Read New Doors by വിച്ചു in Malayalam Motivational Stories | മാതൃഭാരതി

Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

പുതിയ വാതിലുകൾ



കാർമേഘങ്ങൾ ഒഴിഞ്ഞുതുടങ്ങി... മഴ നിന്നെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. ശരീരമാകെ നനഞ്ഞ് ഈറനായതുകൊണ്ട് തണ്ണുപ്പ് ദേഹത്തിൽ നിന്നും വിടാതെ നിന്നു...
സെമിത്തേരിയിൽ വെച്ച് ഫാദർ പ്രാർത്ഥന ചൊല്ലുമ്പോഴും ഞാൻ കരഞ്ഞില്ല. ഞാൻ കരയുന്നത് അമ്മച്ചിക്ക് ഇഷ്ടമല്ല. കരയുമ്പോഴൊക്കെ അമ്മച്ചി പറയാറുണ്ട്
"ആൺപിള്ളേരായാൽ കുറച്ച് തന്റേടമൊക്കെ വേണം.. ഇങ്ങനെ കരയാൻ പാടില്ല".

ഇനി തനിച്ചാണ്...തനിക്ക് ആരുമില്ല, അപ്പച്ചനോടൊപ്പം ഇപ്പോൾ അമ്മച്ചിയും... ഓർത്തപ്പോൾ വീണ്ടും നെഞ്ച് പിടഞ്ഞു. പക്ഷെ കരഞ്ഞില്ല.അമ്മച്ചിയ്ക്ക് വിഷമമായാലോ അവസാന നിമിഷത്തിൽ പോലും അമ്മച്ചിയെ വിഷമിപ്പിച്ചു കൂടാ...
തന്റേടത്തോടെ നിൽക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടിരുന്നു.
കെട്ടിയിറക്കിയ കുഴിയിലെ പെട്ടി നനഞ്ഞ മണ്ണുകൊണ്ട് മറഞ്ഞു തുടങ്ങിയപ്പോൾ കുഴഞ്ഞു താഴെ വീഴുന്നുമോയെന്നു ഭയന്നു.
പെട്ടെന്ന് തണുപ്പ് ദേഹത്തിൽ നിന്നും അകന്നു പോകുന്നതൊരു ആശ്വാസത്തോടെ അറിഞ്ഞു. അദൃശ്യമായ കൈകൾ എന്നെ ആലിംഗനം ചെയ്യുന്ന പോലെ... അത് അമ്മച്ചിയുടെതാണെന്ന് എനിക്ക് തോന്നി. അപ്പച്ചനെ അടക്കുമ്പോഴും അമ്മച്ചി എന്നെ ഇരുകൈകൊണ്ടും കെട്ടിപ്പിടിച്ചിരുന്നു. ഞാൻ കരച്ചിലിന്റെ വക്കിലെത്തിയെന്ന് എനിക്ക് ബോധ്യമായി. ഫാദർ അടുത്തു വന്ന് എന്നെ ചേർത്തുപിടിച്ചു. കടിച്ചുപിടിച്ച് നിർത്തിയ കണ്ണുനീർ അണപ്പൊട്ടിയൊഴുകി. എന്റെ ശ്യൂന്യമായ ഏങ്ങലടികൾ ആളൊഴിഞ്ഞ സെമിത്തേരിയിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

വെയിൽ തീരെ മാഞ്ഞു കഴിഞ്ഞിരുന്നു... ഇരുട്ടു നിറഞ്ഞിട്ടില്ല..ആകാശം നിറം മങ്ങി നിൽക്കുന്നു. ഏറെനേരം വാടകവീട്ടിലെ ഉമ്മറപ്പടിയിൽ അങ്ങനെ ഇരുന്നു.
ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. പലപ്പോഴും ആ ഉത്തരത്തിലാണ് പലരും ജീവിതത്തിൽ മുന്നോട്ടു പോകുന്നതെന്നു തോന്നുന്നു.
തുടയ്ക്കും തോറും വീണ്ടും കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് അസഹ്യമായി തോന്നി. അയൽവക്കത്തുള്ളവർ കഴിക്കാൻ ഭക്ഷണം കൊണ്ടു വരട്ടെയെന്ന് ചോദിച്ചു. മനസ്സിന്റെ വേദന കൊണ്ട് നാവിനു ചലിക്കാൻ കഴിഞ്ഞില്ല.ശബ്ദം തൊണ്ടക്കുഴിയിൽ പിടഞ്ഞുവീണു. മൂന്നുനേരം ഉണ്ണാൻ പാടുപ്പെടുന്ന അവർ തനിക്കായി സഹായകരങ്ങൾ നീട്ടുമ്പോൾ എവിടെയൊക്കെയോ മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്ന് അത്ഭുതത്തോടെ ഓർത്തു. കൊണ്ടുവന്ന ഭക്ഷണത്തെയും പൂർണ്ണമനസ്സോടെ നൽകിയ അവരാൽ കഴിയുന്ന തുകയെയും നോക്കി. വേദനനിറഞ്ഞ മന്ദഹാസം എന്നിലുണ്ടായി. എന്റെ അവസ്ഥ ഓർത്തു പോയതാണ്.
ജീവിതം എന്താണെന്നത് എനിക്ക് കൃത്യമായി അറിയില്ല, എന്നാൽ എന്തല്ലയെന്ന് ഈ പതിനെട്ടു വയസിനുള്ളിൽ എനിക്ക് കൃത്യമായി അറിയാം. എത്ര പെട്ടെന്നാണ് താൻ എല്ലാമുള്ളവനിൽ നിന്നും എല്ലാവരുമുള്ളവരിൽ നിന്നും ഒന്നുമല്ലത്തവനായി ആരുമില്ലാത്തവനായി മാറിയത്. ആഡംബരത്തിൽ നിന്നും ഇല്ലായ്മകളിലേയ്ക്കു വീണത്. കൗമാരത്തിന്റെ ഉത്സാഹത്തിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷാദമൂടുപടമണിഞ്ഞത്.
ഒരു കാര്യം ശരിയാണ് ജീവിതത്തിൽ സ്വത്തും പണവും ബന്ധങ്ങളും ഒന്നും ആരുടേയും സ്വന്തമല്ല. ഒരു നിശ്ചിതകാലഘട്ടം കഴിഞ്ഞാൽ അവയെല്ലാം നമ്മെ വിട്ടു പോകും. പിന്നെയും നമ്മൾ ജീവിക്കേണ്ടിവരും ആരുമില്ലാതെ ഒന്നുമല്ലാതെ എന്തിനെന്നറിയാത്ത ജീവിതം!
അടച്ചുവെച്ച മൂടി മാറ്റി ഭക്ഷണം എടുത്തു. അതിയായ വിശപ്പുണ്ടായിരുന്നു പക്ഷേ എന്തുകൊണ്ടോ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല.. അവിടെ അടഞ്ഞിരിക്കുന്ന പോലെ. ചിലപ്പോഴൊക്കെ അങ്ങനെയാണ് നമുക്ക് ഒരു കാര്യം ചെയ്യണം എന്ന് തീരുമാനം ഉണ്ടാകും തീഷ്ണമായ ആഗ്രഹിക്കുന്നുണ്ടാകും പക്ഷെ നമ്മെ കൊണ്ട് കഴിയുന്നുണ്ടാകില്ല.. സാഹചര്യം അനുവദിക്കുന്നുണ്ടാകില്ല. വീണ്ടും ചോറ് കുഴച്ച് കഴിക്കാൻ ശ്രമിച്ചപ്പോൾ തലേന്ന് ദീനമായി കിടന്നിരുന്ന അമ്മച്ചിക്ക് വാരി കൊടുത്തത് ഓർമവന്നു. ഒലിച്ചു വന്ന കണ്ണുനീർ തുടച്ചു മാറ്റി. അമ്മച്ചി പറഞ്ഞു തന്നിട്ടുണ്ട് ആഹാരത്തിനു മുൻപിലിരുന്ന് കരയാൻ പാടില്ല.. ആഹാരത്തെ നിന്ദിക്കുന്നതിനു തുല്യമാണത്. കഴിച്ചെന്നു സ്വയം വരുത്തി തീർത്ത് എഴുന്നേറ്റു.

