Read Affection by വിച്ചു in Malayalam Motivational Stories | മാതൃഭാരതി

Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

അനുരാഗം

ആകാശം നിറം മങ്ങിയിരുന്നു... ഒറ്റതിരിഞ്ഞലയുന്ന മേഘത്തിൽ നിന്നും ജലകണങ്ങൾ ഉതിരാൻ തുടങ്ങി..

ഗതി മാറി വിശിയ കാറ്റു കാരണം ആസന്നമായ മഴ ചുറ്റും ഇരുണ്ട അന്തരീക്ഷം സൃഷ്ടിച്ചെടുത്തു..

ലക്ഷ്യമില്ലാതെ പാഞ്ഞലയുന്ന കാറ്റിൽ ജലകണങ്ങൾ ഉടഞ്ഞു തകർന്ന് മുഖത്തേക്ക് തെറിച്ചു...

കമ്പിത്തുണുകൾക്കിപ്പുറം തകരക്കൂരയ്ക്കടിയിലുള്ള ബെഞ്ചിൽ നിന്നും അനങ്ങിയില്ല.. മാറിയിരിക്കാൻ തോന്നിയില്ല..

ചുരുട്ടി പിടിച്ച കൊടിയുമായി സ്റ്റേഷൻ മാസ്റ്റർ പുറത്തുവന്നപ്പോൾ ബെഞ്ചിൽ ഇരുന്ന് ഉറക്കം തൂങ്ങിയ അഞ്ചാറു യാത്രക്കാർ ചാടിയെഴുന്നേറ്റ് പ്ലാറ്റ്ഫോമിന്റെ അറ്റത്തു പോയി നിന്നു...

ആയിരം നാഴിക അകലെ നിന്നും ആളൊഴിഞ്ഞ ഈ പ്ലാറ്റ്ഫോമിലേക്ക് അപരിചിതരായ യാത്രക്കാരെയും പേറി വരുന്ന ട്രെയിനിനു വേണ്ടി കാത്തിരിക്കുമ്പോൾ.. അവളിനി ഒരിക്കലും വരില്ലെന്ന് തെല്ലൊരു വേദനയോടെ ഓർത്തു പോയി...

നഷ്ടപ്പെട്ട് കഴിഞ്ഞിട്ടും വരില്ലെന്ന് ഉറപ്പായിട്ടും വീണ്ടുമുള്ള കാത്തിരിപ്പിലെ ഓരോ നിമിഷവും വേദന നിറഞ്ഞതാണെന്ന് ഞാനറിഞ്ഞു..

ആഴ്ചയിലൊരിക്കൽ കൂക്കി കിതച്ചെത്തുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നവരിൽ അവൾ ഉണ്ടോയെന്ന് പ്രതീക്ഷയോടെ നോക്കും...

അടുത്ത നിമിഷം ഇല്ലാതെയായി പോകുന്ന ആ പ്രതീക്ഷയും മനസ്സിലിട്ട് പ്ലാറ്റ്ഫോമിന് പുറത്തേക്ക് കടക്കും... അതാണ് പതിവ് !!

വരാൻ പോകുന്ന ദാരുണമായ ഫലത്തെ പറ്റിയുള്ള മുന്നറിയിപ്പിൽ മയങ്ങി കിടക്കവേ പുക തുപ്പി ഇരമ്പി കൊണ്ട് ട്രെയിൻ ഹുങ്കാര ശബ്ദത്തോടെ വന്നു നിന്നു..

ബെഞ്ചിൽ നിന്നും എഴുന്നേറ്റു...
കണ്ണുകൾ ആൾക്കൂട്ടത്തിൽ അവളെ തിരയുന്നുണ്ടായിരുന്നു...

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള മേൽപ്പാലത്തിൽ ജനങ്ങളുടെ കോലാഹലത്തിലൂടെ അവളെ തിരയുമ്പോൾ മനസ്സ് പറഞ്ഞു.. അവൾ വരില്ല അവൾക്ക് നിന്നെ വേണ്ട...

ട്രെയിനിൽ നിന്ന് ഇറങ്ങിയവർ ബഹളമുണ്ടാക്കി കടന്നുപോയി... കയറേണ്ടവർ ധൃതിയിൽ കയറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു..

പ്ലാറ്റ്ഫോമിൽ ആളൊഴിഞ്ഞു...സ്റ്റേഷൻ മാസ്റ്റർ പച്ചക്കൊടി വീശി... ട്രെയിൻ ദയനീയമായി ചൂളമടിച്ചു നീങ്ങി... വേഗത കൂടി വന്നു... ദൂരെ ഒരു കറുത്ത പൊട്ടായി മാഞ്ഞു പോയി..


ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ചുറ്റും ഒരു വിഷാദഗാനം അലയടിക്കുന്ന പ്രതീതിയുണ്ടായി...

അതിനകമ്പടിയായി അവളെകുറിച്ചുള്ള ഓർമ്മകൾ വലയം പ്രാപിച്ചു...

ഞാനവളെ ആദ്യമായി കാണുന്നത് ഈ
പ്ലാറ്റ്ഫോമിൽ വച്ചു തന്നെയാണ്...

സമയം വൈകിയതോടെ മുന്നോട്ടെടുത്ത ട്രെയിനിലേയ്ക്ക് ഇരുകൈയിലും സ്യൂട്ട്കേസുമായി ഓടിയടുത്തപ്പോൾ...

എന്നെ പോലെ ട്രെയിൻ പിടിക്കാൻ ഓടുന്ന അവളുമായി തട്ടി കമിഴ്ന്നടിച്ചു വീണു...

അന്ന് ഞങ്ങൾ രണ്ടുപേരുടെയും മുൻപിലൂടെ ഞങ്ങളെ കളിയാക്കിക്കൊണ്ട് കൂകി വിളിച്ച് ട്രെയിൻ കടന്നുപോയി...

അതിനുശേഷം പല ദിനങ്ങളിലായും ഞങ്ങൾക്ക് മുന്നിലൂടെ ഒരുപാട് ട്രെയിനുകൾ കടന്നു പോയി... അതിനിടയിലൂടെ ഞങ്ങൾ പരിചയപ്പെട്ടു... പ്രണയിച്ചു...

കുത്തി കുത്തി ചോദിച്ചാൽ മാത്രമേ അവളെ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നുള്ളൂ..

പറയുന്ന കാര്യങ്ങളിലെല്ലാം ഒരു നിഗൂഢത നിറഞ്ഞതായും...പറയുമ്പോൾ കണ്ണുകളിൽ അസാധാരണമായി എന്തോ ഒളിച്ചു കളിച്ചിരുന്നതായും തോന്നാറുണ്ടായിരുന്നു...

പ്ലാറ്റ്ഫോമിലെ ജനങ്ങളുടെ ബഹളത്തിനിടയിലും ഞങ്ങൾ ഇരുവരുടെയും പ്രണയത്താൽ മനോഹരമായ വാക്കുകൾ ഉയർന്നുതന്നെ നിന്നു...

