Some Short Stories books and stories free download online pdf in Malayalam

ഒരു ചില കഥകൾ

കഥ - 1

ഇട്ടിമാടൻ്റെ കുട്ടിത്തേയി

"എന്താടാ മാടാ! മണ്ണിളക്കാതെയാണോ നിന്റെ പണി... കൂലീം ചോയിച്ച് ഏറേത്തക്ക് വായോ... തരുന്നുണ്ട് ഞാൻ..." വരമ്പത്തെത്തിയ യജമാനന്റെ നന്ദിവാക്ക് ശ്രദ്ധിക്കാതെ ഇട്ടിമാടൻ പണി തുടർന്നു... ഇന്നും കൂലിസമയത്തെ യജമാനന്റെ ഔദാര്യസൂചകമായ ഭാവം മാടനൊന്ന് ഓർത്ത് നെടുവീർപ്പിട്ടു... "പ്രായം അനുവദിക്കാതായിരിക്കുന്നു മാടാ... നമുക്കിത് നിർത്താം..." ഭൂമിയിൽ വീണലിഞ്ഞ സ്വന്തം വിയർപ്പ് മാടനെ ഓർമ്മപ്പെടുത്തി... ഏറേ നേരം കുനിഞ്ഞുനിന്നതുകൊണ്ടാവാം വില്ലുപോലെ വളഞ്ഞ നട്ടെല്ല് നിവർത്തുമ്പോൾ അസഹ്യമായ വേദന... ചുറ്റിനും ഒന്ന് കണ്ണോടിച്ചു മങ്ങിയ കാഴ്ച്ചയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ മാടൻ അല്പ്പനേരം ആ വരമ്പത്തിരുന്നു...

"എന്താ വയ്യാണ്ടായാ, ഇന്നിറങ്ങുമ്പോ തന്നെ എനക്ക് തോന്നീതാ... നിങ്ങളിതങ്ങാട് കുടിച്ചേ ബാക്കി പണികളൊക്കെ കൊളുത്തക്ക് ശേഷാവാം..." മാടൻ തല ഉയർത്തി നോക്കി വെയിലേറ്റ് മങ്ങിയ കാഴ്ച്ചയിൽ മാടൻ ഒന്ന് ചിരിച്ചു "നിന്റെ ഒരു കാര്യം തേയ്യേ... ഓൾടൊരു വയ്യായേം കഞ്ഞീം... ആയ കാലത്ത് ഈ മാടൻ പണിതത്ര പാടൊന്നും ഈടെ ഒരാളെക്കൊണ്ടും കൂട്ട്യാകൂടൂല... ഇപ്പഴും മാടൻ ഒന്ന് നിനച്ചിറങ്ങ്യ തേയ്യേ... നിനക്കറിയാല്ലോ... ഖോ ഖോ ഖോ തൂ... ഈ നശിച്ച ചൊമടെ കാര്യം..." കഫത്തിൽ ചോര കട്ടിയായി ആ പാടവരമ്പത്ത് വീണു... "നിങ്ങളിന്ന് പണി മതിയാക്കിൻ അംബ്രാനോട് ഒരൂസത്തേക്ക് ഇളവ് ചോയിക്കാന്നേയ്..." പുറം തടവി കുട്ടിത്തേയി പറഞ്ഞു... "അനക്കെന്തിന്റെ കേടാ തേയ്യേ... കെളക്കണ കൈക്കോട്ടിനെക്കാൾ മൂർശ്ശള്ളതാ മൂത്തോര്ടെ നാക്കിന്‌... ഇനി വൈന്നേരം ആ മുന്നിൽ ചെന്ന് നിക്കണ്ടേന്നാലോചിക്കുമ്പോ... ആ; നിക്കന്നെ, നാളേം പണിവേണ്ടേ!..."

"നമുക്ക് ആ ഡോക്ടറെ ഒന്നുപോയി കണ്ടാലോ!..." വൈഷമ്മ്യത്തോടെ കുട്ടിത്തേയി മാടനോട് ചോയിച്ചു... "അനക്ക് പ്രാന്താ തേയ്യേ, ഇനിയിപ്പോ വൈദ്യനെ കാണാൻ നിക്കാ... ഈ കഞ്ഞീലൊരുലേശം ഉപ്പിട്ടാ നെന്റെ കയ്യിലെ വളയൂരിപ്പോവോ! അഹ്! വായിക്ക് രുചിള്ള എന്തേലും ഇണ്ടാക്കിക്കൂടെ നെനക്ക്..." അടുത്തിരുന്ന ഒരു ചേമ്പിലയിലേയ്ക്ക് അൽപ്പം കഞ്ഞി പാർന്ന്... "ന്നാ, കുടിച്ചോ... ഇനി മോറ് വീർപ്പിക്കണ്ട..." മാടൻ സ്നേഹത്തോടെ പറഞ്ഞു...

"യ്യോ! നമ്മടെ മാടനല്ലേ ആ വരമ്പത്ത് വീണ്‌ കടക്കണത്..." അത് വഴി വന്ന പണിക്കാർ മാടനെ എടുത്ത് വഴിയിലേക്ക് കയറി... "ശ്വാസം ഇല്ല, പോയിക്കണ് തോന്നണ്ട്... വേഗം ആസ്പത്രി കൊണ്ടോയോക്കാം..." "ഇത് മരിച്ചിട്ട് കുറച്ച്‌ നേരായല്ലോ! നിങ്ങൾക്കിത്തിരി നേരത്തെ കൊണ്ടന്നൂടെ..." വിലകുറഞ്ഞ മനുഷ്യരോടുള്ള അവജ്ഞയുടെ ശബ്ദത്തിൽ ആ ഡോക്ടർ പറഞ്ഞു തീർത്തു...

"ഇനിയിപ്പോ ഇതുകൂടി ഇവിടെ മറവു ചെയ്താ ആകെള്ള സ്ഥലവും കൂടി പോകും, അമ്മടെ കുഴീലന്നെ മതി... മരിച്ചൊരോ മരിച്ചു..."

ജീവിച്ചിരിക്കണ മകൾ ബുദ്ധിയോതി...

"ഞാൻ പറഞ്ഞില്ലേ തേയ്യേ... ഓള് ബുദ്ധിള്ളോളാ... സ്ഥലം മുടക്കണ്ടല്ലോ ...നീ നേരത്തെ പോന്നത് നന്നായി... അന്ന് നീ പോയപ്പോ അവറ്റോള് തീരെ ചെറുതാർന്നു... അമ്മ അടുത്തന്നെ വേണംന്ന് പറഞ്ഞ കരഞ്ഞോളാ...

ആ!... പണി തീർക്കാത്തേന് മൂത്തോർക്കും അലോഹ്യണ്ടാവും... നമ്മളെ പോലിള്ളോര് മരിക്കാൻ പാടില്ലാ... അല്ലെ തേയ്യേ?"

"ഇങ്ങക്ക് പ്രാന്താ, ഇങ്ങട് പോരേ മനുഷ്യ... അവിടെനി കുടം കമിഴ്ത്തലും വെള്ളം ഒഴിക്കലും ഒക്കെണ്ടാവും... അവരായി അവർടെ പാടായി... നമുക്കിവിടെ ജീവിക്കാം... നിങ്ങളീ കഞ്ഞികുടിച്ചേ..."

"ഇവിടേം ഉപ്പിടാത്ത കഞ്ഞിയാണോ തേയ്യേ... വായിക്ക് രുചിള്ള ഒന്നൂല്ല്യേ...?" ഇട്ടിമാടൻ തേയ്യേ നോക്കി പല്ലിളിച്ച് ചിരിച്ചു...

 

കഥ- 2

സമയമില്ല...

മുത്തശ്ശൻ കുട്ടുവിനോട് ചോദിച്ചു "മോനെ ഇന്ന് പരിസ്ഥിതി ദിനമല്ലേ, മുറ്റത്തേയ്ക്ക് വാ നമുക്കൊരു ഒരു ചെടി നടാം..."


"പിന്നേ, ഈ ഒരു ദിവസം മരം നട്ടാൽ ലോകം നന്നാവൂലോ !" കുട്ടു പിറുപിറുത്ത് അകത്തേയ്ക്ക് പോയി...
ഇത് ശ്രദ്ധിച്ച മുത്തശ്ശൻ, മൊബൈലിൽ ചെടി നട്ടുകൊണ്ടിരുന്ന അവനോട് പറഞ്ഞു "ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ജൂൺ 5 , ലോക പരിസ്ഥിതി ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്..." കുട്ടു മൊബൈലിൽ നിന്നും കണ്ണെടുക്കാതെ അപ്പൂപ്പനോട് പറഞ്ഞു, "നമ്മൾ ഒരാൾ വിചാരിച്ചാലൊന്നും ലോകം നന്നാവില്ല... മാത്രല്ല എനിക്കാണെങ്കിൽ ടൈമില്ല, മുത്തശ്ശൻ പോയേ!"


കുട്ടു അപ്പൂപ്പനോട് പറയുന്ന കുസൃതി മൊബൈലിൽ പകർത്തി കുട്ടൂന്റെ അമ്മ സമൂഹത്തിലേക്ക് പകർന്നു കയ്യടിയും, ചിരിമൊട്ടയും വാരിക്കൂട്ടി... എന്നാൽ തന്റെ കൊച്ചുമക്കൾക്ക് വലിയ പാഠങ്ങൾ പകർന്നു കൊടുക്കാമെന്ന ആഗ്രഹം മനസ്സിലൊതുക്കി ഉള്ളിലെ വിഷമം പുറത്തുകാണിക്കാനാകാതെ കയ്യിൽ കരുതിയ ആ രണ്ടു കുഞ്ഞു തൈകളുമായി മുത്തശ്ശൻ തൊടിയിലേക്കിറങ്ങി... അവ നടുമ്പോൾ ആ മനസ്സുകൾ ഇങ്ങിനെ കരുതുന്നുണ്ടാകാം...


"ഈ തണൽ എനിക്കായല്ല...
നിനക്കുള്ളതാണ് പൈതലേ...
നിനക്ക് തണലേകും ഈ മരങ്ങളെ...
നീ കരുതീടുക, ഭൂമി നമുക്കൊന്ന് മാത്രം...
ഭൂമി നമുക്കൊന്ന് മാത്രം, സത്യം..."

