Read Kunthalatha - 12 by Appu Nedungadi in Malayalam Fiction stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കുന്ദലത-നോവൽ - 12

കുന്ദലത-നോവൽKunthalatha-Novelരചന-അപ്പു നെടുങാടിWritten by:Appu Nedungadi

ഭാഗം - 12-ദൂത്(Part -12-Message)

ഇനി നമ്മുടെ കഥ ഇതുവരെ പ്രസ്താവിക്കാത്തതായ ഒരു സ്ഥലത്തു വെച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

കലിംഗരാജ്യത്തിന്റെ വടക്കു പടിഞ്ഞാറു ദിക്കിൽ കുന്തളം എന്നൊരു രാജ്യമുണ്ട്. കുന്തളരാജാക്കന്മാർ പണ്ടു് സ്വതന്ത്രന്മാരായിരുന്നുവെങ്കിലും ഈ കഥയുടെ കാലത്തിന്നു് ഏകദേശം ഒരു നുറ്റാണ്ടു് മുമ്പെ, ശക്തനായ ഒരു കലിംഗരാജാവു് വിക്രമാദിത്യൻ എന്നു ലോകപ്രസിദ്ധനായ മാളവരാജാവിനോടു സഖ്യംചെയ്തു്, കുന്തളേശനോടു പടവെട്ടി ജയിച്ചു് കപ്പം വാങ്ങി തുടങ്ങിയിരുന്നു. കുന്തളരാജ്യത്തു് പ്രബലന്മാരായ രാജാക്കന്മാർ ആരും അതിന്നുശേഷം കുറേ കാലത്തേക്കു് ഉണ്ടാകായ്കയാൽ കുന്തളേശന്മാർ അനാദിയായിട്ടുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ വീണ്ടുകിട്ടുവാൻ ശ്രമിക്കാതെ, കലിംഗരാജാക്കന്മാരുടെ ശാസനയിൻകീഴിൽ ഒതുങ്ങി അവർക്കു കപ്പം കൊടുത്തുകൊണ്ടു് അവരുടെ മേക്കോയ്മയോടുകൂടിയാണു് തങ്ങളുടെ രാജ്യം ഭരിച്ചുവന്നിരുന്നതു്. ചിത്രരഥൻ എന്ന കലിംഗമഹാരാജാവിന്റെ ചെറുപ്പകാലത്തു് അന്നത്തെ കുന്തളേശൻ താൻ കപ്പം കൊടുക്കുകയില്ലെന്നും കലിംഗാധീശന്നു തന്നോടു കപ്പം വാങ്ങുവാൻ അവകാശമില്ലെന്നും മററും തർക്കിക്കുകയാൽ,യുദ്ധംചെയ്തു് കലിംഗാധീശൻ പണിപ്പെട്ടു് കുന്തളേശനെ ഒതുക്കി, രണ്ടാമതും കപ്പം വാങ്ങി.ആ അപജയം പ്രാപിച്ചു് കുന്തളേശൻ പുരുഷപ്രജകൾ കൂടാതെ മരിച്ചു. കൃതവീര്യൻ എന്ന അദ്ദേഹത്തിന്റെ പ്രബലനായ അനുജനു് രാജ്യം കിട്ടി. ഏകദേശം ഇരുപത്തഞ്ചു വയസ്സു പ്രായമായപ്പോഴാണ് പട്ടം കിട്ടിയതു്. അതിൽ പിന്നെ അദ്ദേഹം ഒരു പന്തീരാണ്ടു കാലം വളരെ ശുഷ്കാന്തിയോടും പ്രാപ്തിയോടുംകൂടി തന്റെ രാജ്യം ഭരിച്ചു.

കൃതവീര്യൻ വളരെ ഗംഭീരനും പരാക്രമിയും രാജ്യതന്ത്രങ്ങളിൽ നിപുണനും ആയിരുന്നു. അദ്ദേഹത്തിന്നു് ഈ കഥയുടെ കാലത്തു് പ്രായം നാല്പതു വയസ്സിന്നടുത്തിരുന്നുവെങ്കിലും ദേഹം സ്ഥൂലിപ്പാനുള്ള ഭാവം ലേശംപോലും ഉണ്ടായിരുന്നില്ല. ഒരു ഒത്ത ആളോളം മാത്രമേ എകരം ഉണ്ടായിരുന്നുള്ളു. എങ്കിലും ആദ്ദേഹത്തിന്റെ നടത്തം പാടുള്ളേടത്തോളം നിവർന്നു് തല പൊക്കിയും മാറിടം അൽപ്പം മുന്നോട്ടു തള്ളിയും ആകയാൽ, കാഴ്ചയ്ക്ക് ഉള്ളതിൽ അധികം വലിപ്പമുള്ളാളാണെന്നു തോന്നും. മുഖം ചെറുപ്പകാലങ്ങളിൽ അല്പം ശ്രംഗാരരസം ഉള്ളതായിരുന്നുവെങ്കിലും ഇപ്പോൾ ആയതു് കേവലം പോയി വീരരസപ്രധാനമായി തീർന്നിരിക്കുന്നു. ചിലപ്പോൾ രൗദ്രവും പകർന്നുകാണാം. വെളുത്തു് രക്തപ്രസാദമുള്ള ആ മുഖത്തെ അലങ്കരിക്കുന്നതായ ഏറ്റവും പ്രസരിപ്പും ചൈതന്യവുമുള്ള ലോചനയുഗളം അന്തരംഗത്തിന്റെ അടക്കമില്ലായ്മയേയും ഉന്നതഭാവത്തെയും വിളിച്ചു പറയുന്നുവൊ എന്നു തോന്നും.