പെട്ടെന്ന് അവൾ എങ്ങോ അപ്രത്യക്ഷയായി.. അറിയാവുന്നിടത്തെല്ലാം അന്വേഷിച്ചു... ആർക്കും ഒന്നും അറിയില്ലായിരുന്നു...

അവളെക്കുറിച്ച് എല്ലാവർക്കും പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിൽ എനിക്ക് അത്ഭുതം തോന്നി...

എന്നും അവളെ കുറിച്ച് അന്വേഷിക്കുമായിരുന്നു...അന്നെല്ലാം നിരാശയുടെ മടിത്തട്ടിലേക്ക് തെന്നി വീഴും...

അവളുടെ മറ്റു സുഹൃത്തുക്കളുമായി ബന്ധപ്പെടാത്തതിൽ പരിതപിച്ചു... അവളെക്കുറിച്ച് ചുരുക്കം കാര്യങ്ങൾ മാത്രമേ അറിയൂ എന്നതിൽ ദുഃഖിച്ചു...

വീടിന്റെ അഡ്രസ്സ് തന്നിട്ടുണ്ട്.. വീട്ടിലാരൊക്കെ എന്നും പറഞ്ഞിട്ടുണ്ട്...അതേ അറിയുകയുള്ളൂ... അത്രമാത്രം !!

ഒരിക്കലും കണ്ടു പിടിക്കാൻ ആകാത്ത വിധം അത്ഭുതകരമായി അവൾ അപ്രത്യക്ഷയായതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് അവസാന ദിവസങ്ങളിലെ സംസാരവിഷയം ആലോചിച്ചത്...

പ്രണയ ബന്ധം വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന അത്യാഹിതങ്ങൾ ആയിരുന്നു
അവയെല്ലാം... അവൾ വീട്ടുകാരെ ഭയപ്പെട്ടിരുന്നു...

എനിക്ക് പരിഭ്രമമായി... അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു... അവൾ പറഞ്ഞു തന്ന അഡ്രസ്സിൽ അന്വേഷിച്ചു.. അങ്ങനെയൊരു അഡ്രസ്സ് തന്നെ ഇല്ല... അത് വെറും വ്യാജനാണ് !!

അവൾ എന്തിനായിരിക്കും നുണ പറഞ്ഞിട്ടുണ്ടാവുക ??

ഒരുപക്ഷേ ഞാൻ അവളിലേക്ക് ഒരിക്കലും എത്തരുതെന്ന് കരുതിയാകണം...

അങ്ങനെയെങ്കിൽ ഇങ്ങനെയൊരു പോക്ക് അവൾ മുൻകൂട്ടി കണ്ടിട്ടുണ്ട്...

അപ്പോൾ എല്ലാം.. എല്ലാം വെറും അഭിനയം !!ഞാൻ അവളുടെ വെറും സമയം പോക്കു
മാത്രമായിരുന്നു !!

കുപ്പിച്ചില്ലുകൾ ഹൃദയത്തിൽ തുളഞ്ഞുകയറിയ നിമിഷമായിരുന്നു അത്...

വിളർത്ത മുഖവുമായി പൊള്ളുന്ന നഗര മധ്യത്തിലൂടെ നടക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടിരുന്നു..

വേദനയുടെ നിറം കറുപ്പാണെന്ന് അന്ന് രാത്രി ഞാൻ മനസ്സിലാക്കി... കൂരാക്കൂരിരുട്ടിലെ കറുപ്പ് !!

ദാരുണമായ വിഷാദവും നിത്യമായ ഏകാന്തതയും ആയിരിക്കാം മിക്ക ആദ്യാനുരാഗത്തിന്റെയും അന്തിമ ഫലം...

കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പ്രശ്നം മാത്രമാണ് ഇത്.. പ്രണയനൈരാശ്യം..

എന്നാൽ അനുഭവിക്കുന്നവർക്ക് മാത്രം അത് വലിയ വേദന ഉള്ളതായി മാറുന്നു..

ആത്മാർത്ഥമായി സ്നേഹിച്ചാലും അമിതമായി വിശ്വസിച്ചാലും അവസാനം ദുഃഖിക്കേണ്ടിവരും...

മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ഓരോ വേദനയ്ക്ക് പിന്നിലും ഉണ്ടാകുന്നത് അളവില്ലാത്ത ആത്മാർത്ഥതയും അമിത വിശ്വാസവും ആകാം...

ലോകത്തിലെ എല്ലാവരുടെയും സങ്കടങ്ങൾ ഒത്തുചേർന്ന് കുത്തിയൊലിച്ച് വന്ന് ഒരാളുടേത് മാത്രമായാൽ ഉണ്ടാകുന്ന വേദന എത്രയായിരിക്കും ??

അന്നേരം നെഞ്ച് പൊട്ടി പോകും.. മരണപ്പെടാൻ ആഗ്രഹിക്കും..

പക്ഷേ ഞാൻ മരിക്കാൻ തയ്യാറല്ല..
ആഗ്രഹിക്കാഞ്ഞിട്ടല്ല...പേടി കൊണ്ടുമല്ല.. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയെങ്കിലും ജീവിക്കണം എന്നതുകൊണ്ടാണ്...

ജീവിതത്തിന്റെ ആഴങ്ങളിൽ ചോര പോലെ കട്ടപിടിച്ച് നിൽക്കുന്ന ഓർമ്മകൾ മനസ്സിലേയ്ക്ക് വന്നിറങ്ങുമ്പോൾ.. വിചാരിക്കാറുണ്ട് ഇങ്ങനെ നീറുന്ന ജീവിതം എന്തിനെന്ന്...

അടുത്ത നിമിഷം തെളിഞ്ഞുവരുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ആ ചിന്തയെ നിഷ്ഫമാക്കുന്നതുകൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു !!

സത്യത്തിൽ മരിക്കാനും ജീവിക്കാനും പറ്റാത്ത അവസ്ഥയേയാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്...

കാരണം ആ അവസ്ഥയിലെ ഓരോ നിമിഷത്തിലും മരിക്കാതെ മരിച്ചുകൊണ്ടിരിക്കും...

ചിലപ്പോഴൊക്കെ ചിന്തിക്കും മനസ്സിലെ സങ്കടവും വേദനയും പറിച്ചെടുത്ത് ഇളം കാറ്റിലേയ്ക്ക് അപ്പൂപ്പൻ താടി പോലെ ഊതി വിടാൻ കഴിഞ്ഞിരുന്നെങ്കില്ലെന്ന്...

ഒരുപക്ഷേ അതിനൊക്കെ കഴിയുന്നവർ ഉണ്ടാകാം.. എല്ലാകാര്യത്തിനേയും പ്രായോഗിമായ കാഴ്ചപ്പാടിലൂടെ കാണാൻ കഴിയുന്നവർ.. എത്ര ഭാഗ്യമുള്ളവരാണ് അവർ !!

