Who is Meenu's killer - 4 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 4

അന്ന് ഒരു ഭയത്തോടെ തന്നെ ആരോടും ഒന്നും മിണ്ടാതെ മീനു തള്ളി നീക്കി...

സ്കൂളിൽ ഉള്ളപ്പോ എങ്ങനെയോ ആ സുമേഷിന്റെ കണ്ണിൽ പെടാതെ അവൾ രക്ഷപെട്ടു എങ്കിലും താൻ രാവിലെ കണ്ട കാഴ്ച അവൾക്കു അപ്പോഴും മറക്കാൻ കഴിഞ്ഞില്ല... മറ്റാരോടെങ്കിലും പറയാനും അവൾക്കു പേടിയായിരുന്നു...

അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി മീനു ആരോടും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല

"ടി എന്തുപറ്റി നിനക്കു.."അമൃത ചോദിച്ചു

"ഏയ്യ് ഒന്നുമില്ല..." മീനു ഉള്ളിൽ ഉള്ള രഹസ്യവും ഭയവും മറച്ചുകൊണ്ട് പറഞ്ഞു

എല്ലാവരും പതിയെ അവിടെ നിന്നും നടന്നു അവരുടെ ചേരിയിൽ എത്തി..എല്ലാവരും വീട്ടിൽ എത്തിയതും തോളിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു ശേഷം കൈയും കാലും കഴുകി അകത്തേക്ക് കയറി... മീനു അപ്പോഴും വല്ലാത്ത ഭയത്തോടെ തന്നെയായിരുന്നു.. അവൾ നേരെ അടുക്കളയിൽ പോയി... അവിടെ ഉണ്ടായിരുന്ന കുടത്തിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം കട്ടിലിൽ പോയി കിടന്നു...

കുറച്ചു കഴിഞതും മീനുവിനെ കളിക്കാൻ വിളിക്കാൻ വേണ്ടി അപ്പു വന്നു

"മീനു... വാ കുറച്ചു നേരം കളിക്കാം.."

"ഇല്ല അപ്പു എനിക്കു തീരെ സുഖമില്ല ഒരു തലവേദന.."

"എന്താ എന്തുപറ്റി..." അപ്പു പരിഭ്രമത്തോടെ ചോദിച്ചു

"ഒന്നുമില്ല ടാ ചെറിയ തലവേദന... ഞാൻ ദേ ഇപ്പോൾ ഒരു കട്ടൻ കുടിച്ചു വിക്സ് തേച്ചു ഒന്ന് കിടന്നാ ശെരിയാകും നീ പൊക്കോ.."

" ശെരി... " അപ്പു കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കത്തെ അവിടെ നിന്നും നടന്നു

സമയം ഒത്തിരിയായി എന്നാൽ അപ്പോഴും മീനു എല്ലാവരുടെയും കൂടെ കളിക്കാനോ അപ്പുറത്തു വീട്ടിലെ മുത്തശ്ശിയുടെ അടുത്തേക്ക് കഥ കേൾക്കാനോ... ഹോംവർക്ക് എഴുതാനോ ഒന്നിനും മീനു ആരുടെയും അടുത്തേക്ക് പോയില്ല...

"അല്ല ഇന്ന് എന്താ മീനു വരാത്തത്..." അമൃത ചോദിച്ചു

"ഞാൻ കുറച്ചു നേരം മുൻപ് കളിക്കാൻ വിളിക്കാൻ വേണ്ടി അവളുടെ വീട്ടിലേക്കു പോയിരുന്നു അന്നേരം ഒരു തലവേദനയാണ് എന്നാണ് എന്നോട് അവൾ പറഞ്ഞത്.." അപ്പു പറഞ്ഞു

"ആണോ... എന്താണാവോ പെട്ടന്ന് അവൾക്കു ഒരു തലവേദന ഞാൻ ഒന്ന് പോയി നോക്കട്ടെ..." അമൃത പറഞ്ഞു

"ഏയ്യ് അതിന്റെ ആവശ്യമില്ല ചേച്ചി അവൾ ചായ കുടിച്ചിട്ട് ഗുളിക കഴിച്ചു എന്നിട്ട് വിക്സ് തേച്ചു ഒന്ന് കിടക്കും എന്നാണ് പറഞ്ഞത്.."

"ആണോ.."

"ആ... അപ്പോ അവളെ ശല്യം ചെയ്യണ്ട..."

എല്ലാവരും കൂടി ഒരുമിച്ചിരുന്നു സ്കൂളിൽ നിന്നും ടീച്ചർ തന്ന ഹോംവർക്ക് കൂട്ടമായി ഇരുന്നു ചെയാൻ തുടങ്ങി...

സമയം ഒത്തിരിയായി അമ്മ ദേവകി തന്റെ ജോലി മുഴുവനും കഴിഞ്ഞു വീട്ടിൽ വന്നു... അമ്മയെ കണ്ടതും മീനു ഓടി പോയി കെട്ടിപിടിച്ചു... എന്തോ അമ്മയുടെ അരക്കെട്ടിനു ചുറ്റിവരിഞ്ഞുകൊണ്ട് ആ മാറിൽ തലചായ്ച്ചപ്പോ അവൾക്ക് ഒരു ആശ്വാസം തോന്നി...