ഉമ്മറത്തു നിന്ന് നിലാവിലേക്ക് നോക്കി. വെളിച്ചം താഴെ നിഴൽപ്പാടുകൾ വീഴ്ത്തിയിരുന്നു. നടക്കുന്ന സംഭവമെന്നപോലെ പൂർവ്വകാലം മനസിൽ തെളിഞ്ഞു വന്നു. എത്ര ആഡംബരം നിറഞ്ഞ ജീവിതമായിരുന്നു. വലിയ വീട്, പത്ത് തലമുറയ്ക്ക് കഴിയാനുള്ള സ്വത്തുവകകൾ!
റബ്ബർ ഏസ്റ്റേറ്റുകൾ, കാപ്പിത്തോട്ടങ്ങൾ, ഷോപ്പിംഗ് കോമ്പ്ലസുകൾ, സിനിമ തിയ്യറ്ററുകൾ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അപ്പച്ചന്റെതെന്നു പറയാൻ. അജ്ഞാതമായ ഏതോ ഒരു കോണിൽ നിന്നും ചതി വിഴുങ്ങുകയായിരുന്നു എല്ലാം! ആരുടെയോ ചതിയിൽ അപ്പച്ചന് എല്ലാ സ്വത്തുക്കളും നഷ്ടമായി. വീടടക്കം എല്ലാ സ്വത്തുവകകളും ജപ്തി.. മുഖം നോക്കുന്ന കണ്ണാടിക്ക് പോലും ജപ്തി!
വഞ്ചനയുടെ കടുത്ത വേദനയിൽ അപ്പച്ചൻ എന്നെയും അമ്മച്ചിയേയും തനിച്ചാക്കി പോയി. ഞാനും അമ്മച്ചിയും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. പിന്നീടുള്ള ദിനങ്ങളൊന്നും ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്തതാണ്. ആഡംബരം നിറഞ്ഞ ജീവിതത്തിൽ നിന്നും ദാരിദ്ര്യത്തിന്റെ ഒരു കോണിലേയ്ക്ക് ഏറിയപ്പട്ടു. അമ്മച്ചി അടുത്തുള്ള വീടുകളിൽ വീട്ടുപണിക്കുപോയി എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. അമിത ജോലിഭാരം കൊണ്ടും സദാസമയം ഉള്ള വിഷമചിന്തകൾ കൊണ്ടും അമ്മച്ചിയുടെ നില വളരെ മോശമായി തുടങ്ങി. അമ്മച്ചിയ്ക്ക് ദീനം പിടിപ്പെട്ടു കിടപ്പിലായി. അതെന്നെ വീണ്ടും തളർത്തി. പഠനം മുടങ്ങി...തൊഴിൽ തേടി അലഞ്ഞു.. പതിനേഴുവയസ്സുകാരന് എന്തു വലിയ ജോലി ലഭിക്കാനാണ്..? ആര് തൊഴിൽ കൊടുക്കാനാണ്..?
തേടിപ്പിടിച്ച ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് കിട്ടുന്ന തുക, അമ്മച്ചിയുടെ ചികിത്സയ്ക്ക് തന്നെ വേണ്ടിയിരുന്നു..
അമ്മച്ചിയെ പട്ടിണി കിടക്കാത്താൻ പറ്റില്ല.. ദീനമല്ലേ.. അതുകൊണ്ട് ഞാൻ പട്ടിണി കിടക്കുമായിരുന്നു. വിശപ്പകറ്റാൻ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോൾ പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്.
അമ്മച്ചിയ്ക്കു ഭക്ഷണം കൊടുക്കാൻ പോലും കയ്യിൽ കാശില്ലാതെയായി.. അവസാനം അമ്മച്ചിയ്ക്കു വേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടാൻ തീരുമാനിച്ചു.. അപ്പോഴേയ്ക്കും ദീനം മൂർശ്ശിച്ച് അമ്മച്ചിയും എന്നെ വിട്ടുപോയി.
അമ്മച്ചി ഇന്ന് കൂടെയില്ലെന്ന് ഓർത്തപ്പോൾ മനസ്സിടിയുന്ന പോലെ തോന്നി.