കൃതവീര്യന്റെ സ്വഭാവം വർണിക്കുവാൻ എളുപ്പമല്ല. ആയതു് ചെറുപ്പത്തിലുണ്ടായിരുന്ന സചിവന്മാരുടെ ദുർബോധനയാലും പാർശ്വസേവികളുടെ മുഖസ്തുതിയാലും ചീത്തയാക്കപ്പെട്ടിരുന്നു എങ്കിലും മനസ്സിന്നു് ജാത്യാലുള്ള ആർജവംമാത്രം വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ബാല്യത്തിൽ അമിതമായി ലാളിച്ചുവളർത്തുകയാലും താൻ നിത്യത കാണുന്നവരിൽ അധികം ജനങ്ങളും അടിമകളെപ്പോലെ താഴ്മയായി നിൽക്കുന്നതു കണ്ടു പരിചയിക്കയാലും തന്റെ ഹിതത്തിന്നുവിപരീതമായി ആരെങ്കിലും പ്രവർത്തിച്ചതായിട്ടൊ അഭിപ്രായത്തിന്നു് മറുത്തു പറഞ്ഞതായിട്ടൊ ഓർമയില്ലായ്കയാലും രാജാക്കന്മാർക്കു് അസാധാരണയില്ലാത്ത ദുരഭിമാനം ദുശ്ശാസനം മുതലായ ദുർഗുണങ്ങൾ അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ മനസ്സിനെ ബാധിച്ചിരുന്നു. ഗർവവും പ്രൗഢിയും മൂർത്തീകരിച്ചിരിക്കുകയോ എന്നു തോന്നും. താഴ്മയോ, വിട്ടൊഴിച്ചിലോ ലേശംപോലും ഇല്ല. കോപവും സാമാന്യത്തിൽ അധികം ഉണ്ടു്. രാജധാനിയിൽ ഉള്ള സകല അമാത്യന്മാർക്കും ഭൃത്യന്മാർക്കും വളരെ പഴക്കമുള്ള മന്ത്രിമാർക്കുംകൂടി രാജാവിന്റെ പുരികക്കൊടി അൽപം ചുളിഞ്ഞു കണ്ടാൽ അകത്തു് ഒന്നു കാളാതിരിക്കയില്ല. എന്നാൽ , സാധാരണ എല്ലാ രാജാക്കന്മാർക്കും ഇല്ലാത്ത ചില വിശേ‍ഷഗുണങ്ങളും കൃതവീര്യന്നുണ്ടായിരുന്നു. രാജ്യപരിപാലനത്തിങ്കൽ അലസത ലേശംപോലും ഉണ്ടായിരുന്നില്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചുവല്ലോ. തന്റെ പ്രജകൾക്കു് പരിഷ്കാരം വർദ്ധിക്കണമെന്നും തന്റെ സൈന്യം ഭീമബലമുള്ളതായി തീരേണമെന്നും തന്റെ ഭണ്ഡാരം എപ്പോഴും നിറഞ്ഞിരിക്കേണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മോഹങ്ങൾ. ആയവ സാധിക്കേണ്ടതിന്നുള്ള വഴികളും പ്രകാരങ്ങളും താൻ വഴിപോലെ ഗ്രഹിച്ചിട്ടും ഉണ്ടായിരുന്നു. തന്റെ കീഴിലുള്ള സകല ഉദ്യോഗസ്ഥന്മാരുടെയും  നിത്യത ചെയ്യുന്ന പ്രവർത്തിയാൽ അദ്ദേഹത്തിന്റെ ദൃഷ്ടിയും പരിശോധനയും ഉണ്ടാവും. ഒരുവന്റെ പക്കൽ ആകൃത്യമായിട്ടോ, തെറ്റായിട്ടോ വല്ലതും കണ്ടാൽ അപ്പോൾ രാജാവിന്റെ ചൂരൽ അവന്റെ പുറത്തു വീണു. രാജാവു് വരുന്നു എന്നു കേട്ടാൽ കിടുകിടെ വിറയ്ക്കാത്തവർ വളരെ ജാഗ്രതയോടും വകതിരിവോടുകൂടി തങ്ങളുടെ പണി നടത്തുന്നവർ മാത്രമെയുണ്ടായിരുന്നുള്ളും. താൻ കാര്യത്തിന്നു നല്ല പ്രാപ്തിയുള്ളാളാകയാൽ ഒട്ടും മുഖം നോക്കാതെ പണിക്കുപോരാത്തവരെ താഴ്ത്തുകയും, പ്രാപ്തന്മാരെ തിരഞ്ഞെടുത്തു് വലിയ സ്ഥാനങ്ങളിൽ വയ്ക്കുകയുംചെയ്യും. അതുകൊണ്ടു് മര്യാദക്കാർക്കൊക്കെയും രാജാവിനെ സ്നേഹവും, മറ്റുള്ളവർക്കു് ഭയവും രാജ്യഭരണത്തിനുള്ള പ്രാപ്തിയെ സംബന്ധിച്ചേടത്തോളം എല്ലാവർക്കും ബഹുമാനവും ഉണ്ടായിരുന്നു.

ഒരു നാൾ കൃതവീരൻ തന്റെ വിഖ്യാതന്മാരായ ചില മന്ത്രിപ്രവീരന്മാരെ ആളയച്ചു വരുത്തി,താനും അവരുംകൂടി മന്ത്രശാലയിൽ എത്തിക്കൂടി, ഏറ്റവും മുഖ്യമായ ചില രാജ്യകാര്യങ്ങളെക്കൊണ്ടു ആലോചന തുടങ്ങി:

കൃതവീര്യൻ:പ്രിയ സചിവന്മാരെ! നാം വളരെക്കാലമായി ആലോചിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രവൃത്തിപ്പാൻ നല്ല തക്കം വന്നിരിക്കുന്നുവെന്നു് നമുക്കു തോന്നുകയാൽ നമ്മുടെ അഭിപ്രായങ്ങളെ വിവരമായി നിങ്ങളെ ഗ്രഹിപ്പിച്ചു് അധികം അറിവും, പഴമയും, ആലോചനശക്തിയും, നമ്മെക്കുറിച്ചു് കൂറും ഉള്ള നിങ്ങളുടെ അഭിപ്രായം എങ്ങനെയെന്നു് അറിവാനാകുന്നു നിങ്ങളെ എല്ലാവരെയും ഇന്നു് ആലോചനസഭയിലേക്കു വരുത്തിയതു്. ആ കാര്യങ്ങൾ പല സംഗതികളെക്കൊണ്ടും ഇത്ര നാളും, അതിവിശ്വാസയോഗ്യന്മാരും,ആപ്തന്മാരുമായ നിങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായി വെക്കേണ്ടിവന്നതിനാൽ സമചിത്തന്മാരായ നിങ്ങൾക്കു് അപ്രിയം തോന്നുകയില്ലെന്നു വിശ്വസിക്കുന്നു. നമ്മുടെ പൂർവന്മാർ സ്വതന്ത്രന്മാരായിരുന്നു എന്നും കലിംഗാധീശന്റെ അതിക്രമം ഹേതുവായിട്ടു് നമ്മുടെ കുലമഹിമ ഇങ്ങനെ മങ്ങിക്കിടക്കുന്നതാണെന്നും, പൂർവവൃത്താന്തം അറിവുള്ള നിങ്ങളോടു വിസ്തരിച്ചു പറവാൻ ആവശ്യമില്ലല്ലോ. പിന്നെ നമ്മുടെ ഓർമയിൽത്തന്നെ നമ്മുടെ ജ്യേഷ്ഠൻ ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ചെയ്ത ശ്രമം നിങ്ങളാൽ ചിലരുടെ ആലോചന പിഴയ്ക്കയാലും, നമ്മുടെ ബലം കുറകയാലും അത്യന്തം അപമാനമായി കലാശിച്ചതു് വിചാരിച്ചുനോക്കുമ്പോൾ നമ്മുടെ മനസ്സുരുകുന്നു.('നിങ്ങളാൽ ചിലരുടെ'എന്നു ‌പറഞ്ഞതോടുകൂടൂ സഭയിൽ‌ ഇരുന്നിരുന്ന രണ്ടു മന്ത്രിമാരുടെ മുഖത്തേക്കു് ഇടക്കണ്ണിട്ടോന്നു നോക്കി).

