I Love U 2 - (Part 4) books and stories free download online pdf in Malayalam

I Love U 2 - (Part 4)



പെട്ടെന്ന് വാതിൽക്കലിലൂടെ ആരോ കടന്ന് പോകുന്ന പോലെ ബദ്രിയ്ക്ക് തോന്നി അവൻ വേഗം എഴുന്നേറ്റ് മുറിയ്ക്ക് പുറത്ത് വന്നു..

"നിൽക്ക്...." ബദ്രി വിളിച്ചു.

നീരാജ്ഞനയായിരുന്നു അത്.. ബദ്രി ഇടനാഴിയിലേയ്ക്ക്, അവളുടെ അടുത്ത് വന്ന് ചോദിച്ചു.

"ആത്മികയെന്താ മുറിയിലേയ്ക്ക് വന്നിട്ട് തിരിച്ച് പോന്നത്..? കൈയിൽ എന്താ?"

"ഇത് വെള്ളമാണ്.. അപ്പുവേട്ടന് കൊടുക്കാൻ വന്നതാ.. നിങ്ങൾ കാര്യമായി എന്തോ സംസാരിക്കുന്നെന്ന് കരുതി പോന്നതാ.. പിന്നെ ഞാൻ ആത്മിക അല്ല.. നീരാജ്ഞനയാണ്.."

"ഓഹ് ആത്മിക അല്ലല്ലേ... വെള്ളം തന്നോളൂ ഞാൻ കൊടുക്കാം.."

അവൻ വെള്ളം വാങ്ങി..

"എന്നാൽ പോക്കോളൂ.. "

നീരാജ്ഞന മൂളി കൊണ്ട് തിരിഞ്ഞു നടന്നു.. ഇടനാഴിയിൽ നിന്നും തിരിഞ്ഞു പോകുമ്പോൾ അവൾ എന്തോ ആലോചിച്ച പോലെ, സംശയഭാവത്തോടെ പിറകിലേയ്ക്ക് ബദ്രിയെ നോക്കി... ബദ്രി അവിടെ തന്നെ നിന്നിരുന്നു.. ഒരു നിമിഷം നിന്ന ശേഷം അവൾ പോയി.

അവനും എന്തോ ആലോചിച്ച ശേഷം തിരിച്ച് മുറിയിലേയ്ക്ക് വന്നു..

"നീ മെഡിസിൻ കഴിച്ചിട്ട് വെള്ളം കുടിച്ചിരുന്നില്ലേ..??" ബദ്രി ചോദിച്ചു.

മറുപടിയായി പൃഥി ഉണ്ടെന്ന് തലയാട്ടി..

"ഇത് നീരാജ്ഞന നിനക്ക് തരാൻ കൊണ്ടുവന്നതാ..." ബദ്രി വെള്ളം ടേബിളിൽ മേൽ വച്ചു.

"നിന്നെ വെള്ളം കുടിപ്പിക്കാൻ കുറെ പെൺകുട്ടികളുണ്ടല്ലോ.. ആത്മിക വെള്ളം കുടിപ്പിച്ചിട്ട് പോയി.. നീരാജ്ഞന കുടിപ്പിക്കാൻ വെള്ളവുമായി വരുന്നു.. സെലിനും സ്വാതിയും ഇപ്പോൾ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്നു..."

അർത്ഥം വെച്ച് ചിരിയോടെ പറഞ്ഞ ശേഷം അവൻ കൂട്ടിചേർത്തു.

"പണ്ടും ഇങ്ങനെയെക്കെ തന്നെ ആയിരുന്നില്ലേ.. ഒരുപാടുണ്ടായിരുന്നല്ലോ നിനക്ക് കളിക്കൂട്ടുകാരികളായിട്ടും സഖിമാരായിട്ടുമൊക്കെ..."

പൃഥിയ്ക്ക് വലിയ രസമായിരുന്നില്ല അതൊന്നും..

നീട്ടിയ ചിരി നിർത്തി ബദ്രി പറഞ്ഞു.

"നമ്മൾ എന്തോ പറഞ്ഞ് നിൽക്കുവായിരുന്നില്ലേ..? ഹാ.. എന്നെ മനസിലായോയെന്ന്..."

ചെറിയ ഇടവേളയ്ക്ക് ശേഷം പറഞ്ഞു.