പിറ്റേന്ന് സെമിത്തേരിയിൽ അപ്പച്ചനും അമ്മച്ചിയ്ക്കും മുമ്പിൽ മെഴുകുതിരി വെച്ച് പ്രാർത്ഥിച്ചു. അപ്പച്ചന്റെ സഹായം കൊണ്ട് ജീവിതത്തിൽ രക്ഷപ്പെട്ട ഒരുപാട് പേരുണ്ട് പള്ളിയിൽ.. എന്റെ തൊട്ടടുത്തൊക്കെ തന്നെ. പക്ഷെ അവർക്കൊന്നും എന്നെ പരിചയമില്ലെന്ന് തോന്നുന്നു. അങ്ങനെ നടിക്കുന്നതാണോ എന്നും അറിയില്ല.
ഫാദറിനെ കണ്ടു. അദ്ദേഹം ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ ചിരിക്കാൻ ഉള്ള ഒരു അവസ്ഥയിൽ അല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം അടുത്ത നിമിഷം ആ ശ്രമം ഉപേക്ഷിച്ചു.

"ഇനി എന്നാ നീ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നേ?"

ഫാദറിന്റെ ചോദ്യത്തിന് മുന്നിൽ ഞാൻ
തലകുനിച്ചു നിന്നു. എനിക്കുത്തരം ഉണ്ടായിരുന്നില്ല.

""നിന്നെ എന്നായാലും നിന്റെ വഴിക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇനി മുതൽ പാതിവഴിയിൽ ഉപേക്ഷിച്ച നിന്റെ പഠനം പള്ളി കമ്മിറ്റി എറ്റെടുക്കും.. പിന്നെ പള്ളിവക ഓർഫനേജിലെ വാർഡൻ വേറെ ജോലി കിട്ടി പോയിരിക്കുകയാണ്. നിനക്ക് ആ ഒഴിവിലേയ്ക്ക് ചാർജെടുത്തു കയറാം. ഞാൻ എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. അപ്പോൾ താമസവും ഭക്ഷണവും അത്യാവശ്യം കയ്യിൽ പണവും ആകും""

ഞാൻ ഫാദറിനെ നന്ദിയോടെ നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഫാദർ എന്റെ ചുമലിൽ കൈവച്ചു.

""നിന്റെ അപ്പച്ചൻ ഈ പള്ളിയ്ക്ക് വേണ്ടിയും ഓർഫനേജിലെ കുട്ടികൾക്ക് വേണ്ടിയും ചെയ്തു തന്നിട്ടുള്ളത് ചെറിയ കാര്യങ്ങൾ ഒന്നുമല്ല.. നിനക്കു സംഭവിച്ച ദുരിതങ്ങളിൽ ഒക്കെ നിന്നെപ്പോലെ എനിക്കു സങ്കടം ഉണ്ട്. പക്ഷേ സങ്കടപ്പെട്ടു ഇരിക്കുന്നതു കൊണ്ട് എന്ത് കാര്യം. കർത്താവ് വിചാരിച്ചതുപോലെയല്ലേ എല്ലാം നടക്കൂ..
കർത്താവ് തന്ന ഈ ജീവിതം മുൻപോട്ടു ജീവിക്കുക. തീർച്ചയായും നിനക്ക് മുന്നിൽ പുതിയ വാതിലുകൾ തുറക്കപ്പെടും..!!""

എന്റെ നെറ്റിയിൽ കുരിശു വരച്ചു കൊണ്ടു ഫാദർ പറഞ്ഞു.

"കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ!"

***

പിറ്റേന്ന് രാവിലെ പള്ളിയിലെ പടികയറുമ്പോൾ കയ്യിൽ ഒരു ബാഗു കൂടി ഉണ്ടായിരുന്നു.
വാടകവീട്ടിൽ നിന്നും ഒഴിഞ്ഞു, ഇനി താമസം ഓർഫനേജിൽ കുട്ടികൾക്കൊപ്പമാണ്. അരമനയിൽ താഴത്തെ നിലയിലെ ഒരു വിശാലമായ മുറിയാണ് ഓഫീസ്.
കാർപ്പെറ്റിട്ട നിലം, ഇട്ടികൊണ്ടുണ്ടാക്കിയ മേശയ്ക്ക് പിന്നിൽ റിവോൾവിങ് ചെയർ. ചെയറിനു പിന്നിലെ ജനൽ കർട്ടനിട്ടു മറച്ചിട്ടുണ്ടായിരുന്നു. ജനലിനുനേർമുകളിലായി കർത്താവിന്റെ ആൾരൂപം.

ഫാദർ ഇരിക്കാൻ ആവശ്യപ്പെട്ടു.

""കൊച്ചുകുട്ടികളാണ് ഓർഫനേജിലുള്ളത്. മാതാപിതാക്കൾ നഷ്ടപ്പെട്ടവരും അവർ
ആരാണെന്ന് അറിയാത്തവരും ഒക്കെ. കുട്ടികൾക്ക് ആ തോന്നൽ ഉണ്ടാവാൻ ഇടയാകരുത്. വഴക്കു പറയാനൊന്നും നിൽക്കരുതേ.. ചെയ്യില്ലെന്ന് അറിയാം എന്നാലും പറഞ്ഞെന്നു മാത്രം.. ഒരു ചേട്ടായിയുടെ സ്ഥാനത്തുനിന്ന് അവരെ നോക്കണം പറഞ്ഞത് മനസ്സിലായോ?""

