Daivathinte Kai books and stories free download online pdf in Malayalam

ദൈവത്തിൻറെ കൈ

ബസ്സിറങ്ങി രഞ്ജിത്ത് ചുറ്റും ഒന്ന് നോക്കി. വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടു ചെറിയ ഒരു സംശയം ഇല്ലാതില്ല. ചുറ്റും നോക്കിയ ശേഷം അയാൾ നടന്നു. വർഷങ്ങൾക്ക് മുൻപ് അവിടെ വന്നതായതു കൊണ്ട് മാറ്റങ്ങൾ അനവധിയായിരുന്നു. കുറെയധികം ബേക്കറികൾ വന്നിരിക്കുന്നു. പലചരക്കു കടകൾക്കു പകരം സൂപ്പർമാർക്കറ്റുകൾ വന്നിരിക്കുന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഓട്ടോ സ്റ്റാൻഡ് കണ്ടു. ഓട്ടോ കൂലി കൂടിയിട്ടുണ്ടാവും എന്നല്ലാതെ വലിയ മാറ്റങ്ങളില്ല. വീണ്ടും മുന്നോട്ട് നടന്നപ്പോൾ അമ്പലം കണ്ടു. ആ പഴയ മരം ഇപ്പോഴും അവിടെയുണ്ട്. അതിനിടയിൽ ഒരാളെ കണ്ടു. അതെ അയാൾ തന്നെ. പഴയ ഹൗസ് ഓണർ . അദ്ദേഹം ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. പതിവ് പോലെ തിരക്കിലാണ് ഉത്സവത്തിൻറെ . ഇപ്പോഴും അമ്പലകമ്മിറ്റിയിലെ സജീവ അംഗംതന്നെ ആയിരിക്കണം.


കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു പഴയ വീടാണ് കാണാനായത്. പണ്ടത്തെ ആ ചായക്കട. രാവിലെയും വൈകുന്നേരവും നല്ല തിരക്കായിരുന്നു അവിടെ. പല കാരണങ്ങൾ കൊണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ അത് നിർത്തിയതായി അറിഞ്ഞിരുന്നു. തൊട്ടപ്പുറത്തേക്ക് അയാൾ കണ്ണോടിച്ചു. ആ പഴയ വീട് നിലം പൊത്തിയിരിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് താമസിച്ചിരുന്ന വീട്. എല്ലാത്തിനെയും ഒരു സെൽഫിയിൽ ഒതുക്കാനാകണം അയാൾ ദ്രുത ഗതിയിൽ തന്റെചിത്രം മൊബൈലിൽ പകർത്തി.


എന്നാൽ ഇതിലും പ്രധാനപ്പെട്ട ഒരു കാര്യത്തിനാണ് താൻ വന്നത് എന്ന കാര്യം പെട്ടെന്ന് അയാൾ ഓർത്തു. അതിനു മുൻപ് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ചായ കുടിക്കാൻ അയാൾ തീരുമാനിച്ചു. കുറച്ചുനേരത്തേക്ക് അയാൾ ആൻഡ്രോയിഡ് ലോകത്തിലേക്ക് ചേക്കേറി.

-------------------------

 

റോഡിൻറെ വശം ചേർത്ത് ഓട്ടോ നിർത്തി. പഴയ ഓർമയിൽ അയാൾ നടന്നു. വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. കുറച്ചു ദൂരെ ഒരു ഗേറ്റ് കണ്ടു. ആ ചെറിയ ഗേറ്റ് തുറന്നു അയാൾ അകത്തേക്ക് കയറി. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അയാൾ വന്നത് അകത്തു നിന്ന് കണ്ടത് കൊണ്ടാകണം വാതിൽ തുറന്നു. മധ്യവയസ്കയായ ആ സ്ത്രീ അയാളെ സൂക്ഷിച്ചു നോക്കി. തെല്ലും വൈകിക്കാതെ അയാൾ ചോദിച്ചു - "രവിയേട്ടൻ ഉണ്ടോ?" . സംശയത്തോടെ ആ സ്ത്രീ അകത്തേക്ക് ക്ഷണിച്ചു.


മുൻവശത്തെ മുറിയിൽ ഒരു കസേരയിൽ അയാൾ കണ്ടു. രവി. അതെ. അയാൾ കാണാൻ വന്ന അതെ ആൾ തന്നെ. വളരെ വിഷമത്തോടെയുള്ള ഒരു പുഞ്ചിരിയാണ് അയാൾക്ക് കാണാൻ സാധിച്ചത്. അയാൾ പതുക്കെ പറഞ്ഞു

- "രവിയേട്ടാ, കാര്യങ്ങൾ അറിഞ്ഞ സമയത്തു വരാൻ സാധിച്ചില്ല."

