ്കിട്ടു

NEW REALESED