"ഉവ്വ് ഫാദർ"ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു.

ഫാദർ എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി, ഞാൻ അത് ഏറ്റു ചൊല്ലി.
ശേഷം എന്റെ നെറ്റിയിൽ കുരിശ് വരച്ചു.

**

അടുക്കളയിൽ നിന്നു ഇടവഴിയിലൂടെ ആണ് ഊണുമുറിയിലേക്കെത്തുക.അവിടെനിന്ന് ഇരുപതിമൂന്ന് കുട്ടികൾക്കുള്ള ഭക്ഷണം തിട്ടപ്പെടുത്തി ട്രോളിയിലാക്കിയാണ് കൊണ്ടുവരുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് പ്രായമുള്ള ഒരു സ്ത്രീയാണ്.
ജാൻസി എന്നാണ് അവരുടെ പേര്. കുട്ടികളോടുള്ള അവരുടെ പെരുമാറ്റം ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ഓർഫനേജിലെ കുട്ടികളിൽ അധികവും കുഞ്ഞിപ്പിള്ളേരാണ്. മുതിർന്നവർ കുറവ് മാത്രം.. കുട്ടികളുടെ കാര്യത്തിൽ എനിക്ക് സഹതാപം തോന്നി. ഭക്ഷണം നന്നേ മോശമാണ്. സമയം നോക്കി വളർത്തുമൃഗങ്ങൾക്ക് ഇട്ടു കൊടുക്കുന്നത് പോലെ എന്തെങ്കിലും ഉണ്ടാക്കി സമയമാകുമ്പോൾ നൽകുന്നു. പക്ഷേ കുട്ടികൾക്ക് അതിൽ ആരോടും പരാതിയും ഉണ്ടായിരുന്നില്ല. മിണ്ടാതെ കഴിച്ചെഴുന്നേറ്റു പോകുന്നു.
ഇരുപതു വയസ്സായിട്ടും ആരുമില്ലാതെ അനാഥനെ പോലെ കഴിയുന്നതിൽ എത്രത്തോളം എന്റെ മനസ്സ് നീറുന്നുണ്ട്.. എത്രത്തോളം ഞാൻ പ്രയാസപ്പെടുന്നുണ്ട്.. അപ്പോൾ ഓർഫനേജിലെ കുഞ്ഞികുട്ടികളുടെ കാര്യമോ? എനിക്ക് ആലോചിക്കാൻ കൂടി കഴിയുന്നില്ല.
പാവങ്ങൾ... ചെറിയ പ്രായത്തിൽ തന്നെ ഒരായുഷ്കാലത്തിനുള്ളിൽ അനുഭവിച്ചു തീർക്കേണ്ടത് എല്ലാം അനുഭവിച്ചിട്ടുണ്ടാകും!


രാത്രിയിൽ കുട്ടികൾ ഊണു മുറിയിൽ വരിവരിയായി നിൽക്കുകയാണ്.. ട്രോളിയിൽ നിന്നും പ്ലെയ്റ്റുകൾ എടുത്തു ഓരോരുത്തരായി വന്നു. ഞാൻ എല്ലാവർക്കും വിളമ്പി. മാനേജർ പറഞ്ഞ് പുതിയ വാർഡനാണ് ഞാനെന്ന് കുട്ടികൾക്ക് അറിയാം. പരിചയകുറവിന്റെ ഒരു ഭയം എല്ലാവരുടെ കണ്ണിലും ഞാൻ കണ്ടിരുന്നു.
മേശക്കിരുവശത്തുമിട്ട ബെഞ്ചുകളിൽ തിങ്ങിയിരുന്ന് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. അവർ കഴിക്കുന്നത് നോക്കി ഞാൻ അവർക്കിടയിലൂടെ നടന്നു. കുട്ടികൾ എന്നെ അത്ഭുതത്തോടെ നോക്കി. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരാൾ അവർ കഴിക്കുന്നത് നോക്കിയിരിക്കുന്നത്.
കുഞ്ഞിപ്പിള്ളേര് പോലും ഒരല്‌പം പുറത്തുപോകാതെ വൃത്തിയായി കഴിക്കുന്നു.
ഞാനോർത്തു. അവർക്ക് ഭക്ഷണത്തിന്റെ മൂല്യം അറിയാം!

കൂട്ടത്തിലെ ഒരു ചെറിയ കുട്ടി, ഇരുനിറമാണ്. ഏട്ടു വയസ്സേ കാണുകയുള്ളൂ.. ചിലപ്പോൾ അതിലും താഴെയാകാം. അവൾ കഴിക്കാതെ ഭക്ഷണത്തിലേയ്ക്ക് തുറിച്ചു നോക്കിയിരിക്കുന്നു. ഭക്ഷണം ഇഷ്ടമായി കാണില്ല.. പക്ഷേ അത് ആരോടും പറയുന്നില്ല അല്ലെങ്കിൽ ആരോടു പറയണമെന്നറിയില്ല. ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.

"എന്താ മോളേ ഒന്നും കഴിക്കാത്തത്??"

അവൾ ഒന്നും പറയാതെ തലകുനിച്ചിരുന്നു.

"മോളുടെ പേരെന്താ??"

തലകുനിച്ചു കൊണ്ടുതന്നെ അവളെന്തോ പതുക്കെ പറഞ്ഞു. പറഞ്ഞതെനിക്ക് വ്യക്തമായില്ലെന്ന് മനസ്സിലായപ്പോൾ അടുത്തിരിക്കുന്ന കുറച്ച് മുതിർന്ന ഒരു കുട്ടി ഉറക്കെ പറഞ്ഞു തന്നു.

"അന്ന എന്നാ സാറേ..."

സാർ എന്ന വിളി എനിക്കിഷ്ടമായില്ല.
മുമ്പുണ്ടായിരുന്ന വാർഡനെ അങ്ങനെ ആയിരിക്കണം വിളിച്ചിട്ട് ഉണ്ടാവുക.

