Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഇന്നലെകൾ - 2

3. ഉച്ചയൂണ്

മനസ്സിലെ ഇരുട്ടിനൊപ്പം പുറത്തും ഇരുൾ പരക്കാൻ തുടങ്ങിയപ്പോഴേക്ക് ലോഡ്ജെത്തി. പതിവ് തെറ്റിക്കാതെ തോമസേട്ടൻ മുൻപിലുണ്ട്.

"എന്താ സാറെ കയ്യിലൊരു പാവയൊക്കെ, ആർക്ക് കൊടുക്കാനാ?"

"അത്... വരുന്നവഴി കളഞ്ഞു കിട്ടിയതാ, കണ്ടപ്പോ കൊള്ളാമെന്നു തോന്നി"
വിശ്വസിക്കില്ലെന്ന് അറിഞ്ഞിട്ടും ഒട്ടും ആലോചിക്കാതെ പറഞ്ഞത്, തിരിച്ചൊരു ചോദ്യം അയാളിൽനിന്ന് ഉണ്ടാവില്ലെന്ന ഉറപ്പിലാണ്.
അല്ലെങ്കിലും ഇല്ലാത്തൊരു മകൾക്കു കൊടുക്കാൻ പഴയൊരു സ്നേഹിതൻ തന്നതാണെന്ന് പറയാൻ വയ്യല്ലോ...

"തോമസേട്ടന്റെ ബന്ധത്തിൽ ചെറിയ കുട്ടികൾ വല്ലതുമുണ്ടോ, ഉണ്ടെങ്കിൽ..."
പാവ നീട്ടിക്കൊണ്ട് ചോദിച്ചു.

"അങ്ങനെയിപ്പോ ആരും ഇല്ല സാറെ"

ശരിയാണ്, അയാളുടെ സ്വകാര്യ ജീവിതത്തെപ്പറ്റി ഞാൻ ഇതുവരെ തിരക്കിയിട്ടില്ല. എങ്കിലും എവിടെയെങ്കിലും ഒരു മകളോ കൊച്ചുമക്കളോ ഒക്കെ ഉണ്ടായിരിക്കുമെന്ന് എന്തുകൊണ്ടോ മനസ്സിൽ കണ്ടിരുന്നു.

"എന്നാലും ഇത് ഇവിടെ വച്ചേക്ക്, ആരെങ്കിലും ഇതുവഴി വരാതിരിക്കില്ല"

ചെറിയൊരു പുഞ്ചിരിയോടെ തോമേസേട്ടൻ അത് വാങ്ങി ടേബിൾ ഡ്രാവെറിൽ വച്ചു.
"ശരി സാറെ പറ്റിയ ആരേലും വരുവാണേൽ കൊടുത്തേക്കാം"

ഈ മനുഷ്യനിൽ എനിക്ക് ഇഷ്ടമല്ലാത്ത ഒരേയൊരു കാര്യം ഇതാണ്, ഈ സാറെ വിളി. പ്രായം കൊണ്ടോ പദവി കൊണ്ടോ മറ്റെന്തുകൊണ്ടോ എന്നെ അങ്ങനെ വിളിക്കേണ്ട കാര്യമില്ല. ആദ്യം കേട്ടപ്പോൾ തന്നെ തിരുത്തിയതുമാണ്.

"പേര് വിളിച്ചോളൂ, വിശ്വൻ. അല്ലെങ്കിൽ സൗകര്യമുള്ള മറ്റെന്തെങ്കിലും, പക്ഷേ ഈ വിളി അതെനിക്ക് ഒട്ടും ചേരില്ല"
സമ്മതിച്ചു. പക്ഷേ വീണ്ടുമാ വിളി തുടർന്നപ്പോൾ വീണ്ടും തിരുത്തി, പിന്നെയും ആവർത്തിച്ചപ്പോൾ, ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് മനസ്സിലായി. എന്നെ മാത്രമല്ല കാണുന്ന എല്ലാ ആൾക്കാരെയും തോമസേട്ടൻ അങ്ങനെയാണ് അഭിസംബോധന ചെയുന്നത്. അയാൾക്കത് ജീവിതത്തിലെ മാറ്റാൻ പറ്റാത്ത ഒരു ശീലമാണ്.
ചിലരങ്ങനെയാണ്, മറ്റുള്ളവരെ വലുതാക്കാൻ സ്വയം ചെറുതാവും.