വിണ്ടുകീറിയ ഹൃദയത്തിൽ ആദ്യമെല്ലാം അവളോട് പക സ്പന്ദിച്ചിരുന്നു... വീണ്ടുമൊരു പ്രാവശ്യം കാണാനും എന്നോട് എന്തിനിത് ചെയ്തു എന്നു ചോദിക്കാനും തീക്ഷ്ണമായി ആഗ്രഹിച്ചിരുന്നു...

എന്നാൽ ഏതൊരു കാര്യത്തിന്റെയും
മറുവശം കൂടി ചിന്തിക്കണമല്ലോ...

അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി..

ശരിക്കും അവളുടെ ഭാഗത്തുള്ള തെറ്റെന്താണ് ??

ഒരു നിമിഷത്തിൽ അവൾക്ക് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടാകും...അടുത്തറിഞ്ഞപ്പോൾ ഒരുപക്ഷേ ആ ഇഷ്ടം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടാകും..

യഥാർത്ഥത്തിൽ അതിൽ എവിടെയാണ് തെറ്റുള്ളത് ??

അവൾ ചെയ്തത് തെറ്റാണെന്ന് എങ്ങനെ പറയാൻ കഴിയും.. ഓരോരുത്തർക്കും വ്യക്തിഗതമായ താൽപര്യങ്ങൾ ഇല്ലേ ?? സ്വാതന്ത്ര്യമില്ലേ ??

അതിനെതിരെ വിരൽ ചൂണ്ടാനും തെറ്റാണെന്ന് മുദ്ര കുത്താനും ശ്രമിക്കാൻ മറ്റുള്ളവർക്ക് എന്താധികാരം ??

ഇനി.. അവൾ ചെയ്തത് തെറ്റാണെങ്കിൽ ആ തെറ്റിൽ എനിക്കും ഒരു പങ്കും ഉണ്ടായിരിക്കും..

എന്തെന്നാൽ നമ്മൾ അവസരം കൊടുക്കാതെ ആർക്കും തന്നെ നമ്മളെ ചതിക്കാനോ പറ്റിക്കാനോ വേദനിപ്പിക്കാനോ കഴിയില്ല..

അങ്ങനെ നോക്കുമ്പോൾ അവളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്ത് യുക്തിയാണ് അവകാശപ്പെടാനുള്ളത് ??

ഒരുതരത്തിൽ നൽകിയ സ്നേഹം ആത്മാർത്ഥതയുള്ളതാണെന്ന് വാദിച്ച്, അത് തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കുന്ന എന്നില്ലല്ലേ യഥാർത്ഥ തെറ്റുള്ളത് ??

ഒരു കാര്യം വ്യക്തമാണ്.. എന്തെങ്കിലും ഒന്നിനെ തിരിച്ചുംമറിച്ചും വിശകലനം ചെയ്താൽ ആ കാര്യവും അതിൽപ്പെട്ട എല്ലാവരും തെറ്റുകാരായി മാറും അല്ലെങ്കിൽ ആ കാര്യം തന്നെ തെറ്റേ..അല്ലാതെ ആയി മാറും...

മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാനും... ജീവിതയാഥാർത്ഥ്യത്തിൽ നിന്നും ഏൽക്കുന്ന
വേദന കടിച്ചമർത്തുവാനും... എല്ലാം മറന്ന് ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ മുന്നോട്ടു പോകുവാനും ഞാൻ പഠിക്കേണ്ടതുണ്ട്...

ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ അത് അനിവാര്യമാണ് !!

ഞാൻ ആലോചിക്കാറുണ്ട് എന്നെപോലെ സമൂഹത്തിലെ മിക്ക യുവാക്കൾക്കും ചിന്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ..

പ്രണയാഭ്യർത്ഥന നിരസിച്ചതു കൊണ്ടോ.. പ്രണയിച്ച ശേഷം വിട്ടകന്ന് പോയി എന്നതുകൊണ്ടോ.. ഒരു പെൺകുട്ടിക്കും

ആസിഡിന്റെ നിറുന്ന വേദനയിൽ നിന്നോ.. പെട്രോളിന്റെ ശക്തിയിൽ ജ്വലിക്കുന്ന അഗ്നിയിൽ നിന്നോ... മൂർച്ചയേറിയ കത്തിയിൽ നിന്നോ മരണം വരിക്കേണ്ടിവരില്ലായിരുന്നു !!!

ഋതുക്കളോരോന്നും മാറുന്നതിനനുസരിച്ച് എനിക്കും മാറ്റങ്ങൾ ഉണ്ടായി..

സ്വന്തം ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ
ചെയ്തുതീർക്കുന്നതിന്റെ തിരക്കിൽ അവളെക്കുറിച്ച് ഓർക്കാതിരിക്കാൻ ശ്രമിച്ചു...

വിരസത നിറഞ്ഞതാണെങ്കിലും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും പുരോഗതിക്കായി പരിശ്രമിക്കാനും മുതിർന്നതുകൊണ്ട് കാലങ്ങൾക്കിപ്പുറം ഇന്ന് നല്ലൊരു സ്ഥാപനത്തിനുടമയായി...

ഒരുപക്ഷേ നഷ്ടത്തെകുറിച്ച് ഓർത്ത് വിഷമിച്ചിരുന്നെങ്കിൽ.. എവിടെയാണോ അവിടെ തന്നെ ഇരിക്കത്തേ ഉണ്ടായിരുന്നുള്ളൂ...

ഓർക്കാപ്പുറത്ത് അടി കിട്ടുമ്പോൾ പ്രതികരിക്കാതെ പേടിച്ച് ഒളിച്ചോടുന്നതിനുപകരം...

സാഹചര്യങ്ങളെ യുക്തിപൂർവ്വം ചിന്തിച്ച് മനസ്സിലാക്കി അതിനോട് ഇഴുകി ചേർന്ന് മുന്നോട്ടു ജീവിക്കാൻ തീരുമാനിച്ചതിൽ എനിക്ക് സ്വയം അഭിമാനം തോന്നി...

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരിക്കൽ ട്രെയിനിൽ നിന്നിറങ്ങി മേൽപ്പാലത്തിലൂടെ നടക്കുമ്പോൾ എതിരെ അവൾ വരുന്നത് കണ്ടത്...

കൂടെയുള്ള സുന്ദരനായ ചെറുപ്പക്കാരൻ ആരായിരിക്കുമെന്ന് ചിന്തിക്കാൻ നിന്നില്ല...

അടുത്തെത്തിയപ്പോഴാണ് അവളെന്നെ കാണുന്നത്...

ഞാൻ ഒന്നും ചോദിക്കാനും പറയാനും തുനിഞ്ഞില്ല... ചോദിക്കുന്നതുകൊണ്ടും പറയുന്നതുകൊണ്ടും എന്തുകാര്യം ??

