വെളിച്ചത്തിന്റെ അലകൾ കണ്ണുകളെ അസ്വസ്ഥമാക്കി... കനം വെച്ച കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ടു... മരുന്നുകളുടെ വമിക്കുന്ന ഗന്ധം സിരകളിൽ തിങ്ങി നിറഞ്ഞു ...
ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മുക്തി നേടി കണ്ണുകളിലേക്ക് കാഴ്ചകൾ എത്തി തുടങ്ങി ...
അടുത്ത നിമിഷം നീരസത്തോടെ തിരിച്ചറിഞ്ഞു.. താൻ രക്ഷപ്പെട്ടിരിക്കുന്നു !! വേദനിക്കാൻ ഇനിയും ജീവിതം ബാക്കി ...
ഇടതു കൈ തണ്ടയിലെ മുറിവ് മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്...ശരീരം അനക്കാൻ പറ്റുന്നില്ല.
വാതിൽ ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നു... പുറത്തുനിന്ന് അമ്മയുടെ സങ്കടം പറച്ചിലും
അതിനുള്ള അച്ഛന്റെ സമാധാനവാക്കുകളും നേരിയതോതിൽ കേട്ടുകൊണ്ടിരുന്നു..
അസുഖകരമായ ആശുപത്രി ദിനങ്ങൾ
ആസ്വാസ്ഥ്യത്തോടെ തള്ളിനീക്കി...
വീട്ടിൽ വന്ന് മുറിയിൽ ഒതുങ്ങി ... അച്ഛനും അമ്മയും ഉൾപ്പെടെ സന്ദർശകരുടെ നീണ്ടനിരയ്ക്കു മുൻപിൽ പ്രതിമ പോലെ ഇരുന്നു..
അവരുടെയെല്ലാം ഉപദേശങ്ങളുടെ കോലാഹലത്തിൽ നിന്ന് രക്ഷപെടാതെ എവിടെയോ കണ്ണുകൾ ഉറപ്പിച്ചു കൊണ്ട് എല്ലാത്തിനും ചെവി കൊടുത്തു..
ആർക്കും മറുപടി നൽകിയില്ല... വാക്കുകൾ കൊണ്ട് മതിൽ പണിഞ്ഞില്ല.. എന്റെതായ ശരികളെ ആരുടെയും മുൻപിൽ നിരത്തി വാദിച്ചില്ല..
മനസ്സുനിറയെ അവളായിരുന്നു..
നഷ്ടപ്രണയത്തിന്റെ വേദന പിന്നെയും മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു...
ചിന്തകൾ ഓർമ്മത്താളുകളിലേക്ക് എത്തിനോക്കി... കഴിഞ്ഞുപോയവയെല്ലാം തെളിമയോടെ മുൻപിൽ അനാവരണമാകാൻ തുടങ്ങി..ദൃശ്യാവിഷ്കാരത്തിന്റെ തിരശ്ശീല ഉയർന്നു..
അരങ്ങിൽ ഞാൻ ഒരു കൗമാരകാരനായി മാറി.. ഒരുതരത്തിലുമുള്ള ചാപല്യങ്ങൾക്ക് അടിമപ്പെടാത്ത.. വികാരങ്ങളെ അതിന്റെ പൂർണതയോടെ തിരിച്ചറിയാത്ത ഒരുവൻ.
പരിചിതയായ ഒരു കൂട്ടുകാരി പ്രണയഭ്യർത്ഥനയോടെ മുൻപിൽ നിൽക്കുമ്പോഴും നിർവികാരതയോടെ അതിനെ നിരസിക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല പ്രണയമെന്താണെന്ന്..
സാഹസികതയും ഫാന്റസിയും നിറഞ്ഞ കഥകൾ ആവേശപൂർവ്വം വായിച്ചിരുന്ന ഞാൻ എപ്പോഴാണ് പ്രണയകഥകൾ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..
പ്രണയകഥകൾ വായിച്ചു.. ഒന്നല്ല.. ഒരുപാട് .. എഴുതാൻ തോന്നി.. എഴുതി തുടങ്ങി.. എഴുത്തുകൾക്ക് അഭിപ്രായങ്ങൾ വന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലേക്ക് അവൾ വന്നത്.. അവളുടെ മെസ്സേജ് ഐബിയിൽ കണ്ടു..
കഥയെ കുറിച്ച് സംസാരിച്ചു.. സംസാരം മറ്റു പലതിലേക്കും നീണ്ടു ..അങ്ങനെ അപരിചിതയായ അവൾ എനിക്ക് പരിചിതയായി.. ദിവസവും മെസ്സേജ് വന്നു.. ദിവസവും സംസാരിച്ചു.. മെസേജുകളുടെ ദൈർഘ്യം വർദ്ധിച്ചു..
പ്രണയമെന്ന അന്ധതയിൽ കുടുങ്ങാൻ പിന്നെ അധിക ദിനങ്ങളൊന്നും വേണ്ടി വന്നില്ല...
പ്രേമാർദ്രങ്ങളായ ദിവസങ്ങൾ മനോഹരമായ പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിലൂടെ കടന്നുപോയി..
പെട്ടെന്നതുണ്ടായി അവളുടെ വീട്ടിൽ അറിഞ്ഞു.. പ്രണയത്തിന് വിലക്ക് വീണു..
അവളുടെ ഭാഗത്ത് തെറ്റില്ല..
സ്വന്തം അച്ഛനെ അനുസരിക്കുന്നത് എങ്ങനെ തെറ്റാകും..
അവളുടെ അച്ഛന്റെ ഭാഗത്തും ശരി മാത്രമേയുള്ളൂ..സ്വന്തം മകളെ കുറിച്ച് സ്വപ്നം കാണാൻ ഏതൊരു അച്ഛനും അവകാശമുണ്ട്..
അവർ ഇരുവരുടെയും ശരികൾക്കിടയിൽ ഞാൻ വലിയ ഒരു തെറ്റായി മാറി..
നീറുന്ന വേദനയിലും ഒരു ചെറു പുഞ്ചിരിയോടെ അവളിൽ നിന്നും അകന്നു..
ഇരുട്ട് നിറഞ്ഞ മുറിയുടെ ഒരു കോണിൽ മുഖംപൊത്തി കരയുമ്പോഴും എന്റെ കണ്ണുനീരിന് ഒരിക്കലും അവൾ കാരണമല്ലെന്ന് നിനച്ചു .. അവളെ ഇഷ്ടപ്പെടാനും അവളുടെ ഇഷ്ടം നേടാനും കൊതിച്ച എന്റെ മനസ്സിനെ സ്വയം പഴിച്ചു.. കുറ്റപ്പെടുത്തി.. വെറുത്തു.
