Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ചോലനായ്ക്കർ - 4

രാത്രിയിൽ, കോളേജ് ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് മാരൻ ആകാശത്തേക്ക് നോക്കി. ദൂരെ നിലമ്പൂർ കാടുകളുടെ കറുത്ത നിഴൽരൂപം അവൻ മനസ്സിൽ കണ്ടു.

നിലാവെളിച്ചത്തിൽ മാരന്റെ ഉടൽ ഒരു കരിവീട്ടിത്തടി പോലെ തിളങ്ങി. അവന്റെ ഓരോ ശ്വാസത്തിലും ഇപ്പോഴും ആ നനഞ്ഞ കാടിന്റെ ഗന്ധമുണ്ടായിരുന്നു- നഗരത്തിന് ഒരിക്കലും കീഴടക്കാൻ കഴിയാത്ത ഒരു വന്യമായ ഗന്ധം.

മാരന്റെ കോളേജ് ജീവിതം ഒരു ഒഴുക്കിനെതിരെ നീന്തുന്നത് പോലെയായിരുന്നു. 

ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങൾ അവന് പാറക്കല്ലുകൾ പോലെ തോന്നി. 

നഗരത്തിലെ തിരക്കേറിയ ശബ്ദങ്ങൾ അവന്റെ കാടിന്റെ നിശബ്ദതയെ നിരന്തരം മുറിവേൽപ്പിച്ചു. 

ബ്ലാക്ക്ബോർഡിൽ അധ്യാപകർ എഴുതുന്ന അക്ഷരങ്ങൾ അവന് കാട്ടുചോലകളിലിൽ മഞ്ഞചേരകൾ കേട്ടു പിണഞ്ഞു കിടക്കുമ്പോലെ തോന്നി.

എങ്കിലും, ഓരോ ദിവസവും അവൻ പുതിയ കാര്യങ്ങൾ പഠിച്ചു. അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ പഠിച്ചു. അറിവ് കാടിന്റെ മാത്രം സ്വത്തല്ലെന്ന് അവൻ പതിയെ തിരിച്ചറിഞ്ഞു. മൂപ്പൻ പറഞ്ഞതുപോലെ, കാടിന്റെ ഓരോ ഇലയും ഓരോ അധ്യായമാണെങ്കിൽ, നഗരത്തിലെ ഓരോ പുസ്തകവും ഓരോ വന്മരമാണെന്ന് അവൻ വിശ്വസിക്കാൻ തുടങ്ങി.

സന്ദീപിന്റെയും കൂട്ടുകാരുടെയും കളിയാക്കലുകൾ കുറഞ്ഞില്ല. പക്ഷേ മാരൻ അവരെ അവഗണിക്കാൻ പഠിച്ചു. കാടിന്റെ മൗനം അവനെ പഠിപ്പിച്ചത് അനാവശ്യമായ ശബ്ദങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ല എന്നായിരുന്നു. അവന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഗോത്രത്തിന്റെ കഥകൾ അക്ഷരങ്ങളിലൂടെ ലോകത്തെ അറിയിക്കുക.

ചുറ്റും ഉള്ളവരുടെ പരിഹാസങ്ങൾക്കിടയിൽ, ആതിരയുടെ ഊഷ്മളതക്കിടയിൽ, ഉയരുന്ന അസ്വസ്ഥതകൾക്കിടയിൽ, മാരന്റെ കണ്ണുകൾ മറ്റൊരു കോണിലേക്ക് നീണ്ടു തുടങ്ങിയിരുന്നു.. 

അവന് ശേഷം അവിടെ എത്തിയ ഒരു പുതിയ അഡ്മിഷൻ. യാതൊരു ആർഭാടങ്ങളുമില്ലാതെ, ഒരു പഴയ ചുരിദാർ ധരിച്ച്, സദാ സമയം പുസ്തകത്തിലേക്ക് തലതാഴ്ത്തിയിരിക്കുന്ന ഒരു ചെമ്പൻ നിറമുള്ള പെൺകുട്ടി.. ആതിരയുടെ തിളക്കമുള്ള ലോകത്തേക്കാൾ, തന്റെ കാട്ടിലെ നിശബ്ദമായ അരുവികൾ പോലെ ആ പെൺകുട്ടി അവന് അനുഭവപ്പെട്ടു.