 

കഥ- 3

ഉടയോനൊരു കത്ത്...

 

ആത്മഹൂതി ചെയ്ത ഓരോ കർഷകനും ഈ പ്രപഞ്ചത്തിന്റെ ഉടയോനെഴുതാൻ കൊതിച്ച കത്തായിരിക്കാം ഇതെന്ന് തോന്നുന്നു... അറിയില്ല, ഒന്നും അറിയില്ലെന്ന് നടിക്കുന്നതാണ് ഇന്നത്തെ കാലത്തിന്റെ പ്രായോഗികത്വം (Practicability) അതുകൊണ്ട് അറിയില്ല...ഒന്നും അറിയില്ല...

പ്രിയപ്പെട്ട ഉടയോനറിയാൻ, 


 

"പഠിപ്പിച്ചു തന്നെൻ പൂർവ്വികർ...

വിത്ത് പാകാൻ പഠിപ്പിച്ചതുമെൻ പൂർവ്വികർ...

നിലമേതായാലും കയ്യും, മെയ്യും, മനസ്സും ഒരുമിച്ചാൽ...

വിളവ് ലഭിച്ചിടും എന്നുമവർ പറഞ്ഞുതന്നു..."

 

കാർന്നോന്മാർ പറഞ്ഞത് പ്രകാരം ഞാനും ഒരു കർഷകവേഷമണിഞ്ഞു...

ഭൂമിയെ സ്നേഹിച്ചു, മഴയെ വിശ്വസിച്ചു , വിത്തുകൾ പാകി... എന്നെയും എന്റെ കുടുംബത്തെയും പുലർത്താനുള്ള വിള ആ ഭൂമി എനിക്ക് നൽകി...സന്തോഷത്തിന്റെ പൊൻകതിരുകൾ ജീവിതത്തിൽ നിറഞ്ഞു... ഒരു പറ വിത്തിൽ നിന്നു ഒരായിരം പറ കൊയ്തെടുത്തു...ഇടയ്ക്കെപ്പോഴോ മഴ തെറ്റിപെയ്തു... മണ്ണറിയാത്ത വളങ്ങൾ ആ മണ്ണിനെ നിയന്ത്രിക്കാൻ നിർബന്ധിതമായി... കൃഷിയിടങ്ങൾ തമ്മിൽ അതിർത്തി തർക്കവും വെള്ളത്തെ ചൊല്ലിയുള്ള തർക്കങ്ങളും മൂർച്ഛിച്ചു...പലപ്പോഴും വിളകൾ വെള്ളത്തിൽ ഒലിച്ചുപോയിത്തുടങ്ങി...കിട്ടിയ വിലയ്ക്ക് വിളകൾ വിൽക്കാൻ ബാധ്യസ്ഥരായി...

രക്ഷകരുടെ വേഷത്തിൽ ചിലർ സംഭരണ കണക്കുകൾ നിരത്തി ഇടനിലക്കാരായി ഞങ്ങളെ കബളിപ്പിച്ചു... പൂർവ്വിക പഠനം പോരാ, മാറ്റം കൊണ്ടുവരണമെന്നായി... വിളകൾക്ക് വേണ്ടി കാത്തിരിക്കാൻ കഴിയില്ല അതുകൊണ്ട് വളരെ പെട്ടന്ന് വിളവെടുക്കാനായി പല രീതിയിലുള്ള വിഷങ്ങൾ ഭൂമിയിൽ പരീക്ഷിക്കണമെന്നായി... അവര് പറയുന്നതുപോലെ പുതിയ രീതിയിൽ  കലപ്പകൾ ചലിക്കാൻ തുടങ്ങി...

 

പുതിയ വിത്തുകളും, കീടനാശിനികളും വാങ്ങിക്കാൻ പണം തികയാതെ വന്നപ്പോഴും ഒരു ഉപാധിയുമായി രക്ഷകരെത്തി... അവർ പറഞ്ഞതനുസരിച്ചു ബാങ്കുകൾ വന്നു വേണ്ട പണം തന്നു... അവിടെയും ഇവിടെയും ഒപ്പുകൾ മേടിച്ചു... മണ്ണിലും കൂട്ടത്തിൽ പത്രത്തിലും തള്ളവിരലിൽ വിഷം പുരട്ടി ഒപ്പിട്ടു...  "വിളയറിഞ്ഞും , മണ്ണറിഞ്ഞും വിത്തെറിയണം" എന്ന പൂർവ്വിക വാക്യങ്ങളെ ചിരിച്ചു മറന്നു പോയ നാളുകൾ...ആ കട പ്രമാണത്തിൽ ഒപ്പിട്ടു വിത്തെറിഞ്ഞു, വിഷം തളിച്ചു, കള മാന്താൻ വരെ യന്ത്രങ്ങൾ...അതിനിടയിൽ വരമ്പിൽ അങ്ങിങ്ങായി തവളകളും, ഞണ്ടുകളും ചത്തുപൊന്തുന്നത് കണ്ടില്ലെന്നു നടിച്ചു...

 

ഈയിടെയായി തുമ്പികളും, അടയ്ക്കാ കുരുവികളും വിരളമാണെന്ന സൊറ പറച്ചിലുകളിൽ മുഴുകി... ബാങ്കിൽ നിന്നും ആദ്യ കത്ത് വന്നു... സാറന്മാർ പറഞ്ഞു "പേടിക്കേണ്ട അടുത്ത തവണ ഞങ്ങളല്ലേ!"... കടങ്ങളെല്ലാം എഴുതിത്തള്ളുമത്രെ... എല്ലാം വിശ്വസിച്ച ഞങ്ങൾ അതും വിശ്വസിച്ചു... താങ്ങുവില കിട്ടാത്തതുകൊണ്ട് പട്ടിണി മൂർച്ഛിച്ചു... കുട്ടികൾക്ക് പാത്രത്തിലിട്ട് കൊടുക്കാൻ ബാങ്കിലെ ആ കടപ്പത്രം മാത്രം ബാക്കിയായി... തവണകൾ മുടങ്ങുന്നതുകൊണ്ട് കത്തുകൾ വന്നു കൊണ്ടേയിരുന്നു...

 

മുൻപെല്ലാം ഒരു പറ ആയിരം പറയായതിനേക്കാൾ വേഗത്തിൽ കടം പെരുകി വീർത്തു... "ശ്വാസം മുട്ടുന്നതുപോലെ കാർന്നോന്മാരെ... വേറെ തൊഴിലൊന്നും അറിയില്ല... മഴ തെറ്റി, മണ്ണ് തെറ്റി, ചൂട് തെറ്റി അവസാനം എന്റെ കണക്കുകളും തെറ്റിപോകുന്നു...“

 

ഇനി ബാങ്കിൽ നിന്നു പറകൊട്ടി പ്രമാണം കൈക്കലാക്കി സ്ഥലവും അവർ കൊണ്ടുപോകും എന്നാണു തീർപ്പ്... കാടാശ്വാസം പറഞ്ഞു വോട്ടു മേടിച്ചവർ പുറം തിരിച്ചു കാട്ടുന്നു... ബാക്കിയൊക്കെ അവിടെ വന്നിട്ട് പറയാം... കയർ പുതിയതല്ല... ഇതിനു മുൻപേ കൃഷിയിൽ തോറ്റ ആരോ ഉപയോഗിച്ചതാണ്... നന്നായി മുറുക്കിയിട്ടുണ്ട്... നിലത്തു തെളിച്ച വിഷത്തിന്റെ ബാക്കി മക്കൾക്കും കുടുംബത്തിനും കൊടുത്തു, ഇനിയെങ്കിലും അവർ സ്വസ്ഥമായുറങ്ങട്ടെ, ഞാനും...


ഭൂമി ചതിക്കില്ലെന്ന് കാർന്നോന്മാർ പറഞ്ഞിട്ടുണ്ട്...എന്നാൽ ഭൂമിയിലുള്ള സഹ ജീവികൾ ചതിക്കും, അത് കണ്ട് ചിലർ ലാഭമെടുക്കും...ചിലർ ചിരിക്കും... ചിലർ സങ്കടപ്പെടും... പക്ഷെ പരിഹാരങ്ങൾ മാത്രം കാണുന്നില്ല...


എന്ന് സ്വന്തം മണ്ണിന്റെ അടിമ...

അടിക്കടിയുള്ള കർഷകാത്മഹത്യകൾക്ക് പരിഹാരം തീർച്ചയായും ഉണ്ട്...കൃഷിയിലെ ശാസ്ത്രീയതയ്‌ക്കൊപ്പം അവയുടെ വിപണന സമ്പ്രദായം കൂടി പകർന്നു കൊടുക്കുകയും, അവരെ വെറും വോട്ടു കലപ്പകളാക്കാതിരിക്കുകയും  ചെയ്‌താൽ നന്നെന്നു തോന്നുന്നു... പറഞ്ഞല്ലോ!, തോന്നൽ മാത്രമാണ്, വിഡ്ഢിത്തരമായിരിക്കാം പക്ഷെ മരണങ്ങൾ യാഥാർഥ്യങ്ങളാണ്...അവരാരും അങ്ങിനെ മരണത്തെ ഇഷ്ട്ടപെട്ടവരായിരിക്കില്ല...തോറ്റു മരിക്കുന്നതിന്റെ വേദന അനുഭവിച്ചായിരിക്കും അവരെല്ലാം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുക... അത് നമ്മുടെ ഏവരുടെ  മനസ്സുകളെയും വേദനിപ്പിക്കുന്നതായി തോന്നുന്നു...

 

നിർത്തുന്നു, എല്ലാം ഉടയോൻ സാക്ഷി... 

 

കഥ- 4

ഒരു ചക്രവർത്തി കണ്ട സ്വപ്നം...