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു പരിഭവങ്ങളില്ലാത്ത പുഞ്ചിരി...

വേദനിപ്പിച്ചവരോട് ഒരു പരിഭവുമില്ലാതിരിക്കാൻ കഴിയുന്നതായിരിക്കും ഒരുപക്ഷേ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്...

അല്ലെങ്കിൽ തന്നെ പരിഭവിക്കാനും.. വിദ്വേഷം വച്ചു പുലർത്താനും..പകരം വീട്ടാനും മാത്രം അത്ര വലിയ തെറ്റൊന്നും അല്ലല്ലോ അവൾ ചെയ്തത്...

അവൾ തെല്ലൊന്നു പരുങ്ങി, ചെറിയ ഒരു ചിരിയിൽ ജാള്യത മറച്ചു പിടിച്ച് അന്ന് എന്നെ കടന്നുപോയി...


പിന്നീട് കുറച്ചു കാലങ്ങൾക്കു ശേഷം അവളുടെ വിവാഹം കഴിഞ്ഞതായി അറിഞ്ഞു..

അന്ന് കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ ആയിരിക്കും വരനെന്ന് ഞാൻ ഊഹിച്ചു...

ആരായിരുന്നാലും സന്തോഷം നിറഞ്ഞ ജീവിതം ആയാൽ മതിയായിരുന്നു..

ഒന്നുമില്ലെങ്കിലും ആദ്യമായി അനുരാഗം തോന്നിയ പെൺകുട്ടിയല്ലേ.. അവൾ വേദനിക്കുന്നത് കാണാൻ എനിക്ക് കഴിയുമോ ??

ആദ്യാനുരാഗം എന്തായാലും അങ്ങനെ പരിസമാപ്തി അടഞ്ഞു..

ഇനിയൊരു സാഹസത്തിന് മുതിരില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു..

എന്റെ മനസ്സിൽ ഇനി പ്രണയം എന്ന വികാരം ഉണരില്ല.. അത് അവസാനിച്ചു..

പക്ഷെ അവസാനിച്ചു എന്നു നമ്മൾ കരുതുന്ന പലതും വാസ്തവത്തിൽ വേഷം മാറിയെത്തുന്ന തുടക്കങ്ങളായിരിക്കും !!!

ഞാൻ അറിഞ്ഞ പ്രണയമല്ല
യാഥാർത്ഥ പ്രണയമെന്നും..

പ്രണയത്തിന്‍റെ അർത്ഥവും
നാനാർത്ഥവുമെല്ലാം തുടർന്നുള്ള ജീവിത യാത്രയിൽ എനിക്കായി കാത്തുനിന്നിരുന്നെന്നും അന്ന് ഞാനറിഞ്ഞില്ല...

അവസാനിക്കാത്തതും മാറ്റമില്ലാത്തതുമായ ചില ചോദ്യങ്ങളെ ജീവിതത്തിൽ എല്ലാവരും നേരിടേണ്ടി വരും..

പ്രധാനമായും...
പഠനം ? ജോലി ? കല്യാണം ? കുട്ടികൾ?

അത് അവിടെ കൊണ്ട് നിൽക്കുന്നുണ്ടോ.. ഇല്ല!! വീണ്ടും തുടരും ..

കുട്ടികളുടെ പഠനം ? കുട്ടികളുടെ ജോലി? കുട്ടികളുടെ കല്യാണം ? ...
മാറ്റമില്ലാതെ അത് അങ്ങനെ പോയി കൊണ്ടേയിരിക്കും..

അത്തരത്തിലുള്ള ഒരു ചോദ്യത്തിനു മുൻപിൽ നിൽക്കുന്ന അച്ഛനെ ഞാൻ കാണാനിടയായി..

പരിചയക്കാരനായ ഒരു സുഹൃത്ത് മകന്റെ കല്യാണത്തെകുറിച്ച് അച്ഛനോട് ചോദിച്ചിരിക്കുന്നു.. അതായത് എന്റെ കല്യാണം !!

സത്യം പറഞ്ഞാൽ അച്ഛന്റെ മറുപടി എന്തായിരിക്കുമെന്നത് എനിക്കും കൗതുകം തരുന്നതായിരുന്നു...

കാരണം അലസിപോയ ആദ്യപ്രണയത്തിനുശേഷം, അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല... അല്ലെങ്കിൽ അതിന് താൽപര്യം കാണിച്ചില്ല...

അച്ഛന്റെ മറുപടിയിൽ ഞാൻ സ്തംഭിച്ചു നിന്നു.

അച്ഛന്റെ പെങ്ങളുടെ മകളെ കൊണ്ട്...
ബന്ധം വെച്ച് പറഞ്ഞാൽ എന്റെ മുറപ്പെണ്ണിനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാനാണ് കരുതിയിരിക്കുന്നത് !!

അമ്മയുടെ മനസ്സിലും അതാണ് എന്നത് എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു...

അച്ഛനും അമ്മയ്ക്കും അവളെ ഇഷ്ടമാണെന്നതുകൊണ്ട് ഞാൻ എങ്ങനെ വിവാഹം കഴിക്കും..

കറുത്ത് ഇരുണ്ടതാണെന്നത് പോട്ടെയെന്ന് വിചാരിക്കാം... സംസാരശേഷി ഇല്ല... വലതുകാലിന് മുടന്തുണ്ട് ..

കൈ കൊണ്ട് കാലിൽ പിടിച്ച് നിരക്കി.. നിരക്കിയാണ് നടക്കുന്നത്..

അങ്ങനെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആരും ഒന്ന് മടിക്കല്ലേ.. ഇഷ്ടക്കേട് കാണിക്കില്ലേ..

എന്റെ താല്പര്യമില്ലായ്മ അച്ഛനും അമ്മയ്ക്കും മുൻപിൽ അവതരിപ്പിച്ചു..

എന്നാൽ എന്റെ ന്യായീകരണങ്ങൾ ഒന്നും അവർക്ക് മുമ്പിൽ വില പോയില്ലെന്ന് മാത്രമല്ല,

കല്യാണം ഉറപ്പിച്ചു എന്ന മട്ടു തന്നെയായി.. അമ്മാവനോട് നിശ്ചയത്തിന് ഉള്ള തീയതി കുറിക്കാൻ പറഞ്ഞിരിക്കുന്നു..

കാര്യങ്ങൾ ഈ വഴി പോവുകയാണെങ്കിൽ എനിക്ക് അവളെ വിവാഹം ചെയേണ്ടിവരും !!

എന്നാൽ ഒത്തുചേരാൻ കഴിയാത്തവർ തമ്മിൽ വിവാഹം ചെയ്ത്, തുടർന്ന് ബന്ധം വേർ പിരിയുന്നതിനേക്കാൾ നല്ലത് വിവാഹത്തിൽ നിന്നും പിന്മാറുന്നതല്ലേ..