ഇപ്പോൾ കലിംഗരാജ്യത്തു് ചിത്രരഥരാജാവു വളരെ വൃദ്ധനായി. അദ്ദേഹം ഉള്ളതും ഇല്ലാത്തതും കണക്കൊന്നു തന്നെ.

പിന്നെ ഈയിടെ അഭിഷേകം കഴിഞ്ഞതു് പ്രതാപചന്ദ്രൻ എന്ന ബാലനാണു്.അയാൾ വസ്ത്രാഡംബരത്തോടുകൂടി രാജകുമാരൻ എന്ന പേരും പറഞ്ഞു് പല്ലക്കിൽ കൊണ്ടുനടപ്പാൻ നല്ല ഒരു പണ്ടമാണു്. കല്ല്യാണം,അഭിഷേകം മുതലായവ അടിയന്തരങ്ങൾ കഴിക്കുകയാൽ അവരുടെ ക്ഷീണിച്ചിരിക്കുന്ന ഭണ്ഡാരം ഇപ്പോൾ അധികം ക്ഷീണിച്ചിരിക്കുന്ന സമയമാണു്. പ്രാപ്തന്മാരായ സേനാനായകന്മാർ ആരും അവർക്കില്ല. സൈന്യങ്ങളും വളരെ അമാന്തരസ്ഥിതിയിലാണു്. എന്നാൽ, ഇതിനെല്ലാറ്റിനേക്കാളും നമുക്കു വലിയ ഒരു ഗുണം ഉള്ളതു്, കലിംഗാധീശന്റെ പ്രധാനമന്ത്രിയും സേനാധിപനും ആയിരുന്ന കപിലനാഥൻ എന്ന ആ മഹാശക്തൻ മരിച്ചു പോയതുതന്നെയാണു്. കഴിഞ്ഞ യുദ്ധത്തിൽ ജ്യേഷ്ഠനു വന്ന അപജയം മുഴുവനും അയാൾ ഒരാളുടെ സാമർത്ഥ്യംകൊണ്ടാണെന്നു സംശയമില്ല. അയാളോടു തോൽക്കുന്നതു് അത്ഭുതമല്ലതാനും, പുരുഷകുഞ്ജരൻ' എന്നു പറയുന്നതു് അയാളാണ്. എത്രയും ഉദാരൻ, അതിഗംഭീരൻ ഒരുകുറി അയാൾ ഇവിടെ വന്നിരുന്നു. നമ്മുടെ അസ്താനമണ്ഡപത്തിൽ സിംഹാസനത്തതിന്റെ മുൻഭാഗത്തുള്ള ആ വലിയ സ്തംഭത്തിന്റെ സമീപം ഒരു ഉന്നതമായ ആസനത്തിന്മേൽ ജ്യേഷ്ഠന്റെ മുമ്പാകെ ഇരുന്നു് രാജ്യകാര്യത്തെക്കുറിച്ചു് സംസാരിച്ചതു് നാം അന്നു ബാലനായിരുന്നുവെങ്കിലും നമ്മുക്കു് ഈയിടെ കഴിഞ്ഞതുപോലെ ഓർമ തോന്നുന്നു. ആയാൾ ഒരു സഭയിൽ ഉണ്ടായാൽ വക്താവ് അയാളും മറെറല്ലാവരും ശ്രോതാക്കളും അങ്ങനെ വരികയേയുളളു. അതിധീരൻ, അയാളും മരിച്ചുവല്ലോ.

ഇനി നമ്മുടെവിഭവങ്ങളാണ് ആലോചിക്കേണ്ടതു്. നമുക്കു് കലിംഗരാജാവിന് ഇപ്പോൾ ഉള്ളതിനേക്കാൾ ആന, തേർ, കുതിര കാലാൾ ഇവയോരോന്നും അധികമുണ്ടു്. സൈന്യാധിപന്മാരും അസാരന്മാരല്ല. നമ്മുടെ രാജ്യത്തിൽ പ്രജകൾ തമ്മിൽതന്നെയുണ്ടായിരുന്ന ഛിദ്രങ്ങളൊക്കെയും അടങ്ങി, ഇപ്പോൾ സമാധാനവും സുഭിക്ഷവും ഉള്ള കാലമാണു്.അന്യശത്രുക്കളുടെ ഉപദ്രവവും ഇപ്പോൾ ഭയപ്പെടുവാനെങ്ങുമില്ല. എന്തിനേറെ പറയുന്നു; ഇന്നു് കലിംഗാധീശനെ അദ്ദേഹത്തിന്റെ പുരയിൽവച്ചുതന്നെ തോല്പിക്കുവാൻ ദൈവം നമുക്കു് വളരെ പ്രതികൂലമല്ലെങ്കിൽ കുറച്ചുപോലും പ്രയാസമുണ്ടെന്നു് നമ്മുക്കു തോന്നുന്നില്ല. ഇങ്ങനെയാണു് നമ്മുടെ അഭിപ്രായങ്ങൾ. ഇനി നിങ്ങൾ വഴിപോലെ ആലോചിച്ചു് നമ്മുടെ നോക്കു് പോരായ്കയാൽ നാം കാണാതെ വല്ല തടസ്തവും ഉണ്ടെങ്കിൽഅതിനെ ആരാഞ്ഞു കണ്ടു പറഞ്ഞു തരേണം. ഇതാകുന്നൂ നമ്മുട ആവശ്യം.