 

പേരറിയാത്ത ഒരു ചക്രവർത്തി... എല്ലാ മണ്ണും വെട്ടിപ്പിടിച്ചെന്നു സ്വയം തോന്നിയശേഷം വാശിയും, വീറും വറ്റിപ്പോയ ആ രാത്രിയാണ് ഒന്നുറങ്ങിയത്... വർഷങ്ങളായി അദ്ദേഹം ഒരേ ചിന്തയിലായിരുന്നു... തനിക്കു കീഴിൽ ആവണം എല്ലാം, എല്ലാത്തിനും മുകളിൽ അധികാരം സ്ഥാപിക്കണം... ശരീരത്തിനും മനസ്സിനും വിശ്രമം കൊടുത്തുകൊണ്ട് ആ വലിയ ചക്രവർത്തി ഇന്നാണ് ഒന്നുറങ്ങുന്നത്... മനസ്സിൽ അദ്ദേഹത്തിന് വെട്ടിപ്പിടിക്കാൻ ബാക്കി ഒന്നുമില്ല , എല്ലാം കാൽചുവട്ടിലായി എന്നുറപ്പിച്ചുള്ള ഉറക്കം...

ഉറക്കത്തിൽ അദ്ദേഹം സ്വപ്നം കാണാൻ തുടങ്ങി...ആദ്യം കണ്ടത് ഒരു വലിയ ഭൂമി നിറയെ മരവിച്ച ശവ ശരീരങ്ങളും അവ കൊത്തിപ്പറിക്കുന്ന കുറെ കഴുകന്മാരും ചുറ്റിനും പുകപടലങ്ങൾ, കത്തിയമരുന്ന മനുഷ്യ ശരീരത്തിൻറെ രൂക്ഷ ഗന്ധം, ഇന്ന് വരെ ആ ഗന്ധത്തിനു ഇത്രയും രൂക്ഷത അനുഭവപ്പെട്ടിട്ടുണ്ടാകില്ല... അതിനു നടുക്കായി ഒരു കൊച്ചു കുഞ്ഞു കിടന്നു കരയുന്നു... ആ കുഞ്ഞിന്റെ കരച്ചിൽ അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നത് പോലെ തോന്നിപ്പോകുന്നു... തൻ്റെ അടഞ്ഞ കണ്ണുകളിൽ അദ്ദേഹം ആ കുഞ്ഞു  ആരെന്നു തിരയാനുള്ള ശ്രമം നടത്തുന്നു... 

അകലെനിന്നും ഒരു കുതിര കുളമ്പടി ശബ്ദം അടുത്തടുത്ത് വരുന്നു... അടുത്തെത്തിയ ആ ശബ്ദം തന്നെയും ബേദിച്ചു കടന്നു പോകാൻ ഒരുങ്ങുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു... പെട്ടന്ന് ആ കുഞ്ഞിൻറെ  ശബ്ദം നിലച്ചു, പകരം അലമുറയിട്ടു കരയുന്ന കുറെ സ്ത്രീകളുടെ മുഖങ്ങൾ അദ്ദേഹം കാണുന്നു... അവരെല്ലാം ആരെയോ പഴിച്ചുകൊണ്ടേയിരിക്കുന്നു, സ്വന്തം പേരുപോലും മറന്നു പോയ ചക്രവർത്തി, അവർ അദ്ദേഹത്തെ തന്നെ പഴിച്ചുകൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാതെ വീണ്ടും മുന്നോട്ടു നടന്നു... മുൻപിൽ വരൾച്ച ബാധിച്ച ഒരു വലിയ ഭൂമി... ആ യുദ്ധ ഭൂമിയുടെ മുന്നിൽ ആയി അദ്ദേഹം കാണാൻ ആഗ്രഹിച്ചത് വലിയ കൊട്ടാര സമുച്ചയങ്ങളായിരിക്കാം...പക്ഷെ വിണ്ടു കീറിക്കിടക്കുന്ന ആ ഭൂമിയിലൂടെ നടക്കുമ്പോൾ താൻ ഇത്രെയും നാൾ നേടിയെടുത്ത ശക്തി ചോർന്നുപോകുന്നപോലെ അദ്ദേഹത്തിന് തോന്നിപ്പോകുന്നു...പാദരക്ഷകൾ വരെ ഉരുകിപ്പോകുന്ന ചൂടും... അദ്ദേഹത്തിന് കലശലായ ദാഹവും അനുഭവപ്പെടുന്നു... 

സ്വപ്നത്തിൽ നിന്ന് ഏതുവിധേനയും ഒന്ന് ഉണരണമെന്നുണ്ട്...ദാഹം സഹിക്കാൻ കഴിയുന്നില്ല... പക്ഷെ നടന്നേ കഴിയു, ചക്രവർത്തിയല്ലേ!വീഴാൻ മനസ്സ് അനുവദിക്കുന്നില്ല... വീണ്ടും മുന്നോട്ടുപോയപ്പോൾ അദ്ദേഹം ഒരു കിണർ കാണുന്നു... ഓടിയും മുട്ടിലിഴഞ്ഞും എങ്ങിനെയൊക്കെയോ അദ്ദേഹം ആ കിണറിനടുത്തെത്തി... കിണറ്റിനുള്ളിലേക്കു നോക്കിയപ്പോൾ അവിടെയും ജീവനറ്റ മനുഷ്യ ശരീരങ്ങൾ... ദേഷ്യവും, നിരാശയും അദ്ദേഹത്തെ കൂടുതൽ ബലഹീനനാക്കിയിരിക്കുന്നു... താൻ വെട്ടിപ്പിടിച്ചതൊന്നും തന്നെ തുണക്കാനില്ലേ! എന്ന ചിന്ത അദ്ദേഹത്തെ ആദ്യമായി സ്പർശിച്ചു... 


ക്ഷീണിതനായ അദ്ദേഹം തൻ്റെ കൂടെയുള്ളവരെ തിരഞ്ഞു നോക്കി... എല്ലാവരും കുറച്ചകലെയായി പ്രതിമകൾ പോലെ നിൽക്കുന്നു... കണ്ണിമ പോലും വെട്ടാതെ നിൽക്കുന്ന തൻ്റെ ശക്തരായ സേനയെ നോക്കി അദ്ദേഹം എല്ലാ ശൗര്യവും എടുത്തു ആക്രോശിക്കാൻ ഒരുങ്ങി...പക്ഷെ ശബ്ദം പുറത്തു വരുന്നില്ല... വീണ്ടും ആ കുഞ്ഞിൻറെ കരച്ചിൽ അദ്ദേഹം കേൾക്കാനിടയായി... തന്നെക്കാൾ എത്രയോ ചെറിയ ആ കുഞ്ഞിന്റെ കരച്ചിൽ ശബ്ദംപോലും തൻ്റെ ശബ്ദത്തേക്കാൾ ഉയരത്തിലാണെന്നോർത്തു അദ്ദേഹം തളർന്നിരുന്നു പോയി... തന്നെ ശല്യം ചെയ്യുന്ന ആ കുഞ്ഞിനെ വകവരുത്താനായി അദ്ദേഹം തൻ്റെ വാൾ എടുക്കാനൊരുങ്ങുന്നു...പക്ഷെ ഒരു പുൽക്കൊടി പോലും എടുക്കാനുള്ള ശക്തി തനിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു... എല്ലാം നേടി പക്ഷെ തളർന്നു പോയിരിക്കുന്നു... മനസ്സ് തിരുത്തുന്നു..."നേടിയതുകൊണ്ട് നീ ഇത്രയും തളർന്നെങ്കിൽ ഒന്നുമില്ലായ്മയെ കുറിച്ചാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ഭാരം കുറയുമല്ലോ..."


അങ്ങകലെ ഒരു ചെറിയ കുടിലിൽ നിന്ന് പുക ഉയരുന്നത് കണ്ട് അദ്ദേഹം വളരെ ശ്രമപ്പെട്ട് ആ കുടിലിൽ എത്തി... അവിടെ ഒരു വൃദ്ധ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട അദ്ദേഹം, വളരെ താഴ്ന്ന ശബ്ദത്തിൽ ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നു...എല്ലാം ഉള്ള ദരിദ്രനായി മാറിയിരിക്കുന്നു... പെട്ടന്ന് ആ ഉറക്കം നിർത്തി ഉണരാൻ അദ്ദേഹം ശ്രമിക്കുന്നു പക്ഷെ കഴിയുന്നില്ല... അദ്ദേഹം ഇതുപോലെ വിഷമിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല... ആ വൃദ്ധ അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം നൽകുന്നു.. അദ്ദേഹം തൻ്റെ വിശപ്പകലും വരെ ഭക്ഷിച്ചുകൊണ്ടേയിരുന്നു... അവിടെ ഉണ്ടായിരുന്ന അവസാന തുള്ളിവെള്ളം വരെ അദ്ദേഹം കുടിച്ചു തീർത്തു, ക്ഷീണം അകറ്റി... അപ്പോളാണ് അദ്ദേഹം തൻ്റെ മുന്നിൽ ഇരിക്കുന്ന വൃദ്ധയെ പറ്റി ഓർത്തത്...അവർ എല്ലാ ഭക്ഷണവും തനിക്കു നൽകി, അവർക്കായി ഒന്നും ഇനി ആ കുടിലിൽ ബാക്കിയില്ല... 


ആരുടെ മുന്നിലും തലകുനിക്കാത്ത ആ മഹാരഥൻ, ആ അമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ തലകുനിച്ചിരുന്നു... ആ അമ്മ അദ്ദേഹത്തോട് പറഞ്ഞു... "കണ്ടില്ലേ  മകനെ, നീ നേടേണ്ടതായ പലതും ഈ ഭൂമിയിൽ ബാക്കിയുണ്ട്, അതിൽ ചിലയതാണ് നന്മ, ത്യാഗം, സ്നേഹം, സന്തോഷം എല്ലാം...ഇതൊന്നും നീ നേടിയിട്ടില്ല, അതുകൊണ്ട് ഇനിയാണ് നീ ശരിക്കും പലതും നേടിയെടുക്കേണ്ടത്, അതിൻറെ തുടക്കമായി നീ ഈ കൂടിക്കാഴ്ചയും മനസ്സിലാക്കുക..." 