പ്രണയമെന്ന വികാരം കൂടുതൽ ദൃശ്യാത്മകമാകുന്നത് നഷ്ടപ്രണയത്തിന്റെ വേദനയിലുടെയാണെന്ന് കണ്ണീരോടെ അറിഞ്ഞു...
പ്രണയിച്ച നാളുകളെ കൊതിയോടെ ഓർത്തിരുന്നു...
ആഗ്രഹിച്ചത് സ്വന്തമായില്ലെങ്കിലും സ്വന്തമായെന്ന് ധരിച്ചത് നഷ്ടമായാൽ ഉണ്ടാകുന്ന വേദന വളരെ വലുതാണെന്ന് മനസ്സിലാക്കി..
അകന്ന് നിൽക്കുമ്പോഴും ഒരു വാക്ക് മിണ്ടാതിരിക്കുമ്പോഴും മറന്ന് പോകുമെന്ന ധാരണ തെറ്റാണെന്ന് അറിവു ഉണ്ടായി..
വിഷാദം നിറഞ്ഞ ഓരോ ദിനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു..
അവളെ കാണാൻ ആഗ്രഹിച്ചു..അവളോട് സംസാരിക്കാൻ കൊതിച്ചു.. അവളെന്റെ കൂടെയുണ്ടായിരുന്നപ്പോൾ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു.. അവളുടെ അഭാവത്തിൽ ഹൃദയം ശൂന്യമായെന്ന് തോന്നി.. ഹൃദയം മാത്രമല്ല ഈ ലോകം ശൂന്യം ആവുകയാണെന്ന് തോന്നിത്തുടങ്ങി..
സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ചുറ്റും ഉണ്ടായിരുന്നിട്ടും പിന്നെയും മനസ്സ് നഷ്ട പ്രണയത്തിന്റെ ഓർമകളിലേയ്ക്ക് ചായ്ഞ്ഞ് പോയി..
ഏതോ വികാരനിർഭരമായ നിമിഷത്തിൽ
സ്വയം മരണം വരിക്കാൻ തയ്യാറെടുത്തു..
കൈത്തണ്ട മുറിച്ചു.. കണ്ണുകളടഞ്ഞു... ഇരുട്ടിന്റെ കട്ടി കൂടി വരുമ്പോഴും... ബോധം നഷ്ടപ്പെടുന്നതിന്റെ അവസാനനിമിഷം വരെയും ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു..
പക്ഷേ മരണം സംഭവിച്ചില്ല !!
അങ്ങനെ പഴയ ഓർമ്മകളിൽ നീറുന്ന മനസ്സുള്ള ഒരു യുവാവിനെ ചിത്രത്തോടെ
ദൃശ്യാവിഷ്ക്കാരത്തിന്റെ തിരശ്ശീല താഴ്ന്നു..
ഓർമതാളുകളിലൂടെയുള്ള സഞ്ചാരം അവസാനിച്ചപ്പോൾ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ സ്വതന്ത്രമാകാൻ
വെമ്പൽകൊണ്ടു ...
ആലോചനകൾ കൊണ്ട് ശ്വാസംമുട്ടുന്നെന്ന് തോന്നി തുടങ്ങിയപ്പോൾ..മുറ്റത്തിറങ്ങി വിശാലമായ ലോകത്തിലേക്ക് നോക്കിയിരുന്നു.. ലോകം അത്ഭുതവും സൗന്ദര്യവും നിറഞ്ഞതാണെന്ന് തോന്നി..
അന്ധകാരത്തിൽപ്പെട്ട് വഴി തിരയുന്നവന്റെ
സാദൃശ്യമുള്ള ഒരുവനയാണ് പിന്നീടുള്ള പല നാളുകൾ എന്നിലൂടെ പിൻവാങ്ങി പോയത്..
തികച്ചും ഉത്സാഹരഹിതമായും
അകാരണങ്ങളോടെയുമാണ് ഓരോ ദിനങ്ങളെയും ഞാൻ സമീപിച്ചത് ..
വ്യസനത്തോടെയുള്ള അച്ഛന്റെയും അമ്മയുടെയും വാക്കുകളെ നിസ്സഹായനായി
കേൾക്കാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല..
കുടുംബ ഡോക്ടറുടെ ഉപദേശം മാനിച്ച്
നിരവധി കോൺസിലിങുകളിലുടെ ഞാൻ കടന്നുപോയി എന്നാൽ ഒന്നും ഗുണം ചെയ്തില്ല..
ഒടുക്കം എന്നെപ്പോലുള്ള ഒരു കൂട്ടം ആളുകൾക്കിടയിലേക്ക് ഞാൻ മാറ്റപ്പെട്ടു..
വീണ്ടും ഒരുപാട് ക്ലാസുകൾ...കൗൺസിലുകൾ..
പക്ഷേ അവയൊന്നും എനിക്കു മാത്രമല്ല എന്റെ ചുറ്റുമുള്ള എന്നെപ്പോലുള്ള ആർക്കും
സ്വാന്തനമരുളിയില്ല..
മയങ്ങി കിടക്കുമ്പോഴുള്ള ഒരു ശാന്തതയോടെ ഞാനടക്കം എല്ലാവരും കണ്ണുകൾ തുറന്ന് ക്ലാസുകൾ കേൾക്കും... അത്രമാത്രം !!
ഓരോ ദിവസം കഴിയുംതോറും ഞാൻ കൂടുതൽ ദുരന്തത്തിന്റെ ആഴങ്ങളിലേക്കു താണു പോകുകയാണെന്ന് തോന്നി...
വിചാരിക്കുന്നതിലും മോശപ്പെട്ട സാഹചര്യങ്ങളിലൂടെ കടന്നു പോയി കൊണ്ടിരുന്നു... അതെന്നെ വല്ലാതെ ഭയപ്പെടുത്തി..
അവളുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുമ്പോൾ കൊതിയോടെ ഞാൻ നോക്കും...
അവ എനിക്ക് ചുറ്റും ഒരു വലയം സൃഷ്ടിക്കും.. ആ വലയത്തിനുള്ളിൽ ഞാൻ മിഴികൾ പൂട്ടി നിൽക്കും... എനിക്ക് തണുപ്പ് അനുഭവപ്പെടും...
