Read Waste of money by Sihabudheen chembilaly in Malayalam Short Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പാഴ് കിനാവ്

" രമ്യേ നീ കിടക്കുന്നില്ലേ "?
വിദ്യയുടെ ചോദ്യം രമ്യയുടെ പുസ്തക വായന മുറിച്ചു .
"ഇല്ല കുറച്ചു കൂടി വായിച്ചിട്ട് ......"
"അപ്പോള്‍ ഇന്ന് വൈകിട്ട് പോകണ്ടേ" ?
"അറിയില്ല ..മുന്‍കൂട്ടി അറിയിക്കുന്ന ജോലിയാണോ നമ്മുടേത്‌ ? അല്ലെങ്കില്‍ തന്നെ എന്തറിയാന്‍ ..ആളും സ്ഥലവും മാറുന്നൂന്നു മാത്രം..മാറ്റമില്ലാത്തത് നമുക്ക് മാത്രം .."
സംസാരം പകുതിക്ക് നിര്‍ത്തി രമ്യ കട്ടില്‍ പടികളില്‍ മിഴിയൂന്നി എന്തോ ആലോചിച്ചെന്ന പോലെ ഇരുന്നു..
"ഒരു കണക്കിന് നീ പറേന്നതാ ശരി ..നമ്മളെന്തിനു ആളും തരോം നോക്കണം..പോകാന്‍ പറയുന്നു .പോണു ..അത്ര മാത്രം" .
വിദ്യ രമ്യ പറഞ്ഞത് ശരി വെച്ചു.
"എന്റെ രമ്യേ ഇന്നലെ ഒരു തമിഴനായിരുന്നു കൂട്ട് . ഹൊ! അവന്റെ നാറിയ മണം ..പല തവണ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.അവനാണെങ്കില്‍ ഒടുക്കത്തെ പരാക്രമോം..പെണ്ണിനെ കാണാത്ത പോലെ ..വൃത്തികെട്ട പന്നി ..ഒന്നു കുളിച്ചിട്ടും എനിക്കറപ്പു മാറിയിട്ടില്ല ".
വിദ്യയുടെ യുടെ മുഖത്ത് ഇപ്പോഴും വിട്ടു മാറാത്ത അറപ്പു തെളിഞ്ഞു നില്‍ക്കുന്ന പോലെ .

"നിനക്ക് ആ പരട്ട തള്ള ഏലിയാമയോട് അനുഭവിച്ചതിന്റെ കണക്ക് പറഞ്ഞു കാശ് വാങ്ങിച്ചൂടാരുന്നോ?"
രമ്യ നീരസത്തോടെ ചോദിച്ചു.
"ഹും ..നല്ല ചേലായി മുഖമടച്ചോരാട്ടും, പുളിച്ച തെറീം , പിന്നെയീ സുഖവാസത്തിന്റെ കണക്കും എണ്ണം പറഞ്ഞു ബോധിപ്പിച്ചു തരും .നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്നൊരുപദേശവും കിട്ടും .കേട്ട് മടുത്തത് കൊണ്ട് അതിന് മെനക്കെട്ടില്ല.."
രമ്യ അതിന് മറുപടി ഒന്നും പറഞ്ഞില്ല ..അവള്‍ വീണ്ടും പുസ്തക താളുകളിലേക്ക് മുഖം തിരിച്ചു.
വിദ്യ സീലിംഗ് ഫാനിന്റെ കറക്കത്തിനൊപ്പം കണ്ണുകളെ വട്ടം ചുറ്റിച്ചു വെറുതേ കിടന്നു ..