"എന്നെ സാറേയെന്നൊന്നും വിളിക്കണ്ട.. ഞാൻ അത്ര വലിയ ആളൊന്നുമല്ല.. നിങ്ങളെ പോലെ ഒരു കുഞ്ഞ് അല്ലേ ഞാൻ, എന്നെ ചേട്ടായി എന്നു വിളിച്ചാൽ മതി.."

ഞാൻ കണ്ണുചിമ്മി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞപ്പോൾ അന്ന തലപൊക്കി കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു..

"ചേട്ടായി കുഞ്ഞൊന്നുമല്ല..." അന്ന പറഞ്ഞു.. അവളുടെ ചിരിക്കുന്ന മുഖത്തിന് എന്തൊരു ഓമനത്തമാണ്!

"അതേയോ.."

"ഹാ.. ചേട്ടായി വല്യ കുട്ടിയാ..."

അന്ന കൊഞ്ചി കൊണ്ടു പറഞ്ഞു. ആ കൊഞ്ചൽ കേട്ടാൽ തന്നെ, എന്താ പറയുക മനസ്സിലുള്ള വിഷമമൊക്കെ അകന്നു പോകും.

"ഭക്ഷണം ഒക്കെ മതി ആവ്ണുണ്ടോ? വയറു നിറയ്ണില്ലേ.."

ഞാൻ എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും തലയാട്ടി.

"ഇഷ്ടാവ്ണുണ്ടോ ഭക്ഷണം??"

ആരും ഒന്നും പറഞ്ഞില്ല.. ചോദ്യത്തിന്റെ അർത്ഥശ്യൂന്യതയെനിക്ക് ബോധ്യമായി.

"കഴിച്ച് കഴിഞ്ഞില്ലേ പിള്ളേരേ??"

അത് അവരാണ് ജാൻസി. വാതിൽക്കൽ നിന്നും അവർ ശകാരിക്കുന്ന രീതിയിൽ വിളിച്ചു ചോദിച്ചു.
എല്ലാവരും മുഴുവൻ കഴിച്ചു തീർത്ത് പ്ലെയ്റ്റുമായി എഴുന്നേറ്റു. കുട്ടികൾ കൊണ്ടുവന്നു കൊടുക്കുന്ന കഴുകിയ പ്ലെയ്റ്റുകൾ ട്രോളിയിൽ അടുക്കിവെച്ച് ആ സ്‌ത്രീ പോയി.
കുട്ടികളെ ഓരോരുത്തരായി അവിടെ മുറിയിലേക്ക് പോകാനൊരുങ്ങി.
ഞാൻ അന്നയ്ക്ക് കെെ വീശി ടാറ്റ കാണിച്ചു. അവൾ തിരിച്ചും എനിക്ക് ടാറ്റ തന്നു. അവളെ കണ്ട് മറ്റു കുഞ്ഞിപിള്ളേരും എനിക്ക് ടാറ്റ തരാൻ തുടങ്ങി. മുറിയിലെത്തിയപ്പോഴും അന്നയുടെ ചിരി കണ്ണിൽ നിന്നും മാഞ്ഞില്ല. എത്ര കാലങ്ങൾക്കു ശേഷമാണ് ഞാനൊന്ന് മനസ്സു നിറഞ്ഞ് ചിരിച്ചത്!

പിറ്റേന്ന് രാവിലെയും ഭക്ഷണം മോശമായിരുന്നു. ആർക്കും ഇഷ്ടമായിലെങ്കിലും എല്ലാവരും മുഴുവനും കഴിച്ചെഴുന്നേറ്റു... ഇനി കുട്ടികൾ പഠിക്കാൻ പള്ളിവകയുള്ള സ്ക്കൂളിൽ പോകും. പിന്നെ വൈകുന്നേരമാണ് വരുക.
സ്ക്കൂളിലേയ്ക്കു നടന്നു പോകുമ്പോൾ അന്ന എനിക്ക് ടാറ്റ തന്നു. കൂടെ മറ്റുള്ള കുട്ടികളും.
"ചേട്ടായി ടാറ്റാ..." അതു കേൾക്കുമ്പോൾ അവരൊക്കെ എന്റെ കൂടെ പിറപ്പുകളാണെന്ന് തോന്നിപ്പിച്ചു.
ഞാൻ കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ അസ്വസ്തനായിരുന്നു.. വളർന്നു വരുന്ന കുട്ടികൾക്ക് പോഷകാഹാരവും ഇഷ്ടപ്പെട്ട ഭക്ഷണവും ഒക്കെ നൽക്കണം.. അവരുടെ നല്ല വളർച്ചയ്ക്ക് അതെല്ലാം ആവശ്യമാണ്.
കുട്ടികൾക്കെല്ലാം നല്ല ഭക്ഷണം വേണമെന്നുണ്ട്. പക്ഷെ അവർ ആരോടും അത് പറയുന്നില്ല.. ഭക്ഷണം മാത്രമല്ല വസ്ത്രങ്ങളുടെ കാര്യവും ദയനീയമാണ്... ആരും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്നില്ല. മനേജറിനോടു നല്ല ഭക്ഷണം സൗകര്യപ്പെടുത്താൻ പറയണം.. അതിനായി മറ്റൊരു പാചകകാരിയെ കൊണ്ടുവരികയാണെങ്കിൽ അങ്ങനെ...

ഞാൻ ഇതേക്കുറിച്ച് മാനേജറുമായി സംസാരിച്ചു. എന്നാൽ മനേജറുടെ മറുപടിയിൽ ഞാൻ തൃപ്തനായിരുന്നില്ല.