രാജാവു് ഇങ്ങനെ പറഞ്ഞതിനെ വളരെ ശ്രദ്ധയോടുകൂടി കേട്ട മന്ത്രിമാർ കുറച്ചുനേരം ആലോചനയോടുകൂടി നിശ്ശബ്ദന്മാരായിരുന്നു. ക്രതവീര്യൻ‌ കാര്യത്തെക്കുറിച്ചുള്ള തന്റെ പ്രസംഗം കഴിഞ്ഞ ഉടനെ ആസനത്തിന്മേലേക്കു പിന്നോക്കം ചാരി, കാലിന്മേൽ  കാലേറ്റി ഒരു കൈകൊണ്ടു തന്റെ വലിയ മീശ പിടിച്ചു തിരിച്ചുംകൊണ്ടു് താനും ആലോചനയായിരുന്നു. മന്ത്രിമാർ തങ്ങളുടെ ആലോചന കഴിഞ്ഞു മുഖത്തോടു മുഖംഎല്ലാവരും നോക്കി, അവരിൽ അധികം പ്രായംചെന്ന ഒരാൾഎഴുനീറ്റു് ഇപ്രകാരം പറഞ്ഞു:

'എനിക്കു തോന്നിയതു് ഞാൻ ഉണർത്തിക്കാം. ഇവിടുന്നു് അരുളിച്ചെയ്തതൊക്കെയും യഥാർത്ഥമാണു്. ഇത്ര നല്ല തക്കം നമുക്കു് ഇനി ഒരിക്കൽ കിട്ടുവാൻ പ്രയാസം. പക്ഷേ, യാതൊരു കാരണവും കൂടാതെ‌ നാം അങ്ങോട്ടു് അതിക്രമിക്കുവാൻ പോകുന്നതു് അത്ര നല്ലതോ എന്നു സംശയിക്കുന്നു. ഇവിടത്തെ ഭാഗ്യംകൊണ്ടും യുദ്ധവൈദഗ്ദ്ധ്യം കൊണ്ടും ജയം കിട്ടുവാൻ നല്ല സംഗതിയുണ്ടു്. എന്നാൽ, ഞങ്ങളുടെ സാമർത്ഥ്യം പോരായ്കയാലൊ, പ്രജകളുടെ ഭാഗ്യംദോ‍ഷംകൊണ്ടോ നാം വിചാരിക്കുന്നതിനു വിപരീതമായിട്ടാണു് ഈ ആരംഭത്തിന്റെ അവസാനം എങ്കിൽ, നമ്മുടെ ശത്രുക്കൾക്കും മററു രാജാക്കന്മാർക്കും നാം ഒരു പരിഹാസപാത്രമായി ഭവിക്കുമെന്നുള്ളതിനു സംശയമുണ്ടോ?ഇങ്ങനെയൊര തടസ്സം മാത്രമേ എനിക്കു തോന്നുന്നുള്ളു.

രണ്ടാമൻ ഒരു മന്ത്രി: അതു ഞാൻ ഒരു തടസ്സമായിട്ടു വിചാരിക്കുന്നില്ല. തങ്ങളെകൊണ്ടു കഴിയുമ്പോൾ തങ്ങളുടെ സ്വതന്ത്ര്യം വീണ്ടുകൊള്ളുവാനായി ,ആംവണ്ണം യത്നിക്കുന്നതിനു് യാതൊരു ഭംഗികേടും ഇല്ല. നാം വൃഥാവിൽ അവരെ അങ്ങോട്ടു് അതിക്രമിക്കുവാൻ തുടങ്ങുകയല്ലല്ലോ. നമ്മുടെ പക്കൽനിന്നു് അപഹരിച്ചതിനെ തിരികെ കിട്ടുവാനല്ലെ നമ്മുടെ ശ്രമം? പക്ഷേ, കപിലനാഥൻ ഇല്ലല്ലൊ എന്നു വിചാരിച്ചു നാം അത്ര ധൈര്യപ്പെടേണ്ട. കപിലനാഥന്റെ അനുജനായ അഘോരനാഥനാണു് ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹത്തിന്നു് കപിലനാഥനെപ്പോലെതന്നെ ബുദ്ധികൗശലം ഇല്ലെങ്കിലും അതിസമർത്ഥനായ ഒരു യോദ്ധാവാണു്. ആ ഒരാൾക്ക് തുല്യനായിട്ടു് ഇവിടുന്നൊഴികെ നമ്മുടെ ഇടയിൽവേറെ ഒരു ആളുണ്ടന്നു് എനിക്കു തോന്നുന്നില്ല.

'ഇവിടുന്നൊഴികെ' എന്നു പറഞ്ഞപ്പോൾ രാജാവു് അല്പം ഒന്നു പുഞ്ചിരിച്ചുകൊണ്ടു.

മൂന്നാമൻ ഒരു മന്ത്രി: അഘോരനാഥൻ അതിനിപുണനായ ഒരുയോദ്ധാവുതന്നെ. അതുകൊണ്ടു് നാം അടങ്ങിയിരിക്കുവാൻ പാടുണ്ടോ? തിരിഞ്ഞുനോക്കിയാൽ നമ്മുടെ കൂട്ടത്തിലും അ അതുപോലെയുള്ളവർ അപൂർവം ചിലരുണ്ടാകില്ലെന്നില്ല. ഒരു സമയം ഇല്ലെന്നുവെച്ചാൽത്തന്നെ, മഗധേശനുമായി നാം സഖ്യത്തിലിരിക്കുന്ന അവസ്ഥയ്ക്ക്, ഇവിടത്തെ അഭിലാഷം അല്പം ഒന്നു് അങ്ങോട്ടു് അറിയിച്ചാൽ അദ്ദേഹം ഒരു യവനസൈന്യത്തെത്തന്നെ അയച്ചുതരുവാൻ മടിക്കുകയില്ല. യവനന്മാരായിട്ടു് ഇപ്പോഴത്തെ മഗധേശ്വരന്നും സഖ്യത്തിൽത്തന്നെയാണെന്നാണു് അറിയുന്നതു്.