"രാത്രിയിലേക്ക് ഭക്ഷണം പറയണ്ടേ?"
മിക്കവാറും അത്താഴം അടുത്തൊരു ഹോട്ടലിൽനിന്നാണ്. തോമസേട്ടൻ വിളിച്ചു പറയും, ഭക്ഷണം മുറിയിലെത്തും. മാസാവസാനം ആവുമ്പോഴേക്ക് വാടകയോടൊപ്പം കൊടുത്താൽ മതി.

"ഓഹ് വേണ്ട, ഞാൻ പുറത്തുനിന്നു കഴിച്ചു"

"ആണോ, എന്നാൽ ശരി സാറെ"

ഒരുപാട് രാത്രികളും പകലുകളും വിശപ്പ് അടക്കിപിടിച്ചു കഴിഞ്ഞിട്ടുണ്ട്, പക്ഷേ ഇന്നെനിക്ക് ശരിക്കും വിശപ്പറിയുന്നില്ല.

"വിശ്വൻ ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുവരാറില്ലേ?"

മറ്റാരും അറിയരുതെന്ന് കരുതിയതാണ്, പക്ഷേ അവളറിഞ്ഞു. ഉച്ചയൂണിന്റെ ഇടവേളകൾ ലൈബ്രറിയിലാണ് ചിലവഴിച്ചിരുന്നത്. അവളെ പരിചയപ്പെടുന്നതും അവിടെവച്ചുതന്നെ.

"ഇല്ല"

"അപ്പൊ, കഴിക്കാറില്ലേ?"

"വിശപ്പ് തോന്നാറില്ല"

"അത് കൊള്ളാലോ. വിശ്വന്റെ വീട്ടിൽ ആരൊക്കെയുണ്ട്"

വീട്... കുറച്ചുനാൾ മുൻപ് വരെ പേരിനൊരു വാടകവീടെങ്കിലും ഉണ്ടായിരുന്നു.
"ആരുമില്ല, അമ്മ കുറച്ചുകാലം മുമ്പ് മരിച്ചു. കൂടെപ്പിറപ്പുകളായിട്ട് ആരുംതന്നെയില്ല"

"അച്ഛൻ?"

അച്ഛനില്ല, ബിയോളജിക്കലി പോസ്സിബിളല്ലെന്നറിയാം, എങ്കിലും അങ്ങനെയൊരാളില്ല, ആരാണെന്നറിയില്ല, എവിടെയാണെന്നറിയില്ല, എന്തിനാണ്....അതും അറിയില്ല...

"മുൻപേ മരിച്ചു"

"ഓഹ്, അയാം സോറി."

"എന്തിന്, എനിക്ക് ഒരു വിഷമവുമില്ല. നമ്മളെല്ലാം വന്നത് ഒറ്റയ്ക്കല്ലേ, നാളെ തിരിച്ചു പോവേണ്ടതും ഒറ്റയ്ക്കാണ്. അതിനിടയിൽ വളരെ കുറച്ചു നിമിഷങ്ങളല്ലേയുള്ളു"

"ശരിയാണ്, ഏതായാലും ഉച്ചയ്ക്കിങ്ങനെ പട്ടിണി ഇരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ കൂടെ കഴിക്കാം, ഞാൻ ഫുഡ്‌ ഷെയർ ചെയ്യാം"

"ഏയ്‌ അതൊന്നും വേണ്ട"

"ഒരു കൊഴപ്പവുമില്ല, നാളെത്തൊട്ട് കുറച്ചു ചോറ് കൂടുതൽ കൊണ്ടുവന്നാപോരെ"

"അതല്ല, മറ്റൊരാൾക്കും ഒരുതരത്തിലും ബുദ്ധിമുട്ടാവരുത് എന്ന് കരുതുന്ന ഒരാളാണ് ഞാൻ"

"എനിക്കത് ബുദ്ധിമുട്ടല്ലെങ്കിലോ"

"ഇപ്പൊ അല്ലായിരിക്കാം, നാളെ ആവാല്ലോ"

"അതപ്പോഴല്ലേ, അപ്പൊ നോക്കാം"

"തർക്കിക്കാൻ ഞാനില്ല, തന്റെ വലിയ മനസ്സിന് നന്ദി. പക്ഷേ ഇത് വേണ്ട"

തിരിഞ്ഞുനോക്കാതെ ലൈബ്രറിക്ക് പുറത്തേക്ക് നടക്കാൻ പാടുപെട്ടത് ഇന്നും അതേ കനത്തിൽ മനസ്സിൽ കിടക്കുന്നു...





4. യാത്രാമൊഴി

വാതിലിൽ ആരുടെയോ നിർത്താതെയുള്ള തട്ടൽ കേട്ടാണ് പാതിമയക്കത്തിൽനിന്ന് ഉണർന്നത്.