ആ കുടിലിൽ നിന്നും ഇറങ്ങി ചുറ്റും നോക്കിയപ്പോൾ, അദ്ദേഹത്തിന് ചുറ്റും പച്ചപ്പുള്ള പുൽമേടുകളും, ചുറ്റിലും ഓടിക്കളിക്കുന്ന മാൻ കൂട്ടങ്ങളും, തന്നെ ഭയപ്പെടാതെ പുഞ്ചിരിക്കുന്ന മനുഷ്യരുടെ മുഖങ്ങളും, സമൃദ്ധിയിൽ ഒഴുകുന്ന അരുവികളും കാണാൻ ഇടയായി...അദ്ദേഹത്തിന്റെ മനസ്സിലേക്കൊരു പുതിയ ജീവൻ കടന്നു വന്നപോലെ തോന്നിപ്പോയി... അതുവരെ ആ ഉറക്കത്തിൽ നിന്നേതുവിധേനയും ഒന്ന് എഴുന്നേൽക്കാനായാൽ എന്ന് ചിന്തിച്ച ആ മഹാ ചക്രവർത്തി സ്വസ്ഥമായുള്ള ഈ കാഴ്ചകൾ കഴിയാതിരിക്കട്ടെ എന്ന് ചിന്തിച്ചു പോയി... നാളെ മുതൽ താൻ വെട്ടിപ്പിടിക്കാനല്ല, മറിച്ച് ഈ സുന്ദര ഭൂമിയിൽ കാണാതെപോയ അമൂല്യമായ കാഴ്ചകളുടെ ലോകത്തു സ്വസ്ഥമായ ഒരു യാത്ര തുടങ്ങേണ്ടിയിരിക്കുന്നു എന്ന വിശാല ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേർന്നിരുന്നു...


യാത്രയിൽ മനസ്സിൽ തോന്നിയതാണോ അതോ എവിടെ നിന്നെങ്കിലും മനസ്സിനെ സ്വാദിച്ചതാണോ എന്നറിയിയല്ല... കാഴ്ചകളല്ലേ, ഓർമ്മകളിൽ തങ്ങുന്നത് ചിലത്...മറക്കുന്നതാണ് കൂടുതലും... 


അഭിനവ സ്വപ്രഖ്യാപിത ചക്രവർത്തിമാരും സ്വസ്ഥമായ മയക്കത്തിൽ ഇതുപോലുള്ള സ്വപ്‌നങ്ങൾ കണ്ട് കണ്ണ് തെളിയട്ടെ എന്ന് പ്രാർത്ഥിക്കാം... രണ്ടു നിശ്വാസങ്ങൾക്കിടയിലുള്ള ഈ ചെറിയ ജീവിതത്തിൽ ഒന്നും വെട്ടിപ്പിടിക്കാതെ പരസ്പ്പരം സ്നേഹവും, മനുഷ്യത്വവും ശീലിച്ചു നോക്കൂ... വർണാഭമായ ഈ ലോകത്തെ കാണാൻ സാധിക്കും... 


സമാധാനത്തോടെ ഒരുമിച്ചു നടക്കാം...

 

കഥ- 5

ഗ്രാമ മനസ്സ്

"രാമേട്ടാ ഒരു ചായ"

"ആയ്, ഇതാരാത്, ഗോപി ഇതെപ്പെത്തി?..." കഴിച്ചിരുന്ന പുട്ട് വായിൽ നിന്നിറക്കാതെ പരമുപിള്ള തിരക്കി... "ആ രണ്ടൂസായി..." ഗോപി മറുപടി പറഞ്ഞു...

"രാമേട്ടോയ്, മൂപ്പർക്ക് കടുപ്പത്തി രണ്ട് ചായ കൊടുക്കീ... തണുപ്പത്തിന്ന് വരല്ലേ..." ലോട്ടറി ബാഗും കക്ഷത്ത് വച്ച് അലവിക്കുട്ടി കമന്റ് ഇട്ടു..."അല്ലടോ... അതെന്താപ്പാ രണ്ട് ചായ! പട്ടാളത്തിലിപ്പോ അങ്ങനേം നിയമണ്ടോ?" പരമുപിള്ള ആ കമെന്റിനെ ഒന്ന് ട്രോളി... "നിങ്ങളൊന്നു മിണ്ടാണ്ടിരി പിള്ളേട്ടാ... ഒരു ചായ ഞമ്മക്കുംവേണ്ടി പറഞ്ഞതാ... അല്ലെങ്കി ഗോപിക്ക് എന്താ തോന്നാ... എന്തിണ്ടങ്കിലും ഞമ്മള് നാട്ടാര് വേണ്ടേ ഓന്റെ കൂടെ..." മുൻ നിരയിലെ ഓട്ടപല്ലും കാട്ടി ഒരു ചിരിയും പാസ്സാക്കി അലവി എളിയിൽ കൈകുത്തി തൂണും ചാരി നിന്നു...

അങ്ങിനെ ചൂട് ചായേം സൊറപറച്ചിലും തകൃതിയായി നടക്കുന്നതിനിടയിൽ "ആകാശവാണി വാർത്തകൾ... അതിർത്തിയിൽ വീണ്ടും സങ്കർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അവധിയിൽ പോയ പട്ടാളക്കാരെ തിരികെ വിളിക്കാനുള്ള നടപടികളിലേക്ക്..." ചിരി നിറയും സൊറപറച്ചിലുകൾ നിന്നു... എല്ലാവരും നിശ്ശബ്ദരായി...

"ഗോപിയേട്ടാ നീലേച്ചി വേഗം വീട്ടിൽക്ക് വരാൻ പറഞ്ഞു... ഫോൺ അടിക്കിണ്ടത്രേ..." കേശു സൈക്കിളിൽ പാഞ്ഞെത്തി പറഞ്ഞു...

ചായ മുഴുമിപ്പിക്കാതെ ഗോപി വേഗം എണീറ്റ് "രാമേട്ടാ, പൈസ ഞാൻ ഇങ്ങടെത്തിക്കാം..." എന്ന് പറഞ്ഞു കേശു വന്ന സൈക്കിളിൽ കേറി... "ഏയ്... ഇജ്ജ് വേം പോയിവാ 'ൻ്റെ' ഗോപ്യേ... ഓർക്ക് അവിടെ നൂറൂട്ടം കാര്യങ്ങളിണ്ടാവും... ചായേന്റെ പൈശൊക്കെ നോക്കാൻ ഇവിടെ ആളിണ്ട്..." സൈക്കിളിൽ കേറി പുറപ്പെടാൻ നിന്ന ഗോപീടെ തോളിൽ തട്ടി അലവി സമാധാനിപ്പിച്ചു... "ഇജ്ജ് സമാധാനായി ചെല്ല് കുട്ട്യേ..."

അല്പം കഴിഞ്ഞ്, യൂണിഫോം ഇട്ട് തകരപ്പെട്ടിയും ഏറ്റി ബസിൽ കയറിയ ഗോപിയെ ആ ഗ്രാമം നിറഞ്ഞ മനസ്സോടെ യാത്രയയച്ചു... മനസ്സിൽ മുഴുവൻ തൻ്റെ ഗ്രാമവും, സ്നേഹവും, വിങ്ങലും അടക്കി പിടിച്ച ഗോപി നിറകണ്ണുകൾ മറയ്ക്കാൻ കൂളിംഗ് ഗ്ലാസ് എടുത്ത് വച്ചു... എല്ലാവരോടും യാത്ര പറഞ്ഞു... "ഹായ് ജോറായിക്ക്ണ്... ഇപ്പഴാ ഒരു ഗാമയായത്..." നാടിന്റെ മനസ്സ് മന്ത്രിച്ചു... അവിടെ പാടത്തിനക്കരെ മകനുവേണ്ടി പ്രാർത്ഥനകളുമായി നിറകണ്ണുകളോടെ ഒരമ്മയും, കണ്ണിൽ നിന്നും ആ ബസ് അകന്നു നീങ്ങുന്നവരെ ഗോപിയുടെ സ്വന്തം നീലുവും ഇമവെട്ടാതെ നോക്കിനിന്നു...

 

കഥ- 6

വൃന്ദാവനത്തിലെ വെളുത്തപക്ഷികൾ...

 

യാത്രയിലൊരിക്കൽ എത്തിപ്പെട്ടതാണ് വൃന്ദാവനത്തിൽ...ഡൽഹിയിൽ നിന്നേകദേശം 150 കിലോമീറ്റർ മാറി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണം... ശ്രീകൃഷ്ണ ഭഗവാൻ തൻറെ കുട്ടികാലം ചിലവഴിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നഗരം... കൃഷണ ഭക്തി നിറഞ്ഞ അമ്പലങ്ങളും, കണ്ണനും പ്രിയസഖി രാധയും ആരാധന മൂർത്തികളായുള്ള പ്രദേശം...ഈ പ്രകാശത്തിലും ഇരുട്ടുവീണ കുറച്ചു ഇടനാഴികളാണ് ഈ ഓർമ്മയിൽ നിന്നും പങ്കുവെക്കാനുള്ളത്... "വിധവകളുടെ നഗരം", "വൃന്ദാവനത്തിലെ വിധവകൾ " അങ്ങിനെ പലരീതിയിൽ ലോകം അറിയപ്പെട്ടിട്ടും ജീവിതത്തിലെ ഓരോ ദിവസവും തള്ളിനീക്കാൻ പാടുപെടുന്ന കണക്കിൽപ്പെടാത്ത അത്രയും വെള്ള വസ്ത്രധാരികളായ സ്ത്രീകൾ...

കൗമാരത്തിൽ തന്നെ വൈധവ്യം ബാധിച്ചതിനെ തുടർന്ന് സമൂഹത്തിന്റെ കണ്ണിൽ നിർഭാഗ്യവതികളായി മാറേണ്ടിവന്ന കുറെ ഏറെ ജീവിതങ്ങൾ...അവരെ അശുഭ ലക്ഷണമായി കാണുന്നതുകൊണ്ടും, ചൂഷണത്തിന് നിന്ന് കൊടുക്കാത്തതുകൊണ്ട് പാഴ്ജന്മങ്ങളായി സ്വന്തം മക്കൾ പോലും കണക്കാക്കിയ കുറെ ചുളിവീണ ആത്മാക്കൾ...പതിനൊന്നാം വയസ്സിൽ കല്യാണം കഴിഞ്ഞു ഇരുപതുകളിൽ തന്നെ വിധവ എന്ന തലക്കെട്ട് നൽകി ഭ്രഷ്ട്ട് കൽപ്പിച്ചു നാടുകടത്തി ഇവിടെ വന്നു ചേർന്നവർ, ഇന്നവരിൽ പലരും സ്വന്തം നാടുപോലും മറന്നെന്നു പറയാൻ സ്വയം പഠിച്ചിരിക്കുന്നു...ജീവിതത്തിന്റെ പല നിറങ്ങൾ ഉപേക്ഷിച്ചു ശുഭ്രവസ്ത്രധാരികളായി മാറി...അവരിൽ പലരും ഇന്ന് വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു...

