ഉണങ്ങി വരണ്ട മരുഭൂമിയായി കിടന്നിരുന്ന ഹൃദയത്തിലേക്ക് അപ്രതീക്ഷിതമായി വീണ മഞ്ഞു തുള്ളി..
ഹൃദയ ധമനികൾക്കുള്ളിലെവിടെയോ നേരിയ ജീവന്റെ തുടിപ്പുണ്ടായി ...
പ്രതീക്ഷിക്കാതെ ചാറ്റൽ മഴ പെയ്തു ...
വരണ്ടുകിടന്നിരുന്ന ഹൃദയ ധമനികൾ ആ ചാറ്റൽ മഴയിൽ കുതിർന്നു ...
നേരിയ തുടിപ്പ് ചലനങ്ങളായി ...
ചാറ്റൽ മഴ ശക്തിപ്പെട്ട് മഴയായ് പെയ്തു തുടങ്ങി ...
ഹൃദയ ധമനിയിലെ ജീവന്റെ ചലനം ബലപ്പെട്ടു ...മുളപൊട്ടി ....”
തോരാതെ പെയ്ത മഴയിൽ പുതു ജീവൻ കിട്ടിയ മുകുളങ്ങൾ ആനന്ദത്തോടെ വളർന്നു തുടങ്ങി..
വേരൂന്നി ചെടിയായി വളർന്നു പൊങ്ങി ശക്തിപ്പെട്ടു ..
പൂക്കാൻ ആഗ്രഹിച്ചു ...
അതറിഞ്ഞിട്ടോ എന്തോ ..മഴനിന്നു ..
പൂക്കാനായി, കായ്ക്കാനായി വെമ്പൽ കൊണ്ട ചെടി മഴക്കായ് കാത്തിരുന്നു ...
വീണ്ടും മഴ പെയ്യുമെന്ന പ്രതീക്ഷയോടെ; മുമ്പ് പെയ്ത മഴയുടെ നേരിയ നനവിൽ വേരുകൾ പടർത്തി പിടിച്ചുനിന്നു ..
പക്ഷെ മഴ പിന്നീട് പെയ്തില്ല ..
മഴ മറ്റെവിടെയോ പോയി പെയ്തൊ..?
പാവം ചെടിക്കറിയില്ല...”
ചിന്തകളിലും ചെടി ഉറച്ചു വിശ്വസിച്ചു ; തനിക്കു ജീവൻ തന്ന മഴ ഇനിയും പെയ്യും ..ശക്തിയായി ...
എന്നിൽ പൂവുകൾ പൂക്കും , ..പൂവുകൾ കായ്കളായും മാറും ..
പക്ഷെ മഴ ചെടിയെ മറന്നു ..എവിടെയോ പോയി ..
ഇടയ്ക്കു നിഴൽ പോലെ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ചെടി ആശയോടെ , പ്രതീക്ഷയോടെ വീണ്ടും കാത്തു ...
പക്ഷെ നിമിഷങ്ങൾ മാത്രം നിഴൽപോലെ നിന്നിട്ട് കാർമേഘങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ..
മഴകിട്ടാതെ വാടി തുടങ്ങിയ ചെടി മഴയോട് പരിഭവങ്ങൾ പറഞ്ഞു മഴക്കായ് കേണു ...
ചെടിയുടെ പരിഭവങ്ങൾ മഴയെ അസഹ്യപ്പെടുത്തി..
മഴക്കായ് ചെടി വീണ്ടും വീണ്ടും കേണെങ്കിലും,
അത് കേട്ട മഴ ചെടിയോടു കരുണ കാണിച്ചില്ല ..
ചെടിയുടെ മനസ്സറിയേണ്ട കാര്യം മഴക്കില്ലായിരുന്നു ..
ചെടിയുടെ തുടർച്ചയായുള്ള കേഴൽ മഴയെ ചൊടിപ്പിച്ചു ...
പൂക്കാനായി, കായ്ക്കാനായി മോഹിച്ഛ് ചെടി വീണ്ടും വീണ്ടും മഴക്കായ് കേണപ്പോൾ മഴയ്ക്ക് കോപം വന്നു ...