ഞാൻ മന്ദഹസിക്കും... തണുപ്പ് കുറഞ്ഞു വരും.. എന്റെ പുഞ്ചിരി ഹ്രസ്വമായി കൊണ്ടിരിക്കും.. തണുപ്പ് മാറി ചൂടിലേക്ക് രൂപാന്തരപ്പെടും...പുഞ്ചിരി കെട്ടടങ്ങും... ചൂട് കൂടി വരുമ്പോൾ സഹിക്കാനാവാതെ ഞാൻ മുഖം ചുളിക്കും... ശരിരമാകെ വെന്തു നിറി തുടങ്ങുമ്പോൾ ഞാൻ ഉറക്കെ നിലവിളിക്കും...
പിന്നെയെല്ലാം സ്വാഭാവികമായവയാണ്.. അധികൃതർ ഓടിവരുന്നു...മൂർത്തിക്ക് മുൻപിൽ ആരാധന ചെയ്യുന്ന പോലെ അവരുടെ കർമ്മങ്ങൾ ദ്രുതഗതിയിൽ ചെയ്തു തീർക്കുന്നു...ശൂന്യതയിലേക്ക് നോക്കി ഞാൻ കണ്ണുകൾ അടുക്കുന്നു... ശേഷം മയക്കത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു.
പതിവു പോലുള്ള ഒരു വ്യർത്ഥമായ കോൺസിലിംഗ് ക്ലാസിനു ശേഷം ഹാളിൽ നിന്നും പുറത്ത് കടക്കുമ്പോഴാണ് ആ വ്യക്തിയെ ഞാനാദ്യമായി കാണുന്നത്...
എല്ലാധികൃതരും ഒരു ഭവ്യതയോടെ ഒതുങ്ങി നിന്നുകൊണ്ട് അയാൾക്ക് വഴിയൊരുക്കി...
ഒരു പ്രകാശിതമായ ചിരിയോടെ അയാളെന്നെ മറികടന്നു പോയി..
ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും
അയാൾ ഓഫീസ് മുറിയിലേക്ക് പ്രവേശിച്ച കഴിഞ്ഞിരുന്നു...
ഇനിയുള്ള ക്ലാസുകൾ അയാളുടേതായിരിക്കുമെന്ന് എനിക്ക് തോന്നി..
പിന്നീട് ക്ലാസുകൾ ഉണ്ടായില്ല.. പകരം ഓരോരുത്തരുടെയും മുറികളിലായി അയാൾ കയറുന്നത് കണ്ടു..
അവരെ ഓരോരുത്തരെയും പുറത്തേക്ക് കൊണ്ടുപോയി പ്രകൃതിവിശാലതയിലൂടെ നടന്നുകൊണ്ട് അയാൾ സംസാരിക്കുന്നത് നോക്കി നിന്നു..
കൈകൾ മുറുകെ പിടിച്ച് അയാൾ ഓരോരുത്തരുടെയും പ്രശ്നങ്ങൾ ചോദിച്ചറിയുന്നത് ശ്രദ്ധിച്ചു..
ആഴ്ചകളുടെ വ്യത്യാസത്തിൽ എന്നോടൊപ്പം ഉള്ള പലരും അവിടം വിട്ടു പോകാൻ മാത്രം മാറി...അവിടെയുള്ളവരുടെ എണ്ണം ക്രമാതീതമായി കുറയാൻ തുടങ്ങി...
ഞാൻ അത്ഭുതത്തോടെയും ആദരവോടെയും
അയാളെ നോക്കി..
അങ്ങനെ എന്റെ ഊഴമെത്തി.. അയാൾ എന്റെ മുറിയിലേക്ക് വന്നു..അയാളെന്റെ കൈകളിൽ മുറുകെ പിടിച്ചു... സൗമ്യമായി ചോദിച്ചു.
"സഹോദരാ .. നിന്നെ അലട്ടുന്നത് എന്താണ് ?
മനസ്സിലുള്ള പ്രശ്നം എന്തായാലും ശരി അതെന്നോട് പറയൂ .. "
ഞാനെല്ലാം അയാളോട് പറഞ്ഞു...എല്ലാം ശ്രദ്ധയോടെ അയാൾ കേട്ടു..ശേഷം എന്നോടൊന്നുകൂടി ചോദിച്ചു.
"ഈ പറഞ്ഞത് തന്നെയാണോ നിന്റെ പ്രശ്നം ?? "
ഞാൻ ചിന്തിച്ചു... നിമിഷങ്ങൾക്കകം അതെയെന്നു തലയാട്ടി... അയാൾ കുറച്ചുനേരം കണ്ണുകളടച്ചു..
പിന്നെ സൗമ്യമായും ഒപ്പം ദൃഢതയോടെയും എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
"നിന്റെ യഥാർത്ഥ പ്രശ്നം ഇവയൊന്നുമല്ല.. "
ഞാനൊന്നും മിണ്ടിയില്ല... അയാൾ പറഞ്ഞു
"ആലോചിക്കൂ... "
ഞാൻ ആഴത്തിൽ ആലോചിച്ചു.. ഇതല്ലാതെ എന്താണ് എന്റെ പ്രശ്നം? എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..ഞാൻ നിരാശയോടെ തലകുനിച്ചു.
അയാളെന്റെ കൈപിടിച്ച് മുറിക്ക് പുറത്ത് കൊണ്ടുപോയി...
പുറത്തെ വിശാലതയിലൂടെ കുറെ നേരം നടന്നു.. അയാൾ ഒന്നും സംസാരിച്ചിരുന്നില്ല.. വെറുതെ നടക്കുക മാത്രം..
മരച്ചുവട്ടിലെ സിമന്റ് ഇരിപ്പിടത്തിൽ ഞങ്ങളിരുന്നു...അയാൾ എന്തോ ആലോചിക്കുകയാണ്..
മണിക്കൂറുകൾ നിമിഷങ്ങളായി കടന്നുപോയി..അയാൾ ഇപ്പോഴും മൗനം പാലിക്കുകയാണ്..
കുറെ നേരം വീണ്ടും കഴിഞ്ഞു..അയാൾ ആലോചനയെന്നപോലെ ഇരിക്കുകയാണ്..
എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.. ഞാൻ സിമന്റ് ഇരിപ്പിടത്തിന്റെ വക്കിൽ തിരിപിടിച്ചു കൊണ്ടിരുന്നു...