80 വയസുകഴിഞ്ഞ ലീലാഭായി എന്ന ഒരമ്മ അടുത്തുവന്നിരുന്നു പറഞ്ഞു...ഒന്നവരെ പോയി കാണണമെന്നുണ്ട്... ചോദിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാം ആരെയാണവർ ഉദ്ദേശിക്കുന്നതെന്ന്... അതിനായി അവർ സ്വരുക്കൂട്ടി വച്ച സമ്പാദ്യം ഭക്ഷണ ശേഷം കാണിച്ചുതരാമെന്നും പറഞ്ഞു...എന്നിട്ട് രണ്ടു പാത്രങ്ങളിലായി അന്ന് അവർക്കായുണ്ടാക്കിയ ചോറും പരിപ്പുകൊണ്ടുള്ള ഒരു ഉപ്പേരിയും വിളമ്പി തന്നിട്ട് പറഞ്ഞു ഇന്നെന്താണാവോ വിശപ്പ് കുറവാണ് പകുതി നീ കഴിച്ചോളൂ...നല്ല രുചിയായിരുന്നു... കാരണം ഇപ്പോഴും തുടർച്ചയായി മൂന്നോ നാലോ മണിക്കൂർ ഭജന പാടി കിട്ടുന്ന പ്രതിഫലമായ 3 രൂപയും അരകപ്പ് അരിയും പിന്നെ അരക്കപ്പ് പരിപ്പും... ഇതുവച്ചാണ് ഈ സദ്യയുണ്ടാക്കിയത്, അതിനാൽ രുചി കൂടുതലായിത്തോന്നി...

ഭക്ഷണശേഷം ആ അമ്മ, മുഷിഞ്ഞെന്നു കണ്ണുകൾക്ക് മാത്രം തോന്നുന്ന വൃത്തിയുള്ള ഒരു ഭാണ്ഡകെട്ടെടുത്തു കൊണ്ടുവന്നു... അവരുടെ സമ്പാദ്യം മുഴുവൻ അതാണ്... അതിൽ കുറെ ചില്ലറപൈസകൾ, പിന്നെ കുറെ നോട്ടുകൾ നാലായി മടക്കി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയടുക്കി വച്ചിരിക്കുന്നു... ഇത് അത്രയും അവർ തൻറെ വീട്ടുകാരെ കാണാനായി മാറ്റി വച്ചിരിക്കുന്ന സമ്പാദ്യമാണ്... ആ ചോറിനുള്ള കൂലിയോ മനസ്സിൽ അപ്പൊ തോന്നിച്ചതോ, അവിടെ നിന്നിറങ്ങുമ്പോ ആ അമ്മയെയും കൂട്ടി... വലിയ സന്തോഷത്തിലാണവർ മറ്റുള്ളവരോട് യാത്ര പറഞ്ഞിറങ്ങിയത്... ഇതുപോലുള്ള കാഴ്ചകൾ മുൻപും കണ്ടിട്ടുണ്ടെങ്കിലും പ്രയാസമേറിയതാണ് കണ്ടുനിൽക്കാൻ കാരണം മനസ്സിൽ തോന്നാറുണ്ട് ഇങ്ങോട്ടുതന്നെ മടങ്ങേണ്ടി വരുമെന്നത് ഉറപ്പാണ് കാരണം ഇത്രകാലമായിട്ടും ആരും തിരഞ്ഞിറങ്ങാത്ത ഒരമ്മയാണ് അവരുടെ പ്രിയപ്പെട്ടവരെന്നു അവർക്ക് മാത്രം തോന്നുന്നവരെ കാണാനായി പോകുന്നത്...

കൈപിടിച്ചു വണ്ടിയിൽ കയറുമ്പോൾ, മനസ്സ് പറഞ്ഞിരുന്നു വിഷമം ഉൾക്കൊള്ളാൻ മനസ്സിനെ ശക്തിപ്പെടുത്തിക്കോളൂ...എങ്കിലും ആ ഭക്ഷണത്തിനുള്ളത് ഞാൻ എന്ന മനുഷ്യൻ ചെയ്തേ മതിയാവു... ചിലപ്പോൾ അതവരുടെ അവസാന ആഗ്രഹമായിരിക്കാം, ചിലപ്പോൾ ജീവിതത്തിൽ അവരുടെ ഒരേയൊരു ആശയും... പോയി നോക്കാം... അധികം ദൂരെ അല്ലാത്ത ഗ്രാമത്തിലുള്ള ഒരു വീട്, വഴി പലപ്പോഴായി ചോദിച്ചാണ് എത്തിച്ചേർന്നത്...വീടിനു മുന്നിൽ വണ്ടി നിർത്തി ആ അമ്മയെ കൈപിടിച്ച് ഇറക്കി, അവർ വീടെല്ലാം പുറത്തുനിന്നു നോക്കിക്കണ്ടു, ഒടുവിൽ എന്റെ മുഖത്തു നോക്കി നിറഞ്ഞ കണ്ണുകൾ ഒരു ചെറിയ പുഞ്ചിരികൊണ്ട് മറച്ചു വച്ച് കയ്യിലുള്ള പിടി ഒന്നുകൂടെ മുറുക്കി...

വണ്ടി നീക്കിയിട്ടുവരാം അമ്മ മെല്ലെ മക്കളോട് സംസാരിച്ചിരിക്കു എന്ന് പറഞ്ഞു അവർ വാതിൽ തുറക്കുന്നതിനു മുന്നേ പിന്നിലേക്ക് മാറി നിന്നു...അൽപ്പം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു, എന്നിട്ടുടൻ മടങ്ങിപ്പോയി തിരിച്ചു വന്ന് ഒരു ഗ്ലാസിൽ കുറച്ചരി അളന്നെടുത്തു ആ അമ്മയ്ക്ക് കൊടുക്കാനൊരുങ്ങിയപ്പോൾ അവർ എന്തോ പറഞ്ഞതനുസരിച്ചു പുറത്തേക്ക് വന്ന സ്ത്രീ അതിലും വേഗത്തിൽ അകത്തു പോയി... പിന്നീട് വന്നത് ഒരാളാണ്, അയാൾ ആ അമ്മയോട് പരുക്കമായി എന്തോ പറയുന്നതും തിരിച്ചു പോയി വാതിൽ ശബ്ദത്തോടുകൂടി കൊട്ടിയടക്കുന്നതും കണ്ടുനിന്നു... ഇനി മടങ്ങാം, മനസ്സിന് ഇത്തവണയും തെറ്റിയില്ല, ആ അമ്മയുടെ അടുത്ത് പോയി മുഖത്തുനോക്കിയില്ല കൈപിടിച്ചു നമുക്ക് പോകാം അവർ പുറത്തുപോയിക്കാണും പിന്നെ വരാം എന്ന് പറഞ്ഞു...കാരണം അവർക്കു ബാക്കിയുള്ള ആത്മാഭിമാനം അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ സഹജീവികൾക്കുമുണ്ട്.

ആ അമ്മ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ എന്നോടോ അതോ പൊതുവെ പറഞ്ഞതോ അറിയില്ല "അവർക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു, സാരമില്ല ഞാൻ കുറച്ചു മുന്നേ വരണമായിരുന്നു, പറഞ്ഞു മനസ്സിലാക്കാമായിരുന്നു...ഇനിയിപ്പോ വേണ്ട, ആ ആഗ്രഹവും കഴിഞ്ഞു..." തിരിച്ചു വൃന്ദാവനത്തിലെ ആ വിധവാഗൃഹത്തിലെത്തുമ്പോൾ അവിടെ ഉള്ള ആരും ആശ്ചര്യം കാണിച്ചില്ല, വേഗം തിരിച്ചെത്തിയല്ലോ എന്ന ഒരു സ്വീകരണ ഭാവത്തോടെയാണെല്ലാവരും ആ അമ്മയെയും വരവേറ്റത്...അവിടെ ഇറങ്ങിയപ്പോൾ എന്നോട് ആ അമ്മ പറഞ്ഞു "ഇത് മോനെടുത്തോ ടിക്കറ്റ് പൈസ കുറെ ആയില്ലേ, ഇനി ഇത് അമ്മക്ക് എന്തിനാ" ആ കയ്യിലുള്ള പിടുത്തം ഒന്നമർത്തി അത് കേൾക്കാത്ത ഭാവത്തിൽ പതിവിലുള്ള ചിരി നിലനിർത്തി ശബ്ദമില്ലാത്ത ഒരു യാത്രപറച്ചിലും നടത്തി ഇറങ്ങി...

ഇറങ്ങുമ്പോൾ മറ്റൊരു മുത്തശ്ശി ചിരിച്ചു പറഞ്ഞു..."മോൻ വിഷമിക്കണ്ട ഇവിടെ എല്ലാർക്കും ഇതേ അനുഭവം തന്നെയാണ്...ഭ്രഷ്ട്ട്‌കൽപ്പിച്ച നിര്ഭാഗ്യവതികൾക്കു കിട്ടിയ ഒരു വലിയ ഭാഗ്യം ആണ് വൃന്ദാവനം...നാളെ ഭജനയുടെ സമയം വരേയുള്ളു ഞങ്ങൾ ഓരോരുത്തരുടെയും വേദനയും വിഷമവും... രാധേകൃഷണ..." അവരും കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി...ചിലർ ഭിക്ഷാടനത്തിനുള്ള തെയ്യാറെടുപ്പിലാണ്...ആ ഇരുണ്ട വഴികളിലൂടെ പുറത്തെത്തി വണ്ടിയിൽ കയറുമ്പോൾ കൃഷ്ണ ഭക്തിയേക്കാൾ നമ്മൾ സ്മരിക്കുന്നത് അമ്മമാരെയാണ്...കാരണം ഇന്ന് ആ മകൻ കാണിച്ച അനാദരവും ആ അമ്മയുടെ ഭിക്ഷയാണെന്നു തിരിച്ചറിയുന്ന വരെയുള്ള ഒരു തെറ്റ്, കാലം മാറ്റിച്ചിന്തിപ്പിക്കട്ടെ...