- "സാരമില്ല. വിളിച്ചതിൽ തന്നെ സന്തോഷം".

- "പഴയ വണ്ടി വിറ്റിട്ട് കുറെ നാളായോ ?".

- " നാലഞ്ച് വർഷമായി. എൻറെ ഒരു ബന്ധുവിന് തന്നെയാണ് കൊടുത്തത്".


അയാൾ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ചുറ്റുപാടും വീക്ഷിച്ചു പതുക്കെ നടന്നു. മുറ്റത്തു ചില പുതിയ ചെടികൾ നട്ടിട്ടുണ്ട്. ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് കൊണ്ട് അയാൾ ഓർത്തു. പഴയ രവിയെ.

-------------------------


വർഷങ്ങളായി വണ്ടിയുടെ വളയം പിടിക്കുന്നവൻ. റോഡിലിറങ്ങിയാൽ അയാൾക്ക് ആരെയും കൂസലില്ല. വശങ്ങളിലേക്ക് തിരിയാൻ അയാൾക്ക് കാത്തു നിൽക്കണ്ട ആവശ്യമില്ല. നഗരത്തിലെ എല്ലാ റോഡുകളും അയാൾക്ക് പരിചിതമാണ്. രാമനാഥൻ എന്ന വലിയ ഒരു മുതലാളിയുടെ ഡ്രൈവർ ആയിരുന്നു രവി. രഞ്ജിത്തും കൂട്ടുകാരും ചേർന്ന് താമസിച്ചിരുന്ന റൂമിലെ സ്ഥിരം സന്ദർശകനായിരുന്നു രവി. ആ കൂട്ടുകെട്ടിന്റെ പ്രധാന കാരണം റൂം ശരിയാക്കി കൊടുത്തിപ്പോരുന്നത് രവി തന്നെയായിരുന്നു എന്നതാണ്.


വണ്ടി ഓടിക്കുമ്പോൾ മറ്റു വണ്ടികളിലെ ഡ്രൈവർമാരെ വിലയിരുത്തുന്നതും രവിയുടെ പതിവായിരുന്നു. വനിതാ ഡ്രൈവർമാരെ അടച്ചാക്ഷേപിക്കുന്നതും അയാളുടെ വിനോദമായിരുന്നു. ഒരു ക്രൂര വിനോദം. പണത്തിനു രവി പലപ്പോഴും മുൻ‌തൂക്കം കൊടുത്തിരുന്നത്. തീർച്ചയായും ഒരു കുടുംബം പോറ്റേണ്ടത് കൊണ്ട് അത് അസ്വാഭാവികമല്ല. ഭാര്യയും രണ്ടു കുട്ടികളുമാണ് അയാൾക്കുള്ളത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. രണ്ടു പേരെയും അത്യാവശ്യം വേണ്ട പഠിപ്പിന് അയക്കാനെ അയാൾക്ക് കഴിഞ്ഞുള്ളു. മകന് പണ്ട് മുതലേ ഡ്രൈവിംഗ് അയാൾ പഠിപ്പിച്ചിരുന്നു. മകൾ ഡ്രൈവിങ്ങിൽ താല്പര്യം കാണിച്ചിരുന്നങ്കിലും അയാൾ വക വെച്ചില്ല.


രവിയുടെ മകൻ ചില്ലറ ഡ്രൈവിംഗ് ജോലികൾക്ക് ഒക്കെ പോയി തുടങ്ങിയിരുന്നു. തുടക്കത്തിൽ കുറച്ചധികം പണം മകൻ കൊണ്ട് വന്നു. ഇത്ര പണം എങ്ങനെ കിട്ടി എന്ന് ആദ്യം രവി അന്വേഷിച്ചില്ല. പക്ഷെ പെട്ടെന്ന് ഒരു ദിവസം ആ വാർത്ത കേട്ട് രവി ഞെട്ടി. മകൻ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നു. പല നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്തതാണ് അറസ്റ്റിനു കാരണമെന്നും രവി മനസ്സിലാക്കി. മകനെ രവി ഉപദേശിക്കുകയും ചെയ്തു.

-------------------------

 

വ്യക്തിപരമായ കാര്യങ്ങൾ രവിയുടെയും രഞ്ജിത്തിന്റേയും സൗഹൃദത്തിന് ഒരു തടസ്സമായിരുന്നില്ല. ചില ദീർഘദൂര യാത്രകളിൽ രഞ്ജിത്തും രവിയെ അനുഗമിക്കാറുണ്ട്. പക്ഷെ പല കാരണങ്ങൾ കൊണ്ട് രവിയുടെ മനസ്സ് കലുഷിതമായിരുന്നു. തുടർന്ന് ചില വാക്ക് തർക്കങ്ങളിൽ രവിയുടെ ജോലി നഷ്ടമാവുന്നു. രഞ്ജിത്തും കൂട്ടുകാരും ചില സാമ്പത്തിക സഹായങ്ങൾ ചെയ്‌തെങ്കിലും രവിയുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നു.