"നീ ഇന്നലെ എവിടെയായിരുന്നു ?"
വിദ്യ വീണ്ടും രമ്യയുടെ നേര്‍ക്ക്‌ തിരിഞ്ഞു ചോദിച്ചു .
"ഇവിടെ.... സിറ്റിയില്‍ തന്നെ .."
രമ്യ ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കി ..
"ഹോട്ടലിലോ" ?
"ഹേയ് അല്ല ..കൊട്ടാരം പോലെ എന്ന് പറയാവുന്ന ഒരു വീട്ടില്‍ "..
അവള്‍ ബുക്ക് മടക്കി പിടിച്ച് കൊണ്ട് പറഞ്ഞു ..
"അത് പറഞ്ഞാല്‍ വളരെ രസമാണ് . ആ വലിയ വീട്ടില്‍ അയാള്‍ മാത്രം .തടിച്ചു കുടവയറു ചാടി ഉണ്ട കണ്ണുകളുള്ള കുംഭകര്‍ണ്ണനെപ്പോലെ ഒരു തടിമാടന്‍ .അന്‍പതിനു മുകളില്‍ പ്രായം തോന്നിക്കും .എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു..അവിടെ നിന്നോളാന്‍ ..അയാളുടെ ഭാര്യയും മകളും മരിച്ചതാണത്രെ..
എന്നെ മകളെപ്പോലെ നിര്‍ത്തിക്കോളാമെന്ന്.....എനിക്ക് പെട്ടെന്ന് 'ലോത്തിന്റെ' പെണ്മക്കളെ ഓര്‍മ്മ വന്നു.."
"ലോത്തോ..അതാരാ ?"
വിദ്യ ഇടയ്ക്ക് കയറി ചോദിച്ചു ..
"ഹേയ് ..അതൊരു കഥയാ ..അച്ഛനെ പ്രാപിച്ച പെണ്മക്കളുടെ കഥ .."
"ഓ.! അങ്ങനെ" ..
വിദ്യ നിസ്സാരമട്ടില്‍ പറഞ്ഞു..
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"ഇന്നനുഭവിച്ച പുരുഷന്റെ മണം നാളെ എനിക്കലര്‍ജ്ജിയാണെന്നു പറഞ്ഞു ..മാത്രമല്ല ഇതുവരെയുള്ള എന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കുമ്പോള്‍ രണ്ടാമതൊന്നു കൂടി ആസ്വദിച്ചു രമിക്കാനുള്ള സംഗതികളൊന്നും നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ലാന്നും ..."
"ങ്ങാ ഹാ ....എന്നിട്ട് "!
വിദ്യ ഉത്സാഹത്തോടെ കൈകുത്തി കിടന്നു ചോദിച്ചു ..
"എന്നിട്ടെന്താ ഉടന്‍ തന്നെ പുള്ളി പരിപാടി അവസാനിപ്പിച്ചു ..പുറത്ത് വണ്ടിയുണ്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.."
"നന്നായി ..മോളാക്കിക്കോളാന്ന് ..... അവന്റെ കുടില ബുദ്ധിയേ ! ചെറ്റ .." വിദ്യ ശബ്ദത്തില്‍ പല്ല് കടിച്ച് നിവര്‍ന്നു കിടന്നു ..

" രമ്യേ...നീ എന്നെങ്കിലും ഒരു കല്യാണ മണ്ഡപം സ്വപ്നം കണ്ടിട്ടുണ്ടോ ?"

തികച്ചും അവിചാരിതമായ വിദ്യയുടെ ചോദ്യം രമ്യയെ തെല്ലോന്നമ്പരപ്പിച്ചു.അവള്‍ ചോദ്യഭാവത്തില്‍ കൂട്ടുകാരിയെ നോക്കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യ രമ്യയുടെ മറുപടി കാക്കാതെ തുടര്‍ന്നു..
"ഞാന്‍ ഒരുപാട് തവണ ആ സ്വപ്നം കണ്ടിട്ടുണ്ട് .. അമ്പല മുറ്റത്ത്‌ ഒരു വലിയ കതിര്‍ മണ്ഡപം ..ഒരു മണവാട്ടി പെണ്ണിന്റെ എല്ലാ അലങ്കാരങ്ങളിലും മുങ്ങിക്കുളിച്ച് ഞാന്‍ ..ചുറ്റിനും അഛന്‍, അമ്മ , മറ്റ് ബന്ധുക്കള്‍ ,നാട്ടുകാര്‍...
പിന്നെ ..പിന്നെ...കല്യാണ കച്ചേരിയുടെ
അരോഹണ .... അവരോഹണത്തില്‍ ഒരു താലി കെട്ട്...."

