Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

ഇന്നലെകൾ - 1

1. ചതുപ്പ്

മുന്നിലെ എഞ്ചിൻ ബോഗിയിൽ നിന്നും ചൂളം വിളി ഉയർന്നുകഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പതിയെ ചലിച്ചുത്തുടങ്ങുന്നു. അവളുടെ കണ്ണുകളിപ്പോഴും എന്റെ നേർക്ക് നീളാതിരിക്കാൻ പാടുപെടുകയാണ്. എന്നാലും ഒരു സാധാരണ യാത്രയയപ്പുപോലെ ജനൽ കമ്പികൾ പിടിച്ച്, കുറച്ചുദൂരം മുന്നോട്ടു നടന്ന്, അവസാന ഗുഡ്ബൈയും പറഞ്ഞ് പിരിയണമെന്നുണ്ട്. പക്ഷേ ഇല്ല, മുകളിൽ എന്തോ വലിയ ഭാരം കയറ്റിവച്ചതുപോലെ കാലുകൾ ഇവിടെ ഉറച്ചിരിക്കുകയാണ്.
എങ്കിലും കണ്ണിൽനിന്നും മായുന്നതുവരെ ഞാൻ അവളെ നോക്കിനിന്നു. അവസാനമായി അവളൊന്നു മുഖമുയർത്തി നോക്കിയെങ്കില്ലെന്ന് വെറുതെ മോഹിച്ചു, അവൾക്കത്തിന് കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ. അവൾക്കെന്നല്ല ലോകത്ത് ഒരാൾക്കും അതിന് കഴിയില്ല.
ജീവിതത്തിലെ മറ്റൊരധ്യായം കൂടെ ഇവിടെ അവസാനിക്കുകയാണ്. ഇനി...?
ഇനി നേരെ മറൈസ് ലോഡ്ജിലെ ഇരുപതിമൂന്നാം നമ്പർ മുറിയിലേക്ക്. 'Marais', ചതുപ്പ് നിലം എന്നാണ് ഫ്രഞ്ച് ഭാഷയിൽ ആ വാക്കിനർത്ഥം. 'മഹേ' എന്നാണ് ഉച്ചാരണമെങ്കിൽ കൂടി. ആരായിരിക്കും ഇങ്ങനെ ഒരു പേരിട്ടിട്ടുണ്ടാവുകയെന്ന് ആലോചിച്ചിട്ടുണ്ട്. ഒരുപക്ഷെ വേറെ ഏതെങ്കിലും ഭാഷയിൽ മറ്റെന്തെങ്കിലും അർത്ഥം അതിന് ഉണ്ടാവണം. എങ്കിലും എനിക്കാ കെട്ടിടത്തിന് ഇതിനേക്കാൾ യോജിച്ച മറ്റൊരു പേരും ചിന്തിക്കാൻ കഴിയില്ല. അറിയാതെ കാലെടുത്തുവച്ചാൽ, തിരിച്ചു കയറാൻ അനുവദിക്കാതെ താഴേക്കു താഴേക്ക് വലിച്ചുകൊണ്ടുപോകുന്ന വലിയൊരു ചതുപ്പ്, അതുതന്നെയാണ് അവിടം.
