Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സത്യവ്രതന്റെ വഴിത്താരകൾ

സത്യവ്രതന്റെ വഴിത്താരകൾ

 

അയാൾ ഇറങ്ങി നടന്നു, ഒരു പരിവ്രാജകനെ പോലെ, ഇന്നലെകളുടെ എടുത്തുകെട്ടുകൾ ഒന്നൊന്നായി അഴിച്ചു വയ്ക്കുമ്പോൾ മനസ്സ് ഒരു നിസ്വാർത്ഥന്റെ ആക്കാൻ ശ്രമിച്ചെങ്കിലും, ശരീരത്തിനൊപ്പം പിടയുന്നുണ്ടായിരുന്നു. അറിയാത്ത തെറ്റുകൾക്ക് കോർട്ട് മാർഷൽ ചെയ്യപ്പെടുന്ന സൈനികന്റെ ആലാത്തുകൾ ഒന്നൊന്നായി അറത്ത് മാറ്റപ്പെടും പോലെ അയാളും സ്വയം എല്ലാം മുറിച്ചുമാറ്റി, ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും, ഏതോ അദൃശ്യ ബന്ധനങ്ങളുടെ കെട്ടുപാടുകൾ. ഭർത്താവ്, അച്ഛൻ, മുത്തശ്ശൻ, തുടങ്ങിയ കെട്ടുപാടുകളുടെ മഹനീയ നക്ഷത്രങ്ങൾ.

 

നഗ്നപാദനായി ചുട്ടുപഴുത്ത ടാറിട്ട പാതകളെ പിന്തുടരുമ്പോൾ നീറുന്നുണ്ടായിരുന്നു കാൽ വെള്ളകൾ. കൗമാരത്തിന്റെയും യൗവനത്തിന്റെ ആദ്യപാദങ്ങളിലും, ശ്രീരാമപാദങ്ങൾ എന്ന് ആരൊക്കയോ വിശേഷിപ്പിച്ച അതിന്റെ അനുഭവങ്ങളുടെ ദൃഢത, ജീവിത വഴിയിൽ അനുഭവിച്ച സുഖഭോഗങ്ങളുടെ സംരക്ഷണയിൽ നഷ്ടമായിരിക്കുന്നു. ഒപ്പം ജീവിത ശൈലീ രോഗങ്ങളുടെ ആക്രമണത്തിൽ ഈ മധ്യവയസ്സിൽ എത്തിയപ്പോഴേയ്ക്കും പാദങ്ങൾ മാത്രമല്ല മൊത്തം ശരീരം തന്നെ ദുർബലം. എന്നാൽ അനുഭവങ്ങളുടെ തീച്ചൂളയിൽ മനസ്സ് കാരിരുമ്പിനേക്കാളും കരുത്തും ആർജ്ജിരിക്കുന്നു.

 

ചിന്ത വീണ്ടും ഇന്നലകളിലേയ്ക്ക് കടന്നപ്പോൾ, അയാൾ ഓർമ്മകളെ യൗവനത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തി. ഒറ്റപ്പെടൽ കരിംകമ്പളം കൊണ്ട് മൂടി വീർപ്പ് മുട്ടിച്ച ബാല്യവും കൗമാരവും, നൽകിയത് പോരാടാനുള്ള കരുത്ത്, ശരീരത്തിനും മനസിനും. അനുഭവങ്ങളുടെ കൊടും ചൂടുള്ള ലാവ നിറഞ്ഞ് തിളച്ച ആമാടപ്പെട്ടിലായിരുന്ന ജീവിതം, എന്തും നേരിടാനുള്ള തയ്യാറെടുപ്പിൽ. ഒന്നും തന്നെ നഷ്ടപ്പെടാനോ പണയം വയ്ക്കണോ ഇല്ലാത്തവന് ജീവിതം പോണാൽ പോകട്ടും പോടാ.. എന്ന ആപ്തവാക്യത്തിൽ ഊന്നി ആകുമല്ലോ മുന്നോട്ട് പോകുക. 