"ഇതിനൊക്കെ ആവശ്യത്തിന് ഫണ്ട് വേണ്ടേ... തൽക്കാലം ഇങ്ങനെ ഒക്കെ പോകട്ടെ... വന്നിട്ടല്ലേയുള്ളൂ അപ്പോഴേക്കും..?
കൂടുതൽ കാര്യത്തിൽ നീ തലപ്പുകകേണ്ട, നീ ഒരു വാർഡൻ മാത്രമാണ്. ഇനി വേണമെങ്കിൽ തനിക്ക് വേണ്ടി നല്ല ഭക്ഷണം എത്തിക്കാം.."

മനേജറുടെ വാക്കുകൾ കേട്ട് എനിക്ക് അയാളോട് അതിയായ ദേഷ്യം തോന്നി.
എന്തുകൊണ്ട് എനിക്ക് മാത്രം.. കുട്ടികൾക്കും നല്ല ഭക്ഷണം കഴിക്കണമെന്നുണ്ടാകില്ലേ? ഓർഫനേജായാൽ ഇങ്ങനെയൊക്കെ ആണ് വേണ്ടത് എന്നുണ്ടോ? നന്നായി പെരുമാറുകയെങ്കിലും ആയി കൂടെ. സ്വന്തമെന്നു കരുതി സ്നേഹിച്ചാൽ എന്താ? പാവങ്ങളല്ലേ അവർ.. ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.
ഫാദറിനോടിതേപ്പറ്റി സംസാരിച്ചു. ഫാദറിന്റെ മറുപടിയിൽ ഒരു കാര്യം വ്യക്തമായി, സഭ
ഒരുപാട് പണം ഓർഫനേജിലെ നടത്തിപ്പിനായി നൽക്കുന്നുണ്ട്.. എല്ലാം നല്ലവർ ദാനം നൽകിയതാണ്.
മനേജർക്ക് ഫണ്ടിൽ കൈകടത്തുണ്ട്. കണക്കുകളെല്ലാം വ്യാജമാണ്.അതിനെല്ലാം ഒത്താശ ചെയ്യാൻ പാചകകാരിയും.
എല്ലാം മാറണം.. കുട്ടികൾക്ക് കിട്ടേണ്ടതെല്ലാം കുട്ടികൾക്ക് കിട്ടണം..

മാറ്റങ്ങൾക്ക് വേണ്ടിയുള്ള എന്റെ വാദം പള്ളി കമ്മിറ്റിക്ക് ബോധ്യമായി. മനേജറുടെ കൈകടത്തലുകൾ എല്ലാം വെളിയിൽ വന്നു.
രണ്ടുപേരെയും സഭ പിരിച്ചുവിട്ടു.
പുതിയ മനേജറായി എന്നെ പള്ളികമ്മറ്റി നിയമിച്ചു. ഞാൻ ആദ്യം ചെയ്ത കാര്യം കുട്ടികളോട് നല്ല രീതിയിൽ പെരുമാറാനും ഭക്ഷണം പാചകം ചെയ്യാൻ കഴിയുന്ന ഒരു പാചകാരിയെ നിയമിച്ചതാണ്. കുട്ടികൾക്കായി പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്കു കഴിഞ്ഞു. ഭക്ഷണം, വസ്ത്രം, പഠന സാമഗ്രകികൾ, മ്യൂസിക് ക്ലാസ്, സ്പോർട്സ് കിറ്റുകൾ, അങ്ങനെ മറ്റെല്ലാ കുട്ടികളെ പോലെ ഓർഫനേജിലെ കുട്ടികൾക്ക് നൽകാൻ സാധിച്ചു. തലതിരിഞ്ഞ ഈ സമൂഹത്തിൽ നല്ലവരായ ചില മനുഷ്യർ കൂടിയുണ്ടായിരുന്നു. അവരുടെ സഹായം കൊണ്ടു മാത്രമാണ് എല്ലാം..

കാലങ്ങൾ കഴിയുംതോറും കുട്ടികളുമായി ഞാൻ കൂടുതൽ അടുത്തു. ഓർഫനേജിലെ ആരുമില്ലാത്ത കുട്ടികൾ എന്നതിനുപകരം അവർ ഓരോരുത്തരും എന്റെ കൂടപ്പിറപ്പുകളായി മാറി.. അപ്പച്ചനും അമ്മച്ചിയും പോയതോടെ ആരും ഇല്ലെന്നു കരുതിയ എനിക്ക് ഒരുപാട് പേരുണ്ട് എന്റേതായെന്നു കാണിച്ചു തന്ന കാർത്താവിനെ എന്നും നന്ദിയോടെ മുട്ടിപായി പ്രാർത്ഥിച്ചു. ഓർഫനേജിനു പുതിയ പേരു നൽകി. "സ്നേഹാലയം".

ഇതിനിടയിലൂടെ തന്നെ ഞാൻ എന്റെ പാതി മുടങ്ങിയ പഠനം പൂർത്തികരിച്ചു.ജോലിക്കായി ശ്രമിച്ചില്ല.. അതിനു തോന്നിയില്ല. ഓർഫനേജിൽ മനേജറായി തന്നെ തുടർന്നു. കുറച്ചു കൂടി നന്നായി പറയുകയാണെങ്കിൽ സ്നേഹാലയത്തിൽ എന്റെ കൂടപ്പിറപ്പുകളുടെ ചേട്ടായി ആയി തുടർന്നു.

കോളേജിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടു.അവളുടെ അപ്പച്ചന് എന്റെ അപ്പച്ചനെ അറിയാം.. എന്റെ കാര്യങ്ങളും..
അവളുടെ അപ്പച്ചന് പക്ഷേ എന്റെ തൊഴിൽ ഒരു പ്രശ്നമായിരുന്നു. കുരിശിങ്കൽ വീട്ടിലെ മാത്തച്ഛന്റെ മരുമകൻ ഓർഫനേജിലെ മാനേജറാണെന്ന് പറയുന്നത് കുറവായിരിക്കും..
അദ്ദേഹത്തിന്റെ ബിസിനസ്സിൽ സഹായിയായോ പാർട്ട്ണറായോ എങ്ങനെ വേണമെങ്കിലും എനിക്കു വരാം എന്ന ക്ഷണം എനിക്കു മുൻപിൽ വെച്ചു. അങ്ങനെയാണെങ്കിൽ വിവാഹത്തിനു സമ്മതം അല്ലെങ്കിൽ എല്ലാം മറക്കണമെന്ന്!
ഞാൻ അവളോട് ഇതേപ്പറ്റി പറഞ്ഞു. അവളുടെ മറുപടി ഇങ്ങനെയായിരുന്നു.
"അപ്പച്ചനെ ഏതിർക്കാൻ എനിക്ക് കഴിയില്ല"
ആ ബന്ധം അവിടം കൊണ്ട് അവസാനിച്ചു. അവസാനിപ്പിച്ചെന്ന് വേണം പറയാൻ!

