What I left to say .. books and stories free download online pdf in Malayalam

പറയാൻ ബാക്കിവച്ചത്...

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ടാണ് ഉണർന്നത്. സമയം ഏകദേശം ഒൻപതു മണി കഴിഞ്ഞിരുന്നു. പക്ഷെ ഞായറാഴ്ചദിവസം അതെനിക്ക് ഒട്ടും വൈകിയ പ്രഭാതമല്ല.
വലിയ ഓഫീസ് ഹാളിലെ ഇടുങ്ങിയ എന്റെയാ ക്യാബിനകത്ത്, ടേബിളിനു മുകളിലായി ഒരു കമ്പ്യൂട്ടർ മോണിറ്ററുണ്ട്, ആറുദിവസം അതിനുള്ളിൽ കഴിച്ചുകൂട്ടുന്ന ക്ഷീണം തീർത്ത്‌ വിശ്രമിക്കാൻ ദൈവത്തെപ്പോലെ എനിക്കും ഈ ഒരു ഏഴാം ദിവസം മാത്രമേയുള്ളൂ.
പാതിനഷ്ടമായ ഉറക്കത്തോടെ ഞാൻ മൊബൈലിനായി ടേബിളിനു മുകളിൽ പരതി. സ്‌ക്രീനിൽ കണ്ടത് പേരില്ലാത്ത കുറെ അക്കങ്ങൾ മാത്രമായിരുന്നു. ശബ്ദം കുറച്ചു ഫോൺ കട്ടിലിലേക്കിട്ടു. നിത്യവും വീട്ടിൽനിന്നും വിളിക്കുന്ന അമ്മയും വല്ലപ്പോഴും എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്ന ഓഫിസിലെ കൊളീഗ്സൊ അല്ലാതെ ഒരു അർജന്റ് കാളും എന്നെ തേടി വരാനില്ല. പക്ഷെ മറുതലയ്ക്കുള്ളയാൾ വിടാൻ ഉദ്ദേശമില്ല, ഫോണ് പിന്നെയും നിലവിളിച്ചുകൊണ്ട് വിറയ്ക്കാൻ തുടങ്ങി. ഉറക്കം ഏതാണ്ട് പൂർണമായും യാത്ര പറഞ്ഞു പോയിരിക്കുന്നു. ആ ദേഷ്യത്തോടെയാണ് കാൾ അറ്റൻഡ് ചെയ്തത്. അവിടെനിന്നും ഒരു ഹലോ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
"ഹലോ, ആരാണ്? "
"ആനന്ദ് അല്ലേ, ഞാൻ മാത്യുവാണ് "
പെട്ടെന്ന് എന്തോ നിലച്ചപോലെ, ഞാൻ വാക്കുകൾക്ക് പരതി.
"ഓർമയില്ലേ പഴയ MCE കോളേജിലെ...മാത്യു വർഗീസ് "
അവനെക്കൊണ്ട് അത്രയും പറയിക്കേണ്ടി വന്നതിൽ എനിക്ക് കുറ്റബോധം തോന്നി.
ക്യാമ്പസിലെ ആദ്യദിവസമാണ് അവനെ കണ്ടുമുട്ടുന്നത്, ആ കണ്ടുമുട്ടൽ പിന്നീടുള്ള വലിയൊരു സൗഹൃദത്തിന്റെ തുടക്കമാണെന്ന് അന്നേ ഞങ്ങൾക്ക് അറിയാമായിരുന്നു. കോളേജ് ജീവിതം കഴിഞ്ഞിട്ടും റെഗുലറായി കോൺടാക്ട് വെക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. പക്ഷെ ഏകദേശം ആറുവർഷം മുൻപ് ഇതുപോലൊരു ഞായറാഴ്ച ദിവസം, ഇതോടെ എല്ലാമവസാനിച്ചു, ഗുഡ്ബൈ എന്ന് പറഞ്ഞു ഫോൺ വച്ച ശേഷം അവന്റെ ശബ്ദം കേൾക്കുന്നത് ഇതാ ഇപ്പോൾ.