"ഹ ഹ ...കേമമായിട്ടുണ്ട് ..വെറുതയല്ല ഏലിയാമ്മ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് .. 'നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്ന്‍.."
രമ്യ പരിസരം മറന്നു പൊട്ടിച്ചിരിച്ചു..
"ആട്ടെ ആരാണ് വരന്‍ ...ആ കോമളരൂപനെ വര്‍ണ്ണിച്ച് കേട്ടില്ലല്ലോ ?"
"ഓ ..അവനെപ്പറ്റി ഞാന്‍ പറഞ്ഞില്ല അല്ലേ.. വെളുത്ത് മെലിഞ്ഞു ഒത്ത നീളമുള്ള ഒരു സുന്ദരക്കുട്ടന്‍ ..ഇന്നലെക്കൂടി ഞാന്‍ കണ്ടു ...ഒരു ചുവന്ന സിന്ദൂര ഡബ്ബയില്‍ വിരല്‍ തൊട്ട് അവനെന്റെ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നു ..."
"നിനക്ക് ശരിക്കും ഭ്രാന്താണ് "...
രമ്യ പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു ..
"തെരുവു വേശ്യകള്‍ക്ക് എന്നോ നഷ്ടപ്പെട്ട കന്യകാത്വത്തിന്റെ അടയാളം പോലെയാണ് ചുവപ്പ് അനാഥമായ സീമന്തരേഖ ..
ഓ ഹ് ..എന്റെ കൂടെക്കൂടി പെണ്ണിന് ലേശം സാഹിത്യ പൊടി മണം ഏറ്റിട്ടുണ്ട്..ഭാഗ്യം .."
രമ്യ ചിരിച്ച് കൊണ്ട് പറഞ്ഞു ..
"സ്വപ്നങ്ങളില്‍ ശരീരം നഷ്ടമാകത്ത ഒരു പാവം പെണ്ണിന്റെ നിറക്കൂട്ടുകളില്‍ ഇത്രയെങ്കിലും പാടുള്ളതല്ലേ.... വര്‍ണ്ണ തുമ്പികളായ് പാറിപ്പറന്ന്‍ , ശിശിരങ്ങളില്‍ ഇല പൊഴിക്കുന്ന മരങ്ങളെ പുല്‍കി ..ആര്‍ത്തു പെയ്യുന്ന മഴത്തുള്ളികളില്‍ ഉടലൊട്ടി....മഞ്ഞു മൂടിയ കൂടാരങ്ങളില്‍ മെയ്യോടു മെയ്യ്‌ പുണര്‍ന്നുരാവുറങ്ങി ........................"
വിദ്യ പാതിയടഞ്ഞ മിഴികളോടെ അവ്യക്തമായ്‌ പുലമ്പിക്കൊണ്ടേയിരുന്നു ...



കുശിനിക്കാരന്‍ പയ്യന്‍ ജനലിലൂടെ ഒരു കുറിപ്പ് വിദ്യക്ക് നീട്ടി ...
അവള്‍ യാതൊരു ഭാവഭേദവുമില്ലാതെ അത് നിവര്‍ത്തി നോക്കി ..വൈകിട്ട് രണ്ട് പേര്‍ക്കും പറന്നിറങ്ങേണ്ട തീരവും, നേരവും അതില്‍ കൃത്യമായി കുറിച്ചിരുന്നു ...
അവള്‍ തല ചരിച്ച് രമ്യയെ നോക്കി ..
അവളുടെ പിറുപിറുക്കല്‍ നേര്‍ത്തു തുടങ്ങിയിരുന്നു ....

അന്നുരാത്രി
വെളുത്ത് സുന്ദരനായ ഒരു യുവാവിന്റെ അടക്കിപ്പിടിച്ചുള്ള ചുടുചുംബനത്തില്‍ സിന്ധൂരരേഖയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ചുവപ്പാര്‍ന്നു ചാലുകീറി നാസിക തുമ്പിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ ആകെ കുളിരുകോരി വിദ്യയുടെ ചെഞ്ചുണ്ടില്‍ ഒരു മൃദു പുഞ്ചിരി പൊട്ടി വിടര്‍ന്നു .........