"ഈ തറവാട്ടിലെ പഴയൊരു കാര്യസ്ഥന്റെ മകനാണ്.. പേര് ബദ്രി.. ബദ്രിനാഥ്.."

പൃഥിയൊന്നും പറയാതെ ഇരുന്നപ്പോൾ ബദ്രി പറഞ്ഞു.

"പഴയ ചിലതൊന്നും ഓർമയിൽ ഇല്ലല്ലേ.."

പൃഥി വെറുതെ വിഷാദഭാവത്തിൽ പുഞ്ചിരിച്ചു.

ബദ്രി എഴുന്നേറ്റ് ബുക്കുകൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫിനടുത്തേയ്ക്ക് പോയി..

ഒരുപാട് ബുക്കുകളുണ്ടായിരുന്ന ഷെൽഫിലേയ്ക്ക് നോക്കി അവൻ ചോദിച്ചു.

"പൃഥിയ്ക്ക് ഡയറി എഴുതുന്ന ശീലമുണ്ടോ?"

മറുപടിയൊന്നും വരാതിരുന്നപ്പോൾ ബദ്രി തല ചരിച്ച് അവനെ നോക്കി..
പൃഥി ആലോചിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന പോലെ കണ്ടപ്പോൾ അവന് ഓർമ കാണിലെന്ന് തോന്നി... ബദ്രി വീണ്ടും ചോദ്യം ആവർത്തിക്കാതെ അവിടെയുള്ള ബുക്കുകളെല്ലാം പരിശോധിക്കാൻ തുടങ്ങി..


*❣️___________________*💞*__________________❣️*


"എന്തെങ്കിലും തുമ്പ് കിട്ടിയോടാ??" രാമചന്ദ്രൻ ബദ്രിയോട് ചോദിച്ചു.

അവൻ പെട്ടെന്നൊരുത്തരം പറയാതെ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

"പൃഥിയോട് ചോദിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്.. എന്തെന്നാൽ ഓർമയിൽ ഇല്ലാത്ത പല കാര്യങ്ങളെക്കുറിച്ചും ചോദിക്കുമ്പോൾ അതൊർതെടുക്കാൻ സ്വഭാവികമായും അവൻ ശ്രമിക്കും.. ഓർമയിൽ വരുത്തുവാൻ തലച്ചോറ് കൂടുതൽ പ്രഷറെടുക്കും... ഈ ഒരു അവസ്ഥയിൽ അവന്റെ മാനസികാരോഗ്യത്തിന് അത് അത്ര നല്ലതല്ല.."

ദേവരാജൻ ശരിയെന്ന ഭാവത്തിൽ തലയാട്ടി.. ബദ്രി വീണ്ടും പറഞ്ഞു.

"പിന്നെ അവന്റെ മുറിയിൽ നിന്നും ഒരു ഡയറി കിട്ടിയിട്ടുണ്ട്.." അതും പറഞ്ഞവൻ കൈയിലെ ഡയറി അവർക്ക് കാണിച്ചു.

ആത്മിക ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് അകത്തളത്തിലെ തിണയിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഒളികണ്ണിട്ട് ആത്മിക അവരെ നോക്കും... ബദ്രിയും അവളെ നോക്കും.. കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ അവൾ എന്തോ ചെയ്യുന്ന പോലെ കാണിക്കും.. ബദ്രിയ്ക്ക് ചിരിക്കാൻ തോന്നും..
ഉമ്മറത്തേയ്ക്കുള്ള വാതിലിനടുത്തിട്ടിരിക്കുന്ന കസേരയിൽ ഇരിക്കുന്ന ബദ്രിയുടെ കൈയിലെ ഡയറിയിലേയ്ക്ക് അവൾ ഉറ്റുനോക്കി..

"ഇതിലെ കൈയക്ഷരം അവന്റെതു തന്നെയെന്ന് നോക്കിയേ.." ബദ്രി പറഞ്ഞു.

രാമചന്ദ്രൻ ഡയറിയിലെ പേജുകൾ മറിച്ചു നോക്കിയ ശേഷം പറഞ്ഞു..

"ആണെന്നാണ് എനിക്ക് തോന്നുന്നത്.."