എനിക്ക് ആസ്വാസ്ഥ്യം കൂടി വന്നു..ഞാൻ അയാളുടെ മുഖത്തു നോക്കി... അയാളുടെ കണ്ണുകൾ ദൂരെ എവിടെയോ എന്തോ തേടുകയാണെന്നെനിക്ക് തോന്നി.
ഞാൻ എന്നിലേക്ക് ശ്രദ്ധയാകർഷിക്കാനെന്നവണ്ണം ചുമച്ചു... അത് കേട്ടതായി അയാൾ ഭാവിച്ചില്ല...ഞാൻ വീണ്ടും ഒന്നുകൂടി ചുമച്ചു... ഒരു പ്രതികരണവും ഇല്ല..
ഞാൻ പതിയെ അയാളെ വിളിച്ചു.. നിശബ്ദത ! ഉറക്കെ തട്ടിവിളിച്ചു..വീണ്ടും നിശബ്ദത !
അയാൾ മന:പൂർവ്വം കേൾക്കാത്തതായി ഭാവിക്കുകയാണ് !!
ഞാൻ അപമാനിക്കപ്പെടുകയാണ് !!
എനിക്ക് ദേഷ്യവും സങ്കടവും വന്നു.. സഹിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.. ദേഷ്യത്തോടെ എഴുന്നേറ്റു മുറിയിലേയ്ക്ക് നടന്നു.
മുറിയിലെത്തി എത്ര ആലോചിച്ചിട്ടും അയാൾ എന്തിനാണങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല...
അല്പസമയത്തിനു ശേഷം അയാൾ മുറിയിലേക്ക് കേറി വന്നു... എന്റെ മുൻപിൽ വന്നിരുന്നു..
ഞാൻ ദേഷ്യത്തോടെ തിരിഞ്ഞിരുന്നു... അയാൾ എഴുന്നേറ്റു വീണ്ടും എനിക്കഭിമുഖമായി ഇരുന്നു..ഞാൻ തല ചരിച്ചിരുന്നു..
അയാളുടെ ഇടതു കൈ എന്റെ ചുമലിൽ വെച്ച്, വലതുകൈകൊണ്ട് എന്റെ താടിക്ക് പിടിച്ച് അയാൾക്കു നേരെ നിർത്തി... ഞാൻ മുഖത്തേക്ക് ഒരു പരിഭവത്തോടെ നോക്കി..
അയാൾ ചിരിക്കുന്നു !! എനിക്കൊന്നും മനസ്സിലായില്ല... അയാൾ പറഞ്ഞു
"ഇപ്പോൾ മനസ്സിലായോ നീ പറഞ്ഞതൊന്നുമല്ല നിന്റെ യഥാർത്ഥ പ്രശ്നമെന്ന് ... "
സംശയത്തോടെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.
"പ്രശ്നം എന്താണെന്നോ .. നീ പറയുന്നതൊന്നും നിന്റെ മനസ്സ് കേൾക്കുന്നില്ല...നേരത്തെ ഞാൻ നിന്നെ കേൾക്കാത്തത് പോലെ ...
യഥാർത്ഥ ജീവിത സാഹചര്യങ്ങളെ ഉൾക്കൊള്ളാതെ പഴയകാല
ഓർമ്മകളിലാണ് നിന്റെ മനസ്സ് ... "
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല... അയാൾ നിർത്താതെ പറഞ്ഞു തുടങ്ങി.
" ഒരുപാട് ക്ലാസ്സുകളും കൗൺസിലുകളും കൊണ്ടൊന്നും കാര്യമില്ല..
നിന്റെ മനസ്സിനെ ഓർമകളുടെ കുരുക്കിൽ നിന്നും പുറത്തു എത്തിക്കണം..അതിന് നിനക്ക് മാത്രമേ കഴിയൂ..
ഇപ്പോഴുള്ള അവസ്ഥയാണ് ഇനിയും നിനക്കുണ്ടാകുകയെന്ന് ചിന്തിക്കരുത് ...
നിനക്ക് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല എന്ന് കരുതരുത്..
പഴയതെല്ലാം മറക്കണം .. പുതിയ ജീവിതം തുടങ്ങുക.. കഴിഞ്ഞുപോയ കാലങ്ങളെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല..
ചെയ്തുപോയ അല്ലെങ്കിൽ സംഭവിച്ചുപോയ
തെറ്റുകൾ തിരുത്താൻ സാധിക്കില്ല.. അതാവർത്തിക്കാതിരിക്കുക..
അതുകൊണ്ട് പഴയതെല്ലാം ഓർത്തിരുന്ന് ഇനിയും ജീവിതം പാഴാക്കി കളയരുത്... "
അത്രയും പറഞ്ഞ് എന്റെ ചുമലിൽ തട്ടിക്കൊണ്ട് അയാൾ എഴുന്നേറ്റ് തിരിഞ്ഞുനടന്നു... വാതിൽക്കലെത്തി എനിക്ക് നേരെ തിരിഞ്ഞ് ഒന്നുകൂടി പറഞ്ഞു.
"നിന്റെ മനസ്സ് നീ പറയുന്നത് കേൾക്കുന്നിലെങ്കിൽ മറ്റാരുപറഞ്ഞാലും കേൾക്കുകയില്ല... ആരു പറഞ്ഞാലും !! "
അയാൾ പുറത്തേക്ക് പോയി... അയാൾക്ക് പിന്നിൽ വാതിൽ ശബ്ദമില്ലാതെ അടഞ്ഞു...
അയാൾ പറഞ്ഞത് സത്യമാണ്.. മുഴുവനും സത്യമാണ്.. എന്റെ മനസ്സ് അവളുടെ ഓർമ്മകളാൽ നിറഞ്ഞിരിക്കുന്നു...
ആ ഓർമ്മകൾക്കിടയിൽ കിടന്ന് എനിക്ക് യഥാർത്ഥ ജീവിതത്തെ ആസ്വദിക്കാൻ കഴിയുന്നില്ല.. എന്നെ സ്നേഹിക്കുന്നവരെ ശ്രദ്ധിക്കാനും അവരോടൊത്ത് സമയം കണ്ടെത്താനും പറ്റുന്നില്ല..
എനിക്ക് ഓർമ്മകൾക്കിടയിൽനിന്നും പുറത്തുകടക്കണമെന്ന് തോന്നി.. അതിന് അവളെ മറക്കണം.. മറന്നേ പറ്റൂ !!
അവളുടെ ഭാഗത്തെ ശരിയെല്ലാം ഞാൻ തെറ്റായി ചിത്രീകരിച്ചു... എന്നോടവൾക്ക് സ്നേഹം ഉണ്ടായിരുന്നില്ലെന്ന് സ്വയം ശാഠ്യം പിടിച്ചു..