സിറ്റിയുടെ തിരക്കിൽനിന്നെല്ലാം ഉൾവലിഞ്ഞു നിൽക്കുകയാണെങ്കിലും തൊട്ടരികിലായി റയിൽവേ പാളങ്ങൾ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. രാവും പകലും വ്യത്യാസമില്ലാതെ ആളുകൾ ദൂരങ്ങൾ ലക്ഷ്യമാക്കി പോകുന്നതിന്റെ താളം ചെവിയോർക്കാതെതന്നെ കേൾക്കാം. തുടക്കത്തിൽ കുറേ രാത്രികളിലെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്, പക്ഷേ പിന്നീടെപ്പഴോ അത് ഉറക്കത്തോടൊപ്പം ലയിച്ചു ചേർന്നു. ഇപ്പോൾ മറ്റു പലതും പോലെ ആ ശബ്ദവും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ഒരുപാട് വര്ഷങ്ങളുടെ പ്രായം തോന്നിക്കുന്ന വലിയൊരു വൃക്ഷത്തെപോലെ മൂന്നുനിലകളുടെ ഉയരത്തിൽ പന്തലിച്ചു നിൽക്കുന്ന ലോഡ്ജിന്റെ പടി കയറി ചെല്ലുന്നത് നേരെ റിസെപ്ഷൻ കൗണ്ടറിലേക്കാണ്, അല്ല തോമസേട്ടനിലേക്കാണ്. പുള്ളിക്കാരൻ അറിയാതെ ഒരാളും അകത്തേക്കോ പുറത്തേക്കോ പോകാൻ ഇടയില്ല. ഞാൻ കാണുമ്പോഴൊക്കെ അവിടെത്തന്നെയാണാ മനുഷ്യൻ, അയാളുടെ ഊണും ഉറക്കവുമെല്ലാം മുറിയെന്ന് തികച്ചു വിളിക്കാൻ പറ്റാത്ത ആ ചുമരുകൾക്കിടയിലാണ്. ലോഡ്ജിന്റെ നടത്തിപ്പുകാരനിലപ്പുറത്തേക്ക് എന്തോ ആണ് അയാൾക്കാ ബിൽഡിംഗ്‌. പ്രായത്തെക്കാൾ തളർച്ച തോന്നിക്കുന്ന ശരീരം, പക്ഷെ ജീവിതങ്ങൾ പലതും അടുത്തുകണ്ട ആ കണ്ണുകൾക്ക് മാത്രം അതില്ല.
തോമസേട്ടന് ഒരു സലാം പറഞ്ഞ് വലതുവശത്തെ സ്റ്റേയർ വഴി മുകളിലേക്ക്, രണ്ടാം നിലയിലെത്തി വലത്തേക്ക് തിരിയുമ്പോൾ ആദ്യം കാണുന്ന വീട്, വീട്ടുനമ്പർ ഇരുപതിമൂന്ന്. കഷ്ടി ഒരു കട്ടിലും രണ്ടു ടേബിളും ഇടാവുന്ന മുറിയാണ്. അതിന്റെ ഒരു മൂലയിലെ തട്ടിലേക്ക് ഒതുക്കിയ അടുക്കള, ആദ്യം ചെന്ന് ഒരു ചൂട് കട്ടൻചായ. അതും കുടിച്ച് നേരെ ഉറക്കമെന്ന സ്വപ്നത്തിലേക്ക്... പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല. മനസ്സ് ഇപ്പഴേ ഉഴുതുമറിക്കാൻ തുടങ്ങിയിരിക്കുന്നു. എത്ര കാലങ്ങൾ എന്തൊക്കെ ഓർമ്മകൾ വീണ്ടും....



