Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി

എവിടെനിന്നോ എവിടേക്കോ ഒരു തീവണ്ടി


ഏകാന്തവും വിജനവുമായ തുരുത്തിൽ നരച്ച മഞ്ഞ നിറത്തിൽറയിൽവേ സ്റ്റേഷൻ വിളറി നിന്നു . വില്ലി സായിപ്പ് സ്റ്റേഷനിൽഎത്തുമ്പോഴേക്കും ചന്ദ്രൻ ചത്തു മലച്ചിരുന്നു . ദിവാകരക്കുറുപ്പിന്റെ ചൂലിഴകൾ ആകാശത്തിന്റെ ഇറയത്തുനിന്നു അതിനെതൂത്തെറിഞ്ഞു .


ശവദാഹത്തിനു ശേഷമുള്ള മൂകത പ്ലാറ്റ്ഫോമിൽ ഇഴവിട്ട ചുക്കിലിപോലെ തൂങ്ങിനിന്നു . പൊട്ടിപൊളിഞ്ഞ സിമെന്റ് ബെഞ്ചുകളൊന്നിലും കടവായിൽനിന്നു മുറുക്കാൻ തുപ്പൊലൊപ്പിക്കുന്ന പോർട്ടർആണ്ടിയെ കാണാനില്ലായിരുന്നു . മാസ്റ്റർ അയ്യരെയും കാണാനില്ല . ടിക്കറ്റ് എങ്ങിനെ കിട്ടും ? മുറുമുറുത്തു നടന്നഒരു കില്ലപ്പട്ടി മാത്രം ചെരിഞ്ഞു നോക്കി വെയിലേക്കു ഓരിയിട്ടു . പെട്ടെന്നു തെറ്റു മനസ്സിലാക്കി അതുതലകുനിച്ചു കാൽ മടക്കി പൃഷ്ടം ചൊറിഞ്ഞു അകലേക്കു വേച്ചു വേച്ചു ഓടി .


എവിടെനിന്നോ അയ്യർ പൊട്ടിവീണു . വില്ലി സായിപ്പ് മനുഷ്യജീവി തന്നെയോ എന്ന ശങ്കയിൽ അയാൾഅന്ധാളിച്ചു നോക്കി . പിന്നെ അതിലൊന്നും കടിച്ചുതൂങ്ങാതെ പച്ച വെളിച്ചം ചുരത്തി സിഗ്നൽ തയ്യാറാക്കി . അപ്പോൾ ഒരു ട്രെയിൻ വന്നു നിർത്താതെ അതിവേഗം കടന്നു പോയി . നരക്കുന്നതിനു മുൻപ് കറുപ്പായിരുന്നകോട്ടിന്റെ വലിയ പോക്കറ്റിൽനിന്നു അരക്കുപ്പി ഹണിബീ എടുത്തു ഒരു കവിൾ വിഴുങ്ങി അയാൾ മുങ്ങി . പിന്നെയും മൂന്നു ട്രെയിനുകൾ വരികയും എല്ലാം ആവർത്തിക്കുകയും ചെയ്‌തുകൊണ്ടേയിരുന്നു . അവസാനംപാസഞ്ചർ

വണ്ടി വന്നു , അവിടെ നിർത്തി . വില്ലി കയറി .

തിങ്ങിനിറഞ്ഞ വണ്ടിക്കുള്ളിൽ വിവിധ വർത്തമാനങ്ങളും പൊട്ടിച്ചിരികളും കുട്ടികളുടെ കരച്ചിലുകളുംകൂടിക്കലർന്നു പല പല വിയർപ്പു നാറ്റത്തിൽ പതഞ്ഞു ചൂടിൽ കലർന്നുകൊണ്ടേയിരുന്നു . ഒറ്റ സീറ്റിൽലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയ ജീൻസുകാരിക്കു നേർത്തചിരി പൊട്ടി . എന്തുകൊണ്ടാവും ?.

സ്‌ക്രീനിൽ എത്തിനോക്കി .