ആതിരയുടെ സ്നേഹത്തിനും സന്ദീപിന്റെയും പരിഹാസച്ചിരികൾക്കിടയിലും മാരന്റെ ഉള്ളിലെ വന്യമായ നിശബ്ദത ആ പെൺകുട്ടിയിൽ കാരണമില്ലാതെ ഉടക്കിനിന്നിരുന്നു.

അവളുടെ ലളിതമായ വേഷവും, കാറ്റിൽ പാറി വീഴുന്ന മുടിയിഴകളും, ആ മുഖത്തെ ശാന്തതയും അവന് പരിചിതമായി തോന്നി. കാട്ടിലെ പുഴയോരത്ത് തണൽ വിരിച്ചു നിൽക്കുന്ന നീർമരുത് പോലെ അവൾ ഒരു തണുപ്പായി അവന് ചുറ്റും പടർന്നു.

"അവളാണോ നിന്റെ ടൈപ്പ്?" സന്ദീപ് ഒരിക്കൽ മാരനെ തോണ്ടി ചോദിച്ചു. "അവൾ ഈ കോളേജിലെ ഒരു പാവമാണ്. നിന്നെപ്പോലെ തന്നെ... അധികം മിണ്ടില്ല."

മാരൻ ഒന്നും പറഞ്ഞില്ല. പെട്ടെന്ന് അവളിൽ നിന്ന് നോട്ടം മാറ്റി താഴേക്ക് നോക്കി ഇരുന്നു.

..

ദിവസങ്ങൾ കടന്നുപോയി. മാരൻ നഗരത്തിന്റെ താളത്തിന് അനുസരിച്ച് ജീവിക്കാൻ ശ്രമിച്ചു. അവന്റെ മുടി നീളം കുറച്ച് വെട്ടി. താടി വെട്ടി ഒതുക്കി. നഗരത്തിലെ വസ്ത്രങ്ങൾ അവൻ അണിയാൻ തുടങ്ങി. 

അവന്റെ ശരീരത്തിൽ നിന്ന് ഈഞ്ചപ്പട്ടയുടെ മണം മാറിയെന്ന് അവൻ ഭയന്നു. പക്ഷേ, അവന്റെ ഉള്ളിലെ കാട് ഇപ്പോഴും അവിടെത്തന്നെയുണ്ടായിരുന്നു. അത് അവന്റെ ഓരോ ശ്വാസത്തിലും മിടിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം, കോളേജ് മാഗസിൻ പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ, ആതിര മാരനോട് ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടു. അവന്റെ ഗോത്രത്തെക്കുറിച്ചും കാടിനെക്കുറിച്ചും. മാരൻ സമ്മതിച്ചു. അവന്റെ പേനയിൽ നിന്ന് കാടിന്റെ മണമുള്ള വാക്കുകൾ കടലാസിലേക്ക് ഒഴുകി.

അത് കോളേജിലെ ആർട്സ് ഫെസ്റ്റിൻ്റെ സമയമായിരുന്നു. എല്ലാ ഡിപ്പാർട്ട്‌മെന്റുകളും ഓരോ കലാപരിപാടികൾ അവതരിപ്പിക്കണം. 

സന്ദീപും കൂട്ടുകാരും ഒരു പാശ്ചാത്യ സംഗീത ബാൻഡ് ഒരുക്കിയിരുന്നു. ആതിരയും മാരനും ഉൾപ്പെട്ട ലിറ്ററേച്ചർ ക്ലബ്ബിന് എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.

"നമ്മൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം," ആതിര പറഞ്ഞു. "ഒരു നൃത്തം? ഒരു നാടകം?"