"തോമസേട്ടനോ, എന്തുപറ്റി?"

"ഇന്നലെ സാറിന്റെ കൂടെ വന്ന മാഡത്തിന്റെ ആണെന്ന് തോന്നുന്നു, ആ മുറി ക്ലീൻ ചെയ്തപ്പോ കിട്ടിയതാ"

അയാൾ ഒരു പേഴ്സ് എന്നെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.

"നേരത്തേ സാറിനെ കണ്ടപ്പോൾ തരാൻ വിട്ടുപോയി"

"ശരി ചേട്ടാ, താങ്ക്സ്"

വാതിൽ അടച്ചശേഷം പേഴ്സ് തുറന്നു നോക്കി. ഒരു സീൽ ചെയ്ത ലെറ്റർ, കവറിന് പുറത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു
'വിശ്വനാഥന്. '

എല്ലാം അവസാനിപ്പിച്ചു എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതാ വീണ്ടും ഒരു കത്ത്. എന്തിനാണ് ദൈവമേ...
ഇതാ ഇപ്പോൾ നോക്കൂ, ഒരിക്കൽ സ്വയം ഒരു നിരീശ്വരവാദി എന്ന് പ്രഖ്യാപിച്ചയാൾ ദൈവത്തെ വിളിക്കുന്നു. എന്തൊരു വിരോധാഭാസം!

കവർ പൊളിച്ച് കത്ത് പുറത്തെടുത്തു.

പ്രിയപ്പെട്ട വിശ്വന്,
അവസാനമായി ഒരിക്കൽക്കൂടി അങ്ങനെ വിളിക്കാമല്ലോ. ഈ കത്ത് നിന്റെ കയ്യിൽ എത്തുമോയെന്നോ, നീയിത് വായിക്കുമോയെന്നോ ഇപ്പോഴെനിക്ക് അറിയില്ല. എങ്കിലും എഴുതട്ടെ. ശരീരങ്ങൾ തമ്മിൽ ഒരു ചുമർ അകലമേ നമുക്കിടയിലുള്ളു, അറിയാം. പക്ഷേ മനസ്സുകൊണ്ട് ഇനി ഒരിക്കലും എത്തിപ്പിടിക്കാൻ വയ്യാത്തത്ര അകലത്തിലായിക്കഴിഞ്ഞു നമ്മൾ എന്നുഞാൻ തിരിച്ചറിയുന്നു. ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കാൻ മനസ്സനുവദിക്കുന്നില്ല. അതുകൊണ്ട് ഇങ്ങനെ അല്ലാതെ ഒരു വിട പറച്ചിലിന് എനിക്ക് വയ്യ.
പേടിക്കേണ്ട, നിനക്കുവേണ്ടി ഞാൻ പുറകിലുപേക്ഷിച്ച ജീവിതത്തിന്റെ കണക്കുപുസ്തകം തുറക്കാനോ, നിന്നെ വീണ്ടും കുറ്റപ്പെടുത്താനോ ഒന്നുമല്ല. നമുക്ക് വേണ്ടി ഉപേക്ഷിച്ച ആ ജീവിതത്തിൽ ഒരു നഷ്ടബോധവും ഈ നിമിഷവരെയും എനിക്ക് തോന്നിയിട്ടുമില്ല. നാളെ അത്‌ മാറില്ലെന്നല്ല, എങ്കിലും ഓർക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് കുറ്റബോധമില്ല.
പക്ഷേ, പിരിയാം എന്ന് നീ പറഞ്ഞ നിമിഷം മുതൽ ഞാൻ ചോദിക്കുന്ന ഒരു ചോദ്യം, അതിന് ഉത്തരം കിട്ടിയെങ്കില്ലെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു, 'എന്തിന്?' അതറിയാനുള്ള അവകാശം എനിക്കുണ്ട് എന്ന ഉത്തമബോധ്യത്തിൽ തന്നെ ചോദിക്കുന്നു, 'എന്തിന്?'. ഒരായിരമാവർത്തി ചോദിച്ചുകഴിഞ്ഞു, ഇനിയതിൽ അർത്ഥമില്ലെന്ന് അറിയുകയും ചെയ്യാം. പക്ഷേ എന്നെക്കുറിച്ചോർത്ത് ഇനി എന്നെങ്കിലും, ഒരു നിമിഷമെങ്കിലും നീ വിഷമിക്കുന്നെങ്കിൽ, അത്‌ ഉത്തരം തരാത്ത ഈ ചോദ്യത്തിന്റെ പേരിൽ മാത്രമായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്.
പിന്നെ, എനിക്ക് മരിക്കാൻ വയ്യെന്ന് നിനക്കറിയാമല്ലോ, അതുകൊണ്ട് ജീവിക്കും. ഇന്നലെ വരെയുണ്ടായിരുന്ന ആഗ്രഹങ്ങൾ പലതും മായ്ച്ചു കളയേണ്ടിയിരിക്കുന്നു. പുതിയ ലക്ഷ്യങ്ങൾ തേടിണ്ടിയിരിക്കുന്നു.
ഇനി തമ്മിൽ കാണുക എന്നൊന്നുണ്ടാകില്ല, അഥവാ കണ്ടാലും തികച്ചും അപരിചിതരായി നമുക്ക് വഴിമാറി നടക്കാം.
ഒരിക്കൽ കൂടി നന്ദി, നല്ല കുറേ ഓർമ്മകൾക്ക്... പരസ്പരം അലിയിച്ചു കളഞ്ഞ നൊമ്പരങ്ങൾക്ക്... ഒന്നായി മെനഞ്ഞ, ആയുസ്സറ്റുപോയ സ്വപ്നങ്ങൾക്ക്... ഒരായിരം നന്ദി...
എന്ന്
അഖില