എന്റെ ജീവിതത്തിലെ ഒരു ദുഷ്ട കഥാപാത്രമാക്കി അവളെ മാറ്റി.. അതിനായി പല ന്യായീകരണങ്ങളും രൂപപ്പെടുത്തി.. അവളെ മറക്കണമെങ്കിൽ അതെല്ലാം എനിക്ക് അനിവാര്യമായിരുന്നു..
പക്ഷേ എന്റെ പരിശ്രമങ്ങൾ ഒന്നും വിജയം കൈവരിച്ചിലെന്നുമാത്രമല്ല, ഞാൻ തികഞ്ഞ പരാജയമായി നിൽക്കുക മാത്രമാണുണ്ടായത്..
എങ്കിലും എന്തുവന്നാലും ഞാൻ തോൽക്കാൻ തയ്യാറായിരുന്നില്ല... അസ്ഥിരമാണെങ്കിലും ഞാനെന്റെ പരിശ്രമം തുടർന്നു..
മനസ്സിനെ നവീകരിക്കപ്പെടുത്തുവാൻ ആഗ്രഹിച്ചു.. പുതിയ സൃഷ്ടി ആകാൻ താല്പര്യപ്പെട്ടു.. ഒരു രണ്ടാമുദയത്തിനായി തയ്യാറെടുത്തു !!!
ഓർമ്മകളാൽ ഉറക്കം നഷ്ടപ്പെട്ട രാത്രിയിലെ
നിശബ്ദതയാർന്ന അന്തരീക്ഷത്തിന്റെ ശൂന്യമായ സംഗീതം ശ്രവിച്ചും.. ഇരുട്ടിന്റെ അഗാധതലങ്ങളിലേക്ക് യുക്തിയില്ലാതെ ഉർന്നിറങ്ങിയും ഞാൻ എന്നോട് തന്നെ യുദ്ധം ചെയ്തു കൊണ്ടിരുന്നു..
അവൾ ക്രൂരഹൃദയയാണെന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...അവളുടെ ഓർമ്മകൾ മനസ്സിലേക്ക് അനുവാദമില്ലാതെ തള്ളി കയറി വരുമ്പോൾ, അവളെ വെറുക്കുവാനും മനസ്സിൽ നിന്ന് പിഴുതെറിയാനും ശ്രമിച്ചു..
അങ്ങനെ ഞാൻ അവളിൽ നിന്നും അല്പാല്പമായി മോചിതനാകാൻ തുടങ്ങി...
അല്ലെങ്കിലും അവൾ എന്നെ സ്നേഹിച്ചിട്ടില്ല.. എല്ലാം വെറും അഭിനയം മാത്രമായിരുന്നു.. എനിക്ക് അവളുടെ മനസ്സിൽ ഒരു ഇടവും ഉണ്ടായിരുന്നില്ല..
കരിങ്കൽ കോട്ടക്കുള്ളിൽ ഇരുമ്പ് ചങ്ങലകളാൽ ഭേധിച്ച് കീഴടക്കേണ്ടതല്ലല്ലോ പെണ്ണിന്റെ മനസ്സ് ...
അവളുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇനി മുതൽ എന്റെ മനസ്സിൽ അവളും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു...
ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങളും ആയിമാറി..
അവളിൽ നിന്നും ഞാൻ പൂർണമായും മുക്തനായി.
വീട്ടിലേക്ക് മടങ്ങും മുമ്പ് അയാളെ കണ്ടു.. അയാൾ പറഞ്ഞു.
"വിട്ടകന്ന പെൺകുട്ടിയെ ഓർത്ത്, മറക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നവരാണ് അധികവും... എന്നാൽ ചിലരെങ്കിലും തന്റെ ജീവിതം പാഴ്ച്ചെലവാകാതിരിക്കാൻ ശ്രമിക്കും.. അശ്രാന്തമായി പരിശ്രമിക്കുന്നവർ വിജയിക്കും..
അങ്ങനെ പരിശ്രമിക്കാൻ ഉള്ള ധൈര്യം നീ കാണിച്ചു... അതിൽ നീ വിജയിച്ചു..നിനക്ക് ഉണ്ടായ തിരിച്ചറിവുകൾ നിന്നെ ഉയർച്ചയിലെത്തിക്കും.. "
ഞാൻ പുഞ്ചിരിച്ചുകൊണ്ട് അയാളെ ആലിംഗനം ചെയ്തു.
എന്റെ മാറ്റം വീട്ടുകാർക്കും കുടുംബക്കാർക്കും നാട്ടുകാർക്കും അത്ഭുതമായിരുന്നു..ഒരുപക്ഷേ ആരും എന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചുകാണില്ല !!!
പിന്നീടുള്ള എന്റെ ജീവിതം പുതുമയുള്ളതായിരുന്നു..
നൊടിയിടയിലെ മായാജാലം പോലെ ആയിരുന്നു എന്റെ ഉയർച്ചകൾ ..
ആഗ്രഹിച്ച പ്രൊഫഷൻ പഠിച്ചു നേടി..കൂടെ നല്ല ജോലിയും..
ജോലിക്കിടയിലെ ഏകാന്തതയിൽ ഞാൻ വീണ്ടും എഴുത്തിനെ കൂട്ടുപിടിച്ചു..
വീട്ടുകാർ വേണ്ടെന്ന് തറപ്പിച്ചു പറഞ്ഞു.. എന്റെ പ്രശ്നങ്ങൾക്കെല്ലാം കാരണം എഴുത്തായിരുന്നല്ലോ...
പക്ഷേ ഞാൻ എഴുതാൻ തുടങ്ങി എനിക്കെന്തോ എഴുതാനാണ് തോന്നിയത്.. എഴുതുന്നതിൽ നിന്നും സന്തോഷം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിരുന്നു..
മറ്റൊരാളെ ഒരു തരത്തിലും ശല്യപ്പെടുത്തതോ.. ബുദ്ധിമുട്ടുണ്ടാക്കാത്തതോ ആയ കാര്യത്തിൽ നിന്നും, എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നെങ്കിൽ ഞാനെന്തിന് അന്ധകാരം നിറഞ്ഞ ഭൂതകാലത്തേ ഓർത്ത് ആ സന്തോഷം വേണ്ടെന്ന് വയ്ക്കണം ??