മഴയുടെ ഭാവം പെട്ടെന്ന് മാറി ..
ശക്തിയുള്ള വെള്ളിടിയായി മാറിയ മഴ; അഗ്നി ജ്വാലയായി ചെടിക്കു മേലേക്ക് നിർദാക്ഷിണ്യം പെയ്തിറങ്ങി ..
ഒരു നിമിഷംകൊണ്ട് ചെടി കത്തിക്കരിഞ്ഞു...
അഗ്നിജ്വാലയിൽ കത്തിയമരുമ്പോൾ ചെടി മഴയെ ശപിച്ചു ..
ഒരു നാൾ നീയും അറിയും മുറിവേറ്റ ഹൃദയത്തിന്റെ നൊമ്പരം ...
പ്രാണൻ പിടയുമ്പോൾ ചെടി ദൈവത്തോട് ചോദിച്ചു ...
“എന്നെ സൃഷ്ട്ടിച്ചത് നീയല്ലേ ..; മഴയെ സൃഷ്ട്ടിച്ചതും നീ തന്നെയല്ലേ ..; മഴ എന്നോട് ചെയ്തത് നീ കാണുന്നില്ലേ..? നീ സകലവു കാക്കുന്ന, വിശ്വത്തിന്റെ നാഥനല്ലെ ; എന്റെ ജീവൻ നീ മഴയുടെ കയ്യിൽ ഏല്പിച്ചുവോ ..?
ചെടിയുടെ രോദനം ദൈവം കേട്ടു.;
ദൈവം ചെടിയോടു പറഞ്ഞു ; അതെ നിന്റെ ജീവൻ എന്റെ കയ്യിലാണ് ; ഞാൻ അറിയാതെ നിന്റെ ജീവനെടുക്കുവാൻ ആർക്കും ആർക്കും കഴിയില്ല ..; ഭയപ്പെടേണ്ട; മഴ ചെയ്തത് മൂലം നീ നശിക്കില്ല ..;നിന്റെ വേരിനടിയിലുള്ള നനവ് ഞാൻ നിലനിർത്തും; സൂര്യതാപത്താൽ നിന്റെ വേരിനടിയിലുള്ള നനവ് വരണ്ടു പോകയില്ല. .സൂര്യന്റെ വെയിലേറ്റ് നിന്റെ വേരുകൾ കരിഞ്ഞു നീ ഇല്ലാതാകാതിരിക്കാൻ വെയിൽ നിന്റെമേൽ പെടാതെ നോക്കാൻ സൂര്യനോട് ഞാൻ കല്പിക്കും. ഞാൻ സകലത്തെയും സൃഷ്ട്ടിച്ചവനാണ് ; നിന്നെ ഇല്ലാതാക്കാൻ നോക്കിയ മഴയെ ഞാൻ ശിക്ഷിക്കും ...; നീ വിഷമിക്കേണ്ട ; നിന്നിൽ വീണ്ടും മുളപൊട്ടാൻ രാത്രിയിൽ ഞാൻ മഞ്ഞുപെയ്യിക്കും ... ; നീ വീണ്ടും തളിർക്കും , പൂക്കും .., നിന്നിൽ ഫലങ്ങളും ഉണ്ടാവും. കാലങ്ങളും ഋതുക്കളും തീരുമാനിക്കുന്നത് ഞാനാണ് ...; ധൈര്യമായിരിക്കു..;നിന്റെ ദൈവം നിന്നെ കൈവിടുകയില്ല ..; ഉപേക്ഷിക്കയുമില്ല .
ചെടിയുടെ കണ്ണുനീരിൽ കുതിർന്ന് മനസ്സിലെ തീയണഞ്ഞു ...ദൈവത്തിന്റെ ആശ്വാസവാക്കുകൾ ഹൃദയ ധമനികളിൽ ആശ്വാസത്തിന്റെ നനുത്ത കുളിർ പകർന്നു ..നേരിയ നനവുള്ള മണ്ണിൽ വേരുകൾ ആശ്വാസത്തോടെ അമർന്നിരുന്നു ...