"പറയടാ എന്തൊക്കെയുണ്ട് "
"എനിക്ക് നിന്നെയൊന്നു കാണണം, ചിലത് സംസാരിക്കാനുണ്ട്"
"നീ എവിടെ"
"ഞാനിപ്പോൾ കൊച്ചിയിലുണ്ട്, വൈകീട്ട് 3 മണിക്ക് നീ സുഭാഷ് പാർക്കിലോട്ട് വാ, മെയിൻ ഗേറ്റിന്റെ അവിടെ ഞാൻ ഉണ്ടാവും"
"ഓക്കേ ഞാൻ വരാം, പിന്നെ നീ ഇപ്പൊ..."
ഫോൺ കട്ട്‌ ചെയ്ത് കഴിഞ്ഞിരുന്നു.
നിനക്ക് സുഖമാണോ, ജോലിയൊക്കെ എങ്ങനെ പോകുന്നു, താമസം എവിടെയാണ്.. ഈവക ക്ലിഷെ ചോദ്യങ്ങളൊന്നും അവനില്നിന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിരിച്ചു ചിലത് ചോദിക്കണം എന്നുണ്ടായിരുന്നു.
എനിക്ക് നിന്നെയൊന്നു കാണണം, ചിലത് സംസാരിക്കാനുണ്ട്, എന്തായിരിക്കും അവനെന്നോട് ഇപ്പോൾ പറയാനുണ്ടാവുക.
ഇനിയത് അവളെപ്പറ്റി ആയിരിക്കുമോ...
ഇല്ല, അതൊരു എഴുതിപൂർത്തിയാക്കിയ അധ്യായമാണ് അതിലേക്കിനി വരികൾ കൂട്ടിച്ചേർക്കാൻ എനിക്കോ അവനോ കഴിയില്ല.
പിന്നെ എന്തായിരിക്കും?
ഏതായാലും 3 മണിവരെ കാത്തിരുന്നാൽ മതിയല്ലോ. ഇത്രയും കാലത്തിനുശേഷം അവനെ കണ്ടുമുട്ടുന്ന ആ നിമിഷത്തെ എങ്ങനെയായിരിക്കും ഞാൻ നേരിടാൻ പോകുന്നത്. തയ്യാറെടുപ്പിന്റെ ആവശ്യമൊന്നും ഇല്ലെങ്കിലും പഴയ ക്യാമ്പസ് കോമ്പൗണ്ടിലൂടെ അവനോടൊപ്പം വീണ്ടും നടന്നു. പേനകൾകൊണ്ട് കോറിയിട്ട അടയാളങ്ങളിൽ ഓർമ്മകൾ പേറുന്ന ഡെസ്കുകൾ നിറഞ്ഞ ആ ക്ലാസ്സ്‌ മുറികളിലും, റെഫർ ചെയ്യാനുള്ള ബുക്കുകളേക്കാളേറെ എംടിയെയും ബഷീറിനെയും അന്വേഷിച്ചുപോയ ലൈബ്രറിയിലും, നാവിനു മാത്രമല്ല കോളേജ് ജീവിതത്തിന് മുഴുവൻ രുചിപകർന്ന ആ ക്യാന്റീനിലും ഞങ്ങൾ ഒരുപാട് നേരം ചിലവഴിച്ചു. പക്ഷെ എന്തുകൊണ്ടോ അവിടെയൊന്നും ഞാൻ അവളെ തിരഞ്ഞില്ല.