തിരിച്ചുള്ള യാത്രകളിൽ ഉടനീളം നമുക്ക് കാണാൻ കഴിയും ഇത്തരം ഭിക്ഷയാചിക്കുന്ന വിധവകളായ സ്ത്രീകളെ...അവരിൽ ചിലർക്ക് നടക്കാനുള്ള ശേഷിയുണ്ട്, കുറച്ചു പേർ വടി ഊന്നി നടക്കുന്നു, ചിലർ വഴിയരികിൽ ചുരുണ്ട് കിടക്കുന്നു...മനസ്സിൽ തോന്നിയ ഒരു കാഴ്ചയാണ്, ഒരുപക്ഷെ ഈ നഗരം മുകളിൽ നിന്നും നോക്കിയാൽ കുറെ വെളുത്ത പക്ഷികൾ അങ്ങിങ്ങായി നിറഞ്ഞിരിക്കുന്നത് പോലെയായിരിക്കും കാഴ്ച്ച...

അല്പമുറങ്ങട്ടെ...നടന്നോളു...

 

കഥ- 7

ശുഭ്രമേഘം

നമ്മുടെ ജീവിതത്തിൽ നിന്ന് കുറച്ചു ദിവസം പകുത്തുകൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ... അത് ഒരു അവസ്ഥയാണ്... യാത്രകൾ പലതും എത്തിച്ചേരലുകളാണ് എന്ന് തോന്നിപ്പോയിട്ടുണ്ട്... നമ്മേ അങ്ങോട്ട് കൊണ്ടെത്തിക്കുന്ന ഒന്നായും അനുഭവങ്ങൾ മനസ്സിലാക്കിത്തരുന്നു... അതുപോലൊരു യാത്രയിലാണ് "മേഘ" എന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടുമുട്ടുന്നത്... അച്ഛനും അമ്മയും ജീവിച്ചിരുന്നിട്ടും അനാഥരാവുന്ന ഒരുപാട് പൂക്കളിൽ ഒരു ദളം... വാത്സല്യം തോന്നുന്ന ചിരിയും, കണ്ണുകളും എന്നിട്ടും അമ്മത്തൊട്ടിലിൽ എത്തിപ്പെട്ട ഒരു പൈതൽ...

വിശന്നിരിക്കുന്നവന് ഭക്ഷണം കിട്ടുന്നത് അറിയുന്നതും, അത് അനുഭവിക്കുന്നതും ഒരു വലിയ സന്തോഷമായികാണുന്നു... അങ്ങിനെയുള്ള ഒരു യാത്രയിലാണ് ഈ കുഞ്ഞിനേയും കണ്ടുമുട്ടുന്നത്... കൊണ്ടുവന്ന മിഠായികൾ കൂടെയുള്ള സുഹൃത്തുക്കൾ എല്ലാർക്കും പങ്കിട്ടുകൊടുക്കുമ്പോൾ ഒരു പെൺകുട്ടി അടുത്തുവന്ന് ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച് എൻറെ പോക്കറ്റിലുള്ള പേനയെടുത്തു... എന്നിട്ട് അവിടെയുള്ള ഒരു പേപ്പറിൽ കുത്തിക്കൊറി എന്തൊക്കെയോ വരച്ചു... കൗതുകത്തോടെ നോക്കിയിരുന്ന എൻറെ നേർക്ക് നീട്ടി വീണ്ടും ഒരു ചിരിയിലൂടെ അവൾ ചോദിക്കാതെ ചോദിച്ചു നന്നായിട്ടുണ്ടോ എന്ന്..."ഹായ്, ഉഷാറായിണ്ട്... " അവൾക്ക് അന്ന് സ്കൂളിൽപോകാറാവുന്നേയുള്ളു... അടുത്ത് നിന്ന ഡോക്ടറും ആ സ്ഥാപനത്തിന്റെ സാരഥിയുമായ റാവു സർ പറഞ്ഞു:

"നല്ല സ്മാർട്ട് കുട്ടിയാണ് മേഘ, ഈ പേര് താനവൾക്ക് നല്കിയതാണ്, ഒരു കാർമേഘം മൂടി നിൽക്കുന്ന വൈകുന്നേരം ഇവിടെ ഉമ്മറത്തു ആരോ കിടത്തി പോയതാണ്... അങ്ങിനെയാണ് മേഘ എന്ന പേരിട്ടത്..., അമ്മയിവിടെ അടുത്ത് കാമാത്തിപ്പുരയിലെവിടെയോ ഉണ്ടെന്നാണ് പിന്നീടറിഞ്ഞത്... ഒരിക്കൽ ഇവിടെ വന്നിരുന്നു... കുറേ നേരം കരഞ്ഞു, കൂടെ നിർത്താൻ പറ്റാത്തതുകൊണ്ടാണെന്നും അമ്മയെ പറ്റി പറയേണ്ടന്നും പറഞ്ഞു...അതും ഒരു ജീവൻ... ഇതും... പഠിപ്പിക്കണം അമ്മ ചെയ്ത തെറ്റ് ഇവളിൽ പടർന്നിട്ടുണ്ടെങ്കിലും ജീവനുള്ളടിത്തോളം നമ്മളെയൊക്കെ പോലെ ജീവിക്കട്ടെ..." സംശയത്തോടെ ഞാൻ ഡോക്ടറുടെ മുഖത്തുനോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു "HIV -പോസിറ്റീവ് ആണ്"... കേട്ടിരുന്നപ്പോൾ മേഘയുടെ ആ പ്രകാശം നിറഞ്ഞ ചിരിക്ക് ഒരുപാട് മാനങ്ങളുണ്ടെന്നു മനസ്സിലാക്കാൻ സാധിച്ചു... തെറ്റൊന്നും ചെയ്യാതെ ജനിച്ചുപോയിട്ടും ഭാഗ്യം കൈവെടിയുന്ന ചില ജന്മങ്ങളില്ലേ... അതിലൊന്നായിപ്പോയെന്ന് വിളിച്ചോതുന്ന ഒരു വേദനിപ്പിക്കുന്ന പുഞ്ചിരി...

ഇത്തരം കാഴ്ചകൾ യാത്രകളിൽ കണ്ടിട്ടുള്ളതുകൊണ്ടും... യാത്ര തുടരേണ്ടുന്നതുകൊണ്ടും കാലം കടന്നുപോയി, ഇടക്കെല്ലാം മേഘയെപ്പറ്റി അന്വഷിക്കുന്നതുകൊണ്ടായിരിക്കണം, അവൾക്കു ഓർമ്മയിൽ ഞാൻ മിഠായിഭയ്യ ആണ്, ഇടയ്ക്കു ഡോക്ടറുടെ ഫോണിൽ നിന്ന് വിളിക്കും, എന്നിട്ട് വിശേഷങ്ങളൊക്കെ അന്ന്വേഷിക്കും... ഞാൻ മാമുണ്ടോന്നും, സ്കൂളുണ്ടോന്നും ഒക്കെ ചോദിക്കും, കുട്ടികൾ അങ്ങിനെയാണ് അവരുടെ പരിചിതർ അവർക്കു അവരുടെ സമപ്രായക്കാരാണ്... വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ അവധിക്കാലത്ത്, ഡോക്ടറെ ഒന്ന് വിളിക്കണം എന്ന് മനസ്സ് വല്ലാതെ നിർബന്ധം പിടിക്കുന്നു... വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു "ഇവിടെയുണ്ടോ? ഞാൻ അടുത്തുവരെ വന്നതായിരുന്നു സമയമുണ്ടങ്കിൽ ഒന്ന് വരാമോ?" അദ്ദേഹം അങ്ങിനെ വിളിക്കുന്നതല്ല... എന്തായാലും പോയി കണ്ടു... ആശുപത്രിക്ക് മുന്നിൽ അദ്ദേഹം എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു... നമ്മുടെ മേഘയെ ഇവിടെ അഡ്മിറ്റ് ആക്കിയിരിക്കുകയാണെന്നും, ഇപ്പോൾ അവൾ ആറാം ക്ലാസ്സിലായി... ഒന്ന് കയറി കണ്ടുപോയാൽ അവൾക്കു ഒരാശ്വാസമാകുമെന്നും പറഞ്ഞു... കാരണം ഈ ലോകത്തു രക്തബന്ധത്തോളം വരില്ല ഒന്നും എന്ന് പറയുമെങ്കിലും ചില ബന്ധങ്ങൾ നമുക്ക് അതിനപ്പുറമാണെന്നു തോന്നിപ്പിക്കും... ഇവരൊക്കെ നമ്മുടെ ആരെല്ലാമാണെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ...

