Read I love u 2 - 5 by വിച്ചു in Malayalam Love Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

I Love U 2 - (Part 5)



പ്രാർത്ഥിച്ച് തുളസി തറ വലം വയ്ക്കുന്നതിനൊപ്പം എന്താണ് ബദ്രിയോട് പറയാൻ പോകുന്നതെന്ന് അറിയാൻ നീരാജ്ഞന കാതോർത്തു.. ആത്മികയും ആകാംക്ഷയോടെ നിന്നു..

"എന്താ കാര്യം..??" ബദ്രി ചോദിച്ചു.

"അത്.. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുന്നതുവരെ നീ ഇവിടെ നിൽക്കണം.. ഞങ്ങളുടെ ഒരു സമാധാനത്തിന്... "

"അതിന്റെ ആവശ്യമൊക്കെയുണ്ടോ? എന്തായാലും ഞാനീ പ്രശ്നം പരിഹരിച്ച് തരും അത് എന്റെ ഉറപ്പാണ്.."

"മോൻ മറുത്തൊന്നും പറയരുത്.. " ദേവരാജൻ ബദ്രിയുടെ കൈകൾ പിടിച്ചു.

"എനിക്കിവിടെ നിൽക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല.. ഇവിടെ ആർക്കും അത് ഇഷ്ടമല്ല.. ഞാനിവിടെ വന്നതു പോലും..!!"

ബദ്രി നിസഹായത വ്യക്തമാക്കി.

"അതൊന്നും നീ കാര്യമാക്കണ്ട.. അവരുടെ കാര്യം ഞാൻ നോക്കിക്കോളാം ഇപ്പോ നീ പറയുന്നത് കേട്ടാ മതി.. നീ പോകുന്നില്ല.. മുകളിലെ തെക്കേ മുറിയിൽ നിനക്ക് കിടക്കാം.. " അത് പറഞ്ഞ് രാമചന്ദ്രൻ നീരാജ്ഞനയെ നോക്കി പറഞ്ഞു.

"മോൾ ആ മുറിയൊന്ന് വൃത്തിയാക്കാവോ..??"

നീരാജ്ഞന ശരിയെന്ന് തലയാട്ടി..


*❣️___________________*💞*__________________❣️*

നീരാജ്ഞനയ്ക്കു പിന്നിൽ ഗോവണി കയറി മുറിയിൽ വന്ന ബദ്രി ജനൽ തുറന്ന് എന്തിനോ വേണ്ടി പുറത്തേയ്ക്ക് നോക്കി.

ആകാശം ഇരുണ്ടിരുന്നു.. പുറത്ത് മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ വെളിച്ചത്തിൽ അഴികൾക്കിടയിലൂടെ അവൻ കുറച്ചകലെയായി ഇടിഞ്ഞ് പൊളിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന ഒരു പഴയ വീട് നോക്കി.. ആ കാഴ്ച, മനസ്സിൽ വേദനിപ്പിക്കുന്ന കറുത്ത നിഴൽ വിരിക്കുന്നത് അവൻ അറിഞ്ഞു.

ഹൃദയത്തിലെ നോവ് ഒരു കിനാവായി അവന്റെ കൺമുൻപിലൂടെ കടന്നുപോയി.. ദുഖത്തിന്റെ, ലഭിക്കാത്ത സന്തോഷത്തിന്റെ, ചവിട്ടിയരയ്ക്കപ്പെട്ട സ്വപ്നങ്ങളുടെ.. പിന്തുടരുന്ന ഒഴിയാ ശാപത്തിന്റെ സമൃതികൾ..!!

അഴികളിൽ ക്രൂരമായി മുറുകിയ അവന്റെ കൈ എന്തിനോ വേണ്ടി വന്യമായി ആഗ്രഹിച്ചു.. കണ്ണുകളിൽ പകയുടെ തീ ജ്വാല കത്തി.. ക്രോധത്താൽ മുഖം വിറയൽ കൊണ്ടു..!!

"എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.."

നീരാജ്ഞനയുടെ ശബ്ദം കേട്ടപ്പോൾ, ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്ന പോലെ ഒരു നടുക്കത്തോടെ ബദ്രി യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വന്നു.

