Read Five poems by Sihabudheen chembilaly in Malayalam കവിത | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

അഞ്ചു കവിതകൾ



(1) അച്ഛൻ

ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍.....

കാൽ പതിപ്പിച്ചു നടക്കുമ്പോള്‍ അറിയുന്നു ഞാൻ അച്ചന്റെ സ്നേഹം ......

ആ പാദങ്ങളിലായ് കുഞ്ഞ് പാദം ചേർത്ത് വെച്ച് പിച്ചവെച്ചൊരു ഓർമ്മകളും......

ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍
കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം വാത്സല്യം......

അമ്മയ്ക്ക് പകരം
താരാട്ട് പാടേണ്ടി വന്നപ്പോൾ
അച്ചൻ മൂളിത്തന്നത്
ഈണമില്ലാത്ത രാഗങ്ങളായിരുന്നു.......

തൊണ്ടയറ്റം വന്നൊരു കിതപ്പ്..
കഴുത്തിനെ ഇറുക്കി ശ്വാസംമുട്ടിക്കുംപോലെ..
പിന്നെ അച്ചന്റെ ഉദരത്തില്‍ നിന്നുമൊരു തീനാളം-
നെഞ്ചിന്‍ കൂടോളം വന്ന് ഒരു ആളല്‍..
എല്ലാം ഉള്ളിൽ ഒതുക്കി
എനിക്കായി മൂളി അച്ചൻ രാഗ താള പല്ലവികൾ.......

ഭയനിരുനില്ല ഞാൻ ഒന്നിനെയും
അച്ഛന്റെ ചാരെ നിന്നിടുമ്പോൾ ...

ആ ഒട്ടിയ നെഞ്ചിൻ കൂട്
പട്ടു മെത്ത പോലെ...
നിറ 'സ്നേഹത്തിൻ ചൂടിൽ
മുഖമൊളിപ്പിച്ചു കുണുങ്ങി ഞാൻ.....

സന്ധ്യക്ക്‌ പടികടന്നു
വരുന്നൊരു വിയർപ്പുമണം
കാത്തിരുന്നൊരു കാലം
ഉണ്ടായിരുന്നു …

നിലത്തുറക്കാത്ത കാലിലും
ഉടുമുണ്ടിടക്കിടെ
അഴിഞ്ഞു വീഴുമ്പോഴും
ചോരാതെ എത്തുന്ന
ഒരു പൊതിക്കായുള്ള
കാത്തിരിപ്പിന്റെ കാലം ......


ഇന്നെന്റെ വീടിന്റെ മാറാല തൂക്കുമ്പോൾ
ചുമരിലായ് കണ്ടു ഞാൻ അച്ഛന്റെ ഫോട്ടോ...

ഓർമ്മയാം ചെപ്പു തുറന്നു
ഒരു തുള്ളി കണ്ണു നീരാലെ ഞാനാ
പൊടിയൊക്കെ നന്നായ് തുടച്ചു നീക്കുമ്പോൾ അറിയാതെ എൻ നെഞ്ചിലായി വിങ്ങി നിൽക്കുന്നു ഒരു തേങ്ങലിൻ ചീളുകൾ...


വഴിതെറ്റി വന്നൊരു വാനമ്പാടിയെ പോലെ
വഴിയമ്പലത്തില്‍ പകയ്ക്കുന്നു ഞാന്‍..
രക്ത ബന്ധങ്ങളും ആത്മ ഭന്ധങ്ങളും
വഴിമാറി നില്‍ക്കുന്നു.....

കാലമേ,
നീ നിന്റെ ദംഷ്‌ട്രകളാല്‍
എന്റെ ഹൃദയം കടിച്ചു കീറുക,
ഇതു നീ ബാക്കി വയ്‌ക്കരുത്‌.....

തൂലികതുമ്പിലെ അഗ്നി അണഞ്ഞത് പോലെ .....

ചിലപ്പോഴൊക്കെ
മനസ്സില്‍ ഒഴുകിയിറങ്ങുന്ന വികാരങ്ങളെ
വാക്കുകളാല്‍ അലങ്കരിക്കാനാവില്ല ...

മൌനം ...

വഴിപിരിഞ്ഞു പോയെങ്കിലും എന്‍ കൈമുതൽ അച്ചന്റെ ആര്‍ദ്രമാം ഓര്‍മ്മകള്‍ മാത്രം ...