മാരൻ നിശബ്ദനായി ഇരുന്നു. അവന്റെ മനസ്സിൽ കാടിന്റെ താളം പെട്ടെന്ന് ഇരമ്പിത്തുടങ്ങി.. പക്ഷികളുടെ ചിലയ്ക്കൽ, കാറ്റിന്റെ മൂളൽ. അങ്ങനെ എല്ലാം.. അവൻ ഒരു നിമിഷം ലിറ്ററേച്ചർ ക്ലബിൽ ഒപ്പം ഉള്ള ആ മിണ്ടാപ്പെണ്ണിലേക്ക് കണ്ണ് നീണ്ടു. ഇടക്ക് ഇടക്ക് നോട്ടങ്ങൾ അവളിലേക്ക് അറിയാതെ നീളുന്നത് അവനിൽ അസ്വസ്ഥത പരത്തി.

അവൻ ചിന്തകളെ മാറ്റി നിർത്തി പറഞ്ഞു.

"നമുക്ക് കാടിന്റെ ശബ്ദം കേൾപ്പിക്കാം," 

എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.

"എന്ത് ശബ്ദം മാരൻ?" ഒരു കൂട്ടുകാരൻ ചോദിച്ചു. "നമ്മൾ മൈക്കിൽ ചീവീടുകളുടെ കരച്ചിൽ കേൾപ്പിക്കണോ?"

മാരൻ ചിരിച്ചു. "അല്ല. കാടിന് അതിന്റേതായ സംഗീതമുണ്ട്. അത് ഉപകരണങ്ങളില്ലാതെയാണ്."

ആതിരയ്ക്ക് അവന്റെ ആശയം ഇഷ്ടപ്പെട്ടു. "മാരൻ, നിനക്ക് ഇത് ചെയ്യാൻ കഴിയുമോ?"
മാരൻ തലയാട്ടി.

അടുത്ത കുറച്ച് ദിവസങ്ങൾ, മാരൻ എല്ലാവരുമായും തന്റെ ആശയം പങ്കുവെച്ചു. അവൻ കാട്ടിൽ നിന്ന് ശേഖരിച്ച ഉണങ്ങിയ ഇലകൾ, കല്ലുകൾ, മരത്തൊലികൾ എന്നിവ കൊണ്ടുവന്നു. 

അവന്റെ കൂട്ടുകാർക്ക് ഓരോ ശബ്ദങ്ങളും എങ്ങനെ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു കൊടുത്തു. ഇലകൾ ഉരസുമ്പോൾ കാറ്റിന്റെ ശബ്ദം, കല്ലുകൾ കൂട്ടിയടിക്കുമ്പോൾ പുഴയുടെ ഒഴുക്ക്, മരത്തൊലികളിൽ തട്ടുമ്പോൾ മഴയുടെ താളം.
പരിപാടിയുടെ ദിവസം എത്തി. 

സന്ദീപിന്റെ ബാൻഡ് ആവേശഭരിതമായ സംഗീതവുമായി സ്റ്റേജ് കീഴടക്കിയിരുന്നു. അടുത്ത ഊഴം മാരന്റെയും സംഘത്തിന്റെയും ആയിരുന്നു.
അവർ സ്റ്റേജിലേക്ക് കയറുമ്പോൾ സന്ദീപ് പരിഹസിച്ചു ചിരിച്ചു. "ഇവരിനി കാട്ടുവാസി പാട്ട് വല്ലോം പാടാൻ പോകുകയാണോ?"

അരങ്ങത്ത് ലൈറ്റുകൾ മങ്ങി. മാരൻ കണ്ണുകൾ അടച്ച് നിന്നു. അവന്റെ മനസ്സിൽ കരിമ്പുഴ ഒഴുകി. കാറ്റ് മരങ്ങളിലൂടെ കടന്നുപോയി.