" എന്താണ് അപ്പാപ്പാ "

വെറുതെ ചിരിച്ചു .

" ഇവിടെ ഇരുന്നോ "

അവൾ ഒതുങ്ങിയിരുന്നു സ്ഥലമുണ്ടാക്കി .

" കുട്ടീ , ചരിത്രം തിരയുകയാണോ ?"

അവൾ സ്‌ക്രീനിൽ നോക്കി ചിരിച്ചു .

"ചരിത്രം ഒരു വേദനയാണ് അപ്പാപ്പാ "

അവൾ വില്ലിയെ നോക്കി . ഈ ചൂടിൽ അവിടവിടെ വെള്ള വീണ തവിട്ടു തൊപ്പിയും നരച്ച ക്രീം സൂട്ടും കോട്ടുംലൈനുകൾ മുറിഞ്ഞുപോയ പഴകിയ ടൈയുമായി സായിപ്പ് വികൃതമായ ചരിത്രം ഉപ്പുമാങ്ങ പോലെ ചുളുങ്ങിയകവിളുകളിളക്കി ചവക്കുന്നതായി തോന്നി .

വണ്ടിയിപ്പോൾ ഇരുളിന്റെ ഗുഹയിലൂടെ വെളിച്ചത്തിന്റെ അത്ഭുതത്തിലേക്കു പിറന്നു വീണു . പിന്നെയതു നിഗൂഢതയുടെ വളവു തിരിഞ്ഞു നിരന്ന പാടത്തിനു നടുവിലൂടെ കുതിച്ചു പാഞ്ഞു . പാടത്തിനുചുറ്റും കുട്ടികൾ മുറിവുകൾ ചായംപുരട്ടിയ ബലൂണുകൾ പറപ്പിച്ചുകൊണ്ടേയിരുന്നു . തണുത്ത കാറ്റിനൊപ്പംവേവലാതിയുടെ തേങ്ങലുകളും വണ്ടിയുടെ ജനാലകളിൽ ആഞ്ഞടിച്ചു . എതിർവശത്തിരുന്ന ചൈനക്കാരന്റെത്രികോണ ആകൃതിയിലുള്ള താടി കാറ്റത്തുപാറുന്നതു കാണാൻ നല്ല രസമായിരുന്നു . ഉരുളക്കിഴങ്ങുമാന്തിയെടുത്തു ചുട്ടുതിന്ന ദിവസങ്ങളിലെ മഞ്ഞു മേഘങ്ങളുടെ കാളിമ ഇപ്പോഴും അയാളുടെ മുഖത്തു നിറഞ്ഞുകരിവാളിച്ചിരിക്കുന്നു . അപ്പോഴേക്കും വണ്ടി സൂപ്പർഎക്സ്പ്രസ്സ് ആയി കാലം ഭേദിച്ചു രാജ്യങ്ങൾ ഭേദിച്ചുകുതിച്ചുകൊണ്ടിരുന്നു .

നവംമ്പർ 2 . സകല മരിച്ചവരുടെയും ദിവസം . വെളുപ്പിനു മൂന്നു മണി . ഫ്രഞ്ചുകാർ പണിത കൂറ്റൻകത്തീഡ്രൽ പള്ളിയുടെ ആനവാതിൽ ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ തുറന്നു . ചുവന്ന പട്ടുകുപ്പായങ്ങളിട്ടഓർമ്മയായ കർദിനാൾ പൗളനിയും പള്ളിക്കകത്ത് അടക്കിയ ഗ്രാൻഡ്പ്പായും കൂടി നടകളിറങ്ങി . മങ്ങിയനിലാവത്തു ഓരിയിടുന്ന നായ്ക്കളെ ശ്രദ്ധിക്കാതെ അവർ തെരുവുകളിലൂടെ നടന്നു . പട്ടർഹോട്ടലും ഗുജറാത്തിസ്കൂളും കടന്നു അവർ കടൽകാറ്റിരമ്പുന്ന വില്ലയിലെത്തി തട്ടി വിളിച്ചു . ഉറക്കം ഞെട്ടിയ വില്ലി ഭയന്നു വിറച്ചു .