( 2 ) ഓർമ്മകൾ

മറക്കുവാന്‍ വേണ്ടി നമ്മളോര്‍ത്തെടുക്കുന്നു
നിത്യവും നോവുന്ന ഓര്‍മ്മകള്‍ വീണ്ടും..

ഉണങ്ങിയിട്ടും ചോരുന്ന വരണ്ടമണ്ണിലെ
നീരുറവയുടെ മുറിവ് പോലെ..

കത്തി നില്‍ക്കുന്ന വിളക്കിന്‍ ചുവട്ടില്‍ നിന്നും
സൂര്യനെതേടി ഇരുളിലേയ്ക്ക് പറക്കുന്ന
ചില കണ്ണാടിച്ചിറകുകള്‍പോലെ

ഋതുക്കള്‍

കത്തി പടരുന്ന

ജീവിത സിരകളില്‍

കാറ്റോളംതള്ളുന്ന ഇലകള്‍പോലെ

ഓര്‍മ്മയുടെ ഗിരി ശ്യംഗങ്ങളില്‍

തണുത്തുറഞ്ഞ ഗീതമായ്‌

എന്നോ മറഞ്ഞുപോയ

പല ജന്മങ്ങളെ പോലെ

കത്തിച്ചു വെച്ചവിളക്കിന്റെ
അഗ്നി ജ്വാലകളിലെക്ക്‌

ഇറ്റിറ്റു വീഴുന്ന നിഴല്‍ചിത്രങ്ങളായ്
മരണത്തിന്റെ വിളിയും കേട്ട് പാഞ്ഞടുക്കുന്ന ഇയാംപാറ്റകളെ പോലെ

മഴയുടെ നേർത്ത രാഗം പോലെ
പെയ്തു തീർന്നിട്ടും ബാക്കിനിൽക്ക
തുള്ളിയായ് വീഴുന്ന ജല കണികകൾ പോലെ
മാറാല കെട്ടിയ ഓർമ്മകൾ ഹൃദയ ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിക്കാം പലജന്മങ്ങളായി

(3) പ്രണയം

വാർദ്ധക്യ
ത്തിന്റെ ചുമരുകൾക്കുള്ളിൽ
മോക്ഷം കിട്ടാതലയുന്നുണ്ടെന്റെ
തുരുമ്പെടുത്ത ചില സ്വപ്നങ്ങൾ...
ചിതലെടുക്കുന്ന ഓർമകളെ മറവിക്ക് ബലി നൽകാതെ
തളർന്നുപോയെന്റെ ശരീരത്തിനിനിയും
കടന്നു ചെല്ലാനൊരു മോഹം
ഇരുൾ വീണ ആ പഴയ സ്വപ്നങ്ങളിലേക്ക്.

ഇന്നും ഓരോ ഏകാന്തതയിലും ഞാൻ നിന്നെ തിരയുകയാണ്
എന്റെ മുന്നിലൂടെ ഒരിക്കൽ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂവിൻ ദളങ്ങളെ
എവിടെനിന്നോ പറന്നു വന്നു
എവിടേക്കോ പറന്നുപോയ അപ്പൂപ്പൻ താടിയെ

മിഴിനീർക്കണങ്ങളാൽ തണുത്തുറഞ്ഞ്
അന്ത്യശ്വാസം വലിക്കുന്നെന്റോർമകളിലൂടെ
യാത്ര നടത്തണം ഒരിക്കൽ കൂടി.

കണ്ടുമുട്ടുന്നവരിൽ നീയുണ്ടാകണം
കണ്ടുവെങ്കിൽ തിരിഞ്ഞു നോക്കുകയുമരുത്.
നരച്ച മുടിയിഴകൾക്കുള്ളിലെ
ചുക്കിച്ചുളിഞ്ഞ ഈ ശരീരത്തെ കണ്ട്
നിനക്ക് അറപ്പുതോന്നിയാലോ.?
തിമിരം ബാധിച്ച ഈ കണ്ണുകളിലെ പ്രണയം ഇപ്പോഴും നീ കാണാത പോയാലോ?
...

എന്നിരിക്കിലും................
തിരിഞ്ഞു നടക്കും മുൻപ്
ഒരിക്കൽ കൂടി നീ എന്റെ പേരു വിളിക്കണം.....
എന്നെ പ്രണയിച്ചിരുന്നു എന്ന് പറയണം.......
കഴിയുമെങ്കിൽ ആ നിമിഷം എനിക്കെന്റെ
യാത്ര അവസാനിപ്പിക്കുകയും വേണം.