2.സുഹൃത്ത്

റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ തുനിയുമ്പോഴാണ് പുറകിൽനിന്നൊരു വിളി
"വിശ്വാ..."
അതെ വിശ്വനാഥൻ, ഞാനാണ്. എന്നാൽ ഇത് ? എനിക്കിയാളെ അറിയാം പക്ഷേ എവിടെവെച്ച്?എങ്ങനെ?

"എടൊ എന്നെ ഓർക്കുന്നില്ലേ?"

ഇല്ല, മറവി അനുഗ്രഹമല്ലാതാവുന്ന ചുരുക്കം ചില സന്ദർഭങ്ങളിലൊന്ന്. ഉണ്ടെന്നോ ഇല്ലെന്നോ പറയാത്ത ഭാവത്തിൽ ഞാനയാളെ നോക്കിനിന്നു

"ശരിയാ നീ പണ്ടും ഇങ്ങനെ ആയിരുന്നല്ലോ ആരോടും അധികം അടുപ്പമില്ലാതെ. എന്നാലും കോളേജ് കഴിഞ്ഞിട്ടിപ്പോ പത്തു കൊല്ലല്ലേ ആയുള്ളൂ"

ഓർമ്മ പതിയെ തലപ്പൊക്കുന്നു

"ഓ റോയ്, നിനക്ക് നല്ല മാറ്റം വന്നിട്ടുണ്ട് കണ്ടിട്ട് മനസ്സിലാവുന്നില്ല"

"അത് ഞാൻ സമ്മതിച്ചു തരാം, തനിക്ക് പക്ഷേ ഒട്ടും മാറ്റമില്ല, പഴയ അതേ രൂപം, വേഷം മാത്രം കുറച്ചു പഴഞ്ചനായിട്ടുണ്ട്"

വേഷം മാത്രമല്ല എല്ലാം കൊണ്ടും ജീവിതം പഴകികൊണ്ടിരിക്കുന്നു.

"എന്തുപറ്റിയെടോ കുടുംബഭാരം ആണോ?"

"ഏയ്‌, നീ ഇവിടെയാണോ ഇപ്പൊ?"

"അല്ലടാ, ഞാൻ ചെന്നൈയിൽ സെറ്റിൽ ആയിട്ട് കുറച്ചു കാലായി, ഇവിടെ ഒരു ബിസ്സിനെസ്സ് മീറ്റിന് വന്നതാ, ഒക്കെ വിശദായിട്ട് സംസാരിക്കാം. എന്റെ ട്രെയിൻ വരാൻ ഇനിയും ഒന്നൊന്നര മണിക്കൂർ ഉണ്ട്. നമുക്കൊരു ചായ കഴിച്ചാലോ"

വളരെ കാലങ്ങൾക്ക് ശേഷം ഭൂതകാലത്തിൽനിന്നും ഒരാൾ മുന്നിൽവന്നു നിൽക്കുന്നു. സന്തോഷമോ ദുഖമോ ഒന്നുമല്ല, മറ്റെന്തോ ആണ് അനുഭവപ്പെടുന്നത്.
റെയിൽവേ സ്റ്റേഷനകത്തെ റെസ്റ്റോറന്റിൽ ഒരു ടേബിൾ കണ്ടെത്തി.
"അപ്പൊ പറ എന്തു ചെയ്യുന്നു പഴയ ക്ലാസ്സ്‌ ടോപ്പർ വിശ്വനാഥൻ ഇപ്പോൾ?"

"ഇവിടെ ഒരു ചെറിയ പ്രെസ്സിലാണ്, പേരിന് ഒരു എഡിറ്റർ എന്ന് പറയാം"

"എന്ത് ചെറിയ പ്രെസ്സോ? തനിക്ക് ശരിക്കും എന്താ പറ്റിയത്. കോളേജ് കഴിഞ്ഞ് യാതൊരു വിവരവും ഇല്ലല്ലോ. ആർക്കും നിന്നെക്കുറിച്ച് ഒരു അറിവുല്ല. ഞങ്ങൾ ഒരു അലുമിനി മീറ്റ് സംഘടിപ്പിച്ചിരുന്നു. താനടക്കം മൂന്നു പേര് മാത്രേ വരാത്തതായിട്ടുള്ളു"

"ഞാൻ... ചില പ്രശ്ങ്ങളൊക്കെയായിട്ട്... അത് വിട്, നിന്റെ വിശേഷങ്ങൾ പറ. ചെന്നൈയിൽ എന്താ പരിപാടി?"

"ഓഹ് ഒരു ചെറിയ ബിസ്സിനെസ്സ് തട്ടിക്കൂട്ടി. ഒരു എക്സ്പോർട്ട് കമ്പനി. ഭാര്യ ഐ ടി ഫീൽഡിലാ, രണ്ട് മക്കൾ, മൂത്തവൾ ഇപ്പൊ സെക്കന്റ്‌ സ്റ്റാൻഡേർഡ്, മറ്റയാൾ ജസ്റ്റ്‌ റിലീസ് ആയിട്ടേ ഉള്ളു, 3 മാസം."