പെട്ടെന്ന്, ഒരു നേർത്ത ശബ്ദം ഉയർന്നു. അത് ഇലകൾ ഉരസുന്നതായിരുന്നു. കാറ്റിന്റെ മൃദുലമായ മൂളൽ. പതിയെ, കല്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു. പുഴയുടെ ഒഴുക്ക്. പിന്നെ മഴത്തുള്ളികൾ ഇലകളിൽ വീഴുന്ന താളം. ചീവീടുകളുടെ നിർത്താതെയുള്ള മന്ത്രണം.

മാരൻ ഓരോരുത്തർക്കും നിർദ്ദേശങ്ങൾ നൽകി. ഓരോ ശബ്ദവും കാടിന്റെ ഓരോ ഭാഗമായിരുന്നു. 

ആതിര മാരന്റെ അടുത്ത് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ അത്ഭുതവും ആദരവും നിറഞ്ഞു.

പ്രേക്ഷകർ നിശബ്ദരായി. നഗരത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ, കാടിന്റെ ശാന്തമായ സംഗീതം അവരുടെ ഹൃദയങ്ങളിൽ പതിച്ചു. ചിലരുടെ കണ്ണുകൾ നിറഞ്ഞു. അവർക്ക് കാടിന്റെ കുളിരും, ഈർപ്പവും, മണവും അനുഭവപ്പെട്ടു.

മാരൻ അവസാനമായി കണ്ണുതുറന്നു. അവൻ ഒരു മരംകൊത്തി മരത്തിൽ കൊത്തുന്ന ശബ്ദം ഉണ്ടാക്കി. കാടിന്റെ ഹൃദയമിടിപ്പ് പോലെ.

അവസാനമായി, സ്റ്റേജ് ഇരുട്ടിലായി. ഒരു നിമിഷം നീണ്ട നിശബ്ദത. പിന്നെ ഹർഷാരവം മുഴങ്ങി. ആളുകൾ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. ആ ശബ്ദം മാരന്റെ ഉള്ളിൽ കരിമ്പുഴയുടെ ഇരമ്പൽ പോലെ സന്തോഷം നിറച്ചു.

സന്ദീപ് സ്റ്റേജിന്റെ പിന്നിൽ നിന്ന് എല്ലാം കണ്ടു. അവന്റെ മുഖത്തെ പരിഹാസം മാഞ്ഞുപോയിരുന്നു. അവൻ മാരനെ നോക്കി. അവന്റെ കണ്ണുകളിൽ ആദ്യമായി ഒരുതരം ബഹുമാനം തെളിഞ്ഞു.

അവൻ തന്റെ ലോകം ഈ നഗരത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. അക്ഷരങ്ങളിലൂടെ മാത്രമല്ല, ശബ്ദങ്ങളിലൂടെയും.

നഗരം അതിന്റെ വായുവിൽ അവന്റെ കാടിന്റെ ശ്വാസം അറിഞ്ഞ നിമിഷമായിരുന്നു അത്.

മാരന്റെ കോളേജ് ജീവിതം പതിയെ താളം പിടിച്ചു തുടങ്ങുകയായിരുന്നു. സന്ദീപിന്റെയും സംഘത്തിന്റെയും ശല്യങ്ങൾ കുറഞ്ഞെങ്കിലും, നഗരത്തിന്റെ പളപളപ്പുകൾക്കിടയിൽ മാരൻ ഇപ്പോഴും ഒരു അപരിചിതനെപ്പോലെയാണ് നടന്നിരുന്നത്. ആതിര ഒരു നല്ല സുഹൃത്തായിരുന്നെങ്കിലും, മാരന്റെ ഉള്ളിലെ നിശബ്ദതയെ തൊട്ടറിയാൻ അവൾക്കും കഴിഞ്ഞിരുന്നില്ല.

അപ്പോഴാണ് ലൈബ്രറിയിലെ ആ പഴയ മരമേശയ്ക്ക് അപ്പുറം ഇരുന്നുകൊണ്ട് അവൾ അവനെ നോക്കിയത്. ശ്രീഷ്ണ.
അവൾ ഈ നഗരത്തിന്റെ ഭാഗമല്ലെന്ന് കണ്ടാലേ അറിയാം. വയനാട്ടിലെ തണുപ്പുള്ള കുന്നുകളിൽ നിന്നും, കാപ്പിത്തോട്ടങ്ങൾക്കിടയിൽ നിന്നും വന്നവളാണ് താൻ ശ്രദ്ധിച്ചിരുന്ന ആ പെൺകുട്ടി എന്ന് പിന്നീട് എപ്പോഴോ മാരൻ അറിഞ്ഞിരുന്നു.  