മകന്റെ തെറ്റുകൾ പൂർണമായും തിരുത്താൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ കുറച്ചു കഷ്ടപെട്ടാണെങ്കിലും അയാൾ ഒരു ടാക്സി ഓടിച്ചു ജീവിച്ചു പോന്നു. കുറച്ചുകൂടി നല്ല ജോലി കിട്ടിയതോടെ രഞ്ജിത്ത് വേറെ സ്ഥലത്തേക്ക് പോയി. പലപ്പോഴും രഞ്ജിത്ത് രവിയെ ബന്ധപ്പെടാറുണ്ടായിരുന്നു. ചില ഡ്രൈവർമാരെ കാണുമ്പോൾ രഞ്ജിത്ത് രവിയെ ഓർക്കാറുണ്ട്. സാഹചര്യങ്ങൾ മനുഷ്യരിൽ ചിലപ്പോൾ ചില സ്വഭാവങ്ങൾ വരുത്താറുണ്ട്.


അങ്ങനെയിരിക്കെ രഞ്ജിത്തിന് ദുബായിൽ അവസരം ലഭിക്കുന്നു. സ്വപ്നനഗരമായ ദുബായിൽ അയാൾ ജീവിതം തുടങ്ങി. പുതിയ സ്ഥലവും കൂട്ടുകാരും ആദ്യം കൗതുകമായിരുന്നു. തിരക്ക് പിടിച്ച ആ ജീവിതത്തിനിടയിൽ അയാൾ ഒരു വർത്തയറിഞ്ഞു. തികച്ചും ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു അത്. ഒരു അപകടത്തിൽ രവിയുടെ മകൻ മരിച്ചു. രവിയുടെ കാലിനും സാരമായ പരിക്കേറ്റു. അവിടെ നിന്ന് ഒരു തരത്തിലും അവധി ലഭിക്കാത്തതിനാൽ രഞ്ജിത്തിന് പോവാൻ കഴിഞ്ഞില്ല. പിന്നീട് 6 മാസത്തിനു ശേഷം രഞ്ജിത്ത് നാട്ടിൽ വന്നെങ്കിലും രവിയെ കാണാൻ മടിയായിരുന്നു. അങ്ങനെയാണ് രഞ്ജിത്തിന്റെ വിവാഹം ഉറപ്പിച്ചതിനു ശേഷം രവിയെ കാണാൻ രഞ്ജിത്ത് തീരുമാനിക്കുന്നതും.

-------------------------


"എന്നാലും എന്താണുണ്ടായത്?" അല്പം മടിയോടെ രഞ്ജിത്ത് രവിയോട് ചോദിച്ചു.

" പല കാര്യങ്ങൾ പറഞ്ഞു വഴക്കായി. ഒരു നിമിഷത്തെ ശ്രദ്ധ പോയാൽ കഴിഞ്ഞില്ലേ എല്ലാം ? " - ഒരു നെടുവീർപ്പോടെ രഞ്ജിത്ത് ചോദിച്ചു.

കല്യാണത്തിന്റെ കാര്യം രഞ്ജിത്ത് പറഞ്ഞത് രവി ശ്രദ്ധയോട് കേട്ട്. അഭിനന്ദിച്ചു. അപ്പോഴും രവിയുടെ മുഖത്തു പ്രതീക്ഷയുടെ തീനാളമുണ്ടായിരുന്നു. അത് രഞ്ജിത്തിനെ അത്ഭുതപ്പെടുത്തി.

തുടർന്ന് രവി പറഞ്ഞു : " മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു. ദൈവം മറ്റൊന്നും. മകൾക്ക് പണ്ട് മുതലേ ഡ്രൈവിങ്ങിൽ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഞാൻ അത് കാര്യമാക്കിയിരുന്നില്ല. പക്ഷെ ആ താല്പര്യം അവളെ കെ എസ് ആർ ടി സി ഡ്രൈവർ ആക്കി. ഇപ്പൊ ഈ കുടുംബം അവൾ ആണ് നോക്കുന്നത്. "

അഭിമാനത്തോടെ രവി അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ചില സന്ദർഭങ്ങളിൽ താങ്ങായി ദൈവത്തിന്റെ കൈ വരും. അതാണ് സത്യം.


-----------------------------------------------------------------------------------------------------------------------------------