 

അക്കാദമിക്ക് കരിയറിൽ നേടിയെടുത്ത ബിരുദങ്ങൾക്ക് അപ്പുറമായിരുന്നു, ഇത്തരം അനുഭവങ്ങളിലൂടെ നേടിയെടുത്ത കരുത്ത്. എങ്ങനെയോ കടൽകടന്ന്, മുന്നിലേയ്ക്ക് എത്തിയ ജീവിത യാഥാർഥ്യവും, അവിടെ കണ്ട , സത്യങ്ങളും ഒരിക്കലും മനസ്സിനെ ഉലച്ചില്ല. അഥവാ പിടിവിടും എന്ന് ശങ്കിച്ചപ്പോൾ, മനസ്സിനെ ധൈര്യപ്പെടുത്തി, തീയിൽ കുരുത്തവൻ വെയിലിൽ വാടില്ല.

 

സ്വന്തമായി ഓരോന്നും നാട്ടിൽ നേടാൻ തുടങ്ങിയപ്പോൾ, ബന്ധങ്ങളും ഉണ്ടായിത്തുടങ്ങി, സ്വന്തക്കാരും. ഒന്നിലും മഞ്ഞളിക്കാൻ മനസ്സിന് കഴിയില്ലായിരുന്നു, അത്രയ്ക്ക് ഉണ്ടായിരുന്നു, പരിത്യജിച്ചവന്റെ മനസ്സിലെ ആപ്പോഴും ചോര കിനിഞ്ഞിരുന്ന മുറിവുകൾക്ക് ആഴം. എന്നാൽ ഇനിയുള്ള ജീവിതം പകുത്ത് നല്കാൻ ഒരാൾ, മനസിന്റെ അടച്ചിട്ടിരുന്ന മണിയറ വാതിൽ കടന്ന് കയറി വന്നപ്പോൾ, താനും തരളിതനായി. ഒന്നിച്ച് മുന്നേറാം എന്ന ഉറപ്പ് കൂടി ആയപ്പോൾ, ഒരു പന്തയക്കുതിരയെപ്പോലെ ചിറകുകൾ മുളപ്പിച്ചു. സ്വയം പെഗാസിസ്സ് ആയി ആകാശത്തോളം ഉയർന്ന് പറന്നു.

 

എന്നാൽ എല്ലാത്തിനും ശേഷം സമ്മാനം കിട്ടാൻ താഴെ വരണം എന്ന യാഥാർഥ്യം ഇപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞത്. മധ്യവയസ്സിൽ എല്ലാം അവസാനിപ്പിച്ച് നാട്ടിൽ എത്തിയപ്പോൾ, ഇന്നലെ കണ്ടതും അനുഭവിച്ചതും, സ്വന്തം എന്ന് മനസ്സിനോട് പേർത്തും പേർത്തും പറഞ്ഞത്തതും എല്ലാം മയ കാഴ്ചകൾ മാത്രമായിരുന്നു എന്നും. താൻ ശരിക്കും അരക്കില്ലത്തിൽ ആണ് പെട്ടിരുന്നത് എന്നും.

 

ആരോപണങ്ങളുടെ ശരമാരിൽ ക്രൂശിതനായി നിന്നപ്പോൾ മാത്രാമാണ്, തന്റെ ധാരണകൾക്ക് പൊളിച്ചെഴുത്ത് ആവശ്യമാണ് എന്ന് മനസിലാക്കിയത്. ഇന്നലെവരെ മോചകനും രക്ഷകനും, കൺകണ്ട ദൈവവുമായി വിശേഷിപ്പിച്ചവൻ, ദുഷ്ടനും, പീഡകനും, ദുരാചാരിയും, വെറുക്കപ്പെടേണ്ട വൃത്തികെട്ടവനുമാണ് എന്ന സത്യം. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ തനിക്ക് രക്ഷപ്പെടണം എന്നുണ്ടങ്കിൽ ആടയാഭരണങ്ങൾ ഒന്നൊന്നായി അഴിച്ചുവയ്ക്കണം, അല്ലെങ്കിൽ ശിഷ്ടകാലം കാരാഗ്രഹത്തിന്റെ മൂലയിലേക്ക് ഒതുങ്ങാം എന്ന ഭീഷണി, ഡെമോക്ലിസസിന്റെ വാൾ കണക്കെ തിളങ്ങിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല.