ഞാൻ എഴുതി.. ദൈവ നിശ്ചയമാണോയെന്ന് അറിയില്ല..പുതിയ ഒരു ലോകത്തേക്കുള്ള ചുവടുവെയ്പ്പായിരുന്നു അത്..
എന്റെ എഴുത്തുകൾ ജനകീയമാക്കാൻ തുടങ്ങി.. കഥാസമാഹാരങ്ങൾ ബുക്കുകളാക്കാൻ പല പബ്ലിക്കേഷൻ സ്ഥാപനങ്ങളും എന്നെ സമീപിച്ചു..
അങ്ങനെ ഞാൻ ചെറിയ എഴുത്തുകാരനായി... വീണ്ടും എഴുതി.. എഴുതിയവയെല്ലാം ബുക്കുകളാക്കി ... എല്ലാം തന്നെ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു..
കേരള സാഹിത്യ അക്കാദമി അവാർഡ്, കഥാ പീഠം പുരസ്കാരം തുടങ്ങിയ നേട്ടങ്ങൾക്കെല്ലാം ഞാനാർഹനായി...
ചുരുങ്ങിയ കാലയളവിൽ എന്റെ കഥകൾ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി..
അങ്ങനെ ജോലിയിൽ നിന്നും റിസൈൻ ചെയ്ത് ഫുൾടൈം നോവലിസ്റ്റായി ഞാൻ മാറി..
എന്റെ നോവലുകൾ സിനിമകളായി.. സിനിമകൾ വൻ വിജയം നേടി..
അങ്ങനെ ഞാൻ തിരക്കഥകൾ എഴുതാൻ തുടങ്ങി... അവയെല്ലാം സിനിമകളായി..
വീണ്ടും അവാർഡുകൾ !!
കേരള സ്റ്റേറ്റ് ചലചിത്ര അക്കാദമി അവാർഡ് ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ അവാർഡ്...
ഒരിക്കൽ എന്റെ തിരക്കഥ എന്നോട് തന്നെ സംവിധാനം ചെയ്യാൻ ആവശ്യമുയർന്നു.. ഞാൻ സംവിധാനം ചെയ്തു.. ഒന്നല്ല..രണ്ടല്ല.. 12 കൂടുതൽ സിനിമകൾ...
സമൂഹത്തിൽ ഞാൻ ഡയറക്ടർ എന്ന രീതിയിലും അറിയപ്പെടാൻ തുടങ്ങി..
എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടായി.. സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന നിർദേശത്തോടെ പലരും മുന്നോട്ടുവന്നു..
സ്നേഹത്തോടെയുള്ള അവരുടെ വാക്ക് ഞാൻ കണ്ടില്ലെന്ന് നടിച്ചില്ല.. ഞാൻ അഭിനയിച്ചു.. എന്റെ സിനിമകൾ തീയേറ്ററുകളിൽ കൈയ്യടി നേടി...
വീണ്ടും എന്റെ പ്രശസ്തി ഉയർന്നുകൊണ്ടിരുന്നു അതിൽ ഞാൻ അഹങ്കരിച്ചിരുന്നില്ല.. കാരണം വന്ന വഴികളെല്ലാം എനിക്കറിയാമായിരുന്നു...ഇടയ്ക്കതെല്ലാം ഓർക്കാറുമുണ്ടായിരുന്നു... പ്രണയ നൈരാശ്യത്താൽ ജീവിതമില്ലാതെ ആകേണ്ടിയിരുന്ന ഞാനാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ പ്രശസ്തിയിലും അംഗികാരത്തിലും വന്ന് നിൽക്കുന്നത് !!!
ഞാൻ ആലോചിക്കുകയായിരുന്നു...എത്ര ചെറുപ്പക്കാരാണ് ഇങ്ങനെ നഷ്ട പ്രണയത്തിന്റെ പേരിലോ, പ്രണയിച്ച പെൺകുട്ടിയെ ലഭിക്കാത്തതിന്റെ പേരിലോ സ്വയം മരണം വിധിച്ച് ലോകത്തോട് വിട പറയുന്നത്.. ആർക്കറിയാം അവരിൽ ഏറ്റവും ഡോക്ടറും എഞ്ചിനീയറും ശാസ്ത്രജ്ഞന്മാരും ഉണ്ടാകുമെന്ന് ??
വിരഹത്തിൽ ജീവൻ പൊഴിക്കാൻ ശ്രമിക്കുന്നവർക്കും ... ലഭിക്കാത്ത സ്നേഹത്തിന്റെ പേരിൽ ആത്മഹത്യ തിരഞ്ഞെടുക്കാൻ തുനിയുന്നവർക്കും എന്റെ ജീവിതം ഒരു പ്രചോദനമാകുമെന്ന് തോന്നി..
എന്റെ കഥ ഞാൻ ബുക്ക് ആയി പബ്ലിഷ് ചെയ്തു... വീണ്ടും ഞാൻ പ്രശംസയ്ക്ക് പാത്രമായി...
പലരും എന്റെ വാക്കുകളിലെ പ്രചോദനം ഉൾക്കൊണ്ടു.. ചിലർ എന്റെ എഴുത്തിൽ പ്രചോദനാത്മകതയുണ്ടെന്ന് പ്രഖ്യാപിച്ചു...
ബുദ്ധിമുട്ടിൽ വലയുന്ന ചിലർ ആശ്വാസത്തിനായി എന്നെ ബന്ധപ്പെട്ടു.. ഞാൻ എന്റെ വാക്കുകളിലൂടെ അവർക്ക് സ്വന്തനമേകി..
കൂടുതൽ പേർ വന്നു തുടങ്ങി... എല്ലാവർക്കുമായി ക്ലാസുകൾ സംഘടിപ്പിച്ചു.. ഒട്ടേറെപ്പേരെ എന്റെ വാക്കുകളിലൂടെ നഷ്ട പ്രണയത്തിന്റെ വേദനയിൽ നിന്ന് മുക്തി നേടിയെന്നതിൽ ഞാൻ അത്യധികം സന്തോഷിച്ചു..
ഞാൻ കൂടുതൽ ക്ലാസ്സുകളിൽ ഏർപ്പെട്ടു.. ചുരുക്കം കാലയളവിൽ എല്ലാവരും എനിക്ക് മറ്റൊരു പട്ടം കൂടി ചാർത്തി തന്നു..
'ബെസ്റ്റ് മോട്ടിവേഷണൽ സ്പീക്കർ !! '
ദിനംതോറും ആളുകൾ എന്റെ പ്രശസ്തി വാഴ്ത്തി പാടിക്കൊണ്ടിരുന്നു.. അതിൽ ഞാൻ അഹങ്കരിച്ചില്ല.. പകരം സന്തോഷിച്ചു.