അച്ഛനോടും അമ്മയോടും ഇനി പറയാൻ കഴിയില്ല..അവർ തീരുമാനിച്ചാൽ തീരുമാനിച്ചതാണ്...

അവളെ നേരിട്ട് കണ്ട് വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പറയുന്നതായിരിക്കും ഉത്തമം..

അനിയത്തിയെ പോലെയാ കാണുന്നത്, വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറയാമെന്ന് കരുതി..

അവളുടെ കഴിവില്ലായ്മ കാരണം പിൻമാറുന്നതെന്ന് അറിഞ്ഞാൽ എന്നെക്കുറിച്ച് എന്തു കരുതും..

വൈകാതെ അവളെ കാണാൻ പുറപ്പെട്ടു..

വിവാഹത്തിനുമുമ്പ് പ്രതിസുധവരന്റെ മുന്നിൽ നിൽക്കുന്ന വധുവിനെ പോലെ എന്റെ മുഖത്ത് നോക്കാൻ കഴിയാതെ അവൾ കണ്ണുകൾ തെന്നി മാറ്റുന്നത് ഞാൻ ശ്രദ്ധിച്ചു..

ആകാശത്തിലെ മേഘപാളികളിൽ കൂടെ സൂര്യ രശ്മികൾ അവളുടെ മുഖത്ത് പതിച്ചു..

മുഖത്തും കണ്ണുകളിലും നാണത്തിന്റെ ഉച്ചവെയിൽ തിളങ്ങി..

വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് എങ്ങനെ പറയും... പക്ഷെ പറയാതെ കഴിയില്ലല്ലോ..

ശ്വാസമടക്കി എല്ലാം പറഞ്ഞു തീർത്തപ്പോഴേക്കും അവളുടെ കണ്ണുകൾ കലങ്ങുന്നതായി തോന്നി..

അപ്പോഴേക്കും എന്റെ ഹൃദയം വല്ലാതെ ഇടറി തുടങ്ങിയിരുന്നു..

അവളുടെ കഴിവില്ലായ്മ കൊണ്ടാണോ കല്യാണത്തിന് ഇഷ്ടമല്ലാത്തതെന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചപ്പോൾ..

ആ ചോദ്യം ഒരു കത്തി പോലെ എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി...

എന്തെങ്കിലും പറഞ്ഞ് കല്യാണത്തിൽ നിന്ന് പിന്മാറമെന്ന് ചിരിയുടെ മറവിൽ അവളുടെ ഭാഷയിൽ എനിക്ക് കാണിച്ചു തന്നപ്പോൾ ..
അവൾ ഉള്ളിൽ വേദനിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു..

തിരിഞ്ഞു നടക്കുന്നതിന് മുമ്പ് കൈ കൊണ്ട് എന്നെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു വന്നത് ഞാൻ കണ്ടു..

എന്റെ കാലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതായി തോന്നി.. കൊട്ടുവടി കൊണ്ട് തലയിൽ ശക്തിയായി അടിക്കുന്ന വേദന അനുഭവപ്പെട്ടു..തൊണ്ട വല്ലാതെ വരണ്ടു.. ഉമിനീരിറക്കാൻ ഞാൻ ബുദ്ധിമുട്ടി..

ഒരു കൈകൊണ്ട് പ്രയാസപ്പെട്ട് കാൽ പിടിച്ച് നിരക്കി അവൾ നടന്നു പോയപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു..

ജീവിതത്തിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ഇതെന്ന് ഓർത്ത് ആർത്ത് കരഞ്ഞു...

അവളുടെ വിഷമം മറച്ചുള്ള ചിരിയും.. ദയനീയമായി തിരിഞ്ഞു നടന്നു പോകുന്നതും എന്റെ കണ്ണിൽ നിന്നും മായുന്നില്ല...

എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല.. കണ്ണിൽ നിന്നും തുടർച്ചയായി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു..

അവളെ വേദനിപ്പിച്ചത്തിന് അവൾ മാപ്പ് തരുമെങ്കിലും .. ദൈവം എന്നോട് പൊറുക്കുമോ ?? ആ പാപം മരണംവരെയും വിട്ടു പോവില്ല...

യഥാർത്ഥത്തിൽ അവൾ ചോദിച്ചത് പോലെ അവളുടെ കഴിവില്ലായ്മ കൊണ്ട് തന്നെയല്ലേ ഞാൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് ??

എന്തൊരു ദുഷ്ടൻ ആണ് ഞാൻ.. എല്ലാം തികഞ്ഞവനാണെന്ന അഹങ്കാരം അല്ലേ എനിക്ക് ??

അവളെ പോലുള്ള വൈകല്യം പിടിച്ച് പെണ്ണിന് പകരം എല്ലാം തികഞ്ഞ പെണ്ണിനെ എനിക്ക് വിവാഹം ചെയ്യാൻ സാധിക്കുമെന്നും.. അതിനുള്ള പഠിപ്പും ജോലിയും സമ്പാദ്യവും എനിക്കുണ്ടെന്ന വൃത്തിഹീനമായ ചിന്താഗതിയല്ലേ എന്റേത് ??


വൈകല്യമുള്ളവരെ പരിഗണിക്കുകയും നിന്ദ കാണിക്കാതിരിക്കുകയും ചെയ്യുന്നതിന് പകരം ഞാനെന്താണ് ചെയ്തത് സമൂഹത്തിലെ മിക്കവരെയും പോലെ അനിഷ്ടത്തോടെ കണ്ടില്ലേ ?? ഇഷ്ടകേടോടെ പെരുമാറിയില്ലേ ??

എന്റെ വിവേകമെല്ലാം എവിടെ പോയി..ഞാനിത്രയും അധ:പതിച്ചു പോയല്ലോ..


ശരിയാണ് അവൾക്ക് സംസാരിക്കാൻ കഴിയില്ല.. പക്ഷേ സംസാരിക്കാൻ കഴിയുന്ന എന്നേക്കാൾ ഒരു കാര്യത്തെകുറിച്ച് ആധികാരികമായി പറഞ്ഞു കൊടുക്കാനുള്ള
ബുദ്ധിയില്ലേ അവൾക്ക് ..

എന്തുകൊണ്ട് ആ കഴിവിനെ ഞാൻ കണ്ടില്ല..
മിക്കവരെ പോലെ കഴിവില്ലായ്മ മാത്രം കണ്ടു ??

എനിക്കൊട്ടും സംസ്കാരം ഇല്ല... ഒരാളെ കഴിവിലായ്മ കൊണ്ട് അളക്കുന്ന എത്ര നീചമായ സംസ്കാരമാണെന്റേത്...


ശരിയാണ് അവൾക്ക് മുടന്തുണ്ട്... നടക്കാൻ പ്രയാസപ്പെടുന്നുണ്ട്... പക്ഷേ അവൾ നടന്ന വഴികൾ എല്ലാം ശരികളുടെതായിരുന്നു.

വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ പറ്റില്ലെന്ന് അവൾ പറഞ്ഞോ ?? അവൾ അങ്ങനെ പറഞ്ഞാൽ ആർക്കും വിവാഹം തടയാൻ കഴിയില്ലായിരുന്നു.. അത് അവൾക്കും അറിയാം..

എന്നാൽ അവൾ ചെയ്തതോ,
സ്വയം വേദനിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും എനിക്ക് വേണ്ടി.. എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് ഓർത്തു വിവാഹത്തിൽ നിന്ന് പിൻമാറാൻ തയ്യാറായി.. എത്ര നല്ല മനസ്സാണ് അവളുടേത് !!


ഇനി,നടക്കാൻ ഒരു പ്രയാസവുമില്ലാത്ത ഞാൻ നടന്നു പോയ വഴികളോ.. എല്ലാം തന്നെ ദുഷ്ടതയും അഹങ്കാരവും നിറഞ്ഞതായിരുന്നു..

അതുകൊണ്ടല്ലേ അവളോട് എനിക്ക് അങ്ങനെ പറയാൻ തോന്നിയത്..

എന്നാലും ചെറുപ്പം മുതലേ അവൾക്കെന്നെ ഇഷ്ടമായിരുന്നെന്ന് എനിക്ക് അറിയാൻ സാധിച്ചില്ലല്ലോ...

വീട്ടിൽ വന്നാൽ എപ്പോഴും കുറേ നേരം ഒപ്പമിരിക്കാൻ താൽപര്യം കാട്ടിയിരുന്നപ്പോൾ ഞാൻ മനസിലാക്കണമായിരുന്നു അവൾക്ക് എന്നെ ഇഷ്ടമാണെന്ന്..

ദൂരെ നിന്നും ഞാൻ കാണാത്ത വിധം എന്നെ നോക്കുന്ന അവളെ മന:പൂർവ്വം കണ്ടില്ലെന്ന് നടിക്കുമ്പോൾ അറിയണമായിരുന്നു..
അവളുടെ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടമാണെന്ന്..

എങ്ങനെ അറിയാനാണ് എപ്പോഴും അവളെ അകറ്റി നിർത്തിയിട്ടല്ലേയുള്ളൂ.. ആവുന്നതും ഒഴിഞ്ഞുമാറി നടന്നിട്ടല്ലേയുള്ളൂ..

അവളെക്കുറിച്ച് എല്ലാമറിഞ്ഞിട്ടും ഇങ്ങനെയൊക്കെ പെരുമാറാൻ തോന്നുന്നല്ലോ എനിക്ക്... എന്നെ പോലെ ക്രൂരഹൃദയമുള്ള ആരും ഉണ്ടാകില്ല ഈ ലോകത്ത്...!!!

യഥാർത്ഥത്തിൽ എത്ര പ്രചോദനാത്മകത നിറഞ്ഞതാണ് അവളുടെ ജീവിതം...

ചെറുപ്പത്തിൽ അവൾ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. പകരം കല്ലെടുക്കുന്ന തുമ്പിയായി പിടഞ്ഞു ജീവിച്ചത് കണ്ടു നിന്നിട്ടുണ്ട്...

ഇല്ലായ്മകളുടെയും കളിയാക്കലുകളുടെയും ഇടയിൽ കിടന്ന് അവൾ കരഞ്ഞിട്ടില്ല..മറിച്ച് വേദനകളെ സ്വയം മറന്ന് ഉയർത്തെഴുന്നേൽക്കാൻ ശ്രമിച്ചിട്ടേയുള്ളൂ...

ചില നിമിഷങ്ങളിലെ ദേഷ്യത്തിൽ അവളുടെ ഇല്ലായ്മകളെ ഞാനും കളിയാക്കിയിട്ടുണ്ട്..

അപമാനത്തിന്റെ കടുത്ത വേദനയെ ഒരു കൊഞ്ഞനം കാട്ടലിന്റെ മറവിൽ ഒളിപ്പിച്ചു കൊണ്ട് അവൾ എന്നെ മറികടന്ന് പോകുമ്പോൾ..

ആ ഹൃദയത്തിന്റെ നീറ്റലറിയാൻ ശ്രമിക്കാതിരുന്ന പഴയ എന്നോട് എനിക്ക് ഇപ്പോൾ പുച്ഛം തോന്നുന്നു..

ഒരിക്കൽ അണിഞ്ഞൊരുങ്ങി ഒരു പരുങ്ങലോടെ മുന്നിൽ വന്ന് എങ്ങനെയുണ്ടെന്ന് കൈ കൊണ്ട് കാണിച്ചപ്പോൾ...

നിനക്ക് കറുപ്പ് നിറമാണെന്നും ഒട്ടും ഭംഗിയില്ലെന്നും കളിയാക്കുകയാണുണ്ടായത്..

അങ്ങനെയൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ സമയം അവളുടെ മുഖത്തേ മങ്ങിയ ചിരി കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു...

നീരസത്തോടെ മുഖം തിരിച്ച് നടന്നപ്പോൾ അവളുടെ കാലിലെ പാദസരത്തിൽ നിന്നും ഉയർന്ന കിലുക്കത്തിന്റെ താളം ഇന്നും ഞാൻ ഓർമിക്കുന്നു..

സത്യത്തിൽ കാണാൻ ഭംഗിയുണ്ടെന്നും.. അമ്മയോടെന്തിനോ ദേഷ്യപ്പെട്ടു നിൽക്കുമ്പോഴാണ് വന്നതെന്നും അതുകൊണ്ട് അങ്ങനെ പറഞ്ഞ് പോയതാണെന്നും അവളോട് പറയണമെന്ന് വിചാരിച്ചിരുന്നു... പക്ഷെ എന്തുകൊണ്ടോ പറഞ്ഞില്ലെന്നതിൽ ഞാൻ ഇന്ന് വിഷമിക്കുന്നു.

റെയിൽവേ പ്ലാറ്റ്ഫോമിലെ പ്രണയ മധുരത്താൽ നിറഞ്ഞ ചുരുക്കം ദിനങ്ങൾ മറക്കാൻ തന്നെ ഞാൻ എത്രത്തോളം പ്രയാസപ്പെട്ടു.. വേദന സഹിച്ചു..

അങ്ങനെയെങ്കിൽ ചെറുപ്പം മുതൽ എന്നെ സ്നേഹിക്കുന്ന അവൾക്ക് എങ്ങനെ എന്നെ മറന്ന് മറ്റൊരാളെ വിവാഹം കഴിക്കാൻ കഴിയും...

അവൾ എത്ര വേദന സഹിക്കേണ്ടിവരും ജീവിതം മുഴുവൻ കണ്ണീർവാർക്കേണ്ടി വരില്ലേ.. സങ്കടം കുടിച്ചിറക്കേണ്ടി വരില്ലേ..