മനസ്സ് വീണ്ടും പുസ്തകങ്ങളുമായി ലൈബ്രറിയിലേക്ക് നടക്കുന്നു. ഇല്ല, അവളിന്നും അവിടെയില്ല, ആഴ്ചയൊന്നു കഴിയുന്നു അവളെ ഇങ്ങോട്ട് കണ്ടിട്ട്. ഇതിനിടയിൽ പലവട്ടം പുറത്ത് വഴിയിൽ കാണാൻ ശ്രമിച്ചു. മനപ്പൂർവം വഴിമാറി പോവുന്നൊരാളോട് എങ്ങനെ സംസാരിക്കും.
ഒരു അവസാന വർഷ വിദ്യാർത്ഥി രണ്ടുകൊല്ലം ജൂനിയർ ആയ പെൺകുട്ടിയോട് അവളുടെ ക്ലാസ്സിൽ കയറിച്ചെന്ന് സംസാരിക്കുന്നത് എത്ര വലിയ പാതകമായി മറ്റുള്ളവർ കാണും എന്നതുകൊണ്ടല്ല, അത്‌ അവളെ എങ്ങനെ ബാധിക്കും എന്ന ചിന്തയാണ് ആദ്യം എന്നെ അതിൽനിന്നും തടഞ്ഞത്. പക്ഷേ മറ്റുവഴികൾ അടഞ്ഞപ്പോൾ അതുതന്നെ ചെയ്യേണ്ടി വന്നു.
"അഖില, എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്, ഒന്ന് പുറത്തേക്ക് വരണം"

മടിച്ചാണെങ്കിലും കൂട്ടുകാരികളുടെ സംശയങ്ങൾക്ക് ഉത്തരം കൊടുക്കാതെ അവൾ പുറത്തേക്ക് വന്നു.
"എന്താ?"

"തന്നെ കുറച്ചു ദിവസമായി ലൈബ്രറിയിലേക്ക് കണ്ടില്ല"

എന്തെങ്കിലും മറുപടി പറയും മുൻപേ തന്നെ ഞാൻ തുടർന്നു.
"ആ ഒരു ഇൻസിഡന്റ് കാരണമാണെങ്കിൽ സോറി, ഞാൻ അങ്ങനെ ആണ്, ആർക്ക് എന്ത് തോന്നും എന്ന് പെട്ടെന്ന് ചിന്തിക്കില്ല. ഈയൊരു കാരണം കൊണ്ട് താൻ വായന മുടക്കരുത്"

അവൾക്ക് ഒന്നും പറയാൻ ഭാവമില്ല എന്ന് കണ്ടപ്പോൾ ഞാൻ പറഞ്ഞു പൂർത്തിയാക്കി,

"ഇനി എന്റെ പ്രെസെൻസ് ആണ് പ്രശ്നമെങ്കിൽ. താൻ വരുന്ന സമയത്ത് എന്നെ അവിടെ കാണില്ല, അത്‌ പോരെ?"

"വേണ്ട"
ഒരൊറ്റവാക്കിൽ മറുപടി ഒതുക്കി അവൾ തിരികെ ക്ലാസ്സിലേക്ക് കയറിപ്പോയി.


(തുടരും....)