 

സ്വാതന്ത്ര്യം അമൃതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന് സ്‌കൂൾകാലങ്ങളിൽ  മനഃപാഠമാക്കിയ വാക്കുകൾ വീണ്ടും തികട്ടി വന്നപ്പോൾ, വിശ്രമ കാലത്ത് നന്നായി ജീവിക്കാം എന്ന പ്രതീക്ഷയിൽ ജീവിതത്തിന്റെ നല്ല കാലങ്ങളെ ആകെ സ്വയം സൃഷ്ട്ടിച്ച കാരാഗ്രഹങ്ങളിൽ ചങ്ങലയ്ക്കിട്ട ഹതാശനായ വിഡ്ഢി ഉറച്ച തീരുമാനം കൈകൊണ്ട്.. സ്വയം കോർട്ട് മാർഷൽ നടത്തി പിൻവിളികൾ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ് ഇറങ്ങി നടന്നു.. സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേയ്ക്ക് ഭിക്ഷാംദേഹിയായി.

 

 

കിട്ടിയ വാഹനങ്ങളിൽ കയറിയും കാൽ നടയായും ലക്ഷ്യങ്ങൾ ഇല്ലാതെ ദിനരാത്രങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന മട്ടിലുള്ള യാത്ര, അന്തിക്ക് എത്തിച്ചത് അധികം അകലെയല്ലാതെ കാടുകൾ അതിരിടുന്ന ഗ്രാമീണ അന്തരീക്ഷത്തിൽ ആയിരുന്നു. പടിഞ്ഞാറ് ആകാശത്ത് വിറങ്ങലിച്ച് മറയുന്ന സൂര്യന്റെ അവസാന രോദനം പോലെ ചുവന്ന രശ്മികൾ കരിമേഘങ്ങളിൽ തട്ടി ചിതറിയിരിക്കുന്നു. കിഴക്ക് മലമുകളിൽ രാക്ഷസരൂപം പൂണ്ട് ആകാശത്തോളം ഉയർന്ന മാമരങ്ങളും, ഇരുട്ടിന്റെ പുതപ്പ് അണിയാൻ ശ്രമിക്കുന്ന ഗ്രാമാന്തരീക്ഷവും അയാളെ പുതിയ അനുഭവത്തിലേക്ക് നയിക്കുകയായിരുന്നു.

 

തണുത്ത കാറ്റിന്റെ ആശ്ലേഷത്തിൽ, പതിറ്റാണ്ടുകളായ് സുഖശീതളിമയിൽ വിരാജിച്ചിരുന്ന ശരീരം, ദിവസങ്ങളായി അനുഭവിക്കുന്ന വിശ്രമമില്ലായ്മയിലും, നിരാഹാരത്താലും ക്ഷീണിതമായി സഞ്ചാരത്തെ പിടിച്ചു നിർത്തി. കാതുകളിലേയ്ക്ക് കടന്നുവന്ന ജലപ്രവാഹത്തിന്റെ ശബ്ദ വീചികൾ അയാളെ കൂടുതൽ സന്തോഷവാനാക്കി. മുന്നിൽ ഒഴുകി മറയുന്ന അരുവിയിലേയ്ക്ക് നടന്നിറങ്ങി കൈകുമ്പിളിൽ ശേഖരിച്ച ജലകണങ്ങളെ മുഖത്തേയ്ക്കും, പിന്നെ വായിലൂടെ ഉദരത്തിലേയ്ക്കും നയിച്ചപ്പോൾ അയാൾ നിർവൃതിയുടെ പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു.