"വില്ലിവില്ലി നിന്റെ ഭാര്യയും മക്കളും എവിടെ ?"

"അവർ പോയി "

" എല്ലാവരും വിമാനം കയറി നാട്ടിൽ പോയി "

" നീയെന്താ പോകാത്തെ ?"

" കടൽക്കാറ്റു മറന്ന്‌ ,തെരുവുകളുടെ ഞരക്കം വിട്ട്, മത്തി മണക്കുന്ന പെണ്ണുങ്ങളെ പിരിഞ്ഞു ,പള്ളിയിലെനൂറ്റാണ്ടുകളുടെ ചെളിയും വിയർപ്പും വിങ്ങിയ കുമ്പസാരക്കൂട് ഉപേക്ഷിച്ചു ഞാൻ എവിടേക്കും ഇല്ല . "

" പറ്റില്ലാ , നീ ഇപ്പോൾ തന്നെ ഇറങ്ങണം ."

അങ്ങിനെ വില്ലി സായിപ്പ് തെക്കോട്ടു നടന്നു .

ഏകാന്തവും വിജനവുമായ തുരുത്തിലേക്കു നടന്നു .

ഇപ്പോൾ വണ്ടി അസ്ഥസ്ഥതയുടെ വളവ് തിരിഞ്ഞുകൊണ്ടേയിരുന്നു . ഇരുന്നു മടുത്തു ഇനി കുറച്ചു നടക്കാം . ബാത്ത്റൂമിന്റെ

ഭിത്തിയിൽ ചാരിയിരുന്ന തമിഴത്തിയുടെ കുഞ്ഞു നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു . ആശ്വസിപ്പിക്കാൻആവാതെ പിഞ്ചി കീറിയ സാരിയുമായി അമ്മ മുകളിലേക്കു നോക്കിയിരുന്നു .

" അതിന്റെ കരച്ചിൽ നിർത്തിക്കൂടെ നിനക്ക് ."

ഉണങ്ങി തൂങ്ങിയ മുല സാരി വലിച്ചു മറച്ചവർ ദയനീയമായി നോക്കി .

" അതിനു വിശന്നിട്ടാ സാറേ . എന്തെങ്കിലും തരുമോ . ഞാൻ പലരോടും ചോദിച്ചു . കിട്ടിയില്ല "

തിരികെ നടന്നു . എ ടി എം കാർഡും കുറച്ചു നോട്ടുമേ കൈയിലൊള്ളു . അതു കൊടുക്കാനാവില്ല .


വണ്ടിയിപ്പോൾ നിരന്ന പുൽത്തകിടികൾക്കു നടുവിലൂടെ കുതിക്കുകയാണ് . ദൂരെ മാറിമൊട്ടകുന്നുകൾ . ഇടക്കിടെ ഒറ്റപ്പെട്ട മരങ്ങളും വീടുകളും . തന്റെ സീറ്റ് ഒരു പയ്യൻ കൈയേറിക്കുന്നു . സ്പൈക്ക്ചെയ്‍ത മുടികളിളക്കി അവൻ ജീൻസുകാരിയോട് എന്തെല്ലാമോ സംസാരിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്നു . അവൾലാപ്ടോപ്പ് ബാഗിലാക്കി ചിരിയിൽ പങ്കു ചേർന്നു . നിൽക്കാൻ വയ്യ , ചൈനക്കാരനെ തള്ളിനീക്കി സീറ്റ് തരമാക്കി . പയ്യൻ മെല്ലെ വിറക്കുന്ന കൈകൾ നീട്ടി അവളുടെ തുടയുടെ പിറകുവശം തലോടുന്നു . വൃത്തികെട്ടവൻ , ആരുംഒന്നും കാണുന്നില്ല എന്നാണു വിചാരം . മുന്നോട്ടു ആഞ്ഞിരുന്നു . അവനോടു ചോദിക്കുകതന്നെ . പക്ഷേ , പെൺകുട്ടി പുഞ്ചിരിയോടെ അവന്റെ തോളിൽ തലയമർത്തി . ഇപ്പോൾ അവൻ പുറകിലൂടെ അവളുടെടീഷർട്ടിനുള്ളിൽ കൈയ്യിട്ടു പുറത്തു തലോടി പടർന്നു ജീൻസിന്റെ പിന്നിലൂടെ കൈതാഴ്ത്തി പാന്റീസിൽ പിടിച്ചുവലിച്ചു കൊണ്ടിരുന്നു . ചൈനക്കാരൻ ഒന്നും അറിയുന്നില്ല . ഇതു കണ്ടുകൊണ്ടു ഇരിക്കാൻ വയ്യ . എണീറ്റുനടന്നു .