അവൻ തിരിഞ്ഞ് നിന്നു പറഞ്ഞു..

"ആഹ്.. ശരി " അവന്റെ ശബ്ദത്തിലെ ഇടർച്ച നീരാജ്ഞന അറിഞ്ഞു.

"എന്താ.. എന്തെങ്കിലും അസൗകര്യമുണ്ടോ..? ഈ മുറി ഇഷ്ടായില്ലേ?"

"ഹേയ്... അങ്ങനെയൊന്നുമില്ല.. നീ പൊക്കോ.." ചിരിച്ചു കൊണ്ടവൻ എല്ലാം മറച്ചു പിടിച്ചു.

"മ്മ്.."

നീരാജ്ഞന പുറത്തേയ്ക്ക് നടന്നപ്പോൾ ബദ്രി വിളിച്ചു.

"ഈ സെലിനും സ്വാതിയും ഇവിടെയാണെന്ന് അല്ലേ പറഞ്ഞേ..?" ബദ്രി ചോദിച്ചു.

"അതേ.. അവർ താഴെ വടക്കിനിയിൽ രണ്ടു മുറികളിലാണ്.."

"ആഹ്.. അവർ പൃഥിയുടെ അടുത്ത് പിന്നെ എപ്പോഴേലും പോയോ..??"

"ഇല്ല.. അമ്മാവൻ അവരോട് പോകേണ്ടെന്ന് പറഞ്ഞിരുന്നു.. അപ്പുവേട്ടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കാണുന്നതൊക്കെ ദോഷം ചെയ്യുമെന്നൊക്കെ.."

ബദ്രി എന്തോ ആലോചിക്കുന്ന പോലെ നീരാജ്ഞനയ്ക്ക് തോന്നി.. അവൾ വീണ്ടും പറഞ്ഞു.

"അവർ എപ്പോഴും മുറിയിൽ തന്നെയാണ്.. ഭക്ഷണമൊക്കെ നിർബന്ധിച്ചാലും കഴിക്കാറില്ല.. രാത്രിയിൽ ഉറങ്ങതെ ഇരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പാവം തോന്നും.."

"സെലിനോ അതോ സ്വാതിയോ?"

"രണ്ടുപേരെയും കണ്ടിട്ടുണ്ട്.. എന്തിനാ കരയുന്നതെന്ന് ചോദിച്ചപ്പോ ഒന്നുമില്ലെന്ന് പറഞ്ഞു.."

"ആര് പറഞ്ഞു?"

"സ്വാതി... സെലിനോട് ചോദിച്ചില്ല.. എല്ലാം അറിഞ്ഞിട്ടും ചോദിക്കുന്നത് ശരിയല്ലല്ലോ.."

കണ്ണടച്ച് ചെവിയുടെ പിറകിൽ ചൂണ്ടുവിരൽ കൊണ്ട് തടവി, ബദ്രി ഗഹനമായി ആലോചിച്ച് നിൽക്കുമ്പോൾ നീരാജ്ഞന പറഞ്ഞു.

"ആത്മിക പറഞ്ഞതുപോലെ അവർ കള്ളം പറഞ്ഞ് വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല.. ശരിക്കും നെഞ്ച് നീറി വേദനിച്ചിട്ട് കരഞ്ഞത്... അതൊക്കെ അഭിനയമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.."

ഒന്നു നിർത്തി കൊണ്ട് പറഞ്ഞു.

"ചിലപ്പോൾ അവർ രണ്ടു പേരും പറഞ്ഞത് സത്യമായിരിക്കും.. രണ്ടുപേരെയും അപ്പുവേട്ടൻ ഇഷ്ടപ്പെട്ടിട്ടുണ്ടാവും.."

അത് പറയുമ്പോൾ അവൾക്ക് ചെറിയ വിഷമമുള്ളത് പോലെ ബദ്രിയ്ക്ക് തോന്നി..

"നിനക്ക് അവനെ ഇഷ്ടമായിരുന്നു അല്ലേ?"