ലൈബ്രറിയിൽ ഇരിക്കുമ്പോൾ മാരൻ തന്റെ നോട്ട്ബുക്കിൽ ചോലനായ്ക്കരുടെ ഗുഹകളുടെ (അളകളുടെ) ചിത്രം വരയ്ക്കുകയായിരുന്നു. കരിമ്പുഴയുടെ തീരത്തെ ആ വന്യസൗന്ദര്യം കടലാസിൽ പടരുന്നത് അവൾ കുറച്ച് മാറി നോക്കി നിന്നിരുന്നു.

"ഇത് അളയാണല്ലേ?" ഒരു നേർത്ത സ്വരം മാരന്റെ കാതിൽ പതിച്ചു.
മാരൻ ഞെട്ടി തലയുയർത്തി. മുന്നിൽ ശ്രീഷ്ണ. അവളുടെ കണ്ണുകളിൽ നഗരത്തിന്റെ തിളക്കമില്ലായിരുന്നു, പകരം മഞ്ഞിന്റെ നൈർമ്മല്യമായിരുന്നു.

"നിനക്ക്... നിനക്ക് എങ്ങനെ അറിയാം?" മാരൻ അമ്പരന്നു. നഗരത്തിൽ ആരും ഇതുവരെ ഈ വാക്ക് ഉപയോഗിച്ചു കണ്ടിട്ടില്ല.

"ഞാൻ വയനാട്ടിലെ പണിയ വിഭാഗക്കാരെക്കുറിച്ച് പഠിക്കുന്നുണ്ട്," അവൾ പുഞ്ചിരിച്ചു. "നിങ്ങളുടെ ഗോത്രങ്ങൾ തമ്മിൽ അകലമുണ്ടെങ്കിലും, ഉള്ളിലെ കാടിന് ഒരേ മണമാണ്."

ശ്രീഷ്ണയുടെ ആ വാക്കുകൾ മാരന്റെ ഉള്ളിൽ ഒരു മരത്തലപ്പിൽ കാറ്റടിക്കുന്നത് പോലെ ഒരു സുഖം നൽകി. മാരൻ അന്ന് ആദ്യമായി ഒരാളോട് തന്റെ ലോകത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിച്ചു.

"എല്ലാവരും ചോദിക്കുന്നത് ഞങ്ങൾ ഗുഹയിൽ എങ്ങനെ ജീവിക്കുന്നു എന്നാണ്," മാരൻ പറഞ്ഞു. "പക്ഷേ നീ ചോദിച്ചത് അതൊരു അളയാണോ എന്നാണ്."

"കാരണം എനിക്കും എന്റെ വീട്ടിലെ പഴയ തറവാടിനേക്കാൾ ഇഷ്ടം ആ കാട്ടുപാതകളാണ്," ശ്രീഷ്ണ അവന്റെ അടുത്തു വന്നിരുന്നു. 

അന്നുമുതൽ മാരന്റെ കോളേജ് ജീവിതത്തിന് ഒരു പുതിയ നിറം വന്നു. ആതിരയും സന്ദീപും പുറത്തെ വെളിച്ചത്തിൽ അവനെ പരിചയപ്പെടുത്തിയപ്പോൾ, ശ്രീഷ്ണ അവന്റെ നിശബ്ദതയുടെ ഭാഗമായി.

അവൾ ഒരു വൃത്തം സൃഷ്ടിച്ചില്ല. പകരം, മാരന്റെ ഏകാന്തതയിലേക്ക് ഒരു കാട്ടുചോല പോലെ അവൾ ഒഴുകിയെത്തി.