അടുത്ത കൂപ്പയിൽ തകൃതിയായി ചീട്ടുകളിയും ബഹളവുമാണ് . ഇസ്‌പേഡ്‌ ഒന്‍പതു ഇറക്കികോച്ചിപ്പിടിച്ച തവിട്ടു മുഖമുള്ളവൻ തലയാട്ടി ചിരിച്ചു . തല മുൻപോട്ടും പിൻപോട്ടും ചലിപ്പിച്ചു പൊട്ടിച്ചിരിച്ചവൻപരമു അല്ലേ ? പെട്ടിക്കടക്കാരൻ പരമു ?. കൊളമ്പിയയിലെ കാപ്പി പൂത്തുനിന്ന കുന്നിൻചെരുവിലൂടെചിറകൊടിഞ്ഞ തുമ്പിയെ തേടി തേടി മങ്ങിയ നിലാവിൽ അടിഞ്ഞവനല്ലോ തവിട്ടു മുഖക്കാരൻ . തോക്കിന്റേയുംബയനെറ്റിന്റേയും ചിലമ്പിച്ച സ്വരം മറന്നു തുമ്പി വണ്ടിമുറിക്കുള്ളിൽ മയങ്ങി .


അടുത്ത മുറിയിൽ പെണ്ണുങ്ങൾ സ്വപ്‌നങ്ങളും വേദനകളും മറന്നു ഇടവിടാതെ സംസാരിച്ചും പിന്നെപൊട്ടിച്ചിരിച്ചും കൊണ്ടിരുന്നു . തലമുടികളുടെ തിളക്കത്തെയും നീളത്തെ കുറിച്ചും വസ്ത്രങ്ങളുടെ ഭംഗിയേയുംവിലയേയും കുറിച്ചും അവർ വാചാലരായി . അപ്പോൾ വണ്ടിയാകെ അമീബകൾ നിറയുകയും ഇണചേർന്നുഒന്നാകുകയും പൊട്ടിപിളരുകയും ചെയ്യുതുകൊണ്ടേയിരുന്നു . അവർക്കിടയിൽ ജീവിതവും സ്വപ്നങ്ങളുംനിർവൃതിയും വേദനയും പിണഞ്ഞുകൂടി പൂത്തുലഞ്ഞു . പുറത്തു ചെളി നിറഞ്ഞ ചേറ്റുപാടത്തു മഞ്ഞുത്തുള്ളികൾപൊഴിയുകയായിരുന്നു . വസ്ത്രങ്ങളുടെ അടിയിൽ അനിർവചിനീയമായ നിർവൃതി ഇഴയുന്നത് അറിഞ്ഞവർമിഴികൾപൂട്ടി . ഇപ്പോൾ പുതിയ കുഞ്ഞുങ്ങളുടെ രോദനം വണ്ടിക്കുള്ളിലും പുറത്തെ വരണ്ടഭൂമിയിലും നിറഞ്ഞുനിന്നു .