 

പരപ്രേരണയിൽ എന്നപോലെ, തോളിൽ തൂങ്ങിയിരുന്ന ഭാണ്ഡം കരയിലേക്ക് വലിച്ചെറിഞ്ഞ്, ഒരു കൊച്ചുകുട്ടി എന്നപോലെ സന്ധ്യയിൽ ആ അരുവിയിൽ തുടിച്ചിറങ്ങി. എവിടെ നിന്നോ കടന്ന് വന്ന് അണച്ച് പിടിയ്ക്കുന്ന അമ്മയുടെ കരങ്ങളായി ജലത്തിന്റെ ആശ്ലേഷത്തെ അയാൾ അനുഭവിച്ചറിഞ്ഞു. അതിൽ അലിഞ്ഞു ക്ഷീണത്തെ കുടഞ്ഞെറിഞ്ഞു സുഖത്തിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങി സ്ഥലകാല ബോധം അറിയാതെ എത്ര സമയം കിടന്നു എന്ന് അയാൾക്ക് അറിയില്ലായിരുന്നു.

 

ശരീരത്തെ ജലം കുടഞ്ഞെറിഞ്ഞു, വേഷം മാറി, ഉടുത്തിരുന്ന വസ്ത്രങ്ങൾ കഴുകി, ബോധതലത്തിലേയ്ക്ക് ഉയർന്നപ്പോൾ നാട് ഇരുട്ടിനെ പുണർന്ന് കഴിഞ്ഞിരുന്നു. രാത്രിയുടെ ഭീകരത വളർത്തി കടന്നെത്തിയ ശബ്ദ ശകലങ്ങളും, ഇരുട്ടിന്റെ കാഠിന്യവും, അയാളെ ഒന്ന് ചകിതനാക്കി.. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത തനിക്ക് ഇനി എന്തിന്  ഭയം എന്ന് ചിന്തിച്ചപ്പോൾ ഒരു ആശ്വാസവും, പിന്നാലെ പൊട്ടിച്ചിരിയും കടന്നുവന്നു. അതിന്റെ അവസാനത്തിൽ അധികം ദൂരെയല്ലാതെ മുനിഞ്ഞു കത്തുന്ന ചിരാതുകളും കണ്ടപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷയും കടന്നു വരാതിരുന്നില്ല.

 

ചോര ഒലിപ്പിച്ചും കരിഞ്ഞും കരഞ്ഞും തുടർന്ന കാൽ വെള്ളകളെ അവഗണിച്ച്, കരിയിലകളും കല്ലും മുള്ളും ചവിട്ടിയരച്ച്, മുന്നിൽ കണ്ട വെളിച്ചത്തിലേക്ക് നടന്നടുക്കുമ്പോൾ മനസ്സ് തുടിക്കുകയായിരുന്നു. പൊട്ടി അടർന്ന വെട്ടുകല്ലുകളും, സിമിന്റ്റ് അടർന്ന ചവിട്ട് പടികളും പഴകിത്തേഞ്ഞ തടിയുടെ തൂണുകളും നിറഞ്ഞ പഴയ പ്രതാപത്തിന്റെ ചിഹ്‌നം അവശേഷിപ്പിച്ച കൂറ്റൻ നാല് കെട്ടാണ് അവിടെ അയാളെ കാത്തിരുന്നത്. പൂമുഖത്ത് തെളിഞ്ഞു, മരോട്ടി എണ്ണയിൽ കത്തുന്ന വലിയ ആട്ടവിളക്കും, പിന്നിൽ മുക്കാലും ചാരിയ പ്രധാന വാതിലും കണ്ടപ്പോൾ കയറാനോ തിരികെ നടക്കാനോ കഴിയാതെ അയാൾ ശങ്കിച്ച് നിന്നു.