കൃതവീര്യന്: അതു ഞാൻ അത്ര വിശ്വസിക്കുന്നില്ല. മഗധേശ്വരനും യവനന്മാരും തമ്മിൽ ആന്തരമായിട്ടു് അല്പം സ്പർദ്ധയുണ്ടന്നാണു് ചാരന്മാരോടന്വേഷിച്ചതിൽ അറിയുന്നതു്. അല്ല, താല്പര്യമായിട്ടാണെങ്കിൽത്തന്നെ, നാം അങ്ങോട്ടു് വലിയ ഉപകാരം യാതൊന്നും ചെയ്തിട്ടില്ലാത്തതിനാൽ ആ ദിക്കിൽ നിന്നു് അത്ര വലിയ ഒരു സഹായം കിട്ടുന്നതു് തീർച്ചയാക്കി കൂട്ടിക്കൂടാ. അപേക്ഷിപ്പാൻ അഭിമാനം നമ്മെ സമ്മതിക്കുന്നതും ഇല്ല.

രണ്ടാമൻ മന്ത്രി: അഘോരനാഥൻ ഉള്ളതുകൊണ്ടു് നാം അടങ്ങിയിരിക്കണമെന്നല്ല ഞാൻ ബോധിപ്പിച്ചതിന്റെ താല്പര്യം. നമുക്കു വിജയം അത്ര എളുപ്പത്തിൽ സമ്പാതിപ്പാൻ ആവുന്നതല്ലെന്നു മാത്രമാണു്.

മൂന്നാമൻ മന്ത്രി : ദുർബലന്മാരോടു് ഏററു്, പ്രയാസം കൂടാതെ ജയം കൊള്ളുന്നതിൽഎന്തൊരു മഹിമയാണുള്ളതു്? വൈരികൾ പ്രബലന്മാരായിരുന്നാൽ സംഗരം ഘോരമായി തീരുമെങ്കിലും വിജയം അതിനു തക്കവണ്ണം പുകൾ പൊങ്ങുകയും ചെയ്യും.യുദ്ധം ഘോരമാകുമെന്നുതന്നെയാണു കരുതേണ്ടതു്. അങ്ങനെയായാൽത്തന്നെ നമ്മുടെസേനകൾ ജയിപ്പാൻ മതിയായിട്ടുള്ളവരോ എന്ന ഏക സംഗതി മാത്രമേ തീർച്ചയാക്കേണ്ടതുള്ളു.

രാജാവു്: (അല്പം ബദ്ധപ്പെട്ടു്) ആ സംഗതിയെപ്പറ്റി രണ്ടു് അഭിപ്രായം ഉണ്ടാവാൻ പാടുണ്ടോ?

മൂന്നാമൻ മന്ത്രി: ഇല്ല. നമ്മുടെ സൈന്യത്തിന്നു് കലിംഗാരധീശന്റെ സൈന്യത്തെക്കാൾ പരാക്രമം കൂടുമെന്നുള്ള സംഗതി നിർവിവാദമാണു്. അതുകൊണ്ടനാം ഈ അവസരം കൈവിട്ടുപോവാനയയ്ക്കാതെ വേണ്ടുംവണ്ണം ഉദ്യോഗിച്ചാൽ നമ്മുടെപൊയ്പോയ സ്വാതന്ത്ര്യം വീണ്ടും കിട്ടുവാൻ സാധിക്കുമെന്നു വളരെ കാലമായി നമ്മെവെടിഞ്ഞിരിക്കുന്ന ജയലക്ഷ്മി ഇക്കുറി നമ്മെ കടാക്ഷിക്കാതിരിക്കയില്ലെന്നും ആകുന്നൂഎന്റെ മനോഗതം.

രാജാവു് ആ അഭിപ്രായം കേട്ടു് അല്പം ഒരു മന്ദസ്മിതത്തോടുകൂടി രണ്ടാമൻ മന്ത്രിയുടെ മുഖത്തേക്കു് ആയാളുടെ അഭിപ്രായം ഖണ്ഡിച്ചു പറയണമെന്നു് ആജ്ഞാപിക്കും പോലെ ഒന്നു നോക്കി.

രണ്ടാമൻ മന്ത്രി : ഇപ്പോൾ നാം കലിംഗരാജ്യത്തേക്കു് അതിക്രമിക്കുവാൻ പോകുന്നതു് അല്പം അവിവേകമാണെന്നും ആയതുകൊണ്ടു് ആ മാർഗം കേവലം നിരസിക്കേണ്ടതാണെന്നും ആകുന്നു. ഈ സഭയിൽ എനിക്കു് ഏററവും വണക്കത്തോടുകൂടി ബോധിപ്പിപ്പാനുള്ളതു്. ആദിയിൽ സുഗമമാണെന്നു തോന്നുന്ന കാര്യങ്ങൾ സാധിക്കുവാൻ ശ്രമിക്കുമ്പോൾ അസാദ്ധ്യമാണെന്നു പ്രതീക്ഷപ്പെടുന്നതു് അസാധാരണയല്ലല്ലോ. കലിംഗാധീശൻ നമ്മുടെ രാജ്യത്തേക്കു് അതിക്രമിക്കുന്നതായാൽ അപ്പോൾ നമ്മുടെ പരാക്രമം വഴിപോലെ കാണിക്കേണ്ടതും ആയതിന്നു് സംഗതിവന്നാൽ അദ്ദേഹം പരാജയംപ്രാപിക്കുമെന്നു് ഏതാണ്ടു് തീർച്ചയും ആകുന്നു. എന്നാൽ, നമുക്കു് ജീവഹാനിയും ദ്രവ്യനഷ്ടവും എത്രയോ കുറയും, എന്നുതന്നയല്ല നമ്മുടെ മനോരഥം സാധിക്കുകയും, ശത്രുക്കളുടെ ദർപ്പം ശമിക്കുകയും എല്ലാവർക്കും നമ്മുടെ പ്രവൃത്തി സമ്മതപ്പെടുകയും ചെയ്യും.

രാജാവു്: ശത്രുക്കൾ ഇങ്ങോട്ടു് അതിക്രമിപ്പാൻവിചാരിക്കുന്നില്ലെങ്കിലോ?