ബദ്രി ഒന്നുകൂടി ഉറപ്പു വരുത്തുവാൻ ആത്മികയെ വിളിച്ചു. കേൾക്കേണ്ട താമസം... പെട്ടെന്നവൾ അവിടെ ചെന്ന് ഡയറി മറിച്ചു നോക്കി..

"അതേ.. ഇത് അപ്പുവേട്ടന്റെ കൈയ്യഷരം തന്നെയാണ്.." അവൾ ഉറപ്പിച്ചു പറഞ്ഞു.

ഡയറി തിരിച്ചു വാങ്ങി അവൻ പറയാൻ തുടങ്ങി..

"ഇതിലെ എല്ലാ പേജുകളിലും എഴുതിയിട്ടില്ല.. എഴുതിയതെല്ലാം ഞാൻ വായിച്ചു.. പ്രത്യേകമായൊന്നും കണ്ടില്ല. പക്ഷെ അവിടെവിടെ ചില പ്രണയം നിറഞ്ഞു നിൽക്കുന്ന കവിതാവരികൾ.. ചില വാക്കുകൾ.. പൃഥി പ്രണയത്തിലായിരിക്കുന്നെന്ന് സൂചിപ്പിക്കുന്നുണ്ട്.. പിന്നെ ഞാൻ നോട്ട് ചെയ്ത ചില കാര്യങ്ങളുണ്ട്.. അതേക്കുറിച്ച് നിങ്ങൾക്കറിയുവെങ്കിൽ പറയണം.."

ആത്മിക ശ്രദ്ധയോടെ നിന്നു.

"ഒരു പേജിൽ, സിദ്ധാർത്ഥാണ് അവൾക്കും എനിക്കും ഇടയിൽ ഒരു പ്രശ്നം എന്നെഴുതിയിട്ടുണ്ട്.. അതേ പോലെ മറ്റൊരു പേജിൽ അവളെയും എന്നെയും വീണ്ടും ഒരുമിച്ചു കണ്ട സ്ഥിതിയ്ക്ക് സിദ്ധാർത്ഥിൽ നിന്നും വീണ്ടും ഒരു ഭീക്ഷണിയോ അല്ലെങ്കിൽ അക്രമണമോ ഉണ്ടാകാമെന്നുണ്ട്.. ഈ സിദ്ധാർത്ഥിനെ നിങ്ങൾക്കറിയാമോ??"

ഇല്ലെന്നായിരുന്നു അവരുടെ ഉത്തരം..

"പിന്നെ സ്നേഹാലയത്തിൽ പോകണമെന്നും അവളെ കാണണമെന്നും പല പേജുകളിലായി കണ്ടിട്ടുണ്ട്... മറ്റൊരു പേജിൽ ഫാദർ പറഞ്ഞാലെ അവൾ കേൾക്കൂ ഫാദറിനെ കൊണ്ട് അവളെ സമ്മതിപ്പിക്കണം എന്നൊക്കെ എഴുതിയിട്ടുണ്ട്.. ഈ സ്നേഹാലയമെന്ന് പറയുന്ന സ്ഥലത്തെക്കുറിച്ച് അറിയാമോ??"

എല്ലാവരും ഇല്ലെന്ന് തലയാട്ടി.. അടുത്ത നിമിഷം പെട്ടെന്ന് ആത്മിക പറഞ്ഞു.

"ഈ സെലിൻ അതേക്കുറിച്ച് പറഞ്ഞിരുന്നില്ലേ??"

ദേവരാജനും രാമചന്ദ്രനും ശരിയാണെന്ന ഭാവത്തിൽ നിന്നു.

"അതേയോ പറഞ്ഞിരുന്നോ? എന്താണ് പറഞ്ഞത്?" ബദ്രി ചോദിച്ചു.

"സ്നേഹാലയത്തിലെ ഫാദറിന് എല്ലാം അറിയാമെന്നൊക്കെ..."

ബദ്രി കണ്ണടച്ച് ചെവിയുടെ പിറകിൽ ചൂണ്ടുവിരൽ കൊണ്ട് തടവി.. ബദ്രി ഗഹനമായി അതേക്കുറിച്ച് ആലോചിച്ച് നിൽക്കുമ്പോൾ ആത്മിക ചോദിച്ചു.

"ഞാനൊരു സംശയം ചോദിച്ചോട്ടെ.. അപ്പുവേട്ടന്റെ ഫോൺ പരിശോധിച്ചാൽ..."