പെട്ടെന്നുള്ള ചോദ്യത്തിൽ അവൾക്കുത്തരം കിട്ടിയില്ല.. പതറി നിൽക്കുന്നത് കണ്ട് ബദ്രി പറഞ്ഞു.

"ഞാൻ എനിക്ക് തോന്നിയത് പെട്ടെന്ന്... അറിയാതെ പുറത്ത് വന്നതാ.. വിഷമമായെങ്കിൽ സോറി.."

"സാരല്യാ.. ക്ഷമയൊന്നും വേണ്ട... എനിക്ക് ഇഷ്ടമായിരുന്നോയെന്ന് ചോദിച്ചാ.. എനിക്കിപ്പോഴും ശരിയായ ഒരു ഉത്തരമൊന്നുമില്ല.. ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.. എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷെ ഞാൻ അതൊക്കെ മറക്കുവാണ്.."

"ഹമ്മ്.. "

"ഡയറിയിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടിയോ..?" നിരാജ്ഞന ചോദിച്ചു.

"അങ്ങനെയൊന്നും കിട്ടില്ല.. അതിൽ എഴുതിയത് പലതും വ്യക്തമായി സെലിനേയോ സ്വാതിയെയോ എന്ന് സൂചിപ്പിച്ചിട്ടില്ല.." ബദ്രി പറഞ്ഞു. "നോക്കാം.."

"അപ്പുവേട്ടന് ഒന്നും ഓർക്കാൻ കഴിയാത്ത സ്ഥിതിയ്ക്ക് ഇനി...???"


*❣️___________________*💞*__________________❣️*


പിറ്റേന്ന് പുലർച്ചേ ബദ്രി പലതും തീരുമാനിച്ചുറപ്പിച്ച് നാലാം നിലയിൽ നിന്നും ഗോവണിയിറങ്ങി..

തറവാട്ടുകുളത്തിൽ നിന്ന് കുളി കഴിഞ്ഞ് തല തോർത്തി പടവുകൾ കയറുമ്പോൾ അവൻ ദൂരെ കാണുന്ന ആ ഇടിഞ്ഞുപൊളിഞ്ഞ വീടു നോക്കിയിരുന്നു..

പടവുകൾ കയറി നടക്കുമ്പോൾ ഏതിരെ വരുന്ന കേശവമേനോനെ ബദ്രി കണ്ടു..

അവൻ തലകുനിച്ച് അയാളെ മറികടന്ന് പോയപ്പോൾ അയാൾ വിളിച്ചു നിർത്തി.

"രക്ഷകന്റെ മുഖം മൂടിയണിഞ്ഞ് വന്ന്.. ഒരു പാവത്തെ പോലെ അഭിനയിച്ച് ഏട്ടനെ കൊണ്ട് തന്നെ തറവാട്ടിൽ താമസിക്കാൻ പറയിപ്പിച്ച നീ എന്തൊക്കെയോ മുൻപിൽ കണ്ടിട്ടുണ്ടെന്ന് എനിക്കറിയാം.." കേശവ മേനോൻ പറഞ്ഞു.

"എങ്ങനെ മനസിലായി?" അത്ഭുതഭാവം വരുത്തി കൊണ്ട് ബദ്രി കളിയാക്കി ചോദിച്ചു.

"നിന്റെ ഈ വരവ് ആകസ്മികമായുള്ളതല്ലെന്ന് മനസിലാക്കാൻ അധികമൊന്നും ചിന്തിക്കണ്ട ഈ കേശവമേനോന്.."

"അതേയോ?

"നിന്റെ വരവിന്റെ പിന്നിലുള്ള ഉദ്ദേശ്യം എന്ത് തന്നെയായാലും അത് നടക്കില്ല..."

"ഈ ബദ്രി എന്തെങ്കിലും ഉദേശിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിട്ടേ ഇവിടുന്ന് പോകൂ.. അത് തടുക്കാൻ ആരേ കൊണ്ടും കഴിയില്ല.."

അത് പറഞ്ഞപ്പോൾ ബദ്രിയുടെ മുഖത്തെ നിഗൂഢമായ ഭാവം അയാൾ ശ്രദ്ധിച്ചു. അയാളും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല..