ആ സന്തോഷം ഒരിക്കലും ചെറിയ പ്രായത്തിൽ തന്നെ ചാർട്ടേഡ് അക്കൗണ്ടന്റ്,നോവലിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ, ഡയറക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ പദവിയെല്ലാം നേടി എന്നതുകൊണ്ട് ആയിരുന്നില്ല..
മറിച്ച് എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു മനുഷ്യനായി തീർന്നെന്നതിൽ ആയിരുന്നു
പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കുമ്പോഴും, കൈത്തണ്ട മുറിച്ച് ആശുപത്രിയിലെ മരണക്കിടക്കയിൽ കിടന്ന പഴയ എന്നെ ഞാൻ തിരിഞ്ഞ് നോക്കാറുണ്ട്.. സ്വയം ചോദിക്കാറുണ്ട്
'അന്ന് മരിച്ചിരുന്നെങ്കിലോ ?? '
അതങ്ങനെയാണ് എല്ലാം അവസാനിച്ചെന്ന് നമ്മൾ കരുതുന്നിടത്തു നിന്നാകും യഥാർത്ഥ ജീവിതം തുടങ്ങുന്നത്..
കല്യാണം കഴിച്ച് ഒരു കുടുംബ ജീവിതം തുടങ്ങി കൂടെ എന്ന അച്ഛന്റെ ചോദ്യത്തിന് അകമ്പടി ആയുള്ള അമ്മയുടെ ആധി നിറഞ്ഞ കണ്ണുകൾ മൗനമായി എന്നോട് ഒരു ചോദ്യം ചോദിക്കുന്നതായി തോന്നി...
' ഇനിയും അവളെ ഓർത്തിരിക്കുകയാണോ ? '
ആ ചോദ്യത്തിനുള്ള ഉത്തരം സ്വയം മനസ്സിൽ പറഞ്ഞു... 'നഷ്ടപ്പെട്ടവയെ ഓർത്തിരിക്കേണ്ടതില്ല.. കാരണം നഷ്ടപ്പെട്ടതൊന്നും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ല.. അതുകൊണ്ടാണ് നഷ്ടമായി പോയത് '
അച്ഛന്റെയും അമ്മയുടെയും മുൻപിൽ നിന്ന് ചിരിയോടെ ഒഴിഞ്ഞു പോയെങ്കിലും അവരുടെ ആഗ്രഹത്തെ മകന്റെ കടമയെന്ന രീതിയിൽ കാണുകയും സഫലമാക്കി കൊടുക്കണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു.
മനസ്സിൽ ആദ്യം വന്ന രൂപം എന്റെ സ്നേഹം നിഷേധിച്ചവളുടെയല്ല... പകരം ഞാൻ സ്നേഹം നിഷേധിച്ചവളുടേതായിരുന്നു.. പഴയ ആ കൂട്ടുകാരിയുടേത് !!
പ്രണയാഭ്യർത്ഥന ഞാൻ നിരസിച്ചതിനു ശേഷവും അവൾ ഒരിക്കലും എന്നെ കാണാത്ത പോലെ നടിച്ചില്ല... എപ്പോഴും ഒരു കൂട്ടുകാരനെന്ന രീതിയിൽ സൗഹൃദം മുറുകെ പിടിച്ചിരുന്നു.. അവളുടെ ഒരു അദൃശ്യ സാന്നിദ്ധ്യം എനിക്കെന്നും അനുഭവപ്പെട്ടിരുന്നു..
അവളുടെ സ്നേഹം എന്തുകൊണ്ട് ഞാൻ കണ്ടില്ലെന്നതിന്റെ ഉത്തരം ഇന്നും എനിക്കന്യമാണ്...
അവളുടെ ആ പഴയ ഇഷ്ടം പവിത്ര സ്നേഹത്താൽ ഇന്നും കൈമോശപ്പെട്ടിട്ടില്ലെങ്കിൽ അവളെ നഷ്ടപ്പെടുത്തി കളയരുത് എന്ന് തോന്നി...
അവളെ സമീപിച്ചു... കാര്യം ചോദിച്ചു.. അവളുടെ മറുപടിയിൽ ഞാൻ ഇല്ലാതെയായി.
"പഴയ പ്ലസ്ടുകാരനാണെന്റെ മുൻപിലെങ്കിൽ കണ്ണുംപൂട്ടി സമ്മതിച്ചതിനെ ... പക്ഷേ നീ ഇപ്പോൾ വലിയ ഒരാളാണ്.. സമൂഹത്തിൽ പദവിയോടെയും പ്രശസ്തിയോടെയും അംഗീകാരത്തോടെയും അറിയപ്പെടുന്ന ഒരാൾ ... എന്നെ പോലുള്ള ഒരു സാധാരണ പെൺകുട്ടി ഇങ്ങനെ ആഗ്രഹിക്കുന്നത്
അത്യാഗ്രഹം ആകില്ലേ ?? "
സത്യത്തിൽ എനിക്ക് സ്വയം ചെറുതായെന്ന് തോന്നി... കാലങ്ങൾക്കു ശേഷവും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും എന്നോടുള്ള സ്നേഹം ഇല്ലാതായിട്ടില്ല അവൾക്ക്...
അവളുടെ സ്നേഹത്തിനു മുൻപിൽ ഞാൻ എത്രയോ ചെറുതാണ്...
പ്രശസ്തി എന്ന വാക്യത്തെ കൂട്ടുപിടിച്ച് എന്നെ കളിയാക്കിയതാണോയെന്ന് ചോദിക്കണമെന്നു കരുതി പക്ഷേ ചോദിച്ചില്ല... ഇങ്ങനെ പറഞ്ഞു
"എത്ര വലുതായാലും .. എത്ര പ്രശസ്തി നേടിയാലും ..ഞാൻ, ഞാൻ തന്നെയായിരിക്കും.
പഴയ ആ പ്ലസ്ടുകാരൻ എന്നിൽ നിന്ന് എവിടെയും പോയിട്ടില്ല.. എന്നെ ഇഷ്ടമാണെങ്കിൽ സമ്പത്തും വലിപ്പവും പ്രശസ്തിയൊന്നും നീ കാര്യമാക്കേണ്ട ..