"ആഹാ, കൺഗ്രാറ്റ്സ്"

"തനിക്കോ എത്രപേരാ?"

ഇതുപോലൊരു കൂടിക്കാഴ്ച എന്നെങ്കിലും വരുമെന്ന പേടി എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു. എക്സാക്ട് ഇതുപോലൊരു കൂട്ടുകാരൻ, ജീവിതത്തിൽ എല്ലാംകൊണ്ടും വിജയിച്ച ഒരാൾ...നിന്റെ ജോലി? ഭാര്യ? കുട്ടികൾ?...

"വിശ്വാ... താനിതെന്താ ഈ ആലോചിക്കുന്നേ, ഭാര്യ എന്തു ചെയുന്നു? മക്കൾ എത്രപേരാ?"

"അത്... ഭാര്യ... അവൾ ഇവിടെ അടുത്തൊരു സ്കൂളിൽ ടീച്ചറാ."
കള്ളമാണ്, പറയാൻ ചെറിയ പ്രയാസം തോന്നുന്നു, പക്ഷേ കൂടിവന്നാൽ പതിനഞ്ചുമിനുട്ട്, അത്രനേരമേ അവൻ ഒപ്പമുള്ളൂ, ജീവിതത്തിൽ ഇനി ഒരിക്കലും തമ്മിൽ കാണാനും സാധ്യതയില്ല. അതുകൊണ്ട് കുറ്റബോധമില്ല.

"മക്കൾ?"

"ഒരു മോളാ, രണ്ടാം ക്ലാസ്സിൽ തന്നെയാ. മേരിമാതയിൽ പഠിക്കുന്നു"
പറഞ്ഞ് തുടങ്ങാനേ പ്രയാസമുള്ളു. ഇപ്പൊ മനസ്സ് ചിന്തിക്കുംമുൻപേ നാവ് ഉത്തരം കൊടുക്കുന്നു.
ചായ കുടി കഴിഞ്ഞിറങ്ങി. യാത്രപറച്ചിൽ ചടങ്ങാണ് അടുത്തത്. തമ്മിൽ ഫോൺനമ്പറുകൾ കൈമാറി.
ഒട്ടും ആത്മാർത്ഥതയില്ലാതെ പറഞ്ഞു,
"ഇനി നാട്ടിൽ വരുമ്പോ വിളിക്ക് കാണാം."

"ശരിയെടാ ഞാൻ വിളിക്കുന്നുണ്ട്."

തിരിച്ചു നടക്കുമ്പോൾ മനസ്സിൽ വലിയൊരു ആശ്വാസം തോന്നി.
വീണ്ടും പിൻവിളി

"വിശ്വാ ഒരു നിമിഷം..."

ഇനിയും എന്താണ്. ഞാൻ തിരിഞ്ഞു നോക്കി. ബാഗിൽനിന്ന് എന്തോ എടുത്തുകൊണ്ട് റോയ് അടുത്തേക്ക് വരുന്നു. അതൊരു പാവയാണ്.

"ഇത് നിന്റെ മോൾക്ക് കൊടുക്കണം, എന്റെ വക ഒരു ചെറിയ ഗിഫ്റ്റ്. എന്റെ മോൾക്ക് മേടിച്ചതാണ്, പക്ഷേ സാരമില്ല ഞാൻ വേറെ മേടിച്ചോളാം. അപ്പൊ ശരി കാണാം"

ഞാൻ ഒന്നും പറഞ്ഞില്ല, പറയാൻ വാക്കുകൾ ഒന്നും പുറത്തുവന്നില്ല. അവൻ നടന്നകന്നു. ഞാൻ കുറച്ചു നേരം അനക്കമറ്റവിടെ നിന്നു.
വെറുക്കുന്നു, ഞാൻ എന്നെത്തെന്നെ വെറുക്കുന്നു.


(തുടരും....)