ഇതേപ്പറ്റി സംസാരിക്കാൻ ഒരു ദിവസം ഫാദർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു.

"മാത്തച്ഛനെ കണ്ട് ഞാൻ സംസാരിക്കാം.. നിന്റെ പഠിപ്പിന് പറ്റിയ തൊഴിൽ ചെയ്യുന്നതിൽ എന്താണ് തെറ്റുള്ളത്? പിന്നെ എപ്പോൾ വേണമെങ്കിലും സ്നേഹാലയത്തിലേയ്ക്കു വരാമല്ലോ.. നിന്റെ അപ്പച്ചന് നഷ്ട്ടപ്പെട്ട സ്വത്തുവകകളും വീടും എല്ലാം വീണ്ടെടുക്കണമെങ്കിൽ സ്നേഹിച്ച പെൺകുട്ടിയെ മിന്നുകെട്ടണമെങ്കിൽ നിനക്ക് നല്ലൊരു ജോലി വേണം. അതിപ്പോ മാത്തച്ഛൻ പറഞ്ഞ പോലെ ബിസ്നസ്സ് തന്നെ ആയാലെന്നാ...??
നിനക്കു നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെല്ലാം വീണ്ടെടുക്കുമ്പോഴും നീ സന്തോഷത്തോടെ ജീവിക്കുമ്പോഴുമല്ലേടാ സ്വർഗത്തിലിരിക്കുന്ന നിന്റെ അപ്പച്ചനും അമ്മച്ചിയ്ക്കും സന്തോഷമാവുക.."

ഞാൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു.

""വർഷങ്ങൾക്ക് മുമ്പ് ഈ ഓഫീസ് മുറിയിലേയ്ക്ക് ഞാൻ കയറി വരുമ്പോൾ എനിക്ക് സ്വന്തമെന്നു പറയാൻ ആരും ഇല്ലായിരുന്നു.. ഒന്നുമല്ലാത്ത എന്നെ സങ്കടകയത്തിൽ നിന്നും കൈപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചത് ഫാദറാണ്..
ആ സ്നേഹവും കടപ്പാടുമെനിക്ക് ഇന്നുമുണ്ട്.
ഞാൻ ഫാദറിനെ ധീകരിക്കുകയാണെന്ന് കരുതരുത്... അന്ന് ഫാദർ എന്നോടൊരു കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ?
ഒരു ചേട്ടായിയെ പോലെ ഓർഫനേജിലെ കുട്ടികളെ കാണണമെന്ന്!""

ഫാദർ ഒന്നും മിണ്ടിയില്ല..

""ഒരു തൊഴിൽ ചെയ്യുക എന്ന മനോഭാവത്തിൽ അല്ല ഞാനിന്നുവരെ സ്നേഹാലയത്തിൽ നിന്നേ..
ഞാൻ അവരുടെ ചേട്ടായി ആണ്. അവരെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്, അത് വേണ്ടെന്ന് വെച്ചു ഒരു എസി റൂമിലും ഫാനിന്റെ ചുവട്ടിലും ഇരുന്ന് എനിക്ക് ബിസിനസ് ചെയ്യ്ത് പണക്കാരനാകണ്ട..""

"എടാ നീ സ്നേഹിച്ച പെൺകുട്ടി..?"

"ശരിയാണ് ഫാദർ ഞാൻ അവളെ സ്നേഹിച്ചിരുന്നു.. പക്ഷെ എന്റെ താല്പര്യവും ഇഷ്ടങ്ങളും അവൾ മനസ്സിലാക്കുന്നില്ലെങ്കിൽ? ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ കെട്ടു കഴിഞ്ഞാലോ? അവൾ അവളുടെ അപ്പച്ചൻ പറയുന്ന പോലെ ചെയ്യട്ടെ.. അവൾ എനിക്കുള്ളതല്ലെന്ന് ഞാൻ കരുതിക്കോളാം!"

"ഒന്നുകൂടി ആലോചിച്ചിട്ട്..?"

"ആലോചിക്കാൻ ഒന്നുമില്ല ഫാദർ.. എനിക്ക് ശരിയെന്നു തോന്നുന്നതേ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളൂ..."

ഞാൻ ഓഫീസ് മുന്നിട്ടിറങ്ങാൻ നിന്നു, ശേഷം ഒന്നുകൂടി തിരിഞ്ഞു.

""ഫാദർ പറഞ്ഞല്ലോ എനിക്കു നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ വീണ്ടെടുക്കുമ്പോഴും ഞാൻ ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് അപ്പച്ചനും അമ്മച്ചിയ്ക്കും സന്തോഷമാവുകയെന്ന്.. ഈ ലോകത്തിലെ എനിക്ക് നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ എന്താണെന്ന് ഫാദറിനെ അറിയുമോ അത് എന്റെ അപ്പച്ചനും അമ്മച്ചിയുമാണ്..അവരുടെ സ്നേഹമാണ്! മറ്റൊന്നുമല്ല..
എല്ലാ അപ്പനും അമ്മയും സ്വന്തം മക്കൾ സന്തോഷത്തോടെ ഇരിക്കാൻ തന്നെയാണ് ആഗ്രഹിക്കുക... ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത് സ്നേഹാലയത്തിൽ ഇരിക്കുമ്പോഴാണ്. ആ സന്തോഷം തല്ലികെടുത്തികൊണ്ട് എനിക്കൊന്നും നേടണ്ട ഫാദർ.. ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് സന്തോഷവും സമാധാനവുമാണ് അത് എനിക്കുണ്ട്.. അതുമതി എനിക്ക്, അത് മാത്രം!""