ബാത്തുറൂമിന്റെ ഭിത്തിയിൽ ചാരിയിരുന്നു തമിഴത്തി വാപിളർന്നു ഉമിനീരലൊപ്പി ച്ചുഉറങ്ങുന്നു . കുഞ്ഞു അവളുടെ മടിയിൽ വാടിത്തളർന്നു കിടക്കുകയാണു . അവൾ ചെന്നൈയിൽഇറങ്ങുമെന്നാണല്ലോ പറഞ്ഞത് . അവിടെ ഒരു വീട്ടിൽ പണിക്കു പോവാണത്രെ . ചെന്നൈ കഴിഞ്ഞിട്ടുദിവസങ്ങളായി . അല്ലെങ്ങിലും ഇവിടെ എല്ലാം വിചിത്ര സംഭവങ്ങൾ ആണല്ലോ നടക്കുന്നത് .


ഇപ്പോൾ മുന്തിരിത്തോട്ടങ്ങൾക്കു നടുവിലൂടെ ട്രെയിൻ പോകുകയാണ് . പഴുത്തുതുടുത്തമുന്തിരിക്കുലകൾ കിളികൾ കൊത്താതിരിക്കാൻ വലകെട്ടുന്ന തിരക്കിലാണവർ . മുന്തിരിത്തോട്ടങ്ങൾ പച്ചപുൽത്തകിടികളിലേക്കു വഴിമാറുന്നു . അതിനപ്പുറം മല കത്തുകയാണ് . മഞ്ഞ ജ്വാലകൾ ചക്രവാകത്തിൽപതപ്പിച്ചു കരിമേഘങ്ങൾ ആകാശത്തു വിടർത്തി വെസൂവിയസ് തിളച്ചു . പിന്നെ പഴയ പള്ളികളും ഇറ്റാലിയൻമൺസൂൺ കാറ്റും തഴുകി തഴുകി വണ്ടി മിലൻ സ്റ്റേഷനിൽ നിർത്തി . പിന്നെ ടൂറിൻ കടന്നു ഐസ്‌ മൂടിയആൽപ്സ് മലകളുടെ ചെരുവുകളിലൂടെ മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളിലൂടെ പുഴകൾ കണ്ട്വെള്ളച്ചാട്ടങ്ങൾ കണ്ട്‌ വണ്ടി കുതിച്ചു . ഓള്സ്

കഴിഞ്ഞു ഇറ്റലിക്കും ഫ്രാൻസിനും ഇടയിലുള്ള ഫെർഗുസ്‌ തുരങ്കത്തിലൂടെ എട്ടു മൈൽ ഓടി .

അവസാനം ജന്മനാട്ടിൽ , ഫ്രാൻ‌സിൽ എത്തി .


ചാമ്പേഴ്സിൽ ഇറങ്ങണമെന്നാണു ഭാര്യ പറഞ്ഞത് . വാതിലിലേക്കു നടക്കാം . അപ്പോഴാണ് ശ്രദ്ധിച്ചത് , വണ്ടിയിൽ ആരുമില്ല !. എല്ലാവരും എപ്പോൾ ,എവിടെ ഇറങ്ങി ? ഒന്നും അറിഞ്ഞില്ലല്ലോ ! ഈ വണ്ടിയിൽ ഇങ്ങനെഒറ്റയ്ക്ക് , ഭയവും അത്ഭുതവും അമ്പരപ്പും തോന്നി . ഉടൻ ഇറങ്ങുമെന്നോർത്തപ്പോൾ ആശ്വാസമായി .


വണ്ടി മെല്ലെയായി , അതു നിർത്താനായി കിതച്ചു . സ്റ്റേഷനിൽ എല്ലാവരും പെട്ടിയും ബാഗുമായിതിരക്കിട്ടു നീങ്ങുന്നു . ഇവിടെ നിന്നും ടാക്സി പിടിക്കണം . നഗരം കഴിഞ്ഞു വിനെയാർഡുകൾക്കിടയിലൂടെഎവാഷൂ മല കയറണം . അവിടെ വീഞ്ഞു സംഭരണശാലക്കടുത്താണു വീട് .