രണ്ടാമൻ മന്ത്രി: അതിനു് എളുപ്പത്തിൽ ഒരു ഉപായം ഉണ്ടു് നാം അവരുമായി ചെയ്ത ഉടമ്പടിയെ ലംഘിച്ചാൽ അവർ നമ്മോടു് അതിനെക്കുറിച്ചു് ആക്ഷേപിക്കാതിരിക്കയില്ല. ആ ആക്ഷേപത്തെ നാം അലക്ഷ്യമാക്കിയാൽ നമ്മോടു് യുദ്ധം കൂടാതെ കഴിപ്പാൻ അവർക്കു് നിവൃത്തിയില്ലാതായിത്തീരുകയും ചെയ്യും. അഥവാ,അവർ നമ്മുടെ പ്രാബല്യം ഓർത്തു് സ്വസ്ഥന്മാരായിരിക്കുവാൻ തീർച്ചയാക്കുന്നതായാൽ അവരുടെ ഛത്രാധിപത്യത്തെ നമുക്കു് പരസ്യമായി പരിത്യജിക്കാവുന്നതും, എന്നാൽ, നമ്മുടെ സ്വാതന്ത്ര്യം അനായാസേന തിരികെ കിട്ടുന്നതും ആണല്ലോ.

ഒന്നാമത്തെ മന്ത്രി: ഈ മാർഗം അംഗീകരിക്കുന്നതിനു് യാതൊരു തടസ്ഥവും കാണുന്നില്ല. എന്റെ അഭിപ്രായവും ഇതിനോടു യോജിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ഇങ്ങനെ സൗമ്യമായ ഒരു പ്രതിവിധി ഉണ്ടായിരിക്കെ, അധികം കർശനമുള്ളതും ഇത്രതന്നെ തീർച്ചയില്ലാത്തതുമായ ഒരു മാർഗത്തിൽ പ്രവേശിപ്പാൻ ഞാൻ ഇവിടുത്തെ ഉപദേശിക്കുകയില്ല.

രാജാവു്, സേവ പറവാൻ ശീലമില്ലാത്ത ഇദ്ദേഹത്തിന്റെ കളങ്കമില്ലാത്ത അഭിപ്രായം കേട്ടപ്പോൾ തന്റെ മനസ്സുറപ്പു് അല്പം ഒന്നയഞ്ഞു് ആന്തരമായി തനിക്കു് അധികം ബഹുമാനവും താല്പര്യവും ഉള്ള നാലാമത്തെ മന്ത്രിയുടെ മുഖത്തേക്കു് ഒന്നു നോക്കി.

നാലാമൻ മന്ത്രി: ഞാൻ ആലോചിച്ചിടത്തോളം കലിംഗരാജ്യത്തേക്കു് അതിക്രമിക്കുന്നതിന്നു പറയത്തക്ക തടസ്ഥങ്ങൾ യാതൊന്നു കാണുന്നില്ല. ഇപ്പോൾ സഭയിൽ വെച്ചു്പ്രസ്താവിച്ചു കേട്ട മാതിരി ചില ചില്ലറ തടസ്ഥങ്ങൾ എപ്പോഴും ഉണ്ടായിരിക്കൊണ്ടിരിക്കും. അതുകൂടി ഇല്ലാതകണമെന്നു വിചാരിച്ചു് നാം കാത്തിരിക്കുന്നതായാൽ എന്നേയ്ക്കും കാത്തിരിക്കുകയേ വേണ്ടു. എന്റെ പക്ഷം ഇപ്പോൾത്തന്നെ കാലതാമസം ഒട്ടും കൂടാതെ ഉത്സാഹിച്ചാൽ നമുക്കു നിശ്ചയമായും ജയം കിട്ടുമെന്നാണു. എനിക്കു് വേറെ ഒരു മോഹംകൂടിയുണ്ടു് . മുമ്പേത്തെ യുദ്ധത്തിൽ ഇവിടുത്തേക്കും , അമാത്യന്മാരായ ഞങ്ങൾക്കും വ്യസനത്തിന്നും അവമാനത്തിന്നും കാരണമായിത്തീർത്ത കലിംഗരാജാവിന്റെ ആ ക്രിയയ്ക്കു തക്കതായ ഒരു പ്രതിക്രിയ ചെയ് വാൻ നാം ഒരിക്കലും മറക്കരുതു്. ഇനി കാണിനേരം പോലും താമസിക്കുകയും അരുതു്. മന്ത്രഗോപനത്തിന്റെ വൈഭവം ക്രിയാസത്വരതകൊണ്ടല്ലാതെ ശോഭിക്കുകയില്ല.

കൃതവീരൻ ആ അഭിപ്രായവും കേട്ടപ്പോൾ ശിരഃകമ്പനംകൊണ്ടു തന്റെ അഭിപ്രായവും അതുതന്നെയാണെന്നു സൂചിപ്പിച്ചു. പിന്നെ മന്ത്രിമാർ പറഞ്ഞതൊക്കെയും ആലോചിച്ചു ചിലതുകൂടെ പറയുവാൻ തുടങ്ങുമ്പോഴേക്കു്, മന്ത്രശാലയുടെ പുരോഭാഗത്തു് കാവൽനിന്നിരുന്ന ആയുധപാണികളായ ഭടന്മാരിൽ ഒരുവൻ കടന്നുവന്നു സഭയുടെ മുമ്പാകെ കുമ്പിട്ടു.

കൃതവീരൻ 'എന്തു് 'എന്നുചോദിച്ചു.

ഭടൻ: കലിംഗമഹാരാജാവു് അയച്ച ഒരു ദൂതൻ വന്നിട്ടുണ്ടു്. അടിയന്തിരമായ ഒരു കാര്യത്തെപ്പറ്റി ഇവിടുത്തെ കണ്ടു സംസാരിക്കേണമെന്നും വന്ന വിവരം ഇ‍‍‍വിടെ ഉണർത്തിച്ചു്കാണ്മാൻ സമ്മതം വാങ്ങി വരേണമെന്നും ആവശ്യപ്പെടുന്നു.

കൃതവീരൻ, 'മറുപടി പറവാൻ വിളിക്കാം. പുറത്തു നില്ക്കൂ' എന്നു പറഞ്ഞു് അവനെ പുറത്തേക്കയച്ചു്, അതിനെക്കുറിച്ചു് മന്ത്രിമാരോടു് കുറെ നേരം ആലോചിച്ചശേ‍ഷം, ആ ഭടനെ തിരികെവിളിച്ചു് 'നാളെ രാവിലെ രണ്ടര നാഴിക പുലരുമ്പോഴേക്കു് നമ്മുടെ സഭയിൽ നാമും മന്ത്രിമാരും കൂടിയിരിക്കും, അപ്പോൾ നമ്മെ കാണാൻ സമയമാണെന്നു പറക' എന്നും മറുപടി പറഞ്ഞയച്ചു. കുറെ നേരംകൂടി രാജാവും മന്ത്രിമാരും തമ്മിൽ പിന്നെയും ആലോചന കഴിഞ്ഞശേഷം, സഭ പിരിയുകയും ചെയ്തു.