നെഞ്ച് തകരുന്നതായി തോന്നി..ഹൃദയത്തിൽ എന്തോ തിളച്ച് മറിഞ്ഞുകൊണ്ടിരുന്നു...

അവളെ കൈവിടരുതെന്ന് ഹൃദയത്തിൽ നിന്നും ആരോ ഉറക്കെ വിളിച്ചു പറയുന്നത് ഞാനറിഞ്ഞു..

അവളെ ഞാൻ തന്നെ വിവാഹം ചെയ്യും.. അവളെ പോലെ മാറ്റാരും എനിക്ക് ചേരില്ല..എന്റെ പാതിയാകാൻ അവളല്ലാതെ ആർക്കും അർഹതയില്ല..

ഞാൻ അവളെ പ്രണയിക്കുന്നു.. അതേ എനിക്ക് അവളോട് അനുരാഗമാണ്.. ഒരിക്കലും അണയാത്ത സൂര്യനെ പോലെ അത് ഇനിമുതൽ എന്റെ ഹൃദയത്തിൽ തെളിഞ്ഞ് പ്രകാശിക്കും..

വീണ്ടുവിചാരമില്ലാതെ ഞാൻ മന്ദഹസിച്ചു..കാരണം ഞാൻ സ്വപ്നം കാണുകയായിരുന്നു.. അവളൊടൊപ്പമുള്ള ജീവിതം.. !!!

എന്നാൽ സ്വപ്നങ്ങളിലെപ്പോലെ സുന്ദരമായിരുന്നില്ല പിന്നീട് ഉണ്ടായ സത്യങ്ങളൊന്നും...

അവൾക്ക് മറ്റൊരു ആലോചന ശരിയായി...

ഞാൻ പ്രതികരിക്കും മുൻപ് എല്ലാം തീരുമാനമായി കഴിഞ്ഞിരുന്നു..

ദു:സ്വപ്ന സദൃശ്യമായിരുന്നു പിന്നീടുള്ള ദിനങ്ങൾ ഒക്കെ..

എല്ലാവരോടും എന്റെ കാര്യം പറയാൻ ആഞ്ഞതാണ്..

എന്നാൽ എന്നെക്കാൾ സമ്പത്തും വിദ്യഭ്യാസവുമുള്ള ഒരാളുമായാണ് വിവാഹമുറപ്പിച്ചിരിക്കുന്നത്... അമ്മാവൻ ഒരിക്കലും ഇനി ആ ആലോചനയിൽ നിന്ന് പിൻമാറില്ല..

സ്വന്തമാക്കാൻ കഴിയുമായിരുന്നിട്ടും നഷ്ടപ്പെടുത്തിയതിൽ ഞാൻ സ്വയം വിലപിച്ചു...

എനിക്കുറപ്പുണ്ട് അവൾക്ക് ഇതിന് ഇഷ്ടമില്ല.. അമ്മാവന്റെ നിർബന്ധം ഒന്നു കൊണ്ടു മാത്രമായിരിക്കും സമ്മതിച്ചത്...

നാളെ കഴിഞ്ഞാൽ അവളുടെ വിവാഹമാണ്..

ആദ്യ പ്രണയം സമ്പൂർണ പരാജയമായിരുന്നു.. ഇപ്പോഴിതാ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും അവളെയും നഷ്ടപ്പെട്ടു...

ഏത് ജന്മത്തിൽ ചെയ്ത
പാവത്തിന്റെയാണാവോ ഈ അനുഭവിക്കുന്നത്...

എനിക്ക് അവളോട് എന്ത് സ്നേഹം ഉണ്ടായിരുന്നെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു..

ഒരു കാര്യം ശരിയാണ് നഷ്ടപ്പെട്ടലിന്റെ അറ്റത്തു വച്ചായിരിക്കും ഒരാളോടുള്ള ഇഷ്ടത്തിന്റെ യഥാർത്ഥ ആഴം മനസ്സിലാകുന്നുണ്ടാവുക..!!!

രാത്രിയിൽ എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു..

അഴിക്കുതോറും കുരുങ്ങുന്ന ചിന്തകളുടെ നിഴലുകളിൽ കെട്ടുപിണഞ്ഞ മനസ്സ് പല വിചാരങ്ങളിലേയ്ക്കും പടർന്നുപിടിച്ചു...

വിചാരങ്ങൾ ഒരു പതനത്തിൽ എത്തിയപ്പോഴേക്കും കണ്ണുകൾ കലങ്ങിയിരുന്നു...

എപ്പോഴാണ് തളർന്ന് മയങ്ങിയതെന്ന് ഞാനറിഞ്ഞില്ല...

പുലരും നേരം എണീറ്റ് ജനലുകളിലൂടെ പുറത്തേക്ക് നോക്കി..

സൂര്യൻ ഉദിച്ചു വന്നുകൊണ്ടിരുന്നു... ശാലീനമായ പുലർകാലപ്രഭ പതുക്കെപ്പതുക്കെ ഇല്ലാതെയായി...

തലേന്നുള്ള ഉറക്കം മിളയ്ക്കലും .. വിചാരങ്ങളും.. സമ്മർദ്ദവും കൂടി തലക്കകത്ത് ഒരു പാട കെട്ടി വച്ചിരിക്കുന്നത് പോലെ തോന്നിച്ചു..

നാളെ അവളുടെ വിവാഹമാണ്... ഒരുക്കങ്ങളെല്ലാം ആരംഭിച്ചിരിക്കുന്നു...

കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല... വീടുവിട്ട് പുറത്തേക്ക് എങ്ങോട്ടെങ്കിലും ഒാടിപോകാൻ അതിയായി ആഗ്രഹിച്ചു...

വീട്ടിലുള്ളവർ എഴുന്നേൽക്കും മുമ്പ് കൈയിൽ കിട്ടിയതെല്ലാം ബാഗിലാക്കി റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയി..

പ്ലാറ്റ്ഫോമിന്റെ തകരക്കൂരയ്ക്കടിയിലുള്ള ബെഞ്ചിൽ ഇരുന്നു..

ദൂരെയുള്ള സുഹൃത്തിന്റെ അടുത്തേക്കുള്ള ട്രെയിനിനായി കാത്തിരിക്കുമ്പോൾ...
തെറ്റുകൾ ഏറ്റുപറയുകയായിരുന്നു.. സ്വയം കുറ്റപ്പെടുത്തുകയായിരുന്നു...

എന്റെ തെറ്റായ തീരുമാനങ്ങളാണ് ഇപ്പോഴുള്ള ഈ ദുരവസ്ഥയ്ക്ക് കാരണമെന്നത് എന്നെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു...

അടുത്ത ജന്മത്തില്ലെങ്കിലും അവളെ എനിക്ക് തരണമേയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചു...

ട്രെയിൻ വന്നു... അകത്ത് കയറി സീറ്റിലിരിക്കുമ്പോൾ ഞാൻ ആലോചിച്ചു..