 

കയറി ഇരുന്നാലും, എന്ന് മധുരതരമായ സ്ത്രീ ശബ്ദം കാതുകളെ തേടി വന്നപ്പോൾ അയാൾ പൂമുഖത്തേയ്ക്ക് കയറി അരച്ചന്തിയിൽ ഇരുപ്പുറപ്പിച്ചു. മനസ്സ് അപ്പോഴും പകുതി സമ്മതത്തിൽ ആയിരുന്നു, ഉയർന്ന ഹൃദയമിടിപ്പ് എല്ലാത്തിനും മുകളിൽ കാതിനെ ഭരിക്കുന്നുമുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ നിരന്തരമായ യാത്ര കൃതശരീരിയായ അയാളിൽ, അൽപ്പം വിശ്രമവും ഒരു രാത്രിയുടെ എങ്കിലും നീളുന്ന ഉറക്കവും സാധ്യതയുള്ള ഒരു നേരത്തെ ഭക്ഷണവും ആഗ്രഹിച്ചു. എല്ലാ ചിന്തകളും, ഭൗതിക ആവശ്യത്തിന് വഴിമാറിയപ്പോൾ അയാൾ അവിടെ പൂർണ്ണമായും ഉറപ്പിച്ചിരുത്തി.

അയാളുടെ ആഗ്രഹം അറിഞ്ഞപോലെ വാതിലുകൾക്ക് പിന്നിൽ നിന്ന്, വെളിച്ചത്തിൽ മിന്നിമറിഞ്ഞ വളയണിഞ്ഞ കൈകൾ ഉപേക്ഷിച്ചു പോയ ആവി പറക്കുന്ന കഞ്ഞിയും, ചുട്ട പാർപ്പിടകവും, രുചിയും മണവും പടർത്തുന്ന നാരങ്ങ അച്ചാറും കണ്ടപ്പോൾ, അയാളുടെ ഉള്ളം ആഹ്ളാദത്തിൽ തുള്ളിച്ചാടി. മുൻപിൻ നോക്കാതെ ആർത്തിയോടെ എല്ലാം ഉള്ളിലാക്കുമ്പോൾ, ജീവിതത്തിൽ ഇത്രയും രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് വിളിച്ചു പറയാൻ തോന്നി. പൂമുഖത്ത് കിണ്ടിയിൽ വച്ചിരുന്ന വെള്ളത്തിൽ പത്രങ്ങളും ശരീരവും ശുദ്ധമാക്കി വിരിയ്ക്കാൻ കിട്ടിയ പായ നിവർത്തി ഉറങ്ങാനായി കിടന്നപ്പോൾ മനസ്സിൽ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ താൻ ആണെന്ന് വിളിച്ചുകൂവി

 

പുലരി വെളിച്ചം കൊടുംചൂടിന് വഴിമാറിയ ഏതോ യാമത്തിലാണ് അയാൾ ഉറക്കം ഉണർന്നത്, അതും മനുഷ്യരുടെ അടക്കിപ്പിടിച്ച സംസാരത്തിനും പിറുപിറുപ്പിനും ഇടയിലേക്ക്. ഉണർന്നെണീറ്റ്, നാളുകളായി വൃത്തിയാക്കാതെ കരിയിലകൾ കൂടി കിടന്ന തൊടിയിലെ, അയാളുടെ മുഖത്തേയ്ക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന പുരുഷാരത്തെ നോക്കി ആദ്യം ഒന്ന് പകച്ചു, പിന്നെ സമനില വീണ്ടെടുത്ത് ചുറ്റിലും നോക്കി, ഏതാണ്ട് ഭൂരിപക്ഷം മനുഷ്യരുടെയും മുഖത്ത് ഏതോ അന്യഗ്രഹ ജീവിയെ കണ്ട ഭാവമാണ് അയാൾ വായിച്ചെടുത്തത്. അത് കണ്ട്, ഒരു പക്ഷേ വല്ല സദാചാര പോലീസും ആകുമെന്ന് കരുതി അയാൾ നിർവികാരനായി ഇരുന്നു.