നിശ്ചയിച്ച പ്രകാരം പിറ്റേദിവസം ക്രത്യമായി രണ്ടര നാഴിക പുലർന്നപ്പോഴേക്കു് കുന്തളേശൻ കിരീടകണ്ഡലാദികളെക്കൊണ്ട് അലംകൃതനായി ആലവട്ടം, വെഞ്ചാമര മുതലായ രാജചിഹ്നങ്ങളോടും അധികം പരിവാരങ്ങളോടുംകൂടി തന്റെ പ്രതാപത്തെമുഴുവനും കാണിച്ചുകൊണ്ടു സഭയിൽ എത്തി;ഉന്നതമായ തന്റെ സിംഹാസനത്തിന്മേൽ വളരെ ഗാംഭീര്യത്തോടുകൂടി വന്നിരുന്ന രാജാവ് സഭയിലേക്കെത്തിയപ്പോഴേക്കു്, ഒന്നൊന്നായി എഴുന്നെറ്റുനിന്നിരുന്ന സഭക്കാരും, രാജാവു് ഇരുന്ന ഉടനെ ഇരുന്നു. സഭ നിശ്ശബ്ദമായി. സഭയുടെ മുൻഭാഗത്തു് രണ്ടു വരിയായി കുഞ്ചുകികൾ നില്ക്കുന്നവരുടെ നടുവിൽക്കൂടി ആ സമയത്തുതന്നെ കലിംഗരാജാവിന്റെ ദൂതനും വന്നെത്തി. എത്തിയ ഉടനെ വളരെ താഴ്മയോടുകൂടി കുന്തളേശനെയും സഭക്കാരെയും കുമ്പിട്ടു. കുന്തളേശൻ ചൂണ്ടികാണിച്ച ഒരു ആസനത്തിന്മേൽ ഇരിക്കുകയുംചെയ്തു.

ദൂതനു പ്രായം കുറയുമെങ്കിലും വളരെ വിനയവും ഔചിത്യവുമുള്ളവനായിരുന്നു. സഭയിലേക്കു കടന്ന ഉടനെതന്നെ അരക്ഷണം കൊണ്ടു് തല ചുറ്റും തിരിച്ചു് ഒന്നു നോക്കിയപ്പോഴേക്കു് രാജാവിനെയും പ്രധാനികളായ സഭക്കാരെയും അവരുടെ മുഖരസങ്ങളേയുംകൂടി തന്റെ വിമലമായ മതിദർപ്പണത്തിൽ പ്രതിഫലിപ്പു് കാണുമാറാക്കി. ഒരു പരിചയമുള്ള മുഖം എങ്ങുംതന്നെ കാണ്മാനില്ലാത്ത ആ രാജസഭയുടെ നടുവിൽ താൻ ഒരുവൻ, എല്ലാവരുടെയും നോക്കുകൾക്കു് ലാക്കായി നില്ക്കേണ്ടിവന്നുവെങ്കിലും ദൂതനു് ഒട്ടുംതന്നെ ഒരു ചാഞ്ചല്യമുണ്ടായില്ല. ആസനത്തിന്മേൽ ഇരുന്ന ഉടനെ താൻ വന്ന കാര്യം പറവാൻ സമ്മതമുണ്ടോ എന്നു ചോദിക്കും പ്രകാരം വളരെ വിനയത്തോടുകൂടി രാജാവിനു് അഭിമുഖനായി. കുന്തളേശൻ മന്ത്രിമാരുടെ മുഖത്തു് ഒന്നു നോക്കി വന്ന കാര്യം പറയാമെന്നു കല്പിച്ചു.

ദൂതൻ എഴുനീറ്റു രാജാവിനെയും സഭക്കാരേയും രണ്ടാമതും വന്ദിച്ചു്, ഇപ്രകാരം വ്യക്തമായി ഉച്ചത്തിൽ പറഞ്ഞു:സാർവഭൗമനെന്നു സ്ഥാനമുടയ, ഏകച്ഛത്രാധിപതിയായ ശ്രീ പ്രതാപചന്ദ്ര കലിംഗ മഹാരാജവവർകൾ അദ്ദേഹത്തിന്റെ ദൂതനായ എന്റെ മുഖേന കൃതവീര്യൻ എന്ന നാമധേയമായ കുന്തളരാജാവിനോടു് പറയുന്നതാവിതു്:കുന്തളേശൻ നമ്മുടെ ഛത്രത്തിൻകീഴിൽ വളരെ കാലമായി സമാധാനത്തോടുകൂടി നമുക്കു് കോഴ തന്നു കൊണ്ടു് രാജ്യം ഭരിച്ചുവന്നിരുന്നതും, പതിനെട്ടു സംവത്സരം മുമ്പേ നമ്മോടു് മത്സരിച്ചു ജയിപ്പാൻ കഴിയാതെ നമ്മുടെ ശാസനയിൻ കീഴിൽ ഒതുങ്ങിയതും, അന്നു് നിശ്ചയിച്ച പുതുതായ ഉടമ്പടിക്കനുസരിച്ചു് ഇതുവരെ കഴിഞ്ഞുപോന്നിട്ടുള്ളതും നല്ല നിശ്ചയമുണ്ടായിരിക്കെ, നമുക്കു് അഭിഷേകം കഴിഞ്ഞിട്ടു് ആറു മാസത്തോളമായിട്ടും നമ്മെ വന്നു കാണുകയാകട്ടെ, കിഴുക്കടപ്രകാരം നമുക്കു് ഉപചാരം ചെയ്യുകയാകട്ടെ. ചെയ്തിട്ടില്ലാത്തതിന്നും നമുക്കു് കാലംതോറും വീഴ്ചകൂടാതെ എത്തിച്ചുകൊള്ളാമെന്നു വെച്ചിട്ടുള്ളതും, അപ്രകാരം എത്തിച്ചുപോന്നിരുന്നതും, ആയ കോഴദ്രവ്യം ഇക്കുറി എത്തിക്കാത്തതിന്നും മതിയായ കാരണം വല്ലതും ഉണ്ടോ? ഇല്ലെന്നുവരികിൽ കുന്തളേശൻ ഇപ്രകാരം ചെയ്തതിനെക്കുറിച്ചു് നമ്മോടു് തക്കതായ സമാധാനം, താമസിയാതെ പറഞ്ഞിട്ടില്ലെങ്കിൽ കുന്തളരാജ്യം നമ്മുടെ സ്വന്തം രക്ഷയിൽ ആക്കുകയും, കുന്തളേശന്റെ രാജ്യഭരണം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരുമെന്നു് കൃതവീര്യൻ എന്ന നാമധേയമായ കുന്തളേശൻ അറിയേണ്ടതാണു്.'