ദൈവം മഴയെ ശ്വാസിച്ചു പറഞ്ഞു ; നീ സംവൽസരങ്ങൾ പെയ്യാതിരിക്കട്ടെ ...; പെയ്യാൻ കഴിയാതെ കാർമേഘമായി നീ ശൂന്യതയിൽ നിറഞ്ഞു നിൽക്കും ..,പെയ്തൊഴിയാതെയുള്ള വീർപ്പുമുട്ടൽ നീ അറിയും ...,ഞാൻ പെയ്യിക്കുന്ന മഞ്ഞിനാൽ നീ ഇല്ലാതാക്കാൻ ശ്രമിച്ച ചെടി വളർന്നു ,പൂവിട്ടു ഫലം കായ്ക്കുന്ന നാൾ വരെ നീ പെയ്യാതിരിക്കും ..., ഇത് എന്റെ തീരുമാനമാണ് .പെയ്യാൻ പറ്റാതെ വീർപ്പുമുട്ടി നിന്റെ ഹൃദയം വിങ്ങും ..”
ദൈവം കല്പിച്ചതുപോലെ പെയ്യാനാവാതെ സംവത്സരങ്ങൾ മഴ കാർമേഘമായ് നിന്നു...
പെയ്യാനാവാതെ വീർപ്പുമുട്ടലാൽ ഹൃദയം വിങ്ങുമ്പോഴൊക്കെ മഴ ചെടിയെ ഓർത്തു ...; “ അന്ന് ചെടി എനിക്കായ് കേണപ്പോൾ അൽപ്പമെങ്കിലും പെയ്തിരുന്നെങ്കിൽ അതൊരു മരമായ് വളർന്ന് നിറയെ ചില്ലകളും , ഇലകളും ,പൂക്കളും ,കായ്കളുമൊക്കെയായ് നിൽക്കുമ്പോൾ കുറച്ചു നേരമെങ്കിലും എനിക്ക് തുള്ളികളായി ചില്ലകളിലും ,ഇലകളിലും ,പൂക്കളിലും ,കായ്കളിലുമൊക്കെ ഇരുന്ന് ആശ്വസിക്കയും ,വിശ്രമിക്കയുമൊക്കെ ചെയ്യാമായിരുന്നു ...”
രാത്രികളിൽ ദൈവം പെയ്യിച്ച മഞ്ഞിനാൽ ചെടിയിൽ വീണ്ടും മുളപൊട്ടി ..,മുകുളങ്ങൾ വളർന്ന് ഇലകളായി ...ചെറിയ കൊമ്പുകളായി ..; വേരുകൾ ഉറച്ഛ് മരമായി വളർന്നു കൊണ്ടിരുന്നു ...
ശൂന്യതയിൽ കാർമേഘകടലായ് പെയ്യാൻ കഴിയാതെ വീർപ്പുമുട്ടിയ മഴ ഹൃദയ വേദനയാൽ ഒടുവിൽ പശ്ചാത്താപത്തോടെ ദൈവത്തോട് പറഞ്ഞു ;
ദൈവമേ നീ എന്നോട് പൊറുക്കണം ...; നീ തന്നെയാണ് എന്നെയും സൃഷ്ട്ടിച്ചതെന്നോർക്കാതെ ഇഷ്ടമുള്ളിടത്തൊക്കെ എപ്പോൾ വേണമെങ്കിലും പെയ്യാമെന്നുള്ള അധികാരത്തിൽ ഞാൻ അഹങ്കരിച്ചു .., ചെടിയോടു ഞാൻ ചെയ്തത് തെറ്റാണ് ..,നീ ആരാണെന്നു ഇന്ന് ഞാൻ അറിയുന്നു ..,പെയ്യാൻ പറ്റാതെയുള്ള ഈ വീർപ്പുമുട്ടൽ താങ്ങാൻ എനിക്കാവുന്നില്ല ..,എന്റെ തെറ്റുകൾ പൊറുത്തു എന്നെ നീ പെയ്യാൻ അനുവദിക്കണം ...