അവളെ മറക്കാൻ എനിക്ക് കഴിയുമോ.. ഇനിയുള്ള എന്റെ ജീവിതം എത്ര വേദന നിറഞ്ഞതായിരിക്കും..

ഫോണിൽ വിളി വന്നു... വീട്ടിൽ നിന്നായിരുന്നു.. എവിടെയാണെന്നറിയാതെ വിളിക്കുന്നതായിരിക്കും...

ഞാൻ കോൾ കട്ട് ചെയ്തു.. പിന്നെയും വിളി വന്നു.. പിന്നെയും കട്ട് ചെയ്തു...

അടുത്ത മൂന്ന് നാല് പ്രാവശ്യം ഇതു തന്നെ ആവർത്തിച്ചു...

അവസാനം ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ നിൽക്കവേ അറിയാതെ കൈ തട്ടി കാൾ അറ്റന്റഡ് ചെയ്തു പോയി...


ഫോണിൽ നിന്നും എന്തൊക്കെയോ പറയാൻ തുടങ്ങി... ഞാൻ പതിയെ ഫോൺ ചെവിയൊടടുപ്പിച്ചു...

ഫോണിൽ നിന്നും കേട്ട വാർത്തയിൽ ഞാൻ സ്തംഭിച്ചു പോയി...

ഞെട്ടൽ, ഒരു കൂർത്ത കമ്പി പോലെ എന്റെ സിരകളിൽ തുളഞ്ഞുകയറി...

കാര്യമിതായിരുന്നു അവളുടെ വിവാഹം മുടങ്ങി.. അവൾ മുടക്കിയെന്നു പറയുന്നതായിരിക്കും സത്യം...!!!

എന്നെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യാൻ കഴിയിലെന്ന് കുറിപ്പെഴുത്തി വച്ച് കൈതണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു...

ദൈവാനുഗ്രഹം ആണോയെന്നറിയില്ല മരണത്തിൽ നിന്ന് രക്ഷപ്പെട്ടു..!!!

ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു...

ഹോസ്പിറ്റൽ എത്തി..
ഐ.സി.യൂ വിന്റെ മുൻപിൽ ഉള്ള ഒരു കൂട്ടം ആളുകൾക്കിടയിൽ... അവരുടെ കുത്തുന്ന നോട്ടം സഹിക്കാനാവാതെ ഞാൻ തലകുനിച്ചു.

കുറച്ചുനേരം എനിക്ക് നേരെ വന്ന
ആക്രോശങ്ങളെയും കുറ്റപ്പെടുത്തലുകളെയും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല...
കാരണം അകത്തു കിടക്കുന്നവളെ കാണാൻ
മനസ്സ് ആഗ്രഹിക്കുകയായിരുന്നു...

അടുത്ത നിമിഷം എല്ലാവരും ഓരേ പോലെ ഉയർത്തിയ നിർദ്ദേശത്തിനു മുൻപിൽ യാതൊരു പ്രതിഷേധവും പറയാതെ ഞാൻ അനുസരിക്കാമെന്ന് സമ്മതിച്ചു..

അവളെ ഞാൻ വിവാഹം ചെയ്യണമെന്നതായിരുന്നു ആ നിർദേശം...
അതിന് എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു...
സന്തോഷത്തോടെ സ്വീകരിക്കും ഞാനവളെ..

ഐ.സി.യൂ വിന്റെ അകത്ത് കടന്നപ്പോൾ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു..

ബെഡിനു ചുറ്റും മറച്ച പച്ച കളർ കർട്ടൻ മാറ്റി അവൾ കിടക്കുന്ന ബെഡിന് അരികെ പോയി..

അവൾ കണ്ണു തുറന്ന് എന്നെ നോക്കി...

അവളുടെ കണ്ണുകളിൽ അടരാറായ കണ്ണീർത്തുള്ളികൾ തങ്ങിനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.. അതെന്നെ വല്ലാതെ വേദനപ്പെടുത്തി..

ഞാൻ അവളുടെ കൈകളിൽ പിടിച്ച് എന്റെ ഇഷ്ടം പറഞ്ഞപ്പോൾ നിഷ്കളങ്കമായ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറയുകയും.. അവൾ വിതുമ്പി കരയാനും തുടങ്ങി...

കണ്ണുകൾ തുടച്ച് അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ വെച്ചു..

സത്യത്തിൽ അത്രയേറെ ഇഷ്ടത്തോടെയും സ്നേഹത്തോടെയും ആദ്യമായിട്ടാണ് ഞാൻ അവളെ ചുംബിച്ചത്...

ചുംബിച്ചപ്പോൾ ചുണ്ടുകൾ വിറച്ചിരുന്നു..
കണ്ണുനിറഞ്ഞു ഒഴുകിയിരുന്നു.. ആ ഒഴുകിയ കണ്ണുനീർ മുഴുവനും അവളോടുള്ള സ്നേഹമായിരുന്നു...



ആഗ്രഹിച്ചതിലും വളരെ വേഗത്തിലായിരുന്നു കാര്യങ്ങൾ എല്ലാം നടന്നത്...

ഞങ്ങളുടെ വിവാഹം കഴിഞ്ഞു...

വിവാഹരാത്രി, അന്തിവെയിൽ കൂമ്പുന്ന ചെമ്പകപൂ പോലെ തലതാഴ്ത്തി മുന്നിൽ അവൾ വന്നു നിന്നപ്പോൾ..

എന്റെ നെഞ്ചൊടു ചേർത്ത് അവളുടെ ചെവിയോരം ഞാൻ പറഞ്ഞു..

ഭ്രാന്തമായ അനുരാഗമാണിപ്പോൾ എനിക്ക് നിന്നോട്... നിന്നെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും ഞാൻ വേദനിപ്പിക്കുകയില്ല... ആരാലും വേദനിക്കാൻ അനുവദിക്കുകയുമില്ല..

എന്റെ അനുരാഗിണിയാണു നീ....
എന്റെ പ്രാണനാണു നീ...
എന്റെ എല്ലാമെല്ലാമാണു നീ...


പറഞ്ഞത് ശുദ്ധ പൈങ്കിളിയാണെങ്കിലും അവൾ ചിരിച്ച് പാസാക്കിയതു കൊണ്ട് ആദ്യരാത്രിയിൽ ഞാൻ ചമ്മിയില്ല...

പിന്നീടുള്ള ദിനങ്ങൾ അനുരാഗത്തിന്റെയായിരുന്നു...

ജീവനുള്ളിടത്തോളം കാലം ഞാൻ നിനക്കുവേണ്ടിയാണെന്ന അവളുടെ നിശബ്ദ മൊഴികൾ പോലെ പകരംവയ്ക്കാൻ മറ്റൊന്നില്ല എനിക്കീ ജന്മത്തിൽ...

ഇതല്ലേ യഥാർത്ഥ അനുരാഗം !!!


- വിച്ചു