പറഞ്ഞു പൂർത്തിയാക്കും മുൻപ് ദേവരാജൻ പറഞ്ഞു..

"അതിന് ആക്സിഡന്റിൽ അവന്റെ ഫോൺ മിസ്സായതല്ലേ.. ഇതുവരെ കണ്ടു കിട്ടിയില്ലല്ലോ?"

ആത്മിക പറഞ്ഞതൊന്നു കൂടി വ്യക്തമായി പറഞ്ഞു.

"ഫോണിൽ വന്ന കോൾ ലിസ്റ്റ് സൈബർ സെല്ലുവഴി കണ്ടെത്താൻ കഴിയില്ലേ?"

"പക്ഷെ അതുകൊണ്ട് ഒരു തുമ്പും കിട്ടിയെന്ന് വരില്ല.. കാരണം സെലിനേയോ സ്വാതിയെയോ വിളിച്ചു എന്നു കരുതി അവർ പ്രണയത്തിലാണോ, പറഞ്ഞതെല്ലാം സത്യമാണോ? അല്ലയോ എന്നൊന്നും മനസിലാക്കാൻ കഴിയില്ല.. പിന്നെ സെലിനും സ്വാതിയും ചിലപ്പോൾ പൃഥിയെ വിളിച്ചിട്ടുണ്ടാകും.. കമ്പനിയിലെ പൃഥിയുടെ PA അല്ലേ സെലിൻ, കാൾ ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ലേ..? അതേ പോലെ പൃഥി നോക്കി നടത്തുന്ന റസ്റ്റോറന്റിലെ റിസപ്ഷനിസ്റ്റാണ് സ്വാതി.. അപ്പോൾ എന്തെങ്കിലും ആവശ്യത്തിനൊക്കെ വിളിച്ചു എന്നു വരാം... അവർക്കിടയിലെ സംസാരവിഷയം അവർക്കുമാത്രമല്ലേ അറിയുകയുള്ളൂ. അത് ലഭിക്കാത്ത പക്ഷം ഒരു തെളിവും കിട്ടില്ല.."

ബദ്രിയുടെ മറുപടിയിൽ എല്ലാവരും കുറച്ച് നേരത്തേയ്ക്ക് നിശബ്ദരായി..

അകത്തളത്തിലേയ്ക്ക് നീരാജ്ഞന സന്ധ്യാദീപവുമായി വന്നത് ബദ്രി നോക്കി.. അതേ സമയം നീരാജ്ഞനയും ബദ്രിയെ നോക്കി.. ഒരു നിമിഷം ഇരുവരുടെ കണ്ണുകളും കൂട്ടിമുട്ടി.. പെട്ടെന്ന് നീരാജ്ഞന കണ്ണുകൾ തെന്നിമാറ്റിച്ച് നടുമുറ്റത്തേയ്ക്കിറങ്ങി..

"എടാ ഞാനൊരു കാര്യം പറഞ്ഞാൽ നീ ഏതിർത്തൊന്നും പറയരുത്.." രാമചന്ദ്രൻ ബദ്രിയോട് പറഞ്ഞു.

നീരാജ്ഞന നടുമുറ്റത്തെ തുളസി തറയിൽ വിളക്ക് വയ്ക്കുന്നത് നോക്കി നിന്നിരുന്ന ബദ്രി തലചരിച്ച് രാമചന്ദ്രനെ നോക്കി ചോദിച്ചു..

"കാര്യമെന്താ..?"

"ഇത് ഞാൻ വിചാരിച്ചത് മാത്രമല്ല, ഏട്ടൻ എന്നോട് പറഞ്ഞതു കൂടിയാണ്..."

ദേവരാജൻ അതെയെന്ന് തലയാട്ടി..

പ്രാർത്ഥിച്ച് തുളസി തറ വലം വയ്ക്കുന്നതിനൊപ്പം എന്താണ് ബദ്രിയോട് പറയാൻ പോകുന്നതെന്ന് അറിയാൻ നീരാജ്ഞന കാതോർത്തു.. ആത്മികയും അതേ ആകാംക്ഷയോടെ നിന്നു..

"എന്താ കാര്യം..??" ബദ്രി ചോദിച്ചു.


തുടരും...



പങ്കിട്ടു

NEW REALESED