പൊടുന്നനവേ എല്ലാവരും നിശ്ഛലരായി നിശ്ശബ്ദരായി വണ്ടിയിലേക്കു തുറിച്ചു നോക്കി . കൊടിയവിപത്തിലേക്കു ഒഴുകുന്ന വില്ലിയപ്പൂപ്പനു അവർ കൈവീശി ആദരാഞ്ജലി അർപ്പിച്ചു . വണ്ടി സ്റ്റേഷനിൽനിർത്താതെ വേഗമെടുത്തു കൂടുതൽ വേഗമെടുത്തു പിന്നെയും വേഗമെടുത്തു പാഞ്ഞുകൊണ്ടേയിരുന്നു . അപ്പോൾ ഗ്രേറ്റ് ഗ്രാൻഡ്മാ വില്ലിയില്ലാതെ കുതിരവണ്ടി എവാഷൂ മലയിലേക്കു ദുഖത്തോടെ അലസമായി തെളിച്ചു.


പുറത്തു ആരാണെന്നോ എന്താണെന്നോ തിരിച്ചറിയാൻ ആവാത്ത വിധം അതി ഗംഭീര വേഗതയിൽവണ്ടി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു . ഇപ്പോൾ പതുക്കെ പതുക്കെ വണ്ടി വേഗത കുറച്ചു . വിശാലമായനിരന്ന പുൽമേടുകളിൽ നിറയെ മഞ്ഞു പൊഴിഞ്ഞു ഉറഞ്ഞ ഐസ്‌കട്ടകളായിരുന്നു . അങ്ങിനെ വേഗത കുറച്ചവണ്ടി ടാറ്റാർസ്‌ക്യൂ സ്റ്റേഷനിൽ വന്നുനിന്നു . സൈബീരിയൻ കൊക്കുകൾക്കു ഉണക്കമീനുകളെ വാരിവിതറിയകീറിയ കോട്ടിട്ട കിഴവൻ ഒഴികെ സ്റ്റേഷനിൽ ആരും ഉണ്ടായിരുന്നില്ല . സ്റ്റേഷനപ്പുറം ഇടക്കിടക്കു ഐസ്നിറഞ്ഞചതുപ്പുനിലമാണ് . സാർചക്രവർത്തി നാടുകടത്തിയ ബോൾഷെവിക്ക്‌ വിപ്ലവകാരികളുടെ ഇൻക്വിലാബ് വിളികൾഅവിടെ കത്തിപടരുന്നു . വണ്ടി പുറപ്പെടുന്ന ലക്ഷണം ഇല്ല . ഇറങ്ങി നടന്നു . മഴ പൊടിയാൻ തുടങ്ങി . കനത്തതുള്ളികൾ ശരീരത്തിൽ കൊടിയ തണുപ്പു പകർത്തി . വയസ്സൻ തൊപ്പിയൂരി മഴത്തുള്ളികൾ തെറിപ്പിച്ചുസൈബീരിയൻ കൊക്കുകളെ വിട്ടു പുറത്തേക്കു നടന്നു .

മുൻപിൽ ക്യാബിനുള്ളിൽ ആദ്യം ആരെയും കണ്ടില്ല . പക്ഷെ രണ്ടു ലോക്കോഡ്രൈവർമാർ പരസ്പരംനോക്കിയിരുപ്പുണ്ടായിരുന്നു .

" സാറേ , വണ്ടി എപ്പഴാ ഇനി പോകുക ?"

അവർ കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു .

പിന്നെ തലകൾ കുലുക്കി കുലുങ്ങി കുലുങ്ങി പൊട്ടിച്ചിരിച്ചു .

"വണ്ടി ഇനി പോവില്ല അപ്പൂപ്പാ "

സൈബീരിയയുടെ വിറങ്ങലിച്ച സന്ധ്യയിലേക്കു കനത്ത മഴത്തുള്ളികളോടെ നാടുകടത്തപ്പെട്ടവർക്കൊപ്പം വില്ലിസായിപ്പ് പകർന്നുകൊണ്ടേയിരുന്നു .