അത്രയും പറഞ്ഞ് ഞാൻ ഓഫീസ് മുറിവിട്ടിറങ്ങി.
ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കി ഇരിക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു.
ഒരു പക്ഷേ ഞാനിപ്പോൾ ചെയ്തത് മറ്റുള്ളവർക്ക് തെറ്റായി തോന്നാം.. അല്ലെങ്കിൽ ഒരു പക്ഷേ തെറ്റ് തന്നെയായിരിക്കാം.
പക്ഷെ ഈ തെറ്റ് ചെയ്യുന്നതിൽ എനിക്ക് കുറ്റബോധം ഒന്നുമില്ല!
ഗ്രൗണ്ടിൽ കളിക്കുന്ന ഏഴുവയസ്സുകാരി മേരി ചിണുങ്ങി കൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടി വന്നു. അവളെ ഞാൻ കൈകളിൽ എടുത്ത് ഒക്കത്തുവെച്ചു.

"എന്തുപറ്റി മോളെ.."

"ചേട്ടായി ഞാൻ അവിടെ വീണു.. "

"സാരല്ലാട്ടോ.. സാരല്ല..പോട്ടെ.."

അവളുടെ പുറം തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.


മാസങ്ങൾ പിന്നിട്ടു...
സ്നേഹാലയത്തിലെ മ്യൂസിക് ടീച്ചറുമായി കുട്ടികളെക്കുറിച്ച് സംസാരിക്കുന്നത് കണ്ട് ഞങ്ങൾക്കിടയിൽ ഞങ്ങൾ പോലും കാണാത്ത ഒരു കെമിസ്ട്രി ഫാദർ കണ്ടുപിടിച്ചു.
ഫാദർ അവളുടെ വിട്ടുകാരുമായി സംസാരിച്ചു എല്ലാം തീരുമാനമാക്കി. ഫാദർ ഇപ്രാവശ്യം എന്നെ വിടാതെ പിടിച്ചിരിക്കുവാണ്.
ഞാൻ അവളോട് എന്നെക്കുറിച്ച് പറഞ്ഞു.. എന്റെ താൽപര്യങ്ങളും.. ഇഷ്ടങ്ങളും.. അനിഷ്ടങ്ങളും അങ്ങനെയെല്ലാം.
അവൾ തിരിച്ച് എന്നോടും അവളെക്കുറിച്ച് എല്ലാം പറഞ്ഞപ്പോൾ ഒരു കാര്യം മനസിലായി മനുഷ്യർക്കിടയിലെ കെമിസ്ട്രി കണ്ടുപിടിക്കാൻ ഫാദർ വിദഗ്‌ധനാണെന്ന്. ഞങ്ങളുടെ മന:സമ്മതം ഉറപ്പിച്ചു.


അൽത്താരയിൽ രണ്ട് ശുശ്രൂകരായ ആൺപിള്ളേരുടെ നടുവിൽ ഫാദർ വന്നു നിന്ന് കുരിശുവരച്ചു.

"അത്യൂന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും ആമേൻ!"

ഫാദർ കുർബാന തുടങ്ങി.

കർത്താവിനുമുമ്പിൽ നിൽക്കുമ്പോൾ
എന്റെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിച്ചു.
ഒരുപാട് വേദന നിറഞ്ഞ പാതയിലൂടെയുള്ളതായിരുന്നു എന്റെ ജീവിതം.. അന്നെല്ലാം ഞാൻ കരുതിയിരുന്നത് ഇതാണ് ജീവിതം, എപ്പോഴും ഇങ്ങനെ ആയിരിക്കും എന്നൊക്കെയാണ്..
പക്ഷേ ഞാൻ ഇന്ന് സന്തോഷവാനാണ്.. സമാധാനമുള്ളവനാണ്. എന്നെപ്പോലെ ദുരിതത്തിലൂടെ കടന്നുപോകുന്ന ഒരുപാട് പേർ കരുതുന്നുണ്ടാവാം ജീവിതത്തിൽ എപ്പോഴും വേദന മാത്രമേ ഉണ്ടാകു.. തങ്ങൾക്ക് ഒരു മാറ്റവും നടക്കാൻ പോകുന്നില്ലെന്ന്. അവരുടെ ചിന്ത തെറ്റാണെന്നതിന് തെളിവായി അവർക്കു മുൻപിൽ വയ്ക്കാനുള്ളത് എന്റെ ജീവിതം തന്നെയാണ്. സന്തോഷവും സമാധാനവും വന്നുചേരാൻ വൈകിയെന്ന് ഇരിക്കാം..പക്ഷെ ഒരിക്കലും വരാതിരിക്കില്ല!

വർഷങ്ങൾക്കു മുമ്പ് ഫാദർ എന്നോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. "തീർച്ചയായും നിനക്ക് മുന്നിൽ പുതിയ വാതിലുകൾ തുറക്കപ്പെടും". വളരെ ശരിയാണ്.. പല വാതിലുകളും നമുക്ക് മുൻപിൽ അടയുന്നത് പുതിയ വാതിലുകൾ തുറക്കപ്പെടാനാണ്!

ഇത് തന്നെയാണ് ഞാൻ കർത്താവിനോട് എന്നും പ്രാർത്ഥിക്കുന്നതും. വേദനയിലും ദുരിതത്തിലും അലയുന്ന എല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതിയ വാതിലുകൾ തുറക്കപ്പെടട്ടെയെന്ന്!!



- വിച്ചു



Can follow me on instagram
Insta id: vichu_writer