ഇൻഫെക്ഷൻ വരാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും, മാസ്കും ഒക്കെ ധരിപ്പിച്ചപ്പോൾ ചങ്കിൽ നിശബ്ദമായ ഒരു ഞെരക്കവും പിന്നെ ആരിലും കണ്ണ് പെടാതെ ശ്രദ്ധിക്കണം എന്ന ഉൾവിളിയും... കാരണം വിഷമം അത് മറ്റൊരാൾ കണ്ടു തിരിച്ചറിയുമ്പോൾ വെള്ളം തുളുമ്പിപ്പോകുന്ന പോലെ ചിലപ്പോൾ നമ്മുടെ നിസ്സംഗതക്കും ഇളക്കം തട്ടിയേക്കാം... കട്ടിലിൽ ഒരു വെള്ള പുതപ്പിനുള്ളിൽ മെലിഞ്ഞുണങ്ങിയ ഒരു ശരീരം... വർഷങ്ങൾക്കിപ്പുറം വീണ്ടും ആ കണ്ണുകൾ എന്നെ നോക്കുന്നു...പക്ഷെ മുഖത്തെ പേശികൾ അനുവദിക്കാത്തതുകൊണ്ടാകാം ആ മുഖത്ത് ഞാൻ കാണാൻ ആഗ്രഹിച്ച ചിരിയില്ല... അടുത്ത് ചെന്ന് നില്ക്കുമ്പോൾ എത്ര മനക്കട്ടിയുണ്ടെങ്കിലും, കൊടും ക്രൂരനായാലും ഒന്ന് പകച്ചുപോകും... ജീവൻ കൈവിട്ടുപോകുന്നതിനു കുറച്ചുമുന്പുള്ള നിമിഷങ്ങൾ... ഡോക്ടർ പറഞ്ഞു "മേഘക്കു സന്തോഷായിണ്ടാവും... കണ്ടില്ലേ പല്ല് കാണിക്കുന്നുണ്ട്... അവൾക്ക് കൂട്ടുകാരനെ കണ്ടതിലുള്ള സന്തോഷാവും..." കണ്ണിൽ ഒരിരുട്ടു കേറുന്നപോലെ തോന്നിപ്പിക്കുന്ന അവസ്ഥ... നമ്മുടെ ജീവനിൽ നിന്ന് കുറച്ചു ദിവസം ആ കുഞ്ഞിന് കൊടുത്തേക്കു എന്ന് ദൈവത്തോട് പ്രാർത്ഥിച്ചുപോയ നിമിഷം... ആ ചെറിയ ശരീരം അനുഭവിക്കുന്ന വേദന അത് എനിക്ക് പങ്കിട്ട് ആ വേദന കുറയ്ക്കണമെന്നായിരുന്നു മനസ്സുനിറയെ... ചില സമയം അങ്ങിനെയാണ്... നമ്മുടെ മനസ്സ് കുറെ ആഗ്രഹിക്കും എന്നാലും ഓരോ അദ്ധ്യായവും അനുവദിച്ച സമയം കഴിഞ്ഞാൽ മണ്മറഞ്ഞുപോകും, അതാണ് സത്യം...

ഞാൻ ഡോക്ടറുടെ കൈ മുറുകെ പിടിച്ചു ചോദിച്ചു വേറെ ഒരു വഴിയും!... അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ഓർത്തുപോകുന്നു..."ചില കാര്യങ്ങൾ നമുക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും അപ്പുറമാണ്... സംസാരിക്കാൻ കഴിയുന്നതുവരെയും, ശബ്‍ദം നിലച്ചിട്ടും എന്നോട് എഴുതിചോദിക്കുമായിരുന്നു മിഠായിഭയ്യാ ഇവളെ കാണാൻ വരുമോ എന്ന്... അതുകൊണ്ടാണ് വിളിപ്പിച്ചത്...ഇനി അവൾക്കു സ്വസ്ഥമായി ഉറങ്ങാം" തിരിഞ്ഞു നോക്കാതെ അവിടെനിന്നിറങ്ങുമ്പോൾ മനസ്സിൽ നിറയെ ആ കണ്ണുകളായിരുന്നു... പ്രത്യാശ വറ്റിയെങ്കിലും ഒരു സംതൃപ്തി നിറഞ്ഞ തെളിച്ചം ആ കണ്ണുകളിൽ കാണാൻ കഴിയും... എല്ലാം ഉണ്ടായിട്ടും ഇന്ന് പലരിലും നമുക്കിത് കാണാൻ സാധിക്കാറുമില്ല...

മടങ്ങിയെത്തി രണ്ടു ദിവസത്തിൽ ആ വാർത്തയും വന്നു... മേഘക്കൂട്ടങ്ങളിൽ ശുഭ്രമേഘമായി അവൾ പറന്നു പാറി നടക്കട്ടെ...മനുഷ്യായുസ്സിൽ അനുഭവിക്കാനാകാത്ത സന്തോഷം നിറവോടെ അനുഭവിക്കട്ടെ...

 

കഥ- 8

വിവാഹ ക്ഷണപത്രിക

 

കൂട്ടുകുടുംബങ്ങൾ പലപ്പോഴും അഴകും ഉറപ്പുമാണ്... എന്നാൽ അതിനിടയിൽ കുടുംബ ഭാരമേറ്റാനും, സാമ്പത്തിക കാര്യങ്ങൾ കണ്ടെത്താനും മാത്രം നിയോഗിക്കപ്പെടുന്ന ചില ജന്മങ്ങളുമുണ്ടാകും... ആഘോഷങ്ങളും സന്തോഷവും അവർക്ക് പലപ്പോഴും കിട്ടാക്കനിയായിരിക്കാം, എന്നാലും ഒരിറക്ക് പാൽചായയും, ചോറും കിട്ടും അതും അമ്മാവനെന്നോ, ഏട്ടനെന്നോ ഒക്കെയുള്ള ഒരു പൊയ് ബഹുമാനം കൂടെയും... "ഏയ്, അവനിപ്പോ സമയൊന്നൂല്ല്യ കുട്ട്യേ... ഷൊറണൂരാത്രേ ഉദ്യോഗം... അവിടെ തന്നെ താമസും... കഴിഞ്ഞയാഴ്ച്ച മോട്ടറ് കേടായി... പാടത്ത് നട്ടിരിക്കണ നേരാണേയ്... നന്നാക്കാൻ വന്നിട്ട് അന്നന്നെ തിരിച്ചുപോയിന്നും ഇവിടെ കേൾക്കണ്ടായി..." അമ്മ മൂത്ത മകനെ കുറിച്ച് ഓർത്ത് അയവിറക്കി...

"ന്നാ, പിന്നെ അങ്ങിനെ ആകാം... എത്രയും പെട്ടന്നന്നെ നടത്താം... താമസിപ്പിക്കണ്ട..." തറവാട്ട് കാരണവരായ അച്ഛൻ മകളുടെ കല്യാണം തീരുമാനിച്ചു..."

"മൂത്ത മോൻ ഇവിടെ ഇല്ലേ!" പുതിയ ബന്ധുക്കൾ തിരക്കി...

കാരണവർ ചുറ്റും നോക്കി... "ആര് ശിവനോ!,അവനിവിടെ... എവിടെയോണ്ട്... ഞാൻ ഇവിടെണ്ടാർന്നില്ല, നിങ്ങൾ വരണോണ്ട് ഇപ്പൊ വന്നേള്ളൂ..." വീട്ടുകാര്യത്തേക്കാൾ നാട്ടുകാര്യം അതായിരുന്നു അന്നത്തെ തറവാട്ട് കാരണവരുടെ ഗൗരവമുദ്ര... നാല് പെങ്ങന്മാരും, അനുജനും വീട്ടുചിലവും അത് മൂത്തമകന്റെ ഉത്തവാദിത്വം, അതായിരുന്നു അന്നത്തെ കൂട്ടുകുടുംബ സംവിധാനം... തമ്മിൽ തമ്മിൽ സ്നേഹത്തിനു വരെ ദാരിദ്ര്യം..

"അപ്പോന്നാ ഞങ്ങളിറങ്ങട്ടെ... ബാക്കി ഒക്കെ വഴിപോലെയാവാം..." അങ്ങിനെ ഒരു പെങ്ങളുടെ കല്യാണം ശരിയായി... ആ ആഴ്ച്ച ഷൊറണൂരിൽ നിന്നും അവധിക്ക് വന്ന മകനോട് (ഇന്നത്തെ കാലഘട്ടമല്ല ബസ്സൊക്കെ വിരളമാണ്) വീട്ടിലെ ഈ വിശേഷം ഒഴികെ ബാക്കി വീട്ട് ചിലവിൻറെ കാര്യമൊക്കെ അമ്മ മൂത്ത മകനോട് പറഞ്ഞു... ഉദ്യോഗസ്ഥനല്ലേ തിരക്കാവുമെന്നു കരുതി അമ്മ പറയാതിരുന്നതാവും...

തിരികെ ജോലിസ്ഥലത്തെത്തിയ ശിവൻ തൻ്റെ പെങ്ങളുടെ കല്യാണക്കാര്യം അറിയാതെ ജോലി തുടർന്നു... ദിവസങ്ങൾ അങ്ങിനെ കൊഴിഞ്ഞുവീണു "നാളെ കല്യാണായിട്ടും സാറിവിടെ ഇരിക്ക്യാണോ!" കൂടെ ജോലിയെടുക്കുന്ന ചിലർ കുശലം ചോദിച്ചു... എന്താന്നറിയാതെ ആശ്ചര്യപൂർവ്വം അദ്ദേഹം അവരെ നോക്കി... "സാർ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്കും ക്ഷണമൊക്കെ ഇണ്ടേ... പയ്യന്റെ കുടുംബം വഴി ഞങ്ങൾക്കും ക്ഷണണ്ട്..." ആരുടേയാ എന്താന്നു അവരോട് ചോദിക്കാൻ ആത്മാഭിമാനം അനുവദിക്കാത്തൊണ്ട്... "ഉവ്വ്, മറന്നതല്ല കുറച്ചു പണികൂടിയുള്ളത് തീർത്തിട്ടിറങ്ങാം കരുതി..." ഇന്നത്തെ പോലെ മൊബൈലും വാട്സാപ്പും ഇല്ലാത്തോണ്ട് ബസ് പിടിച്ച്‌ വീട്ടിലെത്തിയാൽ അറിയാം എന്താ ഏതാ എന്ന്...