(4) സൂര്യന്റെപ്രണയം സന്ധ്യയുടേയും

വിട തരിക നീ വിഷാദ സന്ധ്യേ
അകലുകയാണീ ഞാനീ പടിഞ്ഞാറിൻ മാറിലേക്ക്......

കിഴക്കിന്റെ കൊട്ടയിൽ ഇരുളിന്റെ കനൽ വാരി നിറയ്ക്കുന്നുണ്ട് നിശയുടെ കാവൽ ഭടന്മാർ......
അതിൽ എരിഞൊടുങ്ങുന്നു ഞാനും എന്റെ മോഹങ്ങളും

നിന്നോടുള്ള എന്റെ മോഹങ്ങളാകാം എന്റെ കിരണങ്ങൾക്ക് ഇത്ര ചുവപ്പ് നൽകിയത്.....

കൺമഷിയുടെ കറുപ്പിൽ നിന്നെ തനിച്ചാക്കി ഞാൻ അകലുമ്പോൾ എന്നിലെ ജ്വാലകളും കരിഞ്ഞുണങ്ങി ഇരുട്ടാകുന്നു...

കിഴക്കുനിന്ന് നിന്നെ മോഹിച്ച് ഞാൻ പടിഞ്ഞാറെത്തുമ്പോൾ ...
നിന്നെയൊന്ന് തൊട്ട് തലോടാൻ കഴിയാതെ

ശ്യാമ ഗിരിനിരകളിൽ ഊർന്നിറങ്ങുന്നു
നിരാശാ പ്രമമുള്ളവനായ്....






വെള്ളിവെളിച്ചത്തിനധിപനാം തിങ്കളും താരകങ്ങളും നിന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും.....

നിനക്ക് പത്യം ഈയുള്ളവനാണെന്നറിയുന്നു ഞാനെപ്പോഴും...

എങ്കിലും നിസഹായനാണ് പ്രിയേ
ഞാനിന്ന്.....
കർമ്മമെന്ന മണ്ഡലത്തിൽ നിന്നോടുള്ള പ്രണയം ത്യജിച്ച് യത്ര തുടരുന്നു ഏകാന്തപഥികനായ്...

(5) ഓണമോർമകൾ

ഓണമെന്നോർമ്മകളില്‍ മാത്രം..
നല്ലീണമായ് നിറയുന്ന ചിത്രം..!
തുമ്പപ്പൂവും കാക്കപ്പൂവും തേടി വട്ടിയും തൂക്കി പാടത്തും പറമ്പത്തും അലഞ്ഞൊരു ബാല്യം... !

ചെത്തി വൃത്തയാക്കിയ നടുമുറ്റത്തെ
പൂക്കളത്തിലുമ്മ അറിയാതെ ചവിട്ടിയപ്പോൾ മിഴികളിൽ കണ്ണീർതുളുമ്പിയ ബാല്യം.... !

അയലത്തെ വീട്ടിലെ സാമ്പാറിന്റെ മണം കൊണ്ട്
കൊതിമൂത്തു നടന്നൊരോർമകൾ ചുണ്ടിലിപ്പോഴും
തൂ മന്ദഹാസം വിരിയിക്കുന്നു.... !

അയലത്തമ്മ തന്ന പേരറിയാ പായസത്തിൻ പാത്രവും തൂക്കി തൊടിയിലെത്തവേ...
പ്ലാവിൻ ചുവട്ടിലെ മറവിൽ ആരും കാണാതെ ഒരു കവിൾ കട്ടു മോന്തിയതും ഓർമ്മകളായി ചിതലരിക്കുന്നു.... !

അമ്പിളിക്കല കീറിയ ആകാശത്തിൻ കീഴിലെ പൊടിമണ്ണിലിരുന്ന് കണ്ട
കഥ കളിയിലെ ചായം തേച്ച രാക്ഷസന്മാർ പാതിരാത്രിയിലെ ഉറക്കത്തിൽ വന്നു ഭയപെടുത്തിയതും
നെഞ്ചിലിപ്പോഴും ഒരോരർമയായി
അവശേഷിക്കുന്നു.....



ഓണത്തപ്പാ കുടവയറാ നീയിങ്ങു,

നാണം കൂടാതടുത്തു വരികെ”ന്നോതി,

പാട്ടു പാടിയോടിപ്പോയതുമെൻ പ്രാണൻ

കൂട്ടിലുള്ള കാലം മറക്കുകീല ഞാൻ.