 

വെള്ള ഖാദറിട്ട കൂട്ടത്തിൽ പ്രധാനിയെന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ വൃത്തിഹീനമായ വരാന്ത കയറി അയാളോട് ചോദിച്ചു...

 

                            മൂപ്പർ ആരാണ്... എപ്പോൾ ആണ് ഇവിടെ കയറി വന്നത്... ???

ആഗതന്റെ  മുഖത്തെ ഭാവത്തിന് ഒരു സഹാനുഭുതിയുടെ നിഴലാട്ടം കണ്ടതോ എന്തോ, അയാൾ പറഞ്ഞു..

 

                          ഇന്നലെ രാത്രി... ഏതാണ്ട് എട്ടുമണിയോട് അടുത്ത് ആയിക്കാണും.. ഇവിടെ ആ കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു... എങ്കിലും.. കുടിയ്ക്കാൻ കഞ്ഞിയും കിടക്കാൻ ഒരു പായും തന്നു... അൽപ്പം നിർത്തിയിട്ട് അയാൾ പറഞ്ഞു.. യാത്ര തുടങ്ങിയിട്ട് ശ്ശി ആയേ... വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു.. അതിനാൽ നന്നായി ഉറങ്ങി പ്പോയി.. അതാ.. ഇനി അമാന്തിക്കുന്നില്ല ഉടനെ പോയേക്കാം..

 

ആഗതൻ ആശ്ചര്യത്തോട് പുരികം വളച്ചു, ഒപ്പം മൂക്കിൽ വിരൽ വച്ച പുരുഷാരവും.. അവരുടെ ആകെ ചോദ്യം പോലെ തുടർന്നു..

 

                       മൂപ്പർ ഏത് കുട്ടിയുടെ കാര്യമാണ് പറയുന്നത്... ഇവിടെ അങ്ങനെ ആരും ഇല്ല... അഥവാ അങ്ങനെ ആരെങ്കിലും ഇവിടെ വന്ന് നിൽക്കാറുമില്ല.. അതും ഇരുട്ട് വീണ് കഴിഞ്ഞാൽ...

 

                     അങ്ങേയ്ക്ക് അറിയാമോ പരമ്പരയായി ദുർമരണങ്ങൾ നടക്കുന്ന സ്ഥലമാണ്... പകൽപോലും ഈ തൊടിയിൽ ആരും ഒറ്റയ്ക്ക് വരാറില്ല, അങ്ങയെപ്പോലെ ഒന്നും അറിയാതെ എത്തുന്ന വഴിപോക്കർ അല്ലാതെ.. അസമയത്ത് എത്തിപെട്ടവർ തിരികെ പോയ ചരിത്രവും ഇല്ല...

 

അയാൾ ചുറ്റും നോക്കി... അത് ശരിവയ്ക്കുന്നത് പോലെ അയാളെ തുറിച്ചു നോക്കുകയാണ് ആ ജനക്കൂട്ടം... അപ്പോൾ അയാളുടെ മനസ്സിൽ വന്ന ചിന്ത.... പ്രേതങ്ങൾക്കും പിശാശുക്കൾക്കും പോലും തന്നെ വേണ്ടതായിരിക്കുന്നു... പിന്നല്ലേ മജ്ജയും മാംസവുമുള്ള മനുഷ്യർക്ക്... അപ്പോഴും രാത്രിയിൽ കഴിച്ച ആഹാരത്തിന്റെ രുചി നാവിൽ നിന്ന് പോയിരുന്നില്ല