ദൈവം പറഞ്ഞു ; നിന്റെ തെറ്റുകൾ ഞാൻ ക്ഷമിക്കും ..; പക്ഷെ നീ ഒന്നോർക്കണം ഭൂമിയിൽ ഞാൻ ശേഖരിച്ചിരിക്കുന്ന വെള്ളമാണ് മഴയായ് പെയ്യുന്ന നീ ..ഭൂമിയിലെ വെള്ളം നിന്നിലേക്കെത്താൻ ഞാൻ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു .., അതുകൊണ്ട് അഹങ്കരിക്കാൻ നിനക്കൊന്നുമില്ല ..,തെറ്റുകൾ നീ സ്വയം തിരിച്ചറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു ..., നീ ഇല്ലാതാക്കാൻ ശ്രമിച്ച ചെടിയെ നോക്കൂ..അത് വീണ്ടും വളർന്ന് മരമായിക്കൊണ്ടിരിക്കുന്നു .., പ്രായിശ്ചിത്തമെന്നവണ്ണം നീ ആദ്യം അതിന്മേൽ തന്നെ മഴയായ് പെയ്യുക ..., ജീവിതം സന്തോഷിക്കാനുള്ളതാണ് ...,സൃഷ്ട്ടാവിനെ മറക്കാതിരുന്നാൽ ഈ പ്രപഞ്ചത്തിലുള്ള ജീവനുകളെല്ലാം ഏപ്പോഴും സന്തോഷമായിരിക്കും ...”
ദൈവത്തോട് നന്ദി പറഞ്ഞു കാർമേഘമായിരുന്ന മഴ ഓടി ...വളർന്നു മരമായിത്തീർന്ന ചെടിയുടെമേൽ പെയ്തു ..
മഴത്തുള്ളികളെ മരത്തിന്റെ ചില്ലകളും ,ഇലകളും സന്തോഷത്തോടെ സ്വീകരിച്ചിരുത്തി ...
മഴയിൽ കുതിർന്നു ആനന്ദത്തോടെ നിന്നിരുന്ന മരത്തോടു മഴ ചോദിച്ചു ;
“ഞാൻ ഇല്ലെങ്കിലെന്താ മഞ്ഞിനാൽ നീ വീണ്ടും മുളപൊട്ടി മുകുളങ്ങളായി ഇലകളായി ചില്ലകളായി മരമായി വളർന്നില്ലേ..;
മരമായിത്തീർന്ന ചെടി സന്തോഷത്തോടെ പറഞ്ഞു ;
നീ പറഞ്ഞത് ശെരിയാണ് .., പക്ഷെ മഴയായ നിന്നിൽ കുതിർന്നിങ്ങനെ നിൽക്കുന്ന അനുഭൂതി ഒരിക്കലും മഞ്ഞിൽനിന്നും കിട്ടില്ല ..,നിന്നിൽ കുതിർന്നുനിന്നു പൂക്കാനാണെനിക്കിഷ്ട്ടം ..
മഴയ്ക്ക് സന്തോഷമായി.: സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് മഴ പറഞ്ഞു ;
ശെരിയാണ് നിന്റെ ചില്ലകളിലും ,ഇലകളിലും പറ്റിയിരിക്കുന്ന ഈ അനുഭൂതി എനിക്ക് വേറെവിടെയും കിട്ടില്ല .., ഇനി ഞാൻ എന്നിലെ ജലം ഇല്ലാതാകുന്നവരെ നിന്റെമേൽ പെയ്തുകൊണ്ടിരിക്കും ..
മരത്തിൽനിന്നും നിലത്തേക്ക് വീണ തുള്ളികൾ മഴയുടെ കണ്ണിൽനിന്നും പൊഴിഞ്ഞ അശ്രുകണങ്ങളായിരുന്നു ..
മഴ വീണ്ടും മരത്തിന്മേൽ പെയ്തിറങ്ങി ..
മരം മഴയിൽ കുതിർന്നു അനുഭൂതിയിൽ ലയിച്ചു ...
പൂക്കാലം വരവായി .
By CHARLS LORENZ