വീട്ടിലെത്തിയപ്പോൾ ചെറിയ പന്തലൊക്കെ കണ്ടു... എന്താന്നറിയാതെ വീടിന് ഉള്ളിൽ കേറിയപ്പോ "എന്താടോ... ഒരു വിശേഷായിട്ട് താൻ ഇപ്പഴാണോ കേറിവരണേ, ഇങ്ങിനെണ്ടോ ഒരു ഉദ്യോഗം!" ചോദ്യം കേട്ടെങ്കിലും മനസ്സിൻ്റെ പകപ്പിൽ ആരാ എന്താന്നൊന്നും പിടികിട്ടിയില്ല... ശ്രദ്ധിച്ചില്ല... നേരെ അമ്മേടെ അടുത്ത് പോയി ചോദിച്ചു "ഇവിടെന്താ വിശേഷം?" , "ആ, അത് പറയാൻ വിട്ടു കുട്ട്യേ... ഞാൻ കരുതി നീ അറിഞ്ഞിണ്ടാവുംന്ന്... അങ്ങിനെ ഓൾടെ കാര്യം ശരിയായി... നല്ല കൂട്ടക്കാരാ അവൾക്കും ബോധിച്ചു... കഴിഞ്ഞ തവണ നീ വന്നപ്പോ പറഞ്ഞില്ല്യേ ഇവിടാരും? ഓർമ്മണ്ടാവില്ല തിരക്കൊണ്ടാവും... ഇനിയിപ്പോ വേഗം കയ്യും കാലും കഴുകി ചെന്നോളു അവര് പുറപ്പാടാറായിണ്ടാവും... വേഗം ഇറങ്ങിക്കോളൂ കുട്ട്യേ ... ആളൊലൊക്കെ വണ്ടീല് കേറീണ്ടാവും..." അമ്മ അതും പറഞ്ഞു അപ്പറത്തേക്ക് പോയി... പാടത്തെ തേവുകോട്ട മാറ്ററായെന്ന് പറഞ്ഞകൂട്ടത്തിൽ, കൂടപ്പിറപ്പിന്റെ കല്യാണകാര്യംകൂടി കഴിഞ്ഞ തവണ വന്നപ്പോൾ പറയാർന്നു... മറുപടിയായി പറയാൻ ആഗ്രഹിച്ച ഈ വാക്കുകൾ പോലും തൊണ്ടയിൽ ഉടക്കി... പറഞ്ഞില്ല, ഇനി അതൊരു വിഷമാവണ്ട ഒരു നല്ല ദിവസല്ലേ... കലങ്ങിയ കണ്ണും മനസ്സും ആരെയും കാണിക്കാതെ മുഖവും കഴുകി വേഗം കല്യാണത്തിന് വന്നോരടെ കൂട്ടത്തിൽ ഒരാൾമാത്രമായി ആ വല്യേട്ടനും സ്ഥാനം പിടിച്ചു...

സ്വന്തം പെങ്ങടെ കല്യാണക്കാര്യം അറിയാൻ അല്പം കൂടി വൈകിയിരുന്നെങ്കിൽ പെങ്ങളുടെ കല്യാണത്തിന് പോലും വരാൻ സമയല്ല്യാത്തത്ര തിരക്കുള്ള 'ഉദ്യോഗസ്ഥൻ' എന്ന പഴികൂടി മിച്ചം... ഇതാവുമ്പോ ലേശം വൈകി വളിച്ചുപോയെന്നല്ലേ ഇള്ളൂ... സാരല്ല്യാ, വൈകിവന്ന ഒരു വിവാഹ ക്ഷണപത്രിക അങ്ങിനെ കരുതാം... ശിവൻ ആശ്വസിച്ചു...

കഥ- 9

അൻബിലീവബിൾ

"ഇറ്റ് ഈസ് അൻബിലീവബിൾ, വയോജനങ്ങളോടിവർക്കിതെങ്ങിനേ ചെയ്യുവാൻ കഴിയുന്നു... നമുക്കും ഒരു നാളെയുണ്ട് അത് മറക്കാതിരിക്കുക..." വൃദ്ധസദനത്തിലേ കണ്ണീർ കാഴ്ച്ചകൾക്ക് ലൈക്കും പ്രതിഷേധവും രേഖപ്പെടുത്തി അവൻ ലാപ്ടോപ്പ് അടച്ച്‌ ബൈക്കിന്റെ ചാവിയും എടുത്ത് എണീറ്റു...

"മോനേ ഒന്നിവിടെ വാടാ, അമ്മയ്ക്കൊന്നു എഴുന്നേറ്റിരിക്കാൻ തോന്നുന്നു..."

"ഹോ ! ഈ തള്ള..."

അകത്തെ മുറിയിൽ നിന്നും കേട്ട അവന്റെ സ്വന്തം അമ്മയുടെ ശബ്ദം ആ സമൂഹ ജീവി കേട്ടു എന്ന് ഈ മറുപടിയിൽ നിന്നും മനസ്സിലാക്കാം...

അവൻ ആ താക്കോലും, തലയിൽ വയ്ക്കുന്ന പേടകവുമെടുത്ത് സമൂഹത്തിലേക്കിറങ്ങി...

 

കഥ- 10

ജീവിതമിശ്രിതം

വിഷമിച്ചിരിക്കുന്ന കുഞ്ഞൂനോട് മുത്തശ്ശി ചോദിച്ചു "എന്താ കുഞ്ഞു വല്ലാതിരിക്കണേ, ഇന്ന് പഠിക്കാനൊന്നൂല്ല്യേ..." അവൻ ഒന്നും പറയാതെ മുത്തശ്ശിടെ മടിയിൽ വന്നു കിടന്നു... "അയ്യേ! , കരയ്യാ, ന്റെ കുട്ടി... ആങ്കുട്ട്യോള് കരയാൻപാടിൻടോ കുട്ടാ...പോട്ടെ സാരല്യാ, എന്താണ്ടായ്യേ..." അവൻ സങ്കടം സഹിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി... "അവിടെ കിടന്ന് കരയട്ടെ അമ്മെ, ചെക്കന് രണ്ടെണ്ണം കിട്ടാത്തതിന്റെ സൂക്കേടാ" അമ്മടെ വക വിശദീകരണംകൂടി ആയപ്പോ കുഞ്ഞൂന്റെ സങ്കടം വീണ്ടും കൂടി... "സങ്കടപ്പെടണ്ടാട്ടോ... കുഞ്ഞൂനൊരു കുഞ്ഞുകഥ പറഞ്ഞെരാം മുത്തശ്ശി... കേട്ടോളൂ..."

"ഒരിടത്തൊരിടത്ത് ജീവിതപുരം എന്നൊരു ഗ്രാമണ്ടാർന്നു അവിടെ സന്തോഷമരം എന്നും സങ്കടമരം എന്നും പേരുള്ള രണ്ട് വലിയ മരങ്ങളുണ്ടായിരുന്നു..." "ഏഹ്! അതെന്ത് മരാ മുത്തശ്ശീ..." കുഞ്ഞു കരച്ചിൽ മാറ്റി മെല്ലെ മുത്തശ്ശിയോട് ചോദിച്ചു..."അതോക്കെ ഉണ്ട് കുഞ്ഞു കേട്ടോളു..."

"ആ ഗ്രാമത്തിലിള്ളോരെല്ലാം ഈ രണ്ട് മരച്ചുവട്ടിൽ മാറി മാറി ഇരുന്നു തണൽ കാഞ്ഞിരുന്നു... സന്തോഷമരത്തിനു കീഴിലിരിക്കുന്നവർ എപ്പഴും സന്തോഷത്തോടെയും, സങ്കടമരകീഴിലാകട്ടെ എല്ലാരും 'കുഞ്ഞു' നേരത്തെ വിഷമിച്ചിരുന്നില്ലേ! അതുപോലെ സങ്കടപ്പെട്ടുമിരിക്കും... അങ്ങോട്ടുമിങ്ങോട്ടും മാറിയിരിക്കാൻ അവർ ഇരുകൂട്ടരായി എന്നും വഴക്കും ആരംഭിച്ചു... അങ്ങിനെ ഒരുനാൾ ഈ വാർത്ത രാജാവിന്റെ അടുക്കലെത്തി... ഗ്രാമത്തിലെ വഴക്കിന് കാരണം ആ രണ്ട് മരങ്ങളാണ്... അവയിൽ സങ്കട മരത്തെ വെട്ടിക്കളഞ്ഞാൽ ഈ പ്രശ്നം അവസാനിക്കും... അങ്ങിനെ രാജാവിന്റെ കല്പന പ്രകാരം സങ്കട മരം വെട്ടിമാറ്റി... പിന്നീട് ഗ്രാമവാസികൾ എല്ലാവരും തണലിനായി സന്തോഷമരത്തിനു. ചുവട്ടിൽ ഒത്തുകൂടാനാരംഭിച്ചു...

എല്ലാവർക്കും ആ നാട്ടിൽ സന്തോഷം മാത്രം പക്ഷെ അവരിൽ മരത്തിനു കീഴിൽ ആദ്യം ഇടംപിടിക്കാനുള്ള 'വാശി' ഉടലെടുത്തു... അങ്ങിനെ കുറച്ചുപേർ ചേർന്ന് ഈ മരം തങ്ങളുടേത് മാത്രമാക്കാനായി രാത്രിയിൽ ആരും കാണാതെ സന്തോഷമരത്തെ മുറിച്ച്‌ കഷ്ണങ്ങളാക്കി അവരവരുടെ വീട്ടു മുറ്റത്ത് കുഴിച്ചിട്ടു... വാശികൊണ്ടുണ്ടോ മരം മുളയ്ക്കുന്നു? അത്യാഗ്രഹം കൊണ്ടുണ്ടോ സന്തോഷം ജനിക്കുന്നു? അങ്ങിനെ ജീവിതപുരം എന്ന ഗ്രാമം തണലില്ലാ ഗ്രാമമായി... സന്തോഷവും സങ്കടവും ഇടകലർന്നുള്ള അവരുടെ ജീവിതത്തിൽ മുൻപുണ്ടായിരുന്ന എല്ലാ സുഖങ്ങളും അവസാനിച്ചു... മരങ്ങളും തണലുമില്ലാത്ത ആ ഗ്രാമം വരൾച്ചയാൽ മുരടിച്ചു... ആളുകൾ പരസ്പ്പരം കലഹിച്ചുകൊണ്ടേയിരുന്നു, കുറച്ചുപേർ ജീവിതപുരത്തോട് വിട ചൊല്ലി എങ്ങോ പോയി...

ജീവിതത്തിൽ സന്തോഷവും സങ്കടവും വന്നു പൊയ്ക്കൊണ്ടേയിരിക്കും ഒന്നും എന്നന്നേക്കും നിലനിൽക്കുന്നില്ല... സങ്കടങ്ങളും കഴിഞ്ഞുപോകും...

"ഇനി കുഞ്ഞു പോയി നല്ലകുട്ടിയായി ഭക്ഷണം കഴിക്കൂ... അമ്മ പറയുന്നത് കേട്ട് നല്ലകുട്ടിയായി നാളേയ്ക്കുള്ളത് സന്തോഷത്തോടെ പഠിച്ചോളൂ..." അവൻ സന്തോഷത്തോടെ മുത്തശ്ശിക്കൊരു ഉമ്മകൊടുത്ത് ഉഷാറായി പഠിക്കാൻ ആരംഭിച്ചു...