അവയൊക്കെ എന്നിലേക്ക് വന്നത് നിനക്ക് ശേഷമാണ്...എന്നോടുള്ള നിന്റെ സ്നേഹം മൊട്ടിട്ടതിനു ശേഷമാണ്.. അതുകൊണ്ട് എന്റെ കൂടെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ സമ്മതമാണെങ്കിൽ നിനക്ക് എന്റെ ജീവിതത്തിലേക്ക് വരാം "
അതൊരു തുടക്കമായിരുന്നു... പിന്നീട് ഞാൻ ജീവിച്ചു.. അല്ല ഞങ്ങൾ ജീവിച്ചു !!!
മനസ്സിലെ പഴക്കംചെന്ന ഉണങ്ങിയ വിരഹത്താൽ ഉണ്ടായ മുറിപ്പാടിൽ എന്റെ പ്രിയതമ ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ലേപനം പുരട്ടി ..
ഞങ്ങൾ പ്രണയിച്ചു..
ഞാൻ അറിഞ്ഞ പ്രണയമല്ല യാഥാർത്ഥ്യമെന്ന് എനിക്ക് അവൾ ബോധ്യമാക്കി തന്നു ..
സ്നേഹവും.. സ്നേഹിക്കപ്പെടാനുള്ള കാത്തിരിപ്പും.. ത്യാഗവുമെല്ലാം നിറഞ്ഞതാണ് ആത്മാർത്ഥ പ്രണയമെന്ന് എന്നെ അവൾ പഠിപ്പിച്ചു.. അവളുടെ ആ അത്മാർത്ഥ പ്രണയം എനിക്ക് അവൾ കൈമാറി...
പ്രണയ മധുരം നിറഞ്ഞ ദിനങ്ങൾ ആയിരുന്നു പിന്നീട് ..
അവളുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ പറഞ്ഞു..
"അടുത്ത എന്റെ സിനിമയിലെ നായകൻ ഉണ്ണി മുകുന്ദനാണ്.. "
"ഹോ അതെയോ .. " അവളുടെ മൃദുലത നിറഞ്ഞ കൈകൾ എന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു..
ഞാൻ കളിയോടെ ചോദിച്ചു.
" എന്നെ കാണാൻ ഉണ്ണി മുകുന്ദനേക്കാൾ ഭംഗി യില്ലേ ?? "
അവൾ നീട്ടി ഒന്നു ചിരിച്ചു..ഞാൻ വീണ്ടും ചോദിച്ചു.
"എന്താ ഇല്ലേ .. ഏഹ് ?? "
ചിരിയടക്കി അവൾ പറഞ്ഞു.
" ഉണ്ട് .. ഉണ്ട് ഉണ്ണി മുകുന്ദനേ...ക്കാൾ ഭംഗിയുണ്ട് "
ഞങ്ങളൊരുമിച്ച് ചിരിച്ചു..
അവളുടെ വാക്കുകളിൽ കള്ളം ഇല്ലായിരുന്നു.. എന്നെ കാണാൻ ഉണ്ണിമുകുന്ദനെകാൾ ഭംഗിയുണ്ടായിരുന്നു.
അത് പക്ഷേ മറ്റുള്ളവർക്കല്ല .. അവൾക്ക് മാത്രം !!
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കി..
ജീവിതം ചിലപ്പോൾ വൈരൂപം നിറഞ്ഞതും ദുർഘവുമാണെന്ന് തോന്നാം... അല്ലെങ്കിൽ നഷ്ടപ്രണയം ജീവിതത്തിന്റെ ഭംഗി നഷ്ടപ്പെടുത്തി, ജീവിതത്തെ വൃത്തിഹീനമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ടായേക്കാം..
പക്ഷെ ആ വൃത്തിഹീനമായ രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ഒരുപാട് സൗന്ദര്യാത്മകമായ അംശങ്ങൾ കാണാൻ കഴിയും.. അവയുടെ പിൻബലത്തിൽ ശുഭാപ്തിവിശ്വാസത്തോടെ മുൻപോട്ടു പോയാൽ ജയിക്കാതിരിക്കാൻ ആകില്ല..
പ്രണയനൈരാശ്യത്തോടെ ജീവിതം പാഴായി.. പടുകുഴിയിലായി എന്നൊക്കെ കരുതുന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലെന്നാണ് ഞാൻ പഠിച്ച പാഠം..
ഒരു തരത്തിൽ എല്ലാവരുടെയും ജീവിത യാത്രയിൽ ഒരുവൾ ഉണ്ടായേക്കും...
ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന് .. ഏകാന്തതയെ ആനന്ദപൂർണമാക്കി.. നിശബ്ദതയെ സംഗീതംകൊണ്ട് നിറച്ച് .. അവസാനം ഒരു നിഴൽപോലെ എങ്ങോ മറഞ്ഞു പോകും..
ഇത്തരത്തിൽ നിയന്ത്രണവിധേയമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങളിലൂടെ നമ്മൾ കടന്നു പോകേണ്ടിവരും.. അവയ്ക്കു മുൻപിൽ സ്വമരണം വരിച്ച് കീഴടങ്ങുന്നത് വിഡ്ഢിത്തമാണ്...
പകരം നിഷേധാത്മക ചിന്തകൾക്കും വിഷാദഭാവത്തിനും ഇടം കൊടുക്കാതെ സന്തോഷജന്യമായ പുതിയ ഒരു തുടക്കത്തിനായി പരിശ്രമിക്കുക...
ഒരു രണ്ടാമുദയത്തിനായി പോരാടുക...
അതിനുള്ള മനസ്സും ക്ഷമയും ഉണ്ടാക്കുക.. ചിലപ്പോൾ ആ പരിശ്രമത്തിൽ തികഞ്ഞ പരാജയം സംഭവിച്ചേക്കാം.. പക്ഷെ സാധ്യത ചിന്ത ഒരിക്കലും കൈവെടിയരുത് വീണ്ടും പരിശ്രമിക്കുക അത്ഭുതകരമായ മാറ്റങ്ങൾ കാണാം !!
അവസാനമായി ഇത്രയേ പറയാനുള്ളൂ.. നിങ്ങൾ ജീവിതത്തിന്റെ എത്ര മോശം സ്ഥിതിയിലാണെങ്കിലും ഇതോർക്കുക..
നിങ്ങൾ എവിടെയാണെങ്കിലും എങ്ങനെയാണെങ്കിലും ഒരു രണ്ടാമുദയം സാധ്യമാണ്.. ഞാനാണ് ഉറപ്പ്.. എന്റെ ജീവിതമാണ് ഉറപ്പ് !!
-വിച്ചു