കൃത്യം 3 മണിക്ക് തന്നെ സുഭാഷ് പാർക്കിന്റെ കവാടത്തിന് മുന്നിലെത്തി. പരിചയമുള്ള ഒരു മുഖത്തിനായി ചുറ്റും കണ്ണോടിച്ചു. ഇല്ല അവൻ ഇതുവരെ എത്തിയിട്ടില്ല, അല്ലെങ്കിലും മുൻപും അവനാ പതിവില്ലല്ലോ. അരമണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞാൻ അവൻ വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചു. നമ്പർ നിലവിലില്ല എന്ന മറുപടിയാണ് കിട്ടിയത്. വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തായാലും വരുമ്പോ വരട്ടെ അകത്തു പോയി ഇരിക്കാം. സമയം പിന്നെയും കടന്നുപോയി, വരില്ലെന്നറിഞ്ഞിട്ടും അവനെ ഞാൻ കാത്തിരിക്കുന്നു. ഒടുവിൽ സൂര്യനും വിടപറഞ്ഞകലാൻ നേരമായപ്പോൾ ഞാൻ എഴുന്നേറ്റു.

എന്നാലും അവനെന്തായിരിക്കും എന്നോട്... ? അജീഷിനെ ഒന്ന് വിളിച്ചാലോ?
'അജീഷ് നാരായണൻ', മാത്യുവിനും എനിക്കുമിടയിലെ മൂന്നാമൻ അങ്ങനെയാണ് എനിക്കവനെ ഓർക്കാനിഷ്ടം.
"ഹലോ"
"ആട നന്ദു പറ എന്തൊക്കെയുണ്ട് "
"നീയിപ്പോ എവിടാണ് "
"ഞാൻ നാട്ടിൽതന്നെയുണ്ട്, നീയിപ്പഴും എറണാകുളത്ത് തന്നെയല്ലേ"
"അതേടാ..."
"പിന്നെ ജോലിയൊക്കെ എങ്ങനെ പോകുന്നു, കുറേക്കാലായി നിന്റെ യാതൊരു വിവരവും ഇല്ലല്ലോ"
"എടാ ഞാൻ വിളിച്ചത് നമ്മുടെ മാത്യു ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു, വൈകീട്ട് കാണാന്നും പറഞ്ഞു, പക്ഷെ..."
"നീ പിന്നെയും തുടങ്ങി അല്ലേ.."
"അതല്ലടാ.."
"എടാ, നിങ്ങൾ തമ്മിൽ എത്രമാത്രം അടുപ്പമുണ്ടായിരുന്നെന്ന് എനിക്കറിയാം , പക്ഷെ അവൻ പോയി. അവന് നിന്നോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല, എല്ലാം നിന്റെ വെറും തോന്നലാണ്. നീ ഇനിയും അതൊക്കെ മനസ്സിലിട്ട് നടക്കരുത്. അവനിനി ഇല്ല, അവന്റെ നല്ല കുറേ ഓർമ്മകൾ മാത്രമേ നമുക്കുള്ളു. യു ഷുഡ് മൂവ് ഓൺ...."
അതെ അവൻ ഇനിയില്ല, ആ യാഥാർഥ്യം ഞാൻ ഉൾക്കൊണ്ടെ പറ്റു. പക്ഷെ... അവനോട് ഞാൻ പറയാൻ ബാക്കിവച്ചത് ഇനി എങ്ങനെ പറയും...
റൂമിൽ തിരിച്ചെത്തി നേരെ ഉറങ്ങാൻ കിടന്നു. നാളെ വീണ്ടും ഓഫീസിലെ കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക്. ജോലി, ഭക്ഷണം, ഉറക്കം. ലൂപ്പ് കമാൻഡിൽ പെട്ട ഒരു പ്രോഗ്രാം കോഡുപോലെ ഒരിക്കലും അവസാനിക്കാത്ത ആവർത്തനങ്ങൾ.... കണ്ണുകൾ പതിയെ അടയാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ഒരു ഫോൺബെൽ, മറ്റൊരു അൺനൗൺ നമ്പർ.
"ഹലോ "
"ആനന്ദ് അല്ലേ, ഞാൻ മാത്യു ആണ്..."പങ്കിട്ടു

NEW REALESED