"പണ്ട് നിന്റെ തന്തയും എന്നെ വെല്ലുവിളിച്ചതാ.. അവസ്ഥ എന്താ ഉണ്ടായേ എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ? നിന്റെ ഉദേശ്യം എന്ത് തന്നെ ആയാലും അത് ഞാൻ തടുത്തിരിക്കും.. ഞാനാ പറയുന്നേ... മേലേപാടത്ത് കേശവമേനോൻ.. അതിപ്പോ നിന്റെ മരണത്തോടെയാണെങ്കിൽ അങ്ങനെ.."

അതും പറഞ്ഞ് തിരിഞ്ഞ് പോകാൻ നിന്ന കേശവമേനോനേ ബദ്രി പിറകിൽ നിന്ന് വിളിച്ചു. അയാൾ തിരിഞ്ഞപ്പോൾ അയാൾക്കടുത്ത് ചെന്ന് ബദ്രി പറഞ്ഞു.

"ഇത്രയും പറഞ്ഞ് കൊലവിളി നടത്തിയ സ്ഥിതിയ്ക്ക് ഞാൻ രണ്ട് വാക്ക് പറയാതെ പോയാൽ താൻ വിചാരിക്കും ഞാൻ അങ്ങ് പേടിച്ച് പോയി എന്ന്.. ഇന്ന് ഈ ജീവിക്കുന്ന തന്റെ ഈ ജീവിതം ഉണ്ടല്ലോ അത് എന്റെ ഭിക്ഷയാണെന്ന് ഓർത്തോ.. എല്ലാം മറന്ന് ജീവിക്കുമ്പോൾ വീണ്ടും താൻ പഴയ കണക്കുകൾ നിരത്തി എന്റെ വഴിയിൽ തടസമായി നിന്നാൽ ഉണ്ടല്ലോ..." ബദ്രി അയാളുടെ മുഖത്തിന് വളരെ അടുത്ത് വന്ന് തുടർന്ന് പറഞ്ഞു..
"നെയ്യാറ്റിൻകര അങ്ങാടി ചന്തയിൽ നിന്ന് തലമുറ തലമുറയായി കൈവന്ന തന്റെ ഈ തന്തയ്ക്ക് പിറക്കാത്ത പിറപ്പ്ക്കേട് മതിയാകാതെ വരും, എന്നോട് ഒന്ന് എതിർത്ത് പിടിച്ച് നിൽക്കാൻ... മനസിലായോടാ... മേലേപാടത്ത് കേശവൻ മേനോൻ സാറേ...!!!!"

ഒന്ന് പരിഹസിച്ച് ചുണ്ട് കോട്ടിയ ശേഷം കേശവമേനോൻ പറഞ്ഞു.

"നാവിന്റെ മൂർച്ച എനിക്കിഷ്ടപ്പെട്ടു.. പക്ഷെ എന്നും ഈ ആവേശവും ധൈര്യവും ഉണ്ടായാൽ മതി.. "

"ആവേശവും ധൈര്യവും ചോരയിൽ ചേർന്നതാണ് അത് പോകില്ല.."

അപ്പോഴേക്കും ആത്മിക വരുന്നത് കണ്ടപ്പോൾ ദേഷ്യത്തോടെ ബദ്രിയെ ഒന്ന് നോക്കിയ ശേഷം കേശവമേനോൻ പോയി..

ബദ്രി അയാൾ പോയ വഴി ഗൗരവത്തോടെ നോക്കി നിന്നപ്പോൾ ആത്മിക വിളിച്ച് പറഞ്ഞു.

"ഇയാൾ ഇവിടെ നിൽക്കാണോ? അമ്മാവൻ അന്വേഷിക്കുന്നുണ്ട് അവിടെ... വേഗം വരൂ.. ഇയാളെ വിളിക്കാൻ പറഞ്ഞയച്ചതാണെന്നെ."

ബദ്രി ആത്മികയുടെ അടുത്തേക് വേഗം നടന്നു..


തുടരും..