"മോളെ വിട് അമ്മക്ക് തീരെ സുഖമില്ല..." ദേവകി പറഞ്ഞു

അമ്മയുടെ ക്ഷീണത്തോടെ ഉള്ള സംസാരം കേട്ടതും മീനു പിന്നെ ശല്യം ചെയാൻ നിന്നില്ല... അവൾ പിന്നെയും പതിയെ പോയി തന്റെ കട്ടിലിൽ കിടന്നു

"നീ എന്തേ കിടക്കുന്നതു വല്ലതും കഴിച്ചോ.." ദേവകി മീനുവിനോട് ചോദിച്ചു

"ആ കഴിച്ചു.." മീനു പറഞ്ഞു

ഇരുവരും ഒന്നും പറയാതെ എന്തോ വല്ലാത്ത ആലോചനയിൽ കിടന്നു...

"അമ്മയ്ക്കും എന്തോ ഒരു ക്ഷീണം തോന്നുണ്ട്.. ഞാൻ കണ്ടത് അമ്മയോടും പറയണ്ട.. അമ്മക്ക് എന്തുപറ്റി അമ്മയും എന്തോ ആലോചിക്കുന്നത് പോലെ തോന്നുന്നു..ഞാൻ കണ്ടത് ആരോടും പറയണ്ട.. അവർക്കു മനസിലായിക്കാണുമോ ഞാൻ ആണ് ഒളിഞ്ഞു അവരെ നോക്കിയത് എന്ന് ദൈവമേ എനിക്ക് എന്തോ പേടി തോന്നുന്നു... ഇല്ല ഞാൻ നാളെ സ്കൂളിലേക്ക് പോകില്ല..." മീനു മനസ്സിൽ വിചാരിച്ചു

ഓരോന്നും ആലോചിച്ചുകൊണ്ട് മീനു പതിയെ ഉറക്കത്തിൽ വീണു... ആ പാവത്തിന് അപ്പോഴും അറിയിലായിരുന്നു തന്റെ ജീവൻ എടുക്കാൻ കറുത്ത കൈകൾ കാത്തിരിക്കുന്നു എന്ന്..


പിറ്റേന്ന് രാവിലേ..

"അമ്മേ ഞാൻ ഇന്ന് സ്കൂളിൽ പോകുന്നില്ല.."

"ഉം...എന്തെടി മടിച്ചി എന്തേ ഹോംവർക്ക് ഒന്നും എഴുതിയില്ലെ... "ദേവകി ചോദിച്ചു

"ഏയ്യ് അതൊന്നുമല്ല അമ്മേ.." വയറു വേദന ഇന്നലെ മുതൽ ഉണ്ടായിരുന്നു..

"മം.. ശെരി... എന്തായാലും നീ ഇനി സ്കൂളിൽ പോകും എന്ന് തോന്നുന്നില്ല ഉറപ്പിച്ചല്ലോ പിന്നെ ഞാൻ എന്തു പറയാനാ... എന്തെങ്കിലും ചെയ്യ്..." ദേവകി പറഞ്ഞു

" അമ്മേ സത്യമായിട്ടും എനിക്ക് വയറുവേദനയാണ്.."

"ആ ശെരി അത് തന്നെ പറയാൻ നിൽക്കണ്ട.. നീ ലീവ് എടുത്തോ..."

കുറച്ചു കഴിഞതും അപ്പുവും കൂട്ടരും മീനുവിന്റെ കുടിലിനു മുന്നിൽ എത്തി...

" ദേവകിയമ്മേ മീനു എവിടെ അവൾ വരുന്നില്ലെ സ്കൂളിലേക്ക് ഇപ്പോൾ അവളുടെ തലവേദന എങ്ങിനെയുണ്ട്.." അപ്പു ചോദിച്ചു

"തലവേദനയോ..."ദേവകി സംശയത്തോടെ ചോദിച്ചു

"ആ... അതേ ഇവൾക്ക് ഇന്നലെ മുതൽ തലവേദനയായിരുന്നു..." അപ്പു പറഞ്ഞു

" എന്നോട് മീനു വയറുവേദന എന്നാണല്ലോ പറഞ്ഞത്.. ആ അവൾക്കു ഇന്ന് സ്കൂളിൽ പോകാൻ താല്പര്യം ഇല്ല അതുകൊണ്ടാവും ഇങ്ങനെ ഓരോ കള്ളം പറയുന്നത്... "ദേവകി മനസ്സിൽ വിചാരിച്ചു

ഇല്ലടാ അവൾക്കു ഇപ്പോഴും സുഖമില്ല അവൾ കിടക്കുകയാണ് നിങ്ങൾ പൊക്കോ... ദേവകി പറഞ്ഞു

എന്നാൽ അപ്പോഴും തന്റെ മനസ്സിൽ താൻ സൂക്ഷിക്കുന്ന രഹസ്യം മീനുവിനെ വല്ലാതെ ഭയപെടുത്തികൊണ്ടിരുന്നു....


തുടരും