ദൂതൻ ഇങ്ങനെ ഒട്ടും സഭാകമ്പം കൂടാതെ ഉച്ചത്തിൽ പറയുമ്പോൾ നിശ്ശബ്ദമായിരുന്ന ആ സഭ, സംസാരം അവസാനിച്ചപ്പോഴേക്കു്, സംസാരിച്ച കാര്യത്തേക്കുറിച്ചും, മറ്റും ജനങ്ങൾ അന്യോന്യം ക്ഷമകൂടാതെ ഓരോന്നു് ചെവിയിൽ മന്ത്രിക്കുവാൻ തുടങ്ങുകയാൽ അഗാധമായ വാഹിനികളുടെ അടിയിൽനിന്നു ചിലപ്പോൾ കേൾക്കാവുന്ന മാതിരി ഒരു എരമ്പംകൊണ്ടു മുഴങ്ങി.ദൂതിന്റെ താല്പര്യം മനസ്സിലായപ്പോൾത്തന്നെ ഭാവം പകർന്നിരുന്ന കൃതവീര്യൻ കർണകഠോരങ്ങളായ ആ ഒടുവിൽ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഏറ്റവും ക്രോധപരവശനായി കുറച്ചു നേരത്തേക്കു് എന്തു പറയേണ്ടു എന്നുണ്ടായില്ല പിന്നെ അരിശം സഹിയാതെ പാദപീഠത്തെ ചവിട്ടിമറിച്ചു്, വളെരെ ഘനമുള്ള സിംഹാസനം ശബ്ദത്തോടുകൂടി പിന്നോട്ടു നിരങ്ങത്തക്കവണ്ണം ഊക്കോടുകൂടി എഴുനീറ്റു് 'ഇനി വല്ലതും പറവാനുണ്ടോ?' എന്നു് ഇടിവെട്ടുമ്പോലെ അതിരൗദ്രതയോടുകൂടി ചോദിച്ചു. അപ്പോഴാണു് ആ സഭ രണ്ടാമതും നിശ്ശബ്ദമായതു്. കണ്ണുകൾ ഉരുട്ടി പുരികകൊടികൾ വളഞ്ഞു്, രൂദ്രമൂർത്തിയെപോലെ കൃത്യവീരൻ നില്ക്കുന്നതു കണ്ടപ്പോൾ സഭയിൽ ഉണ്ടായിരുന്നവരെല്ലാവരും, ധൈര്യശാലിയായ ദൂതൻ തന്നെയും ഒന്നു നടുങ്ങി. ദൂതൻ തന്റെ ഭീതിയെ ഒട്ടും പ്രകാശിപ്പിക്കാതെ 'ഇല്ല' എന്നു മാത്രം ശാന്തതയോടുകൂടി മറുപടി പറഞ്ഞു. കൃത്യവീരൻ: പുരാതനമായി നമ്മുടെ പൂർവന്മാർ ഭരിച്ചുവന്നിരുന്ന ഈ രാജ്യം കലിംഗാധീശന്നു് കൈവിട്ടു കൊടുക്കയോ, നിന്റെ സ്വാമിയെ ചെന്നു കാണാത്തിതിന്റെ പരിഭവം തീർക്കയോ ചെയ്യേണ്ടതു് എന്നു് ആലോചിച്ചു് നിന്റെ സ്വാമിയെ വഴിയെ അറിയിക്കാമെന്നു പറക. ദൂതൻ: ഇവിടുത്തെ തീർച്ചയായ മറുപടി അറിഞ്ഞല്ലാതെ മടങ്ങി ചെല്ലരുതെന്നാണു് എന്റെ സ്വാമിയുടെ കല്പന. പക്ഷേ, ആലോചന കഴിയുംവരെ ഞാൻ ഇദ്ദിക്കിൽത്തന്നെ താമസിക്കാം. കൃത്യവീരൻ: എന്നാൽ ഈ പറഞ്ഞതു് രണ്ടും ഉണ്ടാവില്ലെന്നു് നിന്റെ സ്വാമിയോടറിയിക്കുക. ദൂതൻ: വളെരെ കാലത്തോളം സമാധാനമായി കഴിഞ്ഞുവന്നിരുന്ന ഈ രാജ്യങ്ങൾ തമ്മിൽ കലഹങ്ങൾ തുടങ്ങുവാനും വളെരെ വീരന്മാർ നശിക്കുവാനും കാരണമാകുന്ന ഈ മറുപടി കൊണ്ടുപോകുവാൻ എനിക്കു സംഗതി വന്നതു വിചാരിച്ചു് വളെരെ വ്യസനമുണ്ടു്. മറുപടി ഭേദപ്പെടുത്തുവാൻ ഭാവമില്ലാത്തപക്ഷം ഇതു തന്നെ കൊണ്ടുപോകയല്ലാതെ നിവൃത്തിയില്ലല്ലാ ദൂതൻ ഒടുവിൽ പറഞ്ഞതു കേട്ടു് എന്ന ഭാവംതന്നെ കുന്തളേശൻ ഭാവിച്ചില്ല. പറഞ്ഞതു് ഇളക്കുകയില്ലെന്നു മനസ്സിലാവുകയാൽ ദൂതൻ, യാത്ര പറയുന്നമാതിരിയിൽ രാജാവിനേയും സഭാവാസികളെയും ഒന്നു നോക്കി കുമ്പിട്ടു്, രാജസഭയിൽനിന്നു് ഇറങ്ങി, അപ്പോൾതന്നെ കുതിരപ്പുറത്തു കയറി മടങ്ങിപോവുകയും ചെയ്തു.

(തുടരും)